മനുഷ്യർക്കിടയിലെ പ്രണയവും ഇബ്നു ഹസ്മിന്റെ ആലോചനകളും
“ലൗകിക ലോകത്ത് ചിന്നിച്ചിതറിയ ആത്മാക്കള്‍ക്കിടയിലുള്ള സംയോജനമാണ് പ്രണയം. ഭൗതിക പ്രപഞ്ചത്തിൽ ഭിന്നിച്ച് ആത്മാക്കളാണ് അവ”
പൗരാണിക കാലഘട്ടത്തിലെ പണ്ഡിതന്മാർ മതം മുതല്‍ ദൈവശാസ്ത്രം, വൈദ്യശാസ്ത്രം, മനശ്ശാസ്ത്രം ഉൾപ്പെടെ സകല വിജ്ഞാന ശാഖകളെയും അവയുടെ നാനാതലങ്ങളെ കുറിച്ച് ഗവേഷണം നടത്തുകയും വിചിന്തനം ചെയ്ത് രചനകൾ നടത്തുകയും ചെയ്തിരുന്നു. അവയില്‍ പ്രണയത്തെക്കുറിച്ചു വരെ താത്വികമായും വൈദ്യശാസ്ത്രപരമായും എഴുതപ്പെട്ടിരുന്നു. രതിജന്യ കാഴ്ചപ്പാടില്‍ വരെ എഴുതപ്പെട്ടിട്ടുണ്ട് എന്നതാണ് അത്ഭുതം. അതിന് ഒരു ഉദാഹരണമാണ് പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ച ശൈഖ് മുഹമ്മദ് അൽ നഫ്‌സവി എഴുതിയ അറബ് സെക്സ് മാന്വൽ എന്ന പേരിൽ പ്രസിദ്ധമായ അർറൗളുൽ ആത്വിർ ഫീ നുസ്ഹതിൽ ഖാതിർ (The Perfumed Garden of Sensual Delight. English trans.) എന്ന ഗ്രന്ഥം. അവയില്‍ പ്രണയത്തെ കുറിച്ചും രചനകൾ ഉണ്ടായിട്ടുണ്ട്. പ്രണയത്തെ കുറിച്ച് ഗണ്യമായ രചന നടത്തിയ ഒരു പണ്ഡിതനാണ് ഇബ്നു ഹസ്മ്. തൗഖുൽ ഹമാമ എന്ന പേരിലാണ് ഈ കൃതി രചിക്കപ്പെട്ടിട്ടുള്ളത്.

ഇബ്നു ഹസ്മ്
തെക്കന്‍ സ്പെയിനിലെ കോർദോവയില്‍ മുസ്‌ലിം ഭരണ സംസ്ഥാപനത്തിന്റെ മൂന്ന് നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇബ്നു ഹസ്മ് ജനിക്കുന്നത് (994-1064). പണ്ഡിതനും കവിയും സര്‍വ്വജ്ഞാനിയും കര്‍മ്മശാസ്ത്ര പണ്ഡിതനും എന്നതിലുപരി ളാഹിരി ചിന്താ സരണിയുടെ ഏറ്റവും പ്രമുഖ തത്വചിന്തകനുമായിരുന്നു (ഒമ്പതാം നൂറ്റാണ്ടിൽ ദാവൂദ് അൽ ളാഹിരി സ്ഥാപിച്ച മദ്ഹബായിരുന്നു ഇത്. എന്നാൽ സുന്നി ചിന്താധാരയായിരുന്ന ളാഹിരിസത്തിന് മധ്യയുഗത്തെ അതിജീവിക്കാന്‍ കഴിഞ്ഞിരുന്നില്ല). ഉമവി ഖിലാഫത്തിന് പതനം സംഭവിക്കുകയും ഐബീരിയന്‍ ഖിലാഫത്ത് തകർന്ന്, ചെറുരാഷ്ട്രങ്ങളായിത്തീരുകയും ചെയ്തതിനെ തുടർന്ന് ബര്‍ബറുകൾക്ക് ആധിപത്യം ലഭിച്ച സങ്കീർണ്ണമായ രാഷ്ട്രീയ സാഹചര്യത്തിലായിരുന്നു അദ്ദേഹം ജീവിച്ചത്. ഈ കലുഷിതമായ കാലഘട്ടത്തിന് സമാന്തരമായി സാഹിത്യത്തിന്റെ വളർച്ചക്കും വികാസത്തിനും ലോകം സാക്ഷിയായി. സ്ത്രീകൾ തിങ്ങിപ്പാർത്ത ഒരു ഭവനത്തിലായിരുന്നു താൻ വളർന്നത് എന്ന് ഇബ്നു ഹസ്മ് തന്നെ പറയുന്നുണ്ട് : ‘അവരുടെ മടിത്തട്ടുകളിലാണ് ഞാൻ വളര്‍ന്നതും ജീവിച്ചതും. മറ്റൊരു സമൂഹത്തെ കുറിച്ചും ഞാന്‍അറിഞ്ഞിരുന്നില്ല. യുവത്വം പ്രാപിച്ച്, താടി രോമങ്ങള്‍ മുളക്കാൻ തുടങ്ങുന്നത് വരെ ഞാന്‍ പുരുഷൻമാരുടെ കൂടെ ഇരുന്നിട്ടു പോലുമില്ല’. അദ്ദേഹം വളരെ ചെറുപ്പത്തില്‍ തന്നെ നാമാൻ എന്ന് പേരുള്ള ഒരു യുവതിയെ വിവാഹം ചെയ്തു. അദ്ദേഹം അവളെ ജീവന് തുല്യം സ്നേഹിച്ചിരുന്നു. വൈവാഹിക ജീവിതത്തിന്റെ മധുരം അറിയുന്നതിന് മുമ്പ് അവൾ മരണമടഞ്ഞു. അദ്ദേഹം മാസങ്ങളോളം ദുഃഖാർത്ഥനായി വീട്ടിലിരുന്നു. പിന്നീടൊരു കല്യാണം തന്നെ വേണ്ടെന്ന് വെക്കുകയും ചെയ്തു.
പ്രണയം തുളുമ്പുന്ന ഗദ്യം
ഇബ്നു ഹസ്മിന്റെ കൃതിയുടെ ഇംഗ്ലീഷ് വിവര്‍ത്തനത്തില്‍ The Necklace of the Dove, The Ring of the Dove എന്നും പറയപ്പെടുന്ന ഇബ്നു ഹസ്മിന്റെ പ്രണയ സംബന്ധിയായ പ്രബന്ധം മധ്യകാല അറബ് ഗദ്യങ്ങളിലെ മാസ്റ്റര്‍ പീസ് രചനയായി ഗണിക്കപ്പെട്ടിരുന്നു. പ്രബന്ധത്തിന്റെ മൗലികമായ ശൈലിയും രൂപവും ആന്തലൂസിയൻ സാഹചര്യവുമാണ് മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമായി ഈ പ്രബന്ധത്തെ സവിശേഷമായി അടയാളപ്പെടുത്തുന്ന ഘടകം.

ഇനി നമുക്ക് ഇതിന്റെ വ്യത്യസ്ത തലങ്ങളിലേക്ക് കടന്നുചെല്ലാം. ആദ്യമായി സാഹിത്യപരമായി ദർശിക്കുമ്പോള്‍ അവിടെ ഇബ്നു ഹസ്മ് ഗദ്യ-കാവ്യ രചനകളിൽ നല്ല പ്രാഗൽഭ്യം ഉള്ള വ്യക്തിയാണ് എന്നത് ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ പ്രബന്ധങ്ങളും രചനകളും മൗലികമായി അറബി ഭാഷയില്‍ വളരെ വായനാ സുഖമുള്ളതും മനോഹരവുമായിരുന്നു. ഉള്ളടക്കത്തെ ആസ്പദമാക്കി സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രബന്ധം യഥാര്‍ത്ഥ ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രണയത്തെ ഒരു സാമൂഹിക പ്രതിഭാസമായി കാണുന്നുണ്ട്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം മനുഷ്യ ജീവിതത്തിന്റെ സ്വാഭാവിക പ്രക്രിയകളുടെ ഭാഗമാണ് പ്രണയം. പ്രണയത്തിന്റെ വിവിധ തലങ്ങളെ കുറിച്ച് പരിശോധിക്കുകയും വിശകലനം നടത്തുകയും ചെയ്യുന്നുണ്ട് അദ്ദേഹം. ഇവിടെ ഇബ്നു ഹസ്മ് മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്
എന്ത് കൊണ്ടാണ് മനുഷ്യന്‍ പ്രണയത്തിൽ അകപ്പെടുന്നത്? എങ്ങനെയാണ് അത് സംഭവിക്കുന്നത്? എന്താണ് അതിന്റെ പ്രേരകം? (ഉദാഹരണത്തിന് കാമുകീകാമുകന്‍മാർക്കിടയിൽ സന്ദേശം കൈമാറാൻ സഹായിക്കുന്ന ഉറ്റ സുഹൃത്ത് പോലെ), എന്താണ് അതിന് വിലങ്ങ് സൃഷ്ടിക്കുന്നത് (മൂന്നാം കക്ഷിയുടെ ഇടപെടൽ. അത് അസൂയ മൂലമോ മറ്റൊ ആകാം. അതേ പോലെ പ്രണയികളിൽ ഒരാളുടെ മരണം) എന്നീ ചോദ്യങ്ങളാണ് ഇബ്നു ഹസ്മ് തന്റെ പ്രബന്ധത്തിൽ അഭിമുഖീകരിക്കുന്നത്.
പ്രണയത്തെ പ്രാപഞ്ചികമായോ വസ്തുനിഷ്ഠപരമായോ നിരീക്ഷിച്ചിരുന്ന അക്കാലത്തെ പണ്ഡിത കുതുകികളിൽ നിന്നും വ്യത്യസ്തമായി പ്രണയത്തിന്റെ സൂക്ഷ്മ തലങ്ങളെയാണ് ഇബ്നു ഹസ്മ് പരിശോധിക്കുന്നത്. ഒരു പ്രണയിയുടെ ജീവിതത്തിൽ എന്തൊക്കെ സംഭവിക്കുമെന്ന് അദ്ദേഹത്തിന്റെയും സമകാലികരുടെയും ജീവിതാനുഭവങ്ങളിൽ ഇബ്നു ഹസ്മ് ആഴത്തിൽ വിവരിക്കുന്നുണ്ട്. ഇവിടെ ഒരേസമയം സ്ത്രീ പ്രശംസകനും സ്ത്രീയെ കുറിച്ച് സന്ദേഹം നിലനിര്‍ത്തുകയും ചെയ്യുന്ന രചയിതാവിന്റെ അനിശ്ചിത വ്യക്തിത്വത്തെ നമുക്ക് കണ്ടെത്താനാകും. എല്ലാത്തിലുമുപരി അദ്ദേഹം ഒരു മനുഷ്യൻ ആണല്ലോ.
“അവന്റെ ആത്മാവ് എപ്പോഴും അവന്റെ പാതിയെ തേടി കൊണ്ടിരിക്കുന്നു. അതിനെ നേടിയെടുക്കുന്നത് വരെ അതിന്റെ പിന്നാലെ പോകുന്നു. അതിന് വേണ്ടി പ്രയത്നിക്കുന്നു. എപ്പോഴും കണ്ടുകൊണ്ടിരിക്കാൻ അത്യന്തം ആഗ്രഹിക്കുന്നു. കാന്തം ഇരുമ്പിനെ ആകര്‍ശിക്കും പോലെ അവളെ തന്നിലേക്ക് അടുപ്പിക്കാൻ ശ്രമിക്കുന്നു”
സര്‍വ്വ സ്ഥലകാലങ്ങളിലുള്ള വായനക്കാരില്‍ മാറ്റൊലി സൃഷ്ടിക്കുന്ന ഈ പ്രണയ പ്രതിപാദ്യത്തിലൂടെയും ലൗകിക സാഹചര്യങ്ങളിലൂടെയും മധ്യകാല സ്പെയിൻ നിവാസികളുടെ ജീവിതത്തിലെ ചില തലങ്ങളെയും സംസ്‌കാരത്തെയും നേരിയ തോതിലെങ്കിലും മനസ്സിലാക്കാന്‍ നമുക്ക് സാധിക്കുന്നു. വീടുകളിലിരുന്ന് തീരശ്ശീലകള്‍ക്ക് പിറകിൽ വെച്ച് ഭരണ നേതൃത്വം കയ്യാളിയ സ്ത്രീകളുടെ സവിശേഷ സ്ഥാനത്തെ കുറിച്ചും ഇതിൽ നിന്ന് നമുക്ക് മനസിലാക്കാം. ഇസ്‌ലാമിക ലോകത്ത് മറ്റു കാലങ്ങളിൽ ഒക്കെ കണ്ടെത്താന്‍ കഴിയാവുന്നതിലധികം ഒരുപക്ഷെ, അധികാരമുണ്ടായിരുന്നു അക്കാലത്ത് സ്ത്രീകൾക്ക്.
ഇബ്നു ഹസ്മിന്റെ പ്രബന്ധം സുഹൃത്തിനോട് തന്റെ ഹൃദയവേദനകൾ പങ്ക് വെക്കുന്ന തരത്തില്‍ കത്ത് രൂപത്തിലായിരുന്നു എഴുതപ്പെട്ടിരുന്നത്. On Falling in love at First Sight (ആദ്യകാഴ്ചയിൽ തന്നെ പ്രണയത്തിൽ അകപ്പെടുന്നതിനെ കുറിച്ച്), Of Hitting with the Eyes (പ്രണയം കണ്ണിൽ ഉടക്കുമ്പോൾ), Of Concealing the Secret ( പ്രണയ രഹസ്യം മറച്ചുവെക്കുമ്പോള്‍) എന്നിങ്ങനെ പ്രണയ പുരോഗമനത്തെ പറ്റിയുള്ളതും പ്രണയ ജീവതത്തിലെ ദുരനുഭവങ്ങളായ Of the Slanderer (അപവാദം പറഞ്ഞു പരത്തുന്നവൻ ), Of the Betrayal (വഞ്ചന/തേപ്പ് സംഭവിക്കുമ്പോൾ ) കുറിച്ചും ഇത്തരം തല വാക്യങ്ങളിലായി ഇരുപത്തി ഒമ്പതോളം അധ്യായങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ കൃതി. ഓരോ അധ്യായത്തിലും ഖുര്‍ആനിക വചനങ്ങള്‍, ഹദീസ് ഉദ്ധരണികള്‍, അദ്ദേഹത്തിന്റെ തന്നെ കവിതകള്‍, പ്രണയ സാക്ഷാത്കാരത്തിന്റെ ദൈനംദിന ഉദാഹരണങ്ങൾ എന്നിവ ഉൾപ്പെടുത്തുകയും അദ്ദേഹം തന്റെ കാഴ്ചപ്പാടുകളും ചിന്തകളും ഉപയോഗിച്ച് അദ്ദേഹം തന്റെ വാദങ്ങൾ സമർത്ഥിക്കുകയും ചെയ്യുന്നുണ്ട്.

Source: Oriental Collections, University Library, Leiden
അക്കാലത്ത് പണ്ഡിതര്‍ക്കിടയില്‍ വ്യാപകമായി അംഗീകരിക്കപ്പെട്ടിരുന്ന തത്വചിന്താസരണിയായ നിയോ പ്ലാറ്റോണിസ്റ്റ് പ്രവണതകളെ കുറിച്ച് അദ്ദേഹത്തിന്റെ കൃതിയിൽ ശ്രദ്ധിക്കപ്പെടാതിരുന്നില്ല. ഈ സിദ്ധാന്തമനുസരിച്ച്, ഈ ലോകം നിർമ്മിക്കപ്പെട്ടത് ആത്മാവിന്റെ കാൽപ്പനിക മണ്ഡലം കൊണ്ടാണ്. പരിപൂര്‍ണ്ണതയാണ് നിലനിൽക്കുന്നതും അതിനെയാണ് ആത്മാവ് തേടുന്നതും. അതേ സമയം ഭൗതിക ലോകത്താണ് അപരിപൂർണ്ണത നിലനിൽക്കുന്നത് എന്നും ആണ് ഈ ചിന്താസരണിയുടെ വാദം. അതുകൊണ്ട് തന്നെയാകണം ഇബ്നു ഹസ്മ് ഇങ്ങനെ പറഞ്ഞുവെച്ചത്: “എന്റെ അഭിപ്രായത്തില്‍ ലൗകിക ലോകത്ത് ചിന്നിച്ചിതറിയ ആത്മാക്കള്‍ക്കിടയിലുള്ള സംയോജനമാണ് പ്രണയം. ഭൗതിക പ്രപഞ്ചത്തിൽ ഭിന്നിച്ച് ആത്മാക്കളാണ് അവ. അഥവാ ഒരു പഥാര്‍ദത്തിന്റെ അത്യുദാത്തമായ കണികയുടെ കൂടിച്ചേരലാണ് അത്”.
അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, ഒരു പ്രണയി ആഗ്രഹിക്കുന്നത് നിയന്ത്രണങ്ങളെ മറികടന്ന് അവന്റെ/അവളുടെ പാതിയോടൊപ്പം വീണ്ടും ഒന്നിച്ചു ചേരാനാണ്. സത്യത്തിൽ, അവന്റെ ആത്മാവ് സ്വതന്ത്രമാണ്. തന്റെ ആത്മാവിൽ അവൾ കുടികൊള്ളുന്നുണ്ട് എന്ന് എപ്പോഴും ബോധവാനാണ്. അവന്റെ ആത്മാവ് എപ്പോഴും അവന്റെ പാതിയെ തേടി കൊണ്ടിരിക്കുന്നു. അതിനെ നേടിയെടുക്കുന്നത് വരെ അതിന്റെ പിന്നാലെ പോകുന്നു. അതിന് വേണ്ടി പ്രയത്നിക്കുന്നു. എപ്പോഴും കണ്ടുകൊണ്ടിരിക്കാൻ അത്യന്തം ആഗ്രഹിക്കുന്നു. കാന്തം ഇരുമ്പിനെ ആകര്‍ഷിക്കും പോലെ അവളെ തന്നിലേക്ക് അടുപ്പിക്കാൻ ശ്രമിക്കുന്നു”.
ഒരു മധ്യകാല സ്പാനിഷ് മുസ്‌ലിം രംഗം എത്രത്തോളം രസകരമാണ് എന്ന് ജിജ്ഞാസയോടെ വരച്ച് കാട്ടുന്ന The Sign of Love എന്ന പ്രഥമ അധ്യായത്തിലെ പ്രണയപ്രേയസ്സികളുടെ വര്‍ണ്ണനകൊണ്ട് നമുക്ക് സൗന്ദര്യാത്മകമായ ഈ കൃതിയെ കുറിച്ചുള്ള ഈ കുറിപ്പ് അവസാനിപ്പിക്കാം എന്ന് തോന്നുന്നു. ‘അവര്‍ പരസ്പരം അതിതീവ്രമായി സ്നേഹിക്കുകയും അവരുടെ അന്യോന്യ പ്രവര്‍ത്തികൾ അതിവൈകാരികമാവുകയും ചെയ്യുമ്പോൾ ഇരുവരും ന്യായമായ യാതൊരു കാരണവുമില്ലാതെ അപരന് എതിരെ തിരിയും. ഒരാൾ പറയുന്നതിനെ ബോധപൂര്‍വ്വം മറ്റൊരാൾ എതിർത്ത് സംസാരിക്കും, ഇരുവരും പരസ്പരം പൊരുത്തമില്ലാത്ത കാര്യങ്ങലായിരിക്കും സംസാരിക്കുക, നിസാരകാര്യങ്ങളെ ചൊല്ലി അവര്‍ അക്രമാസക്തമായി കലഹിക്കും, അവരിലൊരാള്‍ ഉച്ചരിക്കുന്ന ഓരോ വാക്കും മറ്റെ വ്യക്തി മനപൂര്‍വ്വം ദുര്‍വ്യാഖ്യാനിക്കും. ഈ ഉപായങ്ങളോരോന്നും ഓരോ പ്രണയിയും തന്റെ പാതിയിൽ എന്താണ് തേടുന്നത് എന്ന് സൂക്ഷ്മ ദര്‍ശനം നടത്താനും തെളിയിക്കാനും സാധിക്കുന്നു.
മൊഴിമാറ്റം: സല്‍മാന്‍ കൂടല്ലൂർ
Doing phD in sufi studies at American University of Beirut. Her are of focus includes Quranic Studies, Sufi Studies, Medieval Arabic Literature studies and Mythology studies.
