അല്ലാഹുവിന്റെ ഉത്തരവാദിത്തവും മനുഷ്യന്റെ കൃത്യബോധവും
ഹികം സീരീസ്- 07
നിനക്കു വേണ്ടി അല്ലാഹു ഏറ്റെടുത്ത കാര്യത്തില്‍ നീ കഠിനാധ്വാനിക്കുന്നതും, നിന്നോട് ആവശ്യപ്പെട്ട കാര്യത്തില്‍ നീ വീഴ്ച്ച വരുത്തുന്നതും നിനക്ക് ഉള്‍ക്കാഴ്ച്ച നഷ്ടപ്പെട്ടു എന്നതിന്റെ അടയാളമാണ്.
കഴിഞ്ഞ ഭാഗത്ത് നാം വിസ്തരിച്ച കാര്യത്തില്‍ ഒരു സഹോദരന്‍ ഉയര്‍ത്തിയ ചോദ്യത്തിനു ഉത്തരമേകിയതിനു ശേഷം നമുക്ക് ഈ ഹിക്മ വിവരിക്കാം. നാം അസ്ബാബെന്ന പേര് വിളിക്കുന്ന വസ്തുക്കളില്‍ അല്ലാഹു ഒരു പ്രത്യേക ശക്തിയെ അന്തര്‍ലീനമായി വിക്ഷേപിച്ചിട്ടില്ല. ഓരോ നിമിഷവും അല്ലാഹുവിങ്കലില്‍ നിന്നാണ് പ്രതിഫലനം ഉണ്ടാകുന്നത്. അഥവാ ഒരു കാര്യത്തിന്റെ കാരണവുമായി ബന്ധപ്പെടുമ്പോള്‍ അതിന്റെ പ്രതിഫലനം അല്ലാഹുവിങ്കലില്‍ നിന്നു മാത്രമാണ്. ആ സഹോദരന്‍ സംശയം ചോദിച്ചതിങ്ങനെ. ഉദാഹരണത്തിന് തീ എന്നത് അടിസ്ഥാനപരമായി -കരിക്കാന്‍ ശേഷിയില്ലാത്ത- തണുത്ത പ്രകൃതത്തിലാണെങ്കില്‍, പ്രവാചകന്‍ ഇബ്‌റാഹിം(അ)മിനെ തീയില്‍ എറിയപ്പെട്ടപ്പോള്‍ അല്ലാഹു തീയോട് ഇങ്ങനെ പറഞ്ഞുവെന്ന് അവന്‍ തന്നെ വ്യക്തമാക്കുന്നു. ഹോ,അഗ്നിയെ നീ ഇബ്‌റാഹീമിന് തണുപ്പും സമാധാനവുമായിരിക്കുക.(21:61)
ഈ ചോദ്യകര്‍ത്താവിനോട് എനിക്ക് പറയാനുള്ളത് ഇതാണ്. തീ എന്നതിന് അല്ലാഹു ഒരു പ്രത്യേക ഉത്തരവാദിത്വം നിര്‍ണ്ണയിക്കുന്നതിന് മുമ്പായി പ്രകൃതപരമായി തന്നെ അതിന് കരിച്ചു കളയുക/ തണുപ്പിക്കുക എന്ന ഒരു സവിശേഷത ഇല്ല. അല്ലാഹു ഉദ്ദേശിക്കുന്നത് തണുപ്പ് പ്രകൃതമാണെങ്കില്‍ തീ അവന്റെ ആജ്ഞയനുസരിച്ച് തണുപ്പ് എന്ന പ്രകൃതം പ്രകടമാക്കുന്നതാണ്. ഉദ്ദേശം കരിച്ചു കളയുക എന്നതാണെങ്കില്‍ ഉദ്ദേശാനുസരണം തീ കരിച്ചു കളയുന്ന സ്വഭാവം പ്രകടമാക്കുന്നതാണ്. ആകയാല്‍ എല്ലായ്‌പ്പോഴും തീയില്‍ നിവര്‍ത്തിയാകുന്നത് അല്ലാഹുവിന്റെ വിധിയും ആജ്ഞ അനുസരിച്ചുള്ള പ്രതിഫലനവും മാത്രമാണ്. തീയോട് തണുക്കാനും രക്ഷാവലയമാകാനുമുള്ള ദൈവീക കല്‍പ്പന, ഇതിനു മുമ്പ് തീയില്‍ സ്വമേധയാ കരിച്ചു കളയാനുള്ള പ്രകൃതം അന്തര്‍ലീനമായി നിലകൊള്ളുന്നു എന്നതിന് തെളിവായി വര്‍ത്തിക്കുന്നതല്ല.
തീയോട് അല്ലാഹു പറഞ്ഞ വാക്യം ശ്രദ്ധിക്കുക. ‘നീ ഇബ്‌റാഹീമിന് തണുപ്പും സമാധാനവുമായിരിക്കുക.(21:61)’ തീയില്‍ തണുപ്പിക്കുക എന്ന സവിശേഷത സ്ഥിരമായി നില്‍ക്കുന്നു എന്നതിന് വല്ല ധ്വനിയും ഈ വാക്യത്തില്‍ ഉണ്ടോ? ഈ സംബോധനയില്‍ അത്തരമൊരു അര്‍ത്ഥ ധ്വനി ഇല്ല. മറിച്ച് വസ്തുത ഇതിനു വിപരീതമാണെന്ന ധ്വനി ഈ വചനത്തിലുണ്ട്. അതാണ് ഈ വചനത്തിന്റെ മഫ്ഹൂം(connotation). അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ തീയില്‍ തണുപ്പിക്കുക എന്ന സവിശേഷത സൃഷ്ടിക്കപ്പെടുന്നു. അങ്ങനെ ആ സൃഷ്ടിപ്പ് നിലനില്‍ക്കുമ്പോഴെല്ലാം തണുപ്പ് എന്ന പ്രകൃതം തുടരുന്നു. അവന്റെ ഉദ്ദേശം വരെയും ഈ അവസ്ഥ തുടരുന്നതാണ്. ഇതേപ്രകാരം തന്നെയാണ് തീയുടെ കരിച്ചു കളയുക എന്ന സവിശേഷതയും. അവന്റെ കല്‍പ്പനയെ തുടര്‍ന്ന് തീ കരിച്ചുകളയുന്നതാണ്. അവന്റെ വിധിയും ഉദ്ദേശ്യവും തീ എന്ന സൃഷ്ടിപ്പിന് കരിച്ചു കളയുക എന്ന പ്രകൃതമുണ്ടാകണം എന്നാണ്, അല്ലാഹുവിന്റെ വിധിയും ഉദ്ദേശവുമെങ്കില്‍ തീ കരിച്ചു കളയുക എന്ന പ്രകൃതത്തിലായിരിക്കും. തീയെ അല്ലാഹു അവന്റെ വിധിയില്‍ നിന്ന് മുക്തമാക്കുകയോ, ഒരു നിമിഷ നേരത്തെങ്കിലും ഏതെങ്കിലും വിധത്തിലുള്ള ഒരു വിധിയും തീയില്‍ ബന്ധിതമല്ലെങ്കിലോ തീയിന് അഗ്നിക്കിരയാക്കുക/ തണുപ്പിക്കുക എന്നിങ്ങനെയുള്ള ഒരു വിശേഷണവും കാണാന്‍ സാധ്യമല്ല.
ഈ വിവരണം ‘ലബീബ് പറഞ്ഞ വാക്ക് എത്ര സത്യമാണെന്ന’ തിരുവാക്യത്തിന്റെ ആശയമാണ്. ലബീബിന്റെ വാക്ക് ഇങ്ങനെ വായിക്കാം. അറിയണം, അല്ലാഹുവല്ലാത്ത എല്ലാം തന്നെ നിരര്‍ത്ഥകമാണ്. ഇബ്‌നു തൈമിയ്യ നടത്തിയ വിശകലനം ഈ ആശയത്തെ വളരെ വ്യക്തമായി പറയുന്നുണ്ട്. അല്ലാഹുവില്ലാതെ/ മാറ്റി നിര്‍ത്തി ഒരു വസ്തുക്കളും ഉണ്ടാകുന്നതല്ല. അങ്ങനെയെങ്കില്‍ അവയെല്ലാം അപ്രത്യക്ഷമാവുകയും, നിരര്‍ത്ഥകമാവുകയും ചെയ്യുന്നതാണ്. പുതിയ കാലത്തിനനുസൃതമായി ഫിലോസഫിയുടെ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ മുഅ്തസിലത്തിന്റെ വികല വിശ്വാസത്തിനു മുമ്പില്‍ അടിയറവ് നടത്താതിരിക്കുക. ആ വികല സമീപനങ്ങളില്‍ നിന്ന് അല്ലാഹു അവരെ രക്ഷിക്കട്ടെ. ഈ വാദങ്ങള്‍ വ്യര്‍ത്ഥമാണെന്ന ബോധ്യത്തിലേക്ക് അല്ലാഹു അവരെ നയിക്കട്ടെ.
ഇനി നമുക്ക് അഞ്ചാം ഹിക്മയിലേക്ക് കടക്കാം. ഈ ഹിക്മയെ വ്യാഖ്യാനിക്കുമ്പോള്‍ അനിവാര്യമായും പറയേണ്ടത് എനിക്ക് അല്ലാഹു ഇല്‍ഹാം നല്‍കിയിട്ടുണ്ട്. ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കാന്‍ വേണ്ടിയല്ലാതെ സൃഷ്ടിച്ചിട്ടില്ല. ഞാന്‍ അവരില്‍ നിന്ന് ഉപജീവനമൊന്നും ആഗ്രഹിക്കുന്നില്ല. അവര്‍ എനിക്ക് ഭക്ഷണം നല്‍കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല.(51: 56- 58) മറ്റൊരു സൂക്തം വായിക്കൂ: നിന്റെ കുടുംബത്തോട് നിസ്‌കരിക്കാന്‍ കല്‍പ്പിക്കുക. അതില്‍ നീ ക്ഷമാപൂര്‍വ്വം ഉറച്ചു നില്‍ക്കുകയും ചെയ്യുക. നിന്നോട് നാം ഉപജീവനം ചോദിക്കുന്നില്ല. നിനക്ക് നാം ഉപജീവനം നല്‍കുകയാണ് ചെയ്യുന്നത്. ധര്‍മ്മ നിഷ്ഠയാകുന്നു ശുഭപര്യവസാനം.(20: 134). ഈ രണ്ട് സൂക്തങ്ങള്‍ പറയുന്ന കാര്യം ഇങ്ങനെ വായിക്കാം. മനുഷ്യനെ അല്ലാഹു നിലനിര്‍ത്തിയത് അത്യുന്നതമായ തന്റെ അസ്തിത്വത്തിനു മുമ്പാകെ ബാധ്യതകള്‍ നിര്‍വ്വഹിക്കാനാണ്. അത് തന്റെ ഇച്ഛാ പ്രവര്‍ത്തനങ്ങളോടെ ആരാധന നിര്‍വ്വഹിക്കുക എന്നതാണ്. നിശ്ചയം ആരാധനയ്ക്കു വേണ്ടി തന്നെയാണ് അവന്‍ മനുഷ്യനെ സൃഷ്ടിച്ചത്. എന്നാല്‍ അല്ലാഹു മനുഷ്യര്‍ക്ക് മുമ്പാകെ അവന്റെ അത്യുന്നതമായ അസ്തിത്വത്തെ നിലനിര്‍ത്തിയത് ചില ഉത്തരവാദിത്വം ഏറ്റെടുത്തവനായിട്ടാണ്. ആ ഉത്തരവാദിത്ത നിര്‍വ്വഹണത്തിലൂടെ മനുഷ്യ ജീവിതത്തിന്റെ അനിവാര്യതകള്‍ പൂര്‍ത്തീകരിച്ച് ജീവിതത്തില്‍ ക്ഷേമാശ്യര്യം ഉറപ്പു നല്‍കുന്നതാണ്.
ഉത്തരവാദിത്വങ്ങളെ ഈ രീതിയില്‍ വര്‍ഗ്ഗീകരിക്കുന്നതിന്റെ അര്‍ത്ഥമെന്താണ്? ഈ വിഭജനത്തിന്റെ അര്‍ത്ഥം മനുഷ്യന്‍ (വിശിഷ്യാ അല്ലാഹുവില്‍ വിശ്വസിച്ചവര്‍) അല്ലാഹുവിലേക്ക് മുന്നിട്ട് വാഗ്ദത്തം ചെയ്യപ്പെട്ട/ ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കേണ്ടതാണ്. മനുഷ്യര്‍ക്ക് വേണ്ടി സുന്ദരമായ ജീവിതം നയിക്കാന്‍ ലോകം കീഴ്‌പ്പെടുത്തി നല്‍കിയ/ സുഖകരമായ ജീവിതത്തിന് വിശാലത പ്രദാനം ചെയ്ത അല്ലാഹുവിന് പകരമെന്നോണം നീ ആരാധന നിര്‍വ്വഹിക്കുക. ഇവിടെ ഒന്നാമത്തെത് നിന്നോട് അല്ലാഹു ആവശ്യപ്പെട്ടതാണ്. രണ്ടാമത്തെത് നിനക്കു വേണ്ടി അല്ലാഹു ഏറ്റെടുത്ത കാര്യമാണ്. ഇതില്‍ നിന്ന് വ്യക്തമാണ്. നിശ്ചയം നമ്മുടെ പരിശ്രമങ്ങളും അധ്വാനങ്ങളും ചിന്താ മനനങ്ങളുമെല്ലാം നമ്മെ ഉത്തരവാദത്തപ്പെടുത്തിയ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതില്‍ ചിലവഴിക്കേണ്ടതാണ്. നമുക്ക് വേണ്ടി അല്ലാഹു ഏറ്റെടുത്ത കാര്യങ്ങളില്‍ നാം സമാധാനത്തോടെ കഴിയേണ്ടതുമാണ്. അതില്‍ നാം ഗാഢമായി ആലോചിക്കേണ്ടതോ, വിഭ്രാന്തിപ്പെടുകയോ ചെയ്യേണ്ടതില്ല. അതിന്റെ പേരില്‍ നാം സംശയാലുക്കളും ആകേണ്ടതില്ല.
എന്നാല്‍ ജനങ്ങളില്‍ ചിലര്‍ അല്ലാഹു ഏറ്റെടുത്ത കാര്യത്തിന് വേണ്ടി ശക്തമായി പരിശ്രമിക്കുകയും, ഗാഢമായി ചിന്തിക്കുകയും ചെയ്യുന്നു. അല്ലാഹു ഏറ്റെടുത്തതിന് വിപരീതമായി അവരോട് ആവശ്യപ്പെട്ട കാര്യം തിരസ്‌ക്കരിച്ചു കൊണ്ട് മുന്നേറുന്നു. ഇബ്‌നു അത്വാഅ് പറഞ്ഞതു പോലെ, ഇത് അകക്കാഴ്ച്ച ഇല്ലാത്തതിന്റെ തെളിവാണ്. ഇത്തരക്കാര്‍ ജനങ്ങളില്‍ ഉള്‍ക്കാഴ്ച്ച ഇല്ലാത്തവരുമാണ്. അവര്‍ക്ക് അല്ലാഹുവിന്റെ വാഗ്ദത്തത്തിലും , അവന്‍ മനുഷ്യര്‍ക്കു വേണ്ടി ഏറ്റെടുത്ത കാര്യത്തിലും വിശ്വാസമില്ലെന്ന് ഇത് വ്യക്തമാക്കുന്നുണ്ട്. അതുപോലെ അവരുടെ സ്വഭാവത്തിലും ചിന്തയിലും ഊര്‍ന്നുകിടക്കുന്ന വൈകല്യങ്ങളെ വെളിച്ചത്താക്കുകയും ചെയ്യുന്നു.
മൃഗങ്ങള്‍, സസ്യലദാതികള്‍, നിര്‍ജീവ വസ്തുക്കള്‍ തുടങ്ങിയ എല്ലാ സൃഷ്ടി ചരാചരങ്ങള്‍ക്കും അല്ലാഹു ചില ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിച്ചിട്ടുണ്ട്. നാം നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യമാണിത്. സര്‍വ്വതും ആ ബാധ്യതാ നിര്‍വ്വഹണത്തിനായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. അവ ഭംഗിയായി നിര്‍വ്വഹിക്കുകയും ചെയ്യുന്നുണ്ട്. മൈക്രോ സ്‌കോപ്പില്‍ മാത്രം കാണാന്‍ കഴിയുന്ന ചെറിയ കണിക, തന്മാത്ര മുതല്‍ അതിനേക്കാള്‍ വലിയ വസ്തുക്കളെപ്പറ്റി ആലോചിച്ചു നോക്കു. നിങ്ങളുടെ ശ്രദ്ധ താരപഥങ്ങളിലും ഗ്രഹങ്ങളിലും പതിക്കട്ടെ. വിവിധ ഇനം മൃഗങ്ങള്‍, വ്യത്യസ്ത ഇനം പക്ഷികള്‍, ജല ഗര്‍ഭത്തില്‍ വസിക്കുന്ന ജന്തുക്കള്‍ അങ്ങനെ പലതരം ലോകങ്ങളിലേക്ക് ചിന്ത പരന്നൊഴുകേണ്ടതുണ്ട്. എല്ലാ സൃഷ്ടിജാലങ്ങള്‍ക്കും അല്ലാഹു ഒരു ഉത്തരവാദിത്വം നല്‍കിയിട്ടുണ്ടെന്ന് അപ്പോള്‍ നിനക്ക് ബോധ്യമാകും. അതില്‍ നിന്ന് വ്യതിചലിക്കുകയോ മത്സരിക്കുകയോ ചെയ്യാതെ ഇവയെല്ലാം ഉത്തരവാദിത്തങ്ങള്‍ മനോഹരമായി നിര്‍വ്വഹിക്കുന്നു. ആകാശ-ഭൂമിയിലുള്ളവര്‍, ചിറകുവിരിച്ചു പറക്കുന്ന പറവകള്‍ എല്ലാം അല്ലാഹുവിനെ മഹത്വം പ്രകീര്‍ത്തിക്കുന്നത് നീ കണ്ടില്ലേ. ഓരോരുത്തര്‍ക്കും തങ്ങളുടെ പ്രാര്‍ത്ഥനയും പ്രകീര്‍ത്തനവും എങ്ങനെയെന്ന് അറിവുണ്ട്.(24: 41) ഈ ദൈവീക വചനത്തിന്റെ അര്‍ത്ഥമിതാണ്. ഈ ആശയമാണ് മൂസാ നബിയുടെ വാക്കിലൂടെ അല്ലാഹു ഫറോവയോട് പറഞ്ഞതും. പ്രത്യുത സൂക്തം ഇങ്ങനെ വായിക്കാം: ഓരോ വസ്തുവിനും അതിന്റെ പ്രകൃതം നല്‍കുകയും, എന്നിട്ട് (അതിന്) മാര്‍ഗ്ഗ ദര്‍ശനം കാണിക്കുകയും ചെയ്തവനാരോ അവനത്രെ ഞങ്ങളുടെ രക്ഷിതാവ്.( 20: 50 ) അഥവാ അല്ലാഹു ഓരോന്നിനും, അവയില്‍ പ്രകടമാകേണ്ടതിന്റെ പ്രകൃതം നല്‍കുകയും, അവ നിര്‍വ്വഹിക്കേണ്ട ഉത്തരവാദിത്വം ഏല്‍പ്പിക്കുകയും ചെയ്തു.
മനുഷ്യന്‍ ഈ സൃഷ്ടികള്‍ക്ക് സമാനമല്ല. അവന്‍ വ്യത്യസ്തനാണ്. മനുഷ്യരെ സൃഷ്ടിച്ചതിന്റെ ആത്യന്തിക ലക്ഷ്യം അവര്‍ക്ക് മാര്‍ഗ്ഗം ദര്‍ശനം നല്‍കപ്പെട്ടിട്ടുണ്ട്. എന്നാല്‍ മറ്റു സൃഷ്ടികള്‍ അങ്ങനെ അല്ല. അവയ്ക്ക് ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ സാധ്യമല്ല. പ്രകൃതിദത്തമായി തന്നെ ആ ഉത്തരവാദിത്തത്തിന് അനുഗുണമായി മാത്രമെ ചലിക്കാന്‍ സാധിക്കുകയുള്ളു. എന്നാല്‍ മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചത് ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമുള്ളവനായിട്ടാണ്. ഉദ്ദേശാനുസരണം പ്രവൃത്തികള്‍ ചെയ്യാനും, ചെയ്യാതിരിക്കാനും സ്വാതന്ത്ര്യവും കഴിവും അവനുണ്ട്. ഈ തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം വിനിയോഗിച്ച് അവനെ സൃഷ്ടിച്ചതിന്റെ ആത്യന്തിക ബാധ്യത നിര്‍വ്വഹിക്കാനുള്ള പ്രേരണയും അല്ലാഹു നല്‍കുന്നു. മറ്റു സൃഷ്ടികളെ പോലെ ജന്മവാസയില്‍/ പ്രകൃതിദത്തമായ സവിശേഷകളില്‍ പരിമിതപ്പെട്ടവനല്ല അവൻ. ജീവികള്‍, നിര്‍ജീവികള്‍ തുടങ്ങിയവ സ്വതന്ത്ര്യമില്ലാതെ നിര്‍ബന്ധത്തിനു വഴങ്ങി ബാധ്യത നിര്‍വ്വഹിക്കുന്നതില്‍ നിന്ന് വ്യതിരിക്തമായി ഇച്ഛാശക്തി ഉപയോഗിച്ച് മനുഷ്യന്‍ ബാധ്യത നിര്‍വ്വഹിക്കുന്നു എന്നത് മനുഷ്യര്‍ക്ക് അല്ലാഹു നല്‍കിയ ബഹുമാനവും ഉന്നതിയുമാണ്.
അതു കൊണ്ടു തന്നെ, നിര്‍വ്വഹിക്കേണ്ട ബാധ്യതകളില്‍ നിന്ന് വ്യതിചലിക്കുകയും മാറി നില്‍ക്കുകയും ചെയ്യുന്ന ഏക സൃഷ്ടി മനുഷ്യര്‍ മാത്രമാണ്. അപ്പോള്‍ മറ്റുള്ള സൃഷ്ടികളെല്ലാം മനുഷ്യര്‍ക്ക് വിപരീതമാണ്. എന്തിനാണോ സൃഷ്ടിക്കപ്പെട്ടത് അത് നിര്‍വ്വഹിക്കുന്നവര്‍ മാത്രമാണ് അവ. മനുഷ്യന് അവനു നല്‍കിയ ഇച്ഛാശക്തിയും സ്വാതന്ത്ര്യവും വിനിയോഗിച്ചു കൊണ്ട് എളുപ്പത്തില്‍ ബാധ്യതകള്‍ നിര്‍വ്വഹിക്കാന്‍ സാധിക്കുന്നതു പോലെ നിര്‍വ്വഹിക്കാതിരിക്കാനും സാധിക്കുന്നു. മറ്റു സൃഷ്ടികള്‍ തങ്ങളുടെ ബാധ്യതയോട് വ്യവഹരിക്കുന്നത് സസ്യങ്ങള്‍ക്കും, നിര്‍ജീവ വസ്തുക്കള്‍ക്കും നല്‍കപ്പെട്ട ( അല്‍ കസ്‌റുല്‍ തക്‌വീനിയ്യ്) വിനിയോഗിച്ചോ, മൃഗങ്ങള്‍ക്കും ജന്തുക്കള്‍ക്കും നല്‍കപ്പെട്ട സഹജവാസന/ ജന്മവാസന (അല്‍ ദാഫിയുല്‍ ഖരീസിയ്യ്) വിനിയോഗിച്ചോ കൊണ്ടോ ആണ്. അതിനാല്‍ അവയ്ക്ക് നിര്‍വ്വഹിക്കാതിരിക്കുക എന്നത് അസാധ്യമത്രെ.
ആകാശ- ഭൂമിയിലെ വാസികളും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും പര്‍വ്വതങ്ങളും വൃക്ഷങ്ങളും ജന്തുക്കളും ഏതാനും മനുഷ്യരും അല്ലാഹുവിന് പ്രണാമം(സുജൂദ്) അര്‍പ്പിച്ചു കൊണ്ടിരിക്കുന്നത് നീ കണ്ടില്ലേ?, ജനങ്ങളില്‍ (വേറെ) മിക്കവരുടെയും കാര്യത്തില്‍ ശിക്ഷ സ്ഥിരപ്പെടുത്തിയിരിക്കുന്നു(22:18).
സൂജൂദ് എന്നതിന്റെ വിവക്ഷ അല്ലാഹു ഏര്‍പ്പെടുത്തിയ ബാധ്യതകള്‍ക്ക് മുമ്പില്‍ സമര്‍പ്പണം നടത്തുക എന്നത്രെ. ആ കാര്യം വളരെ വ്യക്തമാണ്. അല്ലാഹു വിവരിച്ചത് ശ്രദ്ധിക്കൂ: എല്ലാ സൃഷ്ടികളുടെ സമര്‍പ്പണത്തെയും ഒരൊറ്റ രീതിയില്‍ പറഞ്ഞു. എന്നാല്‍ മനുഷ്യനെ കുറിച്ച് പറഞ്ഞപ്പോള്‍, മനുഷ്യ വിഭാഗത്തില്‍ അനുസരിക്കുന്നവരും, അനുസരിക്കാത്തവരും ഉണ്ടെന്ന് വ്യക്തമാക്കി. അവരില്‍ ചിലര്‍ അവന്റെ ആജ്ഞയ്ക്കു മുമ്പില്‍ സമര്‍പ്പണം നടത്തുന്നു. മറ്റു ചിലര്‍ അവന്‍ ഉത്തരവാദിത്തപ്പെടുത്തിയവയില്‍ നിന്ന് വ്യതിചലിച്ച് അനുസരണക്കേട് കാണിക്കുന്നു. അല്ലാഹു എല്ലാ സൃഷ്ടികളുടെയും സമര്‍പ്പണത്തിലേക്ക് ഏതാനും മനുഷ്യരുടെ അര്‍പ്പണത്തെ മാത്രം ചേര്‍ത്തി പറഞ്ഞു. എല്ലാ മനുഷ്യരും സമര്‍പ്പണം നടത്തുന്നവര്‍ എന്ന് പറഞ്ഞിട്ടില്ല. ചിലര്‍ മാത്രമെ സമര്‍പ്പണം നടത്തുന്നുള്ളു. ഈ കാര്യം തെളിച്ചത്തോടെ വ്യക്തമാക്കുകയാണ്, ‘കുറെ മനുഷ്യര്‍ ശിക്ഷക്ക് അവകാശപ്പെട്ടവരാണ്’.(സൂറ: അല്‍ ഹജ്ജ്:18) എന്ന ഖുര്‍ആനിക സൂക്തം.
മറ്റു ജീവജാലങ്ങള്‍ക്കൊന്നും നല്‍കാത്ത വിശേഷ ബുദ്ധിയും ഇച്ഛാ സ്വാതന്ത്ര്യവും നല്‍കപ്പെട്ട മനുഷ്യര്‍, കൂടുതല്‍ അനുസരണ കാണിക്കുന്നതിനും ഉത്തരവാദിത്തങ്ങള്‍ക്ക് മുമ്പില്‍ പൂര്‍ണ്ണ സമര്‍പ്പണം നടത്തുന്നതിനു പകരം അനുസരണക്കേട് കാണിക്കുകയും വിധികളെ അംഗീകരിക്കാതിരിക്കുകയും ചെയ്യുന്നു.
അല്ലാഹു മനുഷ്യര്‍ക്ക് ഉത്തരവാദിത്തപ്പെടുത്തിയ ബാധ്യതകള്‍ എന്തൊക്കെയാണ്?
അവന്‍ നിങ്ങളെ ഭൂമിയില്‍ നിന്ന് സ്യഷ്ടിച്ചു വളര്‍ത്തുകയും അവിടെ അധിവസിപ്പിക്കുകയും ചെയ്തു(11:61) എന്ന ദൈവീക വചനത്തോട് ചേര്‍ന്നൊട്ടി കൊണ്ട് കൊണ്ട് അല്ലാഹു ജീവസ്സുറ്റതാക്കിയ ഭൂമിയെ പരിപാലിക്കുക, അതിനു വേണ്ടി യത്‌നിക്കുക എന്നതാണ് മനുഷ്യന്‍ നിര്‍വ്വഹിക്കേണ്ട ഉത്തരവാദിത്വം. അല്ലാഹു സംവിധാനിച്ച ഈ സത്യപാത പിന്തുടരുമ്പോള്‍ രണ്ടു കാര്യം കൃത്യതപ്പെടുത്തുന്നുണ്ട്.
ഒന്ന്: അല്ലാഹു സൃഷ്ടിച്ചു നല്‍കിയ ഇച്ഛാ സ്വാതന്ത്ര്യം വിനിയോഗിച്ച് പൂര്‍ണ്ണമായും അല്ലാഹുവിങ്കല്‍ തന്റെ ദാസ്യത്വം പ്രകാശിപ്പിക്കുന്നു.
രണ്ട്: അങ്ങനെയാകുമ്പോള്‍, ഭൂമി ഏറ്റവും പരിഷ്‌കൃതവും സാംസ്‌കാരികവും ഭൗതികവുമായ എല്ലാ സംവിധാന ക്രമങ്ങളിലും മികച്ചതായി പരിണമിക്കുന്നതാണ്. ഈ വ്യവസ്ഥയില്‍ ജനങ്ങള്‍ സാമൂഹികമായും വൈയക്തികമായും സന്തോഷത്തിലായിരിക്കും. അത് അവര്‍ക്കിടയില്‍ സൗഹൃദത്തിന്റെ പാലങ്ങള്‍ പണിയുന്നതാണ്. സംരക്ഷണത്തിന്റെയും നീതിയുടെയും മേല്‍ക്കൂരയുടെ തണലിലായിരിക്കും ഈ ബാധ്യതകള്‍ നിര്‍വ്വഹിക്കുന്നവര്‍. ഈ ബാധ്യതകള്‍ മുഴുവനും നിര്‍വ്വഹിക്കാന്‍ മനുഷ്യനെ അല്ലാഹു ഉത്തരവാദിത്തപ്പെടുത്തിയത് മനുഷ്യരുടെ നന്മയ്ക്കും, സംതൃപ്തിക്കും വേണ്ടിയാണ്. അതോടെ ഈ ഉത്തരവാദിത്ത നിര്‍വ്വഹണത്തിന് ബദലായി സുരക്ഷിതവും, ഐശ്യര്യപൂര്‍ണ്ണവുമായ ജീവിതത്തില്‍ അകപ്പെടുന്നതാണ്. ഈ ലോകം തന്നെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതാണ്.
മാനവരാശിയുടെ നന്മയ്ക്കും സുരക്ഷിതത്വത്തിനും വേണ്ടി അല്ലാഹു സംവിധാനിച്ച ഉത്തരവാദിത്തങ്ങളെ മനുഷ്യന്‍ പാടേ തിരസ്‌കരിക്കുന്നത് എത്ര ലജ്ജാവഹവും എത്രമേല്‍ വിചിത്രവുമാണ്. പകരം അല്ലാഹു മനുഷ്യനു വേണ്ടി ഏറ്റെടുത്ത ജീവിത സന്ധാരണം, ജീവിത വിഭവങ്ങള്‍, സുഖകരമായ ജീവിതം എന്നിവയ്ക്ക് വേണ്ടിയുള്ള മാര്‍ഗ്ഗങ്ങളില്‍ മനുഷ്യന്‍ ശക്തമായി യത്‌നിക്കുന്നു. ഇത് എത്രമേല്‍ വിഡ്ഢിത്തമാണ്. നിനക്ക് വേണ്ടി അല്ലാഹു ഏറ്റെടുത്ത കാര്യങ്ങള്‍ക്ക് വേണ്ടി ഉത്തരവാദിത്തങ്ങളെ ത്യജിക്കുകയാണോ?
മനുഷ്യരോട് അല്ലാഹു പറയുന്നു: നിന്റെ കുടുംബത്തോട് നീ നിസ്‌കരിക്കാന്‍ കല്‍പ്പിക്കുകയും, അതില്‍ ( നിസ്‌കാരത്തില്‍) നീ ക്ഷമാപൂര്‍വ്വം ഉറച്ചു നില്‍ക്കുകയും ചെയ്യുക. നിന്നോട് നാം ഉപജീവനം ചോദിക്കുന്നില്ല. നാം നിനക്ക് ഉപജീവനം നല്‍കുകയാണ് ചെയ്യുന്നത്. ധര്‍മ്മനിഷ്ഠയ്ക്കാകുന്നു ശുഭമായ പര്യവസാനം(20: 132). എന്നാല്‍ അവര്‍, തങ്ങളുടെ കുടുംബ സന്താനങ്ങളെ ദീനീ ബോധത്തിലായി പരിചരിക്കുന്നതിലും ഋജുവായ പാതയില്‍ വഴി നടത്തുന്നതിലും അശ്രദ്ധ കാണിക്കുന്നു. കച്ചവടത്തിനും ഉപജീവനത്തിനും തന്നെ സമയം പോരെന്ന് അവര്‍ ന്യായീകരിക്കുന്നു. അതത്രെ അവര്‍ക്ക് അവരെ പരിചരിക്കാനും, ദീനിബോധത്തില്‍ വഴിനടത്താനും സാധിക്കാത്തത്.
അല്ലാഹു പറയുന്നു: നിങ്ങള്‍ അളന്നു കൊടുക്കുകയാണെങ്കില്‍ അളവ് നിങ്ങള്‍ തികച്ചു കൊടുക്കുക. ശരിയായ തുലാസ്സു കൊണ്ട് നിങ്ങള്‍ തൂക്കിക്കൊടുക്കുകയും ചെയ്യുക. അതാണ് ഉത്തമവും അന്ത്യഫലത്തില്‍ ഏറ്റവും മെച്ചമായിട്ടുള്ളതും.( 17:35) എന്നാല്‍ പലരും തൂക്കത്തിലും അളവിലും കൃത്രിമം കാണിക്കുന്നു. നീതിയില്‍ നിലകൊള്ളുന്നവനാണെങ്കില്‍, വഞ്ചനയില്‍ നിന്നും അതിന്റെ കാരണങ്ങളില്‍ നിന്നും വഴിമാറി, അല്ലാഹു വാഗ്ദാനം ചെയ്ത കാര്യത്തില്‍ എത്തിച്ചേരാന്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. എന്നാല്‍ ചിലര്‍ വഞ്ചനയിലൂടെയും അക്രമത്തിലൂടെയും പിഴച്ച മാര്‍ഗ്ഗങ്ങളിലൂടെയും കരസ്ഥമാക്കാം എന്ന പ്രതീക്ഷയില്‍ അഭയം പ്രാപിക്കുന്നു.
അല്ലാഹു മനുഷ്യനോട് പറയുന്നു: ഏതൊരു ആണും പെണ്ണും സത്യവിശ്വാസിയായി കൊണ്ട് സത്കര്‍മ്മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍കുകയും ചെയ്യും.(16:97) പക്ഷേ അവന്‍, തന്നോട് കല്‍പ്പിച്ച സത്കര്‍മ്മങ്ങളില്‍ നിന്ന് വ്യതിചലിച്ച് മുന്നേറുന്നു. അങ്ങനെ അവന്‍ ധിക്കാരത്തിന്റെയും വഴി കേടിന്റെയും, വഴിയോരങ്ങളിലെ വിനോദത്തിന്റെ മേച്ചില്‍പുറങ്ങളിലുമായി അതിസുന്ദരമായ ജീവിതത്തെ അന്വേഷിക്കുകയാണ്. അല്ലാഹു പറയുന്നത് കാണുക. ‘നിങ്ങളില്‍ വിശ്വസിക്കുകയും, സത്കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുകയും ചെയ്യുന്നവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അവരുടെ മുന്‍ തലമുറക്ക് നല്‍കിയതുപോലെ തീര്‍ച്ചയായും ഭൂമിയില്‍ അവന്‍ അവര്‍ക്ക് പ്രാതിനിധ്യം നല്‍കുകയും, അവര്‍ക്ക് അവന്‍ തൃപ്തിപ്പെട്ടു കൊടുത്ത അവരുടെ മതത്തിന്റെ കാര്യത്തില്‍ അവര്‍ക്ക് അവന്‍ സ്വാധീനം നല്‍കുകയും, അവരുടെ ഭയപ്പാടിനു ശേഷം അവര്‍ക്ക് നിര്‍ഭയത്വം പകരം നല്‍കുകയും ചെയ്യുന്നതാണ്. എന്നെയായിരിക്കും അവര്‍ ആരാധിക്കുന്നത്, എന്നോട് യാതൊന്നും അവര്‍ പങ്കു ചേര്‍ക്കുകയില്ല.( 24:55)
ജനങ്ങളില്‍ മിക്കവരുടെയും അവസ്ഥയെ പറ്റി ഒന്ന് ആലോചിക്കുക. കല്‍പ്പനകള്‍ക്ക് വിധേയപ്പെടുകയും നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും വിധികള്‍ അനുസരിക്കുകയും ചെയ്തവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട പ്രാതിനിധ്യത്തെ അവര്‍ അവഗണിക്കുന്നു. ഭൂമിയിലെ ഈ പ്രാതിനിധ്യത്തിനും സ്വാധീനത്തിനും വേണ്ടി മറ്റു മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കുന്നു. അങ്ങനെ അല്ലാഹു സംവിധാനിച്ച മാര്‍ഗ്ഗത്തെ മാറ്റി നിര്‍ത്തി തന്റെ ഭാവനയില്‍ ഉത്ഭവിക്കുന്ന എല്ലാ മാര്‍ഗ്ഗങ്ങളും, രീതികളും സ്വീകരിക്കുന്നു. അല്ലാഹു അവര്‍ക്ക് വാഗ്ദത്തം നല്‍കിയ കാര്യം നേടിയെടുക്കുന്നതില്‍ യഥാര്‍ത്ഥ വഴി പിന്തുടരാത്തതിനാല്‍ ശത്രുക്കള്‍, ഇതര സമൂഹങ്ങള്‍, രാഷ്ട്രങ്ങള്‍ എന്നിവയുടെ മുമ്പില്‍ അവര്‍ പലപ്പോഴും അപമാനിതരാകുന്നു.
ഒരു വിചിത്രമായ കാര്യം ഉണര്‍ത്തട്ടെ. അല്ലാഹുവോട് മനുഷ്യന്‍ തന്റെ ഉത്തരവാദിത്വം നിര്‍വ്വഹിക്കേണ്ടതാണ്. എന്നാല്‍ ഈ ഉത്തരവാദിത്ത നിര്‍വ്വഹണത്തിന്റെ വിപരീത ദിശയിലായി സര്‍വ്വാധിപനായ അല്ലാഹു മനുഷ്യര്‍ക്കു വേണ്ടി ചിലത് വാഗ്ദത്തമേറ്റടുത്തിരിക്കുന്നു. അങ്ങനെയുള്ള ഉത്തരവാദിത്ത നിര്‍വഹണത്തിലെ വിമുഖതയുടെ അനന്തര ഫലം ഏറ്റവും മോശമായതില്‍ കലാശിക്കുമെന്നതും, അതിന്റെ വക്താക്കള്‍ നിരാശരാകുമെന്നതും വളരെ വ്യക്തമാണ്. എന്നിട്ടും അവര്‍ ബാധ്യതകള്‍ നിര്‍വ്വഹിക്കാതെ വിമുഖതയില്‍ തന്നെ തുടരുന്നു. കഴിഞ്ഞ കാലത്തെ അനുഭവങ്ങള്‍ പലയാവര്‍ത്തി തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. അവര്‍ അപമാനത്തില്‍ നിന്ന് അപമാനത്തിലേക്ക് മാറി മാറി സഞ്ചരിക്കുന്നു. അങ്ങനെ അവര്‍ ആഗ്രഹിക്കുന്നതില്‍ നിന്നെല്ലാം അകന്നകന്നു പോകുന്നു. ഇതിനെക്കാള്‍ അതിശയകരമായ ഇടപെടല്‍ മറ്റെന്താണുള്ളത്!.
(തുടരും)


വിവര്‍ത്തനം: ബി എം സ്വഫ്‌വാന്‍ ഹാദി
Lecturer at the Faculty of Sharia at the University of Damascus in 1960. He went to Al Azhar University for a doctorate in Shariah and received his doctorate (PhD) in 1965.
