ഉടമയുടെ ഇച്ഛകളെ മറികടക്കുന്ന ദേഹേച്ഛകൾ
‘അല്ലാഹു നിന്നെ അസ്ബാബില്‍ നിലനിര്‍ത്തിയിരിക്കെ, തജ്‌രീദിനെ ആഗ്രഹിക്കുന്നത് പരോക്ഷമായ ദേഹേച്ഛയാണ്. അല്ലാഹു നിന്നെ തജ്‌രീദില്‍ സ്ഥാനപ്പെടുത്തിയിരിക്കെ, അസ്ബാബിനെ ആഗ്രഹിക്കുന്നത് സമുന്നതമായ ഇച്ഛാശക്തിയില്‍ നിന്നുള്ള പതനമാണ്’.
അസ്ബാബ്, തജ്‌രീദ് എന്നീ രണ്ട് സംജ്ഞയിലൂന്നിയുള്ളതാണ് ഈ തത്വോപദേശം. ഈ രണ്ടു വാക്കുകളുടെയും അര്‍ത്ഥമെന്താണ്?
മനുഷ്യന്‍ രണ്ട് അവസ്ഥകള്‍ക്ക് വിധേയരാണ്. കാരണങ്ങളുടെ ലോകത്ത് സംവദിക്കുന്നവരാണ് ഒന്നാം അവസ്ഥക്കാര്‍. അവര്‍ എല്ലാ ചലനങ്ങളിലും കാര്യ-കാരണവുമായി ബന്ധപ്പെടുന്നവരായിരിക്കും. ഈ അവസ്ഥയ്ക്കാണ് അസ്ബാബ് എന്ന് പറയുന്നത്. കാര്യ- കാരണങ്ങളുടെ സ്വാധീനങ്ങളില്‍ നിന്നെല്ലാം മുക്തനായി കഴിയുക എന്നതാണ് രണ്ടാം അവസ്ഥ. മുക്തരായിരിക്കുക എന്നല്ലാതെ മറ്റൊരു മാര്‍ഗ്ഗവും അവര്‍ക്കില്ല.
കാരണം കാരണങ്ങളുമായി ബന്ധപ്പെടേണ്ട ഒരവസ്ഥയിലല്ല അദ്ദേഹത്തെ അല്ലാഹു നിലനിര്‍ത്തിയിരിക്കുന്നത്. അവയില്‍ നിന്നല്ലൊം എത്രയോ വിദൂരത്താണ് അവന്റെ കാലവസ്ഥയും സ്ഥാനവും. ഇതിനെയാണ് തജ്‌രീദ്/ തജര്‍റുദ് എന്ന സംജ്ഞയില്‍ അര്‍ത്ഥമാക്കുന്നത്.
ദൈവീക ഉത്തരവുകള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന സത്യവിശ്വാസികള്‍ ആദ്യമായി വിചിന്തനം നടത്തേണ്ടത് തന്റെ അവസ്ഥയെ പറ്റിയാണ്. ഏത് അവസ്ഥയിലാണ് സര്‍വ്വ ശക്തനായ അല്ലാഹു തന്നെ നിലനിര്‍ത്തി/ സജ്ജീകരിച്ചിരിക്കുന്നത്.
ആ അവസ്ഥയ്ക്ക് അനുസൃതമായിരിക്കണം ഓരോ സത്യ വിശ്വാസിയും കര്‍മ്മനിരതരാവേണ്ടത്. തന്നെ അല്ലാഹു നിലനിര്‍ത്തിയ അവസ്ഥയെ പറ്റി അറിയാതെ, കാര്യ-കാരണ ബന്ധത്തിലധിഷ്ഠതമായി നിലകൊള്ളുകയോ, മറ്റേ അവസ്ഥയില്‍ നിന്ന് മാറി നില്‍ക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ അവന്‍ ദേഹേഛയെ പിന്തുടരുന്നവനാണ്.
പ്രത്യക്ഷത്തില്‍ അവന്റെ പ്രതിച്ഛായ ദൈവീക കല്‍പ്പനകളെയും വിധികളെയും അനുസരിക്കുന്നവനാണെങ്കില്‍ പോലും, അവന്‍ മാറോടണക്കുന്നത് തന്റെ ദേഹേഛയെയാണ്. ഇതാണ് ഈ ത്വതോപദേശത്തിന്റെ സാരം.
നമുക്ക് ഇടയിലുള്ള സംഭവ വികാസങ്ങളുടെ വെളിച്ചത്തില്‍ ഈ പറഞ്ഞതിനെ വിശദമായി വിവരിക്കാം. ആദ്യമായി ഒന്നാം ശകലത്തെ പറ്റിയാണ് വിവരിക്കുന്നത്. ‘കാരണങ്ങളില്‍ നിന്നെ അല്ലാഹു നിലനിര്‍ത്തിയിരിക്കെ, അതില്‍ നിന്ന് പൂര്‍ണമായ മുക്തിയെ ഉദ്ദേശിക്കുന്നത് പരോക്ഷമായ ശരീരേച്ഛയില്‍ പെട്ടതാകുന്നു.
ഭാര്യ സന്താനങ്ങള്‍ക്ക് സൗഭാഗ്യം ലഭിച്ച വ്യക്തിയുടെ മേല്‍ അല്ലാഹു ഏല്‍പ്പിച്ചിട്ടുള്ള ഉത്തരവാദിത്വമാണ് അവനുള്‍ക്കൊള്ളുന്ന കുടുംബത്തിന്റെ പരിപാലനം. അതുകൊണ്ട് അവന്റേതായ കഴിവുകള്‍ വിനിയോഗിച്ചുള്ള ഉപജീവന മാര്‍ഗ്ഗത്തില്‍ ഏര്‍പ്പെട്ട് തന്നില്‍ അര്‍പ്പിതമായ ഉത്തരവാദിത്വം നിര്‍വ്വഹിക്കേണ്ടതാകുന്നു.
ഈ മനുഷ്യന്‍ ത്വഖ്‌വ- നന്മ, തൗഹീദ്, തവക്കുല്‍ എന്നിവയുടെ പാരമ്യതയിലേറാനുള്ള ശ്രമത്തിലായി കൊണ്ട് സ്വന്തത്തില്‍ ഇങ്ങനെ പറയുന്നു: ‘ഉപജീവനത്തിനായി കൂലിവേലക്കോ, മറ്റു ലൗകിക വ്യവഹാരത്തിലോ ഏര്‍പ്പെടേണ്ട യാതൊരു ആവശ്യവും എനിക്കില്ല. ‘നിങ്ങള്‍ അല്ലാഹുവിന്റെ രിസ്ഖിനെ തേടുക’ എന്ന ദൈവീക വചനത്തില്‍ ഉറച്ചു വിശ്വസിക്കുന്നവനാണ്.
ഭൗതികമായ എല്ലാ കാരണങ്ങളും ദൈവീകാധിപത്യത്തിന് കീഴിലുള്ള സൈനികര്‍ മാത്രമാണെന്ന് ദൃഢമായി വിശ്വസിക്കുന്നുണ്ട്. അതിനാല്‍ ഞാന്‍ ഭൗതിക വ്യവഹാരങ്ങളില്‍ നിന്നും, അതിന്റെ കൈവഴികളില്‍ നിന്നും മുക്തനായി ദൈവീകാരാധനയില്‍ വ്യാപൃതനാവുകയാണ്.
ഈ മാനസികാവസ്ഥയെ പ്രാവര്‍ത്തികമാക്കി കൊണ്ട് ഭൗതിക വ്യവഹാരങ്ങളില്‍ നിന്നും, മറ്റു ഉപജീവന വൃത്തികളില്‍ നിന്നെല്ലാം അവന്‍ മുക്തനാവുകയാണ്. ഈ പ്രകടനങ്ങളെല്ലാം അവന്‍ തൗഹീദിന്റെ ആഴക്കടലില്‍ അല്ലാഹുവോടൊപ്പം നീന്തിക്കൊണ്ട് സായൂജ്യമടയുന്നവനാണെന്ന ധാരണയിലാണ്.
ഇവന്‍ കാര്യ-കാരണങ്ങളില്‍ വ്യാപൃതനാകേണ്ടവനാണ്. പക്ഷേ, അവന്‍ ജീവിത സന്ധാരണ മാര്‍ഗ്ഗത്തില്‍ വ്യാപൃതനാകാന്‍ ഉദ്ദേശിക്കുന്നില്ല. ഇവന്റെ പ്രതിഛായയാണ് ഇബ്‌നു അത്വാഇല്ലാഹി ഈ തത്വോപദേശത്തിന്റെ ഒന്നാം ശകലത്തില്‍ ഉള്‍കൊള്ളിച്ചത്. ആ ആദ്യ ശകലം ഇവിടെ വായിക്കേണ്ടതുണ്ട്. ‘കാരണങ്ങളുമായി ബന്ധപ്പെടേണ്ടവനായി നിന്നെ അല്ലാഹു നിന്നെ നിലനിര്‍ത്തിയിരിക്കെ, അതില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത് പരോക്ഷമായ ദേഹേച്ഛയാണ്.
നിന്നെ അല്ലാഹു നിലനിര്‍ത്തിയ സാഹചര്യത്തെയും, പരിതസ്ഥിതിയെ കുറിച്ചും ആദ്യം അറിഞ്ഞിരിക്കേണ്ടതുണ്ട്. കാരണങ്ങളുടെ ലോകത്താണ് നിങ്ങളെ അല്ലാഹു സജ്ജീകരിച്ചത്. അതിനിടയില്‍ നിങ്ങളെ ഭര്‍ത്താവായും മക്കളുടെ പിതാവായും നിലനിര്‍ത്തി, അവരെ പിന്തുണക്കാനും, പരിപാലിക്കാനുള്ള ഉത്തരവാദിത്വവും നിങ്ങളില്‍ അര്‍പ്പിക്കപ്പെട്ടിരിക്കുന്നു.
തന്റെ സാഹചര്യത്തെയും, അല്ലാഹു സ്ഥാനപ്പെടുത്തിയ പരിതസ്ഥിതിയെയും മനസ്സിലാക്കിയതിനു ശേഷം ഇതില്‍ നിന്നും (ജീവിത സന്ധാരണ മാര്‍ഗ്ഗത്തില്‍) പുറംതിരിഞ്ഞിരിക്കുകയാണെങ്കില്‍, പ്രത്യക്ഷത്തില്‍ ദൈവവിശ്വാസത്തില്‍ നിലയുറച്ചവനാണെങ്കില്‍ പോലും പരോക്ഷമായി ഒരു ദേഹേച്ഛയെ വാരിപ്പുണരുകയും അതീവ ജാഗ്രതയോടെ ആ ശരീരേച്ഛയെ സംരക്ഷിക്കുകയും അതില്‍ ആസ്വദിക്കുകയും ചെയ്യുന്നുണ്ട്.
ജന ദൃഷ്ട്യാ താന്‍ ഭൗതിക വ്യവഹാരങ്ങളില്‍ നിന്നെല്ലാം മുക്തനായി സദാസമയം ആരാധനയിലാണെന്ന് വരുത്തി തീര്‍ക്കുകയും, അവരുടെ പ്രശംസയെ ആഗ്രഹിക്കുകയും ചെയ്യുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.കാരണങ്ങളുമായി ബന്ധപ്പെടേണ്ടവന്‍ ഭൗതിക വ്യവഹാരങ്ങളില്‍ ഒഴിഞ്ഞു മാറുന്നത്, മതകീയ മാനത്തില്‍ മഹാ പാതകമാണ്.
അത്യുന്നതനും പ്രതാപിയുമായ ദൈവം നിങ്ങളെ ഒരു കുടുംബത്തിന്റെ നാഥനാക്കിയിരിക്കുന്നു. അവരെ പരിരക്ഷിക്കുക എന്നത് നിങ്ങളുടെ ഉത്തരവാദിത്വമായതിനാല്‍, അതിനുള്ള ജീവിത സന്ധാരണ മാര്‍ഗ്ഗത്തില്‍ ഏര്‍പ്പെടുക എന്നതാണ് മതാത്മകമായി സ്വീകരിക്കേണ്ട ശരിയായ സമീപനം.
ഈയൊരു പരിതസ്ഥിതിയില്‍ ജീവിക്കുന്നവന്‍ തന്റെ ആത്മവിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയല്ല സ്രഷ്ടാവിനോട് ഇടപെടേണ്ടത്. മറിച്ച് തന്റെ കുടുംബത്തേയും, ഭാര്യ സന്താനങ്ങളേയും ഉള്‍ക്കൊള്ളിച്ചാണ് അല്ലാഹുവോട് ഇടപെടേണ്ടത്.
നിന്റെ വാദപ്രകാരം, എന്റെയെല്ലാം അല്ലാഹു ഏറ്റെടുത്തതിനാല്‍, ആരാധനാ- അനുസരണങ്ങള്‍ക്ക് വിഘാതമാകുന്ന ഭൗതിക കാര്യങ്ങള്‍ എന്തിനു നിര്‍വ്വഹിക്കണമെന്നാണെങ്കില്‍, നീ സ്വീകരിച്ചതും നിന്നെ തൃപ്തനാക്കുന്നതുമായ ഈ സന്യാസത്തിലേക്ക് നിന്റെ ഭാര്യ സന്താന കുടുംബത്തെ വലിച്ചിഴക്കാന്‍ നിനക്കെന്ത് അവകാശമാണുള്ളത്?!
ഈ മനുഷ്യനോട് പറയാനുള്ളത്, ‘ആകാശത്തെ അല്ലാഹു ഉയര്‍ത്തുകയും, തുലാസ് സംവിധാനിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ അളവില്‍ ക്രമക്കേട് കാണിക്കാതാരിക്കാന്‍ വേണ്ടിയാണിത്. നിങ്ങള്‍ നീതിപൂര്‍വ്വം തൂക്കം ശരിപ്പെടുത്തുവീന്‍. തുലാസില്‍ വഞ്ചന കാണിക്കരുത്’ ( 55, 7 -9) എന്ന് പറയുമ്പോള്‍, നിന്നെ അല്ലാഹു നിലനിര്‍ത്തിയിരിക്കുന്നത് മതകീയ നിയമത്തിന്റെ തുലാസിന്റെ രണ്ടു തട്ടുകള്‍ക്കിടയിലാണ്.
ജീവിതം നിനക്കു വേണ്ടി മാത്രമാകരുത്, നിന്റെ കുടുംബത്തിനും കൂടിയായിരിക്കണം. അവര്‍ക്ക് വേണ്ടി ഭൗതികമായ ഉപജീവന മാര്‍ഗ്ഗത്തില്‍ ഏര്‍പ്പെടണമെന്നാണ് മതശാസന. പരിപൂര്‍ണ്ണമായ ശാരീരിക മാനസിക ബൗദ്ധിക വളര്‍ച്ചയ്ക്കു അനുപേക്ഷണീയമായതെല്ലാം സൗകര്യപ്പെടുത്തി കുടുംബം പരിപാലിക്കാന്‍ മതകീയ ശാസനകള്‍ നിങ്ങളെ നിര്‍ബന്ധിപ്പിക്കുന്നു.
ഇതിനായി നിന്റെ മുമ്പില്‍ സ്രഷ്ടാവ് സംവിധാനിച്ച ജീവിത സന്ധാരണ മാര്‍ഗ്ഗത്തില്‍ വ്യാപൃതനാവേണ്ടതുണ്ട്. തൊഴിലുകളില്‍ നിന്ന് ലഭിക്കുന്നതിലൂടെ ജീവിത മാര്‍ഗ്ഗം നിര്‍വ്വഹിക്കുന്നവനായിരിക്കെ, ഇതെല്ലാം നീ തമസ്‌ക്കരിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ സ്രഷ്ടാവിനോട് അപമര്യാദയോടെ പെരുമാറുന്നവനും, അവന്‍ സംവിധാനിച്ച പ്രാപഞ്ചിക ക്രമത്തെ നിഷേധിക്കുന്നവനുമാണ്.
നിന്റെ കുടുംബത്തെ പരിപാലിക്കാന്‍, നീ കാരണങ്ങളുമായി ബന്ധപ്പെടണമെന്ന് അല്ലാഹു നിന്നോട് പറയുന്നു. അപ്പോള്‍ നീ ഇപ്രകാരം പറയുന്നു: ഇല്ല, ഞാന്‍ കാരണങ്ങളുമായി ബന്ധപ്പെടുകയില്ല. കാരണങ്ങള്‍ ഒന്നുമില്ലാതെ സര്‍വ്വതും നല്‍കാന്‍ പ്രാപ്തനായ നിന്നോട് നേരിട്ട് ചോദിക്കുന്നവനാണ്.
അപ്പോള്‍ നിന്നോട് അല്ലാഹു പറയുന്നു: നീ നേരിട്ട് ജീവിത മാര്‍ഗ്ഗം സാധ്യമാക്കണമെന്ന ചിന്താഗതി ഒഴിവാക്കി, അങ്ങാടിയില്‍ ഇറങ്ങി കച്ചവടം ചെയ്യുക, പാടത്തിറങ്ങി കൃഷി ചെയ്യുക, നിനക്ക് മുമ്പില്‍ ഞാന്‍ തുറന്നുവെച്ച മറ്റു തൊഴില്‍ മാര്‍ഗ്ഗത്തില്‍ പ്രവേശിക്കുക.
ഇതാണ് നീ സഞ്ചരിക്കേണ്ട യഥാര്‍ത്ഥ മാര്‍ഗ്ഗം. ഞാന്‍ കാരണങ്ങളെ കണ്ടെത്തുന്നവനൊപ്പമാണ്. അതിനാല്‍ എനിക്കെന്തിന് കാരണങ്ങളുടെ മാര്‍ഗ്ഗമെന്ന് ഇനിയൊരാള്‍ പറയുകയാണെങ്കില്‍, നിന്നെ അല്ലാഹു നിലനിര്‍ത്തിയ ഈ സ്ഥാനത്ത് ഇത്തരം ചോദ്യമുന്നയിക്കുന്നത് അല്ലാഹുവോട് കാണിക്കുന്ന അപമര്യാദയാണ്. മാത്രമല്ല, ഇബ്‌നു അത്വാഅ് (റ) പറഞ്ഞതു പോലെ ഇത് നിന്റെ പരോക്ഷമായ ഒരു ദേഹച്ഛയാണെന്നത് ഉറപ്പാണ്.
ഉപര്യുക്ത വ്യതിചലനത്തിന് വ്യത്യസ്തങ്ങളായ ഒരുപാട് രൂപങ്ങളുണ്ട്. അവയില്‍ ചില ഉദാഹരണങ്ങള്‍ നമുക്ക് വായിക്കാം. ഭാര്യയും മക്കളുമുള്ള ഒരു ഗ്രാമീണന്‍. അദ്ദേഹത്തിന് അങ്ങാടിയിലാണ് ജോലി.
ജോലി കഴിഞ്ഞ് വീട്ടിലെത്തിയാല്‍, തന്റെ മുമ്പില്‍ കണ്ടവര്‍ക്ക് സലാം പറഞ്ഞതിനു ശേഷം ഇടംവലം തിരിയാതെ നേരെ പോകുന്നത് ആരാധനയ്ക്കായി സജ്ജീകരിച്ച ഒരിടത്തിലേക്കാണ്. തന്റെ ഭാര്യയോടും മക്കളോടുമൊപ്പം ഒരല്‍പ സമയം ചിലവഴിക്കാനോ നില്‍ക്കാതെ ആരാധന നിരതനാവുകയാണ് അദ്ദേഹം.
വിശുദ്ധ ഖുര്‍ആനിനു മുമ്പിലിരുന്ന് പാരായണവും, ഖിബ്‌ലക്ക് മുന്നിട്ട് സുന്നത്ത് നിസ്‌കാരവും സജീവമായി നിര്‍വ്വഹിക്കുകയാണ്. ഇത് ഞാന്‍ എന്റെ ഭാവനയില്‍ മെനഞ്ഞുണ്ടാക്കിയതല്ല. വസ്തുതയാണ് പറഞ്ഞത്. എന്താണ് ഈ പ്രവൃത്തിയുടെ മതകീയമാനം?. മറ്റൊന്നുമല്ല, ഇബ്‌നു അത്വാഅ് പറഞ്ഞ വിധി തന്നെയാണ്.
ഭാര്യ സന്താനങ്ങളോ മറ്റു കുടുംബാഗംങ്ങളോ ഒന്നുമില്ലാതെ, ഗുഹ പോലെ സലാം പറയാന്‍ പോലും ഒരാളില്ലാത്ത വീട്ടില്‍ തനിച്ച് കഴിയുന്നവനാണെങ്കില്‍ നിനക്ക് ഈ പ്രവൃത്തി ചെയ്യാവുന്നതാണ്. ഇതാണ് ഇവനോട് ശറഅ് പറയുന്നത്.
കാരണം ഒരാളെയും പരിരക്ഷിക്കേണ്ട ഉത്തരവാദിത്വമില്ലാത്തവനാണ്. നിന്നെ അല്ലാഹു ഒരു കുടുംബത്തിന്റെ തലവനും ആ കുടുംബത്തിന്റെ പരിപാലന ഉത്തരവാദിത്വവും ഉപജീവന മാര്‍ഗ്ഗത്തില്‍ ഏര്‍പ്പെടേണ്ടവനായും നിലനിര്‍ത്തിയതോടൊപ്പം തന്നെ ഒരുപാട് കാര്യങ്ങള്‍ മതനിയമമാക്കിയിട്ടുണ്ട്. അത് നിര്‍ബന്ധമായും പാലിക്കേണ്ടതാണ്.
തൊഴില്‍ മാര്‍ഗ്ഗത്തില്‍ പ്രവേശിച്ച് കുടുംബത്തെ പരിപാലിക്കുക, നിറപുഞ്ചിരിയോടൊപ്പം വീട്ടില്‍ പ്രവേശിക്കുക, ഭാര്യ സന്താനങ്ങളോട് സ്‌നേഹ വാത്സല്യത്തോട് കൂടെ സലാം പറയുക, അവരോടൊപ്പം ചേര്‍ന്നിരുന്ന് സ്‌നേഹം പങ്കുവെക്കുക.ഇതൊക്കെയാണ് നിന്റെ ആരാധന കര്‍മ്മങ്ങള്‍. ഇതാണ് നിന്റെ തസ്ബീഹും, തഹ്‌ലീലൂം, ഖിറാഅത്തുമെല്ലാം.
ഇതിലെല്ലാം നിഴലിക്കുന്നത് ഭൗതികമായ കാര്യങ്ങളും കളി ചിരിയും വൈകാരികതയും മാത്രമാണെങ്കിലും, ഇതില്‍ ആവാഹിക്കുന്നത് സ്രഷ്ടാവിനോട് അടുക്കാനുള്ള മാര്‍ഗ്ഗമാണ്. കാരണം, നിങ്ങളെ അല്ലാഹു ഒരു കുടുംബത്തിന്റെ തലവനാക്കി, കാരണങ്ങളുടെ ലോകത്ത് സംവദിക്കേണ്ടവനായി സജ്ജീകരിച്ചപ്പോള്‍ നിയമമാക്കിയ മതകീയ ശാസനകള്‍ നിങ്ങള്‍ ഭംഗിയോടെ നിര്‍വ്വഹിക്കുന്നു.
ഇനി നിനക്ക് പറയാനുള്ളതോ? ‘ദൈവീകാധിപത്യത്തിനും അവന്റെ കഴിവിനും മുമ്പില്‍ തൊഴിലുകള്‍ക്കോ, മറ്റു കാരണങ്ങള്‍ക്കോ യാതൊരു അസ്തിത്വവുമില്ല. അതിനാല്‍ ഞാന്‍ ആശ്രയിക്കുന്നത് കാരണങ്ങളുടെ സ്രഷ്ടാവിനെ മാത്രമാണ്.
എന്റെ ഭാര്യക്ക് ആദരവുകള്‍ നല്‍കാനും, അവളുടെ ഹൃദയത്തില്‍ സന്തോഷം നല്‍കാനും, എന്റെ ലളിത ജീവതത്തില്‍ നിന്നും മറ്റു കടപ്പാടുകളില്‍ നിന്നുമെല്ലാം അവളെ പര്യാപ്തമാക്കാന്‍ അല്ലാഹുവോട് ഞാന്‍ സുജൂദുകളില്‍ പ്രര്‍ത്ഥിക്കുന്നുണ്ട്.എങ്കില്‍ നിസ്സംശയം നീ ദൈവത്തോട് അപമര്യാദ കാണിക്കുന്നവനാണ്.
കുടുംബത്തെ സന്തോഷിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ നിനക്ക് അല്ലാഹു പഠിപ്പിച്ചിട്ടുണ്ട്. ജനങ്ങള്‍ക്കിടയില്‍ നിന്ന് പലര്‍ക്കും മറ്റുള്ളവര്‍ കാരണമായി പ്രതിഫലം ലഭിക്കുമെന്നത് അല്ലാഹു വിധിച്ചതാണ്.അതിനാല്‍ നിര്‍ദേശങ്ങള്‍ക്ക് വിധേയമായി ഭാര്യ ഭര്‍ത്താക്കന്മാര്‍ പരസ്പരം ബാധ്യതകള്‍ നിര്‍വ്വഹിക്കാന്‍ സ്രഷ്ടാവ് ചുമതലപ്പെടുത്തുകയും, ഇരുവര്‍ക്കും തങ്ങളുടെ ഇണയെ അഭയകേന്ദ്രമായി സംവിധാനിക്കുകയും ചെയ്തിരിക്കുന്നു.
ഇവര്‍ തങ്ങളുടെ മേല്‍ അല്ലാഹു ഉത്തരവാദിത്വപ്പെടുത്തിയത് ഭംഗിയായി നിര്‍വഹിച്ചാല്‍, ഇരുവര്‍ക്കും തന്റെ ഇണ കാരണമായി അല്ലാഹു പ്രതിഫലം നല്‍കുന്നതാണ്. സ്രഷ്ടാവിന്റെ സംവിധാന ക്രമത്തെ സ്ഥിരീകരിക്കുന്ന വിശുദ്ധ വചനം കാണുക. ‘നിങ്ങള്‍ ക്ഷമിക്കുന്നവരാണോയെന്ന് നോക്കുവാനായി നിങ്ങളില്‍ ചിലരെ നാം മറ്റു ചിലര്‍ക്ക് ഒരു പരീക്ഷണമാക്കിയിരിക്കുന്നു (സൂറ: അല്‍ഫുര്‍ഖാന്‍: 20).
അവര്‍ക്കിടയിലെ ഈയൊരു ബന്ധത്തെ ഇല്ലാതാക്കാന്‍ അല്ലാഹു ഉദ്ദേശിക്കുകയാണെങ്കില്‍ ഒരു ഭര്‍ത്താവിന് ഭാര്യയെയോ, ഭാര്യക്ക് ഭര്‍ത്താവോ ആവശ്യമില്ല.എന്തെന്നാല്‍ എല്ലാ കാരണങ്ങളുടെയും അധിപന്‍ അല്ലാഹുവാണ്. മാതാപിതാക്കളും, കുട്ടികളും തമ്മിലുള്ള ബന്ധവും ഇതേ പ്രകാരമാണ്. ഇതെല്ലാം ചിലരെ കൊണ്ട് മറ്റു ചിലരെ പരീക്ഷിക്കുന്നതിനായി സര്‍വ്വാധിപന്റെ സംവിധാന ക്രമങ്ങളാണ്.
ഈ വ്യവസ്ഥയെ പരിഗണിക്കുയും, പ്രാമുഖ്യം കല്‍പ്പിക്കുകയും ചെയ്തവര്‍ക്ക് പ്രതിഫലം നല്‍കുന്നതിന്റെയും, തിരസ്‌ക്കരിക്കുകയും നിന്ദിക്കുകയും ചെയ്യുന്നവരെ ശിക്ഷിക്കുന്നതിന്റെയും മാനദണ്ഡമാക്കിയിരിക്കുന്നു. ഞാന്‍ ആശ്രയിക്കുന്നത് അല്ലാഹുവിനെയാണ്. എന്റെ ദൈനംദിന ആരാധനകളെയും അനുഷ്ഠാനങ്ങളെയും വെട്ടിച്ചുരുക്കുന്ന ഭൗതിക വ്യവഹാരങ്ങളിലധിഷ്ഠിതമായ ഈ ബന്ധത്തെ അല്ലാഹുവില്‍ ഏല്‍പ്പിക്കുന്നുവെന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കില്‍,
അവന്‍ നിന്ദ്യമായ നിലപാട് വെച്ചുപുലര്‍ത്തി സ്രഷ്ടാവിനോട് അപമര്യാദ കാണിക്കുന്നവനും അവന്‍ ക്രമീകരിച്ച പ്രാപഞ്ചിക ക്രമത്തെ വിമര്‍ശിക്കുന്നവനുമാണെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. ഇത്തരം മനുഷ്യര്‍ തങ്ങളുടെ ദേഹേഛയാല്‍ അല്ലാഹുവിനെ അറിയാത്തവരാണ്.
അല്ലാഹുവിനെ വിസ്മരിക്കുന്ന ഭൗതിക വ്യവഹാരങ്ങളില്‍ നിന്നെല്ലാം എത്രയോ വിദൂരത്താണെന്നാണ് അവരുടെ ധാരണ. യഥാര്‍ത്ഥത്തില്‍ അവര്‍ അല്ലാഹുവിനെ വിസ്മരിക്കുന്ന ദേഹേഛയില്‍ മുഴുകി കഴിയുന്നവരത്രെ.
കാരണങ്ങളുടെ മാര്‍ഗ്ഗത്തിലധിഷ്ഠിതമായി വ്യത്യസ്ത രൂപങ്ങളില്‍ ചുമതലകള്‍ നിര്‍വ്വഹിക്കേണ്ടവരുണ്ട്. കൃഷിയിടങ്ങള്‍ സജീവമാക്കുന്നവര്‍, നന്മ കൊണ്ട് കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നവര്‍, വൈജ്ഞാനിക സാംസ്‌കാരിക സമുദ്ധാരണ പ്രവര്‍ത്തികളില്‍ മുഴുകി മതകീയ മാനങ്ങളെ സംരക്ഷിക്കുന്നവര്‍,
സാമ്പത്തിക വ്യവഹാരങ്ങളില്‍ സന്തുലിതാവസ്ഥ കാത്തു സൂക്ഷിക്കാന്‍ പരിശ്രമിക്കുന്നവര്‍ തുടങ്ങി വ്യത്യസ്തങ്ങളായ സാമൂഹിക ഉത്തരവാദിത്വങ്ങള്‍ ചുമതലയേറ്റവരെല്ലാം കുടുംബത്തോടൊപ്പം കഴിയുന്ന ഗൃഹനാഥനോട് സാമ്യത പുലര്‍ത്തുന്നവരാണ്. ഇവരെയൊക്കെയും അല്ലാഹു നിലനിര്‍ത്തിയത് അസ്ബാബുകളുടെ ലോകത്താണ്.
അല്ലാഹു ചില ഉദ്ദേശ്യങ്ങളുടെ പൂര്‍ത്തീകരണത്തിനുള്ള മധ്യവര്‍ത്തികളായി ഇവരെ നിയമിച്ചിരിക്കുകയാണ്. എല്ലാവരും നിര്‍ബന്ധമായി നിര്‍വ്വഹിക്കേണ്ട ആരാധനാ കര്‍മ്മങ്ങളും അനുസരണാ പ്രവര്‍ത്തനങ്ങളും നിര്‍വ്വഹിച്ചതിനു ശേഷം, അവരവരുടെ സ്ഥാനം തിരിച്ചറിഞ്ഞ്, അവരെ ഉത്തരവാദിത്വപ്പെടുത്തിയ ചുമതലകള്‍ ഭംഗിയായി നിര്‍വ്വഹിക്കുക എന്നതാണ് ഇത്തരക്കാരുടെ ആരാധനകള്‍.
ഒരുപാട് ജനങ്ങള്‍ അകപ്പെട്ടു പോകുന്ന ഒരു തെറ്റായ ധാരണയുണ്ട്. അത് ഇതാണ്: ആരാധന കര്‍മ്മങ്ങള്‍ നിര്‍ണിതമായ ഏതാനും ചില പ്രവര്‍ത്തനങ്ങളാല്‍ പരിമിതമാണ്, ഇതിനപ്പുറത്തുള്ള മറ്റു പ്രവൃത്തികള്‍ ചെയ്തവര്‍ ഭൗതികതയുടെ രഥത്തിലേറിയവരാണ്. ഇത് തീര്‍ത്തും നിരര്‍ത്ഥകമായ ചിന്താഗതിയാണ്.
ദൈവീക പ്രീതി ലക്ഷ്യം വെച്ചും നല്ല നിയ്യത്തോടൊപ്പവുമുള്ള എല്ലാ സത്പ്രവൃത്തികളും സത്കര്‍മ്മങ്ങളാണ്. ഒരു വ്യക്തിയുടെ സന്ദര്‍ഭവും സാഹചര്യവും അവന്റെ മതകീയ ഉത്തരവാദിത്വവും വിലയിരുത്തിയാണ് പ്രവൃത്തിയെ സത്കര്‍മ്മം/ ദുഷ്‌കര്‍മ്മം എന്ന് സ്ഥാനപ്പെടുത്തുന്നത്. ഈ ആശയത്തെ വളരെ ഹൃസ്വമായി ഇബ്‌നു അത്വാഅ് മറ്റൊരു ഉപദേശത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
‘വ്യക്തികളുടെ വ്യത്യസ്തങ്ങളായ സാഹചര്യത്തിനനുസൃതമായി സത്പ്രവര്‍ത്തനങ്ങളും വ്യത്യസ്തമാണ്. ‘എല്ലാ സത്പ്രവര്‍ത്തനങ്ങളും എല്ലാവര്‍ക്കും സത്കര്‍മ്മമാവുകയില്ല. പ്രവര്‍ത്തിയുടെ നന്മ- തിന്മ എന്നത് കൃത്യപ്പെടുത്തുന്നത് പ്രവര്‍ത്തിക്കുന്നവന്റെ പരിതസ്ഥിതിയും അവനെ സ്രഷ്ടാവ് നിലനിര്‍ത്തിയ സ്ഥാനവും പരിഗണിച്ചാണ്.
സാമൂഹിക ബന്ധത്തില്‍ നിന്നും കുടുംബത്തിന്റെ ഭാരവാഹിത്വത്തില്‍ നിന്നും മുക്തനായവര്‍ക്ക് വ്യക്തി കേന്ദ്രീകൃതമായ ആരാധനാ കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നത് പുണ്യകരമാണ്. എന്നാല്‍ രാഷ്ട്രത്തിലും സമൂഹത്തിലും ഉത്തവാദിത്വമുള്ളവര്‍, തങ്ങളുടെ കര്‍ത്തവ്യം ഭംഗിയായി നിറവേറ്റുകയാണ് വേണ്ടത്.
ഇതാണ് ഇവരുടെ ആരാധനകള്‍. അതിര്‍ത്തിയില്‍ കാവലിരിക്കാനും, ശത്രുപക്ഷത്തിന്റെ ആക്രമണത്തെ ചെറുക്കാനും ചുമതലപ്പെടുത്തിയവന്റെ ആരാധന ആത്മാര്‍ത്ഥതയോടെ തന്റെ ചുമതല നിര്‍വ്വഹിക്കലാണ്.അഞ്ചുനേരത്തെ നമസ്‌കാരങ്ങള്‍, വ്രതങ്ങള്‍, അടിസ്ഥാനപരമായ മറ്റു ദൈനംദിന ആരാധനകള്‍, ദിക്‌റുകള്‍ പോലെ എല്ലാവരും നിര്‍ബന്ധപൂര്‍വ്വം നിര്‍വ്വഹിക്കേണ്ടതായ പൊതുവായ ആരാധനകളെ ഒഴിവാക്കാനും പാടില്ലാത്തതുമാണ്.
നാം ഇതുവരെ വിവരിച്ച ആശയങ്ങളാണ് ഇബ്‌നു അത്വാഅ് (റ) പറഞ്ഞ രണ്ടാമത്തെ ഉപദേശത്തിലെ ഒന്നാം ശകലത്തില്‍ പ്രതിപാദിക്കുന്നത്.

വിവർത്തനം: ബിഎം സഫ്‌വാന്‍ ഹാദി
Lecturer at the Faculty of Sharia at the University of Damascus in 1960. He went to Al Azhar University for a doctorate in Shariah and received his doctorate (PhD) in 1965.
