ഇസ്‌ലാമിക ദാനധർമ സംരഭങ്ങൾ; പ്രവാചകകാലം മുതൽ ഇരുപതാം നൂറ്റാണ്ട് വരെ

ഇസ്ലാമിക ജീവകാരുണ്യ സംരഭങ്ങൾ പ്രാഥമിക ഘട്ടം എന്ന് പറയുന്നത് ചരിത്രപ്രസിദ്ധമായ മദീനാ പലായനത്തിനു(ഹിജ്‌റ) ശേഷം തുടങ്ങുകയും അബ്ബാസിയ്യ കാലഘട്ടത്തിന്റെ പ്രഥമഘട്ടത്തിൽ അവസാനിക്കുകയും ചെയ്യുന്നതാണ്.
ഈ ജീവകാരുണ്യ സ്ഥാപനങ്ങളുടെ സത്തയും രൂപരേഖയും സ്ഥാപിക്കപ്പെടുന്നത് ഖുർആൻ, പ്രവാചകരുടെ ഹദീസുകൾ എന്നിവയിൽ നിന്നാണ്.

ഇസ്ലാമിക ചരിത്രത്തിൽ വഖ്ഫ് സമ്പ്രദായത്തിന്റെ പ്രസിദ്ധിയെ പോലെ ആശ്ചര്യമുണർത്തുന്ന കാര്യമാണ് വഖ്ഫ് എന്നുള്ള സംജ്ഞ ഖുർആനിലും ഹദീസിലും പ്രത്യക്ഷത്തിൽ എവിടെയും പറഞ്ഞിട്ടില്ല എന്നുള്ളത്.

മൂന്നാം നൂറ്റാണ്ടിന്റെ മദ്ധ്യഘട്ടത്തിൽ മാത്രമാണ് ജീവകാരുണ്യ പ്രക്രിയകളിൽ ചിലതിനെ
വഖ്ഫ് എന്ന നാമത്തിൽ പ്രത്യേകം സമൂഹം വ്യാപകമായി ഉപയോഗിച്ചു തുടങ്ങുന്നത്. എന്നാൽ ഖുർആൻ വ്യാഖ്യാതാക്കൾ ഖുർആനിലെ പ്രയോഗങ്ങളുടെ ഉദ്ദേശങ്ങളിൽ വഖ്ഫിനെ കണ്ടെത്താൻ ശ്രമിച്ചിട്ടുണ്ട്.

“നിങ്ങൾ പരിലാളിക്കുന്ന സമ്പത്തുകളിൽ നിന്നും ചെലവഴിച്ചിട്ടല്ലാതെ ആരും പൂർണഭക്തരാകുന്നില്ല “ എന്ന പ്രവാചകരുടെ വചനം കേട്ട മാത്രയിൽ പ്രവാചകരുടെ അനുചരരിൽ പ്രധാനിയായിരുന്ന അബൂ ത്വൽഹ താൻ ഏറെ പ്രിയത്തോടെ പരിപാലിച്ചിരുന്ന മദീനയിലെ ഈത്തപ്പഴത്തോട്ടം ദരിദ്രർക്ക് വിട്ടുനൽകി.

അറുനൂറിലധികം മരങ്ങൾ ഇടതൂർന്ന് നിന്നിരുന്ന തോട്ടം ദാനം ചെയ്യുന്നതിലൂടെ അദ്ദേഹം ഉദ്ദേശിച്ചിരുന്നത് യഥാർത്ഥ ഭക്തിയും പരലോകവിജയവും മാത്രമായിരുന്നു.

എന്നാൽ ഈ പുണ്യകർമം നടത്തി വീട്ടിൽ എത്തിയ അബൂ ത്വൽഹ കാണുന്നത് തന്റെ ഭാര്യയും കുട്ടിയും പ്രസ്തുത തോട്ടത്തിൽ വിശ്രമിക്കുന്നതാണ്.

അബൂ ത്വൽഹ ഉടനെ കാര്യങ്ങൾ വിവരിച്ചു നൽകി. ഭാര്യ ചോദിച്ചു “നിങ്ങളുടെ പേരിലായിരുന്നോ അതോ നമ്മുടെ നാമത്തിലാണോ തോട്ടം ദാനം ചെയ്തത് “
“നമ്മുടെ പേരിൽ തന്നെ ” അബൂ ത്വൽഹ മറുപടി പറഞ്ഞു.

“നിങ്ങളുടെ മേൽ അല്ലാഹുവിന്റെ കരുണയുണ്ടാകട്ടെ, ഞാൻ നമുക്കിടയിൽ ജീവിക്കുന്ന ദരിദ്ര്യർക്ക് വേണ്ടി എന്ത്‌ ചെയ്യാൻ സാധിക്കും എന്ന് ചിന്തിക്കുകയായിരുന്നു.
എന്നാൽ എന്തെങ്കിലും ചെയ്യാനുള്ള ധൈര്യം വന്നില്ല. അല്ലാഹു നിങ്ങളുടെ കർമം സ്വീകരിക്കട്ടെ. നമുക്ക് ഈ തോട്ടത്തിൽ നിന്നും ഇറങ്ങി നടക്കാം” ഭാര്യ കൃത്യമായി മറുപടി നൽകി.

ഇസ്‌ലാമിക ചരിത്രത്തിൽ ആദ്യ വഖ്ഫ് എന്ന് പറയുന്നത് ഈ ചരിത്രസംഭവം ആയിരുന്നു. പ്രവാചകരുടെ ചര്യകൾ നിരീക്ഷിക്കുന്ന സമയത്ത് വഖ്ഫ് സംബന്ധിയായുള്ള കൂടുതൽ വിവരണം നമുക്ക് ലഭിക്കും. പ്രവാചകർ പരലോകജീവിതം പുൽകുന്നത് ഇഹലോകത്ത് മൂന്ന് വസ്തുക്കൾ മാത്രം ബാക്കി വെച്ചായിരുന്നു.
കോവർകഴുത, ആയുധം, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു വേണ്ടി നീക്കി വെച്ചിരുന്ന ഭൂമി. മുഹമ്മദ് (സ) ഇസ്‌ലാമിക ജീവകാരുണ്യ പ്രക്രിയകളുടെ രീതികളെ ഉമർ ബിൻ ഖത്വാബ് എന്നവർക്ക് പഠിപ്പിക്കുകയും ശേഷം നബിയുടെ അനുചരർ പ്രസ്തുത കർമത്തെ മാതൃകയാക്കുകയും ചെയ്തു.
പ്രവാചകരുടെ ഈ അധ്യാപനത്തെ ‘അഹ്ബാസ്’ എന്നാണ് ഇമാം മാലിക് പരിചയപ്പെടുത്തുന്നത്.

ഉമർ പ്രവാചക സന്നിധിയിൽ വന്നു ചോദിച്ചു “‘എനിക്ക് ഖൈബറിൽ ഭൂമിയുണ്ട്, എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഭൂമിയാണത്, അങ്ങ് നിർദേശിച്ചാലും പ്രവാചകരേ, ഞാൻ എന്താണ് ചെയ്യേണ്ടത്? “

“നിങ്ങൾ ഉദ്ദേശിക്കുന്നെങ്കിൽ അതിന്റെ മൂലധനത്തെ നീക്കി വെക്കുകയും ലാഭം കാരുണ്യ പ്രവർത്തനങ്ങൾക്കു വേണ്ടി വിതരണം നടത്തുകയും ചെയ്യുക” പ്രവാചകർ പ്രതിവചിച്ചു. ശേഷം ഉമർ ഖൈബർ ഭൂമിയിൽ നിന്നും തനിക്ക് കിട്ടുന്ന വരുമാനം ദാനമായി ദരിദ്രർ, കുടുംബബന്ധുക്കൾ, യാത്രക്കാർ, അതിഥികൾ, അടിമമോചനം, സൈനികക്ഷേമം , എന്നീ മേഖലകളിൽ ചെലവഴിച്ചു എന്ന് ഇബ്നു ഉമർ പറയുന്നത് കാണാം.

നടേ പരാമർശിച്ച ചരിത്ര സംഭവങ്ങൾ പ്രവാചകരുടെ അനുചരർ വഖ്ഫുമായി എങ്ങനെ ബന്ധപ്പെട്ടു എന്ന് വ്യക്തമാക്കിത്തരുന്നു. അത് അവർക്ക് ഏറ്റവും പ്രിയപ്പെട്ട സമ്പത്തുകൾ തന്നെ ആയിരുന്നു എന്നുള്ളത് ഖുർആനിക വചനങ്ങൾ അവരുടെ ജീവിതത്തെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നു എന്നതിന്റെ തെളിവുകളാണ്.

ഇവിടെ ഉമറിനോടുള്ള പ്രവാചകരുടെ കല്പന നമ്മുടെ സ്വത്തുകൾ പൂർണമായും അനന്തരർക്ക് നൽകപ്പെടേണ്ടതോ വില്പന നടത്തേണ്ടതോ ആയ ഒന്നല്ലെന്നും അത് നമ്മുടെ ചുറ്റും വസിക്കുന്ന ജനങ്ങൾക്ക് കൂടി അവകാശപ്പെട്ടതാണെന്നും പഠിപ്പിക്കുന്നു.

ഉമറിന്റെ വസ്തുദാന സ്വീകർത്താക്കൾ സകാത്തിൽ പറയുന്ന വിഭാഗത്തെ ഓർമപ്പെടുത്തുന്നു. ഇസ്‌ലാമിക ജീവകാരുണ്യപ്രക്രിയകളിലെ പ്രധാനപ്പെട്ട രണ്ടു പരിപ്രേക്ഷങ്ങളെ അടിവരയിടുന്നതാണ് ഇവിടെ വിവരിച്ച ഹദീസ്.

മൂലധനം സൂക്ഷിക്കുകയും വരുമാനം വിതരണം നടത്തുകയും ചെയ്യുക എന്നുള്ളതാണ് ഒരു വീക്ഷണം. രണ്ടാം വീക്ഷണം വഖ്ഫ് കർമത്തിന്റെ സ്വഭാവത്തെ സംബന്ധിച്ചുള്ളതാണ്.
ഒന്ന്, നിയമപരമായും വ്യവഹാരികമായും ഒരു വ്യാപാരചരക്കാകുന്നതിൽ നിന്നും മുക്തമാകുക

രണ്ട്, പരോപകാര സേവനങ്ങൾക്ക് വേണ്ടി മാത്രം നിശ്ചയിക്കപ്പെടുക
മൂന്ന്, സംരക്ഷകനുമായി ബന്ധപ്പെട്ടുള്ള ചട്ടങ്ങൾ
ഉമർ തന്റെ മകൾ ഹഫ്സയെ സംരക്ഷകയാക്കിയത് (നാളിർ)ഒരു ഉദാഹരണമാണ്.

ആ സമയത്ത് ഉമർ ഉടമ്പടി ചെയ്തത് മരണം വരെ ഹഫ്സയും ശേഷം അവളുടെ കുടുംബത്തിലെ മികച്ച തീരുമാനമെടുക്കാൻ പ്രാപ്തിയുള്ളവരുമാകണം എന്നതായിരുന്നു.

ഭിക്ഷാടകർക്കും നിരാലംബർക്കും ബന്ധുക്കൾക്കും സംരക്ഷണം ഏറ്റെടുത്തവർ ഉചിതമെന്ന് തോന്നിയതുപോലെ വിളവുകൾ ചെലവഴിക്കേണ്ടതുണ്ട്.

ഇവിടെ സംരക്ഷകന്റെ ജോലിക്കുള്ള കൂലി വഖ്ഫ് ചെയ്യുന്നവർ നൽകാറുണ്ട്. അല്ലാത്ത പക്ഷം സംരക്ഷകന് ഭരണാധികാരിയെ സമീപിക്കുവാനുള്ള വകുപ്പുകളുണ്ട്

ജീവകാരുണ്യ പ്രസ്ഥാനങ്ങളുടെ പ്രാഥമികഘട്ടാനന്തര കാലം പള്ളികളുടെയും ലൈബ്രറികൾ അടങ്ങിയ മദ്രസ, അറബിക് കോളേജുകളുടെയും പേരിലുള്ള വഖ്ഫ് വികാസം ഉണ്ടാകുന്നത് ഈ ഘട്ടത്തിലാണ്.

ബൈത്തുൽ ഹിക്മക്കു ശേഷം ഈ ഘട്ടത്തിലെ വഖ്ഫ് പൈതൃകനിർമിതിയിൽ പെടുന്നവയാണ് ഫാത്തിമി ഖലീഫയായിരുന്ന അൽ മുഇസ് നിർമിച്ച കൈറോയിലെ അൽ അസ്ഹർ മസ്ജിദ്, മദ്രസ (969/1562),

പ്രവാചകപരമ്പരയിലെ ഫാത്തിമ അൽ ഫിഹ്രിയ്യയുടെ നേതൃത്വത്തിൽ സ്ഥാപിച്ച മോറോക്കയിലെ ഫെസിലുള്ള ഖറാവിയ്യിൻ മസ്ജിദ്(859/1455), ഫാത്തിമ എന്നവരുടെ സഹോദരി മർയം അൽ ഫിഹ്രിയ്യ ഫെസിൽ തന്നെ നിർമിച്ച അന്തലൂസ് മസ്ജിദ്.

ബഗ്ദാദിൽ നിസാം അൽ മുൽകിന്റെ കീഴിൽ വഖ്ഫ് ചെയ്യപ്പെട്ട നിസാമിയ്യ മദ്രസ(1065/1654) (ഇവിടെയാണ് ലോക പ്രശസ്ത പണ്ഡിതനായ ഇമാം ഗസ്സാലി അധ്യാപനം നടത്തിയിരുന്നത്).

തുടങ്ങിയ സ്ഥാപനങ്ങൾ എല്ലാ അർത്ഥത്തിലുമുള്ള ഒരു മുസ്ലിം സാക്ഷര സമൂഹത്തെ നിർമിക്കുകയും തദ്വാര വളരെ ക്രിയാത്മകമായി ആശയങ്ങളുടെയും തത്വങ്ങളുടെയും ആദാനപ്രദാനങ്ങൾ മുസ്‌ലിം നാടുകളിൽ നടക്കുകയും ചെയ്തു.

ഇത് മുസ്‌ലിങ്ങൾക്ക് ധൈഷണികമായ ഒരു ശക്തി നൽകുകയും പുഷ്കലമായ നാളുകൾ സമ്മാനിക്കുകയും ചെയ്തു. ഭരണാധികാരികളുടെയും സുസമ്മതരുടെയും നേതൃത്വത്തിൽ നടന്ന ഇത്തരം മഹാദാനങ്ങൾ വിവിധ രീതിയിലുള്ള വഖ്ഫുകളിലേക്ക് സമൂഹത്തെ പ്രചോദിപ്പിക്കുകയും വഖ്ഫ് സമ്പ്രദായങ്ങൾക്ക് പുതിയ മാനം നൽകുകയും ചെയ്തു.

മുസ്‌ലിം സ്ത്രീ വിദ്യാഭ്യാസ പുരോഗതിയുടെ ചാലകശക്തിയാകുകയും അതിലുപരി കുരിശുയുദ്ധ -മംഗോളിയൻ ആക്രമണാനാന്തര സമൂഹത്തിനു പുതുജീവൻ നൽകുന്നതിൽ മികച്ച ഒരു കൈനീട്ടമായി ഈ വഖ്ഫ് ദാനങ്ങൾ പ്രവർത്തിച്ചുവെന്നും വിലയിരുത്തപ്പെടുന്നു.

സൂഫി ചില്ലകൾ (സാവിയ /തഖ്‌യാ/ഖാൻഗാഹ്)
യാത്രികരുടെസത്രം,സൂപ്പ് ലഭിക്കുന്ന പാചകപ്പുരകൾ, പൊതു ശൗചാലയം, സ്ത്രീക്ഷേമ കേന്ദ്രങ്ങൾ, ദർഗ സംരക്ഷണം, ആശുപത്രികൾ, മൃഗചികിത്സാസേവനം, മൃഗങ്ങൾക്കുള്ള നീരുറവ, യാത്രറൂട്ടുകൾ പതിച്ച പ്രാർത്ഥനാമുറികൾ,ലൈബ്രറി, പൊതുടാപ്പ്, അനാഥ മന്ദിരം, ഖബർസ്ഥാൻ, കുഞ്ഞുമക്കൾക്ക് ഖുർആനിന്റെ പ്രാഥമിക അറിവുകൾ പഠിപ്പിക്കുന്ന പള്ളികളോട് ചേർന്ന് നിർമിച്ച പ്രാഥമികവിദ്യാഭ്യാസകേന്ദ്രങ്ങൾ,

ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി പ്രത്യേകം നിർമിക്കപ്പെടുന്ന സാന്ത്വനകേന്ദ്രങ്ങൾ (അടിമ മോചനം, ദാരിദ്ര്യരെ ഭക്ഷിപ്പിക്കുക , കടം വീട്ടി നൽകുക,പെരുന്നാൾ സമ്മാനവിതരണം, മരണാനന്തരക്രിയകൾ ) തുടങ്ങിയവ വഖ്ഫ് കൂടുതൽ സജീവമായ കാലഘട്ടങ്ങളിലുണ്ടായിരുന്ന ഏതാനും പരോപകാര ഇടങ്ങളാണ്.

ദമസ്കസിലേക്കുള്ള യാത്രയിൽ നേരിൽ കണ്ട വഖ്ഫ് കേന്ദ്രങ്ങളുടെ സവിശേഷതകൾ ഇബ്നു ബത്തൂത്ത വിവരക്കുന്നു. ‘ഭീമമായ പണം ചെലവിട്ടു നിർമിച്ച അനേകം വഖ്ഫ് കേന്ദ്രങ്ങൾ ഞാൻ കണ്ടു. പരദേശയാത്രികർക്ക് സേവനം ചെയ്യുന്ന കേന്ദ്രങ്ങൾ.

മഹിളകളുടെ വിവാഹക്ഷേമ കേന്ദ്രങ്ങൾ. ജയിലിൽ അകപ്പെട്ടവരുടെ മോചനത്തിനു വേണ്ടിയുള്ള സംരഭങ്ങൾ.

നഗരത്തിലെ പാതവികസനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംരംഭങ്ങൾ. ഇങ്ങനെ വിവിധയിനം വഖ്ഫ് കേന്ദ്രങ്ങളുണ്ട്. ദമസ്കസിൽ കാൽനടയാത്രക്കാർക്ക് പ്രത്യേകം വഴികൾ ഉണ്ടായിരുന്നില്ല. വാഹനങ്ങൾ ഓടുന്നതിനിടയിലൂടെ നടന്നു നീങ്ങുക മാത്രമാണ് വഴി.

ഒരു ദിവസം ഞാൻ ദമസ്കസിലെ തെരുവിലൂടെ നടക്കുമ്പോൾ ഒരു അടിമപയ്യന്റെ കയ്യിൽ നിന്നും ചൈനീസ് നിർമിത മൺപാത്രം താഴെ വീണ് ഉടയുന്നത് കണ്ടു.

ഉടനെ അവന്റെ ചുറ്റും ജനം തടിച്ചു കൂടി. ആ കൂട്ടത്തിൽ നിന്നും ഒരാൾ പറഞ്ഞു “ആ പൊട്ടിയ കഷ്ണങ്ങൾ എടുക്കൂ, നിന്നെയും കൂട്ടി നമുക്ക് പത്രങ്ങളുടെ വഖ്ഫ് പരിപാലിക്കുന്ന വ്യക്തിയെ സമീപിക്കാം.അങ്ങനെ പരിപാലകനെ സമീപിച്ച സമയത്ത് പൊട്ടിയ പത്രം വാങ്ങുകയും പുതിയ പത്രം നൽകുകയും ചെയ്തു ‘

ഗുണഭോക്താക്കളെ പരിഗണിക്കുമ്പോൾ ഈ സമയത്ത് രണ്ടു തരം വഖ്ഫ് രീതികൾ നിലനിന്നിരുന്നു. പൊതുവഖ്ഫുകളും സ്വകാര്യ വഖ്ഫുകളും.ഉടമ്പടിയുടെ വേളയിൽ പൊതുവഖ്ഫ് പൊതുജനങ്ങളെ ഉൾകൊള്ളുന്നവയായിരുന്നെങ്കിൽ

സ്വകാര്യ വഖ്ഫ് ദരിദ്രർ, അനാഥർ ഇങ്ങനെ സമൂഹത്തിലെ ഒരു വിഭാഗത്തെ കേന്ദ്രീകരിച്ചിട്ടുള്ളതായിരുന്നു.

സമൂഹത്തിൽ സാമ്പത്തികമായി താഴെ തട്ടിൽ ഉള്ളവരാണ് പൊതുവെ വഖ്ഫുകളുടെ ഗുണഭോക്താക്കളെ ങ്കിലും വഖ്ഫിന്റെ ഘടന എന്ന് പറയുന്നത് സമ്പത്തുള്ളവനെയും സ്വീകരിക്കുന്ന വിധം വിശാലമാണ്.

അതിനാൽ തന്നെ യാത്രികർക്ക് വേണ്ടി വഖ്ഫ് എന്ന നിലയിൽ നിർമിച്ച സത്രത്തിൽ ഒരേ സമയം സമ്പത്തുള്ള യാത്രക്കാരനും ദരിദ്ര്യനായ യാത്രക്കാരനും വിശ്രമിക്കുന്നു.

ഒരു ‘വഖ്ഫ് സമൂഹം’ എന്ന നിലയിൽ ഇവിടെ തീവ്ര ദാരിദ്ര്യം അനുഭവിക്കുന്നവനോ സമ്പത്ത് കുന്നുകൂട്ടി ജീവിക്കുന്നവനോ ഉണ്ടാവുന്നില്ല.

എല്ലാവരും വഖ്ഫിന്റെ ദാതാക്കളും സ്വീകർത്താക്കളും ആയിരിക്കും. ഈ ഒരു സാരാംശം പറയുന്നതാണ് ഇസ്ലാമിക് ആർടിൽ ‘വാവ്’ എന്ന അക്ഷരം. മൂന്നു വാവുകളെ ആലങ്കാരികമായി പരിചയപ്പെടുത്തുന്നു.

ഒന്നാമത്തേത് ‘വല്ലാഹി ‘(ഈ വഖ്ഫ് അല്ലാഹുവിന്റെ നാമത്തിൽ ആകുന്നു എന്നത്)യെയും രണ്ടാമത്തേത് ‘വലിയ്യ് ‘ (നടത്തിപ്പുകാരൻ, അതിലുള്ള വിശ്വാസതയും)എന്നതിനെയും ഉദ്ദേശിക്കുമ്പോൾ മൂന്നാമത്തേത് ‘വഖ്ഫ് ‘എന്ന ധർമദാന കർമത്തെ തന്നെ സൂചിപ്പിക്കുന്നു.

അറബി എഴുത്തിൽ(ഖത്വ്‌) പൊതുവെ രണ്ടു തരത്തിൽ ‘വാവ്’ എഴുതാറുണ്ട്. ഒന്ന് അക്ഷരത്തിന്റെ അറ്റം വരെ താഴോട്ട് നേരെ പോകുന്ന തരത്തിലും രണ്ടാം രീതി അക്ഷരത്തിന്റെ അഗ്രം വക്രമായി വന്ന് അക്ഷരത്തിനോട് നേരെ എതിരിടുന്നതുമാണ്.

ഇവിടെയുള്ള ആദ്യരീതി വഖ്ഫിലൂടെ സ്വത്ത് അപരന് നൽകി നമ്മുടെ ഉടമസ്ഥത കൈ ഒഴിയുന്നതും രണ്ടാം രീതി അപരനിൽ നിന്നും വഖ്ഫിലൂടെ വസ്തു സ്വീകരിക്കുന്നതും ആലങ്കാരികമായി വിവക്ഷിക്കപ്പെടുന്നു.

വഖ്ഫ് എന്ന ജീവകാരുണ്യസ്ഥാപനം ദൈവം, ജനം, സമ്പത്ത്, ക്ഷേമം എന്നിവകൾക്കിടയിൽ പരസ്പരം പിണഞ്ഞു കിടക്കുകയും സമൂഹത്തിനിടയിൽ ഉത്തരവാദിത്ത ബോധം വളർത്തുകയും ലോകത്തെ എങ്ങനെ ഒരു മികച്ച ഇടമാക്കി ഉടച്ചുവാർക്കാമെന്ന് മുസ്ലിമിനെ പഠിപ്പിക്കുകയും ചെയ്യുന്നു.

ഈ കാലയളവിൽ വഖ്ഫ് സംരഭം അതിന്റെ ഉന്നതി പ്രാപിക്കുകയും ശേഷം ഓട്ടോമൻ സാമ്രാജ്യത്വത്തിന്റെ രണ്ടാം പകുതിയിൽ വിവാദാസ്‌പദമായ രീതിയിൽ ഭൂമികളെല്ലാം പണമായി വളരുകയും ചെയ്തു.

ഇരുപതാം നൂറ്റാണ്ട് ആപത്‌കരമായ മഹാദുരന്തങ്ങളുടെ കാലമായിരുന്നു.
വേൾഡ് വാർ 1(1914-1918) ദി ഗ്രേറ്റ് ഡിപ്രഷൻ
(1929-1934) വേൾഡ് വാർ 2 (1939-1944)
കോൾഡ് വാർ (1947-1991) ഗൾഫ് വാർ(1990-1991) ബോസ്നിയൻ വംശ്യഹത്യ (1992-1995) തുടങ്ങിയ മഹായുദ്ധങ്ങൾ ലക്ഷക്കണക്കിന് മരണങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും സമൂഹത്തിനിടയിൽ മാനസികാഘാതം വളർത്തുകയും ചെയ്തു.

ഈ ആഘാതം മുസ്‌ലിം മനസ്സുകളിൽ കൂടുതൽ ശക്തമായിരുന്നു. എന്നാൽ ഇസ്‌ലാമിക ജീവകാരുണ്യ പ്രവർത്തനങ്ങൾ യഥാർത്ഥത്തിൽ തുടങ്ങുന്നത് ഇത്തരം സമൂഹത്തിന്റെ ഹൃദയങ്ങളെ കുളിർപ്പിച്ചു കൊണ്ടാവണം. ഇത്തരം ജീവകാരുണ്യ സ്ഥാപനങ്ങൾ പഠിപ്പിക്കുന്നതും സമൂഹത്തിന്റെ ധാർമികവും സാമ്പത്തികവുമായ പ്രശ്നങ്ങളുടെ മറുമരുന്ന് അപരന്റെ വേദനകളെ അറിയാൻ ശ്രമിക്കുക എന്നുള്ളതാണ്.

ഒരു സാന്ത്വനസമൂഹം ആയി എന്നുള്ളതാണ് ഇസ്‌ലാമിക സംസ്കാരത്തെ കൂടുതൽ ഭംഗിയുള്ളതും സാർവ്വലൗകികവുമാക്കി മാറ്റിയത്.

ആ നിർമാണപ്രക്രിയയിൽ വഖ്ഫ് എന്ന സ്ഥാപനം കാര്യമായ സ്ഥാനം വഹിക്കുന്നു. നമ്മുടെ പ്രിയപ്പെട്ടവകളെ അപരന്റെ ക്ഷേമത്തിനു വേണ്ടി എടുത്തു നൽകുമ്പോൾ യഥാർത്ഥത്തിൽ ഈ പ്രക്രിയയിലൂടെ വിശുദ്ധമാകുന്നത് നീയും ഞാനും മാത്രമല്ല പ്രത്യുത, ഈ ലോകം തന്നെ വിമലീകരിക്കപ്പെടുകയാണ്.

Credit : Yaqeen Institute for Islamic Research

വിവർത്തനം : റാഷിദ് ഒ കെ