അല്ലാഹുവിന്റെ ആസൂത്രണവും ആത്മാവിന്റെ ആകുലകതകളും
ഹികം സീരീസ് -06
അറിഹ് നഫ്സഖ മിനത്തദ്ബീർ, ഫമാ കാമ ബിഹി ഗൈറുക അൻക ലാ തകും ബിഹി ലി നഫ്സക
തീവ്രമായ ആസൂത്രണങ്ങളിൽ നിന്ന് നിന്റെ മനസ്സിന് വിശ്രമം നൽകുക. നിനക്ക് വേണ്ടി മറ്റൊരാൾ നിർവ്വഹിച്ചു കഴിഞ്ഞ കാര്യം നീ നിർവ്വഹിക്കേണ്ടതില്ല.
അസ്ബാബിൽ നിന്നെ അല്ലാഹു നിലനിർത്തിയിരിക്കെ തജ്രീദിനെ ആഗ്രഹിക്കുന്നത് പരോക്ഷമായ ദേഹേച്ഛയാണ് എന്ന ഉപദേശത്തിന് വിപരീതമാണ് ഈ ത്വതോപദേശമെന്ന് ചിലർ ഗ്രഹിച്ചിരിക്കുന്നു. കാരണം മതനിയമത്തിന് അനുസൃതമായി കൊണ്ട് ജീവ സന്ധാരണത്തിനായി കാരണങ്ങളുമായി ഇടപഴകാനാണ് ഇറാദതുകത്തജ്രീദ് മഅ ഇഖാമതില്ലാഹി ഇയ്യാക ഫിൽ അസ്ബാബ് മിനശഹ്വതുൽ ഖഫിയ്യ എന്ന ഉപദേശത്തിൽ ആവശ്യപ്പെടുന്നതെങ്കിൽ, അറിഹ് നഫ്സഖ മിനതദ്ബീർ, ഫമ കാമ ബിഹി ഗൈറുക അൻക ലാ തകും ബിഹി ലി നഫ്സക എന്ന ഉപദേശത്തിൽ ആവശ്യപ്പെടുന്നത് ജീവിതസന്ധാരണത്തെ സജീവമാക്കുന്ന ആസൂത്രണം ഒഴിവാക്കാനാണ്.
വാസ്തവത്തിൽ ഇത് ഉപരി സൂചിത ഉപദേശത്തിന്റെ വിപരീതമല്ല. മറിച്ച് ഉപോത്ബലകമാണ്. കാരണങ്ങളുമായി സംബന്ധിക്കുന്നതിലും, ജീവിത സന്ധാരണ മേഖലയിൽ മനുഷ്യൻ തന്റെ മനസ്സിൽ നടത്തുന്ന തീവ്രമായ ആസൂത്രണത്തിലും വലിയ വ്യത്യാസമുണ്ട്. ശാരീരികമായ പ്രവർത്തനത്തെ അടിസ്ഥാനപ്പെടുത്തി കാരണങ്ങളുമായി സംവദിക്കുന്നതിനെയാണ് ജീവിത സന്ധാരണത്തിൽ ഏർപ്പെടുക എന്നതിന്റെ വിവക്ഷ. വ്യാപാരത്തിനായി അങ്ങാടിയിൽ പോവുക, പഠനത്തിനായി സർവ്വകലാശാലയിൽ പോവുക, ചികിത്സക്കായി ഡോക്ടറെ സമീപിക്കുക, അല്ലാഹു നാശമെന്ന് തീർച്ചപ്പെടുത്തിയവയിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക തുടങ്ങിയവയെല്ലാം അസ്ബാബുമായി സംബന്ധിക്കുന്നതിൻ്റെ ചില ഉദാഹരണങ്ങൾ മാത്രം.
ആസൂത്രണം എന്നാൽ ചിന്താപരമായ/ ബൗദ്ധികതയിലൂന്നിയ ഒരു പ്രവർത്തനമാണ്. ഒന്നുകൂടി വ്യക്തമാക്കിയാൽ, ജീവിത സന്ധാരണത്തിലെ തന്റെ തൊഴിൽ മേഖലയെ വിജയകരമായി പൂർത്തിയാക്കുന്നതും, താൻ മികച്ച ലാഭം കൊയ്യുന്നതുമെല്ലാം തന്റെ
മനസ്സിലെ ആസൂത്രണങ്ങൾ കൊണ്ടാണ്. ലാഭ വിജയങ്ങളെ നിയന്ത്രിക്കുന്നത് തന്റെ മനസ്സാണ്. അങ്ങനെ അവന്റെ വീക്ഷണ പ്രകാരം ജീവ സന്ധാരണ പ്രവർത്തികൾ തന്റെ ആസൂത്രണത്തിൽ നിയന്ത്രിക്കപ്പെടുന്നതും, ആധിപത്യത്തിനു കീഴിലായി നില കൊള്ളുന്ന ഒന്നാണ്. അവന്റെ ബുദ്ധിയാണ് വിജയത്തിന്റെ താക്കോലും, നിയന്ത്രണ-പരിപാലനത്തിന്റെ പ്രഭവ കേന്ദ്രവും. നിന്റെ ശരീരത്തിന് ആസൂത്രണങ്ങളിൽ നിന്ന് വിശ്രമം നൽകുക/ ആസൂത്രണങ്ങളിൽ നിന്ന് നിന്റെ ശരീരത്തെ മാറ്റി നിർത്തുക എന്ന് പ്രയോഗിക്കാതെ, നിന്റെ മനസ്സി(നഫ്സി)ന് ആസൂത്രണങ്ങളിൽ നിന്ന് വിശ്രമം നൽകുക എന്ന് ഇബ്നു അതാഇല്ലാഹി(റ) പറഞ്ഞത് ശ്രദ്ധയോടെ മനസ്സിലാക്കേണ്ടതാണ്. അസ്ബാബുകളുമായി സംബന്ധിക്കുന്നത് ശരീരം കൊണ്ടും, അവയവങ്ങൾ കൊണ്ടുമാണ്. അത് കൽപ്പിക്കപ്പെട്ടതും സ്തുത്യാർഹവുമാണ്. എന്നാൽ ആസൂത്രണത്തിന്റെ പ്രഭവ കേന്ദ്രം ചിന്തയും മനസ്സുമാണ്. ആയതിനാൽ തീവ്രമായ ആസൂത്രണങ്ങൾ ആക്ഷേപാർഹവും, നിന്ദ്യവുമാണ്.
സത്യവിശ്വാസി ജീവിതത്തിൽ അനുവർത്തിക്കേണ്ട ജീവിതപാത സകാരാത്മകവും (ജീവിത സന്ധാരണത്തിൽ പ്രവേശിക്കുക) നിഷേധാത്മകവുമായ (ആസൂത്രണങ്ങളിൽ നിന്ന് നിന്റെ മനസ്സിന് വിശ്രമം നൽകുക) ഈ രണ്ട് ഉപദേശങ്ങൾ സംയോജിച്ചുള്ളതാണ്. അങ്ങാടിയിൽ ഇറങ്ങി മറ്റുള്ളവർ അധ്വാനിക്കുന്നതു പോലെ അധ്വാനിക്കുക. തൻ്റെ മാർഗ്ഗത്തിലുള്ള അസ്ബാബുകളെ അംഗീകരിച്ചു കൊണ്ട് മതനിയമം നിഷ്കർഷിക്കുന്നതിനു അനുഗുണമായും അനുസൃതമായും ജീവിക്കുക. അങ്ങനെയിരിക്കെ നിന്നോട് ഒരാൾ ചോദിക്കുന്നു. ഈ പ്രവൃത്തിയിലും ഉന്മേഷത്തിലും നിങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നത്? അവരോട് നീ പറയുക. ഇത്രയും അല്ലാഹു എന്നെ ചുമതലപ്പെടുത്തിയ ഉത്തരവാദിത്വങ്ങളാണ്. അവൻ ആവശ്യപ്പെടുന്നതു പോലെ ഞാൻ നിർവ്വഹിക്കുന്നു. ഇത് സ്വീകരിച്ചു നീങ്ങിയാൽ പിന്നീട് എന്താണ് സംഭവിക്കുക? നിശ്ചയം അതെല്ലാം അല്ലാഹുവിൻ്റെ വിധിക്കും, മുൻ തീരുമാനങ്ങൾക്കും അനുസൃതമായിരിക്കും. അവന്റെ ഖളാഇനെ അംഗീകരിക്കാൻ ഞാൻ ബാധ്യസ്ഥനാണ്. അവൻ്റെ വിധിയിൽ ഞാൻ തൃപ്തനുമാണ്. ഇതാണ് ഇസ്ലാം വരച്ചു കാട്ടുന്ന പാത. അതേ കുറിച്ചാണ് ഇബ്നു അത്വാഇല്ലാഹ് പറഞ്ഞത്. മതനിയമത്തോട് അനുഗുണമായി ജീവിത സന്ധാരണത്തിൽ പ്രവേശിക്കുക. അസ്ബാബുകളുമായി സംബന്ധിക്കുമ്പോഴും, അതിനു ശേഷവും അല്ലാഹുവിൻ്റെ വിധിയെയും മുൻ തീരുമാനത്തെയും തൃപ്തിയോടെ അംഗീകരിക്കുക.
നമ്മുടെ മാതൃകാ വ്യക്തിത്വമായ തിരു പ്രവാചകരുടെ ജീവിതത്തിൽ ഈ മാർഗ്ഗത്തിന്റെ വിവരണം കണ്ടെത്താം. തന്റെ സഹചാരിയായ അബൂബക്കർ (റ)വിന്റെ കൂടെ മദീനയിലേക്ക് നടത്തിയ ഹിജ്റയെ സസൂക്ഷ്മം വായിക്കേണ്ടതുണ്ട്. നബി തന്റെ ഹിജ്റയിൽ അസ്ബാബുമായി ബന്ധപ്പെട്ടു കൊണ്ടായിരുന്നു വിശുദ്ധ ഹിജ്റ നിർവ്വഹിച്ചത്. ഹിജ്റ വിജയകരമായി പൂർത്തീകരിച്ചുവെന്ന് ഉറപ്പാക്കുന്നത് വരെ തന്റെ ഹിജ്റ സുരക്ഷിതമായി പൂർത്തീകരിക്കാൻ വേണ്ട എല്ലാ കാര്യങ്ങളും പ്രവാചകൻ ഭംഗിയായി നിർവ്വഹിച്ചു. അതീവ രഹസ്യമായിട്ടാണ് നബി ഹിജ്റ പുറപ്പെട്ടത്. തന്റെ വിരിപ്പിൽ അലി(റ)വിനെ കിടത്തി കൊണ്ടാണ് പലായനം തുടങ്ങുന്നത്. പുതച്ചു കിടക്കുന്നത് നബിയാണെന്ന് ധരിച്ച് ശത്രുക്കൾ അന്വേഷണങ്ങളിലേക്കും തിരച്ചിലുകളിലേക്കും വഴിമാറുന്നത് ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്തത്. അബൂബക്കർ(റ) തൻ്റെ ആട്ടിടയനോട് തങ്ങളുടെ പിറകിൽ വരാൻ കൽപ്പിച്ചു. തിരു നബി നടന്ന വഴി അടയാളങ്ങൾ മായ്ച്ചു കളയുക എന്നതാണ് ഇതിന്റെ ലക്ഷ്യം. സൗർ ഗുഹയിൽ മൂന്ന് ദിവസം കഴിഞ്ഞുകൂടി. വഴിയോരങ്ങളിൽ രണ്ടു പേരെക്കുറിച്ചുള്ള അന്വേഷണം നിലക്കുന്ന സന്ദർഭത്തിൽ തങ്ങളെ സൗർ ഗുഹയുടെ അടുക്കൽ വന്ന് കാണാൻ ബഹു ദൈവ വിശ്വാസികളിൽ വിശ്വസ്തനായ ഒരാളെ ഏൽപ്പിച്ചു. അബ്ദുല്ലാഹി ഇബ്നു അർത്വ് ആയിരുന്നു ആ വ്യക്തി. തിരുനബിക്കും, പ്രിയ സഹചാരി അബൂബക്കറിനും മദീനയിലേക്ക് രഹസ്യമായി കടക്കാനുള്ള വഴി കാണിച്ചു കൊടുക്കാനായിരുന്നു ഈ വ്യക്തിയെ എൽപ്പിച്ചത്. ഇതെല്ലാം അസ്ബാബുമായുള്ള സംവേദനമാണല്ലോ. രഹസ്യമായ പലായനത്തിനിടെ, തിരുനബിയും സഹചാരിയായ അബൂബക്കറും ഗുഹയിലായിരുന്ന സന്ദർഭത്തിൽ നബിയെ തിരഞ്ഞു കൊണ്ട് ഒരു കൂട്ടം മക്കയിലെ അവിശ്വാസികൾ ഗുഹാമുഖത്തെത്തി. അവർ ഒന്ന് തല കുനിച്ച് നോക്കിയാൽ ഗുഹക്കകത്തുള്ള നബിയെയും സഹചാരിയായ അബൂബക്കർ(റ)വിനെയും കാണുന്ന മട്ടിലാണ്. അബൂബക്കർ (റ) ഭയന്നുകൊണ്ട് തിരുനബിയുടെ ചെവിയിൽ പതുക്കെ പറഞ്ഞു. അവരിൽ ഒരാൾ കുനിഞ്ഞു നോക്കിയാൽ നമ്മളെ അവർ കാണും. തിരുനബി ഇപ്രകാരം പ്രതികരിച്ചു. നമ്മൾ രണ്ടു പേർ മാത്രമല്ല, മൂന്നാമതായി അല്ലാഹുവും കൂടെയുണ്ട്. ഇരുവരും ഗുഹയിൽ നിന്ന് ഇറങ്ങി മദീനയിലേക്ക് തിരിച്ചപ്പോൾ വഴി മധ്യേനെ സുറാഖത് ഇബ്നു മാലിക്കിനെ കണ്ടു. കുതിരയിൽ യാത്ര ചെയ്തു വന്ന സുറാഖത്തിൻ്റെ ലക്ഷ്യം നബിയെ ഉപദ്രവിക്കലായിരുന്നു. ഇത് സ്വഹീഹായ ഹദീസുകൾ വിവരിക്കുന്നുണ്ട്. സിദ്ധീഖ്(റ)ന്റെ ഹൃദയത്തിൽ തിരുനബിക്ക് വല്ല പ്രയാസവും സംഭവിക്കുമോ എന്ന ഭയത്തിൽ നബിയിലേക്ക് നോക്കാൻ തുടങ്ങി. എന്നാൽ തിരുനബി ഇടത്തോട്ടോ വലത്തോട്ടോ തിരിഞ്ഞു നോക്കാതെ അല്ലാഹുവിന്റെ സംരക്ഷണത്തിലും നിയന്ത്രണത്തിലും അഭയമർപ്പിച്ച് യാത്ര തുടർന്നു. ഇത് സ്വയം ആസൂത്രണം ചെയ്യാതെ അല്ലാഹുവിന്റെ ആസൂത്രണത്തിൽ അഭയമര്പ്പിച്ചുള്ള പ്രവൃത്തികളാണ്.
അല്ലാഹു സംവിധാനിച്ച പ്രാപഞ്ചിക ക്രമത്തിന് അനുഗുണമായും, അവന്റെ കൽപ്പനകളെ വിനയാന്വിതമായും അംഗീകരിച്ചു കൊണ്ട് അവന്റെ സംവിധാന ക്രമത്തിലായി തിരുനബി അസ്ബാബുകളുമായി സംബന്ധിച്ചു. ശേഷം അസ്ബാബുകളെയും അതിന്റെ മൂല്യങ്ങളെയും മറന്നു കൊണ്ട് വിജയമെന്നതിനെ അല്ലാഹുവിൻ്റെ വിധിയിലും അനുഗ്രഹത്തിലുമാണെന്ന് ദൃഢപ്പെടുത്തി. അതും അവന്റെ വിധിയിലും, വിശ്വാസത്തിലും പൂർണമായി സമർപ്പിച്ചു കൊണ്ടുമാണ്. അതിനാൽ, തിരു പ്രവാചകരുടെ പലായന രംഗം ഇബ്നു അത്വാഇല്ലായുടെ(റ) വാക്കുകൾ വിവരിച്ചു തന്നല്ലോ. മാത്രമല്ല, ഈ ഉപദേശത്തിനും മുമ്പ് വിവരിച്ച ഉപദേശത്തിനും ഇടയിലുള്ള ബന്ധത്തെ കൃത്യമായി ഈ പാലായന രംഗം വ്യക്തമാക്കുന്നുമുണ്ട്.
ഹുസൈൻ ഇബ്നു അലിയ്യി (റ)നെ സംബന്ധിച്ചുള്ള ഒരു ഉദ്ധരണി വായിക്കാം. അദ്ദേഹത്തിന് അങ്ങാടിയിൽ ഒരു കടയുണ്ടായിരുന്നു. വലിയ കച്ചവടത്തിനുടമയായിരുന്നു. നിസ്കാര സമയമായാൽ കട അടച്ചു കൊണ്ട് പള്ളിയിലേക്ക് നിസ്കാരത്തിനായി നീങ്ങും. അങ്ങനെയിരിക്കെ ഒരു ദിവസം മഹാൻ പള്ളിയിൽ നിസ്കാരത്തിലായിരിക്കെ ഒരാൾ വന്നു പറഞ്ഞു. അങ്ങാടിയിൽ തീ പിടുത്തം പടർന്നു പിടിക്കുന്നുണ്ട്. നിങ്ങളുടെ കടയിൽ അഗ്നി പുകയാൻ തുടുങ്ങുന്നുണ്ട്. ഇതു കേട്ട ഹുസൈൻ (റ) ഫർള് നിസ്കാരം പൂർത്തീകരിച്ചു. തുടർന്ന് പതിവു പോലെ സുന്നത്തു നിസ്കാരവും, ദിക്റും, തസ്ബീഹുകളുമെല്ലാം പൂർത്തിയാക്കിയതിനു ശേഷം മാത്രമെ ആ വാർത്തയെ മഹാനവർകൾ ഗൗനിച്ചുള്ളൂ. സുരക്ഷിതനായി പൂർണ്ണ മനസ്സമാധാനത്തോടെ മഹാൻ തിരിച്ച് കടയിലേക്ക് മടങ്ങി.
ഇവിടെ മഹാനവറുകളുടെ കാരണങ്ങളോടുള്ള പെരുമാറ്റവും, വ്യാപാര മേഖലയിൽ പ്രകടിപ്പിക്കുന്ന ഉന്മേഷവുമെല്ലാം ശ്രദ്ധേയമാണ്. ഇതെല്ലാം തന്നെ അല്ലാഹു വിധിച്ച സ്ഥാനം മാനിച്ചുള്ള ഉത്തരവാദിത്ത നിർവ്വഹണം മാത്രമാണ്. അതുപോലെ തന്റെ മനസ്സിനെ ആസൂത്രണങ്ങളിൽ നിന്നും, അതിന്റെ സാധ്യതകളിൽ നിന്നുമെല്ലാം പാടേ മാറ്റിനിർത്തിക്കൊണ്ട് അല്ലാഹുവിന്റെ ആസൂത്രണത്തിലും, വിധികളിലും മാത്രമായി ഭരമേൽപ്പിക്കുന്നു. തൻ്റെ ജീവിത സന്ധാരണത്തിൽ നിർവ്വഹിക്കേണ്ട ഉത്തരവാദിത്വത്തിനിടയിൽ തന്നെ മനുഷ്യ സൃഷ്ടിപ്പിന്റെ കാരണമായ ആത്യന്തികമായ മനുഷ്യന്റെ ബാധ്യതയിലേക്ക് പ്രവേശിക്കുന്നു. അത് ആരാധനകളും നിസ്കാരവുമാണ്. ഈ ബാധ്യത നിർവ്വഹണത്തിലായിരിക്കുമ്പോൾ മറ്റു കാരണങ്ങളിലേക്ക് പ്രവേശിക്കുന്നില്ല. കാരണം ഇപ്പോൾ താൻ അസ്ബാബുകളുടെ ലോകത്ത് നിന്ന് തജ്രീദിലേക്ക് മാറിയിരിക്കുന്നു. ആകയാൽ രണ്ടു അവസ്ഥകൾക്കും അവയുടെതായ പരിഗണന നൽകുന്നു. ഒന്നിനെ മറ്റൊന്നുമായി ഇടകലർത്താതെ ഓരോ അവസ്ഥയുടെയും ഹിതത്തെ വേണ്ടതു പോലെ മാനിക്കുന്നു. ഈ രണ്ടു സമയങ്ങളിലും ആസൂത്രണങ്ങളെ- അനന്തരഫലങ്ങളെ – പൂർണമായും അല്ലാഹുവിൽ ഏൽപ്പിക്കുന്നു.
അങ്ങാടിയിൽ അല്ലാഹു വിധിച്ചതു മാത്രമേ സംഭവിക്കുകയുള്ളൂ എന്ന ഉത്തമ ബോധ്യത്തിലാണ് മഹാൻ അസ്ബാബുമായി സംവദിച്ചത്. അതിനാൽ പൂർണ്ണമായി തന്റെ മനസ്സിനെ ആസൂത്രണങ്ങളിൽ നിന്ന് വിശ്രമം നൽകിയിരിക്കുകയാണ്. തന്റെ യത്നങ്ങളൊന്നും തന്നെ ഒരിക്കലും അവന്റെ വിധികളെയും, ഖളാഇനെയും ഭേദിക്കുന്നതല്ല എന്ന ബോധ്യത്തിലും, എല്ലാ നന്മകളും അല്ലാഹുവിൽ നിന്നാണെന്ന ഉറച്ച വിശ്വാസത്തിലുമാണ് മഹാൻ നിലകൊള്ളുന്നത്. ആയതിനാൽ സ്രഷ്ടാവും പരിപാലകനും മുൻകൂട്ടി ആസൂത്രണം ചെയ്യുന്നവനുമായ അല്ലാഹുവിന് മുമ്പാകെ അടിമയുടെ ആരാധന നിർവ്വഹണത്തിൽ നിന്ന് ഭൗതിക കാര്യനിർവ്വഹണത്തിലേക്ക് മടങ്ങേണ്ടത് എന്തിനാണ്?
അങ്ങാടിയിൽ തീ പിടുത്തം ഉണ്ടെന്ന വിവരം കേട്ടതിനാൽ ഫർള് നിസ്കാരത്തിൽ ചുരുക്കി സുന്നത്തുകൾ ഒഴിവാക്കി തന്റെ കടയെ അഗ്നിയിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമം എന്ത് കൊണ്ട് നടത്തിയില്ല എന്ന ചോദ്യം ചില വിമർശകർ ഉന്നയിച്ചേക്കാം. അതിന്റെ ഉത്തരം ഇതാണ്. ആ സമയത്ത് അദ്ദേഹം ലൗകിക ആവശ്യങ്ങളിലേക്ക് മുന്നിട്ടിറങ്ങിയിരുന്നെങ്കിൽ തീർച്ചയായും ആ പ്രവർത്തനം തന്റെ കടയെ പരിരക്ഷിക്കാനുള്ള പരിശ്രമത്തിനായുള്ള കാരണങ്ങളെ അഭിമുഖീകരിക്കലാണ്. അതിനാൽ അദ്ദേഹം ചലിക്കുന്നത് അസ്ബാബുകളുടെ ലോകത്തിലായതിനാൽ അതുമായി ഇടപഴകേണ്ടത് അനിവാര്യമാണ്. എന്നാൽ മഹാൻ -നാം അറിഞ്ഞതു പോലെ- അല്ലാഹുവോട് നിർവ്വഹിക്കേണ്ട ബാധ്യതയുമായി കൈകോര്ത്തു. സൃഷ്ടിപ്പിന്റെ കാരണമായ അടിമയുടെ ആത്യന്തിക ബാധ്യതയും, വിശിഷ്ട ഉത്തരവാദിത്വവുമായി ആരാധനയിൽ മുഴുകി. എന്തെന്നാൽ താൻ ഇപ്പോൾ നില നിൽക്കുന്നത് തജ്രീദിന്റെ അവസ്ഥയിലാണ്. തജ്രീദിൽ പ്രവേശിക്കുന്നത് വരെയാണ് അസ്ബാബുകളുമായി സംവദിക്കേണ്ടത്. ഇവിടെ അല്ലാഹുവോടുള്ള നിർബന്ധ ബാധ്യതകൾ അദ്ദേഹം നിർവ്വഹിച്ചു. അതിൻ്റെ തുടർച്ചയായി സുന്നത്തു കർമ്മങ്ങൾ നിർവ്വഹിച്ചു. തദ്ബീർ(ആസൂത്രണം) എന്നത് അല്ലാഹുവിൽ നിന്നാണ്. തന്റെ യത്നത്തിന്റെയോ പരിശ്രമത്തിന്റെയോ ബന്ധപ്പെട്ടുള്ള കാര്യമല്ല. മറിച്ച് ആസൂത്രണമെന്നത് അല്ലാഹുവുമായി ബന്ധപ്പെട്ടു നിൽക്കുന്നതാണ്. അതിനാൽ ആരാധനയിലേക്ക് മുന്നിട്ടിരിക്കെ അതിൽ നിന്ന് പിന്തിരിഞ്ഞ് ഭൗതിക കാര്യത്തിലേക്കോ, തന്റെ കടയിലേക്കോ മുന്നിട്ടിറങ്ങുന്നതിൽ ഒരു ന്യായീകരണവും ഇല്ല തന്നെ.
നമ്മളിൽ ഒരാൾക്ക് ഈ ഉപദേശത്തെ ഹൃദയാവരിച്ച്, പ്രയോഗവത്കരിക്കാൻ സാധ്യമാണോ? എൻ്റെ വികാരങ്ങൾക്കും, വിചാരങ്ങൾക്കും അനുഗുണമായി കൊണ്ട് ജീവിത രീതിയിൽ ഈ ഉപദേശത്തെ- (തീവ്രമായ ആസൂത്രണങ്ങളിൽ നിന്ന് നിൻ്റെ മനസ്സിന് നീ വിശ്രമം നൽകുക. നിനക്ക് വേണ്ടി മറ്റൊരാൾ നിർവ്വഹിച്ച കാര്യം നീ നിർവ്വഹിക്കേണ്ടതില്ല) പ്രയോഗവത്ക്കരിക്കാൻ എളുപ്പമാണോ?
ഈ ത്വതോപദേശം വിവരിക്കുകയും, വിശദീകരിക്കുകയും ചെയ്യുമ്പോൾ എനിക്ക് ബോധ്യപ്പെടുന്നത് ഇതൊരു സൈദ്ധാന്തികമായിട്ടാണ്. ഈ ഉപദേശം നമ്മുടെ നാഡീമിടിപ്പുകളിലും, ഞരമ്പുകളിലും, വികാരത്തിലും അലിഞ്ഞു ചേർന്നു കൊണ്ട് പ്രാവർത്തികമാക്കാൻ പ്രയാസം തന്നെയാണ്. കാരണം മനുഷ്യൻ തന്റെ എല്ലാ കാര്യങ്ങളിലെ വിജയത്തിനും, നല്ല ഫലത്തിനും വേണ്ടി സ്വന്തത്തിൽ ആസൂത്രകനും, സംവിധായകനുമാകാൻ എല്ലായ്പ്പോഴും ഇഷ്ട്ടപ്പെടുന്നു. തന്റെ അഭിലാഷങ്ങളെ തൃപ്തിപ്പെടുത്താത്തതോ, ലക്ഷ്യങ്ങളെ പരിഗണിക്കാത്തതോ, അംഗീകരിക്കാത്തതോ ആയ വല്ലതും ഉണ്ടായാൽ അവർ വല്ലാതെ ആകുലരാകും. ചിന്തകളും വിചാരങ്ങളുമെല്ലാം തന്നെ അവയെ മറികടക്കാനായി തന്റെ അധീനതയിലുള്ളതും, ഇല്ലാത്തതുമായ മാർഗ്ഗത്തിൽ നിരന്തര ശ്രമങ്ങൾ നടത്തുന്നു. ഇവർക്ക് ഈ സമയങ്ങളിൽ മന:സാന്നിധ്യത്തോടെ ആരാധന നിർവ്വഹിക്കാൻ കഴിയാതെ വരുന്നു. ഖുർആൻ പാരായണം, മറ്റു ദിക്റുകൾ, ആരാധന കൃത്യങ്ങൾ എന്നിവയുടെ മാധുര്യം നുണയാൻ സാധിക്കാതെ വരുന്നു. ഈ സമയങ്ങളിൽ ഇവർ ആരാധനകളും സുകർമ്മങ്ങളും ശക്തമായ രീതിയിൽ തന്നെ നിർവ്വഹിക്കുന്നുണ്ടെങ്കിൽ പോലും അത് വേണ്ട വിധത്തിലുള്ള മനസ്സാന്നിധ്യത്തോടെ ആയിരിക്കില്ല.
ഈ പ്രയാസത്തെ ഏങ്ങനെയാണ് എളുപ്പമാക്കുക. തത്വോപദേശത്തിൽ പറഞ്ഞ കാര്യം വിശ്വസിച്ചതു പോലെ ലളിതമായി പ്രായോഗിക തലത്തിൽ കൊണ്ടു വരാനുള്ള പ്രതിവിധി എന്താണ്?. അല്ലാഹുവിന്റെ സ്മരണ വർദ്ധിപ്പിക്കലാണ്. അതായത് അവനെ സ്മരിക്കുകയും, അവന്റെ പരിപാലന രീതിയെ ഓർക്കുകയും ചെയ്യണം. ഇതിന് ഏറ്റവും നല്ല മാർഗ്ഗം എല്ലാ അനുഗ്രഹങ്ങളെയും നൽകുന്ന അനുഗ്രഹ ദാതാവായ അല്ലാഹുവിലേക്ക് ചേർത്തി പറയുക. അർത്ഥം മനസ്സിലാക്കി ചിന്തിച്ചു കൊണ്ട് ഖുർആനിൽ നിന്നുള്ള സൂക്തങ്ങൾ പതിവാക്കുക. ഈ പ്രതിവിധി മനുഷ്യരുടെ ഹൃദയത്തിൽ അല്ലാഹുവോടുള്ള സ്നേഹത്തെ നിക്ഷേപിക്കും. അതുപോലെ അല്ലാഹുവിന്റെ അനുഗ്രഹത്തിലും, യുക്തിയിലും, ഔദാര്യത്തിലുമുള്ള വിശ്വാസവും വർദ്ധിക്കുന്നതാണ്. അങ്ങനെ മുസ്ലിംകൾ ഈ രീതി സ്വീകരിക്കുകയും പതിവാക്കുകയും ചെയ്താൽ മ്ലേച്ഛവും, കുറ്റകരവുമായ പ്രവൃത്തികൾക്കായുള്ള പരിശ്രമങ്ങൾ ഒഴിവാക്കാൻ സാധിക്കും. ഇത്തരക്കാരുടെ ചിന്തകൾക്ക് ഇബ്നു അത്വാഅ്(റ)വിന്റെ ഉപദേശം സ്വീകരിക്കാനും അതിന്റെ മാധുര്യം നുണയാനും സാധിക്കുന്നതാണ്. ഈ ഹിക്മത്തിന്റെ അർത്ഥം നൽകുന്ന ഈമാനികമായ ബോധത്തിന്റെയും പ്രയോഗിക മണ്ഡലത്തിന്റെയും ഇടയിൽ നിലകൊള്ളുന്ന വിദൂരത്തെ ഛേദിക്കുന്നത് ഉപരി സൂചിത പ്രതിവിധിയും, അതിലായി സ്ഥിരമായി നിലകൊള്ളുക എന്നതുമാണ്.
അങ്ങനെ നീ ഈ വിദൂരതയെ ഛേദിക്കുകയാണെങ്കിൽ പ്രസ്തുത ഹിക്മത്തിന്റെ മാധുര്യം അനുഭവിക്കാനാവും. വാതിൽക്കൽ വന്ന് നിന്റെ സംരംഭങ്ങൾക്കോ കച്ചവട സ്ഥാപനത്തിനോ വല്ല വിപത്ത് വന്നു പിണഞ്ഞെന്ന് വല്ലവനും വാർത്ത പറയുമ്പോൾ ഈ കഴിഞ്ഞ സമയം വരെയും ഞാൻ എൻ്റെ സംരംഭങ്ങളുമായുള്ള ബന്ധത്തെ ഓർത്തുകൊണ്ട് ഇങ്ങനെ ചോദിക്കും. അവയെ നിലനിർത്താനാവശ്യമായ മാധ്യമങ്ങളും കാരണങ്ങളുമായി ഇടപെടുന്നതിൽ ഞാൻ വല്ല ന്യൂനതയും വരുത്തിയിട്ടുണ്ടോ? അല്ലാഹുവിൻ്റെ അപാരമായ തൗഫീഖ് കൊണ്ട് ഒരു വീഴ്ച്ചയും വരുത്തിയില്ലെന്ന് നിനക്ക് ബോധ്യമാകും. അസ്ബാബുമായി വ്യവഹരിക്കുന്നതിൽ അവന്റെ കൽപ്പനകളെ നീ അനുസരിച്ചിട്ടുണ്ട്. ഇതുവരേക്കും ഞാൻ അവയെ പരിരക്ഷിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെ പൂർണ്ണ മന:സ്സമാധാനത്തോടെ നിനക്ക് കണ്ണടക്കാം. പ്രശ്നം ഉണ്ടാവുക എന്നത് നിന്റെ ഉത്തരവാദിത്വത്തിൽ പെട്ടതല്ല, അതിൻ്റെ പരിഹാരം നിന്നെ സംബന്ധിച്ചിടത്തോളം അപ്രാപ്യവുമാണ്. ഇതെല്ലാം അല്ലാഹുവിന്റെ പരിധിക്കകത്താണ്. അപ്പോൾ നിങ്ങൾ നിർബന്ധമായ കടമകൾ നിർവ്വഹിക്കുകയും, മുൻ കരുതലുകൾ പാലിക്കുകയും ചെയ്തുവെന്ന് മാത്രം. അങ്ങനെ നീ അല്ലാഹുവിന്റെ ഹിക്മത്തിലും, റഹ്മത്തിലും ദൃഢവിശ്വാസമുള്ളവനായി തീരും. അതും അവനോടുള്ള സ്നേഹത്തോടെയായിരിക്കും. അവന്റെ പക്കലിൽ നിന്ന് ഉണ്ടാകുന്ന വിധിയിലും, ഖളാഇലും നീ പൂർണ്ണ സംതൃപ്തനായിരിക്കും. മാത്രമല്ല, അല്ലാഹു നിനക്ക് നൽകുന്നതെല്ലാം നന്മയെന്ന ഉറച്ച വിശ്വാസത്തിലായിരിക്കും. നിനക്കുണ്ടായ കാര്യത്തിൽ പ്രത്യക്ഷത്തിൽ ഒരു ഖൈറുമില്ലെങ്കിൽ പോലും പരോക്ഷമായി അതിൽ നന്മയുണ്ടെന്നതിൽ സന്ദേഹമില്ല. ഇതോടെ നിൻ്റെ ഹൃദയം സമൃദ്ധി കൊണ്ട് നിറയും, ആശ്വാസവും സന്തോഷവും നിറഞ്ഞ ഹൃദയമായിരിക്കും. അങ്ങനെ ഈ കാരണങ്ങളെ ആശ്രയിച്ച് നിന്നിൽ ക്ഷേമം തുടരുന്നതാണ്.
എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ദിവസമുണ്ട്. ഞാൻ ദമസ്കസിലേക്ക് മടങ്ങുകയായിരുന്നു. അപ്പേൾ ഹോംസിന്റെ (homs) കിഴക്കു ഭാഗത്തായിരിക്കെ മഗ്രിബ് ബാങ്ക് വിളിച്ചു. നിസ്കാരത്തിനായി മസ്ജിദ് ഖാലിദ് ബ്ൻ വലീദിൽ കയറി. നിസ്കാരം കഴിഞ്ഞ് പുറത്തിറങ്ങി. അപ്പോൾ എനിക്ക് മുമ്പാകെ ഒരാൾ കടന്നു വരുന്നു. തവിട്ടു നിറമുള്ള മുഖം. ധരിച്ച വസ്ത്രം മുഷിഞ്ഞിട്ടുണ്ട്. അയാൾ പ്രപഞ്ച ത്യാഗികളായ ദർവീശുകളിൽ ഒരാളായിരുന്നു. നിറപുഞ്ചിരിയോടെ എന്നിലേക്ക് അടുത്തു. അവന്റെ മുഖത്ത് സന്തോഷം പ്രകടമാകുന്നുണ്ടായിരുന്നു. അവൻ ഇങ്ങനെ പറയുന്നുണ്ടായിരുന്നു. നിനക്ക് എന്തു പറ്റി? നിങ്ങൾ എന്തു കൊണ്ടാണ് സന്തോഷം കൊണ്ട് നൃത്തം ചെയ്യാത്തത്? അല്ലാഹുവാണ് നമ്മുടെ രക്ഷിതാവെന്ന് നീ അറിയില്ലേ? നീ അറിയുന്നില്ലേ? നമ്മൾ ഈ പ്രപഞ്ചത്തിൽ ഒരു വിധേനയും അനാഥരായി കഴിയുന്നവരല്ല. വളരെ ആവേശത്തോടെ ഈ വാക്കുകൾ പൂർത്തീകരിച്ചു അവൻ അവന്റെ വഴിക്കു പോയി. ഇതു കേട്ട ഞാൻ ഒരു വേള നിശ്ചലനായി. നീണ്ട ചിന്തയിലേക്ക് ഞാന് വഴുതി വീണു. അപ്പോൾ എനിക്ക് ഖുർആനിലെ ഈ സൂക്തം ഓർമ്മ വന്നു.” അല്ലാഹു സത്യവിശ്വാസികളുടെ രക്ഷാധികാരിയാകുന്നു. അവിശ്വാസികൾക്ക് രക്ഷാധികാരി ഇല്ല(സൂറത്ത് മുഹമ്മദ്: 11). ആ ദർവീശിന്റെ വാക്കുകൾ എന്നെ രോമാഞ്ചം കൊള്ളിച്ചു. എങ്ങനെയാണ് എന്റെ രക്ഷാകർതൃത്വം അല്ലാഹുവിലേക്ക് ചേർക്കുക. അല്ലാഹുവിന്റെ പരിപാലനവും, സംരക്ഷണവും, അനുഗ്രഹണവുമെല്ലാം അവന്റെ രക്ഷാകർതൃത്വത്തിനു മതിയായ ഉദാഹരണങ്ങളാണ്. സത്യനിഷേധികളിൽ നിന്നും, അവിശ്വാസികളിൽ നിന്നും അല്ലാഹുവിന്റെ വിലായത്ത് മുറിഞ്ഞുപോകുന്നത് എങ്ങനെയാണ്? അവർ എങ്ങനെയാണ് അനാഥരാകുന്നത്? പ്രാപഞ്ചികമായ കാട പ്രകൃതം തിരമാലകൾ കണക്കെ അവരിലേക്ക് പെയ്തിറങ്ങുന്നു. അദൃശ്യങ്ങളെപ്പറ്റിയുള്ള അവരുടെ അജ്ഞത ഞരമ്പുകളെ മരവിപ്പിക്കുന്നു. ഒരു നിലക്കും അതിലേക്ക് പ്രവേശിക്കാനുള്ള പഴുതും അവർക്കില്ല.
ആ മഹത് വ്യക്തിത്വത്തിൽ നിന്ന് ഞാൻ ആ ആശയം സ്വീകരിച്ചു. അദ്ദേഹം പ്രകടമാക്കിയ സന്തോഷവും, ആനന്ദവും അല്ലാഹുവിന്റെ വിലായത്തിൽ (രക്ഷാകർതൃത്വത്തിൽ) കീഴടങ്ങുന്നതിലാണ് ഊർന്നുകിടക്കുന്നത്. അദ്ദേഹത്തെ ഞാൻ കണ്ടുമുട്ടിയതിൽ വലിയ പാഠമുണ്ട്. ഒപ്പം എല്ലാ സഹോദരന്മാർക്കും, ജനങ്ങൾക്കും ഇതിൽ വലിയ പാഠമുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ദൈവിക ഉത്തരവിന്റെ കുടക്കീഴിൽ കൂടിക്കാഴ്ചയുടെ ബഹുമാനം നിറവേറ്റുന്നവരാണ് ഞങ്ങൾ. അവന്റെ അനുഗ്രഹത്തിന്റെ കീഴിലും അത്യുന്നതമായ ഔദാര്യത്തിന്റെ കീഴിലുമാണ് നാം നിലനിൽക്കുന്നത്.
അതെ, നിങ്ങൾ മതകീയ നിയമത്തിനു അനുസൃതമായി ജീവിത സന്ധാരണ മേഖലയിലെ ഉത്തരവാദിത്വം ഭംഗിയായി നിർവ്വഹിക്കുന്നുണ്ട്. നിങ്ങൾ ദൃഢമായി വിശ്വസിക്കുന്നതും നില കൊള്ളുന്നതും ഈ ഖുർആനിക വചനങ്ങളിലാണ്. “അല്ലാഹു സത്യവിശ്വാസികളുടെ രക്ഷാധികാരിയാകുന്നു. അവിശ്വാസികൾക്ക് രക്ഷാധികാരി ഇല്ല(സൂറത്ത് മുഹമ്മദ്: 11), അല്ലാഹു സത്യവിശ്വാസികളുടെ രക്ഷാധികാരിയാകുന്നു. അവൻ അവരെ ഇരുട്ടുകളിൽ നിന്നും വെളിച്ചത്തിലേക്ക് കൊണ്ട് വരുന്നു. (അൽ ബഖറ: 257). അങ്ങനെയാണെങ്കിൽ നിങ്ങൾ നിർവ്വഹിക്കേണ്ട ബാധ്യതകൾക്കു ശേഷം ഉണ്ടാകുന്ന പരിതസ്ഥിതികൾ/ അവസ്ഥകൾ നിങ്ങളെ എന്താണ് ഭയപ്പെടുത്തുന്നത്? മനോ വിഷമത്തിലാക്കുന്നത്?
നിങ്ങൾ ഈ ഉറപ്പിലായിരിക്കുമ്പോൾ ഈ കാവ്യശകലങ്ങൾ കേൾക്കുമ്പോൾ ദിവ്യ പ്രേമത്തിന്റെ ആനന്ദം നിങ്ങൾക്ക് അനുഭവിക്കാവുന്നതാണ്. അതിൽ നിങ്ങൾ സദാ ആഹ്ലാദം കണ്ടെത്തും. സാധാരണ ഗതിയിൽ ഇത് കേൾക്കുമ്പോൾ മിക്കപ്പോഴും പലരുടെയും മനസ്സിൽ യാതൊരു സ്വാധീനവും ഉണ്ടാക്കാറില്ല. ആ വാക്കുകൾ വായിക്കുക.
നീ അല്ലാഹുവിന്റെ കൂടെയാവുക എങ്കിൽ നിന്റെ കൂടെ അല്ലാഹുവിനെ കാണാം
എല്ലാം നീ ഉപേക്ഷിക്കുക. ഭക്ഷണത്തെ സൂക്ഷിക്കുക
അവനിലല്ലാതെ നീ പ്രതീക്ഷ അർപ്പിക്കരുത്. അവനാണ്
നിനക്കു വിളകളും ജല സേചനവും നൽകുന്നതും അവനത്രെ
അവൻ വല്ലതും തന്നാൽ തടയുന്നവനാര്? തടഞ്ഞാൽ നൽകുന്നതോ?
(തുടരും)


വിവർത്തനം: ബിഎം സഫ്വാന് ഹാദി
Lecturer at the Faculty of Sharia at the University of Damascus in 1960. He went to Al Azhar University for a doctorate in Shariah and received his doctorate (PhD) in 1965.
