മൂന്നാമത്തെ തത്വോപദേശം രണ്ടാം ഉപദേശത്തിന്റെ തുടര്‍ച്ചയും, പൂര്‍ത്തീകരണവുമാണ്. രണ്ടാം ഹിക്മത്ത് വായിക്കുമ്പോള്‍ മനസ്സില്‍ ഉണ്ടാകുന്ന ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും കൂടിയാണിത്. ഞാന്‍ ആദ്യമായി ഈ ഹിക്മത്തില്‍ നിന്ന് വ്യക്തമാകുന്ന ആശയങ്ങള്‍ വിവരിക്കാം.‘സമുന്നതമായ ഇച്ഛാശക്തികള്‍ക്ക് പോലും, ഖദ്‌റുകള്‍ എന്ന ഭിത്തിയെ തകര്‍ക്കാനാവില്ല. ‘അല്ലാഹു, ജനങ്ങള്‍ക്ക് അവര്‍ മുന്നിട്ടിറങ്ങിയ കച്ചവടം, നിര്‍മ്മാണ പ്രവര്‍ത്തനം, അധ്യാപനം തുടങ്ങിയ തൊഴില്‍ ഫീല്‍ഡുകളിലായി തന്നെ നിലനിര്‍ത്തുന്ന ശക്തമായ തീരുമാനങ്ങള്‍/ ഇച്ഛാശക്തികള്‍ക്കാണ് ഹിമം എന്നു പറയുന്നത്. ഇത്തരം ഇച്ഛകള്‍ ശക്തി പ്രാപിക്കുമ്പോഴും/ കരുത്താര്‍ജ്ജിക്കുമ്പോഴും ഉണ്ടാകുന്ന ഉന്നതമായ ഇച്ഛാ ശാലികള്‍ക്കു പോലും അല്ലാഹുവിന്റെ ഖദ്‌റിന്റെ ഭിത്തിയെ മറികടക്കാനാവില്ല. (ലാ തഖ്‌രിഖു അസ്‌വാറല്‍ അഖ്ദാര്‍) അസ്‌വാര്‍ എന്നാല്‍ സൂര്‍ എന്ന പദത്തിന്റെ ബഹുവചനമാണ്. രാജ്യത്തെ ശത്രുക്കളില്‍ നിന്ന് സുരക്ഷയേകുന്ന കവചമായി പടുത്തുയര്‍ത്തുന്ന ഭിത്തികള്‍ക്കാണ് സൂര്‍ എന്ന് പറയുന്നത്. ഈ വന്‍ ഭിത്തിയോട് ഇബ്‌നു അത്വാഅ് അല്ലാഹുവിന്റെ ഖദ്‌റിനെ ഉപമിച്ചു. ശത്രുക്കള്‍ എത്ര ശ്രമിച്ചാലും, രാജ്യം മുഴുവന്‍ സംരക്ഷണത്താല്‍ വലയം ചെയ്യുന്ന ഈ ഭിത്തി തകര്‍ക്കാന്‍ ഒരു വിധത്തിലും സാധ്യമല്ല. അഥവാ, അസ്വാഭാവികമായ കഴിവു കൊണ്ടോ, വിദഗ്ധമായ തന്ത്രങ്ങള്‍ കൊണ്ടോ നിങ്ങള്‍ സംവദിക്കുന്ന മേഖലയില്‍ കിണഞ്ഞു പരിശ്രമിച്ചാലും അല്ലാഹുവിന്റെ വിധികളെ തടുക്കാനോ, മറികടക്കാനോ സാധ്യമല്ല.ഇബ്‌നു അത്വാഅ് പറഞ്ഞ ഉപദേശത്തിന്റെ ആശയം ഇങ്ങനെ വായിക്കാം. ഹേ, മനുഷ്യ പുത്രാ, നിന്നെ അല്ലാഹു ജീവിത സന്ധാരണ മാര്‍ഗ്ഗത്തില്‍ പ്രവേശിക്കേണ്ടവനാക്കിയതിനാല്‍, നീ ഉദ്ദേശിക്കുന്ന പ്രതിഫലത്തിനായി ഇഷ്ടമുള്ള ജോലികള്‍ ചെയ്യുക. ഇതിനായി നീ കഴിവിന്റെ പരമാവധി പരിശ്രമിക്കുക. അപ്പോഴെല്ലാം നീ അനിവാര്യമായും അറിയേണ്ട കാര്യമിതാണ്. നിനക്ക് പ്രായോഗികമെന്നും, ഉറച്ച തീരുമാന പ്രകാരം നടക്കുമെന്ന് ദൃഢനിശ്ചതയുള്ളതുമെല്ലാം, അല്ലാഹുവിന്റെ കാലേക്കൂട്ടിയുള്ള തീരുമാനത്തിനും/ വിധിക്കും വിപരീതമാണെങ്കില്‍, നിസ്സംശയം നിന്റെ തീരുമാനങ്ങളെല്ലാം ജീവച്ഛവമായി പരിണമിക്കുന്നതാണ്.ആദ്യമായി ഖദ്‌റ് ഖളാഅ് എന്നിവയുടെ സൂക്ഷ്മമായ അര്‍ത്ഥങ്ങളെ മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. മിക്കവരും ഇവ രണ്ടിനെയും തെറ്റായ രൂപത്തിലാണ് മനസ്സിലാക്കിയിരിക്കുന്നത്. ഖളാഇന് ഖദ്‌റിന്റെയും, ഖദ്‌റിന് ഖളാഇന്റെയും അര്‍ത്ഥവുമാണ് കല്‍പ്പിക്കുന്നത്. ഈ വിഷയത്തിലെ പലരുടെയും അജ്ഞത എന്നെ ഇതുമായി ബന്ധപ്പെട്ട് ഒരു രചനയ്ക്ക് പ്രേരിപ്പിച്ചു. അല്‍ ഇന്‍സാന്‍ മുസയ്യിര്‍ അം അല്‍ മുഖയ്യിര്‍ എന്നാണ് കൃതിയുടെ പേര്. ഈ വിഷയകമായി സൂക്ഷ്മമായ ഒരുപാട് സമസ്യകള്‍ക്ക് കൃത്യമായ ഉത്തരമേകുന്ന കൃതിയാണിത്.ഖദ്‌റ്, ഖളാഅ് എന്നതിന്റെ അര്‍ത്ഥങ്ങള്‍ വിശദീകരിക്കുന്നത് സന്ദര്‍ഭോചിതമായിരിക്കുമെന്ന് കരുതുന്നു. ഇത് പലരുടെ സന്ദേഹങ്ങള്‍ക്കും, അവ്യക്തതകള്‍ക്കും, അതില്‍ കുഴഞ്ഞുമറിയുന്നവരുടെ സംശയങ്ങള്‍ക്കും അറുതി വരുത്തുന്നതാണ്. ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെ പറ്റിയുള്ള സ്രഷ്ടാവിന്റെ അസലിയായ (തുടക്കമില്ലാത്ത) അറിവിനെയാണ് ഖളാഅ് എന്ന വാക്കില്‍ അര്‍ത്ഥമാകുന്നത്. ഈ അറിവിനോട് അനുസൃതമായിരിക്കുമല്ലോ, ഭാവിയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍. അങ്ങനെ സംഭവിക്കുന്നതിനെയാണ് ഖദ്‌റ് എന്ന് വിളിക്കുന്നത്. അപ്പോള്‍ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെ പറ്റിയുള്ള അല്ലാഹുവിന്റെ അറിവ് ഖളാഉം, ആ അറിവിനോട് യോജിച്ച് സംഭവിച്ച കാര്യങ്ങള്‍ക്ക് ഖദ്‌റ് എന്നും പറയുന്നു. അവന്റെ അറിവിനോട് വിയോജിച്ചു കൊണ്ട് ഒരു കാര്യവും സംഭവിക്കില്ല.ഒരു കാര്യം സംഭവ ലോകത്ത് ഉണ്ടാകുമ്പോള്‍ ഖളാഅ് എന്നത് ഖദ്‌റ് എന്ന പേരായി പരിണമിക്കുന്നു. ഇത് രണ്ടു വിധത്തിലാണ്. ഒന്ന്, മനുഷ്യന്റെ ഉദ്ദേശ്യങ്ങള്‍ക്കോ, അവന്റെ മറ്റു സ്വാധീനങ്ങള്‍ക്കോ യാതൊരു റോളും ഇല്ലാതെ പൂര്‍ണ്ണമായി അല്ലാഹുവിങ്കലില്‍ നിന്ന് സംഭവിക്കുന്നതാണ്. രോഗങ്ങള്‍, വൈകല്യങ്ങള്‍, മരണം തുടങ്ങിയ മാനുഷിക വിപത്തുകളും ചുഴലിക്കാറ്റ്, പ്രളയം, ഭൂചലനം, ഗ്രഹണം തുടങ്ങിയ പ്രകൃതിപ്രതിഭാസങ്ങളും ഒന്നാമത്തേതിന്റെ ഉദാഹരങ്ങളാണ്. രണ്ടാമത്തേത് അല്ലാഹുവിന്റെ സൃഷ്ടിപ്പാണെങ്കിലും, അത് മനുഷ്യന്റെ ഉദ്ദേശ്യത്തിന് തുടര്‍ന്നു വരുന്നവയാണ്. മനുഷ്യന്റെ ഇച്ഛാനുസരണം ചെയ്യാന്‍ പറ്റുന്ന പ്രവൃത്തികള്‍ ഇതിനു ഉദാഹരണങ്ങളാണ്. വ്യത്യസ്തങ്ങളായ സാമൂഹിക- വൈയക്തിക ഇടപഴക്കത്തിലെ ഉത്സാഹവും നോമ്പ്, നിസ്‌കാരം, ഹജ്ജ് തുടങ്ങിയ ആരാധനാ കൃത്യങ്ങളിലെ ചടുലതയും പ്രതിനിധീകരിക്കുന്നത് ഇയൊരു ഖളാഇനെയാണ്. ഈ രണ്ട് ഇനങ്ങളും സ്രഷ്ടാവിന്റെ ഖദ്‌റ് ഖളാഅ് എന്നതിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നതാണ്. കാരണം ഇവയെല്ലാം സംഭവിച്ചുകൊണ്ടിരിക്കുന്നത് അവന്റെ അറിവു കൊണ്ടും, സൃഷ്ടിപ്പു കൊണ്ടു മാത്രമാണ്. അതെപ്പറ്റിയുള്ള ഒരുപാട് ചര്‍ച്ച വിഷയത്തില്‍ നിന്നുള്ള വ്യതിചലനമായിരിക്കും. നാം അന്വേഷിക്കുന്നത് ഈ പറഞ്ഞതുമായി ഇബനു അത്വാഇന്റെ ഉപദേശവുമായുള്ള ബന്ധത്തെയാണ്. അത് എന്താണ്? ചിലരെ ഉദാഹരണമാക്കി നമുക്ക് ഉത്തരം കണ്ടെത്താം. അവര്‍ മതം വിലക്കിയ തൊഴിലുമായി ബന്ധപ്പെടുന്നവരാണ്. ‘ഈ ഉപജീവന മാര്‍ഗ്ഗങ്ങള്‍ കൈയെഴിക്കണം, ഇത് മതം വിലക്കിയ ‘തൊഴിലാകുന്നു’ എന്ന് വല്ലവനും അവരെ ഗുണദോഷിച്ചാല്‍ ഉടനെ അവര്‍ കോപാകുലനായി പ്രതികരിക്കുന്നതാണ്. ‘ഇല്ല, തൊഴിലുകളുമായി സംവദിക്കാനാണ് മതം നിഷ്‌കര്‍ഷിക്കുന്നത്. തിരസ്‌കരിക്കാനല്ല. തൊഴിലിനോട് തൊട്ടുകൂടായ്മ പാലിച്ച് ജീവിക്കുന്നവനെ അല്ലാഹു വെറുത്തിട്ടുണ്ട്. ‘ചിലപ്പോള്‍ ഇത്തരക്കാര്‍, ഞങ്ങള്‍ ഇബ്‌നു അത്വാഅ് തങ്ങളുടെ ഉപദേശം അനുസരിക്കുന്നവരാണ്, കാരണങ്ങളുടെ ലോകത്താണ് എന്നെ അല്ലാഹു നിലനിര്‍ത്തിയിരിക്കുന്നത് എന്നൊക്കെ പറഞ്ഞേക്കാം. രണ്ടാം ഉപദേശത്തെ തുടര്‍ന്നു വരുന്ന ഈയൊരു ചോദ്യത്തിനുത്തരമാണ് സവാബിഖുല്‍ ഹിമമി ലാ തഖ്‌രിഖു അസ്‌വാറല്‍ അഖ്ദാരി.നീ മതകീയമല്ലാത്ത തൊഴില്‍ മേഖലയിലാണ് ഏര്‍പ്പെടുന്നതെങ്കില്‍ നിങ്ങള്‍ അതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുകയാണ് വേണ്ടത്. തെറ്റുകുറ്റങ്ങളില്‍ കൂടുതല്‍ ഏര്‍പ്പെടേണ്ടി വരുന്ന നാട്ടിലാണ് നിങ്ങളുടെ വ്യാപാരവും, മറ്റു ഇടപാടുമെങ്കില്‍ അത് ഒഴിവാക്കി ഇതൊന്നുമില്ലാത്ത ഒരു പ്രദേശത്തേക്ക് യാത്ര ചെയ്യുകയാണ് വേണ്ടത്. ഇവിടെ പിശാചിന്റെ ദുര്‍ബോധനത്തെ ചെറുത്തു തോല്‍പ്പിച്ച് നിങ്ങള്‍ മുന്നേറണം. ‘ഈ തൊഴിലാണ് നിങ്ങള്‍ക്ക് അല്ലാഹു ഉപജീവനത്തിനായി സജ്ജീകരിച്ചത്. അവന്‍ നിങ്ങള്‍ക്ക് മുമ്പില്‍ തുറന്ന ഉപജീവനത്തിന്റെ കവാടത്തെ നിങ്ങള്‍ കൊട്ടിയടച്ചാല്‍ പകരം എന്ത് മാര്‍ഗ്ഗമാണ് നിങ്ങള്‍ക്കുള്ളത്.?! ‘എന്നായിരിക്കും നിങ്ങളോട് പിശാച് മന്ത്രിക്കുന്നതെങ്കില്‍, അവനോട് ഇങ്ങനെ പറയുക, എന്റെ ഈ നാട്ടിലെ കച്ചവടവും, മറ്റു ഇടപാടുകളുമാണ് എന്റെ സുഖകരമായ ജീവിതത്തിന്റെ ആധാരമെന്ന് എവിടെന്നാണ് കിട്ടിയത്? ഞാന്‍ എന്നും ജീവിക്കുന്നത് വിശുദ്ധ വാക്യങ്ങള്‍ വെളിപ്പെടുത്തിയ യാഥാര്‍ത്ഥ്യങ്ങളിലൂടെയാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു; തീര്‍ച്ചയായും അല്ലാഹു തന്നെയാണ് ഉപജീവനം നല്‍കുന്നവനും ശക്തനും പ്രബലനും(51/58), നിങ്ങള്‍ അല്ലാഹുവിങ്കല്‍ ഉപജീവന മാര്‍ഗ്ഗം തേടുക(29/17). ഇമാം ബുഖാരി, ഇമാം മുസ്‌ലിം നിവേദനം ചെയ്ത ഹദീസില്‍ തിരുമേനി(സ) പറഞ്ഞു; നിങ്ങള്‍ ഓരോരുത്തരും മാതാവിന്റെ ഗര്‍ഭത്തില്‍ നാല്‍പ്പതാം ദിവസത്തില്‍ ശുക്ലമാകും, പിന്നെ അള്ളിപ്പിടിക്കുന്ന ഭ്രൂണമായും, മാംസപിണ്ഡമായും സൃഷ്ടിച്ചു. പിന്നീട് അല്ലാഹു ഒരു മലക്കിനെ അയച്ച് അതിന് ആത്മാവ് നല്‍കും. ആ മലക്ക് നാല് കാര്യങ്ങള്‍ ഉല്ലേഖനം ചെയ്യാന്‍ കല്‍പ്പിക്കപ്പെടും. അവന്റെ ഉപജീവനം, കാലാവധി, പ്രവര്‍ത്തനങ്ങള്‍, വിജയിയോ അല്ലെങ്കില്‍ പരാജിതനോ എന്നിവയാണ് ആ നാല് കാര്യങ്ങള്‍. അല്ലാഹുവും, തിരുപ്രവാചകരും വ്യക്തമാക്കിയ ഈ യാഥാര്‍ത്ഥ്യത്തിലൂടെയാണ് എന്റെ സഞ്ചാരം. അതു കൊണ്ട് തന്നെ, നമുക്ക് ലഭിക്കുന്ന ഉപജീവനങ്ങളെല്ലാം അല്ലാഹുവിന്റെ അറിവിന് അധീനമായിട്ടാണ്. അധീതമായിട്ടല്ല. അതുതന്നെ അവന്റെ ഖളാഇല്‍ ഉള്‍പ്പെട്ടതുമാകുന്നു. അപ്പോള്‍ നിന്റെ വ്യാപാര രംഗത്തുള്ള/ മറ്റു തൊഴില്‍ മേഖലയിലെ അങ്ങേയറ്റത്തെ പരിശ്രമങ്ങളും, ഉത്സാഹങ്ങളുമെല്ലാം തന്നെ അല്ലാഹുവിന്റെ ഖളാഇലും, വിധിയിലുമായി മറക്കപ്പെട്ടതിന്റെയും, അതിനോട് (അവന്റെ അസലിയായ അറിവിനോട്, അഥവാ ഖളാഇനോട്) തുടര്‍ന്നു വരുന്ന ഖദ്‌റിന്റെയും സേവകരാണ്.ദുര്‍ബോധനം നടത്തുന്ന പിശാചിനോട് പറയുക, അല്ലാഹു എനിക്ക് വിശാലമായ ജീവിത മാര്‍ഗ്ഗവും, ഒരുപാട് സമ്പത്തും വിധിച്ചിട്ടുണ്ടെങ്കില്‍ അത് എനിക്ക് ലഭിക്കുക തന്നെ ചെയ്യും. കുറഞ്ഞ ഭക്ഷ്യവസ്തുക്കള്‍, നിര്‍ണ്ണിതമായ സമ്പത്തുകള്‍ മാത്രമാണ് എനിക്ക് അല്ലാഹു വിധിച്ചതെങ്കില്‍ എനിക്ക് രേഖപ്പെടുത്തിയതത്രയും ലഭിക്കുന്നതാണ്. വാണിജ്യ മേഖലയില്‍ എത്ര വലിയ പദ്ധതികളുമായി മുന്നോട്ട് ഗമിച്ചാലും, പാശ്ചാത്യ- പൗരസ്ത്യ നാടുകളിലേക്ക് മികച്ച വേതനത്തിനായി യാത്ര നടത്തിയാലും വിധിച്ചത് മാത്രമേ ലഭിക്കുകയുള്ളു. അതാണ് പറയുന്നത് വിധികളാകുന്ന ഭിത്തികളെ തകര്‍ക്കാന്‍ സമുന്നതമായ ഇച്ഛാശക്തികള്‍ക്കും സാധ്യമല്ല. മുമ്പിലെ ഹിക്മത്തും, ഈ ഹിക്മത്തും തമ്മിലുള്ള ബന്ധം ഇതോടെ നിങ്ങള്‍ക്ക് മനസ്സിലായേക്കാം. ( ജീവിതം ക്രമീകരിക്കേണ്ടത് മതകീയ നിയമത്തിന് അനുസൃതമായാണ് )ഈ യാഥാര്‍ത്ഥ്യം ജനങ്ങളില്‍ പലരെയും ചില ചോദ്യങ്ങളിലേക്ക് നയിക്കുന്നു. അവയില്‍ ചിലത് വായിക്കാം. ഇങ്ങനെ വിധികളെ മറികടക്കാന്‍ സാധ്യമല്ലെങ്കില്‍ തൊഴില്‍ മേഖലയില്‍ ഏര്‍പ്പെടേണ്ടതിന്റെ അര്‍ത്ഥമെന്താണ്? ജോലിക്കും, ഉപജീവനമാര്‍ഗ്ഗത്തിനുമായി വ്യത്യസ്ത ഭൂപ്രദേശങ്ങളിലേക്ക് സഞ്ചരിക്കുന്നതിന്റെ അര്‍ത്ഥമെന്താണ്?വ്യത്യസ്തമായ ജീവിത സന്ധാരണ മേഖലയില്‍ സംവദിക്കുന്ന നിങ്ങള്‍ രണ്ടിലൊരു അവസ്ഥയിലാണ് നിലകൊള്ളുന്നത്. ഒന്ന് മതപരമായി തൊഴിലുകളെല്ലാം അനുവദനീയമാണെങ്കിലും, അവന്‍ തജ്‌രീദിന്റെ ലോകത്ത് ആയതിനാല്‍ അതില്‍ നിന്നെല്ലാം മാറി നില്‍ക്കാനാണ് മതകീയ നിയമങ്ങള്‍ ആവശ്യപ്പെടുന്നത്. തൊഴില്‍രംഗത്തേക്ക് പ്രവേശിക്കല്‍ അനിവാര്യമായവന് മുമ്പില്‍ ഒരുപാട് നിഷിദ്ധമായ തൊഴിലുകളുണ്ടെങ്കില്‍, അവ തൊഴിലുകളില്ലാത്തതു പോലെയാണ് മത നിയമം വീക്ഷിക്കുന്നത്. അത്തരം ഉപജീവന മാര്‍ഗ്ഗങ്ങളെ തിരസ്‌ക്കരിക്കാനും, കൈയൊഴിക്കാനുമാണ് മതാത്മക നിയമങ്ങള്‍ ആവശ്യപ്പെടുന്നത്. രണ്ട്, മതകീയ പിന്തുണയുള്ള വിശാലമായ ഉപജീവന മാര്‍ഗ്ഗങ്ങള്‍ നിന്റെ പരിസരത്തുണ്ട്. എങ്കില്‍ അത് സ്വീകരിക്കലും, സമരസപ്പെടലും അനിവാര്യമാണ്. ഇതെല്ലാം തന്റേതായ പ്രവര്‍ത്തനങ്ങള്‍ എന്ന നിലക്കോ അല്ലാഹുവിന്റെ ഖദ്‌റ് ഖളാഇനെ എതിരിടുന്ന പ്രവൃത്തികള്‍ എന്ന നിലക്കോ ആണ് എന്ന ചിന്താഗതിയിലാകാന്‍ പാടുള്ളതല്ല. ഈയൊരു ചിന്താഗതിയില്‍ നമ്മെ അല്ലാഹു രക്ഷപ്പെടുത്തട്ടെ. നിങ്ങളെ അല്ലാഹു നിലനിര്‍ത്തിയ സ്ഥാനത്തെ ഉള്‍ക്കൊണ്ടും, അവന്റെ കല്‍പ്പന അനുസരിച്ചുമാണ് നിങ്ങള്‍ തൊഴില്‍ മേഖലയില്‍ ഏര്‍പ്പെടുന്നത്. അപ്പോഴെല്ലാം സംഭവിച്ചു കൊണ്ടിരിക്കുന്നത് അല്ലാഹുവിന്റെ ഉദ്ദേശ്യാനുസരണമാണ് എന്ന പരമ ബോധ്യത്തിലായിരിക്കണം നിങ്ങള്‍ ചലിക്കേണ്ടത്. അവന്റെ വിധിക്കപ്പുറത്ത് ഒന്നും തന്നെ സംഭവിക്കുന്നതല്ല. അപ്പോള്‍ നിങ്ങളുടെ ചലനാത്മകതയെ നിയന്ത്രിക്കുന്നത് നിങ്ങളുടെ തൊഴിലുകളല്ല. മറിച്ച് അവയെ നിങ്ങള്‍ ആശ്രയിക്കുന്നുവെന്ന് മാത്രം. വാസ്തവത്തില്‍ അതിന്റെ ഫലങ്ങളെല്ലാം അല്ലാഹുവില്‍ നിന്ന് മാത്രമാണ്. തെളിച്ചു പറഞ്ഞാല്‍ അനുവദനീയമായ തൊഴില്‍ മേഖലയില്‍ പ്രവേശിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. അങ്ങനെ ഉപജീവന മാര്‍ഗ്ഗത്തില്‍ പ്രവേശിക്കേണ്ട സ്ഥാനത്ത് നിര്‍ത്തിയതും, ജോലി ചെയ്യാന്‍ കല്‍പ്പിച്ചതും അല്ലാഹുവാണ്. വാസ്തവത്തില്‍ തൊഴിലുകളോടല്ല നമ്മുടെ ഇടപഴക്കം. മറിച്ച് സര്‍വ്വാധിപനായ അല്ലാഹുവോടാണ്. അതുകൊണ്ട് തന്നെ അതിന്റെ ഫലങ്ങള്‍ തുടര്‍ന്നു വരുന്നത് അല്ലാഹുവിങ്കല്‍ നിന്നാണ്. അല്ലാതെ തൊഴിലുകളില്‍ നിന്നല്ല. ജീവിത സന്ധാരണങ്ങളെല്ലാം അല്ലാഹുവിന്റെ ഖദ്‌റ് ഖളാഇന്റെ തുടര്‍ച്ചയായി സംഭവിക്കുന്ന സേവകന്മാരാണെന്ന് പറഞ്ഞതിന്റെ താത്പര്യം ഇതത്രെ. ഉപജീവന വൃത്തികള്‍ക്ക് തുടര്‍ച്ചായി സംഭവിക്കുന്ന സേവകന്മാരല്ല ഖദ്‌റ്, ഖളാഅ്. ഈ ആശയമാണ് ഇബ്‌നു അതാഅ് പറഞ്ഞ മൂന്നാം ഹിക്മത്ത് വിവരിക്കുന്നത്.ഈ യാഥാര്‍ത്ഥ്യത്തിലാണ് നാം നിലനില്‍ക്കേണ്ടത്. ഒരുപാട് മുസ്‌ലിംകള്‍ ഈ യാഥാര്‍ത്ഥ്യത്തില്‍ ഉറച്ചു നില്‍ക്കുന്നില്ല എന്നത് വസ്തുതയാണ്. എത്രത്തോളമെന്നാല്‍, ഒരുപാട് മുസ്ലിം പണ്ഡിതന്മാരും മതപ്രബോധന പ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന പ്രബോധകരും ഈ യാഥാര്‍ത്ഥ്യത്തോട് പുറംതിരിഞ്ഞ് ദിശതെറ്റിയ വിശ്വാസത്തിലായി കഴിയുന്നവരുണ്ട്. തീ, വെള്ളം, വിഷം, ഭക്ഷണം, മരുന്ന് തുടങ്ങി നാം ഉപയോഗിക്കുന്ന പല പദാര്‍ത്ഥങ്ങളിലും അന്തര്‍ലീനമായി, ദൃഷ്ടിയില്‍ അഗോചരമായ ഒരു പ്രതിഫലന ശേഷി നിലകൊള്ളുന്നു എന്നാണ് ഇവര്‍ ഉറച്ചു വിശ്വസിക്കുന്നത്. ഇവരോട് ഈമാനികമായ യഥാര്‍ത്ഥ വിശ്വാസങ്ങളെ പറ്റി വിസ്തരിച്ചാലോ, ‘അതെ, ഈയൊരു പ്രതിഫലന ശേഷി/ പ്രതിഫലന ശക്തിയെ അതില്‍ അന്തര്‍ലീനമാക്കി നിലനിര്‍ത്തിയത് അല്ലാഹുവാണ്” എന്നു പറഞ്ഞു കൊണ്ട്, ആ വിശ്വാസത്തെ വീണ്ടെടുക്കുന്നു. വിശ്രുതരായ വിശ്വാസ ശാസ്ത്ര പണ്ഡിതന്മാരുടെ യുക്തിസഹമായ വിലയിരുത്തലിന് സമാനമായ വിസ്തരമായി ഇവരുടെ വാക്കുകളെ പരിഗണിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഇവരുടെ ഈ വിവരണത്തിനും, മറ്റു ഒട്ടുമിക്ക വാചാലങ്ങള്‍ക്കും ഒരു മൂല്യമില്ല എന്നത് തന്നെയാണ് കാരണം.എന്നാല്‍ ഞാന്‍ ഇവര്‍ക്ക് തൗഹീദിന്റെ അചലഞ്ചമായ വിശ്വാസ ക്രമത്തെ പറ്റി വിസ്തരിക്കുന്ന ഖണ്ഡിതമായ ഖുര്‍ആനിക പ്രമാണങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു. അല്ലാഹുവിന്റെ സത്തയിലും, വിശേഷണത്തിലുമുള്ള ഏകത്വത്തെ കാണിക്കുന്ന വിശ്വാസമാണ് തൗഹീദ്.1- അല്ലാഹു, അവനല്ലാതെ അരാധ്യനില്ല. പ്രപഞ്ച പരിപാലകനും നിത്യജീവത്തായവനുമാകുന്നു അവന്‍(അല്‍ ബഖറ -255). അല്ലാഹു അവന്റെ സത്തയ്ക്ക് അല്‍ കയ്യൂം എന്ന് വിശേഷിപ്പിച്ചു. എല്ലായ്‌പ്പോഴും പ്രപഞ്ചം മുഴുക്കെ അവന്റെ പരിപാലനത്തിന്റെ കീഴിലാകുന്നു. അല്ലാഹുവിന്റെ പ്രവര്‍ത്തനത്തെ തുടര്‍ന്നാണ് പ്രപഞ്ചത്തിലെ ഓരോ വസ്തുവും ചലിക്കുകയോ, നീങ്ങുകയോ, പ്രതിഫലനം സൃഷ്ടിക്കുകയോ ചെയ്യുന്നത്. ഈയൊരു രീതിയിലല്ലാതെ ഒരു വസ്തുവും ഒരു നിമിഷം പോലും ചലിക്കുന്നതല്ല. ആയതിനാല്‍ കാരണങ്ങളില്‍ എന്ത് ഫലപ്രാപ്തിയാണ് നിലനില്‍ക്കുന്നത്?2- ‘അവന്റെ ദൃഷ്ടാന്തത്തില്‍ പെട്ടതാകുന്നു, ആകാശ ഭൂമി അവന്റെ കല്‍പ്പന പ്രകാരം നിലനില്‍ക്കുന്നു(അല്‍ റൂം-25). ആകാശ ഭൂമികളും, അവയ്ക്കിടയിലെ സര്‍വ്വതും അല്ലാഹുവിന്റെ കല്‍പ്പനയ്ക്ക് അനുസൃതമായി ചലിച്ചു കൊണ്ട്, അവയുടേതായ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കുന്നു. ഈ സൂക്തത്തില്‍ പരാമര്‍ശിച്ച യഖൂമു (നിലനില്‍ക്കുന്നു) എന്ന പദം ധ്വനിപ്പിക്കുന്ന അര്‍ത്ഥം വിസ്മരിച്ചുകൂടാത്തതാണ്. ഇത് മുളാരിഅ് ആണ്(ഭാവി-വര്‍ത്തമാന കാലങ്ങളെ അറിയിക്കുന്ന പദം). ഈ പദങ്ങള്‍ ദവാം, ഇസ്തിംറാര്‍(തുടര്‍ച്ചയായി, നിത്യമായി സംഭവിക്കുന്നു) എന്നിവയെ പ്രകാശിപ്പിക്കുന്നതാകുന്നു. അഥവാ, നാം കാണുന്ന ചെറുതും, വലുതുമായ എല്ലാ പ്രാപഞ്ചിക പ്രതിഭാസങ്ങളും, നിമിഷങ്ങള്‍ മറ്റൊരു നിമിഷങ്ങളായി പൂര്‍ത്തിയാകുന്നതും അല്ലാഹുവിന്റെ കഴിവു കൊണ്ടും, അവന്റെ കല്‍പ്പന കൊണ്ടുമാകുന്നു. നമുക്ക് മുമ്പില്‍ ദൃശ്യമാകുന്ന എല്ലാ കാരണങ്ങളും അല്ലാഹുവിന്റെ ആധിപത്യത്തിന്റെയും, കല്‍പ്പനയുടെയും സൈന്യങ്ങള്‍ മാത്രമാണെന്ന് ഈ ദൈവിക വചനത്തെ മുന്‍നിര്‍ത്തി ഗൗരവമായി ആലോചിക്കുന്നവര്‍ക്ക് ബോധ്യമാകുന്നതാണ്. ഓരോ നിമിഷവും അല്ലാഹുവില്‍ നിന്നുള്ള ഖുദ്‌റത്തും, പ്രവൃത്തിയും ഉണ്ടാകുന്നു. ഈ ദൈവിക സംവിധാന ക്രമത്തില്‍ യഥാര്‍ത്ഥ കര്‍ത്താവിനെ മാറ്റി നിര്‍ത്തിയുള്ള ഏതെങ്കിലും പ്രവര്‍ത്തനങ്ങള്‍ക്ക് അസ്തിത്വമുണ്ടോ?3- തീര്‍ച്ചയായും അല്ലാഹു ആകാശങ്ങളെയും ഭൂമിയെയും(യഥാര്‍ത്ഥ സ്ഥാനങ്ങളില്‍ നിന്ന്) ചലിക്കാതെ പിടിച്ച് നിര്‍ത്തുന്നു. അവ നീങ്ങിപ്പോവുകയാണെങ്കില്‍, അവനു പുറമെ യാതൊരാള്‍ക്കും അവയെ പിടിച്ച് നിര്‍ത്താനവില്ല(35/41). ഇവിടെ പരാമര്‍ശിച്ച യുംസിഖ് എന്ന പദം ഉത്പാദിപ്പിക്കുന്ന ആശയത്തിലേക്ക് ചിന്ത വികസിക്കേണ്ടതുണ്ട്. ഇത് ദവാമിനെയും ഇസ്തിഖ്‌റാറിനെയും ഉദ്‌ബോധിപ്പിക്കുന്നതാണ്. ഈ ആയത്തില്‍ വ്യക്തമാക്കിയ സ്രഷ്ടാവിന്റെ സംവിധാന ക്രമത്തെ പറ്റി ആലോചിച്ചു നോക്കൂ. കണ്ണു കൊണ്ട് കാണുന്നതും, കാണാത്തതുമായ പ്രാപഞ്ചിക ക്രമങ്ങളിലൂടെയാണ് ആകാശങ്ങളും, ഭൂമിയും നിലകൊള്ളുന്നത്. വ്യവസ്ഥാപിതമായ ഈ പ്രപഞ്ച ക്രമത്തിലായി ഓരോ നിമിഷവും ചലിക്കുന്നത് അല്ലാഹുവിന്റെ യുക്തിയിലും, നിയന്ത്രണത്തിലുമാണ്. ഈ ക്രമ സംവിധാനത്തിന്റെ പരിപാലനത്തെ അല്ലാഹു ഒരു നിമിഷത്തേക്ക് ഉപേക്ഷിച്ചാല്‍ എല്ലാം തകര്‍ന്നു വീഴുകയും അപ്രത്യക്ഷമാവുകയും ചെയ്യുമായിരുന്നു. ആയതിനാല്‍ അല്ലാഹുവിന്റെ സ്ഥാനത്തുള്ള ഒരു പരിപാലന രീതിയെയോ, ഫലപ്രാപ്തിയെയോ അവരോധിക്കുന്നത് അസാധ്യമാണ്. അത് കൊണ്ട് കാര്യങ്ങളുടെ ഉണ്മക്കായുള്ള കാരണമെന്നത് അല്ലാഹുവാണ്. നാം മനസ്സിലാക്കിയതുപോലെ, ഈയൊരു രീതിയാലാണ് ഒരോ നിമിഷവും പ്രപഞ്ചത്തിലെ സംവിധാനങ്ങള്‍ പൂര്‍ത്തിയാകുന്നത്. സൃഷ്ടിപ്പ് രീതിയില്‍ നിലകൊള്ളുന്ന അവസ്ഥ പ്രതിപാദ്യ രീതിയായതിനാല്‍, എങ്ങനെയാണ് ഒരു വസ്തുവില്‍ ഗോപ്യമായതും, സുസ്ഥിരവുമായ പ്രതിഫലന ശേഷിയുണ്ടാവുക?4- അവരുടെ സന്തതികളെ ഭാരം നിറച്ച കപ്പലില്‍ നാം കയറ്റിക്കൊണ്ട് പോയതും അവര്‍ക്കൊരു ദൃഷ്ടാന്തമാകുന്നു( യാസീന്‍/ 41). കടലിലെ കാറ്റുകള്‍ നീന്തിക്കടത്തുന്ന ഭാരം നിറച്ച കപ്പലുകള്‍ക്ക് സ്ഥിരമായ അഗോചരമായ പ്രതിഫലന ശേഷിയുണ്ടെങ്കില്‍ എന്തിനാണ് അല്ലാഹു ഉന്നതമായ തന്റെ അസ്തിത്വത്തിലേക്ക് ജനങ്ങളെ കപ്പലിലേക്ക് പ്രവേശിപ്പിച്ച് വഹിച്ചതിനെ ചേര്‍ത്തി പറഞ്ഞത്? അന്തര്‍ലീനമായ ഒരു സ്ഥിര പ്രതിഫലന ശേഷിയുള്ള കപ്പലിലേക്ക് എന്തുകൊണ്ട് ചേര്‍ത്തി പറഞ്ഞില്ല?!കപ്പലിനെയും, അതിലുള്ളവരെയും വഹിച്ചത് അല്ലാഹുവാണെന്നാണ് ഈ ആയത്ത് വ്യക്തമാകുന്നത്. കപ്പലില്‍ നിലകൊള്ളുന്ന ഒരു ശക്തിയാണ് യഥാര്‍ത്ഥ കാരണമെന്ന ധാരണയെ ഈ പ്രഖ്യാപനം ഉന്മൂലനം ചെയ്യുന്നു. അതോടൊപ്പം ഇക്കാലമത്രയും, വഹിച്ചതിന്റെയും, നിയന്ത്രിച്ചതിന്റയും കര്‍ത്താവ് അല്ലാഹുവാണെന്ന് കൃത്യപ്പെടുത്തുകയും ചെയ്യുന്നു.5- ഇതിനു സമാനമായതോടൊപ്പം ഇതിനേക്കാള്‍ കൂടുതല്‍ സുവ്യക്തമാക്കുന്നതുമായ ഉദാഹരണം കൂടി വായിക്കാം. പലകളും ആണികളുമുള്ള ഒരു കപ്പലില്‍ അദ്ദേഹത്തെ നാം വഹിക്കുകയും നമ്മുടെ മേല്‍നോട്ടത്തില്‍ അത് സഞ്ചരിക്കുകയും ചെയ്തു(54 /13 -14). പ്രവാചകന്‍ നൂഹ്(അ)നെ സംബന്ധിച്ചാണ് ഈ സൂക്തം വിവരിക്കുന്നത്. കപ്പല്‍ സഞ്ചാരത്തിന്റെ യഥാര്‍ത്ഥ കര്‍ത്താവ് അല്ലാഹുവാണെന്ന് തന്നെയാണ് ഇവിടെയും പറയുന്നത്. അല്ലാഹു വിവരിച്ച പദങ്ങള്‍ ശ്രദ്ധിച്ചു നോക്കു, നമ്മുടെ ധാരണ പ്രകാരം, ആണികളും പലകളും ചേര്‍ന്നുള്ള കപ്പലാണ് ഭാരം വഹിക്കുകയും, കലിതുള്ളി ഒഴുകുന്ന ജല പ്രളയത്തില്‍ നിന്ന് അവരെ സംരക്ഷിക്കുകയും ചെയ്തതെന്ന കാര്യത്തെ തിരസ്‌ക്കരിക്കുന്നു. പകരം, അവരെ വഹിച്ചതും, പരിരക്ഷിച്ചതും, രക്ഷപ്പെടുത്തിയതെല്ലാം അല്ലാഹുവെന്ന് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. ആയതിനാല്‍ കപ്പല്‍ എന്നത് അല്ലാഹുവിന്റെ ആധിപത്യത്തിന് മുമ്പില്‍ ഒരു രൂപം മാത്രമാണ്. അതിന് യാതൊരു ശക്തി പ്രഭവവുമില്ല.6- ഉപര്യുക്ത സൂക്തങ്ങള്‍ തെര്യപ്പെടുത്തിയ യഥാര്‍ത്ഥ്യങ്ങളെ ശക്തിപ്പെടുത്തുന്നതും, സ്ഥിതീകരിക്കുന്നതുമായ ഖുദ്‌സിയായ(ദൈവീക) ഒരു വാക്യമുണ്ട്. ആ വാക്യത്തെ നമുക്ക് തിരുമേനി(സ) പഠിപ്പിച്ചിട്ടുണ്ട്, അത് പലയാവര്‍ത്തി ഉച്ചരിക്കാനും, അതിന്റെ അര്‍ത്ഥത്തില്‍ തൃപ്തരാകാനുമാണ് നമ്മോടുള്ള തിരുകല്‍പ്പന. അത് ലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ് എന്ന വചനമാണ്. ഈ അര്‍ത്ഥ സമ്പൂര്‍ണമായ വാക്യത്തെ ശ്രദ്ധയോടെ വായിക്കേണ്ടതുണ്ട്.എങ്ങനെയാണ് എല്ലാ വസ്തുക്കളില്‍ നിന്നും ഹൗല്, കുവ്വത്ത് എന്നിവയെ നിരാകരിക്കുകയയും, ഓരോ നിമിഷവും ഇവയുടെ ഉണ്മ എന്നത് അല്ലാഹുവില്‍ മാത്രമെന്ന് കൃത്യപ്പെടുത്തുകയും ചെയ്തിരിക്കുന്നതെന്ന് നോക്കാം. കഴിവിന്റെ ഉണ്മയില്‍ നിന്ന് ഉദയം ചെയ്യുന്ന ചലനങ്ങള്‍ക്കാണ് ഹൗല എന്ന പദത്തില്‍ അര്‍ത്ഥമാക്കുന്നത്. ചലനങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും അടിസ്ഥാനമാകുന്നത് ശക്തികള്‍/ കഴിവുകളാണല്ലോ?, അത്തരം കഴിവുകള്‍ സര്‍വ്വ സൃഷ്ടികളില്‍ നിന്നും ഉണ്ടാകുന്നു എന്നതിനെ പൂര്‍ണമായും നിഷേധിക്കുന്ന, തിരസ്‌ക്കാര ശബ്ദത്തിന്റെ പാരമ്യതയാണ് ഈ വാക്യം. അതോടൊപ്പം ആ കഴിവുകളെല്ലാം അല്ലാഹുവിന്റേത് മാത്രമാകുന്നു എന്നു കൂടി കണിശമായി സ്ഥിരിപ്പെടുത്തുന്നു. പ്രപഞ്ചത്തില്‍ സ്ഥിരമായി സംഭവിക്കുന്ന ചലനങ്ങള്‍ മുഴുവനും, ഓരോ നിമിഷവും അല്ലാഹു സൃഷ്ടിച്ചു നല്‍കുന്ന കഴിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ്. ആയതിനാല്‍ എല്ലാം അല്ലാഹുവില്‍ നിന്നാണ്. ഇതിനെ നമുക്ക് പകല്‍ വെളിച്ചത്തിന്റെ പ്രസരണത്തോട് സാമ്യപ്പെടുത്താം. വെളിച്ചം നിങ്ങള്‍ക്ക് ചുറ്റുമായി വ്യാപിച്ചു കിടക്കുന്നുണ്ട്. ഇത് സൂര്യനില്‍ നിന്ന് ഒരോ നിമിഷവും ഗമിക്കുന്ന പ്രകാശ കിരണങ്ങളുടെ ഒഴുക്കിന്റെ ഫലമാണല്ലോ, ഒരു നിമിഷ നേരം ഈ പ്രകാശ പ്രസരണം വേണ്ടതു പോലെ നടന്നില്ലെങ്കില്‍, പൂര്‍ണമായും നമുക്ക് ചുറ്റും ഇരുട്ട് പ്രാപിക്കുന്നതാണ്. ഇതു പോലെയാണ് അവന്‍ സൃഷ്ടിക്കുന്ന കഴിവുകളും, ശക്തികളുമെല്ലാം.ഈ ശാസ്ത്രീയമായ അന്വേഷണം അല്ലാഹുവിന്റെ സത്തയിലും, വിശേഷണത്തിലും, പ്രവര്‍ത്തനത്തിലും ഏകത്വത്തെ വ്യക്തമാക്കുന്ന ഋതുവായ വിശ്വാസത്തെയാണ് വ്യക്തമാക്കുന്നത്. ഈ ഒരു വിശ്വാസത്തെയാണ് മുസ്ലി സഹോദരങ്ങള്‍ ഹൃദയാവരിക്കേണ്ടത്. അല്ലാഹുവിന്റെ വിശേഷണത്തിലോ പ്രവര്‍ത്തിയിലോ യാതൊരു പങ്കുകാരനുമില്ല. സൃഷ്ടിപ്പിലോ, മറ്റു അവന്റെ സംവിധാന ക്രമങ്ങളിലോ ഒരാള്‍ക്കും പങ്കില്ലാത്ത വിധം അവന്‍ ഏകനാണെന്നാണ് എല്ലാ വിശ്വാസികളും ദൃഢമായി വിശ്വസിക്കേണ്ടത്. തീയില്‍ കരിച്ചു കളയുന്ന ഒരു ശക്തിയെ അല്ലാഹു വിക്ഷേപിച്ചിട്ടുണ്ടെന്ന് ( തീ, ഒരു ഉദാഹരണം മാത്രമാണ്. ഇതു പോലെ എല്ല വസ്തുക്കളിലും അന്തര്‍ലീനമായ കഴിവുണ്ടെന്ന്) വിശ്വസിക്കുന്നവനുണ്ടെങ്കില്‍ അതിനര്‍ത്ഥം എന്താണ്?. മറ്റൊന്നുമല്ല, നിശ്ചയമായും തീയില്‍ കരിച്ചു കളയാന്‍ സാധിക്കുന്ന ഒരു സ്വതന്ത്രമായ ശക്തിയുണ്ടെന്നതാണ്. അല്ലാഹു അതില്‍ കരിക്കുക എന്ന പ്രവര്‍ത്തനത്തെ സന്നിവേശിപ്പിച്ചിരിക്കുന്നു. അതുമായി ബന്ധപ്പെടുമ്പോള്‍ തീ കത്തുന്നതാണ്. ഈ വിശ്വാസം വ്യക്തമാക്കുന്നത് പ്രാപഞ്ചിക ക്രമത്തില്‍ അല്ലാഹുവിന്റെ കഴിവും, യുക്തിയുമല്ലാതെ ഒരു ശക്തി പങ്കാളിയാകുന്നുവെന്നാണ്. അത് (തീയില്‍) കരിച്ചു കളയുന്നുവെന്നതാണ്. ഇതോടെ തീ എന്നത് വിവരങ്ങള്‍ ഫീഡ് ചെയ്ത ഒരു ഇലക്ട്രോണിക് മസ്തിഷ്‌കം (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) പോലെയായി പരിണമിക്കുന്നു. അതില്‍ ഫീഡ് ചെയ്ത വിവരങ്ങള്‍ക്ക് അനുസൃതമായി സംസാരിക്കുകയും, ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്ന ഒരു കൃത്രിമ ബുദ്ധി പോലെ. ഉപര്യുക്ത വിശ്വാസം വെച്ചു പുലര്‍ത്തുന്നവരുടെ ധാരണ പ്രകാരം മരുന്ന്, വിഷം, ഭക്ഷണം, വെള്ളം തുടങ്ങിയവയുടെ വിഷയത്തില്‍ പറയുന്ന പ്രതിഫലന ശക്തി എന്നത് തീയും, അതിന്റെ കരിച്ചു കളയുന്ന പ്രകൃതത്തിലും നാം പറഞ്ഞു വെച്ച ഈ കാര്യത്തോട് സമാനമാണ്. ആകയാല്‍ എല്ലാ ശക്തികളും, കഴിവുകളുമെല്ലാം തന്നെ അതിന്റെ ഉണ്മയിലും, സ്വാധീനം ചെലുത്തുന്നതിലും സ്വതന്ത്രമാണെന്ന ആശയമായി തീരുന്നു. അപ്പോള്‍ അതിലേക്ക് ചേര്‍ത്ത് അല്ലാഹുവിന്റെ പ്രവര്‍ത്തനമെന്നത് കേവലം സഹായകരം എന്നത് മാത്രമാണ്. കാരണം, അത്തരമൊരു സ്വാധീന ശേഷിയെ അതില്‍ അല്ലാഹു അന്തര്‍ലീനമായി വിക്ഷേപിച്ചിട്ടുണ്ടത്രെ. ഇത് അല്ലാഹുവിന് പങ്കുചേര്‍ക്കുന്നു എന്നല്ലാതെ മറ്റെന്താണ്?ഇത്തരമൊരു രീതിയിലാണ് ഗ്രഹിക്കേണ്ടത് എന്ന് ഖുര്‍ആനിക വാക്യങ്ങള്‍ ആവശ്യപ്പെടുന്നുണ്ടോ? ഇല്ല. ഇതിനെ നിരാകരിക്കുന്ന പരാമര്‍ങ്ങള്‍ ഉണ്ടെന്നല്ലാതെ ഈ സങ്കല്‍പ്പത്തെ സ്ഥിരപ്പെടുന്ന ഒരു വാക്യം പോലും ഖുര്‍ആനില്‍ ഇല്ല.ഇവിടെ നാം ചിലര്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നു. ചോദ്യം ഇതാണ്. അങ്ങനെയെങ്കില്‍ നാം എന്തിന് കാരണങ്ങളുമായി സംവദിക്കണം? എല്ലാം അല്ലാഹുവില്‍ നേരിട്ട് പൂര്‍ണമായി ഭരമേല്‍പ്പിച്ച്, നമുക്ക് ആവശ്യമായ ഭക്ഷണവും, മറ്റുള്ളവയിലെല്ലാം തന്നെ അവന്റെ ആധിപത്യത്തെയും വിധിയെയും പ്രതീക്ഷിച്ചൂ ടെ? അല്ലാഹുവോട് സംവദിക്കുക എന്നത് അവന്‍ സംവിധാനിച്ച പ്രാപഞ്ചിക ക്രമങ്ങള്‍ക്കും ആജ്ഞകള്‍ക്കും അനുസൃതമായി ഇടപെടുക എന്നതാണ്. ഇതാണ് ഈ ചോദ്യത്തിന്റെ ഉത്തരം. വിശക്കുമ്പോള്‍ കഴിക്കാനും. ദാഹിക്കുമ്പോള്‍ കുടിക്കാനും, രോഗശയ്യയിലാകുമ്പോള്‍ മരുന്ന് അന്വേഷിക്കാനും, വേദനകളുടെ/ രോഗങ്ങളുടെ തുടക്കത്തിന് കാരണമാകുന്ന, ശരീരത്തിന് ഹാനികരമാകുന്ന, കാര്യങ്ങള്‍ കൈയൊഴിച്ച് പഥ്യം ആചരിക്കാനും നാം കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. അതോടൊപ്പം അല്ലാഹു മാത്രമാണ് സ്വാധീനങ്ങള്‍ ഉണ്ടാക്കുന്നതെന്ന് ദൃഢമായി വിശ്വസിക്കാനും നാം കല്‍പ്പിക്കപ്പെട്ടവരാണ്. അവന്റെ വിധി പ്രകാരമല്ലാതെ ഒരു വസ്തുക്കള്‍ക്കും ഏതൊരു വിധേനയും സ്വാധീനം ഉണ്ടാവുന്നതല്ല. സകലതിനെയും സൃഷ്ടിച്ചതും, അവയോരോന്നിനും ചില കര്‍ത്തവ്യങ്ങള്‍ എല്‍പ്പിക്കുകയും ചെയ്തതും അല്ലാഹുവാണെന്ന ബോധ്യത്തിലായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്( അറിയുക, സൃഷ്ടിപ്പും, ശാസനാധികരവും അവന് മാത്രമാകുന്നു(7/54).നമുക്ക് മുമ്പില്‍, കാരണങ്ങളെന്ന് തോന്നുന്ന പ്രവൃത്തികളുമായി സമരസപ്പെടാന്‍ അവന്‍ നമ്മോട് കല്‍പ്പിച്ചിരിക്കുന്നു. അതേ സമയം ‘വിധികളാകുന്ന വന്‍ ഭിത്തികളെ തകര്‍ക്കാന്‍ സമുന്നതമായ ഇച്ഛാശക്തികള്‍ക്കും സാധ്യമല്ലെന്ന് അറിഞ്ഞിരിക്കാനും കല്‍പ്പനയുണ്ട്.മഹതി മറിയം പ്രസവ സമയമെടുത്ത് ഈന്ത മരത്തിന്റെ അടുക്കലായിരുന്നപ്പോള്‍ അല്ലാഹു നടത്തിയ സംബോധന നാം അല്ലാഹുവോട് വെച്ചു പുലര്‍ത്തേണ്ട വിശ്വാസ ക്രമത്തെയും, ഹൃദായവരിക്കേണ്ട മതകീയ മാനത്തെയും സുവ്യക്തമായി പറയുന്നുണ്ട്. ആ സംബോധന ഇതാണ്. ഈന്തപ്പനയെ നിന്റെ അരികിലേക്ക് കുലുക്കുക, അത് നിനക്ക് പാകമായ ഇത്തപ്പഴങ്ങള്‍ വീഴ്ത്തി തരുന്നതാണ്(19-25). കരിഞ്ഞുണങ്ങി, തകര്‍ന്നു വീഴാറായ ഈന്തപ്പനയായിരുന്നു അത്. ഒരു പഴം പോലും ആ പനയില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ അല്ലാഹു അതിനെ നല്ല ഫലദായകമായ ഇന്തപ്പനയാക്കി മാറ്റി. ഇത് കാര്യ-കാരണ ബന്ധങ്ങള്‍ക്ക് അതീതമായ അമാനുഷിക പ്രവര്‍ത്തനം കൊണ്ട് മഹതിയെ ആദരിച്ചുവെന്നതില്‍ സംശയിക്കേണ്ടതില്ല. ആ സമയത്ത് അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍, അവരുടെ മടിയില്‍ തന്നെ പഴം വീഴ്ത്താന്‍ കഴിവുള്ളവനാണ്. ഇതെല്ലാം അവന്റെ കഴിവു കൊണ്ടു മാത്രമെന്ന് ദൃഢമായി വിശ്വസിക്കുന്നവരായിട്ടും, അല്ലാഹു മഹതിയോട് പറഞ്ഞത്, ‘നിന്റെ അടുക്കലിലേക്ക് ഈന്തപ്പനയെ കുലുക്കുക എന്നായിരുന്നു. ‘മുരടുറച്ച്, വേരൂന്നി നില്‍ക്കുന്ന ഈന്തപ്പനയില്‍ എന്തു സ്വാധീനമാണ് മഹതിയുടെ കൈ സ്പര്‍ശിക്കുന്നതിലുള്ളത്? അത് അല്ലാഹുവിന്റെ കല്‍പ്പനയെ അനുസരിക്കുക എന്ന ദൗത്യം നിര്‍വ്വഹിക്കുന്നു എന്നല്ലാതെ മറ്റൊന്നുമില്ല. മതകീയ മാനത്തെയും, നിയമ വ്യവസ്ഥകളും അനുസരിക്കല്‍ അനിവാര്യമാണല്ലോ. അത് ഉടമയോട് അടിമ കാണിക്കേണ്ട മര്യാദയും, സ്രഷ്ടാവ് ആവശ്യപ്പെടുന്ന സ്വത്വ പ്രകാശനത്തിന്റെ നിര്‍വ്വഹണവും കൂടിയാണ്. ഇവിടെ ഒരു കാര്യം ഉറപ്പാണ്. ഉണങ്ങിയ ഈന്തപ്പനയെ ഫലദായകമാക്കി മാറ്റിയതും, മറിയം ബീവിയുടെ മടിയിലേക്ക് വീഴ്ത്തിയതും സര്‍വ്വാധിപനായ അല്ലാഹുവാണ്. ഇതാണ് വക്രതയില്ലാത്ത വിശ്വാസം.അല്ലാഹുവിന്റെ ഖളാഇലും, ഖദ്‌റിലുമുള്ളത് നിന്റെ ജീവിത സന്ധാരണ മേഖലയില്‍ നീ ആഗ്രഹിച്ചതും തിരഞ്ഞെടുത്തതും ലഭിക്കും എന്നതാണെങ്കില്‍ അത് നിനക്ക് ലഭിക്കുന്നതാണ്. ഇത് അവന്റെ അപാരമായ ഔദാര്യമാണെന്ന ദൃഢതയോടെ നന്ദി ബോധിപ്പിക്കുകയും, അവനെ സ്തുതിക്കുകയും, പ്രകീര്‍ത്തിക്കുകയും വേണം. നിന്റെ ജീവിത സന്ധാരണത്താല്‍ നീ ഉദ്ദേശിക്കുന്നത് ലഭിക്കുകയില്ല എന്നാണ് അല്ലാഹുവിന്റെ ഖളാഅ് എങ്കില്‍ വൈകാതെ നിനക്ക് മനസ്സിലാകും. എല്ലാം അല്ലാഹുവിന്റെ ഖളാഅ് പ്രകാരമാണ്. അതിനാല്‍ ജീവിത സന്ധാരണത്തിലായി അമിതവും, ആഴമേറിയുള്ള സംവേദനത്തിലായി അജ്ഞതയിലേക്കോ, തനിക്ക് വന്ന പ്രശ്‌ന പ്രയാസങ്ങളെ തടുക്കാന്‍ കഴിവില്ലെന്ന ധാരയിലോക്കോ, അതുമല്ലെങ്കില്‍ അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ഇങ്ങനെ ചെയ്യാമായിരുന്നു എന്ന മനോഗതിയിലേക്കോ വഴുതി വീഴരുത്. പ്രശ്‌നങ്ങളില്‍ കുഴഞ്ഞു മറിയുമ്പോള്‍, ഞാന്‍ അവന്‍ ചെയ്തതു പോലെ ഞാന്‍ ചെയ്തിരുന്നുവെങ്കില്‍ അവന്‍ വിജയിച്ചതു പോലെ ഞാനും വിജയിച്ചേനെ എന്നൊന്നും ധരിക്കേണ്ടതില്ല. ഈയൊരു ചിന്താഗതിയിലായി എത്രയോ മനുഷ്യര്‍ ശാരീരികവും, മാനസികവുമായ രോഗങ്ങളില്‍ കഴിയുന്നു. എന്നാല്‍ മുഅ്മിനായ മനുഷ്യന്‍ ഖളാഇന്റെ യാഥാര്‍ത്ഥ്യത്തെ നേരോടെ വിശ്വസിച്ച് നിയമാനുസൃതമായ പ്രവര്‍ത്തികളില്‍ സംബന്ധിക്കുന്നവനാണ്. വേദനകളിലും പ്രതിസന്ധിഘട്ടത്തിലും ഒരു സത്യവിശ്വാസി സുരക്ഷിതനായവനാണ്. എന്തുസംഭവിച്ചാലും അത് അല്ലാഹുവിന്റെ ഖളാഉം, വിധിയുമാണെന്ന ബോധ്യത്തില്‍ കഴിയുന്നു. ഞാന്‍ എവിടെ പോയാലും, ഏതു വിധത്തിലുള്ള കുതന്ത്രങ്ങള്‍ മെനഞ്ഞാലും അവന്റെ വിധിയില്‍ നിന്ന് ഓടിയകലാന്‍ സാധ്യമല്ല. അവന് അല്ലാഹുവില്‍ ശക്തമായ വിശ്വാസവും, അവനില്‍ തൃപ്തനുമാണെങ്കില്‍, ഇതിന്റെയെല്ലാം പര്യവസാനം നല്ലതാണെന്നതില്‍ ഉറപ്പും, റാഹത്തും, തുമഅ്‌നീനത്തും വര്‍ദ്ധിക്കും. മാത്രമല്ല, തിരുമേനി നടത്തിയ വസിയ്യത്ത് സ്വീകരിക്കുന്നവന്‍ കൂടിയാകുന്നു ഇവര്‍. അതിങ്ങനെ വായിക്കാം. നിങ്ങള്‍ അല്ലാഹുവില്‍ നിന്ന് സഹായം തേടുക. വല്ല കാര്യവും നിങ്ങള്‍ക്കുണ്ടായാല്‍, ഞാന്‍ ഇങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ അങ്ങനെ സംഭവിക്കില്ലായിരുന്നു എന്ന് പറയരുത്. നിശ്ചയം ‘അങ്ങനെ ചെയ്തിരുന്നെങ്കില്‍ എന്നത് പൈശാചിക ഇടപെടലിന് വഴിയൊരുക്കും. എല്ലാം സംഭവിക്കുന്നത് അവന്റെ ഖദ്‌റ്, ഉദ്ദേശ പ്രകാരവുമാണ് എന്ന് പറയുക.അവസാനമായി, നിര്‍ബന്ധമായും ജീവിത സന്ധാരണത്തില്‍ മുഴുകേണ്ടത്, അവയെല്ലാം അവന്റെ ഖദ്‌റിനും, ഖളാഇനും അനുസൃതമായി കൊണ്ടാണ് എന്ന അറിവോടെയാണ്. ഒരു മനുഷ്യര്‍ക്കും അവന്റെ ഖളാഇനു മുമ്പില്‍ യാതൊരു തിരഞ്ഞെടുപ്പുമില്ല എന്ന് ഇതില്‍ അര്‍ത്ഥമാക്കുന്നില്ല. മറിച്ച് ഖദ്‌റ്- ഖളാഅ് എന്ന ചര്‍ച്ചയില്‍ മനുഷ്യരുടെ ഇച്ഛ പ്രകാരമോ അല്ലേ എന്നതില്‍ ബന്ധമില്ല. ഇതോടെ ഈ ഹിക്മത്തിന്റെ ചര്‍ച്ചയുടെ ആദ്യ ഭാഗത്തില്‍ ഖദ്‌റ്- ഖളാഇന്റെ വിവരണവും കൃത്യമായി ഗ്രഹിക്കാം. അതോടൊപ്പം ചിലര്‍ വെച്ചു പുലര്‍ത്തിയ അബദ്ധ ധാരണയെ കുറിച്ച് അവബോധവും ലഭിച്ചിരിക്കുന്നു.ഈ ചര്‍ച്ച കുടുതല്‍ വിവരണമര്‍ഹിക്കുന്നവയാണെങ്കിലും, സന്ദര്‍ഭം ഉചിതമല്ലാത്തതിനാല്‍ ഞാന്‍ കൂടുതല്‍ വിശദീകരണത്തിന് മുതിരുന്നില്ല. ഈ വിഷയകമായി ഒരു തൃപ്തികരമായ ചര്‍ച്ച ഇവിടുന്ന് ലഭിക്കുന്നില്ലെങ്കില്‍ ഞാന്‍ രചിച്ച അല്‍ ഇന്‍സാന്‍ മുസയ്യിര്‍ അം മുഖയ്യിര്‍ എന്ന ഗ്രന്ഥം റഫറന്‍സ് ചെയ്യുക. ഈ ബൃഹത്തായ രചനയിലൂടെ നിങ്ങള്‍ക്ക് കൃത്യമായി ഗ്രഹിക്കാനും സംതൃപ്തിയോടെ മനസ്സിലാക്കാനും സാധിക്കും.വിവർത്തനം: ബിഎം സഫ്‌വാന്‍ ഹാദി
Lecturer at the Faculty of Sharia at the University of Damascus in 1960. He went to Al Azhar University for a doctorate in Shariah and received his doctorate (PhD) in 1965.