ദേശീയ മുസ്‌ലിമിലേക്കുള്ള പ്രയാണം

 

(തുടർച്ച)

ഭാഗം 1: ദേശീയ മുസ്‌ലിം; അതിജീവനത്തിന്റെ പുതിയ ശബ്ദങ്ങൾ

ഇന്ത്യൻ മുസ്‌ലിംകൾ അഭിമുഖീകരിക്കുന്ന ഏറ്റവും സങ്കീർണവും സംഘർഷഭരിതവുമായ അവസ്ഥാവിശേഷമാണ് “ദേശീയ മുസ്ലിം” പ്രതിനിധീകരിക്കുന്നത്.

ഏകശിലാത്മകമായ ദേശീയ നിർണയത്തിന്റെ ചട്ടക്കൂടിൽ നിന്നും സ്വതന്ത്രമായ ഒരു ആവിഷ്കാരമാണത് ആവശ്യപ്പെടുന്നത് .


എന്നിരിക്കുമ്പോൾ അത് ചില ചോദ്യങ്ങൾ അവശേഷിപ്പിക്കുന്നു .മതമൗലിക വാദത്തിൽ(religion fundamentalism) നിന്ന് അത് വേർതിരിയുന്ന സൂക്ഷ്മമായ ഇടം(exact place) ഏതാണ് ?

പ്രദർശനാത്മകമാവൽ അനിവാര്യമായ രാജ്യ സ്നേഹത്തിനല്ലേ അത് നിമിത്തമാവുന്നത്? അതെത്രമാത്രം സങ്കുചിതമായ കാഴ്ചപ്പാടാണ് .ഇതൊക്കെയും ദേശീയ മുസ്ലിം എന്ന ആശയത്തെ അരക്കിട്ടുറപ്പിക്കുന്ന വസ്തുതകളാണ്.

ഏറ്റവും ജനകീയനായ ഒരു നേതൃത്വത്തെ കൂടിയാണത് അന്വേഷിക്കുന്നത് . അത് ജനാധിപത്യ മതേതര മൂല്യങ്ങളെ കൂട്ടുപിടിച്ച് മതജീവിതം സാധ്യമാകുമെന്നാണതിന് ആത്യന്തികമായി തെളിയിക്കേണ്ടി വരുന്നത് .മറിച്ചായാൽ താനിരിക്കുന്ന ഇടം താൻ ഇരിക്കുന്നു എന്ന കാരണത്താൽ മറ്റെന്തിനേക്കാളും മികച്ചതാണന്ന ലളിത യുക്തിയിലേക്കത് ചുരുങ്ങും. ലളിതമായി പറഞ്ഞാൽ ഒരു പ്രതീതി രാജ്യസ്നേഹത്തിൻറെ ഭാഷയിലേക്ക് കടന്ന്കൂടുന്ന സത്യാനന്തരപൂർവ്വവ്യവഹാരമായി പരിണമിക്കും.


അതുകൊണ്ടുതന്നെ കലാമിനെ കുറിച്ചുള്ള വായനകൾ ഇത്തരമൊരു പശ്ചാത്തലത്തിൽ മുസ്ലിം സമൂഹത്തെ സംബന്ധിച്ചിടത്തോളം സത്വരശ്രദ്ധയർഹിക്കുന്നുണ്ട് .അദ്ദേഹത്തിൻറെ ചില സെക്യുലർ വ്യവഹാരങ്ങളെ മാറ്റിനിർത്തിയാൽ ഭാവി ഇന്ത്യ ആവശ്യപ്പെടുന്ന ദേശീയ മുസ്ലിം എന്ന നിലയിൽ അദ്ദേഹത്തെ പ്രതിഷ്ഠിക്കാനാവും .

ഒരേസമയം മുസ്ലിമിൻറെ നൈതികത നിർണയിക്കുന്നതോടൊപ്പം ഇന്ത്യയിൽ രൂപപ്പെട്ടുവരുന്ന സ്വത്വപ്രതിസന്ധിയെ മറികടക്കാനും അതിജീവനത്തിന്റേതായ രീതിശാസ്ത്രം(Methodology of survival) രൂപപ്പെടുത്താനും അതിന് കഴിയും.

മുസ്ലിം ന്യൂനപക്ഷം കുറെ പ്രതിസന്ധികളുടെ കുരുക്കിലാണെന്ന ബോധത്തെ സാമാന്യവൽക്കരിക്കാതിരിക്കുകയാണ് പ്രഥമഘട്ടം. മറ്റൊരർത്ഥത്തിൽ മുസ്ലിം അപര ത്വത്തെ നിരാകരിക്കുന്ന അവസ്ഥ മാറുകയും ഇസ്ലാമിൻറെ ഇടപെടലുകളെ ഇസ്ലാമിസ്റ്റ് വ്യവഹാരങ്ങളിൽ നിന്ന് മോചിപ്പിക്കാനുമാകും.

ആകസ്മികതകൾ പണിഞ്ഞു കൊണ്ടിരിക്കുന്ന രാഷ്ട്രീയ അഡ്ജസ്റ്റമെന്റുകളെ കോസ്മോപൊളിറ്റൻ കാഴ്ചപ്പാടുകളുടെ വാർപ്പ് മാതൃകയിൽ നിന്ന് കുറച്ചുകൂടി വിശാലമായ ജനാധിപത്യ വ്യവഹാരങ്ങളിലേക്ക് നീങ്ങാൻ ആഗോള സമൂഹത്തിന് കഴിയും.

സെപ്റ്റംബർ 11 അനന്തരം ഉള്ള മുസ്ലിം ഇടപാടുകളെ ഇസ്ലാമിസം എന്ന വൃത്തത്തിൽ ഉൾപ്പെടുത്തിയതിനെ കുറിച്ചുള്ള പ്രശ്നം പരിഹരിക്കാനും വഴിയൊരുക്കും. രാഷ്ട്രീയ സൈദ്ധാന്തികനായ കാൾ സ്മിത്തിന്റെ ‘The distinction between friend and enemy നൽകുന്ന ചില സമവായ ചചിന്തകൾ രാഷ്ട്രീയപരിധിയിൽനിന്ന് (political boundary)സാധ്യമാകുന്ന ഇടപാടുകളിലേക്ക് പാലം പണിയുന്നുണ്ട്.

ജോർജ് ഓർവെല്ലിന്റെ 1984 ഉം അതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്. അത് മുസ്ലിം അപരസ്വത്വത്തിന്റെ പ്രതിസന്ധികളെ താത്വികമായ അനുമാനങ്ങളിലൂടെ (philosophical assumptions) മറികടക്കാൻ സഹായകമാകും .

യാക്ക് ലക്കാന്റെ ഭാഷയിലെ മിറർ സ്റ്റേജിന് (mirror stage)സാധ്യമാവുന്ന ഒരു ബദൽ കൂടിയാണ് അവതരിപ്പിക്കുന്നത് .അത് ഒരുപക്ഷേ ഇന്ത്യാചരിത്രത്തിൽ കലാം അടയാളപ്പെടുന്ന അടിസ്ഥാന വിലാസങ്ങളെ(status) പരിക്കേൽപിക്കും.

ഇതുവരെയും ഒരു പൊതു പ്ലാറ്റ്ഫോമിൽ നിന്ന് എല്ലാവരുടെതുമായി അവതരിപ്പിക്കപ്പെടുകയും ജനസമ്മതി നേടുകയും ചെയ്ത കലാമിനെ മുസ്ലിം വൃത്തത്തിലേക്ക് ചുരുക്കി കെട്ടി അദ്ദേഹത്തിൻറെ സംഭാവനകളുടെ ക്രെഡിറ്റ് നേടിയെടുക്കുക എന്നതല്ല അത് താൽപര്യപ്പെടുന്നത് .

മറിച്ച് സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ കലാമിന്റെ എൻഗേജ്മെൻറ് കളിൽ ഒരു മിസ്റ്റിക്കൽ വായന(mystical analysis) നടത്തുകയും അതുവഴി ഒരു രാജ്യസ്നേഹിയായിരിക്കത്തന്നെ ഒരു പൂർണ മുസ്ലിമായി (perfect muslim)നിലകൊള്ളാനും കഴിയുമെന്ന വസ്തുതയെ ഉറപ്പിക്കുകയാണ് ലക്ഷ്യം.ആകയാൽ അദ്ദേഹം ഇടപെട്ട മേഖലകളെക്കുറിച്ച കർമശാസ്ത്രപരമായ(jurisprudential) ന്യായീകരണങ്ങൾ കണ്ടെടുത്തു പ്രശ്നവൽക്കരിക്കുന്നത് സയുക്തികമാവില്ല.

കാരണം ഒരു സെക്കുലർ രാഷ്ട്രത്തിലെ അദ്ദേഹത്തിൻറെ ബന്ധപ്പെടലുകൾ ഒരുപക്ഷേ കർമശാസ്ത്രത്തിന്റെ ബാഹ്യദൃഷ്ടിയിൽ അനഭലഷണീയയി വന്നിരിക്കാം. എന്നാൽ കർമ്മശാസ്ത്രത്തിലെ വികാസ സാധ്യതയുടെ(flexibility) പരിപ്രേക്ഷ്യത്തിൽ ന്യൂനപക്ഷ ഫിഖ്ഹിന്റെ അയവിലത് നീതീകരിക്കപ്പെടുന്നുവന്നത് തീർച്ചയാണ് .

സംഗീത ഉപകരണങ്ങളോടുള്ളതാല്പര്യം, രാഷ്ട്രപ്രതിയായിരിക്കയും ശാസ്ത്ര വിലാസത്തിലും അദ്ദേഹത്തിന് അനിവാര്യമായി നിർവഹിക്കേണ്ടി വന്ന ജനാധിപത്യ മര്യാദകൾ (democratic norms)

ഉദാഹരണമായി ടാക്കീസ് ഉദ്ഘാടന കർമ്മം ചെയ്യുക ,വനിതകൾ കൂടി ഇടപെടാൻ ഇടയുള്ള മേഖലയിലെ സാന്നിധ്യം എന്നിവയൊന്നും അതിന് പ്രതിബന്ധമവില്ലെന്ന് വേണം മനസ്സിലാക്കാൻ .അതിനർത്ഥം മതം സാധൂത്വം നൽകാത്ത കർമ്മങ്ങളെ കൂടി വളച്ചൊടിക്കാനും മഹത്വവൽക്കരിക്കാനുമല്ല .

മറിച്ച് കർക്കശമായി ഒരു വ്യവസ്ഥിതിയെ തന്നെ
താങ്ങി അതിനുള്ളിൽ വെച്ച് സാധ്യമാകാത്ത വിശകലനത്തെ അതിൻറെ മുകളിൽ വച്ച് കെട്ടരുതെന്നും മാപിനിയക്കാരുതെന്നുമാണ്.

കൊളോണിയൽ കാലത്ത് വൈറസിങ് ചെയ്ത ബ്രിട്ടീഷ് വിരുദ്ധ മനോഭാവവും അതുവഴി സംക്രമിച്ച ഭരണ പ്രാതിനിധ്യത്തോടുള്ള വിമുഖതയും ഒരുപരിധിവരെ ഇന്നോളം ഭരണ മണ്ഡലങ്ങളിലെ മുസ്ലിം സാന്നിധ്യത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട് .അത്തരമൊരു സ്ഥിതിവിശേഷത്തെ നവീനമായ കാഴ്ചപ്പാടുകളിലൂടെ പൊളിച്ചെഴുതാൻ സ്വാതന്ത്ര്യാനന്തര കലാമിനുമാത്രമേ സാധിച്ചിട്ടുള്ളൂ .

പരാമർഷ്ട കാര്യത്തിന്റെ സ്വാഭാവിക തുടർച്ചയെന്നോണം ശാസ്ത്രസാങ്കേതിക വിവരവിനിമയ മേഖലകളിലേക്കും ഭൗതിക വിദ്യാഭ്യാസത്തിന്റെ ഉന്നതമായ പടവുകളിലേക്കും മുസ്‌ലിംകളെ പ്രക്ഷേപിച്ചു വിടുന്നതിൽ അയുക്തി (absurdity) കണ്ട പൂർവ്വകാമികളുടെ മുൻവിധികളെ (pre-judice )കലാം പുതിയൊരു ദിശയിലേക്ക് തെളിച്ചു വിട്ടു എന്ന് പറയാം.

ഒരിക്കൽപോലും ഒരു മതത്തിൻറെ പരിപ്രേക്ഷ്യത്തിൽ വീക്ഷിക്കപ്പെടാത്ത കലാം യഥാർത്ഥത്തിൽ ആവിഷ്കരിച്ചത് മുസ്‌ലിം ന്യൂനപക്ഷമായോരു രാജ്യത്ത് എങ്ങനെ ജീവിക്കണം എന്നായിരുന്നു. വിവിധ മതങ്ങളിൽ അവഗാഹമുണ്ടായിരുന്ന അദ്ദേഹത്തെ ഇസ്ലാമിലെ രാഷ്ട്രീയ ദർശനങ്ങളുടെ ആത്മവും പ്രവാചക ഭരണ നയങ്ങളും ആവേശിച്ചിരിക്കണം.

എന്നിരുന്നാലും മതമൗലികവാദമോ അക്രമ രാഷ്ട്രീയ നയമോ അദ്ദേഹത്തിൽ പ്രകടമായിരുന്നില്ല .കലാമിനെ കുറിച്ച് പറയുമ്പോൾ ഇന്നും ഒരു ഉത്തമ ഇന്ത്യനായി പൊതുസമൂഹം വീക്ഷിക്കുന്നതിന്റെ പിന്നിലെ പ്രേരകശക്തി അത് തന്നെയാണ് .

അദ്ദേഹത്തിൻറെ രാഷ്ട്രീയ നിലപാടുകളുടെ പുനർവായനകൾ അത് തന്നെയാണ് ബോധ്യപ്പെടുത്തുന്നത് .രാഷ്ട്രീയ സൈദ്ധാന്തികരും അതിനെക്കുറിച്ച് വാചാലമാകുന്നു.

രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ പ്രാതിനിധ്യത്തെകുറിച് ഗൗരവമായ ആലോചനകളിലേക്ക് ഭാവിതലമുറയ്ക്ക് വഴികാട്ടാനും സർവ്വവിധ മണ്ഡലങ്ങളിലും ആധുനികോത്തര ലോക ബോധത്തോടും മുസ്ലിം സമൂഹം എങ്ങനെയാണ്‌ വ്യാപരിക്കേണ്ടതെന്നും പറഞ്ഞുവെച്ചിട്ടുണ്ടെന്ന് ചുരുക്കം.

ദേശീയതലത്തിൽ ഉലമ ഏറ്റെടുക്കേണ്ട ഒരു മഹത്തായ ദൗത്യമായി കലാമിൻറെ രാഷ്ട്രീയ വ്യവഹാരങ്ങളെ കുറിച്ച അന്വേഷണങ്ങൾ ശേഷിക്കുന്നു .

കേവലം ശാസ്ത്രജ്ഞനോ രാഷ്ട്രതന്ത്രജ്ഞനോ ആയി അദ്ദേഹത്തെ ഒതുക്കി നിർത്തുന്നതിനുപകരം പുതിയകാലം ആവശ്യപ്പെടുന്ന തരത്തിൽ കലാമിലൂടെ രാഷ്ട്രീയ മണ്ഡലങ്ങളെ പ്രഫുല്ലമാക്കുന്ന ഒരു നേതൃത്വം പാരമ്പര്യ ഇസ്‌ലാമിന്റെ ശിക്ഷണത്തിൽ വളർത്തിയെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .