ഇസ്താംബൂളിലെ റമളാൻ; പാരമ്പര്യവും ലോക്ഡൗണും
ഹിജ്‌റ കലണ്ടർ പ്രകാരം പതിനൊന്ന് മാസങ്ങളിലെ ‘സുൽത്വാൻ’ എന്ന ഖ്യാതിയിലാണ് നിർബന്ധിത വ്രതാനുഷ്ടാനം കൊണ്ട് സവിശേഷവൽകരിക്കപ്പെട്ട റമളാൻ അറിയപ്പെടുന്നത്. ലോകമെമ്പാടുമുള്ള മുസ്‌ലിംകൾക്കെന്ന പോലെ ഇസ്താംബൂളിലെ വിശ്വാസികൾക്കും റമളാൻ തികച്ചും വ്യത്യസ്തമായ ഒരു മാസമാണ്.
ഇസ്താംബൂളിലെ തിരക്കേറിയ ദൈനംദിന ജീവിതത്തിനിടയിൽ ദുർബലപ്പെട്ടു പോകുന്ന ആത്മീയതയെ സമ്പുഷ്ടമാക്കുന്നതിന് വിശ്വാസികൾ റമളാനിലെ ദിനരാത്രങ്ങളെ തിരഞ്ഞെടുക്കുന്നു. റമളാനിനെ കൂടുതൽ ക്രിയാത്മകമായി സമീപിക്കുന്നതിലൂടെ അവർ തങ്ങളെ സംസ്കരിക്കുന്നതിനും പാരമ്പരാഗത സമ്പ്രദായങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള അധ്യാത്മിക മരുപ്പച്ചകൾ കണ്ടെത്താൻ ശ്രമിക്കുന്നു.
-
ആളൊഴിഞ്ഞ ഇസ്തിക് ലാൽ തെരുവ്.
പക്ഷേ, ഇത്തവണ വിനാശഹേതുവായി വേരാഴ്ത്തിയ കോവിഡ് 19 ൻ്റെ സ്വാധീനം ഇസ്താംബൂളിലെ റമളാൻ ആഘോഷങ്ങളെ സാരമായി ബാധിച്ചിരിക്കുന്നു. ദുരിതോന്മുഖമായ ഈ സ്ഥിതിവിശേഷം നിലനിൽക്കുമ്പോഴും ജനങ്ങൾ സാമൂഹിക അകലം അടക്കമുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് റമളാൻ ആചരിക്കുന്നതിന് പുതിയതും വേറിട്ടതുമായ വഴികൾ കണ്ടെത്തുകയാണ്. എന്നിരുന്നാലും, പ്രാർത്ഥനകൾ കൊണ്ടും സംഘടിത സത്കാരങ്ങൾ കൊണ്ടും ധന്യമായിരുന്ന ഇസ്താംബൂളിലെ റമദാൻ ഇപ്പോൾ ബാൽക്കണികളിലേക്ക് ഒതുങ്ങിക്കൂടിയിരിക്കുന്നു.
റമദാനിലെ പ്രഭാതങ്ങളിൽ ഇസ്താംബൂളിലെ തെരുവോരങ്ങളിൽ സജീവമായിരിക്കുന്ന ഡാവുകുലാർമാരെ (Drummers) കാണാം. പുലർച്ചെ മൂന്നു മണിയോടെ ജനവാസ കേന്ദ്രങ്ങൾക്കരികിലൂടെ അവർ ഡ്രമ്മിലോ ദഫിലോ അടിച്ച് ഉച്ചത്തിൽ ശബ്ദം മുഴുക്കുകയും ദേശവാസികളെ ആശംസിക്കുകയും ചെയ്താണ് നടന്നു നീങ്ങുക. താമസക്കാർ അത്താഴം (സഹർ) ഭക്ഷിക്കുന്നതിനായി ഉറക്കമുണർന്നുവെന്ന് ഉറപ്പാക്കുകയാണ് ഉദ്ദേശ്യം. ഇസ്താംബൂളിൻ്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം ഡാവുക്കുലാർമാരെ ഒന്നിച്ചോ ഒറ്റപ്പെട്ടോ കാണാം. നഗരത്തിലെ പൗരന്മാർ കാണിക്കകളോടെയാണ് അവരെ അഭിവാദനം ചെയ്യുന്നത്. ടർക്കിഷ് സംസ്കാരത്തിലെ 600 വർഷം പഴക്കമുള്ള ഈ പാരമ്പര്യം പാൻഡമിക് ഭീഷണിയുടെ പരിമിതികൾക്കിടയിൽ ഇപ്പോഴും റമദാനിൽ തുടർന്നുപോരുന്നു.
-
ജനങ്ങളെ അത്താഴത്തിന് ഉണർത്തുന്ന ചെണ്ടക്കാരൻ
പ്രഭാതത്തിനു മുമ്പുള്ള അത്താഴ ഭക്ഷണത്തിനായി ഇസ്താംബൂളിലെ ആളുകൾ സാധാരണയായി ചീസ്, ഒലിവ്, ചോക്ലേറ്റ്, തേൻ എന്നിവ കൂടുതലായി ഉപയോഗിച്ചു വരുന്നു. അല്ലെങ്കിൽ തുർക്ക് കഹ്വാൾട്ട എന്നറിയപ്പെടുന്ന ടർക്കിഷ് നാസ്തയായിക്കും കഴിക്കുക. ഇത് ജാം, വേവിച്ച മുട്ട, വെള്ളരി, തക്കാളി എന്നിവയും ഒരു കപ്പ് ടർക്കിഷ് ചായയും അടങ്ങിയതാണ്. സഹറിനു ശേഷം സുബ്ഹ് നിസ്കാരത്തിനുള്ള അറിയിപ്പ് ലഭിക്കും വരെ അവർ ഖുർആൻ പാരായണത്തിൽ മുഴുകുന്നു.
ഇസ്താംബൂളിലെ മതേതര പ്രവിശ്യകളായ ബിയോഗ്ലുവിലും സിസ്ലിയിലും പതിവു പോലെ തന്നെയാണ് കാര്യങ്ങൾ. വിശുദ്ധമാസത്തിൽ ഫാത്തിയിലും ഇസ്താംബൂളിലെ ഇതര പ്രദേശങ്ങളിലും റമദാൻ സന്ദേശ വിളക്കുകൾ പ്രകാശിച്ചു കൊണ്ടിരിക്കും. ഇസ്താംബൂൾ, തുർക്കിയിലെത്തുന്ന വിനോദ യാത്രികരുടെ പ്രധാനപ്പെട്ട സങ്കേതമായതിനാൽ ഇവിടെ റമളാനിലും കഫേകളും റെസ്റ്റോറൻ്റുകളും അനുബന്ധ സേവനങ്ങളും തുറന്നു പ്രവർത്തിക്കുന്നുണ്ട്.
-
പിറ്റ ബ്രെഡ്
പ്രതിദിനം ശരാശരി 16 മുതൽ 17 മണിക്കൂർ വരെ ദൈർഘ്യമുള്ളതാണ് ഇസ്താംബൂളിലെ അന്നപാനീയങ്ങൾ വെടിഞ്ഞു കൊണ്ടുള്ള ഉപവാസം. മത കാര്യ അതോറിറ്റിയായ ‘ദിയാനെറ്റ് ‘ പള്ളികൾ പ്രഭാഷണങ്ങൾ സംഘടപ്പിക്കുന്ന പതിവുണ്ട്. സായാഹ്നങ്ങളിൽ അവർ നടത്തുന്ന ‘മൗലീദുന്നബി’ ആലാപന സദസ്സിൽ വിശ്വാസികൾ സ്വയം മറന്ന് പ്രവാചക പ്രകീർത്തനങ്ങളെ ആവോളം വാഴ്ത്തിപാടുന്നത് കാണാം.
കൂടാതെ സാമൂഹിക സേവനമെന്നോണം ‘ദിയാനെറ്റ്’ അതോറിറ്റി യുദ്ധത്തിൽ തകർന്ന യെമൻ, സിറിയ തുടങ്ങിയ രാജ്യങ്ങൾക്കായുള്ള ധനസഹായം ജനങ്ങളിൽ നിന്നും സമാഹരിക്കുന്നു. എന്നാൽ ഈ വർഷത്തെ പാൻഡമിക് പശ്ചാത്തലം കണക്കിലെടുത്ത് ഇത്തരം പരിപാടികളും പ്രവർത്തനങ്ങളും ടെലിവിഷനുകളിലേക്കും മറ്റു ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലേക്കും ചുരുക്കിരിക്കുകയാണ്.
-
ടർക്കിഷ് കോഫി
വിശുദ്ധമാസത്തിൽ മാത്രം ലഭിക്കുന്ന റമദാൻ പൈഡ് ഇസ്താംബൂളിലെ വിശിഷ്ട വിഭവമാണ്. ഒരു പ്രത്യേകതരം പിറ്റാ ബ്രഡ്. വൈകുന്നേരങ്ങളിൽ ഇസ്താംബൂളിലെ ബേക്കറികൾക്കു മുന്നിൽ റമദാൻ പൈഡ് വാങ്ങാൻ എത്തിച്ചേർന്നവരുടെ നീണ്ട നിര തന്നെയുണ്ടാവും.
ഇസ്താംബൂളിലെ ഇഫ്താർ പിക്നിക്കുകൾ ശ്രദ്ധേയമാണ്. വിശാലമായ സുൽത്താൻ അഹ്മദ് മൈതാനത്തെ പ്രസിദ്ധമായ ഇഫ്താർ പിക്നിക്കിനെത്തുന്ന കുടുംബങ്ങളും സൗഹൃദ സംഘങ്ങളും അവരുടെ ഇരിപ്പിടം നേരത്തെ തന്നെ ഉറപ്പുവരുത്തുന്നതിൽ പ്രത്യേക ശ്രദ്ധ കൊടുക്കാറുണ്ട്.. ഐയുപ് സുൽത്താനിലും ബോസ്ഫറസിൻ്റെ തീരത്തെ ഉസ്കുദാറിലുമാണ് സമാനമായ രീതിയിൽ ആളുകൾ സമ്മേളിക്കുന്നത്. ബാങ്ക് വിളിക്കുന്നതോടൊപ്പം മിനാരങ്ങളിലെ പച്ച നിറങ്ങൾ തെളിഞ്ഞു കഴിഞ്ഞാൽ ജനങ്ങൾ ഒന്നിച്ച് നോമ്പ് തുറക്കുകയായി.
സമീപകാലത്തായി റമദാൻ അനുഭവിച്ചറിയുന്നതിനായി സുലൈമാനിയ പള്ളിയിലെ പ്രത്യേക ഇഫ്താർ വിരുന്നിൽ വിനോദ സഞ്ചാരികളും അമുസ്ലിംകളും ധാരാളമായി പങ്കെടുക്കുന്നുണ്ട്.
-
ഫതീഹിലെ റമളാൻ ബസാർ
റമദാനിനോടനുബന്ധിച്ച് ഇസ്താംബൂൾ മെട്രോപൊളിറ്റൻ മുൻസിപ്പിലാറ്റി സമീകൃതമായി വികസിപ്പിച്ചെടുത്ത റമദാൻ ബസാറുകളിൽ ആളുകൾ ഇഫ്താറാനന്തരം ഷോപ്പിംഗിലും ഭോജനശാലകളിലുമായി സമയം ചിലവഴിക്കുന്നു.
ബക്ലവ, മുഹല്ലെബി തുടങ്ങിയ മധുര പലഹാരങ്ങൾ മുതൽ ടർക്കിഷ് ഐസ്ക്രീമുകൾ, പലതരം പാചകവിധികൾ, ഭക്ഷണം, നിരവധി സുവനീറുകൾ എന്നിവ റമദാൻ ബസാറുകളിൽ സുലഭമാണ്. നിർഭാഗ്യവശാൽ ഈ വർഷത്തെ ആഘോഷ വേദികൾ ഗണ്യമായി കുറഞ്ഞങ്കിലും സമാഗതമായിരിക്കുന്ന റമദാൻ കൂടുതൽ ആത്മീയ ഔന്നിത്യങ്ങളിലൂടെ തന്നെ സ്വാഗതം ചെയ്യപ്പെടുന്നുണ്ട്.
-
ടർക്കിഷ് ബക് ലവ
കോവിഡ് നഗരത്തെ വിജനമാക്കിയെങ്കിലും സാധ്യമായ എല്ലാ വഴികളിലൂടെയും റമദാൻ ആചരണം പുരോഗമിക്കുന്നു. ദിവസേന ജനങ്ങൾ പള്ളികളിലെ മിനാരങ്ങൾക്കിടയിൽ റമദാൻ സന്ദേശങ്ങൾ പ്രദർശിപ്പിച്ചും വീടകങ്ങളിൽ കുടുംബസമേതം ആരാധന കർമ്മങ്ങളിൽ നിമഗ്നരായും അവർ തങ്ങളുടെ പാരമ്പര്യം നിലനിർത്തുന്നു.
പ്രഭാഷണ സദസ്സുകളും ആസ്വാദനങ്ങളും ഒത്തുചേരലുകളും ഇൻ്റർനെറ്റ് പ്ലാറ്റ്ഫോമുകളിലേക്ക് വഴിമാറിയെങ്കിലും റമദാനിലെ ഏറ്റവും മികച്ച അനുഭവത്തിനായി നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യം തുടരുന്നതിന് ശവൺമെൻ്റ് ഡാവുൽക്കുലർമാർക്ക് അനുമതി നൽകിയിട്ടുണ്ട്. കരുതൽ നടപടിയെന്നോണം ആളുകളിൽ നിന്നും പണമോ സംഭാവനകളോ കൈപ്പറ്റരുതെന്ന് കടുത്ത നിർദേശവുമുണ്ട്. ഇസ്താംബൂൾ തീർച്ചയായും ഈ വർഷത്തെ റമദാനെ സ്വന്തം നിലയിൽ അടയാളപ്പെടുത്തുകയാണ്.
-
ബ്ലൂ മോസ്ക്
credits: thecompass.in
മൊഴിമാറ്റം: അന്‍ഷാദ് കാഞ്ഞിരപുഴ
