വിശ്വാസം നിറയുന്ന ലാൻഡ് സ്കേപുകൾ

ബീമാപള്ളി

സ്നേഹം,അക്രമം,പുണ്യം,രൗദ്രത,ചരിത്രം, മിത്ത്…… വികാരങ്ങളും വൈരുദ്ധ്യങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്ന മണ്ണും മണലുമാണ് ബീമാപള്ളിയിലേത്.

ഒരു വശത്ത്,സയ്യിദത്തുന്നിസാഅ എന്ന ബീമാ ബീവി,മകൻ മാഹിൻ അബൂബക്ർ,സൂഫി വര്യനായ കല്ലടി മസ്താൻ തുടങ്ങിയവർ ബീമാപള്ളിയുടെ മിസ്റ്റിക്കലും ആത്മീയവുമായ(spiritual) ആകാശങ്ങൾ വരക്കുമ്പോൾ പത്തുവർഷം മുമ്പ് നടന്ന കുപ്രസിദ്ധമായ വെടിവെപ്പും കലാപവുമെല്ലാം ബീമാപള്ളിയുടെ ചോര പുരണ്ട മണ്ണിൻറെ കഥ പറയുന്നു.

ഈ രണ്ടു വശങ്ങളിലൂടെയാണ് ബീമാപള്ളിയെ കുറിച്ചുള്ള സ്ഥല(space) കാല(time) സംബന്ധിയായ മിക്ക നരേഷനുകളും മുന്നോട്ട് പോകാറുള്ളത്.എന്നാൽ ഇവിടത്തെ സവിശേഷ സ്വഭാവമുള്ള ഒരു ജനതയും പ്രത്യേക പരമാർശമർഹിക്കുന്നുണ്ട്.
നടപ്പിലും ഭാവത്തിലും വാക്കുകളിലെല്ലാം ഈ ജനതയുടെ വ്യതിരിക്തത(distinctiness) നമുക്ക് ദർശിക്കാം.വിശ്വാസം തിളക്കുന്നവർ എന്ന് ഇവരെക്കുറിച്ച് പറഞ്ഞാൽ അമിതമാകില്ല. ഇസ്ലാമിക വിശ്വാസം കൃത്യമായി അനുവർത്തിച്ചു പോരുന്നതിനൊപ്പം (practising) അതിനു നിരക്കാത്തവയോട്, ശരികേടുകളോട് ശക്തമായി പ്രതികരിച്ചാണ് ഇവർ ജീവിച്ചു പോരുന്നത്.എന്നാൽ വിശ്വാസ പരമായ അന്ധത(blindness) എന്നിതിനെ കുറിച്ചു പറയാനും പഴുതില്ല.തന്റെ വിശ്വാസ ദൃഢത കാരണം ഇവിടത്തുകാർ ആരെയും കയ്യേറ്റം ചെയ്യാറില്ല (നേരെ മറിച്ച് രാഷ്ട്രീയവും സാമൂഹികവുമായ കാരണങ്ങളാലുള്ള സംഘർഷങ്ങൾ ഇവിടെ പതിവാണ് താനും.

മതബോധ്യങ്ങളെ ഈ മേഖലകളിലേക്ക് ചേർത്തി വായിക്കുന്നില്ല എന്നതാണ് ഇവരുടെ പരാജയം എന്നുവരെ തോന്നിയിട്ടുണ്ട്.
ഒരേ സമയം പണ്ഡിത നേതൃത്വത്തെ (authority) പൂർണമായി അംഗീകരിച്ചും സമുദായത്തിലെ പ്രമാണി നേതൃത്വത്തോട് പലപ്പോഴും വിയോജിച്ചുമാണ് ജീവിക്കുന്നത് എന്നതാണ് ഇതിലെ രസകരമായ ഒരു വൈരുദ്ധ്യാത്മകത(contradiction).

കടലിനെ ആശ്രയിച്ചു ജീവിക്കുന്നവരാണിവർ. പ്രഭാത നമസ്കാര ശേഷം നാലോ അഞ്ചോ മണിക്കൂർ മൽസ്യ ബന്ധനവുമായി ബന്ധപ്പെടുന്ന ഇവർ ദിവസത്തിലെ ബാക്കി സിംഹഭാഗവും ബീമാപള്ളി ദർഗയെ ചുറ്റിപ്പറ്റിയാണ് ജീവിക്കുന്നത്.

പലരും ചെറിയ പുസ്തകങ്ങൾ,ദർഗ്ഗയിലേക്കാവശ്യമായ പട്ട്, സുഗന്ധങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവയുടെ കച്ചവടവും നടത്തുന്നുണ്ട്. ജീവിതത്തിലെ സകല സൗഭാഗ്യങ്ങൾക്കും കാരണം തങ്ങൾ ‘ബീയുമ്മ’ എന്നു വിളിക്കുന്ന ബീമാ ബീവിയാണെന്നിവർ വിശ്വസിക്കുന്നു.

വർഷങ്ങൾക്ക് മുൻപ് ഇവിടെ ജീവിച്ചു പോയ കല്ലടി മസ്താൻ എന്ന സൂഫിയുടെ ശിഷ്യരോ അനുയായികളോ ആണ് ഇവിടത്തെ മിക്കവരും. തനിക്കിഷ്ടമുള്ളവരെ കല്ലെടുത്തെറിയുന്ന ശീലമുണ്ടായിരുന്ന മസ്താന്റെ കയ്യിൽ നിന്നും അടി കിട്ടിയതും ഏറ് കിട്ടിയതുമായ കഥകൾ സസന്തോഷം പറയാറുണ്ട് ഇവിടത്തുകാരിൽ പലരും. സ്രഷ്ടാവിനെ ഭയപ്പെടുന്നവർ മറ്റാരെയും പേടിക്കേണ്ടതില്ലെന്ന മതാധ്യാപനമാകാം ഇവരുടെ ജീവിത ഗതിയെ വേറിട്ടതാക്കുന്നത്.