സ്രഷ്ടാവിന്റെ കരുണ; സൃഷ്ടിയുടെ അഭയം
ഹികം സീരീസ്- 2
‘‘പ്രവര്‍ത്തനങ്ങള്‍ മുഖേന ഒരാളും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല. അല്ലാഹു അവന്റെ കാരുണ്യത്തില്‍ ആവരണം ചെയ്താല്‍ മാത്രമേ ഞാനും സ്വര്‍ഗ്ഗസ്ഥനാവുകയുള്ളൂ’. അബുഹുറൈറ, ആഇശ, സഈദുല്‍ ഖുദ്‌രി എന്നിവരില്‍ നിന്ന് ഇമാം ബുഖാരി ഉദ്ധരിച്ച ഉപര്യുക്ത ഹദീസില്‍ തിരുമേനി അല്ലാഹുവിന്റെ ആധിപത്യത്തെ വ്യക്തമാക്കുന്ന പദപ്രയോഗമാണ് നടത്തിയത്. നബി പറഞ്ഞത് ലന്‍ യുദ്ഖലു അഹദ ഖും അല്‍ജന്നത്ത അമലുഹു എന്നാണ്. ഇവിടെ ബി അമലിഹി എന്നായിരുന്നു പറഞ്ഞതെങ്കില്‍ ഖുര്‍ആനിക വചനത്തോട് (ഉദ്ഖുലുല്‍ ജന്നത ബിമാ കുന്‍തും തഅമലൂന്‍) വിരുദ്ധമാകുമായിരുന്നു. ബി ചേര്‍ക്കാതെ പറഞ്ഞതിന്റെ അര്‍ത്ഥം, അല്ലാഹുവിന്റെ ഔദാര്യമോ, കൃപയോ, വിട്ടുവീഴ്ചയോ കൂടാതെ സ്വന്തം പ്രവര്‍ത്തനങ്ങള്‍ മാത്രം ആശ്രയിച്ച് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാന്‍ കഴിയില്ല എന്നാണ്. നിശ്ചയം അല്ലാഹു നിന്റെ പ്രവര്‍ത്തികളെ അവന്റെ മഗ്ഫിറത്തിലേക്കും, സ്വര്‍ഗ്ഗത്തിലേക്കും നയിക്കുന്ന ഒരു കൈവഴിയായി ഗണിക്കുന്നു എന്ന അര്‍ത്ഥമാണ് ബി ഇല്ലാത്തിനുള്ളത്. ബി ചേര്‍ന്നുള്ള ഖുര്‍ആനിക വചനത്തില്‍ പ്രവര്‍ത്തനമെന്നതില്‍ ബന്ധിപ്പിച്ചത് അവന്റെ ഔദാര്യം, അനുഗ്രഹം, കൃപ, വിട്ടുവീഴ്ച്ച എന്നിവയെയാണ്. മനുഷ്യന്‍ എപ്പോഴും, എവിടെയായാലും, ഏത് പദവി അലങ്കരിക്കുന്നുണ്ടെങ്കിലും അവന്‍ അടിമ മാത്രമാണ്.
നിര്‍ധനരായവര്‍ക്ക് ദാനധര്‍മ്മം ചെയ്യുന്നവനെപ്പറ്റി ആലോചിക്കൂ. കര്‍മ്മത്തെ മാത്രമാണ് ബ യില്‍ അര്‍ത്ഥമാക്കുന്നതെന്ന പരികല്‍പനയില്‍, കര്‍മ്മങ്ങളെ മുന്‍നിര്‍ത്തിയാണ് അല്ലാഹുവിന്റെ അനുഗ്രഹവും മഗ്ഫിറത്തും ലഭ്യമാകുന്നതെന്ന് എങ്ങനെയാണ് പറയാന്‍ സാധിക്കുക? ധനത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥന്‍ അല്ലാഹുവാണ് എന്നത് സര്‍വ്വാംഗീകൃതമാണ്. അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും സമ്പത്തില്‍ യഥാര്‍ത്ഥ ഉടമവകാശമില്ല. ‘അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ ധനത്തില്‍ നിന്ന് നിങ്ങള്‍ അവര്‍ക്ക് നല്‍കി സഹായിക്കുക’ (സുറത്തുന്നൂര്‍- 34) എന്ന് അല്ലാഹു പറഞ്ഞിട്ടില്ലേ, ആ സ്രഷ്ടാവ് തന്നെയാണ് നമ്മോട് ഇപ്രകാരം കല്‍പ്പിക്കുന്നത്. അല്ലാഹുവിന് ഉത്തമമായ കടം നല്‍കുന്നവന്‍ ആരാണ്? എങ്കില്‍ അല്ലാഹു അവന് അനേകം ഇരട്ടികളായി വര്‍ദ്ധിപ്പിച്ചു കൊടുക്കുന്നതാണ് ( സൂറത്തുല്‍ ബഖറ- 245) അവന്‍ നല്‍കിയ ധനത്തില്‍ നിന്നാണ് ഇത് ആവശ്യപ്പെടുന്നത്. എന്നിട്ടും നീയാണ് ധനത്തിന്റെ യഥാര്‍ത്ഥ അവകാശിയെന്ന് കരുതി, അല്ലാഹുവിന്റെ ഉന്നതമായ അസ്തിത്വത്തെ ഒരു കടക്കാരനായി കാണുന്നുണ്ടോ? നിന്റെ ഉടമസ്ഥതയില്‍ നിന്ന് എനിക്ക് കടം തരിക, ഞാന്‍ നിനക്ക് ഇരട്ടിയായി നല്‍കാം എന്നാണോ അല്ലാഹു പറഞ്ഞതിനര്‍ത്ഥം? ഒന്നിനെയും ആശ്രയിക്കാത്ത, നിരാശ്രയനായ അല്ലാഹു നിന്റെ കടക്കാരന്‍ എന്നുമാണോ!.
ഇവിടെ പരാമര്‍ശിച്ച ബ എന്ന (സബബിയ്യായ- കാരണത്തെ സൂചിപ്പിക്കുന്ന) അക്ഷരത്തില്‍ ഉള്‍ക്കൊള്ളുന്നത് അല്ലാഹുവിന്റെ ദയയാണെന്ന കാര്യത്തെ വിസ്മരിച്ച് കൊണ്ട്, ഉപരി സുചിത രൂപത്തില്‍ മനസ്സിലാക്കുന്നതെങ്കില്‍ നിനക്ക് കടുത്ത മാനസിക വിഭ്രാന്തിയാണ്. ഇതോടെ ബ ചേര്‍ക്കാതെ തിരുമേനി(സ) പറഞ്ഞ വാചകത്തിന്റെ അര്‍ത്ഥം കൃത്യമായി ഗ്രഹിക്കാനും, തിരുവചനത്തിലെ മാധുര്യം അനുഭവിക്കാനും സാധിക്കുന്നതാണ്.
അല്ലാഹുവിന്റെ അനുഗ്രഹം മുഖേനയാണ് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നത്, അതേ സമയം അല്ലാഹു ആരാധന നിര്‍വ്വഹിക്കാന്‍ കല്‍പ്പിക്കുന്നുണ്ട്. ഇതില്‍ വല്ല വൈരുധ്യവും ഉണ്ടോ? ഒരിക്കലുമില്ല. മനുഷ്യന്‍ അല്ലാഹുവിന്റെ ദാസനായതിനാല്‍ ആരാധന നിര്‍വഹിക്കുക എന്നത് മനുഷ്യന്റെ ഉത്തരവാദിത്വവും, കടമയുമാണ്. കാരുണികന്‍, പൊറുത്തു കൊടുക്കുന്നവന്‍ എന്നിങ്ങനെ വിശേഷണമുള്ള സ്രഷ്ടാവിന്റെ ഉപഹാരമാണ് സ്വര്‍ഗ്ഗമെന്നത്. ജനങ്ങളില്‍ ബാധ്യത നിര്‍വ്വഹിക്കുന്നവര്‍ക്കാണ് ദൈവീകാനുഗ്രഹം ലഭിക്കുന്നതെന്നത് റബ്ബിന്റെ കാലേക്കൂട്ടിയുള്ള തീരുമാനമാണ്. ‘എന്റെ അനുഗ്രഹം സകലതിനെയും ഉള്‍കൊള്ളിക്കുന്നതാണ്, സത്കര്‍മ്മകള്‍ക്കാണ് ഞാന്‍ എന്റെ അനുഗ്രഹത്തെ രേഖപ്പെടുത്തുന്നത്’ (സൂറത്തുല്‍ അഹ്‌റാഫ്- 156) ഈ സൂക്തം വിളിച്ചോതുന്ന ആശയമാണിത്.
സത്യവിശ്വാസിയോ, ദൈവഭക്തിയുള്ളവനോ ഒരിക്കല്‍ പോലും അല്ലാഹുവിന്റെ അനുഗ്രഹവും, ഔദാര്യവും ആവശ്യമില്ലെന്ന് പറഞ്ഞിട്ടില്ല. കാരണം സത്യവിശ്വാസമോ, ദൈവഭക്തിയോ അല്ലാഹുവിങ്കല്‍ നിന്ന് ലഭിക്കുന്ന സ്വര്‍ഗീയ സമ്മാനത്തിന് സമാനമായ ഒരു മൂല്യമേ അല്ല. അ്ല്ലാഹുവിനോട് നിങ്ങള്‍ നിര്‍വ്വഹിക്കേണ്ട ബാധ്യതയാണ് സത്യവിശ്വാസവും, ദൈവഭക്തിയും. മനുഷ്യരില്‍ അര്‍പ്പിതമായ ഈ ബാധ്യതകള്‍ നിര്‍വ്വഹിച്ചാല്‍, അതിന് പകരമായി ഒന്നും ലഭിക്കുന്നതല്ല. അല്ലാഹുവില്‍ നിന്ന് ലഭിക്കുന്നതെല്ലാം അവന്റെ ഔദാര്യത്തിന്റെയും, കാരുണ്യത്തിന്റെയും ഭാഗമാണ്.
ഇബ്‌നു അതാഇല്ലാഹി, തന്റെ വാചകത്തില്‍ മുന്നറിയിപ്പ് നല്‍കിയ ഗൗരവമേറിയ അര്‍ത്ഥതലങ്ങളിലേക്ക് കടക്കാം. തെറ്റുകുറ്റങ്ങളില്‍ അകപ്പെടുമ്പോള്‍ അല്ലാഹുവിന്റെ അപാരമായ വിട്ടുവീഴ്ച്ചയിലുള്ള പ്രതീക്ഷ അസ്തമിക്കുന്നുവെന്നതില്‍ നിന്നും ഉത്പാദിക്കപ്പെടുന്ന ആശയം, പ്രവര്‍ത്തനങ്ങളെ ദൈവീക പ്രതിഫലത്തിന്റെ നിദാനമായി കരുതുന്നുവെന്നാണ്. ഇതിലൂടെ പരസ്പരം പൂരകങ്ങളായ രണ്ട് കാര്യങ്ങള്‍ വ്യക്തമാക്കുകയാണ്. ബാധ്യതാ നിര്‍വ്വഹണത്തില്‍ വീഴ്ച്ച വരുത്തുമ്പോള്‍ അല്ലാഹുവിന്റെ ഔദാര്യത്തിലും കാരുണ്യത്തിലുമുള്ള പ്രതീക്ഷ കുറയാന്‍ പാടില്ല. കടമകള്‍ നിര്‍വ്വഹിക്കാനുള്ള തൗഫീഖ് ലഭിച്ചവന്‍ സത്കര്‍മ്മങ്ങളില്‍ അവംലബിക്കാനോ പാടില്ല എന്നത് ഒരു പൊതുവായ ആശയത്തിലേക്കാണ് ചെന്നെത്തുന്നത്.
മനുഷ്യന്‍ ഈ രണ്ട് അവസ്ഥകളിലും അല്ലാഹുവിന്റെ ഔദാര്യത്തിലും, കൃപയിലും പ്രതീക്ഷയര്‍പ്പിക്കലാണ്. അതും അവന്റെ കോപത്തിലും, ശിക്ഷയിലും ഭയപ്പെടലോട് കൂടെയായിരിക്കണം.
അല്ലാഹുവിന്റെ ശിക്ഷയേയും, കോപത്തെയും ഭയപ്പെടലോട് കൂടെ തന്നെ, അവന്റെ അനുഗ്രഹത്തിലും, ഔദാര്യത്തിലും നിത്യമായ പ്രതീക്ഷയുണ്ടായിരിക്കലും അനിവാര്യമാണ്. എന്തെന്നാല്‍ ഏത് പ്രകൃതക്കാരനായ മനുഷ്യനാണെങ്കിലും, ന്യൂനതകളില്‍ നിന്ന് മുക്തമായ വിധത്തില്‍ സ്രഷ്ടാവിനോടുള്ള ബാധ്യത നിര്‍വഹിക്കല്‍ അസാധ്യമത്രെ. പരിപൂര്‍ണ്ണമായി ബാധ്യതകള്‍ നിര്‍വഹിക്കാന്‍ കഴിയാത്ത വിധം ദുര്‍ബലനാണ് മനുഷ്യന്‍. അതിനാല്‍ എല്ലാ സന്ദര്‍ഭങ്ങളിലും അടിമകളില്‍ നിലനില്‍ക്കുന്നത് രണ്ടു വിധത്തിലുള്ള വികാരങ്ങളാണ്.
ഒന്ന്, അവന്റെ അനുഗ്രഹത്തിലുള്ള പ്രതീക്ഷ. രണ്ട്, ബാധ്യത നിര്‍വ്വഹണത്തില്‍ വീഴ്ച്ച വരുത്തിയതില്‍ ലജ്ജയും ഭയവും ഉണ്ടാവുക. താന്‍ സത്‌വൃത്തികള്‍ നിര്‍വ്വഹിക്കുന്നുണ്ടെങ്കിലും ഒന്നാമത്തെ വികാരത്തിന് ശക്തിയാര്‍ജ്ജിക്കുമെന്നല്ലാതെ യാതൊരു കോട്ടവും സംഭവിക്കുന്നതല്ല. ജീവിതത്തില്‍ വീഴ്ച്ച വരുത്തിയവനാണെങ്കിലും രണ്ടാമത്തെ വികാരം അവനെ പൂര്‍ണമായി അസ്വസ്ഥനാക്കുന്നതുമല്ല. അഥവാ ഏതു അവസ്ഥയിലാണെങ്കിലും ദൈവീകാനുസരണങ്ങള്‍ക്ക് സ്വര്‍ഗ്ഗ ലബ്ധിക്കായുളള ഒരു മൂല്യം നിര്‍ണ്ണയിക്കപ്പെട്ടില്ല, അതേ പ്രകാരം കര്‍മ്മങ്ങളില്‍ അവലംബിച്ച് ദൈവീകാനുഗ്രഹത്തെ പ്രതീക്ഷിക്കേണ്ടതില്ല. അതിനാല്‍ ഭയത്തിലും, പ്രതീക്ഷയിലും ഇഴകി ചേര്‍ന്ന ഒരു വൈകാരികാനുഭൂതിയാണ് അടിമയുടെ സ്വത്വത്തില്‍ സംവേദനം ചെയ്യപ്പെടേണ്ടത്.
സത്പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്നതും, നിര്‍വ്വഹിക്കാതിരിക്കുന്നതും സമാനമാണെന്നും, സത്‌വൃത്തികള്‍ക്ക് സ്വര്‍ഗ്ഗീയ സമ്മാനങ്ങളില്‍ ഒരു സ്വാധീനവുമില്ലെന്നും ദുര്‍ബോധനം നടത്തുന്ന പൈശാചിക ഇടപെടലിനെ ഖുര്‍ആനിക ബോധത്തെ മുന്‍നിര്‍ത്തി നേരിടേണ്ടതുണ്ട്. നാം ഇതുവരെ വിസ്തരിച്ച വിവരണങ്ങളിലധിഷ്ഠിതമായി ചിന്തിക്കുമ്പോള്‍ ഈ പൈശാചിക ദുര്‍ബോധനം അര്‍ത്ഥ ശ്യൂനതയെ മാത്രമാണ് പ്രകാശിപ്പിക്കുന്നത്. എന്റെ അനുഗ്രഹം സകലതിനേയും ഉള്‍ക്കൊള്ളുന്നതാണെന്ന് പറഞ്ഞതിനു ശേഷം, ഞാന്‍ അത് മുഴുവന്‍ ജനങ്ങള്‍ക്കും രേഖപ്പെടുത്തി എന്നു പറയാതെ, തഖ്‌വ ചെയ്തവര്‍ക്ക് രേഖപ്പെടുത്തി എന്നാണല്ലോ അല്ലാഹു പറഞ്ഞത്.
അടിമയെന്ന സവിശേഷത കൈവരിച്ച മനുഷ്യന്‍ എന്നും ഹൃദായാവരിച്ച് നിര്‍വ്വഹിക്കേണ്ട രണ്ടു കാര്യങ്ങളുണ്ട്. ഒന്ന്, ഋജുവായ പാതയില്‍ ജീവിതം ചിട്ടപ്പെടുത്തുക, കല്‍പ്പന സ്വീകരിക്കുക, കൈയൊഴിക്കാന്‍ കല്‍പ്പിച്ചവ കൈവെടിയുക. ഇവയെല്ലാം നിര്‍വ്വഹിക്കാന്‍ സാധിച്ചത് അവന്റെ ഔദാര്യവും, അനുഗ്രഹവും കൊണ്ടാണ്. പ്രതിഫലവും, കൂലിയും ഒരിക്കലും പ്രവര്‍ത്തനങ്ങള്‍ മുഖേന കരസ്ഥമാക്കാന്‍ സാധ്യമല്ലെന്ന ഉത്തമ ബോധമാണ് രണ്ടാമത്തെ കാര്യം. ‘മാനസാന്തരപ്പെടുകയും വിശ്വസിക്കുകയും സത്കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുകയും പിന്നീട് നേര്‍മാര്‍ഗത്തില്‍ നിലകൊള്ളുകയും ചെയ്തവര്‍ക്ക് തീര്‍ച്ചയായും ഞാന്‍ ഏറെ പൊറുത്തു കൊടുക്കുന്നവനാണ്’ (സൂറത്ത് ത്വാഹ- 82) എന്ന ഖുര്‍ആനിക വാചകമാണ് ഈ ആശയത്തിന്റെ ആധാരം. സത്യവിശ്വാസവും, സുകര്‍മ്മങ്ങളും നിര്‍ബന്ധമായും നിര്‍വ്വഹിക്കേണ്ടതാണ്. വിട്ടുവീഴ്ച്ച, പൊറുത്തു കൊടുക്കല്‍ എന്നീ രൂപേണയാണ് പ്രതിഫലം ലഭിക്കുന്നത്, അല്ലാതെ വേലക്കൂലിയെന്ന നിലക്കോ, അവകാശമെന്ന നിലക്കോ അല്ല.
ദാസന് ഉടമയോടയുള്ള ബാധ്യതാ നിര്‍വ്വഹണമാണ് കല്‍പ്പനകള്‍ അനുസരിക്കുന്നതില്‍ നിവര്‍ത്തിയാകുന്നത്. അത് അടിമ ഒഴിച്ചുനിര്‍ത്താന്‍ പാടില്ലാത്തതാണ്. ഇതാണ് തന്റെ സ്വത്വമെന്ന തിരിച്ചറിവോടെ ഇരുകൈകള്‍ ഉയര്‍ത്തി അവനോട് ചോദിക്കേണ്ടത് അനുഗ്രഹത്തേയും, ഔദാര്യത്തേയുമാണ്. നിര്‍വ്വഹിച്ച പ്രവര്‍ത്തനത്തിന് പ്രതിഫലത്തെയല്ല നാം ചോദിക്കുന്നത്, അവന്റെ അപാരമായ വിട്ടുവീഴ്ച്ചയെയാണ്.
ബാധ്യതകള്‍ നിര്‍വ്വഹിക്കാതെ തെറ്റുകുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്ക് അല്ലാഹു അവന്റെ ശിക്ഷയും കോപവും താക്കീത് ചെയ്തിട്ടുണ്ട്. ആകയാല്‍ ഇത് പ്രതീക്ഷ ചുരുങ്ങിപ്പോവുന്നതിലേക്ക് നയിക്കുന്നില്ലേ? അവന്റെ അനുഗ്രഹം ലഭിക്കാന്‍ തഖ്‌വയെ നിബന്ധനയാക്കിയുളള ഖുര്‍ആനിക വചനം (അവന്റെ അനുഗ്രഹം തഖ്‌വ ചെയ്യുന്നവര്‍ക്ക് രേഖപ്പെടുത്തിയിരിക്കുന്നു) ഓര്‍മ്മപ്പെടുത്തുന്നത് പ്രതീക്ഷ കുറവാണെന്ന കാര്യം തന്നെയല്ലേ എന്നൊക്കെ ചോദിച്ചേക്കാം.
തെറ്റുചെയ്തവനോട് ആവശ്യപ്പെടുന്നത് അല്ലാഹുവിന്റെ ഔദാര്യത്തില്‍ പ്രതീക്ഷയര്‍പ്പിക്കാനാണ്. ഇത്തരക്കാരില്‍ നിന്ന് പ്രതീക്ഷ വെച്ചുപുലര്‍ത്താന്‍ അനിവാര്യമായി ഉണ്ടാകേണ്ടത് തൗബയാണ്. തെറ്റില്‍ നിലയുറച്ചായിരിക്കില്ല അവന്‍ അല്ലാഹുവിന്റെ തൗബയുടെ കവാടത്തില്‍ ചെന്നെത്തുന്നത്.
നിത്യമായി ചെയ്തുപോന്ന പാപങ്ങളെ വേരോടെ പിഴുതെറിഞ്ഞ്, ആവര്‍ത്തിക്കില്ലെന്ന ദൃഢതയോടു കൂടെ, ഖേദത്തിന്റെ പാരമ്യതയിലെത്തിയ മനസ്സോടെയാണ് അവന്‍ പശ്ചാത്തപിക്കുന്നത്. അല്ലാതെ തെറ്റില്‍ തന്നെ മുഴുകിയല്ല. സാധാരണ ഗതിയിലെ മാപ്പപേക്ഷ പോലും ചെയ്തതില്‍ ഖേദം പ്രകടിപ്പിച്ച് ആവര്‍ത്തിക്കില്ലെന്ന ദൃഢ മനോഭാവത്താല്‍ നിവര്‍ത്തിയാകുന്നതാണ്. ആകയാല്‍ സത്യസന്ധമായ തൗബ നിര്‍വ്വഹിച്ചാല്‍ അവനില്‍ കവിഞ്ഞ പ്രതീക്ഷയുണ്ടായി തീരുന്നു. അല്ലാഹു പറയുന്നു; ദാസന്മാരുടെ പാശ്ചാത്താപം സ്വീകരിക്കുന്നതും, ദാനധര്‍മ്മങ്ങള്‍ സ്വീകരിക്കുന്നതും അല്ലാഹു തന്നെയാണ്. പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും, കാരുണികനുമാണെന്നും അവര്‍ മനസ്സിലാക്കിയിട്ടില്ലേ? (9/104) എന്ന വചനത്തെ പ്രതിനിധീകരിക്കുന്നവന്‍ തൗബ ചെയ്യുന്നവനാണെന്നാണ് കരുതപ്പെടേണ്ടത്.
ഖുദ്‌സിയായ ഹദീസ് ഇവിടെ വായിക്കാം. ഈ ഹദീസില്‍ പരാമര്‍ശിക്കുന്ന ആശയത്തെ പ്രതിനിധാനം ചെയ്യുന്നവന്‍ കൂടിയാണ് യഥാര്‍ത്ഥ പശ്ചാത്താപി. തിരുമേനി പറഞ്ഞു; ‘എന്നോട് അല്ലാഹു പറഞ്ഞു. എന്റെ അടിമ തെറ്റു ചെയ്തു. ശേഷം അവന്‍ എന്നോട് അപേക്ഷിച്ചു. എന്റെ രക്ഷിതാവേ ഞാന്‍ നിന്നോട് തെറ്റു ചെയ്തു. എന്റെ പാപം നീ പൊറുത്തു തരണം. അവന്റെ പാപങ്ങള്‍ പൊറുത്തു കൊടുന്ന രക്ഷിതാവിനെ അറിഞ്ഞതു കൊണ്ട്, ഞാന്‍ അവന് പൊറുത്തു കൊടുത്തു. അവന്‍ രണ്ടാമതും തെറ്റുകള്‍ അവര്‍ത്തിച്ചു. വീണ്ടും അവന്‍ എന്നോട് പാപമോചനം തേടി. തെറ്റുകുറ്റങ്ങള്‍ പൊറുക്കുന്ന സ്രഷ്ടാവിനെ അറിഞ്ഞതിനാല്‍ ഞാനവനെ പാപമുക്തനാക്കി. മൂന്നാമതും അവന്‍ തെറ്റുകള്‍ ആവര്‍ത്തിച്ചു. എന്നോട് വീണ്ടും തൗബ ചെയ്തു. ഞാന്‍ എന്റെ അടിമക്ക് പൊറുത്തു നല്‍കി. അവന്‍ ഉദ്ദേശിക്കുന്നത് ചെയ്യട്ടെ’.
തെറ്റു ചെയ്യുന്നവര്‍ നിര്‍ബന്ധമായും തൗബ ചെയ്യേണ്ടതാണ്. ഇതാണ് തെറ്റിലകപ്പെട്ടവര്‍ക്കും ഏറ്റവ്യത്യാസമില്ലാതെ അവന്റെ അനുഗ്രഹത്തില്‍ പ്രതീക്ഷ അര്‍പ്പിക്കാനുള്ള മാര്‍ഗ്ഗം. തെറ്റില്‍ നിലയുറപ്പിച്ച്, തിന്മകളില്‍ ഭജനമിരിക്കുന്നവര്‍ക്ക് പാപ മോചനത്തെ പറ്റി ആലോചിക്കാന്‍ കഴിയാത്തതു പോലെ അല്ലാഹുവിന്റെ ഔദാര്യത്തില്‍ പ്രതീക്ഷയര്‍പ്പിക്കാനും പ്രാപ്യമല്ല.
ഇതോടെ ഒരു കാര്യം വ്യക്തമാവുകയാണ്. ഇബ്‌നു അതാഇല്ലാഹി സിക്കന്ദരി പറഞ്ഞതിന്റെ നേരെ വിപരീതമായ കാര്യവും, കര്‍മ്മങ്ങളെ ആസ്പദിക്കുന്നതിന്റെ മറ്റൊരു തെളിവാണ്. അഥവാ, അസംഖ്യം സത്കര്‍മ്മങ്ങളിലേര്‍പ്പെട്ടവന് അല്ലാഹുവിന്റെ പ്രതിഫലത്തിലും ആദരവിലും പ്രതീക്ഷ വര്‍ദ്ധിക്കുന്നുണ്ടെങ്കില്‍ അവന്‍ തന്റെ കര്‍മ്മങ്ങളെയാണ് ആശ്രയിക്കുന്നത്, ദൈവീക കാരുണ്യത്തേയോ വിട്ടുവീഴ്ച്ചയേയോ അല്ല.
സത്പ്രവര്‍ത്തനങ്ങളുടെ ആധിക്യത്തിന് അനുസൃതമായി, പ്രതീക്ഷയേറുമെന്ന വിശ്വാസത്തില്‍ അപകടം പതിഞ്ഞിരിപ്പുണ്ട്. ഒരുപാട് കാലം സത്കര്‍മ്മങ്ങളിലായി ജീവിതം നയിക്കുന്ന ഒരു വ്യക്തിയെ പറ്റി ചിന്തിച്ചു നോക്കൂ. കാലത്തിന്റെ ഗതിക്കനുസരിച്ച് അവന് അല്ലാഹുവിന്റെ പ്രതിഫലത്തിലും, വാഗ്ദാനത്തിലും ആത്മവിശ്വാസം വര്‍ദ്ധിച്ചു കൊണ്ടേയിരിക്കും. അതായത് ഈയൊരു ബന്ധത്തിലധിഷ്ഠിതമായി കഴിയുന്ന മനുഷ്യന്‍ നിശ്ചിത കാലയളവിന് ശേഷം ബോധ്യമാകുന്നത്, തന്റെ ജീവിതം മുഴുവന്‍ ദൈവീകാനുസരണത്തിലായി വിനിയോഗിച്ചുവെന്നതാണ്. കാലക്രമേണ താന്‍ സ്വര്‍ഗ്ഗവകാശിയെന്ന് ഉറച്ചു വിശ്വസിക്കുന്നു. വാസ്തവത്തില്‍ ഇതും, പ്രവര്‍ത്തനത്തിന്റെ കൂലി/ പ്രതിഫലം എന്ന ആശയം തന്നെയാണ് ധ്വനിപ്പിക്കുന്നത്.
എത്ര വലിയ ആരാധനകള്‍ നിര്‍വഹിച്ചാലും അടിമകള്‍ക്ക് ഉടമയോടുള്ള ബാധ്യത നിര്‍വഹിച്ചു തീര്‍ക്കാന്‍ സാധ്യമല്ലെന്ന പരമ ബോധ്യമാണ് ഇത്തരം വ്യര്‍ത്ഥമായ വിശ്വാസങ്ങളില്‍ നിന്ന് മുക്തിനേടാനുള്ള മാര്‍ഗ്ഗം. അടിമ നിര്‍വ്വഹിക്കേണ്ട ബാധ്യതകള്‍ നിവര്‍ത്തിയാവാതെ അവശേഷിക്കുന്നുവെന്നതാണ് വസ്തുത. അങ്ങനെ നിര്‍വ്വഹിക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ അത് വിശുദ്ധരായ അമ്പിയാക്കള്‍ക്കും മുര്‍സലുകള്‍ക്കുമാണ്.
അവരാണെങ്കിലോ തങ്ങളുടെ പ്രവര്‍ത്തികളെ പ്രതിഫലവുമായി ബന്ധപ്പെടുത്തിയിട്ടില്ല. പൂര്‍ണമായും അവര്‍ ആസ്പദിച്ചത് അല്ലാഹുവിന്റെ ഔദാര്യത്തെയും കൃപയേയുമാണ്.
ഇനി ചില ചരിത്ര വസ്തുതകള്‍ വായിക്കാം. ചരിത്രത്തില്‍ ഖലീലുറഹ്മാന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട, അടിമകളില്‍ ഉന്നത സ്ഥാനമലങ്കരിച്ച പ്രവാചക വ്യക്തിത്വമാണ് ഇബ്‌റാഹിം (അ). അതിശ്രേഷ്ഠര്‍ക്കിടയിലല്ല എന്റെ പദവിയെന്ന അര്‍ത്ഥത്തില്‍, തന്റെ സ്ഥാനം കുറിയതാണെന്ന നിലയിലാണ് മഹാനവറുകള്‍ അല്ലാഹുവോട് പ്രാര്‍ത്ഥിച്ചത്. ‘എന്റെ രക്ഷിതാവേ, എനിക്ക് തത്വജ്ഞാനം നല്‍കുകയും, എന്നെ സജ്ജനങ്ങളോടൊപ്പം ചേര്‍ക്കുകയും ചെയ്യേണമേ’ (26/83).
‘രക്ഷിതാവേ, എനിക്കും എന്റെ മാതാപിതാക്കള്‍ക്കും സത്യ വിശ്വാസികള്‍ക്കും വിചാരണ നാളില്‍ പൊറുത്തു നല്‍കണേ’ എന്ന ഇബ്‌റാഹിം നബിയുടെ പ്രാര്‍ത്ഥനയില്‍ പ്രകടമാവുന്നത് നബിയുടെ ആശ്രയം അവന്റെ റഹ്മത്തിലും മഗ്ഫിറത്തിലുമെന്നാണ്. അല്ലാഹുവിങ്കല്‍ ഉന്നതമായ പദവിയലങ്കരിക്കുന്ന മറ്റൊരു നബി വ്യക്തിത്വമാണ് അല്ലാഹുവിന്റെ പ്രവാചകരായ യുസുഫ്(അ). മഹാനവര്‍കളും നടത്തിയ പ്രര്‍ത്ഥന, തന്നെ ശ്രേഷ്ഠരില്‍ ഉള്‍പ്പെടുത്തണമെന്നാണ്. ആ പ്രാര്‍ത്ഥന ഖുര്‍ആനില്‍ പ്രതിപാദിക്കുന്നുണ്ട്.
എന്റെ രക്ഷിതാവേ, നീ എനിക്ക് ഭരണാധികാരം നല്‍കുകയും, സ്വപ്ന വാര്‍ത്തകളുടെ വ്യാഖ്യാനം പഠിപ്പിച്ചു തരികയും ചെയ്തു. ആകാശ ഭൂമികളുടെ സ്രഷ്ടാവേ, നീ ഭൗതിക പാരത്രിക ലോകത്തിലേയും എന്റെ രക്ഷാധികാരിയാകുന്നു. നീ എന്നെ മുസ്‌ലിമായി മരിപ്പിക്കുകയും, സജ്ജനങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കുകയും ചെയ്യേണമേ (12-101)
പ്രവാചകന്മാരുടെ പ്രവാചകനായ തിരുമേനി പഠിപ്പിച്ച കാര്യം നാം നേരത്തെ വായിച്ചതാണ്. ഒരാളും പ്രവര്‍ത്തനങ്ങള്‍ മുഖേന സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല. ഞാനും പ്രവേശിക്കുന്നതും അവന്റെ കാരുണ്യത്തിലാണ്.
ഭൂമി ലോകത്ത് എത്രമാത്രം അനുഗ്രഹങ്ങളാണ് അല്ലാഹു നമുക്ക് നല്‍കിയത്, എണ്ണിയാലൊടുങ്ങാത്ത, വ്യത്യസ്തങ്ങളായ ഈ അനുഗ്രഹത്തിന് നിര്‍വ്വഹിക്കേണ്ട നന്ദി പ്രകടനത്തിന്റെ ഒരംശം മാത്രമാണ് സത് കര്‍മ്മങ്ങളില്‍ നാം നിര്‍വ്വഹിക്കുന്നത്. ഏതൊരു മനുഷ്യനും സത്പ്രവര്‍ത്തനങ്ങളില്‍ എര്‍പ്പെടുമ്പോള്‍ നിവര്‍ത്തിയാകുന്നത് ഇതു മാത്രമാണ്.
നാം അല്ലാഹുവിന്റെ അടിമയെന്നും അവന്‍ നമ്മുടെ സ്രഷ്ടാവെന്നും അര്‍ത്ഥശങ്കക്കിടമില്ലാതെയുള്ള ബോധ്യമാണ് നമുക്ക് ഉണ്ടാകേണ്ടത്. ആകയാല്‍ അല്ലാഹുവിന് ആരാധന അര്‍പ്പിക്കല്‍ നമ്മുടെ ഉത്തരവാദിത്വവും, ബാധ്യതയുമാണ്. അതിനവന്‍ പ്രതിഫലം നല്‍കട്ടെ, നല്‍കാതിരിക്കട്ടെ. നാം ആരാധന നിര്‍വ്വഹിക്കണം. അവന്റെ ഔദാര്യമായി ലഭിക്കുന്ന സ്വര്‍ഗ്ഗത്തെ ചോദിക്കുകയും, അവന്റെ നരകത്തില്‍ നിന്നും ശിക്ഷയില്‍ നിന്നും കാവല്‍ തേടുകയും വേണം. അതും അവന്റെ കൃപയുടേയും, അനുഗ്രഹത്തിന്റേയും ഭാഗമാണ്. ഇതാണ് പ്രവാചകര്‍(സ)യുടെ പ്രാര്‍ത്ഥനകള്‍ തെര്യപ്പെടുത്തുന്ന യാഥാര്‍ത്ഥ്യം.
ആരാധനയ്ക്ക് പ്രതിഫലമായി സ്വര്‍ഗ്ഗം ലഭിക്കില്ലെന്ന അറിവോടെ വല്ല വ്യക്തിയും സ്വര്‍ഗ്ഗത്തെ ആഗ്രഹിച്ച് ആരാധനകള്‍ നിര്‍വ്വഹിക്കുകയാണെങ്കില്‍, വാസ്തവത്തില്‍ അവന്‍ ദൈവീക ആരാധനയില്‍ നിന്ന് വ്യതിചലിച്ചവനും, അല്ലാഹുവിന്റെ വിധി വിലക്കുകേെളയും, മതനിയമങ്ങളേയും തിരസ്‌കരിച്ചവനുമായി പരിണമിക്കുന്നു. അതിനാല്‍ അല്ലാഹുവിങ്കല്‍ അവന്‍ സത്യവിശ്വാസിയല്ല. എന്തെന്നാല്‍ ഇതോടെ അവന്‍ സാക്ഷ്യപ്പെടുത്തിയത് താന്‍ സ്വര്‍ഗ്ഗത്തിന്റെ അടിമയെന്നാണ്. അല്ലാഹുവിന്റെ അടിമയെന്നല്ല.
റാബിയത്തുല്‍ അദബിയ്യ തന്റെ മുനാജാത്തില്‍ പറയാറുണ്ടായിരുന്ന തൗഹീദിന്റെ ഉന്നതമായ ആശയത്തിലേക്കാണ് നാം ഇവിടെ എത്തിച്ചേര്‍ന്നത്. നിന്റെ സ്വര്‍ഗ്ഗത്തോടുള്ള പ്രേമം കൊണ്ടോ നരകത്തോടുള്ള ഭയം കൊണ്ടോ അല്ല നിന്നെ ഞാന്‍ ആരാധിക്കുന്നത്. നീ ആരാധനക്കര്‍ഹനാണെന്ന ബോധ്യത്തിലാണ് ഞാന്‍ ആരാധന നിര്‍വ്വഹിക്കുന്നത്. റാബിയത്തുല്‍ അദബിയ്യ നടത്തിയ ഈ മുനാജാത്തിനെ ചില ഉപരിപ്ലവകാരികള്‍ വിമര്‍ശിച്ചിട്ടുണ്ട്. സജ്ജനങ്ങള്‍ക്ക് അല്ലാഹു വാഗ്ദത്തം നല്‍കിയ സ്വര്‍ഗ്ഗത്തില്‍ നിന്നും പര്യാപ്തയാണെന്ന അര്‍ത്ഥ കല്‍പ്പന നടത്തി മഹതിയെ ശക്തമായി ആക്ഷേപിക്കുകയും, വിമര്‍ശിക്കുകയും ചെയ്തവരുണ്ട്. ഈ വാക്കിന്റെ അര്‍ത്ഥത്തെ ഗ്രഹിക്കുന്നതില്‍ കാണിച്ച വ്യഗ്രതതയാണ് അല്‍പ്പ ജ്ഞാനികള്‍ക്ക് പിണഞ്ഞ അബദ്ധം.
എന്നാല്‍ മഹതി റാബിയത്തുല്‍ അദബിയ്യ സ്വര്‍ഗ്ഗത്തെ ചോദിക്കുകയും നരകത്തില്‍ നിന്ന് കാവല്‍ ചോദിക്കുകയും ചെയ്യുന്ന ഒരുപാട് മുനാജാത്തുകള്‍ വേറെയുമുണ്ട്. അല്ലാഹുവിന്റെ കോപത്തേയും ശിക്ഷയേയും ഭയപ്പെടുകയും, സ്വര്‍ഗ്ഗീയ അനുഗ്രഹത്തേയും അല്ലാഹുവിന്റെ സാമീപ്യത്തെയും ബഹുമാന ആദരവുകളെയും അതിയായി ആഗ്രഹിക്കുകയും ചെയ്ത മഹതിയാണ് റാബിയത്തുല്‍ അദബിയ്യ . നിര്‍വ്വഹിച്ച നിസ്‌കാരത്തിന്റെയോ, മറ്റു ആരാധന കര്‍മ്മങ്ങളുടെയോ പ്രതിഫലമെന്ന നിലക്കായിരുന്നില്ല അവര്‍ ഇതെല്ലാം ചോദിച്ചതും ആഗ്രഹിച്ചതും. അവന്‍ പ്രതാപിയും നിരാശ്രയനും, താന്‍ അടിമയും അശ്രിതയുമാണെന്ന ഉത്തമബോധ്യത്തിലായിരുന്നുവത്രെ ഈ അഭിസംബോധനനകളെല്ലാം.
മഹതിയുടെ അനുസരണ കൃത്യങ്ങളും, ആരാധനകളും ദൈവീക സാമീപ്യത്തിനായിരുന്നു. അവന്‍ സര്‍വ്വലോക സ്രഷ്ടാവും, ഞാന്‍ അടിമയുമായതിനാല്‍ ആരാധനാ കൃത്യമെന്നത് തന്റെ കടമയാണ്. അവന്റെ സര്‍വ്വാധിപത്യത്തിനു മുമ്പില്‍ വിനയാന്വിതമായി കഴിയേണ്ടത് തന്റെ ഉത്തരവാദിത്വം മാത്രമാണ്. ഇതിന് അവന്‍ സ്വര്‍ഗ്ഗീയ ആരാമങ്ങള്‍ കൊണ്ട് ആദരിച്ചാലും, നരകാഗ്നി കൊണ്ട് ശിക്ഷിച്ചാലും തന്റെ ദാസ്യവൃത്തിയെന്ന സ്വത്വത്തെ പ്രകാശിപ്പിക്കേണ്ടതുണ്ട്. ഒരു സന്ദര്‍ഭത്തിലും അവനുമായുള്ള ഈ പ്രതിബദ്ധതയുടെ ഉടമ്പടി തകര്‍ക്കാനോാ മാറ്റം വരുത്താനോ സാധ്യമല്ല.
ഇതാണ് മഹതിയുടെ മനോഭാവം. ഈ മനോഭാവം അരുതെന്ന് പറയുന്ന വല്ല സത്യവിശ്വാസികളും ഉണ്ടോ? ഉണ്ടെങ്കില്‍ അവര്‍ പുലമ്പുന്നത്, മഹതി പറഞ്ഞത് ശരിയല്ല എന്നല്ലേ? എങ്കില്‍ ഇതിന്റെ വിപരീതമായതായിരിക്കും ശരി. ഞാന്‍ നിന്നെ ആരാധിക്കുന്നില്ല, നീയാണ് ആരാധനക്കര്‍ഹന്‍, എന്നിരുന്നാലും ഞാന്‍ നിന്റെ സ്വര്‍ഗ്ഗീയാനുഗ്രഹത്തെ അതിയായി ആഗ്രഹിക്കുന്നവനാണ് എന്നതാണ് റാബിയ പറഞ്ഞതിന്റെ വിപരീത ആശയം. അധാര്‍മികരായ സത്യവിശ്വാസികള്‍ പോലും, ലജ്ജവാഹവകവും നിന്ദ്യവുമായ ഇത്തരം സംബോധന വാക്കുകളുമായി ദൈവത്തെ അഭിസംബോധന ചെയ്യില്ല.
നാഥാ, നാം ഒരുപാട് വീഴ്ച്ചകള്‍ വരുത്തിയവരാണ്. മഹതി റാബിയത്തുല്‍ അദബിയ്യയുടെ സ്ഥാനത്തേക്കാള്‍ എത്രയോ വിദൂരത്താണ് നാം. എന്നിരുന്നാലും, അവര്‍ റബ്ബിനോട് അഭിസംബോധന നടത്തിയതുപോലെ ഞങ്ങളും നിന്നോട് കേഴുന്നു. യാ റബ്ബീ, ഞങ്ങള്‍ നിന്റെ അടിമകളും, നീ ഞങ്ങളുടെ രക്ഷിതാവുമാണ്. നിന്നെ മാത്രമാണ് ഞങ്ങള്‍ ആരാധിക്കുന്നത്. കഴിവിന്റെ പരമാവധി നിന്റെ ആജ്ഞ ഞങ്ങള്‍ അനുസരിക്കുന്നുണ്ട്. ഈ അനുസരണ ഒന്നിനും വേണ്ടിയല്ല. ഞങ്ങള്‍ നിന്റെ അടിമകളും നീ ഞങ്ങളുടെ രക്ഷിതാവുമാണ്, അതിനാല്‍ നാം അത് നിര്‍വ്വഹിക്കേണ്ടതാണ്. ഞങ്ങള്‍ ഋതുവായ പാതയില്‍ സഞ്ചരിക്കുമ്പോഴെല്ലാം ന്യൂനതകള്‍ സംഭവിക്കുന്നുണ്ടെന്നറിയാം. അതൊന്നും നിന്റെ കല്‍പ്പനകളോടുള്ള ധിക്കാരമല്ല. അത് ഞങ്ങളുടെ ദുര്‍ബലതയാണ്. നീ തന്നെ വിധിച്ചതാണ് ഞങ്ങള്‍ ദുര്‍ബലരാണെന്ന്. നാഥാ, തെറ്റുകുറ്റങ്ങളും വ്യതിചലനങ്ങളും ലംഘനങ്ങളും കുമിഞ്ഞുകൂടിയ ഈ ലൗകിക ലോകത്ത് നിന്ന് ഞങ്ങള്‍ നിന്നിലേക്ക് മടങ്ങുന്നവരാണ്, സത്യസന്ധവും ആത്മാര്‍ത്ഥവുമായ തൗബ നിര്‍വഹിക്കാന്‍ നീ തൗഫീഖ് നല്‍കുമെന്ന പ്രതീക്ഷയോടെ.
ഒന്നുമില്ലാത്ത നിരാലംഭരായ ഞങ്ങള്‍ നിന്നിലേക്ക് വരുന്നത്, നിന്നില്‍ ആശ്രിതരും, നിന്റെ അടിമത്വത്തില്‍ വിനായാന്വിതരുമായാണ്. ലൗകിക ജീവിതത്തില്‍ എന്താണ് ചെയ്തതെന്ന് നീ ചോദിച്ചാല്‍ ഞങ്ങള്‍ക്ക് പറയാനുള്ളത് ഇതു മാത്രമാണ്. നിന്റെ അനുഗ്രഹത്തിലും, ഔദാര്യത്തിലുള്ള പ്രതീക്ഷയോടെയാണ് ഞാന്‍ വന്നിരിക്കുന്നത്. നിന്റെ മുമ്പില്‍ അടിമത്വമെന്നല്ലാതെ ഒരു മൂല്യവും എന്നിലില്ല. ഈ സന്ദര്‍ഭത്തില്‍ നിന്നോട് എനിക്ക് ആദരവേറിയ സമ്മാനത്തെയും, സ്വര്‍ഗ്ഗത്തെയും യാചിക്കാനുള്ള ധൈര്യം പകരുന്നത്, നിന്റെ സ്വര്‍ഗ്ഗവും മറ്റു ആദരവുകളെല്ലാം നിന്റെ ഔദാര്യവും, കൃപയും കൊണ്ടുമാണെന്ന യാഥാര്‍ത്ഥ്യമാണ്. അടിമത്വമോളം വിലമതിക്കുന്ന ഒന്നും തന്നെ എനിക്ക് നിന്റെ മുമ്പില്‍ അര്‍പ്പിക്കാനുമില്ല.
ഇതാണ് സത്യവിശ്വാസികള്‍ മനസ്സകത്ത് അടച്ചുറപ്പിക്കേണ്ട, ദൃഢമായി വിശ്വസിക്കേണ്ട ഏകദൈവ വിശ്വാസത്തത്തിന്റെ വസ്തുനിഷ്ഠമായ രൂപം. ഈ യാഥാര്‍ത്ഥ്യമാണ് ഇബ്‌നു അത്വാഅ് തന്റെ ഈ തത്വോപദേശത്തില്‍ വിവക്ഷിക്കുന്നത്. അത് നമുക്ക് ഒരാര്‍വത്തി കൂടി വായിക്കാം. ‘തെറ്റു കുറ്റങ്ങളില്‍ അകപ്പെടുമ്പോള്‍ അല്ലാഹുവിലുള്ള പ്രതീക്ഷ കുറയുന്നത്, കര്‍മ്മങ്ങളില്‍ ആസ്പദിക്കുന്നുവെന്നതിന്റെ തെളിവാണ്’.

വിവർത്തനം: ബിഎം സഫ്‌വാന്‍ ഹാദി
Lecturer at the Faculty of Sharia at the University of Damascus in 1960. He went to Al Azhar University for a doctorate in Shariah and received his doctorate (PhD) in 1965.
