ഇസ്‌ലാമിക് ആർക്കിടെക്ചർ: ദൈവത്തിൻറെ കലയും കലയിലെ ദൈവികതയും
കാല, ദേശങ്ങൾക്ക് അതീതമായി സങ്കീർണവും സുപ്രധാനവുമായ ആശയങ്ങളെ ആകർഷണീയമായ പ്രതീകാത്മക രീതിയിൽ വിനിമയം നടത്താനുതകുന്ന മാധ്യമങ്ങളാണ് വ്യത്യസ്തമായ കലാരൂപങ്ങൾ. ഇസ്‌ലാമിക നാഗരികതയിലും കലാകാരന്മാർക്കും അവർ നിർമ്മിച്ചെടുക്കുന്ന സൃഷ്ടികൾക്കും സുപ്രധാനമായ സ്ഥാനം തന്നെയാണ് നൽകപ്പെട്ടിട്ടുള്ളത്. മതനിയമങ്ങളുടെയും (Sharia) പ്രവാചകാധ്യാപനങ്ങളുടെയും (Prophetic tradition) അടിസ്ഥാനമായി പരിഗണിക്കപ്പെടുന്ന വിശുദ്ധ ഖുർആൻ തന്നെയാണ് ഇസ്‌ലാമിക കലാനിർമ്മിതികളുടെയും മൂലതത്ത്വം. കാലിഗ്രഫി, ലിറ്ററേച്ചർ, ആർക്കിടെക്ചർ, പെയിൻറിങ്, മ്യൂസിക് എന്നിവയാണ് കലകളിൽ പ്രധാനമായും പരിഗണിക്കപ്പെടുന്നത്.
പരസ്പരബന്ധിതവും ആശ്രിതവുമായ പ്രപഞ്ചത്തിലെ ഓരോ ഭാഗങ്ങളെയും സമ്പുഷ്ടമായ ഘടനയിൽ ക്രമീകരിച്ച അല്ലാഹു തന്നെയാണ് ഇസ്‌ലാമിക പാരമ്പര്യത്തിലെ ഏറ്റവും വലിയ കലാകാരൻ. പൂർണ്ണത (perfection) എന്ന ധാതുവാണ് കലകളെ ശോഭനിയമാക്കുന്നത്. എന്നാൽ ദൈവം മാത്രമാണ് പരിപൂർണ്ണവാൻ (God is only the perfect one) എന്ന ഇസ്‌ലാമിക ദൈവശാസ്ത്രത്തിലെ കേന്ദ്രബിന്ദുവിൽ ശ്രദ്ധചെലുത്തി അപൂർണ്ണമായ ഭംഗിയെ അന്വേഷിക്കുന്നതിലാണ് ഇസ്‌ലാമിക കലകളുടെ പ്രസക്തി.
ലോകത്തിലെ മറ്റു മതകീയ കലകളിൽ നിന്നും വ്യത്യസ്തമായി ഇസ്‌ലാമിക വാസ്തുവിദ്യ സാമൂഹ്യ സ്വീകാര്യതയും വിശാലാർത്ഥത്തിലുള്ള മികച്ച ഒരു പ്ലാറ്റ്ഫോമും നേടിയെടുത്തിട്ടുണ്ട് എന്നത് മറ്റു ഇസ്‌ലാമിക കലകളിൽ നിന്നും ശില്പ കലകളെ വ്യതിരിക്തമാക്കുന്നുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് രൂപകല്പനചെയ്ത ഇസ്‌ലാമിക കലാനിർമിതികളെ ഇന്നും സവിശേഷ പ്രാധാന്യത്തോടെ തന്നെയാണ് ഉത്തരാധുനിക ലോകം നോക്കിക്കാണുന്നത്. ഇസ്‌ലാം ആധിപത്യം ചെലുത്തിയിരുന്ന അധിക സ്ഥലങ്ങളിലും ഈ നിർമ്മിതികൾ പ്രൗഡിയോടെ തലപൊക്കി നിൽക്കുന്നതായി കാണാൻ സാധിക്കും. കാലങ്ങളായി ലോകാത്ഭുതമെന്ന പട്ടം അണിഞ്ഞ താജ്മഹലും, ഹൈദരാബാദിലെ ചാർമിനാറും, ഡൽഹി ജുമാ മസ്ജിദും, കുത്തബ്മിനാറും, ചെങ്കോട്ടയും ഇൻഡോ- ഇസ്‌ലാമിക് ശില്പകലയുടെ മികച്ച ഉദാഹരണങ്ങളാണ്.
ഇസ്‌ലാമിക ശിൽപകലകളിൽ അടങ്ങിയ അദൃശ്യമായ ശക്തിയാണ് അവയെ മഹത്തരമാക്കുന്നത് (Dynamism). എന്നാൽ ഈ നിർമ്മിതികളുടെ അണയാത്ത ശോഭകണ്ട് വീർപ്പുമുട്ടുന്ന ചില നിഗൂഢ ശക്തികൾ (anti-Islamists) അതിലുൾക്കൊള്ളുന്ന ആത്മീയവും സാമൂഹികവുമായ വശങ്ങളെ മറച്ചുവെച്ച് അടിസ്ഥാനരഹിതവും ദുർബലവുമായ ഒരു കെട്ടിടം മാത്രമാണെന്ന ആരോപണം ഉയർത്തി അതിൻറെ അസ്ഥിത്വത്തെ വെല്ലുവിളിക്കാൻ ശ്രമിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇസ്‌ലാമിക ശില്പ കലകളുടെ ചരിത്രത്തെയും അതുൾക്കൊള്ളുന്ന ആത്മീയ മാനങ്ങളെയും കുറിച്ചുള്ള ഒരു പുനരന്വേഷണമാണ് ഈ കുറിപ്പ്.
പ്രവാചകൻ മുഹമ്മദ് നബി (സ്വ) യുടെ വിയോഗത്തിനുശേഷം മുസ്‌ലിം ഭരണാധികാരികൾ മതപ്രബോധനാർത്ഥം അയൽദേശങ്ങളിലേക്ക് പര്യടനം നടത്തുകയും അവരെ ഇസ്‌ലാമിലേക്ക് കൈപിടിച്ചു കൊണ്ടുവരികയും ഇസ്‌ലാമിക സമൂഹം (Ummah) എന്ന പരിരക്ഷ കൽപിക്കുകയും ചെയ്തു. കലകളിൽ ഉന്നതമായ പ്രാവീണ്യം നേടിയിരുന്ന പേർഷ്യ, ഈജിപ്ത്, സിറിയ, മെസപ്പൊട്ടേമിയ, ബൈസെൻറൈൻ എന്നിവിടങ്ങളിലെ കഴിവുറ്റ കലാകാരന്മാർ ഇസ്‌ലാംമതം ആശ്ലേഷിക്കുകയും അവരുടെ കലാ രീതികളെ കൂടെ കൂട്ടി പുതിയ ശൈലികൾ സ്വീകരിക്കാൻ തുടങ്ങുകയും ചെയ്തു. അങ്ങനെ ഇസ്‌ലാമിലെ വിശ്വാസ സംഹിതയിലെ സുപ്രധാന ഘടകമായ ഏക ദൈവം എന്ന തത്വത്തിലൂന്നി ഇസ്‌ലാമിക ലോകത്തിലെ പല ദേശത്തുള്ള കലാകാരന്മാർ സൃഷ്ടിച്ചെടുത്ത നിർമ്മിതികൾ പിന്നീട് ഇസ്‌ലാമിക ശിൽപകലയായി പരിണമിച്ചു.
ഇസ്‌ലാമിക ശില്പകലയുടെ ഉറവിടം പ്രധാനമായും സാസാനിദ് സാമ്രാജ്യത്തിൽ നിന്നും ബൈസൻറൈൻ മാതൃകകളിൽനിന്നുമായിട്ടാണ് പരിഗണിക്കപ്പെടുന്നത്. ആരാധനാകർമ്മങ്ങൾക്കായി ഉപയോഗിക്കുന്ന പള്ളികളാണ് ഇസ്‌ലാമിക ശില്പ കലകളിൽ അധികവും. എന്നാൽ മതത്തിനുള്ളിലെ സവിശേഷമായ ആരാധനാകർമ്മങ്ങളും അനുഷ്ഠാനങ്ങളും നിർവഹിക്കപ്പെടുന്ന മഹത്തായ സ്ഥലങ്ങൾ എന്നതിലുപരി ഇസ്‌ലാമിക വാസ്തുവിദ്യയിൽ അധിഷ്ഠിതമായി നിർമ്മിക്കപ്പെട്ട ഇസ്‌ലാമിക ലോകത്തെ മതേതരമായ സമുച്ചയങ്ങളും ഇസ്‌ലാമിക ശില്പകലകളായിട്ട് തന്നെയാണ് പരിഗണിക്കപ്പെടുന്നത്.
പള്ളിക്കകത്ത് അനന്തമായ വരകളിൽ നിർമ്മിച്ചെടുത്ത വർണ്ണശബളമായ ചിത്രങ്ങളും ആത്മീയാനുഭൂതി ലഭിക്കുന്ന ചുറ്റുപാടോടുകൂടി മനോഹരമായ ആകൃതിയിൽ രൂപകല്പന ചെയ്ത ചുവരുകളും തൂണുകളും സർവ്വശക്തനായ ദൈവത്തിനു മുന്നിൽ സാഷ്ടാംഗംനമിക്കുന്ന ദാസനിൽ ദൈവഭക്തി വർധിപ്പിക്കാൻ കാരണമാകുന്നുണ്ട്. ദിവ്യ പ്രണയം ഉത്തേജിപ്പിക്കുന്ന രീതിയിൽ കൊത്തിവെക്കപ്പെട്ട ഖുർആനിക വചനങ്ങളും ഇസ്‌ലാമിക മാഹാത്മ്യത്തെയും അന്തസ്സിനെയും അടയാളപ്പെടുത്തുന്ന കുബ്ബകളും അംബരചുംബികളായ മിനാരങ്ങളുമാണ് ഇസ്‌ലാമിക വാസ്തുവിദ്യയുടെ സവിശേഷത. ( യു.എ.ഇ.യിലെ ശൈഖ് സൈദ് ഗ്രാൻഡ് മോസ്ക്, തുർക്കിയിലെ ബ്ലൂ മോസ്ക്, ഇറാനിലെ നെസ്ർ അൽ-മുൽക് മോസ്ക്, ഒമാനിലെ സുൽത്താൻ കാബൂസ് മോസ്ക്, എന്നിവ ഇസ്‌ലാമിക വാസ്തുവിദ്യ കൊണ്ട് അലങ്കരിക്കപ്പെട്ട മനോഹരമായ ആരാധനാലയങ്ങളുടെ സമകാലിക സാക്ഷ്യങ്ങളാണ്.
ഇസ്‌ലാമിലെ ദൈവാരാധനയുടെ കേന്ദ്രമായ കഅ്ബയെ അഭിമുഖീകരിച്ചാണ് ഇസ്‌ലാമിക കലകളുടെ നിർമ്മാണം. ഇത് ഇസ്‌ലാമിക കലകളുടെ കേന്ദ്രസ്ഥാനത്തെയും ലക്ഷ്യത്തെയും അദൃശ്യമായ ദിവ്യ ബന്ധത്തെയും അടയാളപ്പെടുത്തുന്നുണ്ട്. മാത്രമല്ല, അനന്തമായ രൂപകൽപനയാണ് (Infinitive creation) ഇസ്‌ലാമിക കലാ നിർമാണങ്ങളുടെ അടിസ്ഥാന ഘടകം. ഈയൊരു സൗന്ദര്യ പ്രകടനമാണ് അറബെസ്ക്യൂ എന്നപേരിൽ വിളിക്കപ്പെടുന്നത്. ബാഹ്യമായ പാറ്റേണുകളെല്ലാം ആത്മീയമായ സന്ദേശങ്ങൾ പകർന്നുനൽകുന്നുണ്ട്. ഇസ്‌ലാമിലെ ഓരോ ശില്പകലകളെയും ഉള്ളറിഞ്ഞ് അന്വേഷണം നടത്തിയാൽ അതിൻറെ ഓരോ ഘടനയിലും ആത്മീയതയെ അനുഭവിക്കാൻ കഴിയുമെന്ന് ഹുസൈൻ നസ്ർ നിരീക്ഷിക്കുന്നുണ്ട്.
ഇസ്‌ലാം പരിശുദ്ധമായി കാണുന്ന ഖുർആൻ ദൈവിക ഗ്രന്ഥമാണെന്ന് പ്രഖ്യാപിച്ച മുഹമ്മദ് നബിയെ (സ്വ) മക്കാ മുശ്‌രിക്കുകൾ പരിഹസിച്ചപ്പോൾ അതുപോലുള്ള ഒരു അദ്ധ്യായം കൊണ്ട് പ്രവാചകൻ അവരെ വെല്ലുവിളിച്ചു. അറബി സാഹിത്യത്തിൽ അഗ്രഗണ്യരായിരുന്ന മക്കയിലെ ബുദ്ധിജീവികൾക്ക് പോലും ഖുർആനിലുള്ളതുപോലോത്ത ഒരൊറ്റ സൂക്തം പോലും കൊണ്ടുവരാനായില്ല. സൃഷ്ടികളുടെ ബലഹീനതയും സൃഷ്ടാവിന്റെ കലകളിലെ ഔന്നത്യവുമാണ് ഇതിലൂടെ പ്രകടമാവുന്നത്.
പ്രവാചകൻ മുഹമ്മദ് നബിക്ക് (സ്വ) ദൈവത്തിൽ നിന്ന് ലഭിച്ച ഏറ്റവും വലിയ അമാനുഷിക സിദ്ധിയായ ഖുർആൻ തന്നെയാണ് ഇസ്‌ലാമിക വാസ്തുശില്പകലയുടെ അടിസ്ഥാനവും. ഇസ്‌ലാമിക കലാ നിർമാണങ്ങളുടെ ആധാരമായ അനന്തമായ മാതൃകകളുടെ പ്രതിനിധാനത്തിന് (Representation of infinitive patterns) ഖുർആൻ തന്നെയാണ് സമഗ്രമായ ഉദാഹരണം. സുന്ദരവും ആശയ സമ്പുഷ്ടവുമായ ഖുർആൻ പാരായണം കേട്ട് ഇസ്‌ലാം സ്വീകരിച്ച പല മഹാരഥന്മാരും നമുക്ക് മുമ്പേ കടന്നു പോയിട്ടുണ്ട്. അതുപോലെ കലകളുടെ മനോഹരമായ ദൃശ്യാവിഷ്കാരമാണെന്ന നിലയിൽ ഇസ്‌ലാമിക ശില്പകലാ രീതികൾ പലരെയും ദിവ്യാനുഭൂതിയുടെ ചിന്താ മണ്ഡലങ്ങളിലേക്ക് വഴിതിരിച്ചുവിടുകയും ഇസ്‌ലാമിലേക്ക് ആകർഷിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഖുർആനിനെ 114 ഭാഗങ്ങളാക്കുന്ന സൂറത്തുകളും അർത്ഥംകൊണ്ടും ശബ്ദ ഘടന കൊണ്ടും പരിപൂർണ്ണമായ ആയത്തുകളും പരസ്പര ബന്ധിതമായി നിൽക്കുന്നതോടൊപ്പം തന്നെ വ്യത്യസ്ത തലങ്ങളിൽ ആണെന്നതു പോലെയുള്ള വിഭാഗീയ രീതി (Modular structure) ഇസ്‌ലാമിക കലാ രീതികളുടെയും സവിശേഷതയാണ്. സ്വതന്ത്രമായി നിൽക്കുന്ന സൂക്ഷ്മമായ ചെറിയ ഭാഗങ്ങൾ കൂടി ചേർന്ന് സുന്ദരമായ പുതിയൊരു ആകൃതി രൂപപ്പെടും. ചെറിയ നന്മകൾ കൂടിച്ചേരുമ്പോൾ വലിയ നന്മയാകുമെന്ന മറ്റൊരു ആധ്യാത്മിക വശം കൂടി ഇതിനുണ്ട്.
മാത്രമല്ല നാലു കോർട്ടറുകൾ (Quarter) ചേർന്ന് ഒരു ഹിസ്ബും രണ്ട് ഹിസ്ബുകൾ ചേർന്ന് ഒരു ജുസ്ഉം (Juz’a) രൂപപ്പെടുമ്പോളുണ്ടാവുന്ന തുടർച്ചയായുള്ള യോജിപ്പ് (Successive combination) ഇസ്‌ലാമിക വാസ്തുവിദ്യകളിലും ദർശിക്കാവുന്നതാണ്. അറബി സാഹിത്യത്തിലെ സുപ്രധാന ഘടകമായ Saj’ (വാക്യങ്ങളുടെ അവസാനം ഒരു പോലെയാവുന്ന രീതി) ഖുർആനിലുടനീളം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഈ സാഹിത്യ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച ചില പ്രത്യേക കേന്ദ്രത്തിൽ അവസാനിക്കുന്ന ആകൃതി തുടർച്ചയായി ആവർത്തിക്കുന്ന (Repetition) രീതിയും ഇസ്‌ലാമിക വാസ്തു വിദ്യയിൽ പ്രാധാന്യം അർഹിക്കുന്നതാണ്.
ലോകത്തുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും ഖുർആൻ പ്രതിപാദിക്കുന്നുണ്ട്. എന്നാൽ അത് മനസ്സിലാക്കിയെടുക്കണമെങ്കിൽ ഗഹനവും ആഴത്തിലുള്ളതുമായ ഗവേഷണം അനിവാര്യമാണ്. അതുപോലെ ഇസ്‌ലാമിലെ ശിൽപകലകളെ ആവർത്തിച്ച് പഠിച്ചാൽ മാത്രമേ അതിന്റെ അന്തസത്തയെ കൃത്യമായി ഉൾക്കൊള്ളാൻ സാധിക്കുകയുള്ളൂ. ഇസ്‌ലാമിക വാസ്തുവിദ്യയിൽ അധിഷ്ഠിതമായി നിർമ്മിക്കപ്പെട്ട ദൃശ്യ കലകൾ ദീർഘമായി സമയമെടുത്ത് മനസ്സിലാക്കേണ്ടതാണെന്ന് അമേരിക്കൻ ആന്ത്രപ്പോളജിസ്റായ ഫ്രാൻസ് ബോസ് നിരീക്ഷിക്കുന്നുണ്ട്. പ്രത്യക്ഷത്തിലുള്ള ആലങ്കാരികതക്കപ്പുറം അതിലെ ദൈവികതയെ അനുഭവിക്കണമെങ്കിൽ സസൂക്ഷ്മിയി ചിന്തിക്കേണ്ടിയിരിക്കുന്നു.
അല്ലാഹുവിന് പ്രതീകമായി (Anthromorphism) ഒന്നുംതന്നെ ഇസ്‌ലാമിക തച്ചുശാസ്ത്രത്തിലില്ല,.എന്നാൽ ക്രിസ്തു മതത്തിലെ യേശുവും ഹിന്ദുമതത്തിലെ ബിംബങ്ങളും മതകീയ പ്രതീകങ്ങളായി ഉപയോഗിക്കപ്പെടുന്നത് പോലെ മിനാരങ്ങളും കഅ്ബയും ഇസ്‌ലാം മതത്തിലെ ദൈവത്തിൻറെ പ്രതീകമാണെന്ന മിഥ്യാധാരണ പലരിലും നിലനിൽക്കുന്നുണ്ട്. ഏകദൈവ വിശ്വാസത്തിൽ അധിഷ്ഠിതമായ ഇസ്‌ലാമിൻറെ സാംസ്കാരിക ഐഡൻറിറ്റി മാത്രമാണ് ഇവയെല്ലാം എന്ന സാമൂഹികബോധം നിർമ്മിച്ചെടുക്കാൻ അനിവാര്യമായിരിക്കുന്നു. മാത്രമല്ല അക്കാദമിക രംഗം ഇസ്‌ലാമിക തച്ചുശാസ്ത്രത്തെ സവിശേഷമായ പ്രാധാന്യത്തോടെ പരിഗണിക്കുമ്പോഴും പുതിയ രീതിയിലുള്ള ആവിഷ്കാരങ്ങളും നിർമ്മാണങ്ങളും പ്രത്യക്ഷപ്പെടാതിരുന്നാൽ അവ ഇസ്‌ലാമിക വാസ്തുവിദ്യയുടെ ശോഷണത്തിന് കാരണമായേക്കാം.
PG scholar (Dept. Of civilization studies),
Darul Huda Islamic University
