ഇമാം ഗസാലി, ആധുനികത; ശൈഖ് മുറാദ് സംസാരിക്കുന്നു
പ്രശസ്ത പണ്ഡിതനും കേംബ്രിഡ്ജ് മുസ്‌ലിം കോളേജ് സ്ഥാപകനുമായ ശൈഖ് അബ്ദുൽ ഹകീം മുറാദുമായി അനസ് കാരിച് നടത്തിയ ഇമാം ഗസാലി, ഇസ്‌ലാമും വെസ്റ്റും, മോഡേണിറ്റി തുടങ്ങിയവയിലൂടെ കടന്നു പോകുന്ന സംസാരം. ക്ലാസിക്കൽ ഇസ്‌ലാക് കൃതികളുടെ വിവർത്തനങ്ങളിലൂടെയും അക്കാഡമിക് ലോകത്തെ ഇടപെടലുകളിലൂടെയും ശ്രദ്ധേയനാണ് ശൈഖ് മുറാദ്. THE MANTLE ADORNED (ബുർദ വ്യാഖ്യാനം), UNDERSTANDING THE FOUR MADHAB, BOMBIND WITHOUT MOONLIGHT എന്നിവയാണ് പ്രധാന കൃതികൾ.
- നിലവിൽ ഇസ്‌ലാമിന്റെ ഈ കാണുന്ന പുനരുജ്ജീവനത്തിനു പിന്നിൽ ഇമാം ഗസ്സാലിയുടെ ഗ്രന്ഥങ്ങൾ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട് എന്ന താങ്കളുടെ അഭിപ്രായത്തിൽ നിന്ന് തന്നെ തുടങ്ങാമെന്ന് തോന്നുന്നു.
ഇമാം ഗസ്സാലി പ്രധാന്യമർഹിക്കുന്നത് അദ്ദേഹമൊരു ബഹുമുഖ പ്രതിഭയായത് കാരണമാണ്. ഫിലോസഫി മാത്രമല്ല അദ്ദേഹം കൈകാര്യം ചെയ്തത്. മറിച്ച് പോസിറ്റിവിസത്തെ അമിതമായി പ്രോൽസാഹിപ്പിക്കുന്ന ആധുനിക ഫിലോസഫിയുടെ അപകടകരമായ വശങ്ങളെ അദ്ദേഹം തുറന്നുകാട്ടുകയുണ്ടായി.
ഈയൊരു തിരിച്ചറിവാണ് പരമമായ ആത്മീയതയിൽ കേന്ദ്രീകരിച്ച ഒരു പുതിയ വിജ്ഞാന ശാസ്ത്രത്തിന് രൂപം നൽകാൻ അദ്ദേഹത്തിന് പ്രചോദനമായത്. പോസ്റ്റ് മോഡേണിസം മാനവകുലത്തെ ഒന്നാകെ അതിക്രൂരമായ അന്ധതയിലേക്ക് വലിച്ചെറിഞ്ഞു എന്ന പൊതുബോധം നിലനിൽക്കുന്ന ഞാനുൾപ്പെടുന്ന തലമുറക്കിടയിൽ ഇമാം ഗസ്സാലിയുടെ വിജ്ഞാന ശാസ്ത്രം വളരെ പെട്ടെന്ന് സ്വീകാര്യത നേടുകയും പ്രസിദ്ധമാവുകയും ചെയ്തു.ഏകദേശം തൊള്ളായിരം വർഷങ്ങൾക്ക് മുൻപ് ഇമാം ഗസാലിയും അവിടുത്തെ വിജ്ഞാന ശാസ്ത്രവും വ്യാഖ്യാനിച്ച വസ്തുതകളെ സംബന്ധിച്ച പഠനങ്ങളിലാണ് ഇപ്പോഴും നമ്മൾ, അതും പ്രപഞ്ചത്തെ കുറിച്ചോ മനുഷ്യ പ്രകൃതത്തെ പറ്റിയോ യാതൊരു തരത്തിലുമുള്ള ഗവേഷണങ്ങളോ പരീക്ഷണ പ്രവർത്തനങ്ങളോ നടന്നിട്ടില്ലാത്ത കാലഘട്ടത്തിൽ, കാരണം നിലവിലെ ഗവേഷണങ്ങൾക്ക് അവർ നിർമിച്ച് വെച്ച അനാത്മീയമായ (material) ഫ്രെയിമിനുള്ളിൽ നിന്നും പുറത്ത് കടക്കുക അസാദ്ധ്യമാണ്. ചുരുക്കത്തിൽ തൻറെ മാസ്റ്റർ പീസായ ഇഹ്‌യയിലൂടെ (ഇഹ്‌യാഉലൂമുദ്ദീൻ) ഇമാം ഗസാലി വാഗ്ദാനം ചെയ്യുന്നത് ആധുനികതയുടെ കെണിയിൽ നിന്നുള്ള പരമമായ മോചനമാണ്.
- വെസ്റ്റേൺ രാജ്യങ്ങൾക്ക് ഇമാം ഗസ്സാലിയുമായുള്ള ബന്ധം എങ്ങനെയാണ് ?
മധ്യകാലഘട്ടങ്ങളിൽ യൂറോപ്പിൽ ഇമാം ഗസ്സാലി അറിയപ്പെട്ടിരുന്നത് അൽ ഗാസെൽ (Algazel) എന്നായിരുന്നു. കാരണം ലാറ്റിൻ ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട അദ്ദേഹത്തിന്റെ മിക്ക ഗ്രന്ഥങ്ങളിലും അൽ ഗാസെൽ എന്നായിരുന്നു Guindisalvi യെ പോലുള്ള പ്രമുഖ വിവർത്തകന്മാർ പോലും നാമകരണം നടത്തിയിരുന്നത്. പ്രത്യേകിച്ച് അറേബ്യൻ അരിസ്റ്റോട്ടിലിയനിസത്തെ ശക്തമായി എതിർക്കുന്ന അദ്ദേഹത്തിന്റെ പ്രസിദ്ധങ്ങളായ മഖാസിദുൽ ഫലാസിഫ, തഹാഫുതുൽ ഫലാസിഫ എന്നീ രണ്ട് ഗ്രന്ഥങ്ങളിലും. അക്കാലത്തെ പ്രമുഖ ചിന്തകന്മാരായിരുന്ന അക്വിനാസ് ,റോബർട്ട് ഗ്രോസ്സറ്റെസ്റ്റേ ,ഹ്യൂഗോ തുടങ്ങിയവയെല്ലാം പ്രത്യക്ഷത്തിൽ ഇമാം ഗസ്സാലിയുടെ ഗ്രന്ഥങ്ങളിൽ ആകൃഷ്ടരായിരുന്നു. മധ്യകാല ജൂത പണ്ഡിതനായിരുന്ന മൈമോനിടെസ് , നർബോൺ , ഭക്തിവാദിയായിരുന്ന ബഹ്‌യ ബെൻ പക്വാദ ഇവരെല്ലാം തന്നെ ഇമാം ഗസ്സാലിയുടെ ജ്ഞാനശാസ്ത്രത്തിനോടും ലോജിക്കിനോടും അങ്ങേയറ്റം കടപ്പെട്ടവരായിരുന്നു. നിലവിൽ ഇഹ്‌യയുടെ നാൽപ്പതിൽ ഇരുപതോളം ഭാഗങ്ങൾ വിവിധ യൂറോപ്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. പ്രധാനമായും ഫ്രഞ്ച്, ജർമ്മൻ, ഭാഷകളിലേക്കും അത് കൂടാതെ ഇറ്റാലിയൻ, ഡച്ച് , റഷ്യൻ ഭാഷകളിലേക്കും മൊഴിമാറ്റം നടന്നു. വളരെ കൗതുകകരമായ വസ്തുത എന്തെന്നാൽ റിച്ചാർഡ് ഫ്രാങ്കിന്റെ Al- Ghazali and the Asharite School എന്ന ഗ്രന്ഥം ഒഴിച്ചു നിർത്തിയാൽ വളരെ കുറച്ച് പഠനങ്ങൾ മാത്രമേ ഇമാം ഗസ്സാലിയെ പറ്റി വെസ്റ്റിൽ നടന്നിട്ടുള്ളുവെങ്കിലും മുസ്ലിം ചിന്തകന്മാരിലെ ഏറ്റവും സ്വാധീന ശക്തിയുള്ള പണ്ഡിതൻ എന്നാണ് വെസ്റ്റിൽ അദ്ദേഹം അറിയപ്പെടുന്നത്.
- മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ ഇമാം
ഗസ്സാലിയുടെ അക്കാദമിക സ്വാധീനം എത്രത്തോളമാണ് ?
അനേകം രാജ്യങ്ങളിൽ ഇന്നും ഇഹ്‌യയുടെ പുതിയ പതിപ്പുകൾ അച്ചടിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. തുർക്കിയിൽ അത് കുറച്ചു കൂടെ ജനകീയമാണ്, മാത്രമല്ല ഇറാനിൽ മുഹ്‌സിൻ ഫായിസ് കഷാനി രചിച്ച ഇഹ് യയുടെ ശീഈ പതിപ്പുകൾ പ്രസിദ്ധമാണ്. മലേഷ്യൻ ജനതയുടെ ഭൂരിഭാഗവും ഷാഫി മദ്ഹബ് പ്രാക്ടീസ് ചെയ്യുന്നവരാണ്, അത് കൊണ്ട് തന്നെ ശാഫിഈ മദ്ഹബുകാരനായ ഇമാം ഗസ്സാലിക്ക് അവർക്കിടയിൽ പ്രത്യേക സ്വാധീനമുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ ബൗദ്ധികമായ സമീപനരീതി സൗദി അറേബ്യൻ യൂണിവേഴ്‌സിറ്റികളിലെ പ്രഫസർമാർക്കിടയിൽ ശക്തമായ അമർഷം സൃഷ്ടിച്ചിരുന്നു, വ്യവസ്ഥാപിതമായ ഏത് ദൈവിക ശാസ്ത്രത്തെയും മതനിന്ദയായിട്ടാണ് അവർ കണ്ടിരുന്നത്. ഈയടുത്ത കാലം വരെ അങ്ങേയറ്റം ലളിതമായ ജീവിതരീതി പിന്തുടർന്നവരായിരുന്നു അറേബ്യൻ ജനത. അത് കൊണ്ട് തന്നെ ആധുനിക ലോകക്രമവുമായുള്ള വ്യവഹാരങ്ങളുടെ അവശ്യകത അവർ തിരിച്ചറിഞ്ഞതുമില്ല. ഒരു പക്ഷെ ഇത്തരം സമീപനരീതികൾ മരുഭൂ നിവാസികളായ നാടൻ ജനവിഭാഗങ്ങളെ ആകർഷിക്കാൻ സഹായകമായേക്കാം. പക്ഷെ ആഗോള അക്കാദമിക ബൗദ്ധിക മണ്ഡലങ്ങളിൽ അധികകാലം അതിന് നിലനിൽപ്പുണ്ടാവില്ല. സമാനമായി, ഇമാം ഗസ്സാലിയുടെ സൂഫീ മിസ്റ്റിസത്തോടുള്ള സമീപനത്തെ വഹാബി വിഭാഗങ്ങൾ ആശങ്കയോടെയാണ് നോക്കി കണ്ടത്. കാരണം അവർ പ്രാക്ടീസ് ചെയ്യുന്ന ആത്മാവില്ലാത്ത, വൈവിധ്യങ്ങൾക്ക് യാതൊരു സ്ഥാനവുമില്ലാത്ത വിശ്വാസത്തിന് അതൊരു പ്രതിബന്ധമായിരുന്നു.എന്നാൽ തന്നെയും തിരിച്ചറിവുള്ള അക്കാദമിക്ക് നിലവാരമുള്ള ഒരു സമൂഹം വഹാബി വിഭാഗങ്ങളെ പാടെ അവഗണിക്കുന്ന രീതിയാണിന്ന് കാണാൻ സാധിക്കുന്നത്. അത് കൊണ്ട് തന്നെയാണ് കൂടുതൽ ചിന്തനീയമായ നിലവാരമുള്ള ഇമാം ഗസാലിയിലേക്ക് ജനങ്ങൾ കടന്നുവരുന്നത്.
- ഇസ്‌ലാമിക പാശ്ചാത്യ ലോകങ്ങൾക്കിടയിൽ പരസ്പരമുള്ള അജ്ഞത വലിയ പ്രതിസന്ധിയാണിന്ന് സൃഷ്ടിക്കുന്നത്. എന്താണ് അഭിപ്രായം ?
നാമമാത്രമായ മതനിരപേക്ഷത ഉണ്ടായിരുന്നിട്ടും വെസ്റ്റേൺ ലോകം സ്വയം ക്രിസ്തീയ നാഗരികതയായി അറിയപ്പെടാൻ ആഗ്രഹിക്കുന്ന ഒന്നാണ്. യൂറോപ്യൻ കമ്മ്യൂണിറ്റിയിലെ അംഗത്വത്തിന് ക്രിസ്തീയ പാരമ്പര്യതെയും പൈതൃകത്തെയും അംഗീകരിക്കൽ നിർബന്ധമാണെന്ന് 1993 ൽ അന്നത്തെ യുറോപ്യൻ കമ്മീഷൻ പ്രസിഡന്റായിരുന്ന ജാക്സ് ഡിലോറസ് പ്രസ്താവനയിറക്കി, എന്നാൽ തുർക്കി ഇതിനെ പരിഗണിച്ചില്ല
ശേഷം യൂറോപ്പിൽ ആകമാനം ഈ പ്രസ്താവന അംഗീകാരം നേടി.
ജീസസിന്റെ അതുല്യമായ മോക്ഷ പ്രമാണങ്ങളുള്ള ചരിത്രപരമായ മതമാണ് ക്രിസ്ത്യാനിറ്റി.
എന്നാൽ അക്രൈസ്തവരായ ന്യൂനപക്ഷങ്ങളോട് സഹിഷ്ണുത പ്രകടിപ്പിക്കാൻ അവർക്ക് കഴിയാറില്ല.
മധ്യ കാലഘട്ടങ്ങളിൽ ഒരുപക്ഷേ നിങ്ങൾക്ക് ഒരു ക്രിസ്തീയ വിശ്വാസിയായി കൈറോ പട്ടണത്തിൽ ജീവിക്കാമായിരുന്നു. എന്നാൽ ഒരു മുസ്ലിമായി ലണ്ടൻ നഗരത്തിൽ നിങ്ങൾക്ക് ജീവിക്കാൻ കഴിയുമായിരുന്നില്ല എന്നതാണ് വസ്‌തുത. സ്പെയിനിൽ മുസ്‌ലിം ഭരണകൂടത്തിന് കീഴിൽ എണ്ണൂറ് വർഷത്തോളം ക്രിസ്തീയ ജൂത വിഭാഗങ്ങൾ ജീവിച്ചു. 1492 ലെ ഗ്രാനഡയോടെ പതനത്തോടെ നിലവിലെ സ്ഥിഗതികളൊന്നാകെ മാറിമറിഞ്ഞു. ധാരാളം പള്ളികൾ അഗ്നിക്കിരയാക്കപ്പെടുകയും പൊളിച്ചു കളയുകയുമുണ്ടായി.ശേഷിച്ച മുസ്ലിം ജൂത വിഭാഗങ്ങളെ നാടുകടത്തുകയും ചെയ്തു.
പിന്നീട് ജ്ഞാനോദയ കാലഘട്ടത്തിൽ വിജ്ഞാനസമ്പന്നരായ ജനങ്ങൾ ക്രിസ്ത്യാനിറ്റിയെ തള്ളിപ്പറയുകയും ശേഷം തിരസ്‌കരിക്കുകയുമുണ്ടായി.
വളരെ കർക്കശമായ നിലപാടുള്ള ക്രിസ്തീയതയും വൈവിധ്യമാർന്ന ഇസ്ലാമിന്റെയും പാരമ്പര്യങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണിത്.
എന്നാൽ ഇതിനെ വളരെ വിചിത്രമായയാണ് പിന്നീട് അവതരിപ്പിക്കപ്പെട്ടത്. ആഗോള ധൈഷണിക സംവാദങ്ങളിൽ ക്രിസ്തീയതയെ വൈവിധ്യമാർന്ന ഒന്നായും, ഇസ്ലാമിനെ ആധിപത്യസ്വഭാവമുള്ള രീതിശാസ്ത്രം എന്ന നിലക്കുമാണ് ഇന്ന് അവതരിപ്പിക്കപ്പെടുന്നത്.
- നാഗരികതകൾ പരസ്പരമുള്ള ഈ സംഭാഷണങ്ങൾ ഈസ്റ്റ്, വെസ്റ്റ് തമ്മിലുള്ള ഒരു ഏറ്റുമുട്ടൽ ആയി വായിക്കപ്പെടുമോ?
അങ്ങനെ ഈസ്റ്റ് വെസ്റ്റ് തമ്മിലൊരു ഏറ്റുമുട്ടൽ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എന്നാൽ നിലവിൽ രണ്ട് രൂപത്തിലുള്ള മത്സരം രൂപപ്പെട്ട് വരുന്നുണ്ട്. ഒന്ന്, വ്യവസായവൽകൃതമായ വടക്കും പൊതുവെ ദരിദ്രരായ തെക്കും തമ്മിലെ വിഭവങ്ങക്ക് വേണ്ടിയുള്ള സംഘട്ടനം. വാസ്തവത്തിൽ തെക്ക് നിന്നുമുള്ള വിഭവ കൈമാറ്റതിന്റെ മൂലധനത്തിൽ മാസം തോറും ഏഴ്
ബില്യനോളം വർധനവാണ് വടക്കൻ രാജ്യങ്ങൾക്ക് കൈവരുന്നത്. രണ്ടാമതായി, പരമ്പരാഗത മതസമൂഹവും ഭൗതികവാദവും തമ്മിലുള്ളതാണ്. ഞാൻ ആഗ്രഹിക്കുന്നത് മുഖ്യധാരയിലുള്ള മതങ്ങളെല്ലാം തന്നെ അവർക്കിടയിലെ പ്രാമാണികമായ തർക്കങ്ങൾ മാറ്റിനിർത്തി തങ്ങളുടെ പൊതുശത്രുവിനെ മനസ്സിലാക്കേണ്ടതുണ്ട്. ഐക്യരാഷ്ട്ര സഭയുടെ 1994 ലെ കോണ്ഫറൻസിൽ മുസ്ലിം കമ്മ്യൂണിറ്റിയും വത്തിക്കാൻ സഭയും തമ്മിൽ കെയ്റോയിൽ ഇത്തരത്തിലുള്ള നീക്കങ്ങൾക്ക് മുൻകെയെടുത്തിരുന്നു. വിനാശകരമായ വ്യക്തികേന്ദ്രീകൃത ആധുനിക വ്യവഹാരങ്ങൾക്കെതിരിൽ മുസ്ലിംകളും ഇതര വിശ്വാസികളും ഒരുമിച്ച് പ്രവർത്തിക്കേണ്ട ആവശ്യകത ഇന്ന് വർധിച്ചിരിക്കുന്നു.
- വെസ്റ്റിൽ നിന്നും ഇസ്ലാം ആശ്ലേഷണങ്ങളുടെ ധാരാളം കഥകൾ നമ്മൾ കേൾക്കുന്നു. വാസ്തവത്തിൽ എത്രത്തോളം ശക്തമാണ് ഈ പ്രസ്ഥാനങ്ങൾ?
കുറച്ച് വർഷങ്ങൾക്ക് മുമ്പ് മത പരിവർത്തനങ്ങളെ സംബന്ധിച്ച് പുസ്തകം തയ്യാറാക്കുന്ന ഒരു കൂട്ടം ഫ്രഞ്ച് ജേണലിസ്റ്റുകളെ ഞാൻ കാണാനിടയായി. അവരിൽ നിന്നും ഞാൻ അറിഞ്ഞ കാര്യങ്ങൾ അമ്പരപ്പിക്കുന്നതായിരുന്നു. വെസ്റ്റേൺ യൂറോപ്പിലെ അധികം മത പരിവർത്തങ്ങളും നടക്കുന്നത് ഇസ്ലാമിലേക്കായിരുന്നു എന്നതാണത്. അക്കൂട്ടത്തിൽ ബുദ്ധിസമാണ് രണ്ടാം സ്ഥാനത്തുള്ളത്. അവരുടെ കണക്ക് പ്രകാരം ഒരു ലക്ഷത്തോളം ഫ്രഞ്ച് ജനതയാണ് ഇസ്ലാമിലേക്ക് കടന്ന് വന്നത്. ബ്രിട്ടനിൽ തങ്ങളുടെ അടുത്ത കുടുംബങ്ങളോട് പോലും മറച്ച് വെച്ച് കൊണ്ട് ഇസ്ലാം സ്വീകരിച്ച
ധാരാളം അക്കാദമിസ്റ്റുകളുണ്ട്. എനിക്ക് വ്യക്തിപരമായി പരിചയമുള്ള എന്റെ യൂണിവേഴ്‌സിറ്റിയിലെ പ്രഫസ്സറും ഭാര്യയും , ഇസ്ലാം സ്വീകരിച്ചിട്ട് മുപ്പതോളം വർഷങ്ങളായി പക്ഷെ തങ്ങളുടെ സഹപ്രവർത്തകരോട് പോലും മറച്ചു വെച്ചാണ് അവർ ജീവിക്കുന്നത്. ലോർഡ് നോർത്ബോൺ പോലെയുള്ള ബ്രിട്ടീഷ് സാംസ്കാരിക പ്രവർത്തകരുടെ ഇസ്ലാം ആശ്ലേഷണ വിവരം പുറം ലോകമറിയുന്നത് അവരുടെ മരണ ശേഷമാണ്.
എന്നാൽ ഫ്രാൻസിലെ സ്ഥിതി മറിച്ചാണ് ഫിലോസഫറായ റോജർ ഗരോഡി പ്രമുഖ ചിത്രകാരനായ അലിജെസ് മോജോൻ, അറബിക് പ്രഫസ്സറായ വിൻസെന്റ് മൊൻറ്റൈൽ ഇവരെല്ലാം തങ്ങളുടെ വിശ്വാസത്തെ പരസ്യമായി പ്രഖ്യാപിച്ചവരാണ്. ഇസ്ലാമിന് നേരെ വരുന്ന വംശീയ ആരോപണങ്ങളെയും നിയോ ഫാസിസത്തിയും ശക്തമായി അവർ നേരിടുകയും ചെയ്തിരുന്നു.
- വെസ്റ്റേൺ യൂണിവേഴ്‌സിറ്റികളിൽ ഒരുപാട് കാലം ചിലവഴിച്ചിട്ടുണ്ട് താങ്കൾ, മുസ്ലീം കമ്മ്യൂണിറ്റിയോടുള്ള അക്കാദമിക് സമീപനങ്ങളിൽ മാറ്റം വന്നതായി കരുതുന്നുണ്ടോ ?
വെസ്റ്റേൺ സർവകലാശാലകളിലെ ഇസ്ലാമിക് ഡിപ്പാർട്ട്‌മെന്റുകൾ പഴഞ്ചൻ ശൈലിയിലുള്ളതാണ്. എത്രത്തോളമെന്ന് പറഞ്ഞാൽ ജൂയിഷ് (jewish) പഠിപ്പിക്കുന്നത് ജൂതന്മാരായ അധ്യാപകന്മാരാണ്, ക്രിസ്ത്യൻ സ്റ്റഡീസ് പഠിപ്പിക്കുന്നത് ക്രിസ്റ്റീയ പ്രൊഫസ്സർമാരാണ് ഫെമിനിസം ഡിപ്പാർട്ട്‌മെന്റ് കൈകാര്യം ചെയ്യുന്നത് ഫെമിനിസ്റ്റുകളായ അധ്യാപകരാണ്. എന്നാൽ ഇസ്ലാമിക് ഡിപ്പാർട്ട്‌മെന്റ് കൈകാര്യം ചെയ്യുന്നത് മതത്തോട് നിസ്സംഗമായി പെരുമാറുന്ന, അല്ലെങ്കിൽ ഒരു പക്ഷെ മതത്തോട് കടുത്ത ശത്രുത പുലർത്തുന്നവരുമാണ്.
ഉന്നത അക്കാഡമിക് നിലവാരമുണ്ടായിട്ടും തങ്ങളുടെ തസ്തികകളിൽ നിന്നും പിരിച്ചു വിട്ട
ധാരാളം മുസ്ലിം പണ്ഡിതന്മാരുമായി ഞാൻ സംവദിച്ചിട്ടുണ്ട്. അവരെ പുറത്താക്കാനുള്ള കാരണമായി അക്കാഡമി ആശങ്കപെട്ടത്,ഇസ്ലാമിനെ കുറിച്ച് പഠിപ്പിക്കുമ്പോൾ അവർക്ക് കൂടുതൽ ഒബ്ജെക്റ്റീവ് ആയി ഇടപഴകാൻ കഴിയില്ല എന്നതാണ്.
ബ്രിട്ടീഷ് സർവകലാശാലകളിലെ മുസ്ലിം പ്രഫസ്സർമാരിൽ അധിക പേരും മത പരിവർത്തനം ചെയ്ത കമ്മ്യൂണിറ്റിയിൽ പെട്ടവരാണ്. കഴിഞ്ഞ രണ്ട് ദശകങ്ങളായി ഇസ്ലാമിക് സ്റ്റഡീസ് ഡിപ്പാർട്ട്‌മെന്റുകൾ വലിയ തോതിൽ രാഷ്ട്രീയ സാംസ്കാരിക പ്രാധാന്യം നേടിയിട്ടുണ്ട്. ഈ ഡിപ്പാർട്ട്‌മെന്റുകളുടെ ഉപദേശങ്ങളും നിർദേശങ്ങളും അടിസ്‌ഥാനമാക്കിയാണ് രാഷട്രീയ നേതാക്കൾ പല വിഷയങ്ങളിലും തീരുമാനങ്ങൾ സ്വീകരിക്കാറുള്ളത്. മാത്രവുമല്ല സർവ്വകലാശാലകളിൽ നിലവിലുള്ള അസമത്വങ്ങക്കെതിരെ പ്രതികരികരിക്കാനും അവയെ കുറച്ചുകൊണ്ടുവരാനും മുസ്ലിം വിദ്യാർത്ഥികൾ തയ്യാറാകേണ്ടതുമുണ്ട്.
- നിങ്ങളുടെ ബോസ്നിയൻ അനുഭവങ്ങൾ എന്തൊക്കെയായിരുന്നു ?
ഞാൻ യൂണിവേഴ്‌സിറ്റിയിലേക്ക് പോകുന്നതിന് മുമ്പാണ് ആദ്യമായി ബോസ്നിയ സന്ദർശിച്ചത്. പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ലാതെ മുടി നീട്ടി വളർത്തി ബാക്ക് പാകും ചുമലിലേന്തി യൂറോപ്പ് ചുറ്റുന്ന കൗമാരക്കരുടെ കൂട്ടത്തിൽ ഒരാളായിരുന്നു ഞാൻ. എനിക്ക് 18 വയസ്സുള്ളപ്പോൾ ബെൽഗ്രേഡ് നഗരത്തിൽ ചിലവഴിച്ച ഒരു ദിവസത്തെ കുറിച്ച് ഞാൻ ഇപ്പോഴും ഓർക്കുന്നു സാവ്ഡോവ്ചിക്ക് സമീപത്തെ ഒരു ട്രെയിനിൽ ഉറക്കമുണർന്നതും അവിടുത്തെ മനോഹരമായ പ്രകൃതി എന്നെ വല്ലാതെ ആകർഷിച്ചതും ഹരിതാഭമായ കുന്നുകളും മഞ്ഞ പുല്ല് നിറഞ്ഞ താഴ്വരയും ഗ്രാമത്തിലെ വെളുത്ത മിനാരങ്ങളുമെല്ലാം. ജയിൽ നിന്നും പുറത്തിറങ്ങി ആദ്യമായി ഒരു സുന്ദരിയായ സ്ത്രീയെ കാണുന്നത് പോലെയുള്ള അനുഭവമായിരുന്നു എനിക്കത്.
അതിന് ശേഷം പലപ്പോഴായി ഞാൻ ബോസ്നിയ സന്ദർശിച്ചുണ്ടായിരുന്നു. അവിടെ കണ്ട മതങ്ങൾ തമ്മിലുള്ള സൗഹൃദം എന്നെ വല്ലാത്ത ആകർഷിച്ചു.അതിൽ നിന്നും ഞാൻ ഒരു വസ്തുത മനസ്സിലാക്കുകയായിരുന്നു. ഇത്തരത്തിൽ ദൃഢതയിലും പവിത്രമായ രീതിയിലും സഹിഷ്ണുത നിലനിൽക്കുന്നത് യൂറോപ്പിന്റെ മുസ്ലിം പ്രദേശങ്ങളിൽ മാത്രമാണ് എന്ന വസ്‌തുത.
അറബ് ലോകത്തെ ചില സഹോദരന്മാരുടെ പ്രവർത്തനങ്ങളെ ഞാൻ വളരെ അസ്വസ്ഥതയോടെയാണ് നിരീക്ഷിക്കുന്നത്. അവർ ശ്രമിക്കുന്നത് ഇസ്ലാമിന് അപരിചിതമായ പരുഷവും കുടിലവുമായ ഒരു വിശ്വാസത്തെ ബോസ്നിയയിലേക്ക് കൊണ്ട് വരാനാണ്. നിലവിലെ വൈവിധ്യമാർന്ന പരിഷ്‌കൃത സമൂഹത്തിൽ അതിന് യാതൊരു സ്ഥാനവുമില്ല. ഇസ്ലാമിക വിശ്വാസ സംഹിതയുടെ അടിസ്ഥാന സ്രോതസ് അതിന്റെ സാംസ്കാരിക വൈവിധ്യമാണ്. മലേഷ്യൻ ജനതക്ക് അവരുടേതായ ഇസ്ലാമിക ശൈലികളാണുള്ളത്. അത് പോലെ തന്നെയാണ് തുർക്കിഷ്‌കൾക്കും, നൈജീരിയൻ ജനതക്കും, ഉസ്‍ബെക്കുകൾക്കുമെല്ലാം. ബോസ്നിയൻ മുസ്‌ലിംകൾക്ക് അറേബ്യൻ ശൈലികൾ പിന്തുടരാനാവില്ല.രണ്ട് കൂട്ടരുടെയും സാംസ്‌ക്കാരിക പശ്ചാത്തലങ്ങൾ വ്യത്യസ്തമാണ്. സങ്കുചിത ചിന്താഗതിക്കാരായ മിഡ്ൽ ഈസ്റ്റിലെ ആളുകളുടെ പ്രവർത്തനങ്ങൾ ബോസ്നിയൻ യുവാക്കളെ ഇസ്ലാമിലേക്ക് തിരിച്ചെത്തിക്കുന്നതിലുപരി അവരെ അകറ്റാനാണ് സഹായിക്കുക. ബോസ്നിയൻ മുസ്ലിംകൾക്ക് അവരുടേതായ പകിട്ടാർന്ന ഇസ്ലാമിക ജീവിത ശൈലികളുണ്ട്. മുസ്തഫ സെറിക്കിനെ പോലുള്ളവർ പറയുന്നത് പോലെ, അവർക്കതിൽ അഭിമാനിക്കാനുള്ള അവകാശവുമുണ്ട്.

മൊഴിമാറ്റം :മുഹ്‌സിൻ അബ്ദുൽ ഹകീം
Credit : masud.co.uk
