ഇസ്‌ലാമിക ജ്യാമിതി: കലയും ചരിത്രവും

‘എല്ലാം പരിപൂർണ്ണമായ ക്രമത്തിൽ നിശ്ചയിക്കുന്നതാണ് അല്ലാഹുവിന്റെ കലാവിരുത്’.(ഖുർആൻ 27:88)

ഈ ചെറു കുറിപ്പിൽ ഞാൻ ഇസ്‌ലാമിക കലയുടെ ആത്മീയസ്വഭാവവും ചരിത്രവും ഇസ്‌ലാമിക സമൂഹത്തിൽ അതിനുള്ള സ്വാധീനവുമാണ് അന്വേഷിക്കാൻ ശ്രമിക്കുന്നത്. നാം പ്രകൃതിയിലേക്ക് നോക്കുമ്പോൾ ഖഗോളങ്ങളുടെ സന്തുലിതാവസ്ഥയിലും സസ്യജന്തുജാലങ്ങളുടെ രൂപത്തിലും ഭൂമിയുടെ ഘടനയിലും ഒരു കോശത്തിന്റെ ആകൃതിയിലുമെല്ലാം അല്ലാഹുവിന്റെ സമ്പൂർണ്ണക്രമത്തിലുള്ള സൃഷ്ടിപ്പിന്റെ പ്രതിഫലനമാണ് കാണുന്നത്.

Islamic History എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് സ്പാഹിക് ഒമർ എഴുതുന്നു:
“അല്ലാഹു സുന്ദരനാണെന്നും അവൻ സൗന്ദര്യത്തെ സ്നേഹിക്കുന്നുവെന്നും പ്രവാചകൻ പറയുകയുണ്ടായി. ഇക്കാരണത്താലാണ് അല്ലാഹുവിന്റെ സൃഷ്ടി മുഴുവനും ഏറ്റവും ഉയർന്ന സ്വർഗ്ഗീയ പ്രതാപവും ക്രമവും അനുസരിച്ച് ആർക്കും അനുകരിക്കാനാവാത്ത വിധം രൂപകൽപ്പന ചെയ്ത് സൃഷ്ടിക്കപ്പെട്ടത്. സൂഫി ചിന്തയുടെ സൈദ്ധാന്തിക സത്താമീമാംസയെ സംഗ്രഹിച്ച ഇബ്നു അറബിയുടെ അഭിപ്രായപ്രകാരം ദൈവത്തെ സൗന്ദര്യം എന്ന് വിളിക്കാൻ കാരണമായതും, സ്നേഹമുള്ള സൗന്ദര്യം എന്ന് സ്വയം വർണ്ണിക്കുകയും ചെയ്യുന്ന ദൈവീക സൗന്ദര്യം എല്ലാ വസ്തുവിലും കുടികൊള്ളുന്നു. സൗന്ദര്യമല്ലാതെ മറ്റൊന്നും നിലനിൽക്കുന്നില്ല. കാരണം ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചിരിക്കുന്നത് അവന്റെ അപരിമേയമായ സൗന്ദര്യത്തിന്റെ പ്രതിച്ഛായയായിട്ടാണ്. അതിനാൽ ഈ പ്രപഞ്ചവും അതിലെ വസ്തുക്കളും സംഭവങ്ങളും ഉൾപ്പെടെ സുന്ദരമാണ്”.

ഈ അർത്ഥത്തിന്റെ ആഴം മുസ്‌ലിം കലയിലേക്കും വാസ്തുവിദ്യയിലേക്കും വ്യാപിച്ചതായി നമുക്ക് കാണാം. പലസ്തീനിലുള്ള ജറുസലേമിലെ Dome of the Rock നോക്കിയാൽ അത് ബോധ്യമാകും. അഷ്ടഭുജാകൃതിയിലുള്ള അടിത്തറയിലായിരുന്നു അതിന്റെ നിർമ്മാണം. അതിന്മേൽ വൃത്താകൃതിയിലുള്ള താഴികക്കുടവും. വാസ്തുശാസ്ത്രപരമായി ഏറ്റവും ശക്തമായതിനാലാണ് ബോധപൂർവ്വം അങ്ങിനെ ചെയ്തിട്ടുള്ളത്. മാത്രവുമല്ല, “വിധിന്യായ ദിവസം എട്ട് മാലാഖമാർ സിംഹാസനം വഹിക്കും” എന്ന ഖുർആൻ സന്ദേശത്തെയും ഇത് പ്രതിഫലിപ്പിക്കുന്നു.

ഇസ്‌ലാമും വിഗ്രഹാരാധനാ വിരുദ്ധതയും

ഇസ്‌ലാമിക് അനികോണിസം എന്ന ആശയം- അല്ലെങ്കിൽ മനുഷ്യരൂപങ്ങളെ ഉപയോഗിച്ചുള്ള പ്രതിമ നിർമ്മാണം നിരോധനം – “ജീവജാലങ്ങളുടെ രൂപവൽക്കരണവും നിർമ്മാണവും ദൈവത്തിന്റെ സവിശേഷാധികാരമാണ്” എന്ന വിശ്വാസത്തിൽ നിന്നാണ് ദൃഢപ്പെടുന്നത്. ഇക്കാരണത്താൽ, മുസ്‌ലിം ക്രാഫ്റ്റ്സ്മാൻമാരും കലാകാരൻമാരും ഗണിതത്തിൽ നിന്നും കലയിൽ നിന്നുമുള്ള ധാതുക്കൾ കലർത്തി ആവർത്തിത ജ്യാമിതീ(Geometrical)യ രൂപങ്ങളിലൂടെ ഒരു സൗന്ദര്യശാസ്ത്രം തന്നെ വികസിപ്പിച്ചെടുത്തു. വടക്കേ ആഫ്രിക്കയിലെ ക്രാഫ്റ്റ്സ്മാൻമാർ ഇതിനെ സെല്ലിജ് (Zellij) എന്ന് വിളിക്കുന്നു. ഈ സവിശേഷ ശൈലി സൃഷ്ടിക്കുന്നതിന് മുസ്‌ലിം ഗണിതശാസ്ത്രജ്ഞരുടെയും ജ്യോതിശ്ശാസ്ത്രജ്ഞരുടെയും ഗണ്യമായ സംഭാവനകൾ അനിവാര്യമായിരുന്നു. ഇബ്നു സീനയുടെ കാലത്ത് ഇതിനെ “ഗണിതശാസ്ത്രം” എന്ന് പോലും വിശേഷിപ്പിക്കപ്പെട്ടിരുന്നു. ഡമസ്കസിലെ ഗ്രേറ്റ് മോസ്ക്, ഗ്രാനഡയിലെ അൽ ഹംറ, കസബ്ലങ്കയിലെ ഹസ്സൻ രണ്ടാമൻ മസ്ജിദ്, ഇറാനിലെ ഇസ്ഫഹാനിലെ ഷാ മസ്ജിദ് തുടങ്ങിയ പഴയകാല പള്ളികളിലും മറ്റും ഈ മാതൃക കാണാവുന്നതാണ്.

താജുൽ മുൽക്ക് നോർത്ത് ഡോം (5 മടങ്ങുള്ള ഘടന), ജമെഹ് പള്ളി, ഇസ്ഫഹാൻ,1088 ൽ നിർമ്മിച്ചത് (ഫോട്ടോ: ആർ. ഹെൻ‌റി).

സർ ഐസക് ന്യൂട്ടന്റെ തത്ത്വങ്ങൾ ആധാരമാക്കി ജ്യോതിശാസ്ത്രം വിശദമാക്കുന്ന ജെയിംസ് ഫെർഗൂസന്റെ ( 1799 ed., പ്ലേറ്റ് III, opp.p. 67.) പുസ്തകത്തിൽനിന്നുള്ള ശുക്രന്റെ പാത വിശദമാക്കുന്ന ചിത്രം

” ഖുർആനിലും ഹദീസിലും വിവരിക്കപ്പെട്ട കൊട്ടാരങ്ങളും ഫലവൃക്ഷങ്ങളുടെയും ഈന്തപ്പനകളുടെയും തോട്ടങ്ങളും അടങ്ങിയ പറുദീസയെ സൂചിപ്പിക്കുന്ന ഈ മൊസൈക്കു (Mosaic) കളുടെ ചിത്രീകരണം, ഖലീഫയുടെ ഉദ്ദേശ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ്. തോട്ടത്തിന്റെ പ്രധാനകവാടത്തിലുള്ള ഈ മൊസൈക്കുകളുടെ വിന്യാസം സൂചിപ്പിക്കുന്നത് ആരാധകൻ ഒരു തോട്ടത്തിലേക്കോ പറുദീസയിലെ കൊട്ടാരത്തിലേക്കോ പ്രവേശിക്കുന്നു എന്നാണ് (ഉമവി മസ്ജിദ്)”

സെല്ലിജ്

മൊറോക്കൻ ആകൃതികളായ സമചതുരങ്ങൾ, ത്രികോണങ്ങൾ, നക്ഷത്രങ്ങൾ, വജ്രാകൃതികൾ, ബഹുഭുജങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ക്രമമാർന്നതും കണിശവുമായ മൊസൈകുകളെ രൂപപെടുത്തുന്ന ടൈൽവർക്കിന്റെ ഒരു മൂറിഷ് കലാരൂപമാണ് സെലിജ്. ഇത്തരം മൊസൈകുകൾക്ക് ധ്യാനത്തിനും ആത്മീയ വിചാരത്തിനും അനുകൂലമായ സമ്മോഹന അന്തരീക്ഷം സൃഷ്ടിക്കാൻ കഴിയും. ചരിത്ര പ്രസിദ്ധമായ പല പള്ളികളുടെയും പൊതു സ്വഭാവമായ സൗന്ദര്യത്തിന്റെ സാന്നിധ്യം പ്രധാനമായും ഉദ്ദേശിക്കുന്നത് സകീനത്ത് അഥവാ, ദൈവസാന്നിധ്യത്തെക്കുറിച്ചുള്ള അവബോധത്താൽ പ്രചോദിതമായ അഗാധമായ സമാധാനത്തെ തേടാൻ വേണ്ടിയാണ്.

സെല്ലിജിന്റെ ഒരു ഹ്രസ്വ ചരിത്രം:

പത്താം നൂറ്റാണ്ടിൽ പ്രചാരത്തിലുണ്ടായിരുന്ന റോമൻ, ബൈസന്റൈൻ മൊസൈക്കുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായി കരുതപ്പെടുന്ന മൊറോക്കൻ ടൈൽ ഇതേ നൂറ്റാണ്ടിൽ തന്നെയാണ് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഊർജ്ജസ്വലമായ നിറങ്ങളോ തെരഞ്ഞെടുക്കാൻ ഏറെ വൈവിധ്യങ്ങളോ ഇല്ലായിരുന്നു. വെള്ളയോ തവിട്ടുനിറമോ നോക്കിയാണ് നിങ്ങൾ വിപണിയിലെത്തുന്നെങ്കിൽ നിങ്ങൾ‌ക്ക് ഭാഗ്യമുണ്ടെന്ന അവസ്ഥയായിരുന്നു.

പിന്നീട് പതിനൊന്നാം നൂറ്റാണ്ടിലാണ് നക്ഷത്ര രൂപത്തിലുള്ള ജ്യാമിതീയ ആകൃതികൾ രൂപം കൊള്ളുന്നത്. അസുലെജോ കാലഘട്ട (ഹിസ്പാനിക്-മോറെസ്ക് കാലം) ത്തിലാണ് മഗ്‌രിബ് (വടക്കുപടിഞ്ഞാറൻ അഫ്രിയ), അൽ അൻദലൂസ് ( ഇപ്പോൾ സ്പെയിൻ എന്ന് വിളിക്കുന്ന) എന്നീ പ്രാദേശങ്ങളിൽ സെല്ലിജിന്റെ കല (Art of Zellij) വളരെയധികം പ്രചാരം കൊണ്ടു. കാലത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനൊപ്പം സെല്ലിജിന്റെ കൗശലവും വികസിച്ചു. പതിനാലാം നൂറ്റാണ്ടിൽ പച്ച, നീല, മഞ്ഞ എന്നീ നിറത്തിലുള്ള മൊറോക്കൻ ഓടുകൾ കൂടെ കൂട്ടിച്ചേർത്തു കൊണ്ട് നാസരി, മറീനി രാജവംശങ്ങൾ ഈ കലയെ ആശ്ലേഷിച്ചു തുടങ്ങി. പലരും ജ്യാമിതിയെ “പവിത്രമായ അല്ലെങ്കിൽ മതപരമായ കല” എന്ന് വരെ വിളിച്ചിരുന്നു. ബിസി 375 ൽ പ്ലേറ്റോ റിപ്പബ്ലിക്കിൽ എഴുതി, “ജ്യാമിതിയാണ് അസ്തിത്വത്തെക്കുറിച്ചുള്ള അറിവ്.”

ഇസ്‌ലാമിലെ കലയുടെ ശക്തിയും സ്വാധീനവും സംഗ്രഹിക്കുന്ന ഈ ഉദ്ധരണിയോടെ ഞാൻ അവസാനിപ്പിക്കുകയാണ്: “സ്നേഹം എല്ലായ്പ്പോഴും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ എപ്പോഴും സൗന്ദര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. പള്ളികളും പഠന സ്ഥലങ്ങളും മനോഹരമാകുമ്പോൾ നാം അവയിലേക്ക് ആകർഷിക്കപ്പെടുന്നു. സംസാരം മനോഹരമാകുമ്പോൾ, നാം അതിലേക്ക് ആകർഷിക്കപ്പെടുന്നു. സൗന്ദര്യം സ്നേഹത്തെ പ്രചോദിപ്പിക്കുന്നു. സ്നേഹം നമ്മുടെ ആത്മാക്കളെ ചലിപ്പിക്കുന്നു.”

വിവർത്തനം: സാറാ അൽ അഫ്ര

photo credit: https://medium.com/