ലാമു മൗലിദ് ആഘോഷം: ചിത്രങ്ങളിലൂടെ

എല്ലാ വർഷവും റബീഉൽ അവ്വലിൽ ലാമു എന്ന ചെറു ദ്വീപിൽ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. പ്രവാചകൻ മുഹമ്മദ് നബി(സ) യുടെ ജന്മദിനത്തോടനുബന്ധിച്ച് നടക്കുന്ന ഈ ആഘോഷങ്ങളിൽ പങ്കെടുക്കാൻ കിഴക്കൻ ആഫ്രിക്കയുടെ എല്ലാ ഭാഗത്ത് നിന്നും ജനങ്ങൾ ഒഴുകിയെത്തുന്നു. പ്രവാചകനുരാഗ ഗാനങ്ങളും കവിതകളും ആലപിക്കുന്ന മൗലിദ് സദസ്സുകൾക്ക് പുറമെ പായക്കപ്പൽ മത്സരങ്ങൾ തുടങ്ങി വിവിധതരം പരിപാടികൾ നടക്കുന്നു. ഇതിന്റെ രക്തദാനവും നടക്കുന്നു. ഫോട്ടോഗ്രാഫർ ഷൈനസ് ദാവൂദ് ആഘോഷ പടിപാടികൾക്കിടയിൽ പകർത്തിയ ചിത്രങ്ങളിലൂടെ.

ലാമുവിലെ മൗലിദ് സദസ്സിലെ പുരുഷന്മാരുടെ ഭാഗം. 

ലാമു മൗലിദ് ഫെസ്റ്റിവലിൽ നടക്കുന്ന വാർഷിക പായക്കപ്പൽ റേസിംഗിൽ  രണ്ട് പായ്ക്കപ്പലുകൾ (സ്വാഹിലിയിൽ ഇതിന് ജഹാസി എന്നാണ് പേര്) മത്സരിക്കുന്നു. പതിമൂന്നിലധികം പേർ അടങ്ങുന്നതാണ് ഒരു ടീം. 

ലാമുവിലെ റിയാള പള്ളിയോട് ചേർന്ന് ദഫ് (സ്വാഹിലി ഭാഷയിൽ മതാരി) മുട്ടുന്ന ഒരു കൂട്ടം പുരുഷന്മാർ. 

ആഘോഷ വേളകളിൽ, ഓരോ ഗ്രാമവും അതിന്റെ സംഗീതം (മിക്കവാറും ഡ്രംസ് ഉപയോഗിച്ച്) വായിക്കുകയും പുരുഷന്മാർ ഒരു പ്രത്യേക രീതിയിൽ നൃത്തം ചെയ്യുകയും ചെയ്യുന്നു. ഇവിടെ, ഒരു മനുഷ്യൻ കെനിയൻ ഷില്ലിംഗ് ബില്ലുകൾ ഒരു ഗ്രൂപ്പിന്റെ നേതാവിന് അവരെ ബഹുമാനിക്കുന്നതിനും അഭിനന്ദിക്കുന്നതിനുമായി കെട്ടികൊടുക്കുന്നു.

മൗലിദ് ഫെസ്റ്റിവലിൽ സ്ത്രീകൾക്ക് അവരുടേതായ പ്രത്യേകം ചടങ്ങുകൾ ഉണ്ടെങ്കിലും മിക്ക പുരുഷ ചടങ്ങുകളിലും അവർക്ക് പങ്കെടുക്കാം. ലാമുവിലും കെനിയനയിലെ മറ്റു പ്രദേശങ്ങളിലും പുരുഷന്മാരുടെ ഇടയിൽ  ശരീരം മുഴുവൻ മറക്കുന്നത് അവരുടെ സംസ്കാരത്തിന്റെ ഭാഗമാണ്. ഇവിടെ, ഉച്ചക്ക് ശേഷമുള്ള ആഘോഷങ്ങൾ ആസ്വദിക്കുന്ന ഒരു കൂട്ടം സ്ത്രീകൾ.

ലാമുവിലെ മൗലിദ് സദസ്സിലെ സ്ത്രീകളുടെ ഭാഗം. 

മൗലിദ് ചടങ്ങിന്റെ അവസാനത്തിൽ പ്രാർത്ഥനാ നിരതരായ സ്ത്രീകൾ.

പ്രവാചകൻ മുഹമ്മദ് നബി (സ്വ) യെ പ്രകീർത്തിച്ച് കൊണ്ട് ഗാനങ്ങൾ ആലപിക്കുന്ന ഒരു കൂട്ടം പുരുഷന്മാർ (പ്രായമാവരും, ചെറുപ്പക്കാരും). 

ഫെസ്റ്റിവലിന്റെ അവസാന ദിവസം ഉച്ചകഴിഞ്ഞുള്ള ജനത്തിരക്ക്. ഓരോരുത്തരും അവരുടെ നഗരത്തെയോ രാജ്യത്തെയോ ഗ്രാമത്തെയോ പ്രതിനിധീകരിക്കുന്ന പതാകകളുമായി കടൽത്തീരത്ത് പോയി നൃത്തം ചെയ്യുന്നു- ഓരോരുത്തരും വ്യത്യസ്ത ശൈലിയിൽ ആഘോഷിക്കുന്നു.

ഇശാ നിസ്കാരത്തിന് ശേഷം റിയാള പള്ളിയുടെ മുറ്റത്ത് ഖുർആൻ പാരായണ മത്സരത്തിന് വേണ്ടി ഒത്തുകൂടിയവർ.

വിവർത്തനം : സഫ്‌വാൻ ഹസൻ കണ്ണൂർ

Source : Sacredfootsteps