സഫവീ ഭരണകൂടത്തിന്റെ ആദർശ സഞ്ചാരപഥങ്ങൾ

ആധുനിക ഇറാനിയൻ ചരിത്രത്തിലെ സുപ്രധാന ഏടാണ് സഫവീ രാജ ഭരണത്തിന്റെ (1501 – 1736) കാലഘട്ടം. ആധുനിക ഇറാൻ, അസർബൈജാൻ, ബഹ്റൈൻ, കിഴക്കൻ ജോർജിയ, ഇറാഖ്, കുവൈത്, അർമേനിയ, അഫ്ഗാനിസ്ഥാൻ, മധ്യേഷ്യൻ പ്രദേശങ്ങൾ, വടക്കൻ കൊക്കേഷ്യൻ ഭാഗങ്ങൾ, പാകിസ്താൻ, സിറിയ, തുർക്കി എന്നിവയുടെ ചില ഭാഗങ്ങൾ എന്നിങ്ങനെ പ്രവിശാല പ്രദേശങ്ങൾ ഭരിച്ചവരായിരുന്നു സഫവികൾ. ഇക്കാലഘട്ടങ്ങളിലാണ് ഈ പ്രദേശങ്ങളിലെല്ലാം ശീഈ ആശയങ്ങൾക്കു കൂടുതൽ പ്രചാരം ലഭിക്കുന്നതും. ഇറാനിയൻ ഐഡന്റിറ്റിയും പ്രാദേശികാധികാരവും പ്രദാനം ചെയ്യുന്നതിൽ സഫവികൾക്ക് അതിപ്രധാനമായ പങ്കുണ്ട്. ഇറാന്റെ മത- രാഷ്ട്രീയ- സാംസ്കാരിക ഭൂമികകളിൽ പ്രസക്തമായ മാറ്റങ്ങൾ വരുത്താൻ സഫവികൾക്കു സാധിച്ചു. സഫവികൾ ഉയർന്നു വരുന്ന ഘട്ടത്തിൽ  തിമൂർ ഭരണാധികാരികൾക്കും മറ്റ് ചെറിയ പ്രാദേശിക ഗോത്രഭരണ സംവിധാനങ്ങൾക്കും നിരവധി വെല്ലുവിളികൾ അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. കൂടാതെ അഹ്‌ലുബൈത് അനുയായികളുടെ (Alids) പിന്തുണയുള്ള നിരവധി പ്രക്ഷോഭങ്ങൾ പേർഷ്യയുടെ പല ഭാഗങ്ങളിലായി നടന്നു. ഖുറാസാനിലെ സർബാദറുകൾ, അനതോലിയയിലെ ബെക്തഷീ- അലവികൾ, ഹുറൂഫികൾ, നൂർ ബക്ഷികൾ, അഹ്‌ലുൽ ഹഖ് വിഭാഗം തുടങ്ങി വിവിധ സൂഫീ സരണികൾ പ്രക്ഷോഭ രംഗത്തുണ്ടായിരുന്നു. എന്നാൽ സഫവികൾക്കാണ് അധികാര സ്ഥാനത്തിലേക്കുയരാൻ സാധിച്ചത്. അഹ്‌ലുബൈത് അനുയായികളുടെ പിന്തുണയും, തുർക്മെൻ ഗോത്രത്തിൻ്റെ രാഷ്ട്രീയ സാന്നിധ്യവും സൂഫീ ധാരയെന്ന നിലയിൽ പൊതുജനങ്ങൾക്കിടയിലെ സ്വീകാര്യതയുമെല്ലാം സഫവികളുടെ രാഷ്ട്രീയ ഭാവിയെ സഹായിച്ചു. സുന്നീ ആശയാടിത്തറയുള്ള ത്വരീഖത് പിൽക്കാലത്തു ശീഈ സൂഫീ ധാരയായി മാറാൻ ഈ രാഷ്ട്രീയ സാഹചര്യങ്ങൾ കാരണമായിട്ടുണ്ട്.

ശൈഖ് സഫിയുദ്ദീൻ അർദബീലി(1252-1334)

ഇറാനിലെ അർദബീലിൽ ജനിച്ച സുന്നീ പണ്ഡിതൻ ശൈഖ് സഫിയുദ്ദീൻ അർദബീലിയാണ് സഫവിയ്യ ത്വരീഖതിന്റെ സ്ഥാപകൻ. കുർദ് വശംജനായ അദ്ദേഹത്തിന്‌ കുർദ് ജനസമൂഹത്തിനിടയിൽ വ്യക്തമായ സ്വാധീനമുണ്ടായിരുന്നു. നിലവിലെ രാഷ്ട്രീയാ സന്നിഗ്ദ്ധാവസ്ഥയിൽ ശൈഖ് സഫിയുദ്ദീൻ്റെ നേതൃത്വത്തിലുള്ള സൂഫീ ധാര അർദബീലിലും മറ്റു പ്രദേശങ്ങളിലും ഏറ്റവും ശക്തമായ വിഭാഗമായി മാറി. ശൈഖ് സഫിയുദ്ദീന്റെ കുടുംബത്തിനു അർദബീലിലെ പ്രവിശ്യാ ഭരണകർത്താക്കളുമായി ബന്ധമുള്ളതും പ്രാദേശിക സ്വാധീനം ലഭിക്കുന്നതിൽ സഹായകമായി വർത്തിച്ചു.

ശൈഖ് സഫിയുദ്ദീൻ അർദബീലി(1252-1334)

ശീറാസ് ജീവിതകാലത്തിലാണ് അദ്ദേഹം തസവ്വുഫിൽ താത്പര്യം പ്രകടിപ്പിക്കുന്നത്. ജുനൈദുൽ ബാഗ്ദാദി, ശിഹാബുദ്ദീൻ അൽ സുഹ്റവർദി എന്നിവരുടെ അനുയായികളുമായി ശൈഖ് സഫിയുദ്ദീൻ സുദൃഢബന്ധം സൂക്ഷിച്ചിരുന്നു. ശീറാസിൽ വെച്ചു സഅദി ശീറാസി റുക്നുദ്ദീൻ ബൈദാവീ തുടങ്ങിയ സുഫീവര്യന്മാരുമായും അദ്ധേഹം സഹവസിച്ചിട്ടുണ്ടെന്നു ഉഫുക് എറോൾ ത്വരീഖതിന്റെ വികാസത്തെ കുറിച്ച പഠനത്തിൽ (The Development of the Safaviyya and Its Relations with the Kızılbash Communities of Anatolia: An Overview) പരാമർശിക്കുന്നത് കാണാം. പിന്നീട് ഗീലാനിലെത്തിയ അദ്ധേഹം സാഹിദി ത്വരീഖത്തിൻ്റെ നേതാവ് ശൈഖ് സാഹിദ് ഗീലാനി( 1216–1301 ) യുടെ ശിഷ്യനായി 25 വർഷം ജീവിച്ചു. ഗുരുവര്യന്റെ പുത്രി ബീബി ഫാത്വിമയെ വിവാഹം ചെയ്തു.

ശൈഖിന്റെ മരണശേഷം അർദബീലിലേക്കു മടങ്ങി. ശൈഖ് സാഹിദിന്റെ മരണത്തോടെ സാഹിദി ത്വരീഖത്തിന്റെ നേതൃത്വത്തിൻ്റെ പേരിൽ ശിഷ്യർക്കിടയിൽ അഭിപ്രായ വ്യത്യാസം ഉടലെടുത്തതിനാലാണ് മടങ്ങിയതെന്നും അഭിപ്രായമുണ്ട്. ശൈഖ് സഫിയുദ്ദീന്റെ  സ്വഭാവ ശുദ്ധിയും ആതിഥ്യ മര്യാദയും ഏറെ പ്രസിദ്ധമായിരുന്നു. ഖലീലെ – അജം ( അനറബികളുടെ ഇബ്റാഹീം) എന്ന സ്ഥാനപ്പേരു പോലും അദ്ദേഹത്തിനു ലഭിച്ചിരുന്നു..

 

ശൈഖ് സഫിയുദ്ദീന്റെ ചിന്തകളും ജീവിതാനുഭവങ്ങളും അറിയാനുള്ള പ്രധാന സ്രോതസ് സഫ്‌വതു സ്വഫാ എന്ന കൃതിയാണ്. പുത്രൻ സദറുദ്ദീൻ മൂസയുടെ സഹായത്തോടെ ശിഷ്യൻ തവക്കുൽ ഇബ്നുൽ ബസ്സാസ് ക്രോഡീകരിച്ചതാണ് ഈ കൃതി. സഫവീ ഭരണകൂടത്തിൻ്റെ ആശയ ഘടനക്കു ചരിത്രപരമായ പ്രാബല്യം ലഭിക്കാനായി ധാരാളം തിരുത്തലുകൾക്ക് ഈ കൃതി പിന്നീട് വിധേയമായിട്ടുണ്ട്. 1542 ൽ സഫവീ ഭരണാധികാരി ഷാഹ് തഹ് മാസ്പ് ശീഈ ആശയ രീതികൾക്കൊത്തു ഇത് തിരുത്തിയെഴുതാൻ കൽപ്പിക്കുകയുണ്ടായി. ശൈഖിന്റെ ബാല്യകാലം,ആത്മീയ വളർച്ച, ശിഷ്യർ, ശൈഖിന്റെ കറാമതുകൾ, അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ എന്നിവയും ഇബ്നുൽ ബസ്സാസ് ഇതിലുൾപ്പെടുത്തിയിട്ടുണ്ട്. സഫ്‌വതു സഫയിൽ പരാമർശിക്കുന്ന ശൈഖ് സഫിയുദ്ദീന്റെ സ്വപ്നങ്ങളെ അവലോകനം ചെയ്യുന്ന ഷോലെ എ ക്വിൻ (The Dreams of Shaykh Safi al-Din and Safavid Historical Writing, 1996) അവയിലൂടെ സഫവികളുടെ പിൽകാല വിജയങ്ങൾക്ക് ഇസ്‌ലാമിക നിയമസാധുത നൽകിയതെങ്ങനെ എന്നു വിശദീകരിക്കുന്നുണ്ട്. സഫവീ ത്വരീഖത്തിൻ്റെ വ്യാപനവും ഭരണാധികാരവും ലഭിക്കുമെന്ന തരത്തിൽ വ്യാഖ്യാനിക്കപ്പെട്ട ശൈഖ് സഫിയുദ്ദീന്റെ സ്വപ്നങ്ങൾക്കു സഫവികൾ കൂടുതൽ പ്രചാരം നൽകിയിരുന്നു. സ്വകാര്യമായ ആരാധനാ രീതികളും പൊതുജന പങ്കാളിത്തത്തോടെയുള്ള ദിക്റുകളും സഫവി ധാരയുടെ രണ്ടു പ്രധാന രീതികളാണ്. ഈ ലക്ഷ്യത്തിനായി ശൈഖ് സഫിയുദ്ദീന്റെ സാവിയയിൽ ഖൽവത്ഖാന ( പൊതുപരിപാടികൾക്കുള്ള സ്ഥലം) ഖൽവത് സാറ ( ശിഷ്യഗണങ്ങൾക്കു മാത്രമുള്ള സ്ഥലം) എന്നിങ്ങനെ വേർതിരിച്ചിരുന്നു. മിക്ക സൂഫീ ധാരകളെയും പോലെ ആത്മീയ വശങ്ങളുൾക്കൊള്ളുന്ന സംഗീതം, നൃത്തം, കാവ്യം എന്നിവ സഫവി ത്വരീഖതിൻ്റെയും ഭാഗമാണ്. ദിക്റുകൾക്കായി ‘മയ്ദാനെ – സമാ’ എന്ന പ്രദേശത്തു ശൈഖിൻ്റെ നേതൃത്വത്തിൽ ഒരുമിച്ചു കൂടാറുണ്ടായിരുന്നു. ‘സമാ’ യുടെ രീതി എന്തായിരുന്നു എന്നത് ചരിത്രപരമായി വ്യക്തമാക്കപ്പെട്ടിട്ടില്ല. ശൈഖ് സഫിയുദ്ദീൻ ‘സമാ’ യെ ശരീരത്തിന്റ  സമാ, ഹൃദയത്തിന്റെ സമാ , ആത്മാവിന്റെ സമാ എന്നിങ്ങനെ മൂന്നായി തരം തിരിക്കുന്നുണ്ട്. ഹൃദയത്തിന്റെ സമാ തെരഞ്ഞെടുക്കപ്പെട്ടവർക്കു മാത്രം സാധിക്കുന്നതാണ്. വിശ്വാസത്തിന്റെ അത്യുന്നത പദവിയിലെത്തുന്നവർക്കാണ് ആത്മാവിന്റെ സമാ അനുഭവിക്കാൻ സാധിക്കുന്നത് എന്നു ശൈഖ് സഫിയുദ്ദീന്റെ ദർഗയെക്കുറിച്ച പഠനത്തിൽ (Architecture and Ceremonial at the Shrine of Safi al-din Ishiiq Ardabili During the Reign of Shah Tahmiisb I, 2000) കിഷ് വർ റിസ്‌വി വിശദീകരിക്കുന്നുണ്ട്. ശൈഖ് സഫിയുദ്ദീൻ പുരാതന പേർഷ്യൻ പ്രാദേശികഭാഷ ‘താതി’യിൽ എഴുതിയ ‘ദൊബയ്തിസ്’ എന്ന കവിതാ സമാഹാരത്തിന്റെ വളരെ കുറച്ച് ഭാഗങ്ങൾ മാത്രമേ ഇന്നു നിലനിൽക്കുന്നുള്ളൂ.

അർദബീൽ കമ്പോളങ്ങളിലും മറ്റ് പ്രദേശങ്ങളിലും ഭക്തർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു സ്വാധീനം വർദ്ധിപ്പിക്കാൻ സഫവികൾ ശ്രമിച്ചുവെന്നു ബ്രസ്റ്റൻ ഒ. ഡൊണെൽ സഫവികളുടെ വളർച്ചാ കാരണങ്ങളന്വേഷിക്കുന്ന പഠനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. പിൽക്കാല സഫവീ വ്യവഹാരങ്ങളിൽ ശൈഖ് സഫിയുദ്ദീനെ ശീഈയായി ചിത്രീകരിക്കുന്ന ചരിത്ര വായനകൾ നിലവിൽ വന്നതായി കാണാം.

സഫവീ ത്വരീഖതിൻ്റെ വികാസവും പരിണാമവും

അദ്ദേഹത്തിന്റെ മരണശേഷം പുത്രൻ ശൈഖ് സദറുദ്ദീൻ മൂസ ( 1305-1391) ത്വരീഖതിന്റെ ശൈഖായി മാറി. ഈ കാലയളവിലെ ശക്തനായ തുർകോ-മംഗോളിയൻ ഭരണാധികാരി അമീർ തൈമൂർ സഫവീധാരയോടു അനുഭാവം പ്രകടിപ്പിച്ചിരുന്നു. ശൈഖ് സഫിയുദ്ദീന്റെ സ്മാരകം പണികഴിപ്പിച്ച അമീർ തൈമൂർ ശൈഖ് സദറുദ്ദീൻ മൂസയെയും അത്യധികം ആദരിച്ചിരുന്നു. അമീർ തൈമൂറുമായുള്ള ബന്ധം സഫവികളുടെ പിൽക്കാല രാഷ്ട്രീയ വളർച്ചക്ക് സഹായകമായിട്ടുണ്ട്. ശൈഖ് സദറുദ്ദീൻ പിതാവിനെപ്പോലെ സുന്നീ ആശയവും ശാഫിഈ മദ്ഹബുമാണ് പിന്തുടർന്നിരുന്നത്.

ശൈഖ് സദറുദ്ദീന്റെ മരണശേഷം സഫവീധാരയുടെ നേതൃത്വത്തിലേക്കുയർന്ന ഖാജാ അലി സഫവി (മരണം 1427) യുടെ കാലത്താണ് ശീഈകളായ തുർകുമെൻ ഗോത്രങ്ങളുടെ വമ്പിച്ച സ്വാധീനത്താൽ സഫവീ സരണിക്കു ശീഈ പശ്ചാത്തലം വന്നു ചേരുന്നത്. തുർക് പ്രദേശങ്ങൾ ആക്രമിച്ച അമീർ തൈമൂർ തെകെലി, ശംല്, ഉസ്താച്ല്, ഖാജാർ, അഫ്ഷാർ, റുംലു, സെങ്കെനെ, സുൽഖദ്ർ തുടങ്ങിയ തുർക്മെൻ ഗോത്രങ്ങളുടെ തലവന്മാരെ തടവിലാക്കിയിരുന്നു. ഖാജാ അലി സഫവിയുടെ അഭ്യർഥന പ്രകാരം അമീർ തൈമുർ അവരെ മോചിപ്പിച്ചു. ഈ സംഭവം തുർകുമെൻ ഗോത്രങ്ങളെ സഫവി ധാരയിലേക്കു ആകർഷിക്കാനും ഖ്വാജാ അലി സഫവിയുടെ വിശ്വസ്തരായ കിസിൽ ബാഷ് ( കിസിൽ ബാഷ്, ചുവന്ന തലപ്പാവ് ധരിച്ചിരുന്നതിനാൽ ഈ പേരിലറിയപ്പെട്ടു.)
പോരാളികളായി മാറ്റാനും സഹായിച്ചതായി മുഹമ്മദി ഹസൻ, ഇസ്ഫഹാനിയൻ ദാവൂദ് എന്നിവർ നടത്തിയ പഠനത്തിൽ (The Role of Anatolia Alavis in Safavid-Ottoman Relations (From Sheikh Safi to Shah Abbas I, 2015) വിശദീകരിക്കുന്നുണ്ട്. ഖ്വാജാ അലി സഫവിയുടെ മരണശേഷം പുത്രൻ ശൈഖ് ഇബ്റാഹീം (മരണം 1447) സഫവീ ത്വരീഖതിന്റെ ശൈഖായി മാറി. ശൈഖ് ഇബ്‌റാഹീം സഫവീ അനതോലിയ അടക്കമുള്ള പ്രദേശങ്ങളിൽ ആശയ പ്രചാരണം ഊർജിതമാക്കുകയും ത്വരീഖതിന്റെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ പുത്രൻ ശൈഖ് ജുനൈദ് സഫവിയുടെ നേതൃ കാലം നിലവധി സംഭവ വികാസങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നു.

സഫവീധാരയുടെ രാഷ്ട്രീയ പോരാട്ടങ്ങൾ

ശൈഖ് ജുനൈദ് സഫവിയുടെ (മരണം 1460) സഫവി ത്വരീഖത് ശീഈ സൂഫീ ധാരയായി പരിണമിക്കുന്നത് സഫവീ ത്വരീഖത്തിന്റെ കേന്ദ്രമായ അർദബീൽ അഹ്ലുബൈത് അനുയായികളായ തുർകുമെൻ കരാ കൊയ്നുലു ഭരണകൂട (1375- 1468) ത്തിൻ്റെ അധീനതയിലായിരുന്നു. ഈ രാഷ്ട്രീയ സാഹചര്യവും സഫവീ ധാരക്കു ശീഈ വർണം നൽക്കുന്നതിലേക്ക് നയിച്ചിരുന്നു. ശൈഖ് ജുനൈദിന്റെ നേതൃത്വത്തെ അംഗീകരിക്കാതിരുന്ന അമ്മാവൻ ശൈഖ് ജഅ്‌ഫർ ത്വരീഖത്തിനെ പിളർത്തി. കരാ കൊയ്നുലു ഭരണാധികാരി ജഹാൻ ഷാഹ് ശൈഖ് ജഅ്‌ഫറിനെ പിന്തുണക്കുകയും ശൈഖ് ജുനൈദിനെയും അനുയായികളെയും 1448 ൽ നാടുകടത്തുകയും ചെയ്തു. ദിയാർബെകിറിലെത്തിയ ശൈഖ് ജുനൈദ് കരാകൊയ്നുലുകളുടെ എതിരാളികളായ അക്കൊയ്നുലു ഭരണാധികാരി ഉസുൻ ഹസന്റെ സഹോദരിയെ 1456 ൽ വിവാഹം കഴിച്ചു. ഈ കാലഘട്ടം ത്വരീഖതിന്റെ വികസനത്തിനും അനതോലിയ അസർബൈജാൻ പ്രദേശങ്ങളിലെ തുർകുമെൻ ഗോത്രങ്ങൾക്കിടയിൽ ആശയ പ്രചാരണത്തിനുമായി വിനിയോഗിച്ചു. ഗോത്രവീര്യത്തിൽ ഇസ്‌ലാമികാവേശം കലർന്ന കിസിൽബാഷ് തുർകുമെൻ പോരാളികളാണ് പിന്നീട് സഫവീ ധാരയുടെ വികാസത്തിൽ നേതൃത്വം നൽകിയത്. അഹ്‌ലുബൈതിനോടു അനുഭാവമുള്ള മറ്റു സൂഫീ വര്യന്മാരെയും അവരുടെ നഗരപ്രദേശങ്ങളിലുള്ള അനുയായി വൃന്ദങ്ങളെയും സഫവീധാരയിലേക്കു അടുപ്പിക്കാൻ ശൈഖ് ജുനൈദിനു സാധിച്ചു. ഇസ്നാ അശരികളുടെ ഇമാമുമാരിലേക്ക് കുടുംബബന്ധം കണ്ണിചേർത്തു സയ്യിദ്‌ ബന്ധം അവകാശപ്പെട്ടതും മുസ്‌ലിം സമൂഹത്തിൽ നിയമസാധുത നേടിയെടുക്കുന്നതിലേക്കു അദ്ദേഹത്തെ നയിച്ചു. ശൈഖ് ജുനൈദിന്റെ നേതൃത്വത്തിൽ പേർഷ്യ, അനതോലിയ, മധേഷ്യൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലെല്ലാം പടർന്നു കിടക്കുന്ന രാഷ്ട്രീയ സ്വാധീനവും സഫവീ ത്വരീഖതിനു ലഭിച്ചു.

1460 ൽ അസർബൈജാനിലെ സുന്നീ ഭരണാധികാരി ശിർവാൻ ഷായുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്നതുവരെ പ്രദേശത്തെ ശക്തിയായി സഫവീ ധാരയെ നിലനിർത്താൻ ശൈഖ് ജുനൈദി(മരണം1427)നു സാധിച്ചു. സഫവീ ത്വരീഖത്തിന്റെ നേതൃത്വമേറ്റെടുത്ത ശൈഖ്‌ ജുനൈദിന്റെ പുത്രൻ ഹൈദർ സഫവി കിസിൽബാഷ് ‘പോരാളികളുടെ സഹായത്തോടെ അർദബീലിൽ കേന്ദ്രീകരിച്ചു പ്രവർത്തനമാരംഭിച്ചു. 1477 ൽ ഉസുൻ ഹസൻ മരണപ്പെട്ടപ്പോൾ 12 വയസ്സുള്ള മകൻ യഅ്‌ഖൂബ് അക്കോയ്നുലു ഭരണാധികാരിയായി മാറിയത് ഹൈദർ സഫവിയുടെ സ്വാധീനം വർദ്ധിക്കാൻ സഹായകമായി. കിസിൽ ബാഷ് പോരാളികളുടെ സഹായത്തോടെ ശൈഖ് ഹൈദർ സഫവി സമീപ പ്രദേശങ്ങൾ കീഴടക്കി. എന്നാൽ അക്കോയ്നുലുകളുമായുള്ള സുദൃഢ ബന്ധം ഏറെക്കാലം സൂക്ഷിക്കാൻ സഫവികൾക്ക് സാധിച്ചില്ല. അക്കോയ്നുലു അധികാരികളുടെ സഹകാരി ശിർവാൻ ഷായെ സഫവികൾ ആക്രമിച്ചതിൽ പ്രകോപിതനായ യഅ്‌ഖൂബ് സഫവികളെ അടിച്ചമർത്തുകയും ഹൈദർ സഫവിയെ വധിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മൂന്നു പുത്രന്മാരും തടവിലാക്കപ്പെട്ടു. 1490 ൽ യഅ്‌ഖൂബിന്റെ ആകസ്മിക മരണം അക്കോയ്നുലു ഭരണകൂടത്തിൽ അധികാര വടംവലികൾക്കും ആഭ്യന്തര കലാപത്തിനും വഴിവെച്ചു. ഈ രാഷ്ട്രീയ സങ്കീർണതകൾക്കു നടുവിൽ റുസ്തം എന്ന യുദ്ധപ്രഭു അധികാരലക്ഷ്യത്തിനായി സഫവികളുടെ പിന്തുണ ലക്ഷ്യം വെച്ചു ഹൈദർ സഫവിയുടെ പുത്രൻമാരെ (അലി, ഇബ്റാഹീം, ഇസ്മാഈൽ ) മോചിപ്പിച്ചു. ഏറെ വൈകാതെത്തന്നെ സഫവികൾ അധികാരത്തിനു വെല്ലുവിളിയാകുമെന്നു കണക്കു കൂട്ടിയ റുസ്തം മുതിർന്ന പുത്രൻ അലി സഫവിയെ വധിക്കുകയും മറ്റു രണ്ടു പേരെ നാടുകടത്തുകയും ചെയ്തു. 1497 ൽ രണ്ടാമത്തെ പുത്രൻ ഇബ്റാഹീം മരണപ്പെട്ടു.

ഷാഹ് ഇസ്മാഈലും (1487 –1524) സഫവീ ഭരണസ്ഥാപനവും

സഫവീ ധാരയുടെ നേതാവായി പ്രഖ്യാപിക്കപ്പെട്ട പതിനൊന്നു വയസു മാത്രമുള്ള ഇസ്മാഈലും ഉപദേശകരും 1499-ൽ അസർബൈജാനും അക്കോയ്നുലുകളുടെ അധീന പ്രദേശങ്ങളും ആക്രമിച്ചു. രണ്ടു വർഷത്തെ പോരാട്ടങ്ങൾക്കു ശേഷം 1501 – ൽ ത്വബ്രിസ് കീഴടക്കി സഫവികളുടെ ഔദ്യോഗിക ഭരണത്തിനു തുടക്കമിട്ടു. ഈ ചരിത്രഘട്ടത്തിൽ ഷാഹ് ഇസ്മാഈൽ ‘ഇറാനീ ഷാഹ് ‘ എന്ന അധികാര നാമം സ്വീകരിച്ചു. സാസാനീ സാമ്രാജ്യമാണ് അവസാനമായി ആ പദം ഉപയോഗിച്ചിരുന്നത്. സഫവീ അധികാരം പ്രഖ്യാപിച്ച ഷാഹ് ഇസ്മാഈൽ, ശീഈകളിലെ പ്രമുഖ വിഭാഗമായ ഇസ്നാ അശ്‌രിയ്യയെ ഭരണകൂടത്തിന്റെ ഔദ്യോഗിക ആശയമായി സ്വീകരിച്ചു. ഹൈദർ സഫവിയുടെ വിശ്വസ്തരായ സേനാധിപതികളുടെ സഹായത്തോടെ 1510 ൽ അക്കോയ്നുലുകളുടെ അധീന പ്രദേശങ്ങളും, തിമൂരികളെ പരാജയപ്പെടുത്തി ഉസ്ബെക് പ്രദേശവും കീഴടക്കി. ഉസുൻ ഹസൻ്റെ പൗത്രൻ എന്ന സ്ഥാനവും അക്കോയ്നുലു അനുഭാവികൾക്കിടയിൽ സ്വീകാര്യത ലഭിക്കാൻ കാരണമായി എന്നു ബ്രെക്സറ്റൻ ഒ ഡോനൽ (Rise of the Safavids: From Mystics to Shahs) നിരീക്ഷിക്കുന്നുണ്ട്.

കിസിൽ ബാഷ് പോരാളി

എതിരാളികളായ തുർകോ- മംഗോളിയൻ സുന്നി മുസ്‌ലിംകളിൽ നിന്നും വ്യതിരിക്തരാകാനും സവിശേഷ രാഷ്ട്രീയ സ്വത്വം ഊട്ടിയുറപ്പിച്ചു കൊണ്ടു ഇറാനിയൻ ദേശസ്ഥാപന സാക്ഷാത്കാരത്തിനുമാണ് ഇസ്നാ അശരിയ്യ നടപ്പിലാക്കുന്നതിലൂടെ ഷാഹ് ഇസ്മാഈൽ ഉദ്ദേശിച്ചതെന്നു തരാനെ ഫർഹീദ് നിരീക്ഷിക്കുന്നുണ്ട്. താർതാരി ആക്രമണം മൂലം അബ്ബാസി ഖിലാഫത് തകർന്നതിനാൽ പേർഷ്യൻ ഭാഗങ്ങളിൽ സാമൂഹിക- രാഷ്ട്രീയാസന്ദിഗ്ദാവസ്ഥ നിലനിന്നിരുന്നു. താർതാരികളും പിന്നീട് തിമൂരികളും ഈ പ്രദേശങ്ങൾ കൈയടക്കി. അതിനകം നിരവധി യുദ്ധങ്ങൾക്കും ആഭ്യന്തര സംഘർഷങ്ങൾക്കും രംഗഭൂമിയായി ഇവിടം മാറിയിരുന്നു. ഈ സാഹചര്യം പേർഷ്യൻ ജനതയെ ഭദ്രമായ രാഷ്ട്രീയാധികാരം അന്വേഷിക്കാൻ പ്രേരിപ്പിച്ചെന്നു തരാനെ ഫർഹീദ് വിശദീകരിക്കുന്നുണ്ട്.

ഷാഹ് ഇസ്മാഈലിനോടു കിസിൽബാഷ് പോരാളികൾ നിരുപാധികമായ കീഴ്‌വണക്കം പ്രകടിപ്പിച്ചു. അദ്ദേഹത്തെ അഹ്‌ലുബൈത് ഇമാമുമാരുടെ പിന്തുടർച്ചക്കാരനായി അവർ അംഗീകരിച്ചു. ഇവരുടെ വിധേയത്വം ഷാഹ് ഇസ്മാഈലിനു പേർഷ്യൻ പ്രദേശങ്ങൾ കീഴടക്കുന്നതിൽ ഏറെ സഹായകമായി. സഫവികളുടെ അധികാരാരോഹണത്തിനു മുമ്പ് ശാഫിഈ- ഹനഫീ മദ്ഹബുകൾ പിൻപറ്റിയിരുന്ന സുന്നികളായിരുന്നു ഭൂരിപക്ഷവും. എങ്കിലും പേർഷ്യയുടെ മിക്ക ഭാഗങ്ങളിലും അലവി സാന്നിദ്ധ്യം പ്രകടമായിരുന്നു. ഉസ്ബെക്കുകൾ, തിമൂരികൾ, ഉസ്മാനികൾ എന്നിങ്ങനെ സുന്നീ രാഷ്ട്രീയ കക്ഷികളുടെ പ്രാദേശിക സാന്നിദ്ധ്യവും ഷാഹ് ഇസ്മാഈലിനെ ഇസ്നാ അശരിയ്യയെ ഭരണത്തിന്റെ ഔദ്യോഗിക ആദർശമായി തെരഞ്ഞെടുക്കുന്നതിനു പ്രേരിപ്പിച്ചു. ഉസ്മാനീ ഖിലാഫതിൻ്റെ പ്രധാന എതിരാളികളായ യൂറോപ്യൻ രാജ്യങ്ങളുമായി അവർ രാഷ്ട്രീയ- സാമ്പത്തിക ബന്ധങ്ങളുണ്ടാക്കി. സഫവീ സൂഫീ സരണിയുടെ ആശയങ്ങളിലും ജിഹാദ് സങ്കൽപ്പത്തിലും ആകൃഷ്ടരായ തുർകുമെൻ കിസിൽബാഷ് പോരാളികൾ സുന്നീ ഭരണകൂടങ്ങൾക്കെതിരെ പോരാടാൻ തയ്യാറായിരുന്നു. ചില സഫവീ പണ്ഡിതർ ഷാഹ് ഇസ്‌മാഈലിന്റെ വ്യക്തിപ്രഭാവത്തെ മഹ്ദിയുടെ ആഗമനത്തോടു ചേർത്തു വായിച്ചു എന്നു തരാനെ ഫർഹീദ് എഴുതുന്നു. സഫവികളുടെ പോരാട്ട വിജയങ്ങളെല്ലാം ഷാഹ്‌ ഇസ്മാഈലിന്റെ കറാമതുകളാണെന്നു കിസിൽ ബാഷ് പോരാളികൾ ഉറപ്പിച്ചു വെന്നു കാതറിൻ ബാബാ യാൻ കിസിൽ ബാഷിനെക്കുറിച്ച പoനത്തിൽ (The safavid synthesis: from qizilbaş Islam to imamite shi’ism ) പരാമർശിക്കുന്നുണ്ട്. ശൈഖ് സഫിയുദ്ദീന്റെ അനന്തരഗാമി എന്ന ആത്മീയ സ്ഥാനവും പേർഷ്യൻ ജനതയിൽ സ്വാധീനം ചെലുത്തിയിരുന്നു. അഹ്‌ലു ബൈത് ഇമാമുമാർക്കു ദേവത്വം കല്‍പിക്കുന്ന (ഗുലുവ്വ്) രീതി പിന്തുടർന്ന സഫവികൾ അവരിലെ സൂഫീ നേതൃത്വത്തിനും അതേ പദവികൾ നൽകി. അല്ലാഹുവിൻ്റെ ആദ്യ ഖലീഫയായ ആദം(അ)യെപ്പോലെ ദൈവിക പ്രാതിനിധ്യം, അലി (റ) യുമായുള്ള ബന്ധം, അഹ്‌ലുബൈത്- ഇമാമുമാരിലൂടെയുള്ള മുസ്ലിംകൾക്കിടയിലെ സ്ഥാനം, പേർഷ്യൻ – തുർകുമെൻ പാരമ്പര്യം എന്നീ ആശയങ്ങളും മുസ്‌ലിം സമൂഹത്തിൽ സ്വാധീനം ചെലുത്തുന്ന സാമൂഹിക ബന്ധങ്ങളുമെല്ലാം രാഷ്ട്രീയാധികാരം നേടിയെടുക്കുന്നതിൽ ഷാഹ് ഇസ്മാഈൽ സമർഥമായി ഉപയോഗിച്ചു. സഫവീ അധികാരം നിലവിൽ വന്ന ശേഷമുള്ള പ്രാദേശിക മുസ്‌ലിം ജീവിതം, സുന്നീ – ശീഈ പണ്ഡിത വ്യവഹാരങ്ങൾ, ശീഈ ആശയത്തിനു ലഭിച്ച അപ്രമാദിത്വത്തിന്റെ ചരിത്രം എന്നിവ വിശകലനം ചെയ്യുന്ന സഈദ് അമീർ അർജുമന്ദിന്റെ ‘The Clerical Estate and the Emergence of a Shiʿite Hierocracy in Safavid Iran: A Study in Historical Sociology ‘ പോലുള്ള പഠനങ്ങൾ ശ്രദ്ധേയമാണ്.

പശ്ചിമേഷ്യൻ – മധ്യേഷ്യൻ പ്രദേശങ്ങളിൽ നിരവധി വിവാദങ്ങൾക്കു തിരികൊളുത്തിയ സൂഫീ ത്വരീഖതാണ് സഫവിയ്യ. അടിസ്ഥാനപരമായി സുന്നീ ആശയധാരയായ സഫവീ ത്വരീഖത് സവിശേഷ രാഷ്ട്രീയ സാഹചര്യങ്ങളിൽ ശീഈ സൂഫീധാരയായി പരിണമിക്കുകയാണുണ്ടായത്. ഉസ്‌മാനീ ഖിലാഫതുമായി നിരവധി തവണ കൊമ്പുകോർത്ത സഫവികൾ പ്രാദേശികാധികാരം നിലനിർത്താൻ ശ്രമിച്ചു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മുഗൾ സാമ്രാജ്യത്തിന്റെ നിലനിൽപ്പിൽ സഫവികളുടെ പങ്ക് അനിഷേധ്യമാണ്. ആധുനിക ഇറാന്റെ രൂപീകരണത്തിലും സഫവീ ത്വരീഖത്തിനു നിർണായക സ്ഥാനമാണുള്ളത്