മാലിക് അംബാർ ; മുഗൾചിത്രങ്ങളിലെ അബ്സീനിയൻ അടിമ 

ജഹാംഗീർ ചക്രവർത്തിയുടെ ദർബാറിലെ മുഖ്യ ചിത്രകാരനായ അബുൽ ഹസൻ വരച്ചുവെച്ച നിരവധി സാങ്കൽപ്പിക ചിത്രങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് അമ്പുകളാൽ അബ്സീനിയൻ അടിമയുടെ ശിരഛേദം ചെയ്യുന്ന മുഗൾപരമാധികാരിയുടെ ചിത്രീകരണം.1620 കളിൽ സൃഷ്ടിക്കപ്പെട്ട ഈ പെയിന്റിംഗ്, ജഹാംഗീർ  തന്റെ ജീവിതകാലം മുഴുവൻ ഡെക്കാനിലെ സാമ്രാജ്യസ്വപ്നത്തിൽ ശകുനമായികണ്ടിരുന്ന അദ്ദേഹത്തിന്റെ പരമശത്രുവായ “ഗ്രഹപിഴയുള്ളതെന്നും ദുഷിച്ച വിധിയുള്ളവനെന്നും” അദ്ദേഹം വിളിച്ചിരുന്ന ഒരു വ്യക്തിയോടുള്ള കോപത്തിന്റെ ഒരു മികച്ച ചിത്രീകരണമാണ്. 
         ആഫ്രിക്കൻ അടിമയിൽ നിന്ന് യോദ്ധാവായി  മാറിയ മാലിക് അംബാറിന്റെ കഥ അസാധാരണമാണ്. യുവത്വത്തിൽ തന്നെ പലവുരു അടിമകച്ചവടക്കാരിലൂടെ കൈമാറിവന്ന അദ്ദേഹത്തെ,വിധി എത്യോപ്യയിലെ തൻ്റെ  വീട്ടിൽ നിന്ന് മൈലുകൾ അകലെയുളള ഇന്ത്യയിലേക്ക് കൊണ്ടുപോവുകയായിരുന്നു.ഇന്ത്യയിൽ അംബറിന് സ്വാതന്ത്ര്യം തിരികെ ലഭിക്കുക മാത്രമായിരുന്നില്ല ,ഇവിടെ ഒരു  സാമൂഹികക്രമം ഉയർത്താനും സൈന്യത്തെ സജ്ജീകരിക്കാനും  വിശാലമായ എസ്റ്റേറ്റുകൾ കൈവശപ്പെടുത്താനും കാരണമാവുകയും ഇന്ന് ‘ഔറംഗബാദ്’ എന്ന പേരിൽ അറിയപ്പെടുന്ന  ഒരു നഗരവും അദ്ദേഹം  സ്ഥാപിക്കുകയുണ്ടായി.

പതിനാറാം നൂറ്റാണ്ടിലെ മുഗൾ സാമ്രാജ്യം

നിരന്തരമായ കൈമാറ്റങ്ങൾ  

തെക്കൻ എത്യോപ്യയിലെ ഖംബത(Khambata)  മേഖലയിൽ 1548 ൽ ജനിച്ച അംബറിന് ഇന്ന്  രാജ്യത്തിൻ്റെ  ജനസംഖ്യയുടെ 35 ശതമാനത്തിലധികം പ്രതിനിധീകരിക്കുന്ന ഒറോമോ(Oromo)  ഗോത്രവുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നുണ്ട്.അടിമക്കച്ചവടക്കാരുടെ കൈകളിൽ എത്തിച്ചേരുന്നത് വരെ  അദ്ദേഹം ‘ചാപ്പു’ എന്ന പേരിലായിരുന്നു  അറിയപ്പെട്ടിരുന്നത് . ഒന്നുകിൽ അദ്ദേഹം ഒരു യുദ്ധസമയത്ത് പിടിക്കപ്പെട്ടതോ അല്ലെങ്കിൽ ദാരിദ്ര്യം കാരണം പാവപ്പെട്ട മാതാപിതാക്കൾ അദ്ദേഹത്തെ കച്ചവടത്തിൽ വിറ്റതോ ആവാമെന്ന് ചരിത്രകാരന്മാർ വിശ്വസിക്കുന്നു.
         താമസിയാതെ, ഈ അബ്സീനിയൻ യുവാവ് മിഡിൽ ഈസ്റ്റിലുടനീളമുള്ള മാർക്കറ്റുകളിൽ മറ്റ് അടിമകളൊടൊപ്പം പരേഡ് ചെയ്യേണ്ടിവന്നു.അവിടെ വെച്ചാണ് അദ്ദേഹത്തെ ഒരു അറബി വാങ്ങുന്നത്. അതിനുശേഷവും അടിമ സമ്പ്രദായ പരിണിതികൾ അദ്ദേഹം അനുഭവിച്ചു കൊണ്ടിരുന്നു.  
            സമകാലീന യൂറോപ്യൻ ഉറവിടത്തെയും പേർഷ്യൻ പുരാവൃത്തങ്ങളെയും ഉദ്ധരിച്ച് ചരിത്രകാരനായ റിച്ചാർഡ് എം ഈറ്റൻ A Social History of the Deccan, 1300–1761 Eight Indian Lives എന്ന തന്റെ  പുസ്തകത്തിൽ ചാപ്പു( മാലിക് അംബർ)വിനെ ചെങ്കടൽ തുറമുഖമായ മോച്ചയിൽ (യെമനിൽ)  എൺപത് ഡച്ച് ഗിൽഡറുകൾക്ക്  വിറ്റതായി എഴുതുന്നുണ്ട്.അവിടെ നിന്ന് അദ്ദേഹത്തെ ബാഗ്ദാദിലേക്ക് കൊണ്ടുപോയി “ഒരു പ്രമുഖ വ്യാപാരിക്ക് വിൽക്കുകയും ചാപ്പുവിന്റെ മികച്ച ബൗദ്ധിക ഗുണങ്ങൾ തിരിച്ചറിഞ്ഞ അദ്ദേഹം, നല്ല വിദ്യാഭ്യാസം നൽകി വളർത്തിയെടുക്കുകയും  ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്യിക്കകയും ‘അംബാർ’ എന്ന പേര് നൽകുകയുമായിരുന്നു .”
         1570 കളുടെ തുടക്കത്തിൽ ഡെക്കാൻ എന്നു വിളിക്കപ്പെട്ട ദക്ഷിണേന്ത്യയിലേക്ക് അംബാറിനെ  കൊണ്ടുപോയി.ഇവിടെ അദ്ദേഹത്തെ ചെംഗിസ് ഖാൻ എന്നയാളായിരുന്നു വാങ്ങിയത്.ഖാനും ആദ്യകാലത്ത് അടിമയായിരുന്നു.പിന്നീട് പേഷ്വയുടെ പദവി വഹിക്കുന്ന തരത്തിൽ  അല്ലെങ്കിൽ അന്നത്തെ  ഇന്ത്യയിലെ അഹ്മദ്‌നഗറിലെ നിസാം ഷാഹി സൽത്തനത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക്  ഉയർന്നുവരികയായിരുന്നു.

ആഫ്രിക്കൻ അടിമയുടെ ഉയർച്ച 

ഖാൻ വാങ്ങിയ ആയിരക്കണക്കിന് ‘ഹബ്ശി’കളിൽ  (അബിസീനിയയിലെ  ഉയർന്ന പ്രദേശങ്ങളിൽ നിന്നുള്ള വിവിധ വംശീയ സമുദായങ്ങളിലെ അംഗങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദം)അംബാറും  ഉൾപ്പെട്ടിരുന്നു.പതിനാറാം നൂറ്റാണ്ടിൽ ഡെക്കാൻ സുൽത്താന്മാർ ഹബ്ശികളെ അടിമകളായി തന്ത്രപരമായി റിക്രൂട്ട് ചെയ്യുകയായിരുന്നുവെന്ന് ഈറ്റൺ കുറിക്കുന്നുണ്ട്.ശാരീരിക ശക്തിയാലും  വിശ്വസ്തതയാലും വളരെയധികം വിലമതിക്കപ്പെട്ടിരുന്ന അവരെ , പതിവായി സൈനികസേവനത്തിൽ ഉൾപ്പെടുത്തിയിരുന്നു.
          പതിനാലാം നൂറ്റാണ്ടിലെ മധ്യകാല മൊറോക്കൻ പണ്ഡിതനും സഞ്ചാരിയുമായ ഇബ്നു ബത്തൂത്ത  തന്റെ രചനകളിൽ,ഇന്ത്യൻ മഹാസമുദ്രത്തിൽ സഞ്ചരിക്കുന്ന കപ്പലുകൾക്ക് ” സുരക്ഷ ഉറപ്പുനൽകുന്നവരായിരുന്നു “
ഹബ്ശികൾ എന്ന്  പരാമർശിക്കുന്നത് കാണാം.ഒരു ഹബ്ശിയുണ്ടെങ്കിൽ ആ കപ്പൽ കടൽക്കൊള്ളക്കാർ ഒഴിവാക്കുമെന്ന തരത്തിൽ അടിമകൾക്ക് പ്രശസ്തി ഉണ്ടായിരുന്നതായി അദ്ദേഹം രേഖപ്പെടുത്തുന്നു. 
            എന്നാലും,ഡെക്കാൻ സമൂഹത്തിൽ അടിമകൾക്ക് സ്ഥിരമായൊരു പദവി ഉണ്ടായിരുന്നില്ല.യജമാനന്മാരുടെ മരണശേഷം,അവരെ സാധാരണയായി “സ്വതന്ത്രരാക്കുകയും” സാമ്രാജ്യത്തിലെ ശക്തരായ കമാൻഡർമാരായുള്ള  സേവനത്തിൽ അവരുടെ ഇച്ഛാസ്വാതന്ത്ര്യം അനുസരിച്ച് സേവനമനുഷ്ഠിക്കുകയും ചെയ്തു പോരലാണ് പതിവ്.ഇവരിൽ ചിലർ അംബറിന്റെ കാര്യത്തിലും സംഭവിച്ചതുപോലെ വളരെ ഉയർന്ന നിലയിലെത്തുകയും ദ്രുതഗതിയിൽ രാഷ്ട്രീയത്തെ  മാറ്റിമറിക്കുന്നവരായി കാണപ്പെടാനും ആരംഭിച്ചു .
       അംബറിനെ ഏറ്റെടുത്ത് അഞ്ചുവർഷത്തിനു ശേഷം ഉടമസ്ഥനും  രക്ഷാധികാരിയുമായ ചെങ്കിസ് ഖാൻ മരണപ്പെടുകയും അംബാർ  മോചിപ്പിക്കപ്പെടുകയുമുണ്ടായി.തുടർന്നുള്ള  20 വർഷക്കാലം അദ്ദേഹം അയൽരാജ്യമായ ബിജാപൂരിലെ സുൽത്താന്റെ പണിക്കാരനായി സേവനമനുഷ്ഠിച്ചു. ഇവിടെയാണ് അദ്ദേഹത്തിന് ഒരു ചെറിയ സൈന്യത്തിന്റെ ചുമതലയും ” മാലിക് ” എന്ന പദവിയും  നൽകുന്നത്.

‘അംബാറിന്റെ ഭൂമി’ 

1595 ൽ മാലിക് അംബാർ അഹ്മദ്‌നഗർ സുൽത്താനേറ്റിലേക്ക് മടങ്ങിവരികയും മറ്റൊരു ഹബ്ഷി പ്രഭുവിന്റെ കീഴിൽ സേവനമനുഷ്ഠിക്കുകയുമുണ്ടായി. മുഗൾ ചക്രവർത്തി അക്ബർ ഡെക്കാൻ ലക്ഷ്യമാക്കി  അഹമ്മദ്‌നഗറിലേക്ക് സൈനിക പര്യടനം ആരംഭിച്ച സമയത്തായിരുന്നുഅത്.ഇത് മരിക്കുന്നതിന് മുമ്പ് അക്ബറിന്റെ അവസാന യുദ്ധയാത്ര കൂടിയായിരുന്നു.
         “1590 കളുടെ അവസാനത്തിൽ അഹമ്മദ്‌നഗറിലെ മുഗൾ ആക്രമണസമയത്താണ് മാലിക് അംബാർ യഥാർത്ഥത്തിൽ തന്റെ സ്വത്വത്തിലേക്ക് എത്തിച്ചേരുന്നത് “എന്ന്  ചരിത്രകാരനായ മനു എസ് പിള്ള തന്റെ പുസ്തകമായ  Rebel Sultans: The Deccan from Khilji to Shivaji യിൽ  എഴുതുന്നുണ്ട്. ” ആദ്യത്തെ ഉപരോധസമയത്ത്, അദ്ദേഹത്തിന് 150 ൽ താഴെ കുതിരപ്പടയാളികളുണ്ടായിരുന്നു, അതൊടൊപ്പം  അദ്ദേഹം കൂടുതൽ സംഘടിതമായിരുന്ന  ഹബ്ഷി പ്രഭുവിനോടൊപ്പം ചേർന്നു. എന്നാൽ യുദ്ധം പ്രഭുക്കന്മാരെ തകർത്തുകളയുകയും ധാരാളം പുരുഷന്മാരുടെ രാജ്യത്തോടുള്ള കൂറിനെ  വെല്ലുവിളിക്കുകയും ചെയ്തപ്പോൾ ഒരു വർഷത്തിനുള്ളിൽ അംബാർ 3,000 യോദ്ധാക്കളെ തന്റെ നിയന്ത്രണത്തിലായി കൊണ്ടുവന്നു. വർഷം1600 ആയപ്പോഴേക്കും ഈ സംഖ്യ 7,000 ആയി ഉയർന്നു . അപ്പോഴേക്കും  മറാത്തകളും ദഖ്‌നികളും ഉൾപ്പെടെ വടക്കൻ മുഗളരിൽ നിന്ന് വ്യത്യസ്തമായി  ഒരു പ്രാദേശിക സ്വത്വം വ്യാപകമായി പങ്കിട്ട ഒരു  ‘ബഹുജാതി, ബഹു-വംശീയ ശക്തി ‘ ആയി അത് മാറിയിരുന്നു” –   പിള്ള എഴുതുന്നു. തുടർന്നുള്ള വർഷങ്ങളിൽ, അയൽരാജ്യമായ ബീജാപൂരിലെ അഹ്മദ്‌നഗറിലെ രാജകുടുംബത്തിലെ 20 വയസുള്ള ഒരു ഇളംമുറക്കാരന്  അംബാർ തന്റെ പെൺമക്കളിൽ ഒരാളെ വിവാഹം കഴിച്ചുനൽകുകയും മുഗളർക്കെതിരെ നിസാം ഷാഹി രാജ്യത്തിന്റെ ഭാവി ഭരണാധികാരിയായി അദ്ദേഹത്തെ ഉയർത്തിക്കാട്ടുകയും ചെയ്തു.
              ” ആവശ്യമായ സമയത്തും  തന്റെ ലക്ഷ്യത്തിന്  അനുയോജ്യമായി വരുമ്പോഴും വിദഗ്ധമായി കരുത്ത്  ഉപയോഗിച്ച  അംബാർ ,  അഹമ്മദ്നഗർ രാജ്യത്തിൻ്റെ  പ്രധാനശക്തിയെന്ന രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ ശക്തിയുടെ പാരമ്യാവസ്ഥയിൽ , പടിഞ്ഞാറൻ ഡെക്കാനിലെ നിസാം ഷാഹിയെ ‘അംബാറിന്റെ ഭൂമി’ എന്നാണ് വിളിച്ചിരുന്നത് ” പിള്ള എഴുതുന്നു.    
          മറാത്തക്കാർക്കൊപ്പം മുഗളന്മാരുമായുള്ള അംബറിന്റെ വൈരാഗ്യം  ജഹാംഗീർ ചക്രവർത്തിയുടെ ഭരണനേതൃത്വത്തിൽ  പതിറ്റാണ്ടുകൾ  നീണ്ടുനിന്നിരുന്നു. മുഗൾ സൈന്യത്തിന് നേരെ ഗറില്ലാ യുദ്ധം അഴിച്ചുവിട്ടതിൻ്റെ പേരിൽ  അദ്ദേഹം വ്യാപകമായി അറിയപ്പെട്ടിരുന്നു. 
              എത്യോപ്യനെ തോൽപ്പിക്കാൻ ‘ജനറലിന് ശേഷം  ജനറൽ’ എന്ന നിലയിൽ ദില്ലിയിൽ നിന്ന് തെക്കോട്ട് കടന്നുവന്നെങ്കിലും പരാജയപ്പെട്ടുവെന്ന് ഈറ്റന്റെ പുസ്തകത്തിൽ പരാമർശിക്കുന്നു.” മുഗൾ സൈന്യത്തെ കൂടുതൽ തവണ അദ്ദേഹം പരാജയപ്പെടുത്തിയപ്പോൾ കൂടുതൽ ആളുകൾ അദ്ദേഹത്തിന്റെ ഭാഗത്തേക്ക് അണിനിരന്നു.അങ്ങനെ 1610-ൽ മുഗളരെ അഹമ്മദ്‌നഗർ കോട്ടയിൽ നിന്ന് പുറത്താക്കാൻ അദ്ദേഹത്തിന് കഴിഞ്ഞെന്ന് ” ഈറ്റൻ കുറിക്കുന്നു.       

ഔറംഗബാദിന്റെ നിർമ്മാതാവ് 

വീര്യമുറ്റിയ പോരാളി ആകുമ്പോള്‍ തന്നെ, അംബാർ മികച്ച ഭരണാധികാരി കൂടിയായിരുന്നു.1610-ൽ മുഗളരെ അഹമ്മദ്‌നഗറിൽ നിന്ന് പുറത്താക്കിയതിനുശേഷം,  സുൽത്താനേറ്റിനായി ഖിർകി (മഹാരാഷ്ട്രയിലെ ഇന്നത്തെ ഔറംഗബാദ്) എന്ന ഒരു പുതിയ തലസ്ഥാനം അംബാർ സ്ഥാപിച്ചു . മറാത്തക്കാർ ഉൾപ്പെടെ 2,00,000-ത്തിലധികം ആളുകൾ താമസിക്കുന്ന നഗരമായി അതു മാറുകയും  മാൾപുര, ഖെൽപുര, പരാസ്പുര, വിഥാപുര തുടങ്ങിയ പ്രാന്തപ്രദേശങ്ങൾ അതിനോട് ചേർന്നുവരികയുമുണ്ടായി.


   A Social History of the Deccan, 1300–1761 Eight Indian Lives

  പിള്ള  ഒരു അഭിമുഖത്തിൽ പറയുന്നത് “1610-11 കാലഘട്ടത്തിൽ അംബാർ ഖിർകിയെ തന്റെ കേന്ദ്രമാക്കി മാറ്റിയതോടെ ഇവിടം പതിയെ ഒരു പ്രധാന നഗരമായി ഉയർന്നുവന്നു. അവിടെ അംബാറിനെപ്പോലെ, അദ്ദേഹത്തിന്റെ മറാത്ത പ്രഭുക്കന്മാരും സൈനിക നേതൃത്വവും വീടുകൾ പണിയുകയും പ്രദേശങ്ങൾ വികസിപ്പിക്കുകയും ചെയ്തിരുന്നു”. “ജലസേചന സൗകര്യങ്ങളും ഭൂഗർഭ കനാലും അദ്ദേഹം കൊണ്ടുവന്ന ആദ്യകാല പുരോഗമന പ്രപ്രവർത്തനങ്ങളിൽ ഒന്നാണ്. അങ്ങനെയാണ് വരണ്ട ഡെക്കാൻ പ്രദേശത്ത്  ധാരാളം നഗരങ്ങൾ വികസിപ്പിക്കാൻ കഴിഞ്ഞത്. ഏതാനും പതിറ്റാണ്ടുകൾക്ക് മുമ്പ് നമ്മൾ  ഇത് ബിജാപൂരിലും കാണുന്നു. ഇതിന് എഞ്ചിനീയറിംഗിലും ആസൂത്രണത്തിലും ഗണ്യമായ വൈദഗ്ദ്ധ്യം ആവശ്യമാണ്”.
         പിന്നിടുള്ള  യുദ്ധങ്ങളിൽ അഹ്മദ്‌നഗർ സുൽത്താനേറ്റ്  നഗരം മുഗളരുടെ കൈവശമെത്തിച്ചേർന്നു. പതിനേഴാം നൂറ്റാണ്ടിലെ മുഗൾ രാജാവായ  ഔറംഗസീബിന്റെ ഭരണകാലത്താണ് ഈ നഗരത്തെ ‘ ഔറംഗബാദ് ’ എന്ന് പുനർനാമകരണം ചെയ്തത്. ” അവരും നഗരത്തിന്റെ അടിസ്ഥാനസൗകര്യങ്ങളിൽ സംഭാവനകളർപ്പിക്കുകയും  നഗരം വളരാൻ അനുവദിക്കുകയും ചെയ്തു. ജലസേചന സൗകര്യങ്ങൾ
മെച്ചപ്പെടുത്തിയതും വിപുലീകരിച്ചതും ഇതിൽ പെടുന്നു. എന്നാൽ, ഇടയിൽ , ഒന്നോ രണ്ടോ വിനാശകരമായ ആക്രമണങ്ങളും നഗരത്തിന്റെ ഭംഗി നശിപ്പിച്ചു.കാലക്രമേണ അത് വീണ്ടെടുക്കാനും പുനർനിർമ്മിക്കാനും കഴിഞ്ഞെന്ന് പിള്ള പറയുന്നു.
         ഒരു പുതിയ നഗരം പണിയുന്നതിൽ അംബാർ തന്റെ പാരമ്പര്യത്തെ അടയാളപ്പെടുത്തുന്നതായി തോന്നുന്നുവെന്നും  പിള്ള പറയുന്നുണ്ട്. 
” ഇത് വലിയ നിർമ്മാതാക്കളുടെ കാലമായിരുന്നു, ഹബ്ശി  യുദ്ധപ്രഭുവും ആ പാരമ്പര്യത്തിൽ പിന്തുടരാൻ ആഗ്രഹിച്ചതിൽ അതിശയിക്കാനില്ല. ഔറംഗബാദിൽ ജുമാമസ്ജിദും ഖാളി മസ്ജിദും അദ്ദേഹം നിർമ്മിച്ചതായി കരുതപ്പെടുന്നു,  ഈ നഗരത്തിന് പിന്നീട് മുഗളന്മാർ പേരിടുകയാണുണ്ടായത്. അക്കാലത്തെ കൂടുതൽ കാര്യക്ഷമമായ ഭൂമി വരുമാന മാതൃക സ്ഥാപിച്ചതിന്റെ ബഹുമതിയും ഈ അബ്സീനിയനുണ്ട്. ഇത്  ശിവാജിയുടെ കീഴിൽ മറാത്തക്കാർ ഉപയോഗിച്ചിരുന്നു .അദ്ദേഹത്തിന്റെ മുത്തച്ഛൻ (മാലോജി) അംബാറിന്റെ അടുത്ത സഹായിയുമായിരുന്നു. പിൽക്കാലത്ത് ,  ശിവാജി തന്റെ മഹത്തായ ഇതിഹാസകാവ്യമായ ‘ശിവഭാരത’ത്തിൽ
” സൂര്യനെപ്പോലെ ധീരൻ ”  എന്ന്  അംബാറിനെ  പരാമർശിക്കുന്നുമുണ്ട്.
         1626-ൽ അംബാർ അന്തരിച്ചു. ഖുൽദാബാദിൽ അദ്ദേഹം രൂപകൽപ്പന ചെയ്ത ഒരു ശവകുടീരത്തിൽ സംസ്കരിച്ചു. ജഹാംഗീർ  ചക്രവർത്തിയുടെ കുറിപ്പെഴുത്തുകാരനായ മുത്തമിദ് ഖാൻ ഇങ്ങനെ എഴുതിയിരുന്നു : ” യുദ്ധമുഖത്തും സേനാനായകത്വത്തിലും  ശരിയായ വിധിന്യായത്തിലും  ഭരണനിർവഹണത്തിലും  അദ്ദേഹത്തിന് ആരും തുല്യമായിരുന്നില്ല. ഒരു അബിസീനിയൻ അടിമ അത്തരം പ്രശസ്തിയിൽ എത്തിയ മറ്റൊരു സംഭവവും ചരിത്രം രേഖപ്പെടുത്തിയിട്ടില്ല.”

CORTESY: THE INDIAN EXPRESS

FEATURE IMAGE: ഖുലാബാദിൽ മലിക് അംബാർ രൂപകൽപ്പന ചെയ്ത ശവ കുടീരത്തിൽ തന്നെയാണ് അദ്ദേഹത്തെ മറവ് ചെയ്യപ്പെട്ടിട്ടുള്ളത്

 

 

 

 

 

മൊഴിമാറ്റം: മുഹമ്മദ് സിറാജ്റഹ്മാൻ