ഹാലുകളും ആരാധന രീതികളുടെ ബഹുത്വവും

ഹികം സീരീസ്- 12

”അവസ്ഥകളുടെ വൈവിധ്യത്തിനനുസരിച്ച്, ആരാധനകളും വൈവിധ്യമാകുന്നതാണ്.”
(ഹിക്മത്ത്- 12)

ഹാൽ (സ്ഥിതി / അവസ്ഥ) എന്ന പദത്തിൻ്റെ ബഹുവചനമാണ് അഹ്‌വാൽ(സ്ഥിതികൾ/ അവസ്ഥകൾ). മനുഷ്യർ കടന്നു പോകുന്ന സാഹചര്യമാണ് അവസ്ഥ എന്നതിൽ അർത്ഥമാക്കുന്നത്. സാഹചര്യം മനുഷ്യരിൽ സ്ഥിരമായി നിലകൊള്ളുന്നതല്ല. അത് മാറി കൊണ്ടിരിക്കുന്നതാണ്. താൻ നിലനിൽക്കുന്ന സാഹചര്യത്തിനനുസരിച്ചാണ് മനുഷ്യർ സംവദിക്കുന്നത്.

സാഹചര്യങ്ങൾ രണ്ട് വിധമാണ്. വ്യക്തിപരമായതും, സാമൂഹികവുമായത്. ഇതിൽ വ്യക്തിയധിഷ്ഠിതമായ സാഹചര്യങ്ങളെക്കുറിച്ച് ആദ്യം വിശകലനം ചെയ്യാം.

അല്ലാഹുവിലേക്ക് എത്തിച്ചേരാൻ ഹൃദയ സംസ്കരണ പ്രവൃത്തിയിൽ ഏർപ്പെടുന്ന ആദ്ധ്യാത്മിക ജ്ഞാനികളുടെ സംജ്ഞ അനുസരിച്ചാണ് നാം ഇവിടെ സാഹചര്യമെന്നതിൻ്റെ അർത്ഥം തേടുന്നത്.
മനുഷ്യൻ്റെ അന്തരങ്ങളിൽ ഉടലെടുക്കുന്ന ഒരു മാനസികാവസ്ഥയ്ക്കാണ് ഇവർ ഹാൽ എന്ന് വിളിക്കുന്നത്. ഇത് അസ്ഥിരമായിരിക്കും.. ഇതിനെ തുടർന്ന് കൊണ്ട് ഒരു പ്രതിഫലനം ആ വ്യക്തിയിൽ ഉണ്ടായി തീരുന്നതായിരിക്കും. ഒരാളുടെ ചിന്ത അല്ലാഹുവിൻ്റെ പരിശുദ്ധമായ നാമങ്ങളിലേക്കും വിശേഷണങ്ങളിലേക്കും ആഴ്ന്നിറങ്ങുമ്പോൾ അയാളുടെ അന്തരങ്ങളിൽ ഈ വിശേഷണങ്ങൾ/ നാമങ്ങൾ ചില സ്വാധീനങ്ങൾ സൃഷ്ടിക്കും. അതിനനുസൃതമായി കൊണ്ട് വ്യക്തികളിൽ പ്രത്യേകമായ ഒരു പ്രതിഫലനം ഉണ്ടാകുന്നതായിരിക്കും. ആ പ്രതിഫലനത്തിന് അനുസൃതമായ കർമങ്ങൾ അവർ ചിട്ടപ്പെടുത്തും. ഉദാഹരണത്തിന്, ജീവിതത്തിൽ അല്ലാഹുവിൻ്റെ കൽപനകളെ തിരസ്കരിച്ച്, തെറ്റുകുറ്റങ്ങളിൽ വ്യാപൃതരായവർ അല്ലാഹുവിൻ്റെ ശിക്ഷയെ പറ്റി അറിയുമ്പോൾ എന്താണ് സംഭവിക്കുക? അത് അവരിൽ കൂടുതൽ ഭയമുണ്ടാക്കുന്ന ഒരു സാഹചര്യം (ഹാൽ) കടന്നു വരുന്നതാണ്. മുൻ കഴിഞ്ഞ പാപങ്ങളെ ഓർത്ത് കഠിനമായ വേദന അനുഭവിക്കുന്ന (ഹാലാണ്) സാഹചര്യമാണ് അത്.

അനുഗ്രഹം, അനുകമ്പ, പൊറുത്തു കൊടുക്കൽ, ഔദാര്യം തുടങ്ങിയ അല്ലാഹുവിൻ്റെ വിശേഷണങ്ങളെ അവലംബിച്ചു പോരുന്ന സ്വാലീഹിങ്ങൾ ഒരുപാടുണ്ട്. അല്ലാഹുവോട് അവർ പുലർത്തുന്ന ഹുസ്നുളന്നിന്റെ പിൻബലത്തിലാണ് അവർ തങ്ങളുടെ ദീനിയായ ഇടപഴക്കം ക്രമീകരിക്കുന്നത്. സൗന്ദര്യമാർന്ന ദൈവിക വിശേഷണങ്ങിൽ നിലകൊണ്ടുള്ള സംവേദനമാണ് ഇവർ പാലിച്ചു പേരുന്നത്. ജനങ്ങൾ അല്ലാഹുവെ പറ്റി അവരോട് പറഞ്ഞാൽ അവൻ്റെ അനുഗ്രഹം, ഔദാര്യം, വിട്ടുവീഴ്ച്ച, ഇങ്ങനെ തുടങ്ങി വിശേഷണങ്ങളെക്കുറിച്ചായിരിക്കും അവർക്ക് പറയാൻ ഉണ്ടാവുക. ഇനി അവർ ആരാധന കർമങ്ങൾ നിർവഹിക്കുകയാണെങ്കിൽ ഈ വിശേഷണങ്ങൾ സൃഷ്ടിക്കുന്ന പ്രേരണയിലായിരിക്കും അവരുടെ ഉപാസനകൾ. മാത്രമല്ല, ഈ സാഹചര്യങ്ങളുള്ളവർ സമൂഹത്തിനിടയിൽ സൗഹാർദ മനസ്കരായിരിക്കും. അതോടൊപ്പം ഈ വിശേഷണങ്ങളുടെ ഒരു പ്രതിഛായ അവരിൽ പ്രകടമാകുന്നതായിരിക്കും. അപ്പോൾ അവരുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതും, അവരിൽ ഉൾത്തിരിയുന്നതും ഈ വിശേഷണങ്ങളായിരിക്കും.

എന്നാൽ മറ്റു ചില സ്വാലിഹീങ്ങൾ അവലംബിക്കുന്നത് അല്ലാഹുവിൻ്റെ “കഹ്റിയായതും (ഭയപ്പെടുത്തുന്ന) വാഗ്ദത്ത കാര്യങ്ങൾ പാലിക്കാത്തവർക്കുള്ള ശിക്ഷയെ വിവരിക്കുന്നതും, തൻ്റെ ആധിപത്യം വ്യക്തമാക്കുന്നതുമായ വിശേഷണങ്ങളെയാണ്. അങ്ങനെ അവർ തങ്ങളുടെ ജീവിതത്തെ ചിട്ടപ്പെടുത്തുന്നത് ഈ വിശേഷണങ്ങളെ ആസ്പദിച്ചു കൊണ്ടാണ്. ഭയത്തോടെയാണ് അവർ സംവദിക്കുന്നത്. തെറ്റുകൾ ചെയ്തവരാണെന്ന ബോധത്തിലുമാണ്. മുൻ കാലത്ത് ദൈവിക കൽപനകൾ പാലിക്കാത്ത ഒരു അവസ്ഥയിലൂടെ കടന്നുപോയവരാണെങ്കിൽ, പിന്നെ കൂടുതൽ ഒന്നും പറയേണ്ടതില്ല. അവർ പൂർണമായും ഗാംഭീര്യം തുടുത്ത് നിൽക്കുന്ന ഈ വിശേഷണങ്ങളെ ആസ്പദിച്ചായിരിക്കും സംവദിക്കുക.

വ്യക്തികളിലുണ്ടാകുന്ന ഇത്തരം സാഹചര്യങ്ങളെയാണ് “അഹ്‌വാൽ” എന്നു വിളിക്കുന്നത്. എന്തെന്നാൽ ഇത്തരം സാഹചര്യം വ്യക്തിയിൽ പ്രത്യക്ഷപ്പെടുമ്പോൾ അവർ അതിനനുസരിച്ചുള്ള ഇടപഴക്കം നടത്തുന്നുണ്ടെങ്കിലും, അവ സ്ഥിരമായി നിലകൊള്ളുന്ന സംഗതിയല്ല. ഇത് കടന്നു പോകുന്ന ഒന്നാണ്. ചിലപ്പോൾ ആ അവസ്ഥ വീണ്ടും കടന്നുവന്നേക്കാം. എന്നാൽ സ്ഥിരമായി നിലനിൽക്കാൻ യാതൊരു മാനദണ്ഡമോ, വ്യവസ്ഥയോ ഇതിനില്ല. നിലനിൽക്കുന്ന കാലദൈർഘ്യം ഒരു പക്ഷേ കൂടിയേക്കാം, മറ്റു ചിലപ്പോൾ കുറയുകയും ചെയ്യാം. ഇതാണ് സാഹചര്യത്തിൻ്റെ പൊതു സ്വഭാവം.

രാത്രിയിൽ ഒരു നിമിഷം പോലും കണ്ണടക്കാത്ത മഹത്തുക്കളുണ്ട്. ദാവൂദ് ത്വാഈ പോലെ. അദ്ദേഹം പറയാറുണ്ടായിരുന്നു.”ദാവൂദ് ത്വാഇയെപ്പോലെ കൺപോളകൾ അടക്കാതെ ഒരുപാട് രാവുകൾ കഴിച്ചു കൂട്ടിയ അസംഖ്യം സച്ചരിതരിതരുടെ കൂട്ടത്തിൽ ഉണ്ട്. അദ്ദേഹം പറയാറുണ്ടത്രെ; റബ്ബേ, എൻ്റെ ലക്ഷ്യം നീ മാത്രമായപ്പോൾ എൻ്റെ എല്ലാ ഭൗതിക താത്പര്യങ്ങളും വേരറ്റു പോയി. അതെന്റെ ഉറക്കത്തെ നഷ്ടപ്പെടുത്തി.”

അവരിൽ പെട്ടവരാണ് ഫുളൈൽ ബിൻ ഇയാള്. അദ്ദേഹം ഹജ്ജിലായിരിക്കെ, എല്ലാവരും ആ സന്ദർഭത്തിൽ ഉരുവിടേണ്ട പ്രാർത്ഥനാ ദിക്റുകളിലായിരിക്കുമ്പോൾ ഇവയൊന്നും നിർവഹിക്കാതെ നിൽക്കുകയായിരുന്നു. തൻ്റെ കഴിഞ്ഞ കാല ഓർമകൾ അദ്ദേഹത്തെ വേട്ടയാടി കൊണ്ടിരിക്കുകയാണ്. അലട്ടുന്ന ആ ഓർമകൾ സ്വയം ലജ്ജിപ്പിക്കുന്നതായിരുന്നു. ഇതാണ് സാധാരണ നിർവഹിക്കേണ്ട കർമങ്ങൾക്ക് തടസ്സം സൃഷ്ടിച്ചത്. ഇസ്ഹാഖ് ബ്നു ഇബ്റാഹീമുത്വബ്‌രി പറയുന്നു. ഫുളൈൽ ബ്ൻ ഇയാളിൻ്റ കൂടെ അറഫയിലായിരുന്നപ്പോൾ അദ്ദേഹത്തിൽ നിന്ന് ഒരു പ്രാർത്ഥനയും ഞാൻ കേട്ടിട്ടില്ല. വലതു കൈ കവിളിൽ ചേർത്തു പിടിച്ച് തല താഴ്ത്തി, പതുക്കെ വിങ്ങി കരയുകയായിരുന്നു. അറഫയിൽ നിന്ന് പിരിയുന്നതു വരെ ഈ അവസ്ഥ തുടർന്നു. ശേഷം തല ഉയർത്തി പറഞ്ഞു. “നീ എനിക്ക് പൊറുത്തു തന്നാലും, വല്ലാഹി, ഞാൻ എത്ര വലിയ മോശക്കാരനാണ്.” ഇത് മൂന്ന് തവണ ആവർത്തിച്ചു.

പശ്ചാത്താപത്തിലായി നിലകൊള്ളുന്ന സാഹചര്യത്തിലൂടെ കടന്നു പോകുന്നവർ ധാരാളം പേരുണ്ട്. പാശ്ചാത്താപം പ്രത്യക്ഷത്തിൽ ഒരു ആരാധനയും ഉപാസനയുമാണ്. ഇതിനു വലിയ ഉദാഹരണമാണ് സിറിയ്യ് സക്‌തിയ്യ്. അദ്ദേഹം പറഞ്ഞു: ഞാൻ ഒരു വട്ടം അൽഹംദുലില്ലാഹ് എന്ന് പറഞ്ഞതിന് മുപ്പത് വർഷത്തോളമായി ഖേദിച്ചു കൊണ്ട് അസ്തഗ്ഫിറുല്ലാഹ് എന്ന് പറയുന്നു. അത് എന്തിനായിരുന്നു എന്ന ചോദ്യത്തിന് നൽകിയ മറുപടി ഇതായിരുന്നു. ബഗ്ദാദിൽ ഒരു തീ പിടിത്തം ഉണ്ടായി. ഒരു വ്യക്തി എൻ്റെ അടുക്കൽ വന്നു കൊണ്ട് പറഞ്ഞു. നിങ്ങളുടെ മാർക്കറ്റിന് ഒന്നും സംഭവിച്ചിട്ടില്ല. അപ്പോൾ ഞാൻ പറഞ്ഞു. അൽഹംദുലില്ലാഹ്. അന്നു മുതൽ ഇന്നുവരെ ആ ഒരു വാക്ക് പറഞ്ഞതിൽ ഞാൻ ഖേദിക്കുന്നു. കാരണം മുസ്‌ലിംകൾക്ക് മൊത്തമായി ബാധിച്ച കാര്യത്തിൽ നിന്ന് ഞാൻ എനിക്ക് മാത്രം നല്ലത് ഉണ്ടാകണമെന്ന് ആഗ്രഹിച്ചു പോയി.

ഹാലിലായി കഴിയുമ്പോൾ അവർ വ്യത്യസ്തമായ രീതിയിലായിരിക്കുമെന്ന് പറഞ്ഞല്ലോ. നോമ്പുകാരനായിരിക്കെ തൻ്റെ ഹാലിന് അനുസരിച്ച് നോമ്പ് ഉപേക്ഷിക്കുന്നവരുമുണ്ട്. മഅ്റൂഫുൽ ഖർഖി അതിന് ഒരു ഉദാഹരണമാണ്. അദ്ദേഹം ഒരു ദിവസം നോമ്പുകാരനായിരിക്കെ, പാനീയത്തിൻ്റെ അരികിലൂടെ നടന്നു പോകുമ്പോൾ, ഒരാൾ ഇങ്ങനെ വിളിച്ചു പറയുന്നു: ഈ പാനീയം കുടിക്കുന്നവർക്ക് അല്ലാഹു റഹ്‌മത്ത് നൽകട്ടെ, ഉടനെ അത് വാങ്ങി കുടിച്ചു. തൊട്ടുടനെ അദ്ദേഹത്തോട് ചോദിച്ചുവത്രെ, നിങ്ങൾ നോമ്പുകാരനല്ലേ?! അതെ, നിങ്ങളുടെ പ്രാർത്ഥന പ്രതീക്ഷിച്ചാണ് ഞാൻ ചെയ്തത്. ഇതായിരുന്നു മഹാനവരുടെ മറുപടി.

ഇവിടെ പരാമർശിച്ച രീതിയിലുള്ള ഇവരുടെ ഇടപഴക്കവും ഉപാസന രീതികളും ഒരുപക്ഷേ വിമർശിക്കപ്പെടേണ്ടതാണെന്ന് തോന്നിയേക്കാം. അവരിൽ പരോക്ഷമായി കിടക്കുന്ന സാഹചര്യത്തെക്കുറിച്ച് കൃത്യമായ അറിവിയില്ലായ്മ, അവർ ചെയ്യുന്നതും ഇടപെടുന്നതുമെല്ലാം സാധാരണ ഗതിയിൽ എല്ലാവരും ചെയ്യുന്നതിൽ നിന്ന് വിപരീതവും പ്രത്യക്ഷത്തിൽ അവ “മതാത്മക നിയമങ്ങളെ” തിരസ്ക്കരിക്കുന്നുണ്ടെന്നും നിഗമനത്തിലെത്താവുന്നതാണ്. എന്നാൽ ഈ വീക്ഷണം തെറ്റാണ്. അല്ല, പാതകമാണ്. ഈ കാര്യം വളരെ ഗൗരവത്തിൽ തന്നെ മനസ്സിലാക്കുകയും, പ്രത്യക്ഷത്തിലൂന്നിയുള്ള ഈ വിലയിരുത്തൽ നിർബന്ധമായും ഉപേക്ഷിക്കുകയും വേണം. ഈ കാര്യം സുവ്യക്തമാക്കുകയാണ് ഇബ്നു അത്വാഅ്(റ) ഈ ഹിക്മത്തിലൂടെ. ”സാഹചര്യങ്ങളുടെ വൈവിധ്യത്തിനനുസരിച്ച്, ആരാധനകളും വൈവിധ്യമാകുന്നതാണ്.”

പ്രത്യക്ഷത്തിൽ പ്രവർത്തികളെ സൂചിപ്പിക്കുന്ന നാമങ്ങളിലൊന്നുമല്ല ആരാധനയുടെ ആത്മാവ് കിടക്കുന്നത്. ആ വിലാസം കിടക്കുന്നത് ദൈവിക സമക്ഷത്തിലെ സ്വീകാര്യതയിലും, അവൻ നൽകുന്ന പ്രതിഫലത്തെയും അടിസ്ഥാനപ്പെടുത്തിയാണ്. അത് അല്ലാഹുവിലേക്ക് ഇറങ്ങിത്തിരിച്ചവൻ തൻ്റെ അവസ്ഥകളിലൂടെ (ഹാലുകളിലുടെ) കടന്നുപോകുമ്പോൾ അതിനസുരിച്ച് നിർവഹിക്കുന്ന കർമങ്ങളാണ്.

ഫുളൈൽ ബിൻ ഇയാള് തൻ്റെ സാഹചര്യങ്ങളോട് അനുസരിച്ചുള്ള ഒരു ഇനം ആരാധന തന്നെയായിരുന്നു ആ അറഫ നിർത്തത്തിൽ നിർവഹിച്ചത്. തൻ്റെ പഴയ കാല ഓർമ്മകൾ അല്ലാഹുവിന് മുമ്പാകെ നിൽക്കുമ്പോൾ സ്വന്തത്തെ അലട്ടി കൊണ്ടിരുന്നു. ഈ സാഹചര്യത്തിൽ അങ്ങനെ നിൽക്കുക എന്നതും ആരാധനയാണ്. അതിന് പ്രതിഫലം ലഭിക്കുന്നതാണ്. ഹജ്ജിൻ്റെ സന്ദർഭത്തിൽ നിർവഹിക്കേണ്ട ദിക്റുകൾ, പ്രാർത്ഥനകൾ, തുടങ്ങിയ സത്‌വൃത്തികൾ ചെയ്യുന്നതിൻ്റെ തുല്യ പ്രതിഫലം ലഭിക്കുമെന്നതിൽ യാതൊരു സംശയവുമില്ല.

തൻ്റെ മാർക്കറ്റ് മാത്രം ഒരു നാശനഷ്ടവും സംഭവിക്കാതെ തീ പിടിത്തത്തിൽ നിന്നും സുരക്ഷിതമാവുകയും, സഹോദരങ്ങളുടെ വ്യാപാര സ്ഥലങ്ങൾ കത്തി നശിക്കുകയും ചെയ്ത സന്ദർഭത്തിൽ അല്ലാഹുവെ സ്തുതിച്ചതിൽ മഹാനായ സക്‌തി തങ്ങൾ ഖേദിക്കുന്നത് ഒരു വിധത്തിലുള്ള ആരാധനയാണ്. മറ്റുള്ളവരുടെ അവസ്ഥ സുരക്ഷിതമാകാതിരിക്കുന്നിടത്തോളം കാലം, തനിക്ക് വേണ്ടി മാത്രം സുരക്ഷിതത്വം ആഗ്രഹിക്കുന്ന ഒരു തരം പുകമറയാണ് ആ സ്തുതി വചനത്തിൽ ഉൾക്കൊള്ളുന്നത്. അതിനായിരുന്നു ഈ പാപമോചനം നടത്തിയത്.

ദാവൂദ് ത്വാഇക്ക് തൻ്റെ വേദനാജനകമായ നൊമ്പരങ്ങൾ, തുടർച്ചയായി രാത്രികളിൽ ഉറക്കം കെടുത്തിയതും ഒരു വിധത്തിലുള്ള ആരാധന തന്നെയാണ്. എങ്ങനെയാണ് തന്നെ വേട്ടയാടുന്ന പിരിമുറുക്കം ഉറക്കം നഷ്ടപ്പെടുത്തുന്നതിലേക്ക് വഴിതെളിച്ചത്? അതായത് തിരുനബിയുടെ സന്ദേശത്തിന് വിപരീതമാണ് ഇദ്ദേഹമെന്ന് നമുക്ക് പറഞ്ഞു കൂടെ? നബി പറഞ്ഞതാണല്ലോ; “ഞാൻ നോമ്പ് നോൽക്കുന്നു. മുറിക്കുന്നു. രാത്രിയിൽ ഉറങ്ങുന്നു. സ്ത്രീകളെ വിവാഹം ചെയ്യുന്നു.” എന്നാൽ പോലും ഈ പ്രമാണം അടിസ്ഥാനപ്പെടുത്തി ഇദ്ദേഹം തിരുചര്യക്ക് വിരുദ്ധനാണെന്ന് പറയാൻ സാധ്യമല്ല. എന്തെന്നാൽ നബിയുടെ ചര്യയെ തിരസ്കരിക്കാനായി ഒന്നും തന്നെ അവർ തങ്ങളുടെ ഇച്ഛാനുസരണം ചെയ്യുന്നില്ല. തന്നെ വേട്ടയാടിയ അവസ്ഥ/ ഹാൽ അനിവാര്യമാക്കുന്ന ഒരു കാര്യം മാത്രമാണ്.

പാനീയം കുടിക്കുന്നവർക്ക് റബ്ബ് റഹ്‌മത്ത് ചെയ്യട്ടെ എന്ന് ഒരാൾ പറഞ്ഞപ്പോൾ വ്രതം ഉപേക്ഷിച്ചു കൊണ്ട് മഅ്റൂഫുൽ ഖർഖി പാനീയം കുടിച്ചതും ഒരു സത്‌വൃത്തിയാണ്. കാരണം കുടിക്കുന്നതിൽ അയാൾക്ക് നന്മ ഉറപ്പായിട്ടുണ്ട്. ഇത് കുടിക്കുന്നതു മുഖേന ആ ദുആയിൽ താൻ ഉൾപ്പെട്ടു കഴിഞ്ഞാൽ അനുഗ്രഹം ലഭിക്കുമെന്ന പ്രതീക്ഷയിൽ യാതൊന്നും നോക്കാതെ വ്രതം ഒഴിവാക്കി പാനീയം കുടിക്കാൻ പ്രേരിപ്പിച്ചു. ഒരു സുന്നത്ത് കർമം തുടങ്ങി കഴിഞ്ഞാൽ അത് പൂർത്തിയാക്കൽ നിർബന്ധമാണെന്ന് ഫിഖ്ഹ് പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ടെന്ന് നീ പറഞ്ഞു പോകരുത്. പാടില്ല എന്ന വിധി കർമ്മശാസ്ത്ര പണ്ഡിതർ പറഞ്ഞത് അവരുടെ ഗവേഷണത്തിലൂടെയാണ്. അതുപോലെ തന്നിൽ നിലകൊള്ളുന്ന ഹാലിലായി മഅ്റൂഫുൽ ഖർഖി ഗവേഷണം ചെയ്താണ് നോമ്പ് ഉപേക്ഷിച്ചത്.

ഇബ്നു അത്വാഅ്(റ) ഉണർത്തിയ ഈ വസ്തുതയും, അത് കൂടുതൽ വ്യക്തമാക്കി കൊണ്ട് സ്വാലിഹീങ്ങളുടെ സ്ഥിതി വിശേഷങ്ങളെ ഉദാഹരണ സഹിതം വിശദീകരിച്ച് കൊണ്ടുള്ള പരാമർശിത വിഷയങ്ങളും വേണ്ടതു പോലെ ഗ്രഹിച്ചവർക്ക് ഒരു നിലക്കും സ്വാലിഹീങ്ങൾക്കു നേരെ കയർത്തു സംസാരിക്കാനാവില്ല. ആത്മീയ വഴിയിൽ സഞ്ചരിക്കുന്ന ഇവരുടെ അന്തരങ്ങളിൽ ഉറവയെടുക്കുന്ന സ്ഥിതി വിശേഷങ്ങൾക്കനുസരിച്ച് അവർ കർമങ്ങൾ ചിട്ടപ്പെടുത്തുമ്പോൾ, അല്ലാഹുവോട് സംവദിക്കുമ്പോൾ ഒരുപക്ഷേ അവയുടെ പ്രത്യക്ഷ തലം മതവിധികളോട് വിയോജിക്കുന്നതായോ വിപരീതമായോ പ്രകടമാകാവുന്നതാണ്. എങ്കിൽ പോലും അവർക്കു നേരെ ഒരക്ഷരം മോശമായി മൊഴിഞ്ഞു പോകരുത്.

അവരുടെ ഉള്ളകങ്ങളിൽ രൂപപ്പെടുന്ന സ്ഥിതികൾക്കനുസരിച്ചാണ് ആരാധനകളുടെ ഇനങ്ങൾ വൈവിധ്യമാകുന്നതെന്ന കാര്യം വ്യക്തമായല്ലോ. തീർച്ചയായും അവർക്ക് അല്ലാഹുവിൻ്റെ വിശേഷണങ്ങളിൽ നിന്നുള്ള ശുഹൂദിന് അനുസരിച്ചും, ബോധങ്ങളിൽ നിറഞ്ഞൊഴുകുന്ന ഇലാഹീ ആദരവുകൾക്കനുസരിച്ചുമായിരിക്കും അവരുടെ സാമീപ്യത്തിൻ്റെ പരമാവസ്ഥ. ഹാലിനോട് അനുസരിച്ചുള്ള അവരുടെ വ്യവഹാരം നിനക്ക് രണ്ടു വിഭാഗങ്ങളിലായി കാണാവുന്നതാണ്. ഒന്ന്, ചില സ്വാലിഹീങ്ങൾ നല്ല രുചികരമായ ഭക്ഷണങ്ങളും, പാനീയങ്ങളും, എല്ലാവിധ ആനന്ദങ്ങളും ഒഴിവാക്കുന്നതായി കാണാം. എന്നാൽ രണ്ടാം വിഭാഗം രുചികരമായ എല്ലാ ഭക്ഷണ- പാനീയങ്ങളും, മറ്റു ആനന്ദങ്ങളും ആവേശപൂർവ്വം ഉപയോഗിക്കുന്നതായും നിങ്ങൾക്ക് കാണാവുന്നതാണ്.

ചെയ്യുന്ന കാര്യത്തിൽ സ്വാതന്ത്ര്യം ഇല്ലാത്തവരാണ് ഒന്നാമത്തെ വിഭാഗം. അവരെ കീഴ്പ്പെടുത്തിയ ഹാൽ രുചികരമായ ഭക്ഷണ പാനീയങ്ങളെ ഇറക്കുന്നതിന് അന്നനാളത്തിൽ തടസ്സം സൃഷ്ടിച്ചു. തൊണ്ടക്കുഴിക്ക് അവയോട് യാതൊരു ആകർഷണവും ഇല്ല. ശിക്ഷ നടപ്പാക്കാൻ തൂക്കുമരത്തിലേക്ക് കൊണ്ടു പോകുമ്പോൾ കുറ്റവാളി ഭയക്കുന്നതു പോലെയാണ് അവരുടെ അവസ്ഥ. ഈ സന്ദർഭത്തിൽ ആർക്കാണ് രുചികരമായ ഭക്ഷണങ്ങളോട് ആസക്തി ഉണ്ടാവുക? അവരുടെ മുമ്പിൽ വിളമ്പിയ സുഭിക്ഷമായ ഭക്ഷണങ്ങളെ തൊണ്ടക്കുഴി എങ്ങനെ വികർഷിക്കാതിരിക്കും? വിവരിച്ച പ്രകാരമുള്ള ഹാൽ മനസ്സിൽ ആധിപത്യം സ്ഥാപിച്ചാൽ, വധശിക്ഷ വിധിക്കപ്പെട്ടവന് മുമ്പിൽ ആനന്ദകരവും, സ്വാദിഷ്ടവുമായ എല്ലാം തന്നെ സജീകരിച്ചാൽ പോലും എന്താണോ അവരുടെ മാനസികാവസ്ഥ അതു തന്നെയാണ് സ്വാത്വികരായ ഈ മഹത്തുക്കളുടെതും.

എന്നാൽ രണ്ടാമത്തെ വിഭാഗത്തിന് ഇച്ഛാനുസരണം പ്രവർത്തിക്കാൻ സാധിക്കുന്നുണ്ട്. അവർ നിലകൊള്ളുന്ന ഹാൽ അല്ലാഹുവിൻ്റെ ഔദാര്യം, ദയ, കാരുണ്യം, അനുഗ്രഹം തുടങ്ങിയ വിശേഷണങ്ങളെ പ്രതിനിധാനം ചെയ്യുന്ന ശുഹൂദിനെ അനുസരിച്ചാണ്. അതിനാൽ തന്നെ(നബിയെ) പറയുക; അല്ലാഹു തൻ്റെ ദാസന്മാർക്കു വേണ്ടി സംവിധാനിച്ച ആലങ്കാര വസ്തുക്കളെയും വിശിഷ്ടമായ ഭക്ഷണ പദാർത്ഥങ്ങളെയും നിഷിദ്ധമാക്കുന്നവൻ ആരാണ്? പറയുക; അവ ഐഹിക ജീവിതത്തിൽ സത്യവിശ്വാസികൾക്ക് അവകാശപ്പെട്ടതാണ്.(7:32) ഈ സൂക്തം വ്യക്തമാക്കുന്ന കാര്യവുമായി സംവദിക്കുന്നതിൽ ചൊല്ലി തടസ്സം സൃഷ്ടിക്കുന്ന യാതൊരു മാനസികാവസ്ഥയും ഇവരുടെ ഉള്ളകങ്ങളിൽ ഉറവയെടുക്കുന്നില്ല.

നമ്മുടെ ഇടയിൽ നിന്ന് ചിലർ ചോദിക്കാറുള്ള ചില അബദ്ധങ്ങൾ ഉണർത്താം. സുഖാസ്വാദനങ്ങളെ തിരുനബി നിഷിദ്ധമാക്കിയില്ലല്ലോ, നബിയെ പിന്തുടർന്ന സ്വഹാബി വര്യന്മാരോ അവരെ തുടർന്നു ജീവിച്ച താബിഉകളോ ആസ്വാദനങ്ങളെ നിഷിദ്ധമാക്കിയിട്ടില്ല. പിന്നെ എങ്ങനെയാണ് ഇവർ സ്വന്തത്തിൽ ആനന്ദങ്ങളെ നിഷിദ്ധമാക്കുന്നത്? നബിയുടെ ചര്യകളെയും, ശേഷമുള്ള സ്വഹാബി- താബിഈ മഹത്തുക്കളുടെ സന്ദേശങ്ങളെയും ഇച്ഛാനുസരണം തിരസ്കരിക്കുന്നവരോട് ഒരു നിലക്കും സമന്മാരല്ല ഇവർ. അങ്ങനെയായിരുന്നുവെങ്കിൽ നമുക്ക് ഇവരെ വിമർശിക്കുകയും നവീനവാദികളെന്ന് തീർച്ചപ്പെടുത്തുകയും ചെയ്യാമായിരുന്നു. അതിനാൽ ഇവർക്കു നേരെ നാം ഉയർത്തുന്ന വിമർശനങ്ങളും ആരോപണങ്ങളും നിരർത്ഥകമാണ്.

എന്തെന്നാൽ ഇവർ ചെയ്യുന്ന പ്രവൃത്തികൾ നിയന്ത്രണാതീതമായിരുന്നു. അതിൽ ഇവർക്ക് യാതൊരു ഇച്ഛാ ശേഷിയിയും ഉണ്ടായിരുന്നില്ല. നിയന്ത്രണാധീതമായി (കസ്റിയായി) ഉണ്ടായി തീരുന്ന പ്രവർത്തികൾക്ക് എങ്ങനെയാണ് ഹറാം, ഹലാൽ എന്ന പരികൽപന നൽകുക? അത് സാധ്യമല്ല. തിരുനബിയുടെ അനുചരന്മാരിലും ഈ കസ്റിയായ ബോധം വേട്ടയാടിയ ഒരുപാട് പേർ ഉണ്ടായിരുന്നു. അബൂ ദർദാഅ്, അബൂദർ തുടങ്ങി ഒരുപാട് പേർ ഈ അവസ്ഥയിലായിരുന്നു.

ഇനി നമുക്ക് സാമൂഹികമായ സാഹചര്യങ്ങളെ(ഹാലുകളെ) പറ്റിയുള്ള വിശദീകരണം നടത്താം. എന്താണ് സാമൂഹിക സാഹചര്യം എന്നതിൽ അർത്ഥമാക്കുന്നത്? സാമൂഹികമായ ഇടപഴക്കത്തിൽ വ്യക്തിയിൽ ഉണ്ടായിത്തീരുന്ന സാമൂഹികമായ പുതിയ അവസ്ഥയെന്നു പറയാം. ഉദാ:- ബ്രഹ്മചര്യയിൽ നിന്ന് ദാമ്പത്യ ജീവിതത്തിലേക്ക് നീങ്ങുമ്പോൾ, ജോലി ഇല്ലാത്ത അവസ്ഥയിൽ നിന്ന് തൊഴിൽ സംബന്ധമായ ഇടപഴക്കത്തിലേക്ക് പ്രവേശിക്കുമ്പോൾ സംജാതമാക്കുന്ന അവസ്ഥ. ജോലിയിൽ വ്യക്തിത്വം, വിദ്യാഭാസം, പ്രവർത്തനം, തൊഴിൽ പരിചയം തുടങ്ങിയവയ്ക്കനുസരിച്ചു ജോലികൾ വിഭജിതമാക്കുന്നതു പോലെ അവസ്ഥയിലും മാറ്റങ്ങളുണ്ടാകും. ഭരണനിർവഹണമായ ഉത്തരവാദിത്തങ്ങൾ, കാര്യനിർവ്വഹണമായ തൊഴിലുകൾ എന്നിവയിലെ വൈവിധ്യമായ ബാധ്യതകൾ ഇങ്ങനെ തുടങ്ങി നീണ്ടു കിടക്കുന്ന പട്ടികയാണ് സാമൂഹികാവസ്ഥയുടെത്. ഇവയിൽ പല സാമൂഹിക സാഹചര്യങ്ങളുമായി നാം സംബന്ധിക്കുന്നവരാണ്.

വ്യത്യസ്തങ്ങളായ സാമൂഹിക ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്ന ഇവർക്കിടയിൽ പൊതുവായ ഒരു ആരാധന രീതികൾ ഉണ്ട്. എല്ലാ അടിമകൾക്കും അല്ലാഹു നിർബന്ധമാക്കിയ അടിസ്ഥാനപരമായ ആരാധനകളാണവ. അഞ്ചു നേരത്തെ നിസ്കാരം, വ്രതം, ഹജ്ജ്, സകാത്ത്, രണ്ടു ശഹാദത്തുകൾ തുടങ്ങിയവയാണ് പൊതുവായ അടിസ്ഥാനപരമായ ആരാധനാ കൃത്യങ്ങൾ.

എന്നാൽ, ഈ ആരാധനകളോടൊപ്പം തന്നെ ഒരു
മുസ്‌ലിമിന് തൻ്റെ സാമൂഹിക സാഹചര്യങ്ങൾക്കനുസരിച്ച് ആരാധന കർമങ്ങൾ വൈവിധ്യമായിരിക്കുന്നതാണ്. ഇങ്ങനെ ഇവരുടെ സാമൂഹിക ഉത്തരവാദിത്തങ്ങളും, സേവനങ്ങളും വ്യത്യസ്ത ആരാധനകളായി പരിഗണിക്കുന്നതിൻ്റെ രഹസ്യമെന്താണ്? അത് മറ്റൊന്നുമല്ല. കളങ്കരഹിതമായ നിയ്യത്തും, ഉദ്ദേശ ശുദ്ധിയുമാണ്. ഇതിലൂടെ ദൈവീക സംതൃപ്തി സാധ്യമാക്കാമെന്ന ലക്ഷ്യവുമാണ് ഉത്തരവാദിത്തങ്ങളും സേവനങ്ങളും ജോലികളും ആരാധനയായി പരിണമിക്കുന്നതിൻ്റെ രഹസ്യം.
ഈ വസ്തുതയെ ഏതാനും ചില ഉദാഹരങ്ങളിലൂടെ നമുക്ക് പരിചയപ്പെടാം.

1-അവിവാഹിതനായ ഒരു യുവാവ്. അവനെ സംബന്ധിച്ച് തൻ്റെ ചിലവുകൾ മാത്രം വഹിച്ചാൽ മതി. മറ്റു ബാധ്യതകൾ ഇല്ലാത്തതിനാൽ അവനെ സംബന്ധിച്ച് അല്ലാഹുവിലേക്ക് അടുക്കാൻ പൊതുവായ ആരാധനകൾക്ക് പുറമെ ഏത് വിധത്തിലുള്ള സുകർമ്മങ്ങളാണ് ഇവൻ നിർവഹിക്കേണ്ടത്? ഖുർആൻ പാരായണം/ ദിക്റുകൾ വർദ്ധിപ്പിക്കുക, വിജ്ഞാന സദസ്സുകളിൽ സംബന്ധിക്കുക തുടങ്ങിയ ആരാധന കൃത്യങ്ങൾക്കായി കുടൂതൽ സമയം കണ്ടെത്തുക, ഇതിനായി മറ്റു വ്യവഹാരങ്ങളിൽ നിന്ന് മുക്തനാവുക. ഭൗതികമായ ഇടപഴക്കങ്ങളിൽ നിന്ന് വ്യക്തിയെ മുക്തമാക്കുന്ന വിജ്ഞാനം സമ്പാദിക്കാനോ അനിവാര്യമായി സ്വായത്തമാക്കേണ്ട നൈപുണ്യങ്ങൾ ആർജ്ജിക്കാനോ വേണ്ടിയുള്ള പാതയിൽ സഞ്ചരിക്കുക. ഇതൊക്കെയാണ് ഈ യുവാവ് സ്വീകരിക്കേണ്ട ആരാധന ക്രമങ്ങൾ എന്ന് നമുക്ക് വ്യക്തമായി പറയാവുന്നതാണ്.

2- ഇനി ഇവൻ വിവാഹിതനായാലോ, അതോടെ പുതിയ ചില ഉത്തരവാദിത്തങ്ങൾ അവനിൽ ഉണ്ടായിത്തീരുന്നു. സ്വന്തത്തിലുള്ള ചിലവു മാത്രമല്ല ഇവൻ ഇനി മുതൽ വഹിക്കേണ്ടത്. തൻ്റെ ഭാര്യയുടെയും, മക്കളുടെയും ബാധ്യതകൾ കൂടി വഹിക്കേണ്ടതാണ്. ഇതിനു മുമ്പ് അല്ലാഹുവിനായി ഒരുപാട് ആരാധനകൾ നിർവഹിച്ച, ആരാധന കർമ്മങ്ങളിൽ കൃത്യത പുലർത്തിയ ഇവൻ ചില കാര്യങ്ങൾ നിർബന്ധമായും മനസിലാക്കേണ്ടേതുണ്ട്. തൻ്റെ കുടുംബത്തിനു വേണ്ടിയുള്ള തൻ്റെ അധ്വാനങ്ങളെല്ലാം വലിയ പ്രാമുഖ്യമുള്ള ആരാധനകൾക്ക് പര്യാപ്തമാണ്. തൻ്റെ ജോലികളും, മറ്റു ഭൗതിക ഇടപഴക്കങ്ങളും കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ, അവരോടൊപ്പം സ്നേഹത്തോടെ ഇരിക്കലും, കളി ചിരിയിൽ ഏർപ്പെടലും ആരാധന തന്നെയാണ്. അതിന് പ്രതിഫലമുണ്ട്. അങ്ങാടിയിൽ ഉപജീവനത്തിനായി തൊഴിൽ വൃത്തിയിലായി തൻ്റെ സഹചര്യത്തിനനുസരിച്ച് സംവദിക്കുന്നതും ആരാധനയാണ്. തൻ്റെ സന്താനങ്ങളെ ആത്മീയ- ഭൗതിക വിജ്ഞാനങ്ങളിലൂടെ സംസ്കരിക്കുന്നതും ഇബാദത്തുകളിലെ അടിസ്ഥാനപരമായ ഒരു ഘടകമാണ്. ഈ യുവാവിൻ്റെ പുതിയ സാഹചര്യങ്ങൾക്ക് അനുസൃതമായി രൂപപ്പെട്ടതാണ് ഈ സത്‌വൃത്തികൾ എന്നതിൽ ആർക്കും സംശയമില്ല. ഈ പുതിയ അവസ്ഥക്ക് മുമ്പ് പാലിച്ച എല്ലാ ആരാധന കൃത്യങ്ങളും ഇവൻ ഇന്ന് പാലിക്കേണ്ടതില്ല.

3: ഒരു കമ്പനിയിലെ തൊഴിലാളി. മുതലാളിയുടെ കണക്കുകൾ കൃത്യത വരുത്താൻ വേണ്ടി ജോലി ചെയ്യുന്ന ഒരു തൊഴിലാളിയെ സംബന്ധിച്ച് പൊതുവായ ആരാധനാ കൃത്യങ്ങൾക്ക് പുറമെ അവൻ അല്ലാഹുവിലേക്ക് അടുക്കാനുള്ള മാർഗ്ഗത്തെ പറ്റി കൃത്യമായി അറിഞ്ഞിരിക്കേണ്ടതുണ്ട്. അത് എന്താണ്? മറ്റൊന്നുമല്ല. താൻ ഏറ്റെടുത്ത ജോലി ഭംഗിയായി നിർവഹിക്കുക, കമ്പനി ഉടമ നിന്നിൽ എൽപ്പിച്ച ജോലി കൃത്യമായി ചെയ്യുക എന്നതാണ്.

ഉടമയോട് താൻ വ്യവസ്ഥ ചെയ്ത ജോലി സമയം മുഴുവനും തൻ്റെ മുതലാളി ഏൽപ്പിച്ച കാര്യങ്ങൾക്ക് മാത്രമെ വിനിയോഗിക്കാവൂ. ഇതിൽ കുറഞ്ഞ സമയം മാത്രമാണ് ഫർളു നിസ്കാരത്തിനും, നിസ്കാരത്തിനു മുന്നോടിയായി നിർവഹിക്കേണ്ട ശുചീകരണത്തിനും, വുദൂഇനും വേണ്ടി വിനിയോഗിക്കേണ്ടത്. അഥവാ ഈ സമയങ്ങളിൽ സുന്നത്ത് നിസ്കാരം നിർവഹിക്കാനോ, ഖുർആൻ പാരായണം ചെയ്യാനോ, മതകീയമായ കാര്യങ്ങൾ പഠിക്കാനോ വേണ്ടി വിനിയോഗിക്കാൻ പാടില്ല. കാരണം, ഇപ്പോൾ ഈ വ്യക്തി കടന്നു പോകുന്ന സാമൂഹികമായ സാഹചര്യം അല്ലാഹുവിലേക്ക് അടുക്കാനുള്ള മറ്റൊരു വിധം ആരാധനയിലാണ്. ഏതാണ് ആ ആരാധന? നല്ല രീതിയിൽ ഞാൻ നിർവഹിക്കാം എന്ന് എറ്റെടുത്ത ജോലിയിൽ വ്യാപൃതമാവുക എന്നതാണ് ആ ആരാധന. ഇതിനു അല്ലാഹുവിൽ നിന്ന് ഒരു പാട് പ്രതിഫലം ലഭിക്കുന്നതാണ്.

ഈ ജോലിയിൽ അല്ലാഹുവിൽ നിന്ന് ലഭിക്കുന്ന അളവറ്റ പ്രതിഫലത്തിന് തടസ്സം സൃഷ്ടിക്കുന്ന ഏക ഘടകം അവൻ്റെ പ്രീതി മാറ്റി നിർത്തുക എന്നതു മാത്രമാണ്.

ഒരുപാട് ജോലിക്കാർ നിസ്കാര സമയമായാൽ മുതലാളിയുടെ മുമ്പാകെ താൻ നിർവഹിക്കാമെന്ന് ഏറ്റെടുത്ത ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ വിരസതയും, മടിയും പ്രകടിപ്പിച്ചു കൊണ്ട് നിസ്കാരത്തിലേക്ക് പ്രവേശിക്കുന്നതു കാണാം. എന്നിട്ടോ നിസ്കാരത്തിനും, മുന്നോടിയായി നിർവഹിക്കേണ്ടതിനും പര്യാപ്തമായ സമയത്തെക്കാൾ കുടൂതൽ സമയമാണ് അവർ ഈ സന്ദർഭത്തിൽ വിനിയോഗിക്കുന്നത്. ചിലർ നിസ്കാരത്തിനു ശേഷം കൂട്ടുചേർന്ന് സൊറ പറഞ്ഞിരിക്കുമ്പോൾ, മറ്റു ചിലർ നിസ്കാരപ്പായയിൽ ഇരുന്നു ഖുർആൻ പാരായണം, ദിക്റ്, ദീനി പഠനം എന്നിവയിലായി കഴിഞ്ഞുകൂടുന്നു. ഇവർ കരുതുന്നത് ഇതു മുഖേന അല്ലാഹുവിൻ്റെ സാമീപ്യം കരസ്ഥമാക്കാം എന്നാണ്. എന്നാൽ ഇങ്ങനെ ചെയ്യുന്നതോ? അത് ശിക്ഷയെ അനിവാര്യമാക്കുന്ന പാതകമാണ്. എന്തെന്നാൽ അവർ സുന്നത്തു കർമ്മങ്ങൾക്കായി വിനിയോഗിച്ച സമയം അവരുടെത് മാത്രമല്ല. മറിച്ചു അവനു ജോലി നൽകിയ മുതലാളിയുടെത് കൂടിയാണ്. ആ സമയത്ത് മുതലാളിക്ക് ചില അവകാശങ്ങളുണ്ട്. അതു കൊണ്ട് തന്നെ ഈ സമയത്ത് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് മറ്റുള്ളവരുടെ അവകാശത്തെ ഹനിക്കലാകുന്നു. ആയതിനാൽ ഈ വക കാര്യങ്ങൾ പാടില്ലാത്തതാണ്. ഇതൊരു മതകീയമായ വിധിയാണ്. തൊഴിൽ സംബന്ധമായ ഇടപാടുകളെ വിശദീകരിക്കുന്ന ഭാഗത്ത് പ്രമാണങ്ങൾ സഹിതം പണ്ഡിതർ വ്യക്തമായി വിവരിച്ചിട്ടുണ്ട്.

കമ്പനി മുതലാളി ഏൽപ്പിച്ച ജോലി കേവലം ഉപരിപ്ലവമായി നിർവഹിക്കുന്ന ഒരുപാട് തൊഴിലാളികളുണ്ട്. ഇങ്ങനെ മനസ്സാന്നിധ്യമില്ലാതെ നിർവഹിക്കാൻ കാരണം ഒരുപക്ഷേ അവരുടെ അലംഭാവമോ, ജോലി ഭംഗിയായി നിർവഹിക്കുന്നതിലുള്ള ക്ഷമ ഇല്ലായ്മയോ ആണ് കഴിവിൻ്റെ പരാമാവധി ജോലി വേണ്ട വിധം നിർവഹിക്കാതിരിക്കാൻ ശ്രമിക്കുന്നത്. അല്ലെങ്കിൽ ജോലിക്കാരുടെ മനസ്സിൽ ഇടം പിടിച്ച മുതലാളിയോടുള്ള അസൂയയോ, കുശുമ്പോ ആകാം. ഈ നിഷ്ക്രിയത്വം നിസ്കരിക്കുന്നവൻ അതിലെ റുക്നുകളിലും, നിബന്ധനകളിലും ന്യൂനത വരുത്തുന്നതിനും, പെട്ടെന്നു നിർവഹിച്ചു തീർക്കാൻ കാണിക്കുന്ന വ്യഗ്രതയ്ക്കും സമാനമാണ്. അഥവാ ജോലിയിൽ കാണിക്കുന്ന നിഷ്ക്രിയത്വവും, നിസ്കാരത്തിലുള്ള അലംഭാവവും ശരീഅത്തിൻ്റെ മാപ്പിനിയിൽ തുല്ല്യമാണ്. എന്തെന്നാൽ ഇവ രണ്ടും വ്യത്യസ്തങ്ങളായ ആരാധനയാണ്. ഇബാദത്താണ്. ഈ ജോലിക്കാരനോട് പൊതുവായ ആരാധനക്കൾക്ക് (എല്ലാവർക്കും നിർബന്ധമായ അടിസ്ഥാനപരമായ ആരാധനകൾക്ക്) പുറമെ ഈ ജോലി അല്ലാതെ മറ്റൊന്നും നിർവഹിക്കാൻ അല്ലാഹു ആവശ്യപ്പെടുന്നില്ല. അതിനാൽ കമ്പനി ഉടമയോടും, തൊഴിൽ മുതലാളിയോടും വഞ്ചന കാണിക്കുന്നത് അല്ലാഹുവോട് വഞ്ചിക്കുന്നതിന് സമാനമത്രെ.

4: അഡ്‌മിനിസ്‌ട്രേറ്റീവ് ജോലികൾ ചെയ്യാൻ നിയുക്തമാക്കിയിട്ടുള്ള ഓഫീസ് ജീവനക്കാരൻ, തന്നെ ഏൽപ്പിച്ച ജോലികൾ ഭംഗിയായി നിർവഹിക്കുക എന്നാണ് അല്ലാഹുവിലേക്ക് അടുക്കാനുള്ള എറ്റവും ഉചിതമായ മാർഗ്ഗമെന്ന് മനസ്സിലാക്കണം. (അടിസ്ഥാനപരമായ നിർബന്ധ കർമ്മങ്ങൾക്ക് പുറമെ). ഒഴിഞ്ഞു നിൽക്കുന്നവർ ഖുർആൻ പാരായണം, ദിക്റുകൾ, മറ്റു സുന്നത്തു കർമ്മങ്ങൾ എന്നിവയിലൂടെ അല്ലാഹുവിലേക്ക് അടുക്കുമ്പോൾ അവർക്കു ലഭിക്കുന്ന അതെ പ്രതിഫലം തന്നെയാണ് ഈ ജീവനക്കാരനും ലഭിക്കുക. പക്ഷേ ഇതിന് ചില നിബന്ധനയുണ്ട്. ഒന്ന്, ഇതുകൊണ്ടുള്ള ഉദ്ദേശം അല്ലാഹു പ്രീതി കാംക്ഷിക്കലാക്കുക. രണ്ട്, മതകീയമായി അനുവദനീയമായതും, സമുദായത്തിന് ഉപകാരപ്രദമായതുമാവുക.

5: ഭരണപരമായി വ്യത്യസ്തമായ പദവികളിലായി, വൈവിധ്യമാർന്ന ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നവർ അനിവാര്യമായും അറിയേണ്ട കാര്യമിതാണ്. എല്ലാ അടിമകൾക്കും നിർബന്ധമാക്കിയ അടിസ്ഥാനപരമായ നിർബന്ധ കർമ്മങ്ങൾ നിർവഹിച്ചു കഴിഞ്ഞാൽ പിന്നെ അവർക്ക് അല്ലാഹുവിലേക്ക് അടുക്കാനുള്ള ആരാധനാ വൃത്തികൾ സമൂഹത്തിന് സേവനം ചെയ്യലും, അവരുടെ അവകാശങ്ങൾക്ക് പരിരക്ഷ കവചം തീർക്കലും, അവരുടെ മൂല്യങ്ങളെ പരിപാലിക്കലും, അവരുടെ സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പാക്കലുമാണ്. ഈ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ ഭരണാധികാരിയോ, അദ്ദേഹത്തിൻ്റെ സഹജീവനക്കാരോ ചെയ്യുന്ന പ്രവർത്തനങ്ങൾ രാത്രി യാമങ്ങളിൽ തഹജ്ജുദ് നിസ്കാരം, ദിക്റുകൾ, ഇസ്തിഗ്ഫാറുകൾ തുടങ്ങിയ കർമ്മങ്ങൾ ചെയ്യുന്നതിനോളം പ്രസക്തമാണ്. ഈ രാഷ്ട്രീയ ബാധ്യതകൾ ചെയ്യുന്നത് അല്ലാഹുവിലേക്ക് അടുക്കുന്നതിൽ പ്രാമുഖ്യം കുറഞ്ഞ കാര്യമൊന്നുമല്ല. ഇസ്‌ലാമിൻ്റെ അടിസ്ഥാന സ്തംഭങ്ങളായ നിർബന്ധ ബാധ്യതകൾക്ക് കോട്ടം വരുത്താതെ ചെയ്യുന്ന ഈ രാഷ്ട്രീയ പ്രവർത്തനങ്ങളും, പരിശ്രമങ്ങളും ദൈവീക പ്രീതി സാധ്യമാക്കുന്നതിലേക്ക് നയിക്കുന്ന പ്രവൃത്തികളാണ്.

വിവിധ തരം ആരാധനകൾ നിർവഹിക്കാൻ പ്രാപ്തമായ രീതിയിലാണ് അല്ലാഹു തൻ്റെ അടിമകളുടെ കഴിവുകളെ വൈവിധ്യങ്ങളാക്കിയിരിക്കുന്നത്. ഇതിൻ്റെ താത്പര്യം ഓരോരുത്തരും അവരവരുടെ കഴിവിനു അനുഗുണമായ ആരാധനകൾ നിർവഹിക്കുക എന്നതാണ്.

ഈ വൈവിധ്യം എത്രമാത്രം വ്യക്തമാണ്. ചില വ്യക്തികൾക്ക് അല്ലാഹു ഇസ്‌ലാമിക വിജ്ഞാനങ്ങളും മഅ്‌രിഫത്തും സ്വായത്തമാക്കാനുള്ള കഴിവു നൽകി. അങ്ങനെ അവർ വിജ്ഞാനം സ്വായത്തമാക്കുകയും ശേഷം സാധ്യമായ രീതിയിൽ അവ പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇതാണ് ഇവർക്ക് അല്ലാഹു കനിഞ്ഞു നൽകിയ കഴിവ്. ആയതിനാൽ ഇതാണ് ഇവരുടെ ആരാധനയുടെ ഇനം. രണ്ടു പേർക്കിടയിൽ തർക്കമുണ്ടായാൽ അത് രമ്യമായി പരിഹരിക്കാൻ കഴിവുള്ള ചില വ്യക്തികളെ നമുക്ക് കാണാൻ സാധിക്കും. ഇതിനു പര്യാപ്തമായ ഹൃദയ വിശാലത അവരിൽ ഉണ്ടാകും. എന്നാൽ മതവിജ്ഞാനങ്ങളെ കുറിച്ച് കുടൂതൽ അറിവൊന്നും അവർക്കുണ്ടാകില്ല. പ്രശ്നം പരിഹരിക്കാനുള്ള കഴിവാണ് ഇവർക്ക് അല്ലാഹു നൽകിയത്. ഇതാണ് ഇവർക്ക് അല്ലാഹു നൽകിയ കഴിവ്. അതുകൊണ്ട് ഇതിലൂടെ അയാൾക്ക് അല്ലാഹുവിൽ എത്തിച്ചേരാം. ഈ രണ്ടു കഴിവുകളില്ലാത്ത മൂന്നാമതൊരു വ്യക്തിയെ കൂടി നമുക്ക് ഉദാഹരിക്കാം. അയാൾക്ക് വിജ്ഞാനം സ്വായത്തമാക്കാനോ, തർക്കങ്ങൾ പരിഹരിക്കാനോ സാധിക്കുന്നില്ലെങ്കിലും ജനങ്ങളെ സേവിക്കാൻ നന്നായി അറിയാം. ജന സേവന പ്രവർത്തനങ്ങളിൽ അവൻ ഉന്മേഷവാനാണ്. അവരുടെ ആവശ്യങ്ങൾ നിവേറ്റാനും, വിഷമങ്ങൾ ദൂരീകരിക്കാനും അവനു സാധിക്കുന്നുണ്ട്. എങ്കിൽ അതാണ് അവനിൽ നിക്ഷിപ്തമായ ആരാധനയുടെ ഇനം.

ഇപ്രകാരമാണ് ഇബ്നു അത്വാഅ് ”അവസ്ഥകളുടെ വൈവിധ്യത്തിനനുസരിച്ച്, ആരാധനകളും വൈവിധ്യമാകുന്നതാണ്” എന്ന ഹിക്മത്തിലൂടെ വ്യക്തമാക്കുന്നത്.

ഈ ഹിക്മത്ത് മനസ്സിലാക്കാൻ വേണ്ടി ഞാൻ നൽകിയ വിശദീകരണങ്ങളിൽ ഹൃദയ സംസ്കരണത്തെ അടയാളപ്പെടുത്തുന്ന വലിയ പാഠമുൾക്കൊള്ളുന്നുണ്ട്. അല്ലാഹുവിൻ്റെ അടിമകളോട്, അവർ മുസ്‌ലിംകളാകുന്ന കാലമത്രയും അദബോടെ വർത്തിക്കണമെന്നാണ് ആ വലിയ പാഠം. ഉപര്യുക്ത വിശദീകരണത്തിൽ പറഞ്ഞ പ്രകാരം അല്ലാഹുവിലേക്ക് അടുക്കാനുള്ള ഇബാദത്തിൻ്റെ ഇനങ്ങളെ നിനക്കു തിരിച്ചറിയാനും സർവ്വ വ്യാപകമായി അറിയപ്പെടുന്ന ആരാധനകളിൽ മാത്രമായി ഇബാദത്തുകളെ പരിമിതപ്പെടുത്താതിരിക്കാൻ ചെയ്യാനും സാധിച്ചാൽ, നിസ്കാരങ്ങൾ, ഖുർആൻ പരായണം, ദിക്റുകൾ എന്നിവയിൽ വീഴ്ച വരുത്തുന്നവരെ കണ്ടാൽ ഒരിക്കലും നിനക്ക് മോശമായി ചിത്രീകരിക്കാനോ ഭാവിക്കാനോ സാധ്യമല്ല. അല്ലാഹുവിൻ്റെ മാർഗ്ഗത്തിലേക്ക് ഇറങ്ങിത്തിരിച്ച, സത്‌വൃത്തരായ മഹത് വ്യക്തികളുടെ ചരിത്രത്തിൽ കാണാവുന്ന ചില പ്രവർത്തനങ്ങൾ അവ ബാഹ്യമായി ശരീഅത്തിൻ്റെ നിയമങ്ങൾക്ക് വിരുദ്ധമാണെങ്കിൽ പോലും/ അവർ സൂക്ഷ്മതയുടെ പാരമ്യതയായി ചെയ്തത് ഒരുപക്ഷേ മത നിയമം സൂക്ഷ്മതയായി പരിഗണിക്കാത്ത പലതുമാണെങ്കിലും അവരെ നിനക്ക് ഒരു വേള പോലും മോശമായി കാണാൻ സാധിക്കാത്തതു പോലെ തന്നെ, ജീവിതത്തിൽ ഒരു വ്യക്തിയെയും നിനക്ക് മോശമായി ചിത്രീകരിക്കാൻ ഇട വരരുത്. അത്തരം മഹത് വ്യക്തികളുടെ ചരിത്ര ശകലങ്ങൾ നാം വായിച്ചതാണല്ലോ? അതെല്ലാം അവരുടെ ഉള്ളകങ്ങളിൽ ആധിപത്യം സ്ഥാപിച്ച ഹാലുകൾക്കനുസരിച്ചു നിർവഹിച്ചതായിരുന്നു. അത് ഉപേക്ഷിക്കാൻ സാധിക്കുന്ന ഒരു അവസരവും അവർക്കുണ്ടായിരുന്നില്ല.

ഇബ്നു അത്വാഅ് തങ്ങൾ പറഞ്ഞ കാര്യം വേണ്ട വിധം ഗ്രഹിക്കാതെ സ്വാലിഹീങ്ങൾക്കു നേരെ കയർക്കുന്നവർ വിരളമല്ല. എത്ര പേരാണ് അവരെ മോശമായി ചിത്രീകരിക്കുന്നത്!.

വ്യത്യസ്ത ജോലികളിൽ ഏർപ്പെടുന്ന വ്യക്തികൾക്കു നേരെ നിന്ദമായ വർത്തമാനം പറയുന്ന എത്ര പേരുണ്ട്? അവർ ദൈവികമായ അടുപ്പമുണ്ടാക്കുന്നതിൽ നിന്ന് വ്യതിചലിക്കുന്നവരെന്നും, മത ചിട്ടയോടെയുള്ള ജീവിതത്തിൽ പൂർണ്ണതക്കായുള്ള മര്യാദകൾ പാലിക്കാത്തവരെന്നും മുദ്രണം ചെയ്തുള്ള വിമർശനങ്ങൾ എത്രമാത്രമുണ്ട്! കേവലം നിസ്കാരം, നോമ്പ്, ദിക്ർ, ഖുർആൻ പാരായണം തുടങ്ങി സർവ്വവ്യാപകമായി അറിയപ്പെടുന്ന രീതിയിൽ മാത്രം പരിമിതമല്ല ആരാധനകൾ, ഈ ജോലി കൃത്യങ്ങൾ വേണ്ടതു പോലെ നിർവ്വഹിച്ചാൽ, കുറ്റമറ്റ രീതിയിൽ ഇഖ്ലാസോടെ ചെയ്താൽ അവർക്ക് അല്ലാഹുവിൽ നിന്നു പ്രതിഫലം ലഭിക്കുന്നതാണ്. ഇത്തരം കാര്യങ്ങളൊന്നും അറിയാതെയാണ് വിമർശകർ ഇങ്ങനെ പറഞ്ഞു വെക്കുന്നത്.

ഇനി “അടിസ്ഥാനപരമായ നിർബന്ധ ബാധ്യത” എന്ന പ്രയോഗത്തിൽ ഉൾക്കൊള്ളിച്ച വല്ല നിർബന്ധ ബാധ്യതയും അവർ ഉപേക്ഷിച്ചാൽ നിർബന്ധമായും നാം അവരെ ആ കാര്യം ഉണർത്തണം. അതിലേക്ക് ക്ഷണിക്കുകയും വേണം. എന്നാൽ പോലും അവരെ തെറ്റിദ്ധരിക്കാൻ പാടില്ല. കാരണം അവരിൽ അല്ലാഹു നിക്ഷിപ്തമാക്കിയ മറ്റു ആരാധനകളിൽ വ്യതൃതമാക്കുന്നത്, മിക്കപ്പോഴും അവരെ ഈ വീഴ്ചകളെ വിണ്ടെടുക്കുന്നതിലേക്ക് ആകർഷിപ്പിക്കാൻ വേണ്ടിയുള്ളതാകും. ഇത്തരം ആളുകളിൽ ഈ ഒരു വീണ്ടെടുപ്പ് നാം പല ഉദാഹരണങ്ങഈയി കണ്ടതാണ്.

നന്മ കൊണ്ട് കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക എന്നതും, ഒരു വ്യക്തിയെ തെറ്റിദ്ധരിക്കുക എന്ന ഗുരുതരമായ കാര്യവും തമ്മിൽ വലിയ അന്തരമുണ്ട്. ഒന്നാമത്തെത് ഉണ്ടായി എന്നതു കൊണ്ട് രണ്ടാമത്തെത് ഉണ്ടായി തീരണമെന്ന് നിർബന്ധമില്ല. ഫർളുകൾ, നിർബന്ധ ബാധ്യതകൾ എന്നിവയിൽ വീഴ്ച വരുത്തുന്നവരോട് അത് ഓർമ്മപ്പെടുത്തുക മാത്രമാണ് നമുക്ക് നിർബന്ധമുള്ളത്. അതേ സമയം അവരെ നല്ല ഭാവത്തോട് (ഹുസ്നുളന്നോടു) കൂടിയാണ് വീക്ഷിക്കേണ്ടതും അനിവാര്യം തന്നെയാണ്. അതായത് അവന് അല്ലാഹു വരും ദിനങ്ങളിൽ, ഈ വീഴ്ച പരിഹരിക്കാൻ ഉണർവ്വും നൽകും, അവൻ നല്ല രീതിയിൽ ചെയ്തു പോരുന്ന മറ്റു പ്രവൃത്തികളുടെ ഫലമായി വൈകാതെ തന്നെ അവൻ അല്ലാഹുവിലേക്ക് മടങ്ങുമെന്നും സങ്കൽപ്പിച്ചു കൊണ്ട് തെറ്റിദ്ധാരണയെ നീക്കം ചെയ്തു ഹുസ്നുളന്നിനെ സ്ഥിരപ്പെടുത്തുക.

 

 

 

 

വിവര്‍ത്തനം: ബി എം സ്വഫ്‌വാന്‍ ഹാദി