ആധുനികതയുടെ സൃഷ്ടിയും ഇസ്‌ലാമിക രാഷ്ട്രവും

രണ്ടാം ഭാഗം

(ഒന്നാം ഭാഗം വായിക്കാൻ: മതം, രാഷ്ട്രീയം: മുഹമ്മദ് അസദിനെ വായിക്കുമ്പോള്‍)

ആധുനിക ലിബറല്‍ സ്റ്റേറ്റിന്റെ ഘടന പൊതു നന്മയും അതേ സമയം ബലാല്‍ക്കാരവും ഉള്‍ക്കൊണ്ടതാണ്. ഭരിക്കുന്നവരും ഭരണീയരും രാഷ്ട്രത്തില്‍ നിന്ന് വേറിട്ടാണ് നില്‍ക്കുന്നത്. ഭരിക്കുന്നവര്‍ മാറുമെങ്കിലും രാഷ്ട്രം അപ്പടി തന്നെ നിലനില്‍ക്കും. സര്‍ക്കാര്‍ രാഷ്ട്രത്തിന്റെ ഐക്യം സംരക്ഷിക്കും. അതാത് ജനതയുടെ രാഷ്ട്രമാണ് സര്‍ക്കാര്‍ പ്രതിനിധീകരിക്കുന്നത്. ‘രാഷ്ട്ര താല്‍പര്യം’ എന്ന നിലക്കാണ് സര്‍ക്കാര്‍ പൗരന്മാരെ അഭിസംബോധന ചെയ്യുന്നത്. രാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നവരെ അത് ശിക്ഷിക്കുകയും ചെയ്യും. തീര്‍ച്ചയായും, നിയമത്തെ പല നിലക്കും വ്യാഖ്യാനിക്കാവുന്നതാണ്. പക്ഷേ, ആ വ്യാഖ്യാനങ്ങള്‍ക്ക് ആധികാരികമായ തീരുമാനം ഉണ്ടാകുന്നത് ജുഡീഷ്യറി കൈ വെക്കുമ്പോഴാണ്. നിയമമെന്ന നിലക്ക് ഈ പ്രത്യേക വ്യാഖ്യാനം ഹിംസയെ സാധൂകരിക്കുന്നുണ്ട്. രാഷ്ട്രത്തിന്റെ ഈ കുത്തകാവകാശവും കേന്ദ്രീകൃത ബ്യൂറോക്രസിയുമാണ് അധികാരത്തെ നിലനിര്‍ത്തുന്ന പ്രഥമ സാമഗ്രികള്‍. പൗരന്മാര്‍ക്ക് സംഭരിക്കാവുന്നതിലും വലുതാണീ അധികാരം. ലിബറലും സെക്കുലറുമായ രാഷ്ട്രം പൗരന് സംഘടിക്കാനും വിയോജിപ്പ് പ്രകടിപ്പിക്കാനും അവകാശം വക വെച്ചു നല്‍കുന്നുണ്ടെന്നത് ശരി തന്നെ. പക്ഷേ ഒരു സര്‍ക്കാരും രാജ്യദ്രോഹപരമായ അപവാദത്തിന് അനുമതി നല്‍കില്ല. അതിന്റെ പാവന നിലനില്‍പ്പിനെ പ്രതികൂലമായി ബാധിക്കുമെന്നത് തന്നെയാണ് കാരണം.

എങ്ങനെയാണ് ഒരു രാഷ്ട്രത്തിനും ഏകനായ ദൈവത്തിനും ഒരേ സമയം സമ്പൂര്‍ണമായി വഴങ്ങാനാകുക എന്ന് ചില മുസ്‌ലിംകള്‍ ചിന്തിക്കുന്നുണ്ടാകും. മോഡേണ്‍ സ്റ്റേറ്റ് ആണെങ്കിലോ വഴക്കത്തെ ചോദ്യം ചെയ്‌തേക്കരുത് എന്ന് ആവശ്യപ്പെടുന്നുമുണ്ട്. ദൈവത്തെ അവന്റെ സൃഷ്ടികളോട് സമീകരിക്കുന്നത് മതവിരുദ്ധം ആണെന്ന് തന്നെയാണ് ഒട്ടു മിക്ക മുസ്‌ലിംകളെ പോലെ എന്റെ പിതാവും മനസ്സിലാക്കുന്നത്. മോഡേണ്‍ സ്റ്റേറ്റ് ആകട്ടെ ഒരു ദൈവ സൃഷ്ടി മാത്രമാണ് താനും. സ്റ്റേറ്റിന് വഴിപ്പെടുന്നത് ഒരിക്കലും ദൈവത്തിന് വഴിപ്പെടുന്നതിനോളമാകില്ല. ഇസ്‌ലാമിക് സ്റ്റേറ്റിന്റേത് സമ്പൂര്‍ണ്ണ കീഴ്വഴങ്ങലായി എന്റെ പിതാവ് എന്തു കൊണ്ട് അംഗീകരിക്കുന്നു എന്നത് എനിക്കിപ്പോഴും പൂര്‍ണ ബോധ്യമായിട്ടില്ല. സത്യ പ്രഖ്യാപനം (ശഹാദ/ decoration of faith) തന്നെ ദൈവത്തിനും അവന്റെ പ്രവാചകനും മാത്രമേ കീഴ്‌വഴങ്ങൂ എന്ന് പ്രസ്താവിക്കലാകുമ്പോള്‍ പ്രത്യേകിച്ചും. മറ്റൊരു ലോക നേതാവിനോ, സംഘടനക്കോ വഴിപ്പെടണമെന്നത് പറയുന്നില്ല താനും.

രാഷ്ട്രീയ ദൈവ ശാസ്ത്രം (political theology) വിശദീകരിക്കുന്ന കാള്‍ ഷിമ്മിറ്റിന്റെ (Carl Schmitt) വിശ്രുതമായ ‘പരമാധികാര സിദ്ധാന്ത’ത്തില്‍ (Sovereignty Theory) നിന്ന് വിഭിന്നമായി, സലഫീ പാരമ്പര്യത്തില്‍ ദിവ്യത്വത്തിന്റെ മതേതരവൽക്കരണം (Secularisation) എന്ന ആശയത്തിന് സ്റ്റേറ്റ് നിയമ സാധുത നല്‍കില്ല. പരമാധികാരത്തിന്റെ കഴിവ് എന്ന് ഷിമ്മിറ്റ് വിളിച്ചതിനെ നിയമത്തിലെ മാറ്റി നിര്‍ത്തലിനോടും, ദൈവത്തിന്റെ കഴിവ് എന്നതിനെ പ്രകൃതി വ്യവസ്ഥയില്‍ ഇടപെടലിനോടും സദൃശ്യപ്പെടുത്തുന്നത് അത്ഭുതം തന്നെ. ഇസ്‌ലാമിക പാരമ്പര്യത്തില്‍, പരമോന്നതമായ പാർത്രിയാക്കി എന്ന നിലക്കോ പരമോന്നത ഉടമ്പടിയുടെ സ്ഥാപകന്‍ എന്ന നിലക്കോ ദൈവത്തെ സങ്കല്‍പ്പിക്കാനാകില്ല. പരമോന്നത പാത്രിയാക്കീസ് സമ്പ്രദായമാണല്ലോ രാജാക്കന്മാര്‍ക്ക് ദിവ്യാവകാശം വാദിച്ച് ആധുനിക യൂറോപ്യന്‍ പാരമ്പര്യത്തിന്റെ ആദ്യ കാലങ്ങളില്‍ നിലനിന്നിരുന്നത്. പരമോന്നത ഉടമ്പടി സമ്പ്രദായം ഉണ്ടായിരുന്നത് ആധുനിക രാഷ്ട്രീയ വ്യവഹാരങ്ങളില്‍ ആയിരുന്നു. ഇവക്കെല്ലാം പലവിധ പോരായ്മകളും ഉണ്ടായിരുന്നു. പരമാധികാര സിദ്ധാന്തത്തിന്റെ അഭാവം ഈ പാരമ്പര്യത്തില്‍ ഉള്ളതു കൊണ്ടാകണം, മോഡേണ്‍ സ്റ്റേറ്റിന് അതിന്റെ കാര്യങ്ങളിലൊന്നും പൂര്‍ണമായ വഴിപ്പെടല്‍ അവകാശപ്പെടാനാകില്ല. ഇന്നത്തെ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ഒട്ടു മിക്ക വക്താക്കളും രാഷ്ട്രത്തിന് മേല്‍ ദൈവത്തിന് പൂര്‍ണാധികാരം ഉണ്ടെന്നാണ് ഉറപ്പിച്ചു പറയുന്നത്. ദൈവാധികാരത്തിന് കീഴിലാണ് പ്രപഞ്ചത്തിലെ സകലതും എന്ന ഖുര്‍ആനിക സൂക്തം ഉള്ളിടത്തോളം കാലം, ഒരു സാമൂഹിക സൃഷ്ടി ആയ സ്റ്റേറ്റിന് എങ്ങനെ അതിന്റെ വിഷയങ്ങളില്‍ പൂര്‍ണ്ണാധികാരം അവകാശപ്പെടാനാകും? ഒരു ഇസ്‌ലാമിക് സ്റ്റേറ്റിന്റെ നേതാവിനും പൂര്‍ണാര്‍ത്ഥത്തില്‍ ദിവ്യമായ പരമാധികാരം അവകാശപ്പെടാനാകില്ല എന്നത് തന്നെയാണ് കാരണം. ആധുനിക ലോകത്ത് രാഷ്ട്രത്തിന്റെ ആവശ്യകത തള്ളിക്കളയാനാകില്ല എന്ന് വേണമെങ്കില്‍ പറയാം. അതിന് മാത്രം ചെയ്യാനാകുന്ന എന്നാല്‍ അനിവാര്യവുമായ ഒത്തിരി കാര്യങ്ങളുണ്ട്. പക്ഷേ, ഇസ്‌ലാമില്‍ ഒരു രാഷ്ട്രത്തിനും പരമാധികാരം എന്നതിനോട് കൂടെ ദൈവശാസ്ത്രപരമായ മേല്‍വിലാസം നല്‍കാനാവില്ല. ക്രിസ്ത്യന്‍ ചരിത്രത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട ഷിമ്മിറ്റിന്റെ വാദത്തിന് വിപരീതമായി, ഒരു ഇസ്‌ലാമിക് സ്റ്റേറ്റിന് ദൈവത്തെ പോലെ സംസാരിക്കാനാകില്ല. സ്റ്റേറ്റ് ഒരു സൃഷ്ടി മാത്രമാണ്, സ്രഷ്ടാവ് അല്ല.
ഒരു ഇസ്‌ലാമിക് സ്റ്റേറ്റില്‍ അമുസ്‌ലിമിന് ജീവിക്കേണ്ടി വരികയാണെങ്കില്‍ അദ്ദേഹത്തിന് ആ രാഷ്ട്രത്തോട് പൂര്‍ണ്ണമായി ആത്മാര്‍ഥത ഉണ്ടാവുക അസാധ്യമാണെന്ന് പലരും പറഞ്ഞിട്ടുണ്ട്. അവര്‍ക്കത് നല്‍കാനാകുമെന്ന് ഞാന്‍ വാദിക്കുന്നില്ല. മറിച്ച്, ഇസ്‌ലാമിക് സ്റ്റേറ്റിന് കീഴിലെ പൂര്‍ണ്ണമായ ആത്മാര്‍ഥത എന്ന സങ്കൽപ്പം സ്വല്‍പം സംശയാസ്പദമാണെന്നാണ് എന്റെ പക്ഷം. പക്ഷെ, ഒരു ഇസ്‌ലാമിക് സ്റ്റേറ്റിന് കീഴിലെ അമുസ്‌ലിംകള്‍ക്ക് മറ്റെന്ത് ചെയ്യാനാകും എന്ന ചോദ്യം പ്രസക്തമാണ്. എന്റെ പിതാവിന്റെ അഭിപ്രായത്തില്‍ ഒരു ഇസ്‌ലാമിക് സ്റ്റേറ്റിന് കീഴിലെ സകലര്‍ക്കും അവര്‍ മുസ്‌ലിമാകട്ടെ അമുസ്‌ലിമാകട്ടെ എതിര്‍പ്പ് പ്രകടിപ്പിക്കാനും സര്‍ക്കാരിന്റെ ന്യൂനതകളെ പരസ്യമായി വിമര്‍ശിക്കാനും അവകാശമുണ്ട്. പക്ഷേ, ഒരു അമുസ്‌ലിമിന് ഇസ്‌ലാമിക് സ്റ്റേറ്റിനെ വിമര്‍ശിക്കുന്നതിന് പരിമിതികളില്ലേ? വിമര്‍ശിക്കുന്നതിലൂടെ ഇത് അവരുടെ സര്‍ക്കാരല്ലെന്ന് പ്രഖ്യാപിക്കുകയല്ലേ ചെയ്യുന്നത്. ഇതവരുടെ ഭയത്തെ പറ്റി മാത്രമുള്ള ചോദ്യമല്ല. അത് അവരുടെ ആ രാജ്യത്തിലെ പങ്കാളിത്തത്തെ കുറിച്ച് കൂടെയുള്ള ചോദ്യമാണ്. ഇസ്‌ലാമിക് സ്റ്റേറ്റിന് അമുസ്‌ലിംകളുടെ വിശ്വാസം, അഭിപ്രായ സ്വാതന്ത്ര്യം എന്നീ അവകാശങ്ങളെ സംരക്ഷിക്കാന്‍ ബാധ്യതയുണ്ട്. എല്ലാവരെയും തുല്യമായി സംരക്ഷിക്കേണ്ട ബാധ്യത ഉണ്ടെന്ന് പറയുമ്പോഴും, പൊതു ജീവിതത്തില്‍ തുല്യമായി പങ്കെടുക്കാനുള്ള അവകാശം വകവെച്ചു നല്‍കേണ്ടത് ആവശ്യമായിത്തീരുന്നില്ല. മുതിര്‍ന്നവര്‍ക്ക് കുട്ടികളെ സംരക്ഷിക്കാനുള്ള ബാധ്യതയുണ്ടെന്ന് പറയുന്നതിന്, കുട്ടികള്‍ക്ക് മുതിര്‍ന്നവരുടെ ജീവിതത്തില്‍ തുല്യമായി പങ്കെടുക്കാനുള്ള അവകാശം ഉണ്ടെന്ന് പറയാനാകില്ലല്ലോ. ഇസ്‌ലാമിക് സ്റ്റേറ്റിന് കീഴിലെ അമുസ്‌ലിംകളെ കുട്ടികളെ പോലെ കണക്കാക്കി സംരക്ഷിക്കുകയാണോ വേണ്ടത്? അതോ അവരുടെ സ്വദേശം വിട്ട് മുസ്‌ലിം ഭൂരിപക്ഷമില്ലാത്ത മറ്റൊരിടത്തേക്ക് പോകാന്‍ പ്രേരിപ്പിക്കുകയാണോ വേണ്ടത്? വിഷയത്തിന്റെ മര്‍മം കിടക്കുന്നത് അത് ‘അവരുടെ’ രാഷ്ട്രമല്ല എന്നിടത്താണ്. അമുസ്‌ലിം പൗരന്മാര്‍ അവിടെ കൃത്യമായി പ്രതിനിധീകരിക്കപ്പെടില്ല. ഇസ്രയേല്‍ എന്ന ജൂത രാഷ്ട്രത്തില്‍ മുസ്‌ലിംകളും ക്രിസ്ത്യാനികളും പ്രതിനിധീകരിക്കപ്പെടുന്നില്ല എന്ന് പറയുന്നത് പോലെ തന്നെയാണിത്. ഇവ്വിഷയത്തില്‍ എന്റെ പിതാവിനോട് ബഹുമാനം നില്‍നിര്‍ത്തി കൊണ്ടുതന്നെ ഞാന്‍ വിയോജിക്കുന്നു. ‘പണ്ഡിതര്‍ക്കിടയിലെ അഭിപ്രായ വ്യത്യാസം സമുദായത്തിന് അനുഗ്രഹമാണെ’ന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ടല്ലോ. ഞങ്ങള്‍ ഇരുവരും ഇസ്‌ലാമിക പാരമ്പര്യമനുസരിച്ചാണ് പഠിച്ചത്. അദ്ദേഹം എന്നേക്കാളും വലിയ പണ്ഡിതനാണെന്ന സത്യം ഞാന്‍ വിസ്മരിക്കുന്നില്ല. 

ഒരു ഇസ്‌ലാമിക് സ്റ്റേറ്റിനുള്ള എന്റെ പിതാവിന്റെ വാദത്തില്‍ നിന്ന് മറ്റു ചിലതും വായിച്ചെടുക്കാമെന്ന് എനിക്ക് തോന്നുന്നു. അതില്‍ നിന്ന് രാഷ്ട്രീയ ജീവിതത്തില്‍ മതത്തിന്റെയും ധാര്‍മികതയുടെയും പങ്ക് മനസ്സിലാക്കാം. ഇതിനായി ആദ്യം രാഷ്ട്രം (state) എന്തെന്നും രാഷ്ട്രീയം (politics) എന്തെന്നും കൃത്യമായി‍ വേർതിരിക്കേണ്ടതുണ്ട്. രാഷ്ട്രം പ്രവര്‍ത്തിക്കുന്നത് അധികാരത്തിലും അനുസരിക്കാനുള്ള കല്‍പനയിലും ഊന്നിയാണ്. രാജ്യ ദ്രോഹം എന്ന നിലയിലൊക്കെ വീക്ഷിക്കുമ്പോള്‍ അത് ഭയ കേന്ദ്രീകൃതമാണെന്ന് പറയാം. അത് ആന്തരിക ഭയമാകാം ബാഹ്യ ഭയമാകാം. യുദ്ധവും നിയമപരമായ ശിക്ഷയുമാണ് ഒരു പരമോന്നത രാഷ്ട്രത്തിന്റെ അടിസ്ഥാന കര്‍ത്തവ്യങ്ങള്‍. തോമസ് ഹോബ്‌സ് (Thomas Hobbes) ആണ് രാഷ്ട്രം എന്ന ആശയം മുന്നോട്ട് വെച്ചയാളായി അറിയപ്പെടുന്നത്. ആധുനിക സ്‌റ്റേറ്റിന്റെ സിദ്ധാന്തവല്‍കരണം പടിഞ്ഞാറില്‍ ആരംഭം കുറിക്കുന്നത് അദ്ദേഹത്തിന്റ വരവോടെയാണ്. എന്നാല്‍ രാഷ്ട്രീയമെന്നത് സംവാദങ്ങളും പോരാട്ടങ്ങളും തുല്യതക്ക് വേണ്ടിയുള്ള അവകാശവാദങ്ങളുമെല്ലാം ഉള്‍ച്ചേര്‍ന്നതാണ്. എന്റെ വീക്ഷണത്തോട് ഒരാള്‍ തര്‍ക്കിക്കുന്നുവെന്ന് പറഞ്ഞാല്‍ അദ്ദേഹവും ഞാനും തര്‍ക്കിക്കാനുള്ള ഈ അവകാശത്തില്‍ തുല്യരാണെന്നാണ്. രാഷ്ട്രീയം ഉന്നം വെക്കേണ്ടത് രാഷ്ട്രീയാധികാരത്തിലാണ്. രാഷ്ട്രമായിരിക്കണം കേന്ദ്രമെന്ന് ആവശ്യപ്പെടുന്നത് പരമാധികാരം മാത്രമാണ്. രാഷ്ട്രീയത്തെ അര്‍ത്ഥവത്താക്കുന്നതും അത് മാത്രമാണ്.

പൊതു ജീവിതത്തില്‍ അധികാരവും ഭൗതിക താല്‍പര്യവും മാത്രമാണോ ഉണ്ടാകേണ്ടത്? അതോ അവിടെ ധാര്‍മികതക്കും മതത്തിനും വല്ല ഇടവുമുണ്ടോ? ‘നന്മ കല്‍പിക്കുക’ (അംറുന്‍ ബില്‍ മഅ്‌റൂഫ്) എന്ന അനുശാസന പോലും ഒരു സ്റ്റേറ്റിനെ മുന്‍കൂട്ടി നിശ്ചയിക്കുന്നില്ല. ‘മതത്തില്‍ ബലാല്‍ക്കാരമില്ല’ (ലാ ഇക്‌റാഹ ഫിദ്ദീന്‍) എന്ന അനുശാസനമാകട്ടെ ഏതെങ്കിലും വിശ്വാസമോ പെരുമാറ്റമോ മുസ്‌ലിംകളുടെ മേല്‍ അടിച്ചേല്‍പ്പിക്കാം എന്നുമല്ല ഉദ്ദേശിക്കുന്നത്. ഇസ്‌ലാമിക ചരിത്രത്തില്‍ രാജാവ് തന്റെ കഴിവ് ഉപയോഗിച്ച് ഭരണത്തെ ന്യായീകരിച്ചിട്ടുണ്ടാകും. പക്ഷേ, അത് ഇസ്‌ലാമിനെ സ്വദേശത്ത് വെച്ചും വിദേശത്ത് വെച്ചും സംരക്ഷിക്കാനായിരുന്നു എന്ന് തിരിച്ചറിയണം. ചരിത്രത്തില്‍ അംഗീകരിക്കപ്പെട്ടതെല്ലാം സത്യമാകണമെന്നില്ല എന്ന് മനസ്സിലാക്കേണ്ടതുണ്ട്. അത് ‘ചരിത്രപരമായി’ എന്ന് ചേര്‍ത്ത് മാത്രം പറയാവുന്ന കാര്യങ്ങളാണ്. ഇസ്‌ലാമിക ചരിത്രത്തില്‍ നന്മ കല്‍പ്പിക്കുക എന്നത് രാഷ്ട്രത്തിന്റെ ബാധ്യതയായി പലപ്പോഴും അനുമാനിക്കപ്പെട്ടിട്ടുണ്ട്. മുസ്‌ലിമായിരിക്കാന്‍ അതേ വ്യവസ്ഥിതിയില്‍ ഇന്നും അത് തുടര്‍ന്നു പോകണം എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. നൈതികത രാഷ്ട്രീയത്തിന്റെ ഭാഗമായേക്കാം. പക്ഷേ, അത് ഒരു രാഷ്ട്രത്തിന്റെ കര്‍ത്തവ്യമാണെന്ന് പറയുന്നത് ശരിയല്ല. 

ലിബറല്‍ രാഷ്ട്രീയ സിദ്ധാന്തത്തിന്റെ പുതിയ പതിപ്പുകള്‍ പൊതു മണ്ഡലമേത്, സ്വകാര്യ മണ്ഡലമേത് എന്ന് കൃത്യമായി വേര്‍തിരിച്ചിട്ടുണ്ട് (ചികഞ്ഞു നോക്കിയാല്‍ അതത്ര ശരിയല്ലെങ്കില്‍ കൂടി). ധാര്‍മികതയും നിയമവും വേര്‍തിരിക്കുന്നത് പോലെ തന്നെയാണിത് (യഥാര്‍ത്ഥ ജീവിതത്തില്‍ അവ രണ്ടും പരസ്പരം ബന്ധപ്പെട്ടതാണെങ്കില്‍ പോലും). ഈ സിദ്ധാന്തം, രാഷ്ട്രീയത്തെ ഒരു സ്റ്റേറ്റ് രൂപപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ധാര്‍മികവും നിഷ്പക്ഷവുമായ നടപടി ആയാണ് കണക്കാക്കുന്നത്. മതത്തെ തികച്ചും വ്യക്തിപരമായ, മൂല്യങ്ങളും പ്രതിബദ്ധതയും ഉള്‍ക്കൊണ്ട ഒരു മേഖലയുമായാണ് നോക്കിക്കാണുന്നത്. ധാര്‍മികവും മതപരവുമായ മൂല്യങ്ങള്‍ ഒരു സെക്കുലര്‍ സ്റ്റേറ്റ് എന്ന സങ്കല്‍പത്തില്‍ നിന്ന് പാടെ മാറ്റിനിര്‍ത്തേണ്ടതുണ്ട്. ഇവ രണ്ടും വ്യക്തികള്‍ക്കനുസരിച്ച് മാറുന്നതാണല്ലോ. യുക്തി കൊണ്ട് ഒരു ഒത്തുതീര്‍പ്പില്‍ എത്താനാകാത്തത് കൊണ്ട് തന്നെ അവ കൂടുതല്‍ കൂടുതല്‍ സംഘര്‍ഷത്തിനും മറ്റും വഴി വെക്കുകയേ ഒള്ളൂ. അതു കൊണ്ടു തന്നെ ഇവ രണ്ടും സ്വകാര്യ മേഖലയായി ഗണിക്കുകയാണ് ലിബറല്‍ സിദ്ധാന്തം ചെയ്യുന്നത്. അതാകുമ്പോള്‍ അവര്‍ക്ക് വേണ്ട വിധം മത സംബന്ധിയായ തീരുമാനങ്ങള്‍ എടുക്കാനും ധാര്‍മികമേതെന്ന് നിര്‍ണയിക്കാനുമാകും. എന്നാല്‍, ഒരു സെക്കുലര്‍ സ്റ്റേറ്റ് സമാധാനം ഉറപ്പ് വരുത്തുന്നു എന്നും മതം രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് യുദ്ധത്തിനും ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കും ഹേതുവാകും എന്നും പറയുന്നവരോട് ഞാന്‍ യോജിക്കുന്നില്ല. 

ഒരു സ്റ്റേറ്റ് ദേശീയ ജനസമൂഹത്തിന് ധാര്‍മികത വകവെച്ചു നല്‍കേണ്ടതില്ല എന്ന് വാദിക്കുന്ന ചിലരുണ്ട്. അവര്‍ തന്നെ ദേശീയ രാഷ്ട്രീയത്തില്‍ മതവും ധാര്‍മികതയും കൂട്ടിയിണക്കുന്നത് അരുതെന്ന് പറയുന്ന ലിബറല്‍ ചിന്താഗതിയെ അംഗീകരിക്കാതിരിക്കുകയും ചെയ്യും. അവരോട് ഒരു ചോദ്യം ചോദിക്കാനുണ്ട്: പരമാധികാരത്തിന് വിധേയമാകാതെ നൈതികതയും മതവും പൊതു ജീവിതത്തില്‍ ആവിഷ്‌കരിക്കുക സാധ്യമാണോ? അങ്ങനെ രണ്ടും ഒന്നിച്ച് മുന്നോട്ട് പോകുമോ? അതോ രാജ്യത്തിന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണോ ഉണ്ടാകുക? എനിക്ക് തോന്നുന്നു, എന്റെ പിതാവിനെ സംബന്ധിച്ചിടത്തോളം ഇത് ആഴത്തില്‍ വേരുകളുള്ള ഒരു വിഷയമാണ്. ഇസ്‌ലാമിക് സ്റ്റേറ്റിനെ പറ്റിയുള്ള അദ്ദേഹത്തിന്റെ ചിന്താ മണ്ഡലത്തില്‍, നൈതികതയാണ് അടിത്തറ. പക്ഷെ, അദ്ദേഹം ചര്‍ച്ച ചെയ്യാന്‍ വിട്ടുപോയത് രാഷ്ട്രീയവും രാഷ്ട്രവും തമ്മിലുള്ള വ്യത്യാസം ആണെന്നെനിക്ക് തോന്നുന്നു. 

‘രാഷ്ട്ര താല്‍പര്യങ്ങളോട്’ മാത്രമായി രാഷ്ട്രീയത്തെ കൂട്ടിക്കെട്ടേണ്ടതില്ല. പരമോന്നത അധികാരത്തിനപ്പുറത്തുള്ള ഇടങ്ങളെ സംരക്ഷിക്കുകയാണത് ചെയ്യുന്നത്. അതിനെ നയിക്കുന്നത്, രാഷ്ട്രമെന്ന സങ്കല്‍പത്തില്‍ കവിഞ്ഞ് താത്വികമായ പ്രതിബദ്ധതയാണ്. ഇത്തരം ഇടങ്ങളില്‍ അവ രാഷ്ട്രത്തെ മുറിച്ചു കടക്കുക മാത്രമല്ല, വേണ്ടിടത്ത് ധാര്‍മിക മതകീയ സിദ്ധാന്തങ്ങളോട് കൊമ്പ് കോര്‍ക്കുകയും ചിലപ്പോള്‍ അവയെ നിഷേധിക്കുക കൂടി ചെയ്യുന്നുണ്ട്. രാഷ്ട്രീയം രാഷ്ട്രത്തിന്റെ കുത്തകയാണെന്ന് ശാഠ്യം പിടിക്കുന്നതിനെ ഇത് നിരാകരിക്കുന്നുണ്ട്. 

മതം ഇന്നിലും ഇന്നലെകളിലെ ചരിത്രത്തിലും ധാര്‍മിക വ്യവഹാരങ്ങളുടെ പ്രധാന ഉറവിടമാണെന്ന് നിസ്സംശയം പറയാം. മുസ്‌ലിംകള്‍ക്ക് രാഷ്ട്രീയ ഇസ്‌ലാമിന്റെ സാധ്യതകള്‍ ഉണ്ടെന്ന് പറയാം. എന്നാല്‍ രാഷ്ട്രീയാധികാരം വെട്ടിപ്പിടിക്കലോ രാഷ്ട്ര നിയമം പ്രയോഗവല്‍കരിക്കുകയോ ചെയ്യലല്ല അതിന്റെ താത്പര്യം. പൊതു വിഷയങ്ങള്‍ക്ക് ഒത്തുതീര്‍പ്പ് നടപ്പാക്കുകയും അനുനയത്തില്‍ എത്തിക്കുകയുമാണ് അത് ചെയ്യുന്നത്. ഒരു രാഷ്ട്രത്തിന്റെ പരിമിതികളേക്കാള്‍ സങ്കുചിതവും അതേ സമയം വിശാലവുമായ തീവ്ര പ്രതിബദ്ധതയാണ് അതിന്റെ പോരാട്ട വീര്യം. ഈയൊരര്‍ത്ഥത്തില്‍ വീക്ഷിക്കുമ്പോള്‍ രാഷ്ട്രീയമെന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച അംഗീകൃത സ്ഥാനങ്ങള്‍ തമ്മിലുള്ള വടംവലിയല്ല. അത് മൂല്യങ്ങളെ ആവിഷ്‌കരിക്കുകയും (അല്ലെങ്കില്‍ പുനരാവിഷ്‌കരിക്കുക) രൂപപ്പെടുത്തുകയുമാണ് ചെയ്യുന്നത്. പ്രശ്‌നങ്ങളെ നേരിടാനുള്ള സന്നദ്ധതയും ആര്‍ജ്ജവവും മുന്‍കൂര്‍ വ്യവസ്ഥയായി ആവശ്യപ്പെടുന്നുണ്ട് അത്. ഇതൊരു പക്ഷേ ആധുനിക രാഷ്ട്രത്തിന് ചിന്തിക്കാന്‍ പോലും കഴിയാത്തതാണ്. എന്റെ പിതാവിന്റെ ധാര്‍മിക ദര്‍ശനവും അതിന് രാഷ്ട്രത്തോടും രാഷ്ട്രീയത്തോടുമുള്ള സമീപനത്തെ പറ്റിയും എനിക്ക് പ്രധാനമെന്ന് തോന്നിയ ചിലത് പറഞ്ഞ് അവസാനിപ്പിക്കാം.

ഒന്നിലധികം തവണ വളരെ വികാര നിര്‍ഭരനായി ‘സൂറതു തകാസുര്‍’ അദ്ദേഹമെന്നെ ഓതി കേള്‍പ്പിച്ചിട്ടുണ്ട്. ‘അല്‍ഹാകുമുത്തകാസുര്‍ ഹത്താ സുര്‍ത്തുമുല്‍ മഖാബിര്‍…’ മനുഷ്യര്‍ അകപ്പെട്ടു പോയ കണ്‍സ്യൂമറിസത്തെയും അതിരു കവിഞ്ഞ ഭ്രമങ്ങളെയും ഈ സൂക്തങ്ങള്‍ അപലപിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ഈ അധ്യായത്തില്‍ പറയുന്ന ‘ദൃഢവിജ്ഞാനമുണ്ടായിരുന്നെങ്കില്‍ (ഇൽമുല്‍ യഖീന്‍) നിങ്ങള്‍ ഈ നിലപാടെടുക്കുമായിരുന്നില്ല. നിശ്ചയം, നരകം നിങ്ങള്‍ കാണുക തന്നെ ചെയ്യും’ (ല തറവുന്നല്‍ ജഹീം) എന്ന സൂക്തം പരലോകത്ത് വരാനിരിക്കുന്ന ശിക്ഷയെ കുറിച്ച് മാത്രമല്ല, ഇഹലോക ജീവിതത്തിന് കൂടെ ബാധകമാണ്. സത്യം സ്പഷ്ടമായി തിരിച്ചറിയാനായാല്‍ ഈ സാമൂഹിക ജീവിതം എത്ര മാത്രം നരകഭാവം കലര്‍ന്നതാണെന്ന് മനസ്സിലാകും. നാം മറ്റുള്ളവര്‍ക്കും, നമുക്ക് തന്നെയും വരുത്തി വെക്കുന്ന വിന ബോധ്യപ്പെടും. അദ്ദേഹത്തെ സംബന്ധിച്ച് ധാര്‍മികതയുടെ കേന്ദ്രമിതാണ്. ഇവിടെ നിന്നാണ് ഇസ്‌ലാമിക രാഷ്ട്രത്തെ കെട്ടിപ്പടുക്കേണ്ടത്. ‘ദൈവിക ചിന്ത’യില്‍ (God-consciousness) നിന്ന് മനുഷ്യനെ പിന്തിരിപ്പിക്കുന്ന രണ്ട് കാര്യങ്ങളാണ് ഭ്രമവും (greed) പ്രദര്‍ശനപരതയും (exhibitionism) എന്ന് ഓരോ മുസ്‌ലിമും തിരിച്ചറിയേണ്ടതുണ്ട്. കൂടുതല്‍ കൂടുതല്‍ വേണമെന്നുള്ള മതി വരാത്ത സാമൂഹിക ജീവിത രീതിയാണ് ഭ്രമം എന്ന സങ്കല്‍പം കൊണ്ടുദ്ദേശിക്കുന്നത്.  എന്നാല്‍, ധാര്‍മികതയുമായി വ്യക്തി താല്‍പര്യങ്ങളും കമ്പോള താല്‍പര്യങ്ങളും കൂടിക്കുഴഞ്ഞ് രൂപപ്പെടുന്ന വ്യക്തി ശൈലിയാണ് പ്രദര്‍ശനപരത. നമ്മുടെ ജീവിത ശൈലിയുടെ പരിണിത ഫലങ്ങളെ പറ്റിയും ഓരോ മുസ്‌ലിമും ബോധവാനായിരിക്കണം. പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നത്, സമൂഹങ്ങളുടെ സൈനിക വത്കരണം, അനുസ്യൂതമായ പരിസ്ഥിതി നശീകരണം, കാലാവസ്ഥയുടെ ക്രമാതീതമായ മാറ്റം, ന്യൂക്ലിയര്‍ ദുരിതങ്ങള്‍ എന്നിവ ഇതിന് ചില ഉദാഹരണങ്ങള്‍ മാത്രം.

എന്നിരുന്നാലും നാമിന്ന് ജീവിക്കുന്നത് ഒരു പ്രത്യേക തരം വ്യവസ്ഥയുമായി ബന്ധപ്പെട്ടാണ്. അത് പൂര്‍ണമായി അംഗീകരിക്കാവുന്ന കാര്യമല്ല. അതാണെങ്കില്‍ സമ്പൂര്‍ണ്ണ കീഴ്‌പ്പെടലിനെ ആവശ്യപ്പെടുന്നുണ്ടെന്ന് മാത്രമല്ല, കണ്‍സ്യൂമറിസത്തെയും (consumerism) ഇന്‍ഡിവിജ്വലിസത്തെയും (individualism) പ്രോത്സാഹിപ്പിക്കുകയും ക്രമീകരിക്കുകയും ചെയ്യുന്നുണ്ട്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, സെക്കുലര്‍ ലിബറല്‍ സ്റ്റേറ്റ് വൈരുദ്ധ്യാത്മക മൂല്യമാണ് ‘സ്വാതന്ത്ര്യ’ത്തിന് (freedom) നല്‍കുന്നത്. ഒന്ന് കമ്പോള രൂപത്തിലുള്ളതാണ്. അതാര്‍ക്കും നേടിയെടുക്കാം. അതിനെ പരിരക്ഷിക്കാനും വിപുലീകരിക്കാനുമുള്ള നിയമങ്ങള്‍ സ്റ്റേറ്റ് മുന്നോട്ട് വെക്കുന്നുണ്ട്. അതേ സമയം ഇതേ സ്‌റ്റേറ്റ് തന്നെ അമിതമായ സുരക്ഷാ മാനദണ്ഡങ്ങളുടെ പേരില്‍ സ്വാതന്ത്ര്യത്തിന് കൂച്ചു വിലങ്ങിടുന്നുമുണ്ട്. ഈ സ്റ്റേറ്റ് പിന്തുടരുന്നത് നവ ലിബറല്‍ സാമ്പത്തിക നയം ആണെന്ന് പറയാം. സമൂഹത്തില്‍ കരുതലില്ലാത്ത വിധം വിപണി തത്വങ്ങളുടെ വ്യാപനം, ധന സമ്പാദ്യത്തിന്റെ സ്വകാര്യവല്‍ക്കരണം, ആനുകൂല്യങ്ങളുടെ തെറ്റായ വിതരണം, അധികമൊന്നും സ്ഥിരതയില്ലാത്ത ലോകത്തിലെ ലാഭത്തിനു വേണ്ടിയുള്ള അനിയന്ത്രിത നിഷ്ഠ എന്നിവ ഈ വാദത്തെ സാധൂകരിക്കുന്നു. ഒരു ഇസ്‌ലാമിക രാഷ്ട്രീയത്തിന് മാത്രമേ ഇതിനപ്പുറത്തെ ഇടങ്ങള്‍ കണ്ടെത്താനാകൂ, ഒരു പക്ഷേ ഇവയെ എതിര്‍ക്കേണ്ടിയും വരും. ഒരു സവിശേഷ മത പ്രത്യയശാസ്ത്രമുപയോഗിച്ച് അതിനെ പുനസ്ഥാപിക്കാനുമാകില്ല. ആഗോള ക്യാപിറ്റലിസത്തിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്ന് മത രാഷ്ട്രത്തിനോ സെക്കുലര്‍ രാഷ്ട്രത്തിനോ രക്ഷപ്പെടാനാകില്ല. ഒരു പരമാധികാര രാഷ്ട്രത്തെ അവസരങ്ങളുടെ മേല്‍ ആഗോള മുതലാളിത്ത ശക്തികള്‍ക്ക് ശക്തമായ സ്വാധീനമുണ്ട്. ഇതിനായി ഇസ്‌ലാമിക രാഷ്ട്രീയത്തെ ഇസ്‌ലാമേതര പ്രസ്ഥാനങ്ങളുമായും പാരമ്പര്യങ്ങളുമായും സഖ്യം കൂടേണ്ടതുണ്ട്, അത് രാജ്യാതിര്‍ത്തിക്ക് അകത്താകട്ടെ പുറത്താകട്ടെ.

മനുഷ്യ നീതിക്കും പൊതു നന്മക്കും വേണ്ടിയുള്ള പോരാട്ടവും, സാമ്പത്തികമായി കുന്നു കൂട്ടുന്നതും ഒത്തുപോകില്ല. ഒരാള്‍ ആസ്വദിച്ച്, എന്നാല്‍ സംരക്ഷിച്ചു പോരുന്ന കാര്യം മറ്റു ചിലര്‍ക്ക് വിദൂര സ്വപ്നം മാത്രമാകും. മരണ ഭയത്തെ മറികടക്കുന്ന ധാര്‍മിക ചിന്തകളാണ് യഥാര്‍ത്ഥത്തില്‍ സമാധാനപരമായ രാഷ്ട്രീയ പോരാട്ടം. സെക്കുലര്‍ ന്യൂട്രാലിറ്റിക്ക് വേണ്ടിയുള്ള ലിബറല്‍ സ്റ്റേറ്റിന്റെ അവകാശ വാദം ഈ സമാധാന രാഷ്ട്രീയം നിരാകരിക്കുകയാണ്, അംഗീകരിക്കുന്നേ ഇല്ല. ഈയൊരു വീക്ഷണത്തില്‍ ഡെമോക്രാറ്റിക് നൈതികതയുടെ (democratic ethos/ ജനാധിപത്യ ആചാര വിചാരങ്ങള്‍) അടിസ്ഥാന ഗുണത്തെ സംരക്ഷിക്കുകയും വിപുലീകരിക്കുകയും ചെയ്യാനുള്ള താത്പര്യത്തിനപ്പുറത്തേക്ക് രാഷ്ട്രീയം ഉയരുന്നുണ്ട്. അഥവാ, ലിബറല്‍ ഡെമോക്രാറ്റിക് സ്റ്റേറ്റിന്റെ പരമാധികാരത്തിനും പ്രാപ്തിക്കുമപ്പുറം. 

ഇയ്യിടെയായി ഏറെ കേള്‍ക്കുന്ന ഡെമോക്രാറ്റിക് നൈതികതയും റിയല്‍ ഡെമോക്രസിയും (real democracy/ യഥാര്‍ത്ഥ ജനാധിപത്യം) തമ്മിലുള്ള വ്യത്യാസം മറ്റൊരു ചര്‍ച്ചയാണ്. പൂര്‍ണമായി ഇവ്വിഷയം ഇവിടെ പറഞ്ഞു തീര്‍ക്കുന്നില്ല. എന്നിരുന്നാലും ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ സഹായകമായ ഒത്തിരി കാര്യങ്ങള്‍ ഇവിടെ പങ്കു വെക്കുകയാണ്. നാം ഡെമോക്രാറ്റിക് നൈതികതയെ പറ്റി ഒന്നാലോചിച്ചു നോക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്കോടി വരിക പരസ്പരം ബഹുമാനിക്കാനും സംരക്ഷിക്കാനുമുള്ള അഭിലാഷമാണ്. മറ്റുള്ളവര്‍ക്ക് വേണ്ടി കാതോര്‍ക്കുന്നതും, ചെയ്യേണ്ടതെന്ന് പറഞ്ഞു കൊടുക്കുന്നതും, മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി ക്ലേശമനുഭവിക്കാന്‍ തയ്യാറാകുന്നതും ഇതില്‍പ്പെടും. ഇതില്‍ വ്യക്തിയെ ഉത്തേജിപ്പിക്കുന്നത് അവന്റെ ജീവിതാവസാനത്തെയും കരുതലില്ലായ്മയെയും അപചയത്തെയും പറ്റിയുള്ള ചിന്തകളാണ്.
മറ്റുള്ളവരെ കുറിച്ചുള്ള ആധിയും ശിഥിലീകരണ ചിന്തയും സഹാനുഭൂതിക്ക് ഹേതുവാകുന്നു. മറ്റൊരാളുടെ വേദന പേറുന്നത് അസ്വാസ്ഥ്യമുണ്ടാക്കുന്നു എന്ന് മാത്രമായി ചുരുക്കി കാണാനാകില്ല. അതിനപ്പുറം, കഷ്ടതകളെ മഹത്വവത്കരിക്കാതെ ക്രിയാത്മകമായി ജീവിക്കുക കൂടെയാണത്. ഇനി, ലിബറല്‍ ഡെമോക്രാറ്റിക് സ്റ്റേറ്റ് എന്ന് ചിന്തിച്ചാല്‍, സാമൂഹിക സ്വത്വത്തിന്റെ ദൃഷ്ടികേന്ദ്രം, അവകാശങ്ങളുടെ രക്ഷാകര്‍ത്താവ് എന്നീ നിലകളിലുമാണ് അതിനെ നോക്കിക്കാണാനാകുക. ഒത്തൊരുമയുടെ ശക്തി നാമറിഞ്ഞവരാണ്. പൗരന്മാരുടെ നിയമ സ്വാതന്ത്ര്യങ്ങളെ പറ്റി നാം ബോധവാന്മാരാണ്. സുരക്ഷയെ പറ്റി രാഷ്ട്രത്തിനുള്ള പരമമായ ഉത്കണ്ഠയെ പറ്റിയും നമുക്കറിയാം. രാഷ്ട്രത്തിനുള്ളത് ഭരണാധികാരികളില്‍ നിന്നും ഭരണീയരില്‍ നിന്നും വേറിട്ട അസ്തിത്വമാണെന്ന് നാം തിരിച്ചറിഞ്ഞിട്ടുണ്ട്. രാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നത് ആരായാലും ശിക്ഷിക്കാനുള്ള അവകാശം അതിനുണ്ടല്ലോ. രാഷ്ട്ര താല്‍പര്യങ്ങള്‍ക്ക് വേണ്ടി അത് യുദ്ധം ചെയ്യുമെന്നത് തീര്‍ച്ചയാണ്. പ്രാതിനിധ്യ ജനാധിപത്യ വ്യവസ്ഥയില്‍ പൗരന് മറ്റുള്ളവരുടെയും പ്രകൃതിയുടേയും ആക്രമണത്തില്‍ നിന്ന് സംരക്ഷണം ഉറപ്പ് വരുത്തേണ്ടതുണ്ട്. ഹിംസയുടെ കുത്തക പരമാധികാരത്തില്‍ നിക്ഷിപ്തമാകുന്നത് അതിനുള്ള മാര്‍ഗവുമാണ്. പൗരന്മാരുടെ ആശങ്കയോട് രാഷ്ട്രം പ്രതികരിക്കേണ്ടത് അവര്‍ക്ക് സമ്പൂര്‍ണ സംരക്ഷണം നല്‍കിക്കൊണ്ടാണ്. അതേ സമയം ഇത് രാഷ്ട്രത്തിന്റെ ഉന്നമനത്തിനായുള്ള ആത്മത്യാഗപരമായ അമരത്വമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇവിടെ ആത്മത്യാഗം എന്നുള്ളത്, രാഷ്ട്രം അതിനെ തന്നെ എല്ലാ പൗരന്മാരുടെയും പരമോന്നത പ്രതിനിധിയായി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. അതിനെ ഒരാള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ചെയ്യുന്ന ധാര്‍മിക പ്രവര്‍ത്തനമായി കാണാനാകില്ല. ഞാന്‍ ഒരിക്കല്‍ കൂടെ ആവര്‍ത്തിച്ചു പറയട്ടെ: ഇത് മാത്രമൊന്നുമല്ല ഒരു മോഡേണ്‍ സ്‌റ്റേറ്റ് ചെയ്യുന്നത്; അത് നിയമത്തെയും ഉത്തരവിനെയും നടപ്പില്‍ വരുത്തുന്നു, ക്ഷേമം പ്രദാനം ചെയ്യുന്നു, എന്നിങ്ങനെ പലതും. പക്ഷേ, ഇതെല്ലാം ധാര്‍മികമെന്നോ മതപരമെന്നോ (ജിഹാദ്) വിളിക്കാവുന്ന നിരായുധ പോരാട്ടങ്ങളാണ്. മരണത്തെ ഭയക്കേണ്ടതില്ലാത്ത പോരാട്ടം. മരണത്തിന് വേണ്ടിയുള്ളതുമല്ലാത്ത പോരാട്ടം. അതിന് ജനജീവിതത്തെ ഉന്നതിയിലെത്തിക്കാനാകും. അതിന് സമകാലികവും സാര്‍വ്വലൗകികവുമായ ദുരന്തങ്ങളെ ചെറുത്തു തോല്‍പ്പിക്കാനുമാകും. 

ഈ ദൃഷ്‌ട്യേന വിശകലനം ചെയ്യുമ്പോള്‍, ‘നീതി ന്യായം’ ലക്ഷ്യമിടുന്ന നടപടി ക്രമമായി രാഷ്ട്രീയത്തെ കാണാനാകില്ല. വിശ്രുത ലിബറല്‍ സൈദ്ധാന്തികനായ ജോണ്‍ റോള്‍സ് (John Rawls) അഭിപ്രായപ്പെട്ടത് ശരിയല്ലെന്ന് സ്വാഭാവികമായും ധരിക്കേണ്ടി വരും. എന്റെ അഭിപ്രായത്തില്‍, ഇസ്‌ലാമിക രാഷ്ട്രീയത്തിന് ജന ജീവിതത്തെ (അത് വ്യക്തി പരമാകട്ടെ സാമൂഹിക പരമാകട്ടെ) ധാര്‍മിക മൂല്യങ്ങളുടെ ദിശയിലേക്ക് തിരിച്ചു വിടാന്‍ സംഭാഷകരിലൂടെ സാധിക്കും. രാഷ്ട്രീയപരമായ അനുനയം ഒരു പ്രത്യേക ഉണര്‍വ്വ് അവര്‍ കേള്‍വിക്കാരില്‍ നിറക്കുന്നുണ്ട്. ഇവര്‍ വഴി എങ്ങനെ നല്ല വ്യക്തിത്വം രൂപപ്പെടുത്താന്‍ സാധിക്കുമെന്ന് കേള്‍വിക്കാര്‍ക്ക് മനസ്സിലാക്കാം. വാസ്തവത്തില്‍ എന്താണ് പറഞ്ഞത്, ചെയ്തത്, ആവിഷ്‌കരിച്ചത് എന്നിവയുടെ സത്ത അവര്‍ക്ക് വെളിപ്പെടുത്താനുമാകും. ഒരു നല്ല വ്യക്തിത്വത്തിന്റെ ഉണര്‍വ്വും ഗുണങ്ങളുമെല്ലാമാണ് ഇസ്‌ലാമിക രാഷ്ട്രീയം വാസ്തവത്തില്‍ പരിപോഷിപ്പിച്ചെടുക്കാന്‍ ഉന്നമിടുന്നത്. ഇതൊരിക്കലും രാഷ്ട്രം നിര്‍വചിക്കുന്ന സങ്കുചിത രീതിയിലല്ല. ഇത് ജനങ്ങളുടെ മേല്‍ രാഷ്ട്രം ചുമത്തുന്ന നിയമങ്ങളുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടു കിടക്കുന്നതല്ല. ഔദ്യോഗിക വാചിക സംവാദങ്ങളെ അടക്കി വെക്കുന്നതുമല്ലിത്. ഈ രാഷ്ട്രീയ വ്യവസ്ഥയില്‍ പൗരന്മാര്‍ പരസ്പരം ബന്ധങ്ങള്‍ സ്ഥാപിക്കുകയും അമുസ്‌ലിംകളോട് മുസ്‌ലിംകളെ പോലെ സൗഹൃദം ചേരുകയും ചെയ്യും. വാദിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചാണിത്. ഇരു കൂട്ടരും പരസ്പരം ഒരിടത്ത് നിന്ന് (അല്ലെങ്കില്‍ ഒരു ജിവിത രീതിയില്‍ നിന്ന്) മറ്റൊന്നിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ക്ഷണിക്കുകയാണിത് ഇതിലൂടെ. 

ഇപ്പറഞ്ഞ രാഷ്ട്രീയ സങ്കല്പവും കാള്‍ ഷിമ്മിറ്റിന്റെ ആശയവും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് കണ്ടെത്താനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. അദ്ദേഹത്തിന്റെ പരമോന്നത സ്റ്റേറ്റ് എന്ന ആശയത്തോട് ഏറെ ചേര്‍ന്നു നില്‍ക്കുന്നതാണ് ‘മിത്രം/ ശത്രു’ അതിര്‍വരമ്പുകളെ ചുറ്റിപ്പറ്റിയുള്ള വായന. എനിക്ക് തോന്നുന്നു, ഇസ്‌ലാമിക രാഷ്ട്രീയം എന്ന ആശയവും ഇസ്‌ലാമിക രാഷ്ട്രം എന്ന പദ്ധതിയും തമ്മില്‍ അന്തരമുണ്ട്. സത്താ പരമായി നോക്കുമ്പോള്‍ മോഡേണ്‍ സ്റ്റേറ്റിനോട് ഇത് സദൃശ്യമാണ് താനും. ഈയൊരു നിരീക്ഷണം എന്റെ പിതാവിന്റെ ജീവിതത്തിലും എഴുത്തുകളിലും അന്തര്‍ലീനമായി ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇക്കാരണം കൊണ്ട് തന്നെ ഇത് പാരമ്പര്യത്തിന്റെ പ്രധാന ഭാഗമായിത്തീരുന്നു. ഇന്ന് ഒരു ഫാഷന്‍ ആയി മാറിയ ‘ഇസ്‌ലാമും പടിഞ്ഞാറും തമ്മിലുള്ള ഭാഷണം’ എന്നതിനേക്കാള്‍ പ്രധാനപ്പെട്ട ആശയമാണിത്. ‘സംസ്‌കാരങ്ങള്‍ക്കിടയിലെ സംഭാഷണം’ (dialogue of civilizations) രണ്ട് മുന്‍വ്യവസ്ഥകള്‍ ചേര്‍ന്നതാണ്: ഒന്ന്, യൂറോപ്യരെയും വടക്കനമേരിക്കക്കാരെയും ഇസ്‌ലാം ഹിംസയുടെ മതമല്ലെന്ന് ബോധ്യപ്പെടുത്തി കൊടുക്കാന്‍ മുസ്‌ലിംകള്‍ ശ്രമിക്കേണ്ടതുണ്ട്. അതേ സമയം, രണ്ട്, പടിഞ്ഞാറ് ഇസ്‌ലാമിനെ പുനരാവിഷ്‌കരിക്കാന്‍ സഹായിക്കേണ്ടതുണ്ട്. വളരെയധികം ചിന്തോദ്ദീപകമായ ആശയമാണിത്. തീര്‍ച്ചയായും മുസ്‌ലിംകള്‍ മറ്റു സമൂഹങ്ങള്‍ക്ക് മുന്നിലും പൈതൃകങ്ങള്‍ക്ക് മുന്നിലും മനസ്സ് തുറക്കേണ്ടതുണ്ട്. അവയെ വിമര്‍ശനാത്മകമായി പഠിക്കേണ്ടതുണ്ട്. ഇസ്‌ലാമിക ചിന്താ പരിസരത്തെ ഒരു പാശ്ചാത്യന്‍ പഠിക്കണമെന്നും അതിനെ വിമര്‍ശനാത്മകമായി സമീപിക്കണമെന്നും ആഗ്രഹിക്കുന്നത് പോലെ തന്നെയാണിതും. (പാശ്ചാത്യരില്‍ ഒട്ടു മിക്കവര്‍ക്കും അങ്ങനൊന്ന് താല്പര്യമില്ലെങ്കില്‍ പോലും). ഇസ്‌ലാമിനെ പുനരാവിഷ്‌കരിച്ചെടുക്കാന്‍ ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്: മതത്തിന്റ തന്നെ അത്രയും തന്നെ പഴക്കമുണ്ട് മതത്തിന്റെ പുനരാവിഷ്‌കരണത്തിനും. അതൊരു ചരിത്ര പാഠം തന്നെയാണ്. നിശ്ചയം, ഇക്കാലത്ത് ഇസ്‌ലാമിക പുനരാവിഷ്‌കരിക്കരണം മൗലികാവശ്യമാണ്. പക്ഷേ, എന്റെ കാഴ്ചപ്പാടില്‍ പുനരാവിഷ്‌കരണത്തിന്റെ ഫലപ്രാപ്തി പടിഞ്ഞാറിലെ പുനരാവിഷ്‌കരണത്തെ ആശ്രയിച്ചാണിരിക്കുന്നത്. എല്ലാത്തിന്റെയും ഒടുക്കം നാമെല്ലാം പരസ്പര ബന്ധിതമായ ലോകത്തില്‍ ജീവിക്കുക തന്നെ ചെയ്യും.

 

 

 

 

 

മൊഴിമാറ്റം : നിസാം തങ്ങൾ മുതുതല