ആധ്യാത്മിക വ്യവഹാരങ്ങളിലെ ഇബ്‌ലീസും അക്കാദമിക മറു വായനകളും

ഇസ്‌ലാമിലെ സാംസ്‌കാരിക ചിന്തകളുടെ തുടക്ക കാലം മുതലേ ഇബ്‌ലീസിനെ പ്രതിയുള്ള സംവാദങ്ങളും ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്. അതില്‍ പ്രധാനമായും സൂഫികള്‍ക്കിടയിലാണ് ഇബ്‌ലീസിന്റെ തൗഹീദ്, വിധേയത്വം, ആത്മപ്രശംസ സ്രഷ്ടാംഗ നിരാകരണം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നിട്ടുള്ളത്.

മത നിയമമനുസരിച്ച് തെറ്റായ പ്രവണതകളേയും പ്രതീകങ്ങളേയും തങ്ങളുടേതായ വീക്ഷണങ്ങളിലൂടെയും തത്വങ്ങളിലൂടെയും നവ നിര്‍മ്മാണങ്ങള്‍ നടത്തി (മതത്തിന്റെ അടിസ്ഥാനങ്ങളില്‍ നിലയുറപ്പിച്ചുകൊണ്ട് തന്നെ) അവയെ ശരിയുടെ പക്ഷത്തേക്ക് ചേര്‍ത്ത് വെക്കാന്‍ ധാരാളം സൂഫീ പണ്ഡിതര്‍ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്.

പ്രകടമായ ഭാഷയില്‍ അവരങ്ങനെ പ്രകാശിപ്പിച്ചുവെങ്കിലും അവരുടെ ദൃഷ്ടിയില്‍ സാധാരണക്കാരായ നാം നടത്തുന്ന വായനകളുടെ നേര്‍വിപരീതമായ ഉള്ളടക്കങ്ങളായിരിക്കും ഉണ്ടായിരിക്കുക.

അതുകൊണ്ടു തന്നെ പ്രത്യക്ഷ വായനകള്‍ നടത്തുകയും അവയില്‍ മതവിരുദ്ധമായ ആശയങ്ങളാണ് ഉള്‍ക്കൊണ്ടിരിക്കുന്നതെന്ന നിഗമനത്തിലേക്ക് ജനങ്ങള്‍ എത്തുകയും, തുടര്‍ന്ന് ജനങ്ങളാല്‍ തന്നെ മതഭ്രഷ്ട് ആരോപിക്കപ്പെടുകയും അനന്തരം കൊല്ലപ്പെടുകയും ചെയ്ത ധാരാളം സൂഫികളെ ചരിത്രത്തിന്റെ ഇന്നലെകളില്‍ കാണാന്‍ സാധിക്കും.

അവരില്‍ പ്രമുഖരാണ് മന്‍സൂര്‍ അല്‍ ഹല്ലാജ്, അഹ്മദ് ഗസ്സാലി തുടങ്ങിയ പണ്ഡിതന്മാര്‍. ശൈത്വാനിക വ്യവഹാരങ്ങളില്‍ ഇത്തരം ‘പ്രത്യക്ഷ ന്യായീകരണങ്ങളിലൂടെ’ ഇടപെടലുകള്‍ നടത്തുകയും, തുടര്‍ന്ന് ഇബിലീസിനെ നിഷ്പക്ഷമായി അനുകൂലിക്കുന്നവരാണെന്ന തരത്തില്‍ ഇവരെ പറ്റി ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുകയും ചെയ്തിട്ടുണ്ട് .

വിശുദ്ധ ഖുര്‍ആനില്‍ രണ്ടാം അദ്ധ്യായത്തില്‍ തന്നെ ഇബ്‌ലീസിന്റെ നിരാകരണത്തെ പരാമര്‍ശിക്കുന്നുണ്ട്. ‘മാലാഖമാരോട് നാം ആദമിന് സാഷ്ടാംഗം നമിക്കാന്‍ കല്‍പ്പിച്ചു. ഇബ്‌ലീസ് ഒഴികെ എല്ലാവരും അതു പാലിച്ചു.

നിഷേധിക്കുകയും അഹന്ത പ്രകടിപ്പിക്കുകയും ചെയ്തതിനാല്‍ അവന്‍ അവിശ്വാസികളില്‍ ഉള്‍പ്പെട്ടു'(1:34). യഥാര്‍ത്ഥത്തില്‍, തങ്ങളേക്കാള്‍ വിജ്ഞാനമുള്ള സൃഷ്ടിയോട് ആദരവ് പ്രകടിപ്പിക്കലാണ് സുജൂദ് ചെയ്യാന്‍ കല്‍പിച്ചതിലൂടെ മലക്കുകള്‍ നിറവേറ്റുന്നത്.

ഈയൊരു പരിപ്രേക്ഷ്യത്തിലൂടെയാണ് സുജൂദിനെ വിശദീകരിക്കുന്നത് എന്നിരിക്കെ, ഇബ്‌ലീസ് അതിനെ ചോദ്യം ചെയ്യുന്നതിങ്ങനെയാണ്; ആദം(അ) സുജൂദ് ചെയ്യപ്പെടാന്‍ നിശ്ചയിക്കപ്പെട്ടു എന്നത് അദ്ദേഹം സുജൂദ് ചെയ്യുന്നവനേക്കാള്‍ (സാജിദ്) ഉത്തമനാണെന്ന സാംഗത്യത്തിന്മേലാണ്. അദ്ദേഹം ഖിബ്‌ല മാത്രമാണെന്ന നിരീക്ഷണം ഈ വസ്തുതയെ നിര്‍വീര്യമാക്കുന്നുണ്ട്.

കാരണം മുഹമ്മദ് നബി (സ്വ) കഅബയെ ഖിബ്‌ലയാക്കി നിസ്‌കരിച്ചവരാണ്. പക്ഷേ അതൊരിക്കലും മുഹമ്മദ് നബി (സ)യാണ് കഅ്ബയേക്കാള്‍ ശ്രേഷ്ഠരാണെന്ന വസ്തുതയെ നിരാകരിക്കുമ്പോള്‍ സംഭവിക്കുന്നതല്ല.

ശരിക്കും ഇബ്‌ലീസ് ഈ ചോദ്യത്തില്‍ ആദം(അ)ന്റെ ആദരവിലാണ് സംശയിക്കുന്നത്. പ്രസ്തുത ആദരവ് സുജൂദ് ചെയ്യപ്പെടാന്‍ നിമിത്തമായി എന്ന ഹേതുവിലൂടെ മാത്രം സംഭവിച്ചതല്ല. അതോടുകൂടെ മറ്റു പല കാരണങ്ങള്‍ കൂടിയുണ്ട്. അഭിവാദനം (സലാം) എന്ന പോലെ മലക്കുകളില്‍ നിന്നുള്ള ബഹുമാനാര്‍ത്ഥമായ സാഷ്ടാംഗം മാത്രമായിരുന്നുവത്.

മുന്‍തലമുറക്കാരായ സമുദായക്കാര്‍ അഭിവാദ്യ രീതിയെന്ന നിലയില്‍ പരസ്പരം സുജൂദ് ചെയ്തിരുന്നു എന്ന് ഇതിനോട് ചേര്‍ത്ത് വായിക്കാവുന്നതാണ്. (മുഹമ്മദ് നബി (സ)യുടെ സമുദായത്തിന് സുജൂദ് മുഖേന ആശീര്‍വാദമര്‍പ്പിക്കല്‍ നിഷിദ്ധമാണ്)

ഈ സൂക്തത്തെ അധികരിച്ചു തന്നെ ജബ്‌രിയ്യാക്കള്‍ (സൃഷ്ടിക്ക് ശക്തിയില്ല, തിരഞ്ഞെടുക്കാന്‍ കഴിവില്ല, മനുഷ്യന്‍ നിര്‍ബന്ധത്തിനു വിധേയനായി പ്രവര്‍ത്തിക്കുന്നു എന്നൊക്കെ വാദിക്കുന്ന അവാന്തര വിഭാഗം)ചില വാദങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

ഒരു പ്രവൃത്തി ചെയ്യാനുള്ള കഴിവ് (ഖുദ്‌റത്ത്) ചിലപ്പോള്‍ ഇല്ലാതായെന്ന് വരാം. അതു പ്രകാരമാണ് ഇബ്‌ലീസ് സുജൂദ് ചെയ്യാതിരുന്നത്, അത് പ്രവൃത്തിയിലേക്ക് കൊണ്ടുവരാന്‍ അവന് സാധിക്കാതിരുന്നത് കൊണ്ടാണ്.

ഇതാണ് അവരുടെ വാദം. ഇതിനെ നാല് രൂപങ്ങളിലൂടെ ഈ ആയത്തിനെ തന്നെ പ്രമാണമാക്കി മറുപടി പറയാന്‍ കഴിയും. ഒന്നാമതായി ഖുര്‍ആന്‍ പറയുന്നത് അവന്‍ വിസമ്മതിച്ചു (അബാഹു) എന്നാണ്.

എന്നാല്‍ ഒരു കാര്യത്തെ പ്രവര്‍ത്തി പഥത്തിലേക്ക് കൊണ്ടുവരല്‍ അസാധ്യമാവുമ്പോള്‍ വിസമ്മതിച്ചു എന്ന പദം ഉപയോഗിക്കുന്നത് ഒരു നിലക്കും യോജിക്കില്ല.

സ്വേച്ഛാ പ്രകാരമുള്ള (ഇഖ്തിയാര്‍) നിഷേധത്തിനാണ് ‘അബാ’ എന്ന അറബി പദം പ്രയോഗിക്കാറുള്ളത്. രണ്ടാമതായി, അഹന്ത നടിച്ചു (ഇസ്തക്ബറ) എന്നു പറയുമ്പോള്‍ അത് ചെയ്യാന്‍ സാധിക്കും എന്നിരിക്കെ, ചെയ്യലിനെ നിരാകരിക്കുമ്പോള്‍ പ്രയോഗിക്കുന്നതാണ്.

കഴിവ് നഷ്ടപ്പെട്ടതാണ് എന്നാണ് വസ്തുത യെങ്കില്‍ ഖുര്‍ആന്‍ ‘ഇസ്തക്ബറ’ പ്രയോഗിച്ചതിന്റെ പ്രസക്തിയെന്താണ്. മൂന്നാമതായി, ശേഷം അല്ലാഹു പറയുന്നത് അവന്‍ സത്യനിഷേധികളില്‍ ഉള്‍പ്പെട്ടു (വകാന മിനല്‍ കാഫിരീന്‍) എന്നാണ്.

വസ്തുതയെ നിരാകരിക്കുമ്പോഴാണ് സത്യനിഷേധം രൂപപ്പെടുന്നത്. അസാധ്യതയെ സാധിപ്പിക്കാതെ വരുമ്പോള്‍ സത്യനിഷേധത്തിന് പ്രസക്തിയില്ല. അവസാനമായി, ഇബ്‌ലീസിന്റെ ഗര്‍വ്വും നിരാകരണവും അല്ലാഹു തന്നെ അവനില്‍ സൃഷ്ടിച്ച വസ്തുതകളാണ്.

അങ്ങനെയാകുമ്പോള്‍ അവന്‍ മദ്മൂമ് ( ശകാരം ചൊരിയപ്പെട്ടവന്‍) ആകുന്നതിനേക്കാള്‍ ഏറ്റവും വലിയ സാധ്യതയുള്ളത് അവന്‍ മഅ്ദൂര്‍ (കാരണം ബോധിപ്പിക്കപ്പെട്ടന്‍) ആകുന്നതിനായിരുന്നു.

എന്നാല്‍ ഇബ്‌ലീസിനെ ദൈവീക ഇച്ഛയുടെ (ഇറാദത്ത്) നിഷ്‌കളങ്ക അനുയായി എന്ന നിലയില്‍ സൂഫികള്‍ അവനെ ന്യായീകരിക്കുന്നുണ്ടെന്ന തരത്തില്‍ പഠനങ്ങളവതരിപ്പിച്ചവരാണ് ഓറിയന്റലിസ്റ്റ് പണ്ഡിതന്മാര്‍.

പാരമ്പര്യ ചരിത്രത്തില്‍ ഇവ്വിഷയകമായി എണ്ണമറ്റ തര്‍ക്കങ്ങള്‍ നടന്നിട്ടുണ്ട്. സൂഫികളുടെ ശൈത്വാനിക വീക്ഷണങ്ങളില്‍ ഒരേസമയം വൈരുധ്യങ്ങളും, പ്രത്യുത ആകര്‍ഷണീയമായ രേഖകളെയും കാണാനാവും.

ഇക്കാരണത്താല്‍ തന്നെ ഇസ്‌ലാമിലെ ആധ്യാത്മിക മന:ശാസ്ത്രത്തില്‍ ഏറ്റവും ശ്രദ്ധ പിടിച്ച മേഖലയാണ് ശൈത്വാനിക വ്യവഹാരങ്ങളിലെ ആത്മീയ ഗുരുക്കന്മാരുടെ ഇടപെടലുകള്‍.

അവയില്‍, കൂടുതലും വികലമായ വായനകളില്‍ പെട്ട് ചരിത്രത്തില്‍ മാറ്റിവരയ്ക്കപ്പെട്ടവരാണ് മന്‍സൂര്‍ അല്‍ ഹല്ലാജും അഹ്മദ് ഗസ്സാലിയും. ഇബ്‌ലീസിന്റെ വിഷയത്തിലെന്ന പോലെ മറ്റു പല മേഖലകളിലെയും പ്രത്യക്ഷമായ മത കപടത (heresy) വച്ചുപുലര്‍ത്തിയതിന്റെ പേരില്‍ ഹല്ലാജിന് ജീവന്‍ ബലി നല്‍കേണ്ടി വന്നു.

പാശ്ചാത്യ മേഖലയില്‍ ലൂയിസ് മാസിഗ്‌നന്റെയും (Louis Massignon) വില്യം ചിറ്റിക്കിന്റെയും (William chittick) നിരീക്ഷണങ്ങളും പഠനങ്ങളും, സൂഫീ ഇടപെടലുകളെ വലിയൊരളവോളം തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയാക്കിയിട്ടുണ്ട്.

ഇബ്‌ലീസ് വിഷയങ്ങളിലെ ന്യായീകരണ കോണ്‍സെപ്റ്റില്‍ ആദ്യമായി ഇടപെടുന്നത് ഹല്ലാജാണ്. റുസ്ബിഹാന്‍ ബഖ്‌ലി (Ruzbihan Baqli) അദ്ദേഹത്തിന്റെ കിതാബു കശ്ഫുല്‍ അസ്‌റാറില്‍ ഹല്ലാജിന്റെ ചില വായനകള്‍ അവതരിപ്പിക്കുന്നുണ്ട്.

ആദമിന്(അ) മുന്നില്‍ സാഷ്ടാംഗം ചെയ്യാന്‍ ഉത്തരവുണ്ടായപ്പോള്‍ ഇബ്‌ലീസ് അല്ലാഹുവിനെ അഭിമുഖീകരിച്ചു ചോദിച്ചു: ‘നിനക്ക് സുജൂദ് ചെയ്യുക എന്ന ആദരവിനെ എന്നില്‍ നിന്നും പിന്‍വലിച്ചിട്ടുണ്ടോ? ഇനിമുതല്‍ നീ സുജൂദ് ചെയ്യപ്പെടാന്‍ താല്‍പര്യപ്പെടുന്നില്ല എന്നതു കൊണ്ടാണോ എന്നോട് അവന് സുജൂദ് ചെയ്യാന്‍ കല്‍പ്പിക്കുന്നത്?

ഇപ്പോള്‍ നീ എന്നോട് ചെയ്യാന്‍ ഉത്തരവിട്ടിട്ടുണ്ടെങ്കിലും നേരത്തെ നീയത് വിരോധിച്ചിട്ടുണ്ടല്ലോ…’ അപ്പോള്‍ ദൈവം അവനോട് പറഞ്ഞു: ‘അങ്ങനെയാണെങ്കില്‍ ആദിയിലേ തീരുമാനിച്ച പ്രകാരം നിന്നെ ഞാന്‍ ശിക്ഷയ്ക്ക് പാത്രമാക്കും.

‘ ഇബ്‌ലീസ്: എന്നെ ശിക്ഷിക്കുന്ന വേളയില്‍ നീ എന്നെ നോക്കുകില്ലേ ….? ‘അതെ’ ‘അങ്ങനെയെങ്കില്‍ നിന്റെ നോട്ടം ശിക്ഷയെ സഹിച്ചു നില്‍ക്കാന്‍ എന്നെ പ്രാപ്തനാക്കും. എന്റെ മേല്‍ നീയുദ്ദേശിച്ചത് ചെയ്യുക..’

ഹല്ലാജിന്റെ കൗതുകകരമായ ധാരാളം വീക്ഷണങ്ങള്‍ ഉണ്ട്. പ്രപഞ്ചത്തില്‍ രണ്ടേ രണ്ട് ഏകദൈവ വിശ്വാസികളേ ഉള്ളൂ. മുഹമ്മദ് നബിയും ഇബ്ലീസും. അവര്‍ തമ്മിലുള്ള അന്തരം, മുഹമ്മദ് നബി ദൈവീക പ്രീതിയുടെ ഉറവിടവും, ശൈത്വാന്‍ ദൈവ രോഷത്തിന്റെ വക്താവുമാണ് എന്നതാണ്.

ഹല്ലാജിന്റെ സിദ്ധാന്തമനുസരിച്ച് ദൈവത്തേക്കാള്‍ വലിയ ഏകദൈവ വിശ്വാസിയായി മാറുന്നു ഇബ്‌ലീസ് എന്ന് മാസിഗ്‌നന്‍ പറഞ്ഞു വെക്കുന്നുണ്ട്. സൂറത്തുല്‍ ബഖറയിലെയും സൂറത്തുല്‍ അഅ്‌റാഫിലേയും തദ്വിഷയകരമായ സൂക്തങ്ങളെ (2:34, 7:11 – 19 ) ആധാരമാക്കി ഹല്ലാജ് ഉദ്ധരിക്കുന്നു; ഇബ്‌ലീസിനോട്, ആദമിന് സുജൂദ് ചെയ്യരുതെന്ന് അല്ലാഹു രഹസ്യ സൂചന (ഇശാറത്ത്) നല്‍കിയിരുന്നു.

പ്രത്യക്ഷത്തില്‍ അവന്‍ ഉത്തരവിനോട് അനുസരണക്കേട് കാട്ടിയെങ്കിലും ആത്യന്തികമായി അവന്‍ ആത്മാര്‍ത്ഥതയുള്ള സേവകന്‍ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ ‘പ്രത്യക്ഷമായ’ ഭിന്നിപ്പിന്റെയും തിരസ്‌കാരത്തിന്റേയും ശിക്ഷ ഏറ്റുവാങ്ങാന്‍ അവന്‍ സന്നദ്ധനാവുകയും ചെയ്തു.

ഇബ്‌ലീസ് പഠനങ്ങളില്‍ ഏറ്റവും കൂടുതല്‍ വിഷയീഭവിക്കപ്പെട്ടതും കൂടുതല്‍ വക്രീകരിക്കപ്പെട്ടതും അഹ്മദ് ഗസ്സാലി(റ)യുടെ പ്രസ്താവനകളാണ്. ഇവ്വിഷയകമായി ഏറ്റവും പുതിയ നിരീക്ഷണ പഠനം നടത്തിയ വ്യക്തിയാണ് ടെഹ്‌റാന്‍ യൂണിവേഴ്‌സിറ്റിയിലെ ദൈവശാസ്ത്ര പ്രൊഫസറായ ഗോര്‍ബാന്‍ എല്‍മി (Ghorban Elmi).

ഇബ്‌ലീസിന്റെ രൂപീകൃത ദൈവശാസ്ത്രം (Transformative theology of Satan) വികസിപ്പിച്ചു എന്ന നിലയില്‍ കൂടുതല്‍ സ്വാധീനിക്കപ്പെട്ട സൂഫി ഗുരുവാണ് അഹ്മദ് ഗസ്സാലിയെന്ന് അദ്ദേഹം പറയുന്നു പീറ്റര്‍ ഔണ്‍ (peter awn) അദ്ദേഹത്തിന്റെ Satan’s tragedy and

Satan’s tragedy and redemption:Iblis in Sufi psychology

  redemption:Iblis in Sufi psychology എന്ന കൃതിയില്‍ ഗസ്സാലിയുടെ ശൈത്വാനിക വീക്ഷണങ്ങളുമായി പൊരുത്തപ്പെട്ടു പോകാന്‍ കഴിയുന്നില്ല എന്ന് പറയുന്നുണ്ട്.

ഇബ്ലീസിനോടുള്ള സഹതാപം (Ta’assub al-shaytan) എന്ന പ്രത്യേക മേഖലയിലുള്ള ഗസ്സാലിയുടെ ചിന്തകള്‍ പാരമ്പര്യമായുള്ള സൂഫി കീഴ്‌വഴക്കമാണെന്ന് അദ്ദേഹം വാദിക്കുന്നു. ഇബ്‌ലീസ് പ്രതിനിധീകരണത്തിലെ ഗസ്സാലിയുടെ പ്രധാന ഉറവിടങ്ങള്‍ ഖുര്‍ആനും ഹല്ലാജിന്റെ കിതാബു തവാസീനും (kitab al tawasin)ആണ്.

അഹ്മദ് ഗസ്സാലിയും ഹല്ലാജും ഏകനായ ദൈവത്തിന്റെ ആത്മാര്‍ത്ഥ ഭക്തനാണ് ഇബിലീസ് എന്ന ഏകതാനതയില്‍ ഒരുമിക്കുന്നുണ്ടെങ്കിലും വീക്ഷണങ്ങളില്‍ വ്യതിരിക്തതയുണ്ട്.

കിതാബുത്തവാസീനിലെ ഭാഗങ്ങള്‍ തന്റെ പ്രഭാഷണങ്ങളില്‍ ഗസ്സാലി ഉദ്ധരിക്കാറുണ്ടായിരുന്നു എന്ന് മാസിഗ്‌നന്‍ പറയുന്നുണ്ട്. പക്ഷേ പ്രാമാണികമായ യാതൊരു തെളിവും അദ്ദേഹം ഇതിനു പിന്നിലുണ്ടെന്ന് വ്യക്തമാക്കുന്നില്ല.

പ്രമാണങ്ങളിലൂടെയല്ല (Text), മറിച്ച് വാമൊഴിയായി വന്ന വൃത്താന്തങ്ങളിലൂടെയാണ് ഹല്ലാജിയന്‍ സമീപനങ്ങളെ ഗസ്സാലി അനുകരിക്കുന്നതെന്ന് അനുമാനിക്കേണ്ടി വരും.

ഹല്ലാജിന്റെ പാഠങ്ങളില്‍ ഇബ്‌ലീസിന്റെ മഅ്രിഫത്ത്/അന്തര്‍ജ്ഞാന (gnosis) സ്വഭാവങ്ങളാണ് ഏറിയ പങ്കും ഉള്‍ക്കൊണ്ടിരിക്കുന്നത്. അതേസമയം ഗസ്സാലിയുടെ ഇബ്ലീസ് വ്യവഹാരങ്ങള്‍ ദൈവവുമായുള്ള പ്രത്യേക ബന്ധത്തെ കുറിച്ച് മാത്രമാണ് പരാമര്‍ശ വിധേയമാക്കുന്നത്.

ഇബ്‌ലീസില്‍ നിന്ന് തൗഹീദ് (Divine unity) ഉള്‍ക്കൊള്ളാത്തവന്‍ അവിശ്വാസിയാണ് എന്ന ഗസ്സാലിയുടെ പ്രസ്താവനയാണ് ഏറ്റവും കൂടുതല്‍ അവ്യക്തതകള്‍ക്കിടയാക്കിയതെന്ന് തോന്നുന്നു. ഒരു ദൈവസൃഷ്ടിക്കു മുന്നിലുള്ള സാഷ്ടാംഗ നിരാകരണം, ദൈവീക ഏകത്വത്തിന്മേലുള്ള ഇബ്‌ലീസിന്റെ ശുദ്ധമായ ഭക്തിയേയാണ് പ്രകടമാക്കുന്നത് എന്നാണ് ഗസ്സാലി പറയുന്നതെന്ന് ആന്‍മേരി ഷിമ്മല്‍ (Anne marie Schimmel) അവരുടെ The mystical dimensions of Islam എന്ന കൃതിയില്‍ വിവരിക്കുന്നുണ്ട്.

The mystical dimensions of Islam

ദൈവ കല്‍പനയുടെ മുന്നില്‍ പോലും ഏകദൈവ വിശ്വാസ ആദര്‍ശത്തെ കളങ്കപ്പെടുത്താന്‍ ഇബ്‌ലീസ് തയ്യാറാകുന്നില്ല. അനുസരണക്കേട് കാട്ടിയ ഇബ്‌ലീസ് അതുകൊണ്ടു തന്നെ തൗഹീദിന്റ മൂര്‍ത്തമായ വിജയം കൈവരിക്കുന്നു. ദൈവത്തിനോടുള്ള പരമമായ സ്‌നേഹമാണ് അവനെ മര്യാദക്കേട് കൊണ്ട് വര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നത്.

ദൈവത്തിന്റെ അപ്രീതി കരസ്ഥമാക്കി എന്നതുകൊണ്ട് അവന്‍ മാനവകുലത്തിന്റേയും ദൈവത്തിന്റേയും ശത്രുവായി മാറി എന്നു പറയുമ്പോള്‍ തന്നെയും മജാലിസ് (Majalis) പോലെയുള്ള പ്രസംഗ പ്രകാശനങ്ങളില്‍ ദൈവത്തിന്റെ വലിയ ഇഷ്ടക്കാരനായും ദൈവദാസന്മാരിലെ വിശ്വാസപരമായ പരീക്ഷണങ്ങളില്‍ വിജയം വരിച്ച മുന്‍നിരക്കാരനായും ഇബ്‌ലീസിനെ അഹ്മദ് ഗസ്സാലി ചിത്രീകരിക്കുന്നുണ്ട്.

ഒരേസമയം രണ്ട് വിരുദ്ധ വീക്ഷണഗതികള്‍ വെച്ചു പുലര്‍ത്തുന്നതില്‍ അസാധാരണത്വം ഇല്ലേ എന്ന് ചോദിക്കുന്നവരോട്, ഗസ്സാലിയുടെ മതന്യായങ്ങളും ദൈവസങ്കല്‍പങ്ങളും വ്യത്യസ്തമാണെന്ന് പറയേണ്ടി വരുമെന്ന് ഗോര്‍ബാന്‍ എല്‍മി നിരീക്ഷിക്കുന്നുണ്ട്.

സ്ഥാപനവല്‍കൃതമായ മതത്തിന്റേയും (Institutionalised religion) അതിന്റെ പ്രത്യയശാസ്ത്ര തത്വങ്ങളുടേയും അതിര്‍വരമ്പുകള്‍ കടന്നാണ് അദ്ദേഹത്തിന്റെ ചിന്തകള്‍ ഉടലെടുത്തിരിക്കുന്നത്.

എല്‍മി, സ്‌നേഹത്തിന്റെ മതം ( Religion of love) എങ്ങനെയാണ് ഗസ്സാലിയില്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന് പ്രസ്താവിക്കുന്നുണ്ട്. ഗസ്സാലിയെ സംബന്ധിച്ചിടത്തോളം മതത്തിന്റെ അകക്കാമ്പ് സ്‌നേഹമാണ്.

ദൈവമാണ് സകല സൃഷ്ടികളില്‍ നിന്നുമുള്ള സ്‌നേഹത്തിന്റെ ആത്യന്തികത്തുരുത്ത്. ഗസ്സാലി, സ്ഥാപിതമായ ദൈവശാസ്ത്ര- നിയമശാസ്ത്ര മദ്ഹബുകളെയോ അവയുടെ പ്രാമുഖ്യതയെയോ നിരാകരിക്കുന്നില്ല.

പക്ഷേ, അദ്ദേഹം സ്‌നേഹമതത്തിന്റെ അടിയൊഴുക്കുകാരനായിരുന്നു. ദൈവത്തിന്റെ ഇഷ്ടക്കാര്‍ മദ്ഹബേ ഇശ്ഖും (Path of love) മദ്ഹബേ ഖുദായുമാണ് (God’s path) അനുസന്ധാനം ചെയ്യുന്നതെന്ന് അയ്‌നുല്‍ ഖുളാത്ത് അല്‍ഹമദാനി (Ayn al-Qozat Hamadani ,1131 AD) പറയുന്നുണ്ട്.

സൂഫികള്‍ പുതിയൊരു മതമായിട്ടല്ല ഇതിനെ അവതരിപ്പിക്കുന്നത്. ശുദ്ധവും ചലനാത്മകവുമായ ദൈവീക പ്രേമത്തെ പ്രാഥമിക മൂല്യമാക്കി മനസ്സിലാക്കുന്ന പ്രത്യയശാസ്ത്രപരമായ ചില തരംതിരിവുകള്‍ ഇതിനെ വ്യതിരിക്തമാക്കുന്നുണ്ട്.

ഒരു കാമുകന്റെ ഏറ്റവും പരമമായ ചുമതല പ്രണയിനിയെ സ്‌നേഹിക്കുക എന്നതാണ്. അല്‍പ നേരത്തേക്ക് കാമുകനെ ഒഴിവാക്കണമെന്നോ, ബലാല്‍ക്കാരമായ പ്രതിസന്ധികളിലകപ്പെടുത്തണമെന്നോ ഉദ്ദേശിച്ചാല്‍ പോലും ആ ചുമതലയ്ക്ക് ഭംഗം വരാന്‍ പാടില്ല. ശൈത്വാനിന്റെ നിരാകരണവും തന്മൂലം ആത്മാര്‍ത്ഥമായ ഏകദൈവ വിശ്വാസവും ശുദ്ധമായ സ്‌നേഹമാണ്.

സന്ദേഹങ്ങളില്ലാതെയും, പൂര്‍ണ്ണമായി പ്രണയിനിയുടെ വിധേയത്വങ്ങള്‍ക്ക് കീഴ്‌പ്പെടുമ്പോഴും മാത്രമേ പരിപൂര്‍ണ്ണനായ കാമുകന്‍ ഉണ്ടാകുന്നുള്ളൂ. ഇത്രയൊക്കെ വിശാലമായ പരിപ്രേക്ഷ്യത്തിലൂടെ മനസ്സിലാക്കാവുന്ന ഒരു വസ്തുത, അസ്തിത്വമുള്ള ഏതൊരു വസ്തുവും ദൈവത്തിന്റെ സ്വത്വ പ്രകാശനങ്ങളാണെന്നാണ് (Tajalli).

ഗോര്‍ബാന്‍ എല്‍മി അദ്ദേഹത്തിന്റെ പഠനത്തില്‍ അഹ്മദ് ഗസ്സാലിയുടെ പ്രസ്താവനകളില്‍ നിന്ന് ക്ലിഷ്ടകരമല്ലാത്തൊരു പരിണിതിയിലെത്തുന്നുണ്ട്.ഒരു യഥാര്‍ത്ഥ വിശ്വാസി ആയിരുന്നെങ്കില്‍ കൂടി ഗസ്സാലി സ്ഥാപനവത്കൃതമായ മതത്തിനെ അനുധാവനം ചെയ്തിരുന്നില്ല.

ഫലത്തില്‍ അദ്ദേഹം ചിത്രീകരിക്കുന്ന ഇബ്‌ലീസ് ഖുര്‍ആനിക ദര്‍ശനങ്ങളുമായി അക്ഷരാര്‍ത്ഥത്തില്‍ (Literally) സമഞ്ജസപ്പെടുന്നില്ല.

സമൃദ്ധമായ ഒരു സൂഫീ പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചക്കാരനെന്ന നിലയില്‍ ഗസ്സാലി ഖുര്‍ആനിനെ പുതുമയാര്‍ന്ന വിധത്തില്‍ വ്യാഖ്യാനിക്കുകയും ഇബ്‌ലീസിന്റെ വ്യത്യസ്തമായ ചിത്രങ്ങളെ പ്രകാശിപ്പിക്കുകയും ചെയ്തുവെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

അഹ്മദ് ഗസ്സാലിയുടെ നിദര്‍ശനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് പില്‍ക്കാലത്ത് ഒരുപാട് ആത്മീയ കവികള്‍ ഉണ്ടായിട്ടുണ്ട്. ശൈത്വാനിന്റെ പരിവേദനങ്ങളെ ഉള്‍ക്കൊള്ളിച്ച ഏറ്റവും മനോഹരമായ കവിത സനായുടെ Lament of Satan എന്നതാണ്.

‘ആദിയിലെ ശിക്ഷ നല്‍കാന്‍ തീരുമാനിക്കുകയും ആദമിനെ അത് പ്രാവര്‍ത്തികമാക്കാനുള്ള ഹേതുവാക്കുകയുമാണ് നീ’ എന്ന് ദൈവത്തോട് അതില്‍ പരാതിപ്പെടുന്നുണ്ട്. മൗലാനാ ജലാലുദ്ദീന്‍ റൂമിയും ഗസ്സാലി ചിന്തകരായിരുന്നു.

ഇബ്‌ലീസ് ഒറ്റക്കണ്ണനായിരുന്നുവെന്ന് അദ്ദേഹം വാദിക്കുന്നുണ്ട്. ആദമിന്റെ പൊടിയില്‍ രൂപീകൃതമായ രൂപത്തെ മാത്രമേ ഇബ്ലീസ് കണ്ടിട്ടുള്ളൂവെന്നും അതുകൊണ്ടാണ് അവനേക്കാള്‍ ഉത്തമന്‍ അഗ്‌നിയാല്‍ സൃഷ്ടിക്കപ്പെട്ട ഞാനാണെന്ന് അവന്‍ ഗര്‍വ്വ് നടിക്കുന്നതും.

തന്മൂലം ഇബ്‌ലീസ്, ഒറ്റക്കണ്ണ് ബൗദ്ധികതയുടെ (one-eyed IntelIectualism) പ്രതിനിധിയാണെന്നും റൂമി വരച്ചിടുന്നുണ്ട്. ഇബിലീസിനെപ്പറ്റി പ്രത്യാശകളുടെ കവിതകള്‍ രചിച്ച വ്യക്തിയാണ് അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍.

ഗസ്സാലിയുടെ സ്‌നേഹ സിദ്ധാന്തങ്ങള്‍ അതേപടി ഇഖ്ബാലും അവതരിപ്പിക്കുന്നുണ്ട്. അവസാനം ഇബ്‌ലീസ് സുജൂദ് ചെയ്യുമെന്നും അല്ലാഹു അവന് മാപ്പ് നല്‍കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

എന്നാല്‍ ഇബ്‌ലീസിനെ നന്മയുടെ ദര്‍ശനങ്ങളിലൂടെ ന്യായീകരിക്കല്‍ ഒരു യഥാര്‍ത്ഥ വിശ്വാസിക്ക് ചേര്‍ന്ന പ്രവര്‍ത്തിയല്ല.

മേല്‍പ്രസ്താവിച്ച- പ്രധാനമായും അഹ്മദ് ഗസ്സാലിയും ഹല്ലാജും- ആത്മീയ ഗുരുക്കന്മാരുടെ വീക്ഷണഗതികള്‍ ഈ തത്വത്തോട് താദാത്മ്യം പ്രാപിക്കുന്നില്ലല്ലോ എന്ന സന്ദേഹങ്ങളില്‍ നിന്നാണ് ഇബ്‌ലീസിന്റെ അനുകൂലാത്മക മുസ്‌ലിംകളെന്ന വൃത്തത്തിലേക്ക് അവര്‍ ചുരുങ്ങുന്നത്.

എന്നാല്‍ അവരുടെ സാങ്കേതികജ്ഞാനങ്ങളിലും (ഇസ്ത്വിലാഹാത്ത്) സൂഫീ സംശോധനകളിലും വ്യക്തമായ പരിജ്ഞാനമില്ലാത്ത പാശ്ചാത്യ- ഓറിയന്റലിസ്റ്റ് നിരീക്ഷകരുടെ പഠനങ്ങളിലെ പോരായ്മകളും അടിസ്ഥാനരഹിതമായ വാദങ്ങളുമാണ് ഇത്തരം സൂഫി വാക്യങ്ങള്‍ വൈരുദ്ധ്യാത്മക ധ്രുവങ്ങളാക്കി പരിണമിപ്പിക്കുന്നത്.

സാധനയിലൂടെ ദൈവസാമീപ്യം കരസ്ഥമാക്കുന്ന സാധകന് തന്റെ ബോധത്തില്‍ താത്ക്കാലികമായി അനുഭവപ്പെടുന്ന താദാത്മ്യാനുഭവമാണ് ഇത്തരം പ്രസ്താവനകളിലൂടെ ആവിഷ്‌കരിക്കപ്പെടുന്നതെന്നു പറയാം.

അതിലെ നിഗൂഢാര്‍ത്ഥങ്ങളെ വേണ്ടവിധം ഗ്രഹിച്ചെടുക്കാന്‍ സാധാരണക്കാരനു സാധിച്ചില്ലെന്നു വരാം. സൈനുദ്ദീന്‍ മഖ്ദൂം(റ) തന്റെ ശൈഖ് ഇബ്‌നു ഹജറില്‍ ഹൈതമിയെ(റ) ഉദ്ധരിച്ച് പ്രസ്താവിക്കുന്നുണ്ട്:

‘അല്ലാഹുവിന്റെ സത്തയെ ഹൃദയംഗതമാക്കിയ ആധ്യാത്മിക ജ്ഞാനികള്‍ അവരുടെ ബുദ്ധിയുടെ അസ്തിത്വത്തിന് ഭ്രംശം സംഭവിക്കുന്ന സമയങ്ങളില്‍ ‘ഞാന്‍ അല്ലാഹുവാകുന്നു’ ( അനല്ലാഹ്) പോലോത്ത വാക്യങ്ങള്‍ ഉപയോഗിക്കാറുണ്ട്.

അത് യാഥാര്‍ത്ഥ്യത്തോട് യോജിക്കുന്ന പരംപൊരുള്‍ തന്നെയാണ്. അവരുടെ സംസാരങ്ങളില്‍ കാപട്യത്തെ (കുഫ്ര്‍) സംശയിക്കാവുന്ന പ്രയോഗങ്ങള്‍, ഒരിക്കലും അവയുടെ ബാഹ്യാര്‍ത്ഥങ്ങളെ പ്രതിഫലിപ്പിക്കുന്നവയല്ല.

ആന്തരിക ജ്ഞാനങ്ങളെ സ്വായത്തമാക്കാന്‍ കെല്‍പ്പുള്ള, അതിനു സാധിച്ച മുവഫിഖീങ്ങള്‍ അവയെ എതിര്‍ത്തു പറയുകയില്ല.

അത്തരം ആത്മീയ ആചാര്യന്മാരുടെ ഗ്രന്ഥങ്ങളും ഉദ്ധരണികളും, പാതകളേയും അവര്‍ ഉപയോഗിച്ച സാങ്കേതിക വസ്തുതകളെയും അടിസ്ഥാന പരിപ്രേക്ഷ്യത്തിലൂടെ മനസ്സിലാക്കാതെ വായിക്കാന്‍ ശ്രമിക്കുന്നത് അത്യന്തം അപകടകരവും നിഷിദ്ധവുമാണ് (ഹറാം). അതവരെ ചഞ്ചല ചിത്തരാക്കുകയും മതത്തിന്റെ മൂല്യച്യുതികള്‍ക്ക് നിദാനമാക്കുകയും ചെയ്യും (ഫത്ഹുല്‍ മുഈന്‍).

വിശ്രുതനായ ഇബ്‌നു ഹജറുല്‍ അസ്ഖലാനി (റ) ഇപ്രകാരം സങ്കീര്‍ണ്ണമായ സൂഫി സംജ്ഞകളെ സമീപിക്കേണ്ടതിന്റെ രീതിശാസ്ത്രങ്ങള്‍ നിര്‍വ്വചിക്കുന്നുണ്ട്.

നിഷ്പക്ഷമായ വായനകള്‍ നടത്താതെ അനുകൂല സാഹചര്യങ്ങളെ നിര്‍മ്മിച്ചുകൊണ്ട് അവ യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന ഗതിയിലൂടെ നീങ്ങണം. അല്ലെങ്കില്‍ അവയുടെ അകംപൊരുള്‍ ഗ്രഹിച്ച അഗ്രഗണ്യരായ മുന്‍കാല പണ്ഡിതരുടെ അനുഭാവ- സമീപന രീതികളെ അനുധാവനം ചെയ്യുക.

അതൊന്നുമല്ലെങ്കില്‍ അവയില്‍ അഗാധതല സ്പര്‍ശിയായ പൊരുളുകള്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്ന തരത്തില്‍ അവയെ അവയുടെ വഴിക്ക് വിടണം.

സ്വന്തമായ നിര്‍വ്വചനങ്ങളിലൂടെ സൂഫികളെ മത നിഷേധത്തിന്റെ പരികല്‍പനകളുമായി താരതമ്യം ചെയ്യുമ്പോഴാണ് വിപത്ത് സംഭവിക്കുന്നത്. അതൊരിക്കലും ഭൂഷണമല്ല.

മന്‍സൂര്‍ ഹല്ലാജിന്റെ വീക്ഷണങ്ങളുമായി രണ്ടു തരത്തില്‍ വാദങ്ങള്‍ നിലനിന്നിട്ടുണ്ടെങ്കിലും, പ്രബലവും ശക്തമായ അനുകൂലതയുമുള്ളത് അദ്ദേഹത്തിന്റെ ശരി പക്ഷത്തിനാണ്.

ഇബ്‌ലീസിന്റെ വിഷയത്തിലല്ലെങ്കിലും ‘ബാഹ്യമായ’ മതവിരുദ്ധത പ്രകടിപ്പിച്ചുവെന്ന പേരില്‍ വധശിക്ഷയ്ക്ക് വിധേയനാകുന്ന സമയത്ത്, അതിനു സാക്ഷിയായ ജുനൈദുല്‍ ബഗ്ദാദി (റ) പറഞ്ഞുവത്രെ, ‘ഞാനും മന്‍സൂറും ഒന്നുതന്നെ, ഭ്രാന്ത് എന്നെ രക്ഷിച്ചു, യുക്തി മന്‍സൂറിനെ അവസാനിപ്പിച്ചു!.

റിലീജിയന്‍ ഓഫ് ലവ്, ആത്മീയ ചിന്തകള്‍ തുടങ്ങിയ പൊതുവായ മാനദണ്ഡങ്ങളിലൂടെ മാത്രമേ അഹ്മദ് ഗസ്സാലിയുടെ സാത്താനിക സമീപനങ്ങളെയും മനസ്സിലാക്കാവൂ. മതത്തിന്റെ അടിസ്ഥാനാര്‍ത്ഥങ്ങളെ പുതിയ സമസ്യകളിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചു എന്നതൊക്കെ നിരര്‍ത്ഥകമായ ജല്‍പനങ്ങള്‍ മാത്രമാണ്.

അഹ്മദ് ഗസ്സാലിയില്‍ നിന്ന് സഹോദരനും ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ പുതിയ വായനകള്‍ സാധ്യമാക്കിയ മഹാഗുരുവുമായ ഹുജ്ജത്തുല്‍ ഇസ്ലാം ഇമാം മുഹമ്മദ് ഗസ്സാലി (റ) ധാരാളം സൂഫീ ത്വരീഖത്തുകള്‍ സ്വീകരിച്ചിട്ടുണ്ട്.

ഇവരില്‍ ആരാണ് അഗ്രകേസരിയായ ഗുരുവെന്ന് ഇമാമുമാര്‍ക്കിടയില്‍ ചര്‍ച്ചയുമുണ്ട്. അതിനുദാഹരണം പറയുന്ന ഒരു ചരിത്രമുണ്ട്. ഇമാം മുഹമ്മദ് ഗസ്സാലിയായിരുന്നു നാട്ടിലെ ഇമാം.

പക്ഷെ, അഹ്മദ് ഗസ്സാലിയൊരിക്കലും പള്ളിയില്‍ വരാറുണ്ടായിരുന്നില്ല. ജനങ്ങള്‍ ഇതേപറ്റി ഗസ്സാലി ഇമാമിനോട് പരാതി പറയും. അന്നൊരിക്കല്‍ ഇമാം ഉമ്മയോട്, ഇക്കാക്ക പള്ളിയില്‍ വരാറില്ലായെന്നും ജനങ്ങള്‍ എന്നോട് ചോദിക്കാറുണ്ടെന്നും പരാതിപ്പെട്ടു.

ഉമ്മ അഹ്മദ് ഗസ്സാലിയോട് ഇനിമുതല്‍ പള്ളിയില്‍ പോയി നിസ്‌കരിക്കണമെന്ന് ശഠിച്ചു. അങ്ങനെ അദ്ദേഹം പള്ളിയിലെത്തി. എന്നാല്‍ നിസ്‌കാരത്തിനിടയില്‍ ഇറങ്ങിപ്പോന്നു. ജനങ്ങള്‍ വീണ്ടും പരാതി പറഞ്ഞു; ഇമാം ഉമ്മയോടു തന്നെ പരിഭവപ്പെട്ടു: ‘ഇത്രയും കാലം പള്ളിയില്‍ വരാറില്ലായിരുന്നു.

ആദ്യമായി വന്നപ്പോള്‍ തന്നെ നിസ്‌കാരത്തിനിടയില്‍ ഇറങ്ങിപ്പോവുകയും ചെയ്തിരിക്കുന്നു. ഉമ്മ അഹ്മദ് ഗസ്സാലിയോട് കാരണമന്വേഷിച്ചു. അദ്ദേഹം പറഞ്ഞു: ‘ഞാന്‍ നോക്കുമ്പോള്‍ അവനുണ്ട് (ഗസ്സാലി ഇമാം) രക്തത്തില്‍ കുളിച്ചു കിടക്കുന്നു…!’

ആ ദിവസങ്ങളില്‍ ഗസ്സാലി ഇമാം തന്റെ ‘ബസ്വീത്’ എന്ന ഗ്രന്ഥത്തിന്റെ പണിപ്പുരയിലായിരുന്നു. അന്നു നിസ്‌കാരത്തിനു മുമ്പ് ഇസ്തിഹാളത്തിന്റെ മസ്അലയാണ് എഴുതാനിരുന്നത്.

അതു മൂലം നിസ്‌കാരത്തിനിടയ്ക്ക് തദ്വിഷയം അദ്ദേഹത്തിന്റെ ചിന്തയില്‍ വന്നിരുന്നു. അതാണ് അഹ്മദ് ഗസ്സാലി തന്റെ ബസ്വീറത്തിലൂടെ (ഉള്‍ക്കാഴ്ച) മനസ്സിലാക്കി ‘അവന്‍ രക്തത്തില്‍ പുണര്‍ന്നിരിക്കുകയാണ്’ എന്ന് പറഞ്ഞത്.

അഹ്മദ് ഗസ്സാലിയുടെ വീക്ഷണങ്ങളില്‍ റിലീജ്യന്‍ ഓഫ് ലൗവ് ഉണ്ടെന്നത് പരമാര്‍ത്ഥമാണ്. എന്നാല്‍ ഈ സ്‌നേഹത്തിന് ചില പരിമിതികള്‍ ഉണ്ട് .

അത് ജൈവീകവും ഔപചാരികവുമാണ്. അതായത്, സ്‌നേഹം ഏറ്റക്കുറച്ചിലുകള്‍ക്ക് വിധേയമാണെന്നും നിയമ സിദ്ധാന്തങ്ങളാല്‍ അംഗീകൃതവുമാണെന്നര്‍ത്ഥം.

ഇബ്‌ലീസ് ശപിക്കപ്പെട്ടവനാണെന്നും അല്ലാഹുവിന്റെ കഠിന ശത്രുവാണെന്നും ഖുര്‍ആന്‍ നസ്സായി (Finalised opinion) പറഞ്ഞ വസ്തുതയാണ്.

ഇബ്‌ലീസിന് ഒടുവില്‍ അല്ലാഹു പൊറുത്തു നല്‍കുമെന്ന് വിശ്വസിക്കുന്ന വിഭാഗവും (സല്‍മിയ്യ ത്വരീഖത്തുകാര്‍) ലോകത്തിന്റെ നിയന്താവായി അവനെ അല്ലാഹു നിയമിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്ന ജനതയും ( യസീദികള്‍) ലോകത്ത് ഉണ്ടായിട്ടുണ്ട്.

എന്നാല്‍ യാഥാര്‍ത്ഥ്യത്തോടും പ്രമാണബദ്ധമായ ജ്ഞാനത്തോടും കടകവിരുദ്ധമായ വാദങ്ങള്‍ മാത്രമാണത്. സ്വര്‍ഗ്ഗത്തില്‍ നിന്ന് ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ടതിനു ശേഷവും അവന്‍ അഹങ്കരിച്ചിട്ടുണ്ടെന്ന് ഗസ്സാലി ഇമാം ഒരു സംഭവം ഉദ്ധരിച്ച് വിശദീകരിക്കുന്നുണ്ട്.

ദൈവ സമാഗമത്തിനുവേണ്ടി ത്വൂരിസീനാ പര്‍വ്വതം കയറാന്‍ ആരംഭിക്കുമ്പോള്‍ മൂസാനബിയുടെ(അ) മുന്നില്‍ ഇബ്‌ലീസ് പ്രത്യക്ഷപ്പെട്ടു: ‘നബിയേ, അങ്ങ് അനുഗ്രഹിക്കപ്പെട്ടവരാണല്ലോ.

ഞാന്‍ അല്ലാഹുവിന്റെ സൃഷ്ടി തന്നെയാണ്. ദോഷം ചെയ്തു പോയി. എന്റെ തൗബക്കുവേണ്ടി നിങ്ങള്‍ അല്ലാഹുവിനോട് ശുപാര്‍ശ ചെയ്യാമോ?’ നബി സമ്മതമരുളി പര്‍വ്വത മുകളിലെത്തി. ദിവ്യ സമാഗമത്തിനു ശേഷം പര്‍വ്വതമിറങ്ങാന്‍ തുനിഞ്ഞപ്പോള്‍ അല്ലാഹു നബിയോട് ചോദിച്ചു: ‘നബിയേ., നിങ്ങളെന്തെങ്കിലും പറയാന്‍ മറന്നിട്ടുണ്ടോ ?’

അന്നേരം മൂസാനബി ഇബ്‌ലീസിന്റെ വിഷയം ഇലാഹിന്റെ മുന്നിലവതരിപ്പിച്ചു. അല്ലാഹു പറഞ്ഞു: ‘ശരി ഞാനവന്റെ പശ്ചാത്താപം സ്വീകരിക്കാം. പക്ഷേ, അവന്‍ ആദമിന്റെ (അ) ഖബറിങ്കല്‍ ചെന്ന് സാഷ്ടാംഗം ചെയ്യണം.

‘മൂസാ നബി അല്ലാഹുവിന്റെ മറുപടി ഇബ്‌ലീസിനോട് പറഞ്ഞു. അവന്‍ പ്രതിവചിച്ചു; ആദമിന്റെ ജീവിതകാലത്ത് സുജൂദ് ചെയ്യാത്ത ഞാന്‍ അദ്ദേഹത്തിന്റെ ഖബറിന് സുജൂദ് ചെയ്യണമെന്നോ?. അവന്‍ രോഷാകുലനാവുകയും അഹങ്കാരം നടിക്കുകയും ചെയ്തു (ഇഹ്യാ ഉലൂമുദ്ധീന്‍).