നവലോക ക്രമവും ഇസ്‌ലാമും: വാലർസ്റ്റൈനിനെ വായിക്കുമ്പോൾ

സമകാലീന ചിന്തകരിൽ പ്രമുഖനും ആക്ടിവിസ്റ്റും യേൽ സർവകലാശാലയിലെ സീനിയർ ഗവേഷണ പണ്ഡിതനുമായിരുന്നു ഇമ്മാനുവെൽ വാലർസ്റ്റൈൻ (1930-2019).
അന്താരാഷ്ട്ര സാമ്പത്തിക ശാസ്ത്രം,ആഗോളരാഷ്ട്രീയം,ആന്റിസിസ്റ്റമിക് പ്രസ്ഥാനം,മൾട്ടി കൾച്ചറലിസം, ആധുനിക ലോകത്തിലെ മതങ്ങളുടെ പങ്ക് തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങളാൽ സമൃദ്ധമായിരുന്നു  അദ്ദേഹത്തിന്റെ രചനാലോകം.Chaotic Uncertainty: Reflections on Islam, the Middle East and the World System എന്നിവയാണ് അവയിൽ ചിലത്.
1950 കളിലെ ശീതയുദ്ധ കാലഘട്ടത്തിലെ അമേരിക്കൻ മക്കാർത്തി(McCarthyism)സത്തെക്കുറിച്ചായിരുന്നു വാലർസ്റ്റൈൻ തന്റെ പ്രഥമ രചന പൂർത്തിയാക്കുന്നത്.മക്കാർത്തിസം കമ്മ്യൂണിസത്തെ നേരിയ തോതിൽ എതിർക്കുകയാണെന്നും അത് “ആധുനിക യാഥാസ്ഥിതികർക്കെതിരായ”പ്രായോഗികപരമായ അവകാശത്തിനായുള്ള പദ്ധതിയാണെന്നും അദ്ദേഹം വാദിച്ചു. തന്റെ പിഎച്ച്ഡി പ്രബന്ധത്തിലൂടെ  പാശ്ചാത്യേതര സമൂഹങ്ങളിലേക്ക്, പ്രത്യേകിച്ച് ആഫ്രിക്കയിലേക്കായിരുന്നു അദ്ദേഹം ശ്രദ്ധ തിരിച്ചത് . എന്നാൽ തന്നെയും 1970 കൾ മുതൽ അദ്ദേഹത്തിന്റെ  താത്പര്യമേഖലകൾ  കൂടുതൽ വിശാലമായിത്തീരുകയും  കഴിഞ്ഞ അഞ്ഞൂറു വർഷങ്ങളിലെ  ലോക ചരിത്രത്തിലെ പ്രവർത്തനരീതികളെ ഉൾക്കൊള്ളുന്ന തരത്തിൽ വികസിക്കുകയും ചെയ്തു .”ലോകവ്യവസ്ഥാ സമീപന”(the world-systems approach)ത്തിന്  അടിത്തറയിട്ട “ആധുനിക ലോക ക്രമം ” (The Modern World System)  എന്ന അദ്ദേഹത്തിന്റെ മാസ്റ്റർപീസ് ഗ്രന്ഥത്തിന്റെ ആദ്യ വാല്യം 1974 ലാണ്  പ്രസിദ്ധീകരിച്ചത് . ഇപ്പോഴും തുടരുന്ന  ഈ പഠനത്തിലാണ്  വാലർ‌സ്റ്റൈൻ തന്റെ  വിശാലമായി നിർവചിക്കപ്പെട്ട മാർക്‌സിയൻ വ്യവസ്ഥാപരമായ വാദം (Marxian systemic argument) വികസിപ്പിച്ചെടുത്തത് .
 കഴിഞ്ഞ അഞ്ഞൂറു വർഷത്തിനുള്ളിൽ യൂറോപ്പിൽ ഒരു  ലോകവ്യവസ്ഥ ഉയർന്നുവന്നിട്ടുണ്ടെന്നും ആഗോള അസമത്വം മനസിലാക്കാൻ ആഗോളതലത്തിൽ തന്നെ  ചിന്തിക്കേണ്ടതുണ്ടെന്നും  വാലർസ്റ്റീനിന്റെ ലോക ക്രമ സിദ്ധാന്തം ( world-systems theory)പ്രതിഫലിപ്പിക്കുന്നുണ്ട്. ഈ ലോകവ്യവസ്ഥ മുൻ സാമ്രാജ്യത്വ സാമ്പത്തിക-രാഷ്ട്രീയ വ്യവസ്ഥകളിൽ നിന്ന് വ്യത്യസ്തമായി ഏതെങ്കിലുമൊരു പ്രത്യേക സാമ്രാജ്യത്തിൽ നിന്നോ  രാജ്യത്തിൽ നിന്നോ ഉയർന്നുവന്നതല്ല എന്നും  സ്വതന്ത്രമായി പരിണമിച്ചതാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു . ഈ വ്യവസ്ഥയുടെ പ്രധാന പൈതൃകം (പടിഞ്ഞാറൻ)യൂറോപ്പ് , ക്രിസ്ത്യാനിസം എന്നിവയിൽ നിന്നാണ്. ആധുനിക യൂറോപ്യൻ കൊളോണിയലിസവുമായി ബന്ധപ്പെട്ടിരിക്കുന്ന ഈ പ്രക്രിയ പത്തൊൻപതാം നൂറ്റാണ്ടിൽ മൂന്ന് വിധത്തിലുള്ള  രാജ്യങ്ങളെ സൃഷ്ടിക്കാൻ സഹായിച്ചുവെന്നും വാലർ‌സ്റ്റൈൻ പറയുന്നു . “Core”,”periphery”, ” semi-periphery” എന്നാണ് പ്രസ്തുത മൂന്ന് തരത്തിലുള്ള രാഷ്ട്രങ്ങളെ അദ്ദേഹം വിശേഷിപ്പിക്കുന്നത് . Core അഥവാ പ്രധാന രാജ്യങ്ങൾ “വികസിത” പാശ്ചാത്യ രാജ്യങ്ങളായ ഇംഗ്ലണ്ട്, ഫ്രാൻസ്, യുണൈറ്റഡ് സ്റ്റേറ്റ്സ് പോലെത്തവയെയും   periphery,semi-periphery  രാജ്യങ്ങൾ മിക്കവാറും എല്ലാ പാശ്ചാത്യേതര “അവികസിത അല്ലെങ്കിൽ വികസ്വര” രാജ്യങ്ങളെയുമാണ് പ്രതിനിധീകരിക്കുന്നത് . അത്തരം രാജ്യങ്ങളുടെ പ്രധാന പ്രവർത്തനം/ധർമം അസംസ്കൃത വസ്തുക്കൾ  Core രാജ്യങ്ങൾക്ക് പ്രദാനം ചെയ്യുകയെന്നതാണ്.  ഈ സമ്പ്രദായത്തിൽ, ഒരു രാജ്യത്തിന് periphery  നിന്ന് core ‘ബിരുദം’  നേടുന്നത് മിക്കവാറും അസാധ്യമാണെന്നും വാല്ലർ‌സ്റ്റൈൻ നിരീക്ഷിക്കുന്നു.വാലർ‌സ്റ്റൈനിന്റെ സിദ്ധാന്തത്തെ യൂറോ കേന്ദ്രീകൃതമായി കണക്കാക്കാമെങ്കിലും അത് ലോകത്തിൽ നിലനിൽക്കുന്ന  അവശ്യവാദ- വംശീയ- സാംസ്കാരിക തലങ്ങളിലുള്ള നാഗരിക വിഭാഗങ്ങളെയല്ല  പ്രതിനിധീകരിക്കുന്നത് എന്നത് കൊണ്ട് തന്നെ ഇപ്പോഴും അതിനെ ഓറിയന്റലിസ്റ്റ് വിരുദ്ധമാണെന്ന് വായിക്കപ്പെട്ടിട്ടുണ്ട് .
രാഷ്ട്രങ്ങളെ “മൂന്നാം ലോകം”എന്ന് തരംതിരിക്കുന്ന ആശയത്തെ വാലർ‌സ്റ്റൈൻ എതിർക്കുന്നുണ്ട് . സങ്കീർണ്ണമായ സാമ്പത്തിക സാംസ്കാരിക ശൃംഖലകളാൽ സംയോജിപ്പിക്കപ്പെട്ട ഒരു ലോകം മാത്രമേയുള്ളൂ എന്ന് അദ്ദേഹം വാദിക്കുന്നു. ഖൽദോൻ സമാൻ(Khaldoun Samman ),മസ്ഹർ അൽ-സോബി(Mazhar Al-Zo’by)യും “Islam, Orientalism and the World-System” എന്ന ഗ്രന്ഥത്തിൽ സൂചിപ്പിക്കുന്നത് പോലെ,എല്ലാ നാഗരികതകളും ഒരു ആധുനികതയുടെ കണ്ടുപിടുത്തമാണെന്ന് വാദിക്കുന്നതിലൂടെ വാലർ‌സ്റ്റൈനിന്റെ ലോക വ്യവസ്ഥ വിശകലനം രാജ്യങ്ങൾ തമ്മിൽ സൃഷ്ടിക്കപ്പെട്ട ഈ വ്യത്യാസത്തിന്റെ  അടിസ്ഥാനപരമായ ആശയത്തെ വെല്ലുവിളിക്കുകയായിരുന്നു.
1968 ലെ ലോക വിപ്ലവം ഇക്കാല ഘട്ടം ലോകമെമ്പാടും സാമൂഹിക-രാഷ്ട്രീയ  സംഘർഷങ്ങൾ അരങ്ങേറിയിരുന്നു  പ്രധാനമായും സൈനിക-ബ്യൂറോക്രാറ്റിക്- വരേണ്യവർഗവിരുദ്ധത ജനകീയകലാപങ്ങളുടെ സവിശേഷതയായിരുന്നു.
അവർ രാഷ്ട്രീയ അടിച്ചമർത്തലിനെതിരെ തീവ്രതയോടെയാണ്  പ്രതികരിച്ചത്. നിലവിൽ  മുതലാളിത്ത ലോകവ്യവസ്ഥ  ഘടനാപരമായ വലിയ  പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് വാലർസ്റ്റൈൻ അഭിപ്രായപ്പെടുന്നു.
ഈ മുതലാളിത്ത വ്യവസ്ഥയെ എങ്ങനെ മാറ്റിസ്ഥാപിക്കാമെന്നതിനെ സംബന്ധിച്ച് വിശകലനം  ചെയ്യുന്ന സമീപകാല രചനകളിൽ കൂടുതൽ  ഊർജ്ജവും സമയവും വാലർസ്റ്റൈൻ ചെലവഴിച്ചിട്ടുണ്ടെന്ന് കാണാൻ സാധിക്കും.
തന്റെ എല്ലാ രചനകളുടെയും അവസാനഭാഗങ്ങളിൽ ലോക വ്യവസ്ഥിതിയുടെ വ്യവസ്ഥാപരമായ പ്രതിസന്ധിയുടെ പ്രശ്നവുമായി അദ്ദേഹം തന്റെ ചർച്ചകളെ
ബന്ധിപ്പിക്കുകയും ഈ വ്യവസ്ഥയുടെ പരിഹരിക്കാനാവാത്ത  തകർച്ചയെക്കുറിച്ചുള്ള തന്റെ അർദ്ധ പ്രവചനം ആവർത്തിക്കുകയും ചെയ്യുന്നുണ്ട്.
       2000 ത്തിന്റ  തുടക്കത്തിൽ അദ്ദേഹം തന്റെ വെബ്‌സൈറ്റിൽ (https://www.iwallerstein.com)  പൊതുതാൽപര്യാർഥമുള്ള  വ്യാഖ്യാനങ്ങൾ അടങ്ങിയതും മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, വടക്കൻ, തെക്കേ അമേരിക്ക തുടങ്ങി ആഗോള കാര്യങ്ങളുടെ വിവിധ വശങ്ങളെ സ്പർശിക്കുന്നതുമായ രചനകൾ പ്രസിദ്ധീകരിക്കാൻ ആരംഭിച്ചിരുന്നു. ഈ വെബ്‌സൈറ്റിലൂടെ സമകാലിക ലോക ക്രമത്തെ പ്രതിഫലിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന്  വാലർസ്റ്റൈൻ വിശദീകരിക്കുന്നത് കാണാം . അവ ബ്രേക്കിംഗ് ന്യൂസ് വായനകൾക്കുമപ്പുറം ദീർഘകാലത്തേക്കുള്ള തൻ്റെ നിരീക്ഷണങ്ങളായി സ്വരുക്കുട്ടി വെക്കാനാണ് അദ്ദേഹം ലക്ഷ്യം വെച്ചിരുന്നത് .
അദ്ദേഹത്തിന്റെ നിരീക്ഷണത്തിൽ  സമകാലിക ലോകത്തെ ഓരോ രാഷ്‌ട്രീയ-സാമ്പത്തിക സംഘട്ടനങ്ങളും സ്തംഭനാവസ്ഥ പ്രകടമാക്കുന്നതിൻ്റെയും  മുതലാളിത്തവ്യവസ്ഥയുടെ തകർച്ച വാഗ്ദാനം  ചെയ്യുന്നതിൻ്റെയും  അടയാളമാണ്.
തൻ്റെ  സിദ്ധാന്തങ്ങളിലൂടെ  ദൈനംദിന കാര്യങ്ങൾ എങ്ങനെ വിശദീകരിക്കാമെന്നും സമകാലിക ആഗോള സാമ്പത്തിക, രാഷ്ട്രീയ, സാംസ്കാരിക സംഭവങ്ങളെ  എങ്ങനെ സൂക്ഷ്മമായി നിരീക്ഷിക്ക്കാമെന്നും വാലർസ്റ്റീന്റെ ഇത്തരം  വ്യാഖ്യാനങ്ങൾ വെളിപ്പെടുത്തുന്നുണ്ട് .
ഏഷ്യ,ലാറ്റിൻ അമേരിക്ക മുതൽ മിഡിൽ ഈസ്റ്റ് വരെ , ലോകത്തിന്റെ നാല് കോണുകളിലും സ്ഥാപിച്ച വ്യക്തിപരവും സജീവവുമായ സുഹൃദ്‌ബന്ധങ്ങളിലൂടെ ലഭിക്കുന്ന അറിവുകൾ ഏത് തരത്തിലാണ് അദ്ദേഹം ഉപയോഗപ്പെടുത്തുന്നതെന്ന് വാലർസ്റ്റീനിൻ്റെ ഗ്രന്ഥങ്ങൾ വെളിപ്പെടുത്തുന്നുണ്ട് . 
                        രാഷ്ട്രീയ ചരിത്രത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവിൽ നിന്നും, മിക്കവാറും കുറ്റമറ്റ റഫറൻസുകൾ, സ്വയം നിലനിൽക്കുന്ന സിദ്ധാന്തങ്ങൾ എന്നിവ മുഖേനെയാണ് വാലർസ്റ്റൈന്റെ വിശകലനങ്ങൾ മുന്നോട്ട്ഗമിക്കാറുള്ളത്.
ഇത്തരം വായന കളിൽ  ഇസ്‌ലാമിനെക്കുറിച്ചുള്ള വാലർസ്റ്റൈന്റെ ലേഖനങ്ങളിൽ  ഇസ്‌ലാം – മിഡിൽ ഈസ്റ്റ് എന്നിവയെ സംബന്ധിച്ചും അവയുമായി ബന്ധപ്പെട്ട ആഗോളവികാസങ്ങളെ കുറിച്ചുള്ളതുമായ  വ്യത്യസ്ത വ്യാഖ്യാനങ്ങൾ കാണാൻ സാധിക്കും.
ഇതിൽ തിരഞ്ഞെടുത്ത വ്യാഖ്യാനങ്ങൾ  ഇസ്ലാം;മിഡിൽ ഈസ്റ്റും ആഫ്രിക്കയും,ഇസ്‌ലാം; യുണൈറ്റഡ് സ്റ്റേറ്റ്സും ലാറ്റിൻ അമേരിക്കയും, ഇസ്‌ലാം; യൂറോപ്പും ഏഷ്യയും, ഇസ്‌ലാമും ലോകവ്യവസ്ഥയും എന്നീ നാല് തലക്കെട്ടുകൾക്ക് കീഴിലാണ് ക്രമീകരിച്ചിട്ടുള്ളത്.വാലർ‌സ്റ്റൈന്റെ രചനകൾ‌ അവതരിപ്പിക്കുന്നതിനുമുമ്പ്, തൻ്റെ  ലോകവ്യവസ്ഥാ സിദ്ധാന്തത്തെ  ഇസ്‌ലാമുമായി ബന്ധിപ്പിച്ചുള്ള അദ്ദേഹത്തിന്റെ ആശയങ്ങൾ സംക്ഷിപ്തമായി ചർച്ച ചെയ്യേണ്ടതുണ്ട് .

വാലർസ്റ്റൈനും ഇസ്‌ലാമും

സമർത്ഥനായ ഒരു എഴുത്തുകാരനാണെങ്കിൽ തന്നെയും, ഇസ്‌ലാമുമായും മുസ്‌ലിംകളുമായും വാലർസ്റ്റീന്റെ ഇടപഴകൽ പരിമിതമാണ്.കഴിഞ്ഞ രണ്ട് ദശകങ്ങളിലോ മറ്റോ മാത്രമാണ്  ഇസ്‌ലാമിലേക്കും  മിഡിൽ ഈസ്റ്റിലേക്കും അദ്ദേഹത്തിൻ്റെ ശ്രദ്ധ  തിരിഞ്ഞത്. തന്റെ ലോക വ്യവസ്ഥ സിദ്ധാന്തത്തിൽ ഇസ്‌ലാമിന്റെ സ്ഥാനത്തെക്കുറിച്ച് നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ സിദ്ധാന്തം പ്രാഥമികമായി ഒരു സാമ്പത്തിക സിദ്ധാന്തമായതിനാൽ, മിക്കപ്പോഴും അദ്ദേഹം ഇസ്‌ലാമിനെ ഒരു സ്വയം പ്രചോദിത സ്വതന്ത്ര വേരിയബിളിനേക്കാൾ ആശ്രിത വേരിയബിളായാണ്  കണക്കാക്കുന്നത്.ഒരു പൂർവ്വാധുനിക കാലഘട്ടത്തിൽ മുസ്‌ലിംകൾ സൃഷ്ടിച്ച ഒരു വ്യവഹാരാധിഷ്ഠിത ലോകവ്യവസ്ഥയെ മനസ്സിലാക്കാനാവാത്തതിനാലാണ് ഈ നിരീക്ഷണവൈകൃതം വാലർസ്റ്റൈനിന്  സംഭവിച്ചതെന്ന് ഇവിടെ  വിശ്വസിക്കേണ്ടി വരും. ആധുനിക മുതലാളിത്ത ലോകവ്യവസ്ഥ ലോകസാമ്രാജ്യം ഇല്ലാതെ നീണ്ടുനിൽക്കുന്ന ആദ്യത്തെ ലോകവ്യവസ്ഥയല്ലെന്നും പത്താം നൂറ്റാണ്ടോടെ അബ്ബാസിഡ് ഭരണകൂടത്തിന്റെ തകർച്ചയെത്തുടർന്നുള്ള  നൂറ്റാണ്ടുകളിൽ ഇസ്‌ലാമിക  സമൂഹം അത്തരമൊരു ലോകവ്യവസ്ഥ വികസിപ്പിച്ചെടുത്തിരുന്നുവെന്നും ജോൺ ഓ. വോൾ Journal of World History ൽ പ്രസിദ്ധീകരിച്ച തൻ്റെ സെമിനൽ ലേഖനത്തിൽ പരാമർശിക്കുന്നത് ഈ നിരീക്ഷണത്തെ സാധൂകരിക്കുന്നുണ്ട്. ഈ സാമ്രാജ്യേതര ലോകവ്യവസ്ഥ ലോക സമ്പദ്‌വ്യവസ്ഥയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നില്ലെന്നും ചരക്ക് കൈമാറ്റത്തിന് പകരം വിശാലമായ ഒരു സമൂഹത്തെ അടിസ്ഥാനമാക്കിയുള്ള, ഇടപെടലുകളാൽ ബന്ധിപ്പിക്കപ്പെടുന്ന   ഒരു വ്യവഹാരത്തെ അടിസ്ഥാനമാക്കിയുള്ള ലോകവ്യവസ്ഥയായിരുന്നു അതെന്നും വോൾ പറയുന്നുണ്ട്.
    തുടക്കത്തിൽ ലോകവ്യവസ്ഥയ്ക്കുള്ളിലെ ആന്റിസിസ്റ്റമിക് പ്രസ്ഥാനങ്ങളിലൊന്നായിട്ടാണ്  ഇസ്‌ലാമിനെ വാലർസ്റ്റൈൻ കണക്കാക്കിയത് . അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ അടിച്ചമർത്തപ്പെട്ടവരുടെ ആധുനിക ആന്റിസിസ്റ്റമിക് പ്രസ്ഥാനങ്ങൾ പത്തൊൻപതാം നൂറ്റാണ്ടിൽ ഉയർന്നുവന്ന് ഇന്നും തുടരുന്നു.
വാല്ലർ‌സ്റ്റൈനെ സംബന്ധിച്ചിടത്തോളം ഇസ്‌ലാമിക പ്രസ്ഥാനങ്ങൾ ( ഇസ്‌ലാമിസം, പൊളിറ്റിക്കൽ ഇസ്‌ലാം, അല്ലെങ്കിൽ ഇസ്‌ലാമിക മതമൗലികവാദം എന്നിങ്ങയൊക്കെ വാലർ‌സ്റ്റൈൻ ഉപയോഗിച്ചു കാണുന്നു ) ലോകസംവിധാന(World System)ത്തിനെതിരായ ഏറ്റവും പുതിയ പ്രതിരോധ പ്രസ്ഥാനങ്ങളാണ്.
ഇവിടെ മുൻ‌കാല കൊളോണിയൽ വിരുദ്ധ മുസ്‌ലിം വ്യക്തികളെയും ജമാലുദ്ദീൻ  അഫ്ഗാനി,മുഹമ്മദ് അബ്ദു, മുഹമ്മദ് ഇക്ബാൽ തുടങ്ങിയവരെയും  വാലർ‌സ്റ്റൈൻ അവഗണിക്കുന്നതും നിരാകരിക്കുന്നതും നമുക്ക് കാണാൻ സാധിക്കും.
പകരം ഇരുപതാം നൂറ്റാണ്ടിലാണ്  പ്രധാനമായും വാലർ‌സ്റ്റൈൻ താൻ പറയുന്ന ഈ  ഇസ്‌ലാമിക  പ്രതിരോധം സ്ഥാപിച്ചെടുക്കുന്നത്.
പുതിയ ലോകവ്യവസ്ഥയിൽ സ്വയം നിയന്ത്രിക്കുന്ന മാർക്കറ്റ് സംവിധാനങ്ങളുടെ ഭാഗമായി  യൂറോപ്യൻ ശക്തികൾ ഓട്ടോമൻ – ദക്ഷിണേഷ്യൻ ഭൂമിശാസ്ത്രങ്ങളിൽ അടിച്ചേൽപ്പിക്കുന്നതിന്റെ ഫലങ്ങളോടുള്ള പ്രതികരണങ്ങളായാണ്   രാഷ്ട്രീയ ഇസ്‌ലാമും രാഷ്ട്രീയഹിന്ദുവും നിർമിക്കപ്പെട്ടത് ഗണേഷ് ത്രിചൂരിൻ്റെ നിരീക്ഷണങ്ങളോട് ഇത് കിടപിടിക്കുന്നുണ്ട്.
പഴയതും നിലവിലുള്ളതുമായ ഇസ്‌ലാമിക സമൂഹങ്ങളുടെ ചരിത്രം അവതരിപ്പിക്കുന്നതിൽ വാലർ‌സ്റ്റൈൻ ചില വസ്തുതാപരമായ തെറ്റുകൾ വരുത്തിയിട്ടുണ്ടെങ്കിലും അവരുടെ പാതകളെക്കുറിച്ചും അവരുടെ ജനങ്ങളുടെ കഥകളെക്കുറിച്ചും തൻ്റെ ലോകവ്യവസ്ഥയുമായി കൂട്ടി വായിക്കുമ്പോൾ അദ്ദേഹത്തിന് ശ്രദ്ധേയമായ ചില ഉൾക്കാഴ്ചകളുണ്ട് എന്ന് വായിക്കപ്പെട്ടിട്ടുണ്ട് .
           കമ്മ്യൂണിസം കൊളോണിയൽ വിരുദ്ധ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങൾ എന്നിവപോലുള്ള മറ്റ് ആന്റിസിസ്റ്റമിക് പ്രസ്ഥാനങ്ങളെപ്പോലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളെയും  എത്രയും വേഗം/അല്ലെങ്കിൽ പിന്നീട് ലോകവ്യവസ്ഥയിൽ ഉൾപ്പെടുത്തണമെന്ന് വാലർ‌സ്റ്റൈൻ ആവിശ്യപ്പെടുകയും  വാദിക്കുകയും  ചെയ്യുന്നുണ്ട്.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മുൻ ആന്റിസിസ്റ്റമിക് പ്രസ്ഥാനങ്ങൾ പിന്തുടർന്ന അതേ രീതികളാണ് ഇസ്‌ലാമിക  രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പിന്തുടരുന്നത് എന്ന് അദ്ദേഹം കണ്ടെത്തുന്നുണ്ട്.
ഇസ്‌ലാമിക  പ്രസ്ഥാനങ്ങളുടെ  ‘ചരിത്രപരമായ ഉയർച്ച, ആപേക്ഷികമല്ലാത്തതായ പൂർണ്ണ വിജയം, അവരുടെ യഥാർത്ഥ രാഷ്ട്രീയ പരാജയം, തുടർന്നുള്ള നിരാശ, ബദൽ തന്ത്രങ്ങൾക്കായുള്ള തിരയൽ ‘എന്നിവയിൽ അദ്ദേഹം ചില സാമ്യതകൾ കണ്ടെത്തുന്നതും കാണാം.അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഈ സംഭവവികാസങ്ങളെല്ലാം ആധുനിക ലോകവ്യവസ്ഥയുടെ ചരിത്രപരമായ വികാസത്തിന്റെ ഭാഗമാണ്.
“പടിഞ്ഞാറിനെയും ഇസ്‌ലാമിനെയും രണ്ട് വിരുദ്ധ നാഗരികതകളായി” കാണുന്ന സാമുവൽ ഹണ്ടിംഗ്‌ടൺ “ഓറിയന്റലിസം പാശ്ചാത്യ ലോകം പ്രത്യയശാസ്ത്രപരമായ കാരണങ്ങളാൽ സ്ഥാപിച്ച തെറ്റായ നിർമ്മിതിയായി” കാണുന്ന എഡ്വേർഡ് സെയ്ദ് എന്നിവരിൽ നിന്ന് വ്യത്യസ്തമായി വാലർസ്റ്റൈൻ മറ്റൊരു ചോദ്യവുമായിട്ടാണ്  ഇസ്‌ലാമിനെ സമീപിക്കുന്നത്.
അതിങ്ങനെയാണ് : ” ഇസ്‌ലാമിന്റെ ആവിർഭാവത്തിനുശേഷം എന്തുകൊണ്ടാണ് ക്രൈസ്തവ ലോകം ഇസ്‌ലാമിക ലോകത്തെ അവർക്കായുള്ള പ്രത്യേകരാക്ഷസതയായി വിശേഷിപ്പിക്കുന്നത്?”പടിഞ്ഞാറിന്  പൈശാചികതയില്ലാതെ ചെയ്യാൻ കഴിയുമോ എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.
             എന്നിരുന്നാലും പ്രമാണപരമായ സംവാദങ്ങൾക്കപ്പുറം  ഇസ്‌ലാമും ക്രിസ്തുമതവും തമ്മിലുള്ള സംഘർഷത്തിന് മറ്റൊരു ഉറവിടം കൂടി ഉണ്ടായിരുന്നുവെന്ന് വാലർ‌സ്റ്റൈൻ അവകാശപ്പെടുന്നു.അത്  ആശയങ്ങളെക്കുറിച്ചും അധികാരത്തെയും വിഭവങ്ങളെയും സംബന്ധിച്ചുള്ളതായിരുന്നില്ല.
വിശാലമായ ഭൂപ്രദേശങ്ങൾ, വിഭവങ്ങൾ, ജനസംഖ്യ എന്നിവയിലെ മേൽക്കോയ്മക്കായി ക്രിസ്ത്യൻ ലോകവും ഇസ്‌ലാമിക  ലോകവും പോരാടുകയായിരുന്നുവെന്നതും പരസ്പരം പ്രധാന സൈനിക ഭീഷണിയെ പ്രതിനിധാനം ചെയ്തുവെന്നതും ശരിയാണ്.
ഈ ചരിത്രപരമായ സംഭവവികാസങ്ങളെല്ലാം ആധുനിക ലോകവ്യവസ്ഥയ്ക്ക് വഴിയൊരുക്കി.എന്നാൽ, ലോകവ്യവസ്ഥാ സിദ്ധാന്തത്തിൽ മതത്തിന്റെ പങ്ക് എന്താണ് എന്ന് മനസ്സിലാക്കിയാൽ മാത്രമെ വാലർ‌സ്റ്റൈൻ പറയുന്ന ഉറവിടം മനസ്സിലാവുകയുള്ളു.
1500 നും 1970 നും ഇടയിൽ മതപരമായ ബന്ധങ്ങൾ  ക്രമാനുഗതമായി കുറയുന്നതോടൊപ്പം രാഷ്ട്രീയ ഘടനകളിൽ വലിയ അളവിലുള്ള മതേതരവൽക്കരണത്തോടെയാണ്  ലോകവ്യവസ്ഥ നന്നായി പ്രവർത്തിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. ആധുനിക കാലഘട്ടത്തിന്റെ തുടക്കത്തിൽ, പ്രത്യേകിച്ചും ഓട്ടോമൻ ശക്തിയുടെ ഉന്നതിയിൽ യൂറോപ്പിനെ ഉപരോധിക്കുന്ന ഒരു യൂറോപ്യൻ വിരുദ്ധ ശക്തിയായി ഇസ്‌ലാമിനെ കണ്ടുതുടങ്ങി. എന്നാൽ  യൂറോപ്പ് കിഴക്കുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടൽ ഒഴിവാക്കുകയായിരുന്നു.
        പതിനാറാം പതിനേഴാം നൂറ്റാണ്ടുകളിൽ യൂറോപ്പിന്റെ പ്രാരംഭ വികാസം ഇസ്‌ലാമിക  ലോകത്തെ അല്ലെങ്കിൽ കുറഞ്ഞത്  മിഡിൽ ഈസ്റ്റിലെ coreനെ മറികടന്നു.ഇന്ത്യൻതീരം ചിന്തിച്ച് സഞ്ചരിച്ച  യൂറോപ്പ് പകരം അമേരിക്കയിലേക്കാണ് എത്തിച്ചേർന്നത്. എന്നാൽ ഏഷ്യയിലെ സമ്പത്ത് അന്വേഷിച്ച് ആഫ്രിക്കയെ പ്രദക്ഷിണം ചെയ്ത് അവർ  ഏഷ്യയിലെത്തി. ഇസ്‌ലാമിക  ലോകം തകർക്കുന്നതിനെക്കാൾ യൂറോപ്പിന് എളുപ്പം അതായിരുന്നുവെന്ന് വാല്ലർ‌സ്റ്റൈൻ പറയുന്നു.എന്നാൽ യൂറോപ്യൻജ്ഞാനോദയകാലഘട്ടത്തിൽ പാശ്ചാത്യർക്ക് മറ്റ് അജണ്ടകളുണ്ടായിരുന്നുവെന്നും ഇസ്‌ലാം മുമ്പത്തെപ്പോലെ എപ്പോഴും യൂറോപ്പിലെ രാഷ്ട്രീയ വ്യവഹാരത്തിന്റെ കേന്ദ്രമായിരുന്നില്ല എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു .

ഇരുപതാം നൂറ്റാണ്ടിലെ മതത്തിന്റെ  പങ്ക്

ഇരുപതാം നൂറ്റാണ്ടിൽ മതത്തിന്റെ പങ്ക് പൊതുമേഖലയിലും രാഷ്ട്രീയത്തിലും  നിയന്ത്രിക്കപ്പെട്ടിരുന്നുവെന്നും പ്രധാനമായും യൂറോപ്യൻ രാജ്യങ്ങൾ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾ ലോകമെമ്പാടുമുള്ള മറ്റ് പുതിയ ദേശീയ രാഷ്ട്രങ്ങൾ എന്നിവയിലായിരുന്നു  കൂടുതലായി ഇത് പ്രകടമായതെന്നും വാലർ‌സ്റ്റൈൻ എഴുതുന്നുണ്ട്.അതിനിടയിൽ  പാൻ-യൂറോപ്യൻ ലോകത്തെ മൂന്ന് “അർദ്ധ കോളനിവത്കൃത” പ്രദേശങ്ങൾ വെല്ലുവിളിച്ചുവെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.അവ സോവിയറ്റ് യൂണിയൻ, ചൈനീസ് പീപ്പിൾസ് റിപ്പബ്ലിക്, ഇസ്‌ലാം എന്നിവയായിരുന്നു . യൂറോപ്യൻ വ്യവഹാരഭാവനയിലെ “പിശാചുക്കളായിരുന്നു” അവയെന്നും  വാലർ‌സ്റ്റൈൻ കൂട്ടിച്ചേർക്കുന്നുണ്ട് .
          രണ്ടാം ലോക മഹായുദ്ധാനന്തര കാലഘട്ടത്തിൽ മതമേഖല പൊതുമേഖലയിൽ നിന്ന് പിന്മാറിയത് 1970 കളുടെ ആരംഭം വരെ നീണ്ടുനിന്നു.”1945 മുതൽ 1970 വരെയുള്ള കാലഘട്ടം ലോകമെമ്പാടുമുള്ള വളരെ ഉയർന്ന മൂലധന ശേഖരണവും അമേരിക്കയുടെ ഭൗമരാഷ്ട്രീയ മേധാവിത്വവുമായിരുന്നു.ഭൗതിക സംസ്കാരം,കേന്ദ്രീകൃത ലിബറലിസം ഭരണ പ്രത്യയശാസ്ത്രമെന്ന നിലയിൽ അതിന്റെ തീവ്രതയിലായിരുന്നു. മുതലാളിത്തം ഒരിക്കലും പ്രവർത്തിക്കുന്നതായി തോന്നുകയില്ലായിരുന്നു.”ഈ കാലഘട്ടത്തിൽ മതത്തിന്റെ ദുർബലത മൂന്ന് പ്രധാനഘട്ടങ്ങളിൽ കാണാൻ കഴിയും: അതിലൊന്നായ ശീതയുദ്ധം,പ്രധാനമായും മതവിശ്വാസത്തേക്കാൾ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ അടിസ്ഥാനത്തിലാണ് കാര്യങ്ങൾ രൂപപ്പെടുത്തിയത്.”ചേരിചേരാ”രാജ്യങ്ങളിൽ അരങ്ങേറിയ, കൂടുതലും മതേതരവും  പൗരോഹിത്യവിരുദ്ധവുമായിരുന്ന ദേശീയ വിമോചന പ്രസ്ഥാനങ്ങളായിരുന്നു അടുത്തത്.  ഭരണകൂട മതേതരത്വത്തിനെതിരായ ചെറുത്തുനിൽപ്പിന്റെ തകർച്ചയായിരുന്നു അവസാനത്തേതെന്ന് വാലർ‌സ്റ്റൈൻ പറയുന്നു.
1966-70 കാലഘട്ടത്തിൽ നടന്ന ലോക വിപ്ലവത്തിന് രണ്ട് പ്രധാന ഫലങ്ങൾ ലഭിച്ചുവെന്നും അവ  ഭൗമ സംസ്കാരത്തിലെ ഏക നിയമാനുസൃത പ്രത്യയശാസ്ത്രമെന്ന നിലയിൽ കേന്ദ്രീകൃത ലിബറലിസത്തിന്റെ (1848-1968) വളരെക്കാലത്തെ ആധിപത്യത്തിന്റെ അവസാനവും പഴയ ഇടതുപക്ഷം  എല്ലായിടത്തും സ്വന്തംപ്രസ്ഥാനങ്ങളാൽ തങ്ങൾ  ആന്റിസിസ്റ്റമിക് അല്ലെന്ന് വാദിച്ചതുമായിരുന്നുവെന്ന്  വാലർ‌സ്റ്റൈൻ ചൂണ്ടിക്കാട്ടുന്നു.
         1970 കൾക്കുശേഷം, ലോകവ്യവസ്ഥയിൽ മൂന്ന് അടിസ്ഥാന മാറ്റങ്ങളുണ്ടായെന്നും വാലർ‌സ്റ്റൈൻ അഭിപ്രായപ്പെടുന്നുണ്ട് . ശീതയുദ്ധത്തിന്റെ അവസാനം പഴയ ഇടതുപക്ഷ ആന്റിസിസ്റ്റമിക് പ്രസ്ഥാനങ്ങളുടെ തകർച്ച, ആഗോള സാമ്പത്തിക സ്തംഭനാവസ്ഥ എന്നിവയായിരുന്നു അത്.
ശീതയുദ്ധത്തിന്റെ അവസാനം യുഎസും സോവിയറ്റ് യൂണിയനും  പരമ്പരാഗത സഖ്യങ്ങൾക്ക് അറുതി വരുത്തുകയും  പുതിയ രൂപത്തിലുള്ള സഖ്യങ്ങൾ നിലവിൽ വരികയും ചെയ്തു.
രണ്ടാമതായി, കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളിലൂടെയോ സാമൂഹിക-ജനാധിപത്യ പ്രസ്ഥാനങ്ങളിലൂടെയോ ലോകമെമ്പാടുമുള്ള ദേശീയ വിമോചന പ്രസ്ഥാനങ്ങളിലൂടെയോ അധികാരത്തിൽ വന്ന പഴയ ഇടതുപക്ഷം എല്ലാം മെച്ചപ്പെട്ട സമൂഹം സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടു എന്നതാണ്.
വാസ്തവത്തിൽ, നിലവിലുള്ള വ്യവസ്ഥ നിലനിർത്താൻ പഴയ ഇടതുപക്ഷം സഹായിച്ചു; ഈ പരാജയം 1968 ലെ ലോക വിപ്ലവത്തിന്റെ പ്രധാന പ്രത്യാഘാതങ്ങളിലൊന്നായിരുന്നു . അവസാനമായി, മുതലാളിത്ത ലിബറലിസ്റ്റ് ലോക-സാമ്പത്തിക വ്യവസ്ഥ ആഴത്തിലുള്ള ഘടനാപരമായ പ്രതിസന്ധി നേരിടാൻ തുടങ്ങി.
അത് നിലവിലെ പ്രത്യയശാസ്ത്രത്തിന് പകരം”നവലിബറലിസ”ത്തിന്  ഇടം നൽകുകയായിരുന്നു.  
 വാലർ‌സ്റ്റൈനെ സംബന്ധിച്ചിടത്തോളം ഈ കുഴപ്പകരമായ അന്തരീക്ഷം  ഹിന്ദുക്കൾ, ജൂതന്മാർ, ക്രിസ്ത്യാനികൾ, മുസ്‌ലിംകൾ എന്നിവർക്കിടയിൽ മത മൗലികവാദത്തിന് കാരണമായിത്തീരുകയായിരുന്നു. കൂടാതെ ചരിത്രപരവും പ്രമാണപരവുമായ വ്യത്യാസങ്ങൾക്കിടയിലും മത മൗലികവാദ പ്രസ്ഥാനങ്ങൾ ചില പൊതു സ്വഭാവവിശേഷങ്ങൾ പങ്കുവെക്കുന്നുവെന്ന് വാലർസ്റ്റൈൻ കരുതുന്നുണ്ട്. ഉദാഹരണത്തിന് ഓരോരുത്തർക്കും രാഷ്ട്ര ഉപകരണ(state apparatuses)ങ്ങളുമായി വളരെ “സങ്കീർണ്ണമായ ബന്ധം” ഉണ്ടെന്ന്  വാലർസ്റ്റൈൻ വിശ്വസിക്കുന്നു.മതത്തിൽ നിന്ന് തങ്ങളുടെ നിയമസാധുത നേടിയെടുക്കുകയും മതേതര വിരുദ്ധവും ആന്റി- സ്റ്റാറ്റിസ്റ്റുമായ തത്ത്വങ്ങൾ ഉൾക്കൊള്ളുകയും ചെയ്യുന്നുവെന്ന് മൗലികവാദികൾ  അവകാശപ്പെടുന്നുണ്ടെങ്കിലും തങ്ങളുടെ അധികാരം മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാൻ ഈ അധികാരം ഉപയോഗിക്കുന്നതിന് അവർ “ഭരണകൂട അധികാരം നേടാൻ എല്ലാവിധത്തിലും ആഗ്രഹിക്കുന്നു”വെന്നതാണ് വിരോധാഭാസമെന്ന് അദ്ദേഹം രേഖപ്പെടുത്തുന്നുണ്ട് . ആളുകൾക്ക് “അടിസ്ഥാന സാമൂഹിക സേവനങ്ങൾ നൽകാനുള്ള ബാധ്യതകളിൽ രാഷ്ട്രങ്ങൾ പരാജയപ്പെട്ടു”എന്നാരോപിക്കുന്ന ഇത്തരം മൗലികവാദികൾ  സ്കൂളുകൾ, ആശുപത്രികൾ, ചാരിറ്റി ഓർഗനൈസേഷനുകൾ തുടങ്ങിയ ബദൽ ”പാരാ സ്റ്റാറ്റൽ സ്ഥാപനങ്ങൾ’ സൃഷ്ടിക്കുകയും സാധ്യമായ എല്ലാ വിധത്തിലും ജനങ്ങളെ സഹായിക്കാനും പഠിപ്പിക്കാനും സഹായിക്കുന്നുമുണ്ട് . ആവശ്യമുള്ളവർക്ക് വിപുലമായ സാമൂഹിക സേവനങ്ങൾ നൽകുന്നതിൽ ഇസ്‌ലാമിക  സംഘടനകൾ പ്രത്യേകിച്ചും ശ്രദ്ധേയമാണ്. ഈ ഇസ്‌ലാമിക ഗ്രൂപ്പുകൾ രാഷ്ട്രീയമായി അണിനിരന്ന വഴികൾ പരിശോധിച്ചാൽ അവർ കേവലം ഒരു ബദൽ വാചാടോപങ്ങൾ മാത്രമായി  മുന്നോട്ട് വച്ചിട്ടില്ലെന്നും ആധുനിക ലോകവ്യവസ്ഥയുടെ പ്രവർത്തനരീതിയെക്കുറിച്ചുള്ള ഒരു ബദൽ വിശകലനം ഇത്തരം ആധുനിക പ്രസ്ഥാനങ്ങളിൽ കാണാം.അവർ എതിർക്കുകയാണ്, പക്ഷേ ആധുനിക രാഷ്ട്രങ്ങളുടെ  പ്രാഥമികദൗത്യ(പൗരന്മാരുടെ ഏറ്റവും കുറഞ്ഞ രീതിയിലുള്ള ക്ഷേമവും സുരക്ഷയുമെങ്കിലും ഉറപ്പുനൽകൽ) ത്തിൽ പരാജയപ്പെട്ടു എന്നുള്ള  ആരോപണം മുൻനിർത്തി ആധുനിക ഭരണകൂടങ്ങളെ അവർ വിമർശിക്കുന്നത് കാണാമെന്നുമുള്ള വീക്ഷണം വാലർസ്റ്റൈൻ മുന്നോട്ടുവെക്കുന്നുണ്ട് .
മതമൗലികവാദപ്രസ്ഥാനങ്ങളെ പലപ്പോഴും ആധുനികവിരുദ്ധമെന്ന് മുദ്രകുത്താറുണ്ടെങ്കിലും ഈ പ്രസ്ഥാനങ്ങൾ “അൾട്രാ മോഡേൺ സാങ്കേതികവിദ്യകളുടെ ഉപയോഗത്തിൽ തികച്ചും പ്രഗത്ഭരാണ്”
എന്നതിനാൽ അത് തെറ്റായ നിരീക്ഷണമാണെന്നാണ് വാലർസ്റ്റൈൻ വാദിക്കുന്നത്. അവർ സാങ്കേതിക/ശാസ്ത്ര ശാഖകളുള്ള സർവ്വകലാശാലകളെ സംബന്ധിച്ച്  വിദ്യാർത്ഥികൾക്കിടയിൽ വ്യാപകമായും വിജയകരമായും പ്രചരിപ്പിക്കുന്നുണ്ടെന്നും തുടർന്ന്
ആ വിദ്യാർത്ഥികളുടെ കഴിവുകൾ തങ്ങളുടെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഇസ്‌ലാമിക മതമൗലികവാദത്തിന്റെ ഉദയം

ലോക മതങ്ങൾക്കിടയിൽ മത മൗലികവാദം തഴച്ചുവളരുകയാണെങ്കിൽ തന്നെയും എന്തുകൊണ്ടാണ് നാം ഇസ്‌ലാമിക മതമൗലികവാദത്തെ പ്രത്യേകമായി ശ്രദ്ധിക്കപ്പെടുന്നതും ഉറ്റുനോക്കപ്പെടുന്നതും? ചരിത്രത്തിൽ മറ്റാരൊക്കെയോ തുടക്കമിട്ട പ്രചരിപ്പിച്ച ചാവേർ ആക്രമണത്തെ എന്തുകൊണ്ടാണ് ഇസ്‌ലാമിന്‍റെ ആലയിൽ കൊണ്ടുവന്ന് കെട്ടുന്നത്? നിരന്തരമായ ഒരു രാഷ്ട്രീയ ഇസ്‌ലാം ലോകമെമ്പാടുമുള്ള ഏറ്റവും രസകരമായ പ്രതിഭാസമായി നിലകൊള്ളുന്നു എന്നാണ് അതിന് വാലർസ്റ്റൈൻ നൽകുന്ന മറുപടി.
വ്യത്യസ്ത ആവശ്യങ്ങളുള്ള ഒന്നിലധികം തത്പര്യകക്ഷികളെ ഇസ്‌ലാമിക മതമൗലികവാദം സേവിക്കുന്നുവെന്ന് വാലർസ്റ്റൈൻ പറയുന്നുണ്ട്. 
ഉദാഹരണത്തിന് അമേരിക്കയെ സംബന്ധിച്ചിടത്തോളം കമ്മ്യൂണിസത്തിന്റെ അഭാവത്തിൽ ഇത് ഒരു പുതിയ ഏകീകൃത ശത്രുവിനെ അല്ലെങ്കിൽ “രാക്ഷസനെ”യും
ദേശീയ വിമോചന പ്രസ്ഥാനങ്ങളിൽ മനം മടുത്തവർക്ക് ഇത് ഒരു മികച്ച ബദലും “വർദ്ധിച്ച സാമ്പത്തിക ഭയങ്ങൾക്കിടയിൽ”ദുരിതമനുഭവിക്കുന്നവർക്ക് ഇത് “പ്രതീക്ഷയുടെ പ്രതീകമാണ് ”വാഗ്ദാനം ചെയ്യുന്നത്.
ഇസ്‌ലാമിലേക്കും ഇസ്‌ലാമിക മതമൗലികവാദത്തിലേക്കും ഇന്ന് ലോകം (തത്പര്യകക്ഷികൾ) കൂടുതൽ ശ്രദ്ധ ചെലുത്തുന്നത് എന്തുകൊണ്ടാണെന്ന് ഈ ഘടകങ്ങൾക്ക് വിശദീകരിക്കാനാകും.
വാല്ലർ‌സ്റ്റൈനെ സംബന്ധിച്ചിടത്തോളം ഇസ്‌ലാമികമൗലികവാദവും പടിഞ്ഞാറും തമ്മിലുള്ള ബന്ധം പ്രത്യേകിച്ചും പ്രധാനവുമാണ് . ആധുനികചരിത്രത്തിലെ”ദുഷ്ടശക്തികൾക്ക്” വഴികാട്ടിയായി കണക്കാക്കപ്പെട്ടിരുന്ന അമേരിക്കൻ ഐക്യനാടുകൾക്ക് വിശേഷിച്ചും.
മേൽ പറഞ്ഞ വിശേഷണത്തെ പ്രതിരോധിക്കാൻ വേണ്ടി കൂടിയായിരുന്നു അമേരിക്ക മറ്റ്  ഭരണകൂടങ്ങൾക്കൊപ്പം മുസ്‌ലിംകൾക്കും മുസ്‌ലിം രാജ്യങ്ങൾക്കുമെതിരായ
അവരുടെ നടപടികളെ ന്യായീകരിക്കുന്നതിനായി “ഇസ്‌ലാമിക ഭീകരത” എന്ന “അന്തർലീനമായി മങ്ങിയ ആശയം” ഉപയോഗിക്കുന്നതെന്ന് വാല്ലർസ്റ്റൈൻ എഴുതുന്നുണ്ട്.
ഒരു മേധാവിത്വശക്തിയെന്ന നിലയിൽ അമേരിക്കയുടെ തകർച്ച  മിഡിൽ ഈസ്റ്റുമായുള്ള ബന്ധത്തിന്റെ ഭാവിയിൽ ചില പ്രധാന പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു.
അതൊടൊപ്പം ഒരു പാശ്ചാത്യപിന്തുണയാർജിച്ച രാജ്യമെന്ന നിലയിൽ നിലവിലെ ഇസ്രായേലിന്റെ ശക്തമായ സാന്നിധ്യം മുസ്‌ലിംകളുടെ പാശ്ചാത്യ വിരുദ്ധ വികാരങ്ങളെ പ്രകോപിപ്പിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.
മധ്യകാലഘട്ടത്തിലെ കുരിശുയുദ്ധ രാജ്യങ്ങൾക്ക് സമാനമായ ഒരു കുടിയേറ്റ രാഷ്ട്രമായാണ്  ഇസ്രായേലിനെ വല്ലാർസ്റ്റൈൻ കാണുന്നത്.
ഭരണകൂടങ്ങൾ അന്തർലീനമായി മതേതരപരവും  ദേശീയവാദപരവുമായിരുന്നുവെങ്കിലും സദ്ദാം ഹുസൈനും ഹഫീസ് അസദും ഇസ്‌ലാമിനെ അവരുടെ ആവിശ്യങ്ങളിലും  രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളിലും സ്വയം ശക്തിപ്പെടുത്താനും ശാശ്വതപ്പെടുത്തുവാനുമുള്ള  ഒരു സങ്കേതമായി ഇസ്‌ലാമിനെ  ഉപയോഗിക്കാൻ മടിച്ചിട്ടുമില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നുണ്ട്.
 പൊതുവെ രാഷ്ട്രീയ ഇസ്‌ലാമിലെ മത മൗലികവാദ പ്രസ്ഥാനങ്ങളുടെ ഭാവി എന്താണ് എന്നത് വാലർ‌സ്റ്റൈന്റെ രചനകളിലെ ആവർത്തിച്ചുള്ള ഇതിവൃത്തമാണ്.
ഈ ഇസ്‌ലാമിക പ്രസ്ഥാനങ്ങൾ കൂടുതൽ കൂടുതൽ രാജ്യങ്ങളിൽ ഭരണകൂട അധികാരം ഏറ്റെടുക്കാൻ തുടങ്ങുമ്പോൾ അവർ മതേതര ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി കൂടുതൽ നേരിട്ടുള്ള പോരാട്ടത്തിലേക്ക് കടക്കുമോ എന്ന ചോദ്യത്തിന്
ആ രചനകളിൽ ഇസ്‌ലാമിക ആന്റിസിസ്റ്റമിക് പ്രസ്ഥാനങ്ങളെ 1950 കളിലും 1960 കളിലും ജനങ്ങളിലുണ്ടായിരുന്ന തങ്ങളുടെ  ആകർഷണം നഷ്ടപ്പെടുത്തിയ പഴയ ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തിക്കൊണ്ടാണ്  അദ്ദേഹം ഉത്തരം നൽകുന്നത് .
      മത മൗലികവാദ പ്രസ്ഥാനങ്ങൾ തങ്ങളുടെ പ്രഥമഘട്ടത്തിലൂടെ  കടന്നുപോയെന്നും അവരുടെ രാജ്യങ്ങളിലെ പ്രധാനരാഷ്ട്രീയ ശക്തികളായി  സ്വയം അധപതിച്ചുവെന്നും പറയുമ്പോഴും അവർ പ്രതീക്ഷിക്കുന്നതിനെക്കാൾ വേഗതയിൽ പഴയ സ്വഭാവങ്ങളിലേക്ക് തിരിച്ചുവന്നേക്കാമെന്നും  അദ്ദേഹം  പറയുന്നു.
2010 ൽ അറബ് വസന്തം പൊട്ടിപ്പുറപ്പെട്ടപ്പോൾ,  മിഡിൽ ഈസ്റ്റിന് മാത്രമല്ല, ലോകമെമ്പാടും വലിയ  മുന്നേറ്റങ്ങൾക്ക് തുടക്കമിടാവുന്ന, 1968 ലെ വിപ്ലവങ്ങൾക്ക് സമാനമായ ഒന്നായാണ്  അതിനെ വാലർ‌സ്റ്റൈൻ വിശ്വസിച്ചത്.
1968 ലെ പ്രാരംഭ ചൈതന്യം ശക്തി പ്രാപിക്കുന്നുവെന്നും ടുണീഷ്യയും ഈജിപ്തും വീണ്ടും തങ്ങൾക്കും അറബ് ലോകത്തിനും ലോകമെമ്പാടും സാമൂഹ്യ പരിവർത്തനത്തിന്റെ വിളക്കുകളായി മാറുന്നുവെന്നാണ് ആദ്യഘട്ടത്തിൽ അദ്ദേഹം എഴുതിയത്.
അറബ് വസന്തത്തെക്കുറിച്ചുള്ള തന്റെ പിന്നീടുള്ള രചനകളിൽ അറബ് വസന്തത്തിന്റെ വിപ്ലവസ്വഭാവത്തിന്റെ കഴിവ് നഷ്ടപ്പെട്ടുവെന്ന നിരീക്ഷണം അദ്ദേഹം പങ്കുവെക്കുന്നതും കാണാം.
എന്നാൽ രാഷ്ട്രീയ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ തകർച്ചയെക്കുറിച്ചും  മത മൗലികവാദത്തിന്റെയും രാഷ്ട്രീയ ഇസ്‌ലാമിന്റെയും ഭാവിയെക്കുറിച്ച്
ഇപ്പോഴും പഴയ  അഭിപ്രായം പുലർത്തുന്നുണ്ടോ എന്ന ചോദ്യത്തിന്  അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു “അതെ,ഞാൻ ഇപ്പോഴും അതേ കാഴ്ചപ്പാടാണ് നിലനിർത്തുന്നത്.”