സമുദ്രാന്തരീയ കപ്പൽ ലഹളകളും ഏഷ്യൻ ലാസ്കറുകളും
പായ്ക്കപ്പലുകളുടെ കാലത്ത് ഒരു പ്രത്യേക സമൂഹവും സമുദ്രസംസ്കാരവും യൂറോപ്യൻ കപ്പലുകളിൽ ജോലി ചെയ്തിരുന്ന ഏഷ്യൻ തൊഴിലാളികൾക്കിടയിൽ രൂപപ്പെട്ടു വന്നിരുന്നു.
ലാസ്കറുകളുടെ(ഇന്ത്യൻ മഹാ സമുദ്രമേഖലയിലെ ഏഷ്യക്കാരായ പ്രത്യേക തൊഴിലാളികൾ) സാഹചര്യങ്ങളെ കുറിച്ചും ജീവിതാവസ്ഥകളെ കുറിച്ചുമെല്ലാം വിവരിക്കുന്ന ആരോൺ ജാഫറി(Aaron Jaffer)ന്റെ പുതിയ പുസ്തകം ഇത്തരം കപ്പൽജീവിതങ്ങളുടെ കഥ പറയുന്ന വിവര സ്രോതസ്സുകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
വേൾഡ്‌സ് ഓഫ് ദി ഈസ്റ്റ് ഇന്ത്യ കമ്പനി സീരീസിലാണ് പുസ്തകം പുറത്തിറങ്ങിയിട്ടുള്ളത്. 1782 മുതൽ 1852 വരെ ദക്ഷിണാഫ്രിക്കക്കും സിംഗപൂരിനുമിടക്ക് ലാസ്‌കറുകൾ ഉണ്ടാക്കിയിരുന്ന മുപ്പതോളം ‘ഗൗരവതരമായ ലഹള’കളിലാണ് ജാഫർ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഈ വിഷയത്തിലുള്ള എഴുത്തുകാരന്റെ അഗാധപാണ്ഡിത്യം അക്കാലത്തെ ലാസ്കർ ജീവിതങ്ങളെ കുറിച്ച് വ്യക്തമായി മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു.

Lascars and Indian Ocean Seafaring, 1780-1860: Shipboard Life, Unrest and Mutiny
പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ, ഏഷ്യൻ നാവികതൊഴിലാളികൾക്ക് തങ്ങളുടെ യുഗങ്ങൾ പഴക്കമുള്ള സമുദ്ര പാരമ്പര്യങ്ങളെ ശരിപ്പെടുത്തിയെടുത്താലേ അതിശീഘ്രം വളർന്നു കൊണ്ടിരിക്കുന്ന ഇന്ത്യൻ മഹാ സമുദ്രത്തിലെ യൂറോപ്യൻ/യൂറോ നിയന്ത്രിത കപ്പലുകളിൽ ജോലി ലഭിക്കൂ എന്ന സാഹചര്യം നിലവിലുണ്ടായിരുന്നു.
ഇതോടൊപ്പം, ജോലി മതിയാക്കി തിരിച്ചു പോവുകയോ മരണപ്പെടുകയോ ചെയ്ത യൂറോപ്യൻ തൊഴിലാളികളുടെ കുറവു നികത്താൻ കപ്പിത്താൻമാർക്ക് ഗണ്യമായ എണ്ണം ലാസ്‌കറുകളെ ജോലിക്കെടുക്കേണ്ട സാഹചര്യവുമുണ്ടായി.
അങ്ങനെ, ഇന്ത്യൻ മഹാസമുദ്രത്തിലെ ജോലികൾക്കും യൂറോപ്പിലേക്കുള്ള യാത്രകൾക്കുമെല്ലാം വേണ്ടി ലാസ്കറുകളെ ഉപയോഗിക്കാൻ കപ്പിത്താൻമാർക്ക് അവരുടെ ശീലങ്ങളും രീതികളും പരിശീലിപ്പിക്കേണ്ടതായി വന്നു.
പിന്നീട് ഇംഗ്ലീഷ് ഈസ്റ്റിന്ത്യ കമ്പനിയുടെ ഇന്ത്യയിലെ നാടകീയ അധിനിവേശങ്ങളും മറ്റു ഏഷ്യൻ കോളനികളിലേക്കുള്ള കമ്പനിയുടെ പടർന്നുകയറ്റവുമെല്ലാം പ്രസ്തുത മേഖലകളിലും ഭൂഖണ്ഡാന്തരീയ തലത്തിലുമുള്ള വ്യാപാരങ്ങളിൽ അവർക്ക് മേൽകൈ നേടിക്കൊടുത്തു.
ഏഷ്യക്കും ബ്രിട്ടനുമിടയിൽ വളരെ വേഗത്തിൽ വളർന്ന അന്തർസമുദ്ര കച്ചവടങ്ങൾക്ക് ഈസ്റ്റിന്ത്യ കമ്പനിയാണ് നേതൃത്വം വഹിച്ചിരുന്നത്. ഇതിനുപുറമെ, യൂറോപ്യൻ ഉദ്യോഗസ്ഥരും ഏഷ്യൻ

Aaron Jaffer
പണിക്കാരും ഉൾപ്പെട്ട ചരക്കു കപ്പലുകൾ ഏഷ്യൻ തുറമുഖങ്ങളിലേക്കും പോയി കച്ചവടങ്ങൾ നടത്തിയിരുന്നു.
ഗ്രന്ഥകാരൻ ഈസ്റ്റിന്ത്യക്കാരെയും പ്രതിപാദിക്കുന്നുണ്ടെങ്കിലും ചെയ്യുന്നുണ്ടെങ്കിലും മുഖ്യമായും ഈ കപ്പലുകളിൽ ജോലി ചെയ്തിരുന്ന ലാസ്‌കറുകളുടെ ജീവിതത്തെത്തന്നെയാണ് വിശകലനം ചെയ്യുന്നത്.
ആവി യന്ത്രങ്ങളും ലോഹക്കപ്പലുകളും ലാസ്കറുകളുടെ വൈദഗ്ദ്ധ്യത്തിന്റെ മാറ്റില്ലാതാക്കിയ പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യകാലം വരെയുള്ള കാലഘട്ടത്തെയാണ് ആരോൺ ജാഫർ പഠിക്കുന്നത്.
ആവിക്കപ്പലുകളിൽ ലാസ്കറുകളെ ഏറെയും ഉപയോഗിച്ചിരുന്നത് വേലക്കാരനായും കനൽ കോരിയിടൽ പോലുള്ള ജോലികൾക്ക് വേണ്ടിയൊക്കെയായിരുന്നു.
വളരെ കർക്കശമായ ബ്രിട്ടീഷ് സമുദ്ര നിയമങ്ങളും വെള്ളക്കാരുടെ കടൽതൊഴിലാളി യൂണിയൻ നയങ്ങളുമെല്ലാം ഇവർക്കേറെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു.
ഇത്തരം കാരണങ്ങളാണ് ലാസ്‌കറുകളെ ലഹളയുണ്ടാക്കുന്നതിലേക്ക് നയിച്ചത്. ഇതേ കാലഘട്ടത്തിലെ അറ്റ്ലാന്റിക് സമുദ്രമേഖലയിലെ സാഹചര്യങ്ങളെ കുറിച്ച് എഴുതിയ മറ്റുള്ളവരെ പോലെ ജാഫർ ലാസ്‌കറുകളുടെ ലഹള വർഗ്ഗാടിസ്ഥാനത്തിലുള്ള ഒരു വിപ്ലവമാണെന്ന് സമർത്ഥിക്കുന്നില്ല.
മറിച്ച്, ഇന്ത്യൻ മഹാസമുദ്രത്തിലെ ഇവർ നടത്തിയ ലഹളകൾ അവരുടെ ദൈനംദിന ജീവിതത്തിലെ ചെറുത്തു നിൽപ്പുകളായിരുന്നു എന്നാണ് വിശാലാർത്ഥത്തിൽ തന്നെ അദ്ദേഹം പറഞ്ഞു വെക്കുന്നത്.
ഇത്തരം കപ്പലുകളിൽ പൊതുവെ ഉണ്ടാകാറുള്ള പരുക്കൻ സാഹചര്യങ്ങളായിരുന്നു അവയുടെ മൂലകാരണം.
അതാകട്ടെ, യൂറോപ്യൻ ഉദ്യോഗസ്ഥരുടെയും മേലധികാരികളുടെയും സാംസ്കാരികവും വർഗീയവും മതകീയവുമായ മുൻവിധികളാലും ഇടക്കിടെ ലാസ്കറുകളോട് അവർ കാണിക്കുന്ന അക്രമങ്ങളുടെയും ഫലമായി കൂടുതൽ ബലിഷ്ഠമായിക്കൊണ്ടിരിക്കുകയും ചെയ്തു.
ചുരുക്കത്തിൽ, എങ്ങനെയാണ് ലാസ്കറുകൾ എന്ന വലിയ ഒരു കടൽതൊഴിലാളി സമൂഹം വംശപരമായി വിഭാഗീയതകൾക്കും മറ്റും ഇരയായത് എന്നാണ് ആരോൺ ജാഫർ നമ്മോട് പറയുന്നത്.
ലാസ്കർ ലഹളയുടെ അഞ്ചു ഘട്ടങ്ങളെ അഞ്ചു അധ്യായങ്ങളാക്കിയാണ് ജാഫർ തന്റെ പുസ്തകത്തിൽ ക്രമീകരിച്ചിട്ടുള്ളത്.
ലഹളയുടെ കാരണങ്ങൾ, ഘടന, ലാസ്കർ കീഴുദ്യോഗസ്ഥരുടെ(സെറാങ്, ടിൻഡൽ പോലെയുള്ളവർ) പങ്ക്, സംഭവങ്ങൾ, ഫലങ്ങൾ എന്നിങ്ങനെ.
ഒന്നാം അധ്യായം വാക്കേറ്റങ്ങൾ, സാംസ്കാരിക വൈവിധ്യങ്ങൾ, ആവലാതികൾ, മതം, കപ്പലിലെ സ്ത്രീ സാന്നിധ്യം തുടങ്ങിയ വ്യത്യസ്തങ്ങളായ ഘടകങ്ങൾ എങ്ങനെ കലാപത്തിന് തീകൊളുത്തി എന്നാണ് അന്വേഷിക്കുന്നത്.
രണ്ടാം അധ്യായം ഇത്തരം പ്രശ്‌നങ്ങൾക്ക് എങ്ങനെ ലാസ്കറുകൾ പരിഹാരം തേടിയെന്നും അവ ലഹളയിലേക്ക് എത്തിയത് എങ്ങനെയെന്നും അവരുടെ ലഹളയുടെ വ്യതിരിക്തതകൾ എന്തൊക്കെയെന്നുമെല്ലാം വിശകലനം ചെയ്യുന്നു.
ലഹളയിൽ ലാസ്‌കറുകളിലെ മെച്ചപ്പെട്ടവരായ സെറങ്ങുകളുടെയും അവരുടെ സഹായികളായ ടിൻഡലുകളുടെയും പങ്കിനെ പരിശോധിക്കുകയാണ് മൂന്നാം അധ്യായം.
നാലാമത്തെതാകട്ടെ, കപ്പൽ ജീവിതവും അധികാര ശ്രേണിയും തൊഴിലാളികളുടെ ശീലങ്ങളും കലഹാനന്തര സ്വഭാവങ്ങളെയുമെല്ലാം കൃത്യമായി വരച്ചിടുന്നു.
അഞ്ചാം അധ്യയം ഈ ലഹളയുടെ ഫലങ്ങളെയും പ്രത്യാഘാതങ്ങളെയും വിശകലനം ചെയ്യുന്നു.
എൺപതു വർഷത്തോളമുള്ള കാലഘട്ടത്തെ വിശകലനം ചെയ്യുന്ന തന്റെ പഠനശ്രമത്തെ പറ്റി ജാഫർ ഇങ്ങനെ പറയുന്നത് കാണാം: “കാലാന്തരങ്ങൾക്കിടയിൽ ചെറുതെങ്കിലും ലഹളകളുടെ അടിസ്ഥാന സ്വഭാവത്തിൽ ശ്രദ്ധേയമായ ഒരു മാറ്റം വന്നിട്ടുണ്ട്.
” ഈ എട്ടു ദശാബ്ദക്കാലത്തെ നൈയ്യാമിക, സാംസ്കാരിക ,സാമ്പത്തിക മാറ്റങ്ങൾ എങ്ങനെയാണ് ലാസ്കറുകളുടെ ജോലിയിലും മറ്റും സ്വാധീനിച്ചത് എന്നതിനോടൊപ്പം ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഇന്ത്യയിലും ബ്രിട്ടനിലുമുണ്ടായിരുന്ന സാന്നിധ്യത്തെ കൂടി ജാഫർ തന്റെ രചനയിൽ അടയാളപ്പെടുത്തുന്നുണ്ട്.
കപ്പൽ ലഹളകളുടെ ഓരോ ഘട്ടത്തിലെയും സ്വഭാവ സവിശേഷതയെ വളരെ വ്യവസ്ഥാപിതമായി തന്നെ ഓരോ അധ്യായത്തിലും ജാഫർ ചർച്ചക്കെടുക്കുന്നുണ്ട്.
ഓരോ അധ്യായങ്ങളെയും മൂന്നോ നാലോ ഉപഭാഗങ്ങളാക്കി തിരിച്ച് അവയിലോരോന്നും ആ ഘട്ടത്തിലെ വിവിധ ഘടകങ്ങളെ വിശകലനം ചെയ്യുന്ന രീതിയാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്.
ചിലയിടങ്ങളിൽ ഓരോ ഭാഗങ്ങളെയും വീണ്ടും ഉപഭാഗങ്ങളായി തിരിച്ചതും കാണാം. ലിംഗ പരത, ആക്രമണപരതയൊക്കെ പോലെയുള്ള ഓരോ പ്രധാന സംഭവങ്ങളെയും ജാഫർ സൂക്ഷ്മമായി ചർച്ചയിലേക്ക് കൊണ്ടുവരുന്നുണ്ട്.
ഇവയൊക്കെ അന്നത്തെ സാഹചര്യങ്ങളിൽ എത്രത്തോളം പ്രധാന്യമർഹിച്ചിരുന്നു/ഇല്ല എന്ന് കൃത്യമായി അവലോകനം ചെയ്യുന്നുമുണ്ട് ഗ്രന്ഥകാരൻ. ലാസ്‌കറുകളുടെ പ്രതിരോധങ്ങളിൽ അവരുടേതായ മന്ത്രങ്ങൾക്കും പാട്ടുകൾക്കുമുള്ള സ്ഥാനത്തെ പറ്റിയും പല സ്ഥലങ്ങളിലും പറയുന്നത് കാണാം.
ചില സ്ഥലങ്ങളിൽ പ്രതിഷേധാത്മകതയെ പറ്റി സൈദ്ധാന്തികമായി കൂടി പ്രതിപാദിക്കുന്നുണ്ട്. ‘ലാസ്‌കറുകളുടെ ഇടയിൽ ഉടലെടുത്ത ഈ ലഹളകളെ കുറിച്ച് അപൂർവമായി മാത്രമേ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളൂ’ എന്നതിൽ നിന്നും ലാസ്‌കറുകളുടെ ചരിത്രത്തെ വീണ്ടെടുക്കാനുള്ള ശ്രമങ്ങളുടെ അഭാവത്തെ പറ്റിയും ഗ്രന്ഥകാരൻ പറയുന്നുണ്ട്.
ആരോൺ ജാഫറിന്റെ ഹിസ്റ്റോറിയോഗ്രാഫിക്കൽ പോയിന്റ് കിടക്കുന്നതിവിടെയാണ്. പൊതുവെ രേഖപ്പെടുത്തപ്പെട്ടതും ലഭ്യമായതും മാത്രമാണല്ലോ ചരിത്രത്തെ കുറിച്ചുള്ള യൂറോ കേന്ദ്രീകൃത പരിപ്രേക്ഷ്യം. അതിൽ നിന്ന് മാറാനുള്ള ഒരു ശ്രമമാണ് അദ്ദേഹം നടത്തുന്നത്.
ഒരു നീണ്ട കാലയളവിനുള്ളിലെ ചെറിയ ചില അസ്വസ്ഥതകൾ എന്ന നിലക്ക് എഴുതപ്പെട്ട ലാസ്‌കറുകളുടെ ചരിത്രത്തെ പുനർനിർമിക്കാനുള്ള ശ്രമങ്ങളാണ് ജാഫർ നടത്തുന്നത്.
അതിനാൽ തന്നെ അദ്ദേഹം അവതരിപ്പിക്കുന്ന മുപ്പത് ഉദാഹരണങ്ങളും( അനുബന്ധത്തിൽ ചേർത്ത 1713-1857 കാലയളവിലെ ചില സംഭവങ്ങൾ കൂടി കൂട്ടിയാൽ മുപ്പത്തിയെട്ട്) അസാധാരണമായി തോന്നിയേക്കാം.
ഏതായിരുന്നാലും അറിയപ്പെട്ട അസംഖ്യം തെളിവില്ലാത്ത ആഖ്യാനങ്ങളെക്കാൾ ഏറെ മെച്ചപ്പെട്ടതാണ് ഇവ എന്നു തന്നെ പറയാം.
ഈ ചുരുക്കം കഥകളാണ് ചരിത്രത്തിലേക്ക് ലാസ്‌കറുകളുടെ ശബ്ദങ്ങൾക്ക് ഇടം നൽകിയത് എന്നത് വാസ്തവമാണ്.
മറ്റൊരു തരത്തിൽ പറഞ്ഞാൽ യൂറോപ്യൻ കപ്പലുകളും ഉദ്യോഗസ്ഥരുമെല്ലാം പരാജയപ്പെട്ട പല സംഘർഷങ്ങളെ പറ്റിയും ഇന്ന് ലഭ്യമായ ചരിത്രം സംസാരിക്കുന്നില്ല എന്നതാണ് നേര്.
ചുരുക്കത്തിൽ, തെളിവുശേഖരണങ്ങളിലും ചരിത്രസൂക്ഷിപ്പുകളിലും കാണിച്ച ഈയൊരു വേർതിരിവാണ് ലാസ്കറുകളെ കുറിച്ചുള്ള നമ്മുടെ അറിവിനെ രൂപപ്പെടുത്തിയതും പരിമിതപ്പെടുത്തിയതുമെല്ലാം.
പുസ്തകത്തിലുടനീളം ജാഫർ ഇംഗ്ലീഷിലെ പ്രാഥമിക ഉറവിടങ്ങളാണ് വായനാവിധേയമാക്കുന്നത്. ബ്രിട്ടൻ, ഇന്ത്യ, നെതർലാൻഡ്‌സ്, ആസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള ചരിത്രരേഖകളിൽ വളരെയധികം ഗവേഷണങ്ങൾ ഇതിനായി അദ്ദേഹം നടത്തിയിട്ടുണ്ട്.
കപ്പലിലെ കണക്കുപുസ്തകങ്ങളും നിയമരേഖകളും കയ്യെഴുത്തു ഡയറികളും വിവരണങ്ങളും വാർത്താ പത്രങ്ങളും എല്ലാം ചേർത്തുവെച്ച് നടത്തുന്ന ഈ ശ്രമം ലാസ്‌കറുകളുടെ കപ്പൽ ജീവിതചരിത്രത്തെ പുനർനിർമിക്കാൻ ഈ പുസ്തകം പ്രാപ്തമാണെന്ന് തെളിയിക്കുന്നു.
വളരെ ചെറിയ നിത്യദിനസംഭവങ്ങൾ പോലും ഇതിൽ ഇടം പിടിക്കുന്നു എന്നത് ശ്രദ്ധേയമാണ്.
കോടതിവിധികളെ പ്രാഥമിക വിവരശേഖരമാക്കി കൊണ്ടുള്ള ചരിത്രമെഴുത്ത് വിശകലനത്തിന്റ ഉള്ളു തൊടുന്നുണ്ട്.
ഹെർമൻ മെൽവിൽ, റുഡ്യാഡ് കിപ്ലിംഗ്, ജോസഫ് കോൺറാഡ് എന്നിവരുടെ സാഹിത്യ കൃതികളിലെ ചില ഭാഗങ്ങൾ കൊണ്ട് തന്റെ ചരിത്രാവതരണത്തിന് മേമ്പൊടിയിടുന്നുണ്ട് ആരോൺ ജാഫർ.
അതോടൊപ്പം ലാസ്കറുകളെ കുറിച്ച് പഠനം നടത്തിയ പിൽക്കാല ഗവേഷകരിൽ നിന്നുള്ള ദ്വിതീയ വിവര സ്രോതസ്സുകളിലും എഴുത്തുകാരന് അസാമാന്യ ജ്ഞാനമുണ്ട്.
ആരോൺ ജാഫറിന്റെ പ്രശംസനീയ പാണ്ഡിത്യം ഇന്ത്യൻ മഹാസമുദ്രത്തിലെ മരക്കപ്പലുകളിൽ ജീവിച്ചു പോയ ലാസ്കറുകളെ കുറിച്ച് നമുക്ക് ഏറെ വിവരങ്ങൾ നൽകുന്നുണ്ട്.
രചന നാവിക സാങ്കേതിക വിദ്യകളെയോ സാമ്പത്തിക സ്ഥിതികളെയോ യൂറോപ്യൻ ഇടപെടലുകളെയോ കൂടുതൽ വിശകലനം ചെയ്യൽ ലക്ഷ്യമാക്കുന്നില്ല. മികച്ച ചിത്രങ്ങൾ കൂടി ചേർക്കുന്നതോടെ വായനക്കാരെ വിഷയത്തിന്റെ അകക്കാമ്പിലേക്ക് എത്തിക്കാനും പുസ്തകത്തിന് കഴിയുന്നുണ്ട്.
ഇതിലൂടെ എഴുത്തുകാരൻ ഉദ്ദേശിക്കുന്നത് സമുദ്രസംബന്ധിയായ ഗവേഷണങ്ങളിൽ താൽപ്പര്യമുള്ള പൊതു വായനക്കാർക്കും പണ്ഡിതർക്കും ഒരേ സമയം പുസ്തകം മൂല്യവത്തായ ഒന്നാക്കി മാറ്റുക എന്നാവാം.
ലാസ്കറുകളുടെ ജീവിതത്തെയും പോരാട്ടത്തെയും ആധികാരികമായി വരച്ചിടാനുള്ള ഒരു ശ്രമമാണ് ഇത് എന്നു പറയാം.
എങ്കിലും പുസ്‌തകം കുറച്ചു കൂടി പരിഗണിക്കേണ്ടിയിരുന്ന ചിലതുണ്ട് എന്നത് വാസ്തവമാണ്. ഗ്രന്ഥകാരൻ വിശദീകരിക്കുന്നതിനെക്കാൾ പഴക്കം യൂറോപ്യൻ കപ്പലുകളിൽ ഏഷ്യൻ തൊഴിലാളി സാന്നിധ്യത്തിനുണ്ട്.
ഈസ്റ്റിന്ത്യ കമ്പനിയുടെ കാര്യവും ഇങ്ങനെ തന്നെ. ചില സ്ഥലങ്ങളിലെ അശ്രദ്ധകൾ വായനക്കാരനിൽ ചില ചോദ്യങ്ങൾ ഉത്തരമില്ലാതെ അവശേഷിപ്പിക്കുന്നു എന്നും വിമർശനമുണ്ട്.
രണ്ടാം ലോകയുദ്ധ കാലത്തെ ‘ഭിന്നിപ്പിച്ചു ഭരിക്കുക’ എന്ന നയമാണോ ജാവയിലെയും സിംഹാളിലെയും മലബാറിലെയും വിഭിന്ന വംശങ്ങളിൽ നിന്നുള്ള നാവികരെ ഉപയോഗിച്ചതിനു പിന്നിൽ പ്രവർത്തിച്ച ഘടകം? എന്നു തുടങ്ങിയ ചോദ്യങ്ങൾ.
ജോലിക്കാർക്കിടയിൽ വ്യത്യസ്ത ജന വിഭാഗങ്ങൾ ഉണ്ടായിരുന്നു എന്ന് എഴുത്തുകാരൻ പറയുന്നത് യാഥാർഥ്യമാണ്.
എന്നാൽ കപ്പൽ ഉടമകളിൽ യൂറോപ്യൻ-ബ്രിട്ടൻകാർ മാത്രമല്ല, മറിച്ച് ചൈനക്കാരും അറബികളും അർമേനിയക്കാരും പാഴ്സികളുമെല്ലാം അവരിൽ ഉണ്ടായിരുന്നു എന്നതിൽ പുസ്തകം വല്ലാതെ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല.
ചുരുക്കത്തിൽ, പരിമിതമെങ്കിലും ലാസ്കർ ചരിത്രത്തിലേക്കുള്ള നല്ലൊരു സംഭാവനയാണ് ആരോൺ ജാഫറിന്റെ പരിശ്രമം എന്നു പറയാം.
മൊഴിമാറ്റം: ദര്‍വേഷ് മുഹമ്മദ്
Professor of History at Oberlin College, where he offers a range of courses on the history of South Asia, the environmental history of the Indian subcontinent, Pakistan, Mahatma Gandhi, and early travel narratives about India.
