ഹാമിദിയെ- ഹിജാസ് റെയിൽവേ: പുണ്യ ഭൂമിയിലേക്കുള്ള ഓട്ടോമൻ പാത

ഒന്നാം ലോക മഹായുദ്ധസമയത്ത് ഇറാഖിലെ ഭരണാധികാരി എമിർ ഫൈസലിന്റെ സൈന്യവും കൊളോണിയൽ മേധാവി ടി.ഇ ലോറൻസിന്റെയും നേതൃത്വത്തിൽ നടത്തിയ അറബ് കലാപത്തിന്റെയും അട്ടിമറിയുടെയും കഥകളിലൂടെയാണ് ഹാമിദിയെ-ഹിജാസ് റെയിൽ‌വെ ആദ്യമായി ലോക ശ്രദ്ധ പിടിച്ചു പറ്റുന്നത്. പൂർവ അറേബ്യൻ സംസ്കാരിക നഗരങ്ങളായ ഡമസ്കസിനെയും അമ്മാനെയും സൗദി അറേബ്യയിലെ മദീനയുമായി ബന്ധിപ്പിക്കുന്ന ഹിജാസ് റെയിൽ‌വെ ഓട്ടോമൻ സർഗ്ഗാത്മകതയുടെ ചരിത്രപരമായ ഉദാഹരണമാണ്.

റെയിൽ‌വേയുടെ പ്രാഥമിക ലക്ഷ്യം മുസ്‌ലിം തീർഥാടകർക്ക് പുണ്യനഗരങ്ങളായ മക്കയിലേക്കും മദീനയിലേക്കുമുള്ള ആത്മീയ യാത്ര സുഗമമാക്കുക എന്നതായിരുന്നുവെങ്കിലും കർശനമായ സൈനികവും തന്ത്രപരവുമായ തലങ്ങളിൽ ഓട്ടോമൻ സാമ്രാജ്യം ഈ റെയിൽവെ ഉപയോഗപ്പെടുത്തി. 1898-1899 കാലഘട്ടത്തിൽ യമനിലും അറേബ്യയിലും കലാപങ്ങൾ അഭിമുഖീകരിച്ച ഓട്ടോമൻ സൈന്യം നേരിട്ട പ്രതിസന്ധികളെത്തുടർന്ന് സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമന്റെ ഉപദേഷ്ടാവ് ഇസ്സത് പാഷ തയ്യാറാക്കിയ പഠനത്തിലാണ് ഇത്തരം ഉൾനാടൻ പ്രവിശ്യകളിലെ (ഓട്ടോമൻ സാമ്രാജ്യത്തിന്റെ) അധികാരം പുനസ്ഥാപിക്കുന്നതിനുള്ള ഒരു മാർഗമായി റെയിൽ‌വേ നിർമാണം ഉപയോഗപ്പെടുത്താം എന്ന പ്രോപ്പോസൽ കൊണ്ടുവരുന്നത്. തുടർന്ന് നടന്ന ചർച്ചകളിലൂടെ പ്രമുഖ രാഷ്ട്രതന്ത്രജ്ഞരുടെ അഭിപ്രായങ്ങൾ കൂടെ സുൽത്താൻ സ്വീകരിച്ചതോടെയാണ് രാഷ്ട്രീയമായ പരിഗണനകളോടെ റെയിൽവേ നിർമാണത്തിന്റെ മാപ്പ് തയ്യാറാക്കിയത്. ഓട്ടോമൻ വ്യവഹാരങ്ങളിൽ പാശ്ചാത്യ ഇടപെടലിനെ എതിർക്കുന്നതിനായി സുൽത്താൻ അബ്ദുൽ ഹമീദ് പാൻ-ഇസ്‌ലാമിക നയമാണ് സ്വീകരിച്ചത്. ശക്തമായി അടയാളപ്പെടുത്തിയ നയത്തിന്റെ ഔദ്യോഗിക പ്രചാരണത്തിലൂടെ സൃഷ്ടിക്കാൻ ശ്രമിച്ച ഐക്യബോധം റെയിൽവെ നിർമ്മാണത്തിലും നിലകൊണ്ടു.

ഹിജാസ് റയിൽവേ കടന്നു പോകുന്ന ഇടങ്ങൾ

പദ്ധതിയുടെ ചരിത്രവും ലക്ഷ്യവും

റെയിൽ‌വേ നിർമ്മാണത്തിന് മുമ്പ് ഒട്ടകങ്ങളിൽ സഞ്ചരിച്ച തീർഥാടകർക്ക് ഡമസ്‌കസിൽ നിന്ന് മദീനയിലേക്കോ മക്കയിലേക്കോ എത്തിച്ചേരാൻ നാൽപത് മുതൽ അൻപത് ദിവസം വരെ നീണ്ട യാത്ര തീർത്തും ദുഷ്കരമായിരുന്നു. യാത്രികർ പലപ്പോഴും വഴിമധ്യേ ബദുക്കളുടെ ആക്രമണത്തിന് ഇരയാവുകയും കൊള്ളയടിക്കപ്പെടുകയും അന്യനാടുകളിൽ എത്തിയാൽ മഴ കാരണം വെള്ളപ്പൊക്കവും പകർച്ചവ്യാധികളും നേരിടേണ്ട സ്ഥിതിയും വന്നു. ഈ കാരണങ്ങളാലാണ് യാത്രക്കാർക്ക് സുരക്ഷിതമായ വഴി സൃഷ്ടിക്കുന്ന ഒരു റെയിൽ‌വേ സ്ഥാപിക്കാനുള്ള പ്രായോഗികത സുൽത്താൻ അബ്ദുൽ ഹമീദ് ഖാൻ പരിശോധിക്കുന്നത്. കൂടാതെ ഹിജാസിലേക്ക് റെയിൽ‌വേ നിർമ്മിക്കുന്നതിന് മുമ്പ് ഈജിപ്ത് ആക്രമിച്ച ബ്രിട്ടനെതിരെയും യമനിലും അറേബ്യയിലും നടന്ന കലാപങ്ങൾക്കെതിരെയും മുൻകരുതൽ എടുക്കാൻ രാജ്യത്തെ പ്രാപ്തമാക്കാനും റെയിൽ‌വേ സഹായകമാണെന്ന് സുൽത്താൻ കണക്കുകൂട്ടി.

ഓട്ടോമൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ഇസ്താംബൂളും ഇസ്‌ലാമിന്റെ പുണ്യനഗരമായ മക്കയും തമ്മിൽ ബന്ധം സ്ഥാപിക്കുക എന്നതായിരുന്നു മാർഗരേഖയായി മുന്നോട്ട് വെച്ച പദ്ധതിയുടെ പ്രഥമ ലക്ഷ്യം. ഡമസ്‌കസിൽ നിന്ന് മക്കയിലേക്കുള്ള പാത ബെർലിനിൽ നിന്ന് ബാഗ്ദാദിലേക്കുള്ള പാതയേക്കാൾ ദൈർഘ്യമേറിയതാണ്. ഇസ്താംബൂളിനെ അറേബ്യയുമായി ബന്ധിപ്പിക്കുന്ന അറബ് ലോകത്തിന്റെ ഹൃദയഭാഗമായി പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്തതാണ് ഇത്. അതിലൂടെ തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിനും യാത്രാ ദൈർഘ്യം കുറയ്ക്കുന്നതിനുമായി സഹായിച്ചു. മാത്രമല്ല, വിദൂര അറേബ്യൻ പ്രവിശ്യകളുടെ ഓട്ടോമൻ സംസ്ഥാനവുമായുള്ള സാമ്പത്തികവും രാഷ്ട്രീയവുമായ സമന്വയം മെച്ചപ്പെടുത്തുന്നതിനും റെയിൽവേ സഹായകമായി. ഇസ് ലാമിന്റെ പുണ്യ തീർത്ഥ ഭൂമിയിലേക്കുള്ള ഗതാഗതം നവീകരിക്കുന്നതിലും യാത്രയുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിലും ഒരു പുതിയ ഘട്ടമായിരുന്നു ഹിജാസ് റെയിൽ‌വേ കമ്മീഷൻ;

റെയിൽ‌വേ നിർമ്മിക്കുന്നതിലൂടെ, യമൻ വരെയുള്ള ഓട്ടോമൻ പ്രദേശത്തിന്റെ സുരക്ഷ ഉറപ്പാക്കപ്പെടുകയും സൈനികരുടെ ഗതാഗതം വളരെ സുതാര്യമാവുകയും ചെയ്തു. വാസ്തവത്തിൽ, റുമേലിയയിലൂടെ കടന്നുപോകുന്ന റെയിൽ‌വേ ചില യുദ്ധങ്ങളിൽ പ്രയോജനകരമായി. ഡമസ്കസിൽ നിന്ന് മദീനയിലേക്ക് (1300 കിലോമീറ്റർ) സൗദി അറേബ്യയിലെ ഹിജാസ് മേഖലയിലൂടെ പലസ്തീനിലെ ഹൈഫയെ ബന്ധിപ്പിക്കുന്ന ഒരു ബ്രാഞ്ച് ലൈൻ ഉൾപ്പെടെ ഓടി. ഇതിനകം തന്നെ ഇസ്താംബൂളിനെ ഡമാസ്‌കസുമായും ബാഗ്ദാദുമായും ബന്ധിപ്പിച്ചു. ജർമ്മൻ ഉപദേശത്തിനും പിന്തുണയ്ക്കും കീഴിൽ, ഇസ്‌ലാമിക ലോകത്തെമ്പാടുമുള്ള ഒരു സബ്സ്ക്രിപ്ഷനാണ് നിർമ്മാണ പ്രവർത്തനം ആരംഭിച്ചത്.

വിഷമകരമായ നിർമാണ രീതി

കഠിനവും ചെലവേറിയതുമായ പദ്ധതിയാണെങ്കിൽ പോലും ഇസ്‌ലാമിക ഐക്യവും ഖിലാഫത്തിന്റെ സ്വാധീനവും അനിവാര്യമാണെന്ന് കണ്ട ഓട്ടോമൻ സുൽത്താന്റെ റെയിൽവേ നിർമാണ തീരുമാനം ഇസ് ലാമിക ലോകം ആഘോഷങ്ങളോടെയാണ് സ്വീകരിച്ചത്. എന്നാൽ മറുവശത്ത്, ബ്രിട്ടീഷുകാർ ഇത് യാഥാർത്ഥ്യമാക്കാൻ കഴിയാത്ത അസാധ്യമായ ഒരു പദ്ധതിയായി വിലയിരുത്തി.

സാമ്രാജ്യം കഠിനമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഒരു സമയത്ത് റെയിൽ‌വേയുടെ നിർമ്മാണത്തിന് ആവശ്യമായ പണം എങ്ങനെ കണ്ടെത്തും എന്നതായിരുന്നു പ്രധാന വെല്ലുവിളി. റെയിൽ‌വേയുടെ നിർമാണത്തിന് ആകെ ചെലവ് പ്രതീക്ഷിച്ചിരുന്നത് 4 ദശലക്ഷം ഓട്ടോമൻ liras (ഏകദേശം 570 കിലോഗ്രാം സ്വർണം ) ആയിരുന്നു. ഈ തുക അക്കാലത്തെ മൊത്തം ഓട്ടോമൻ ബജറ്റിന്റെ ഇരുപത് ശതമാനതോളം വന്നിരുന്നു.

1877-1878 ലെ റസ്സോ-ടർക്കിഷ് യുദ്ധത്തിന്റെ മുറിവുകൾ, തുടർന്നുണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഇതിനെല്ലാം ഉപരിയായി നഷ്ടപരിഹാരമെന്നോണം റഷ്യക്ക് നൽകിയ ഭീമമായ തുക ഇതെല്ലാം തന്നെ സാമ്പത്തികമായി ഓട്ടോമൻ സാമ്രാജ്യത്തെ പ്രഹരമേൽപ്പിച്ചിരുന്നു. പിന്നീട് സാമ്രാജ്യത്തിന്റെ ബജറ്റിൽ കമ്മിവരുകയും സംസ്ഥാന ഉദ്യോഗസ്ഥരുടെ ശമ്പളം കൃത്യസമയത്ത് നൽകാൻ കഴിയാത്ത സാഹചര്യവും അഭിമുഖീകരിക്കേണ്ടി വന്നു. ഈ പ്രതിസന്ധി ഘട്ടത്തിലും മറുവശത്ത്, ജർമ്മനിക്ക് കരാർ നൽകിയ ബാഗ്ദാദ് റെയിൽവേയുടെ നിർമ്മാണം നടക്കുന്നുണ്ടായിരുന്നു.

റെയിൽവേ നിർമാണത്തിലെ സാമ്പത്തിക സ്ഥിതി സുതാര്യമാക്കാൻ രാജ്യവ്യാപകമായി ഡൊണേഷൻ ക്യാമ്പയിൻ ആരംഭിച്ചു. വിശേഷിച്ചും ഓട്ടോമൻ സുൽത്താൻ മുതൽ, ഓട്ടോമൻ രാജവംശം, പ്രമുഖ രാഷ്ട്രതന്ത്രജ്ഞർ, പൊതുജനങ്ങൾ, തുടങ്ങി എല്ലാവരും ഗണ്യമായ തുക സംഭാവന ചെയ്തു. എന്നാലും റെയിൽ‌വേ നിർമാണത്തിന് ഈ തുക മതിയാകില്ലെന്ന് വ്യക്തമായിരുന്നു. തുടർന്ന് റെയിൽ‌വേ നിർമ്മാണത്തിനായി പണം സംഭാവന ചെയ്യണമെന്ന് ലോകമെമ്പാടുമുള്ള മുസ്‌ലിംകളോട് സുൽത്താൻഅബ്ദുൽ ഹമീദ് ആഹ്വാനം ചെയ്തു.

സുൽത്താന്റെ ആഹ്വനം ഉൾക്കൊണ്ട സാമ്രാജ്യത്തോട് കൂറു പുലർത്തിയിരുന്ന ഇസ് ലാമിക ലോകം നിർമാണ പ്രവർത്തനങ്ങൾക്ക് സഹായവുമായി വന്നു. ഓട്ടോമൻ പ്രദേശത്തിന് പുറത്ത് താമസിക്കുന്ന മുസ്‌ലിംകൾ ഓട്ടോമൻ കോൺസുലേറ്റുകൾ വഴി വലിയ സംഭാവന നൽകാൻ തുടങ്ങി. അക്കാലത്ത് യൂറോപ്യൻ അധിനിവേശ കോളനികളായിരുന്ന മൊറോക്കോ മുതൽ ഈജിപ്ത്, ഇന്ത്യ, ദക്ഷിണാഫ്രിക്ക, കസാൻ വരെ, എല്ലാ സാമ്രാജ്യങ്ങളും ഈ ശ്രമത്തിന് സംഭാവന നൽകി. ഈജിപ്തിലെ ഖേദിവ് (സ്വയം ഭരണാവകാശമുള്ള ഓട്ടോമൻ സാമ്ര്യാജ്യത്തിന് കപ്പം നൽകിക്കൊണ്ടിരുന്ന പ്രദേശം), ഇറാനിലെ ഷാ, ഹൈദരാബാദിലെ നിസാം തുടങ്ങി ഇസ് ലാമികമായി ഭരണം നിലനിന്നിരുന്ന എല്ലാ പ്രദേശങ്ങളും ചെറു രാജ്യങ്ങൾ വരെ സംഭാവന നൽകി. ഇസ് ലാമിക ഐക്യവും ഖിലാഫത്തിനോടുള്ള വിശ്വസ്തതയും കണക്കിലെടുത്ത് സംഭാവന ക്യാമ്പയിൻ നിരതിശയമായ പദ്ധതിയായി മാറി. ഓട്ടോമൻ സാമ്രാജ്യത്തിൽ താമസിക്കുന്ന അമുസ്‌ലിംകളും സംഭാവന നൽകുന്നതിൽ നിന്ന് വിട്ടുനിന്നില്ല. സുൽത്താനെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് യൂറോപ്പിൽ നിന്ന് പോലും സംഭാവനകൾ ലഭിച്ചു. സംഭാവന നൽകിയവർക്ക് സാമ്രാജ്യത്തിന്റെ സമ്മാനമെന്നോണം ഹിജാസ് റെയിൽവേ മെഡലുകൾ നൽകി ആദരിച്ചു.

സുൽത്താൻ അബ്ദുൽഹമീദ് രണ്ടാമൻ. ഹിജാസ് റെയിൽവേയുടെ സ്ഥാപകൻ

1900 നും 1908 നും ഇടയിൽ നിർമാണം പൂർത്തീകരിച്ച റെയിൽവേയുടെ മേൽനോട്ട നിർമാണപ്രവർത്തനങ്ങൾക്കായി സുൽത്താന്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ചു. യൂറോപ്യൻ എഞ്ചിനീയർമാരുടെ സഹായത്തോടെയും ജർമ്മൻകാരനായ ഹെൻ‌റിക് ഓഗസ്റ്റ് മെയ്‌സ്നറുടെ (Heinrich August Meissner) നിർദേശ പ്രകാരവുമായിരുന്നു പദ്ധതിയുടെ പ്രവർത്തനം തുടങ്ങുന്നത്. യൂറോപ്പിൽ നിന്നും യുഎസിൽ നിന്നും ഇതിനായി നിർമാണ വസ്തുക്കൾ ഇറക്കുമതി ചെയ്തു. ഓട്ടോമൻ എഞ്ചിനീയർമാരും സാങ്കേതിക വിദഗ്ദ്ധരും പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ചു.

പുണ്യമേഖലയുടെ അതിർത്തി അടയാളപ്പെടുത്തുന്ന മദായിൻ സാലിഹ് സ്റ്റേഷൻ (Medain Saleh station) വരെ ജർമൻ യൂറോപ്യൻ സഹായത്തോടെയും അവിടെന്നങ്ങോട്ട് നിർമാണ മേഖലയിലെ ഉത്തരവാധിത്വം ഓട്ടോമൻ എഞ്ചിനീയർമാരും സാങ്കേതിക വിദഗ്ധരും ഏറ്റെടുത്തു. ഫീൽഡിൽ തൊഴിലാളികളായി ഉണ്ടായിരുന്നത് മുസ് ലിങ്ങ്ൾ മാത്രമായിരുന്നു. അയ്യായിരത്തോളം ഓട്ടോമൻ സൈനികരെ തൊഴിലാളികളായി ചുമതലപ്പെടുത്തിയത് കൊണ്ട് നിർമ്മാണത്തെ ആദ്യം എതിർത്ത തെക്കൻ പ്രദേശങ്ങളിലെ ബദുക്കളുടെ ആക്രമണത്തിൽ നിന്ന് റെയിൽവേയുടെയും തൊഴിലാളികളുടെയും സംരക്ഷണം ഉറപ്പാക്കാൻ കഴിഞ്ഞു. റെയിൽ‌വേ നിർമാണ പ്രവൃത്തികൾ ചെയ്യുന്നതോടൊപ്പം പരിപാലനവും നിരീക്ഷണവും കർശനമാക്കുന്നതിനും കൂടിയാണ് സൈനികരെ നിയോഗിച്ചത്.

ഇസ്താംബൂളിനെ മദീന, മക്ക, യെമൻ എന്നിവയുമായി ബന്ധിപ്പിക്കുന്ന ഹിജാസ് റെയിൽ‌വേ ഡമസ്‌കസിൽ നിന്ന് നിർമ്മാണം ആരംഭിച്ചു. നാല് വർഷത്തിന് ശേഷം 460 കിലോമീറ്റർ റെയിൽവേ പൂർത്തിയായി ജോർദാനിലെ മാൻ (ma’an) നഗരത്തിലെത്തി. നിർമാണ മേഖലയെ കൃത്യമായ അതിരുതിരിച്ച് നിർണയിക്കുകയും ഓരോ വർഷവും സെപ്റ്റംബർ ഒന്നാം തിയതി, നിർണയിച്ച ഭാഗങ്ങളുടെ പണിപൂർത്തീകരിക്കുകയും ഓരോ ഭാഗങ്ങളുടെയും ഉദ്ഘാടനം സാമ്രാജ്യം ആഘോഷിക്കുകയും ചെയ്തു:

പൂർത്തീകരണ ക്രമം 

മെസീരീബ്-ദർആ (Mzérib-Deraa 1901), ദർആ-സെർക്ക (Deraa-Zerka 1902), ഡമാസ്കസ്-ദർആ, സെർക്ക-ഖത്രാന(Damascus- Deraa and Zerka-Qatrana 1903), ഖത്രാന-മആൻ (Qatrana-Ma’an 1904), മആൻ- മൗഡവ്വറ (Maan-Moudawwara 1905), മുദവ്വറ -തബൂക്ക് (Moudawwara-Tebouk 1906), തബൂക്ക് മദായിൻ- സ്വാലിഹ് (Tebouk Medain-Saleh 1907), ഒടുവിൽ മദായിൻ- സ്വാലിഹ്-മദീന (Medain Saleh-Medina 1908).

ഓരോ നഗരത്തിലും ആയിരക്കണക്കിന് പാലങ്ങൾ, കലുങ്കുകൾ, തടാകങ്ങൾ, തുരങ്കങ്ങൾ, ഫാക്ടറികൾ, നിർമാണശാലകൾ, പിയറുകൾ, ഗോഡൗണുകൾ, റിഫൈനറികൾ, തൊഴിലാളികൾക്കുള്ള ഡോർമിറ്ററികൾ, ആശുപത്രി, വാട്ടർ ടാങ്കുകൾ, റെയിൽ‌വേ സ്റ്റേഷനുകൾ എന്നിവ നിർമ്മിച്ചതോടു കൂടി സാമ്രാജ്യം സമ്പന്നമാവാനും ജനങ്ങളെ കൂടുതൽ അഭിവൃദ്ധിയിലേക്കും എത്തിക്കാനും സാധിച്ചു. റെയിൽ‌വേ ഹൈഫ വഴി മെഡിറ്ററേനിയനുമായി ബന്ധിപ്പിച്ചിരുന്ന കാരണത്താൽ കടൽമാർഗ്ഗത്തിൽ പുറം രാജ്യങ്ങളിൽ നിന്നും വരുന്ന തീർത്ഥാടകർക്ക് ഹൈഫയിലോ ബെയ്റൂത്തിലോ ഇറങ്ങുന്നത് നാല് ദിവസത്തിനുള്ളിൽ മദീനയിലേക്ക് എത്താനും സഹായകമായി. ചരക്ക് ഗതാഗതത്തിന് കൂടുതൽ ആക്സസ് ചെയ്യാവുന്നതുകൊണ്ട് ഹൈഫ ഒരു പ്രധാന തുറമുഖമായി മാറി. പാതയുടെ പൂർത്തീകരണത്തോട് കൂടി ഡമാസ്‌കസിൽ നിന്നുള്ള യാത്ര എഴുപത്തിരണ്ട് മണിക്കൂറിനുള്ളിൽ (മുമ്പത്തേതിനേക്കാൾ പത്തിരട്ടി വേഗതയിൽ) പുണ്യ നഗരത്തിൽ എത്താൻ മൂന്ന് സ്റ്റെർലിംഗ് പൗണ്ടിന്റെ മിതമായ ടിക്കറ്റ് കൊണ്ട് കഴിഞ്ഞു.

ആസൂത്രണം ചെയ്തതിനേക്കാൾ ലളിതമായ നിർമ്മാണം

1908 ൽ പുണ്യ മദീനയിലെത്തിയ ഹിജാസ് റെയിൽ‌വേ ലോക മുസ് ലികൾ ആവേശത്തോടെ ഏറ്റു പിടിച്ചു. മഹത്തായ സാമ്രാജ്യത്തിനെയും പദ്ധതിയുടെ മുഖ്യ സൂത്രധാരനായ സുൽത്താൻ അബ്ദുൽ ഹമീദ് ഖാനെയുംകുറിച്ച് വിശ്വാസികൾ സ്തുതി പാടി. 1,464 കിലോമീറ്റർ നീളമുള്ള റെയിൽ‌വേയ്ക്ക് 3 ദശലക്ഷം ഓട്ടോമൻ ലിറയോളം (ഏകദേശം 430 കിലോഗ്രാം സ്വർണം) ചെലവ് വന്നെങ്കിലും ആപേക്ഷികമായി യൂറോപ്യൻ കമ്പനികൾ ഓട്ടോമൻ ഭൂമിയിൽ നിർമ്മിച്ച മറ്റ് റെയിൽ പാതകളേക്കാൾ വളരെ കുറവായിരുന്നു ഈ തുക. ആദ്യം കണക്കാക്കിയതിനേക്കാൾ കൂടുതൽ ചെലവ് വെട്ടിക്കുറച്ചു. പദ്ധതിയുടെ ക്രമീകരണത്തിൽ സൈനിക അംഗങ്ങളുടെ ഉപയോഗം, കെട്ടിട നിർമ്മാണത്തിൽ ഉണ്ടായിരുന്ന വിവിധ സന്നദ്ധപ്രവർത്തകരുടെ പങ്കാളിത്തം, സമീപ പ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച നിർമാണ മെറ്റീരിയലുകൾ, എന്നിങ്ങനെ ചെലവ് ലാഭിക്കാൻ നിരവധി ഘടകങ്ങൾ സഹായിച്ചു.

റെയിൽ‌വേയുടെ ഉദ്ഘാടനത്തെത്തുടർന്ന് ഹൈഫയ്ക്കും ഡമസ്കസിനും ഇടയിൽ എല്ലാ ദിവസവുംആഴ്ചയിൽ മൂന്ന് ദിവസം മദീനയുമായും വാണിജ്യ കൈമാറ്റങ്ങളും മറ്റ് യാത്രകളും ക്രമാതീതമായി വർദ്ധിച്ചു. ഹജ്ജ് കാലഘട്ടത്തിൽ, ഡമസ്കസിനും മദായിൻ- സ്വാലിഹിനും ഇടയിൽ സഫർ മാസം അവസാനം വരെ ദിനേന മൂന്ന് ട്രെയിൻ സർവീസുകൾ നടന്നു. ഹജ്ജ് കാലയളവിൽ മാത്രം ടിക്കറ്റിന് ആനുകൂല്യവും നൽകി. ഒരു റൗണ്ട് ട്രിപ്പിലേക്ക് സിംഗിള്‍ ട്രപ്പിനുള്ള ടിക്കറ്റ് മതിയായിരുന്നു. പ്രാർത്ഥനാ സമയമനുസരിച്ച് പുറപ്പെടൽ ഷെഡ്യൂൾ ക്രമീകരിച്ചു. കൂടാതെ, ഓരോ യാത്രയിലുംഒരു മുഴു വാഗൺ (ബോഗി) മസ്ജിദായി ഉപയോഗിക്കുകയും ഒരു ഇമാമിനെ എല്ലായ്പ്പോഴും സേവനത്തിന് നിശ്ചയിക്കുകയും ചെയ്തു. റെയിൽ‌വേയുടെ സംരക്ഷണ സേനയിലേക്ക് ബദുകളെ നിയോഗിക്കുകയും ശമ്പളപ്പട്ടികയിൽ ഉൾപ്പെടുത്തുകയും പരിപാലനത്തിനായി നിരവധി സാങ്കേതിക വിദഗ്ധർക്ക് പരിശീലനവും നൽകി. രാജ്യത്തെ ജനങ്ങളുടെ ജീവിത നിലവാരവും കച്ചവട താല്പര്യവും വർദ്ധിച്ചു. ചരക്കുകളുടെ ഗതാഗത വർധനവ് കാരണം റെയിൽ‌വേ കടന്നുപോയ പ്രദേശങ്ങൾ സാമ്പത്തികമായി വികസിച്ചു. പിൽകാലത്ത് ഇന്ത്യൻ മുസ്‌ലിംകൾ ബാഗ്ദാദ് വഴി ഹിജാസ് റെയിൽവേ ഇന്ത്യയിലേക്ക് നീട്ടാൻ സുൽത്താനോട് ആവശ്യപ്പെടുകയും റെയിൽ പാത നിർമാണത്തിന്റെ ചെലവ് തങ്ങൾ വഹിക്കാൻ തയ്യാറാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തതായി ചരിത്ര രേഖകളിൽകാണാം.

സാമ്രാജ്യത്തിന്റെ അവസാനം

ബദുക്കളുടെ സഹായത്തോടെ ലോറൻസ് ഹിജാസ് റെയിൽവേ ആക്രമിക്കുന്നു

നിർഭാഗ്യവശാൽ, ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിനാൽ ഹിജാസ് റെയിൽ‌വേ ഒരിക്കലും പൂർത്തിയായില്ല/പൂർത്തിയാക്കാൻ സാധിച്ചില്ല. 1908ൽ യുവ തുർക്കികൾ (ഒരു മതേതര സംഘം) സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമനെ അധികാരത്തിൽ നിന്ന് നീക്കിയതിനുശേഷം റെയിൽ‌വേയുടെ പേര് ഹാമിദിയെ-ഹിജാസ് റെയിൽ‌വേയിൽ നിന്ന് കേവലം ഹിജാസ് റെയിൽ‌വേയിലേക്ക് ചുരുക്കി. അബ്ദുൽ ഹമീദ് രണ്ടാമന്റെ പതനത്തിനു ശേഷംഅദ്ദേഹത്തെ പിന്തുടർന്നവർക്ക് യഥാർത്ഥത്തിൽ ഭരിക്കാനുള്ള ശക്തിയുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ കാൽച്ചുവടുകൾ ഫലപ്രദമായി പിന്തുടരാൻ ശക്തരായ ഓട്ടോമൻ‌മാർ ഉണ്ടായിരുന്നില്ല എന്ന് പറയുന്നതാകും ശരി. ഓട്ടോമൻ ഖിലാഫത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രയാസമേറിയതും പ്രക്ഷുബ്ധവുമായ ഒരു കാലഘട്ടമായിരുന്നു സുൽത്താൻ അബ്ദുൽഹമീദിന്റെ ഭരണം. ഓട്ടോമൻ സാമ്രാജ്യത്തിന്റെ 30 വർഷം അധികാരം വഹിച്ചതിന്റെ ബഹുമതിയും അദ്ദേഹത്തിനുണ്ട്. ശിഥിലീകരണത്തിന്റെ വക്കിലെത്തിയ ഓട്ടോമൻ സാമ്രാജ്യത്തിൻ മുപ്പത് വർഷക്കാലത്തെ ജീവൻ കൂടെ നൽകിയത് അബ്ദുൽ ഹമീദ് ഖാന്റെ കൂർമ്മ ബുദ്ധിയും ഭരണ മികവും കൊണ്ട് മാത്രമായിരുന്നല്ലോ. അതിനാൽ അബ്ദുൽ ഹമീദിന്റെ കാല ശേഷം യുവ തുർക്കികൾ ഓട്ടോമൻ‌മാരെ ഫലപ്രദമായി നിയന്ത്രിച്ചു.

ഒന്നാം ലോക മഹായുദ്ധസമയത്ത് റെയിൽ‌വേ വഴി മദീന ഇസ്താംബൂളുമായി ആശയവിനിമയം നടത്തുകയും 1918 വരെ പ്രതിരോധിക്കുകയും ചെയ്തു. 1918 ലെ ഉടമ്പടിയോടെ ഓട്ടോമൻ സാമ്രാജ്യത്തിന് റെയിൽ‌വേയുടെ മിക്ക ഭാഗങ്ങളിലും നിയന്ത്രണം നഷ്ടപ്പെട്ടു. തുടർന്ന് റെയിൽവേ അട്ടിമറിക്കാൻ കുപ്രസിദ്ധ ബ്രിട്ടീഷ് ചാരനായ ലോറൻസിന്റെ നേതൃത്വത്തിൽ റെയിലിന്റെ ഓരോ ഭാഗങ്ങളും തകർക്കാൻ വേണ്ടി കൊള്ളക്കാരായ ബദുക്കളെ സ്വാധീനിക്കുകയും അവർക്ക് സ്വർണം സമ്മാനമായി നൽകുകയും ചെയ്തു. മആൻ മുതൽ മദീന വരെയുള്ള റെയിൽ‌വേ അവർ പൊളിച്ച് നശിപ്പിച്ചു. വിവിധ അറബ് ഗോത്രങ്ങളും റെയിൽ‌വേയെ അവരുടെ ജീവിതരീതിക്കും ബിസിനസിനും പരമാധികാരത്തിനും ഭീഷണിയാണെന്ന് കരുതി റെയിൽ‌വേക്കെതിരെ നിരന്തര ആക്രമണം നടത്തി. ഫൈസൽ ബിൻ ഹുസൈൻ (പിന്നീട് ബ്രിട്ടീഷ് സഖ്യകക്ഷിയായ ഇറാഖ് രാജാവ്) ആയിരുന്നു ഇതിന് നേതൃത്വം കൊടുത്തിരുന്നത്. ഓട്ടോമൻ‌മാർക്കെതിരായ അറബ് കലാപത്തിൽ ബ്രിട്ടീഷുകാരുമായി സഖ്യമുണ്ടാക്കിയ വിവിധ അറബ് ഗോത്ര വിഭാഗങ്ങൾ മേൽപ്പറഞ്ഞ ലോറൻസ് ഓഫ് അറേബ്യ (AKA strategic British officer T.E. Lawrence) എന്നിവരുടെ സഹായത്തോടെ ഓട്ടോമൻ സൈനികരെ ശക്തിപ്പെടുത്തുന്നത് തടയാൻ ഹിജാസ് റെയിൽവേയുടെ ഭൂരിഭാഗം പ്രദേശങ്ങളും ബോംബെറിഞ്ഞു തകർത്തു.

ബഹുമാന പൂർവ്വം ഹബീബിൻ ചാരെ

മദാഇൻ സ്വാലിഹ് സ്റ്റേഷൻ

സുൽത്താന്റെ പ്രത്യേക നിർദ്ദേശപ്രകാരം മദീന സ്റ്റേഷൻ സ്ഥാപിക്കുമ്പോൾ അതുവരെ ശബ്ദ മുഖരിതമായ റെയിൽവേയുടെ ഫീൽഡ് തീർത്തും വ്യത്യസ്തമായി. യന്ത്രങ്ങളുടെ സീൽക്കാരങ്ങളും ശബ്ദങ്ങളുടെ അതിസാന്നിധ്യവും തീർത്ത അന്തരീക്ഷം പ്രവാചക മണ്ണിനോട് പ്രത്യേകം ബഹുമാനം കാണിക്കാനെന്നവണ്ണം പണിക്കോപ്പുകൾ പ്രതേക തുണിയിൽ പൊതിഞ്ഞു കൊണ്ട് പ്രവർത്തിപ്പിച്ചു. അമിതമായ ശബ്ദം പുറപ്പെടിവിക്കുന്ന ട്രെയിൻ വീലുകളും തുണി കൊണ്ട് പൊതിഞ്ഞു ശബ്ദം നിയന്ത്രിക്കുന്ന രീതിയിലേക്ക് മാറ്റി. ഹബീബിനോടുള്ള വശ്യമായ ഇടപെടൽ കണ്ട ജനമനസ്സിൽ സുൽത്താനോടുള്ള ഇഷ്ടം നാൾക്കുനാൾ ഉയർന്നു. ജനങ്ങൾ മക്കയുടെയും മദീനയുടെയും ഭരണാധികാരിയെന്ന് വിളിക്കുമ്പോൾ അദ്ദേഹം പറയും, ‘ഞാൻ മക്കയുടെയും മദീനയുടെയും ദാസനല്ലാതെ മറ്റൊന്നുമല്ല.’ “ഹാസ മിൻ ഹെയ്‌രതി എമീരിൽ-മുഅമിനീൻ സുൽത്താൻ അബ്ദുൽ ഹമീദ് ഖാൻ ഗാസി അസ്സെഹു വെ നസറാഹു”-“Haza min hayrati emiri’l-mü’minîn Sultan Abdülhamid Han Gazi azzehu ve nas arahu”(ഗാസി സുൽത്താൻ അബ്ദുൽഹ മീദിനെ പ്രതിനിധീകരിക്കുന്ന ചാരിറ്റികളാണ് റെയിലുകൾ. അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിക്കുകയും സഹായിക്കുകയും ചെയ്യട്ടെ. The rails are the charities on behalf of the Gazhi Sultan Abdülhamid. May Allah bless and help him). ഹജ്ജ് തീർഥാടകരായിരുന്നു റെയിൽവേയ്ക്ക് ഓട്ടോമൻ ഖലീഫയുടെ പേര് നൽകി ആദരിച്ചത്.

സിറിയയിലും ജോർദാനിലും ഹിജാസ് റെയിൽവേ ഇപ്പോഴും ഉപയോഗത്തിലുണ്ട്. റെയിൽ‌വേ വീണ്ടും സജീവമാക്കാൻ സൗദി സർക്കാർ പുതിയ പദ്ധതികളും ഇതിനകം കൊണ്ടുവന്നു. റെയിൽ‌വേയുടെ 452 കിലോമീറ്റർ ദൂരം ജോർദാനിലാണുള്ളത്. അൽ-മെഫ്രാക്ക്, സെർക്ക, അമ്മാൻ, ജൈസ്, അൽ-ഖത്രാന, മആൻ എന്നീ നഗരങ്ങളിലൂടെ ഇന്നും ട്രെയിനുകൾ സജീവമാണ്. റെയിൽവേയുടെ ഓട്ടോമൻ കാലഘട്ടത്തിലെ സ്റ്റേഷനുകൾ മാറ്റിനിർത്തിയാൽ, അമ്മാൻ മുതൽ സെർക്ക വരെ സബർബൻ ട്രെയിനുകൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ജറുസലേം, ഡമസ്‌കസ്, ഹിജാസ് തുടങ്ങിയ നഗരങ്ങളിലെ മതപരവും ചരിത്രപരവും വിനോദസഞ്ചാരവുമായസ്ഥലങ്ങളുടെ ഫോട്ടോകളാൽ ജോർദാനിലെ ട്രെയിൻ അലങ്കരിച്ചതായി കാണാം. ട്രെയ്നിൽ ഓട്ടോമൻ ഭാഷയിൽ ഫലകത്തിന്മേൽ കൊത്തിവെച്ച കുറിപ്പുകൾ കാണാം.

– “ഹരിക്ഡെ വുകുഫ് മെംമ്നൂ ദുർ” It is forbidden to dangle outside (പുറത്തേക്ക് തൂങ്ങിയുള്ള യാത്രനിരോധിച്ചിരിക്കുന്നു).