കോവിഡ് കാലത്തെ സിനിമാ കാഴ്ച്ചകൾ ; “ദി ഫ്ലൂ” സമകാലിക പ്രതലത്തിൽ നിരീക്ഷിക്കുമ്പോൾ
വിജനതയുടെ വേദനയറിയാത്ത ബുങ്ടാങ് നഗരം, രാപ്പകൽ വ്യത്യാസമില്ലാതെ ഉണർന്ന് നിൽക്കുന്ന തെരുവു കൾ, ആഘോഷങ്ങളും ആരവങ്ങളുമായി പാർക്കുകളും വിനോദ സഞ്ചാരകേന്ദ്രങ്ങളും, ലവലേശം പരിഭ്രമിക്കാതെ ചീറിപ്പായുന്ന വാഹനങ്ങൾ, സജീവമായി കലാ ലയങ്ങൾ, ഇങ്ങനെ തുടങ്ങി ആഘോഷ തിമിർപ്പിൽ മുങ്ങിയ ഒരു ജനത പെട്ടെന്നൊരുനാൾ നിർജീവമായ സ്റ്റേജിലേക്ക് മാറുന്നു. അതിന്റെ പിന്നാമ്പുറങ്ങളുടെ കഥ പറയുന്ന കൊറിയൻ ചിത്രമാണ് മെഡിക്കൽ ത്രില്ലർ കാറ്റഗറിയിൽ പെട്ട ദി ഫ്ലൂ(The Flue).
2013ൽ ‘കിം സിങ് സൂ’ സംവിധാനം ചെയ്ത ഈ ചിത്രം സമകാലിക പരിപ്രേക്ഷ്യത്തിൽ കോവിഡ്-19′ നുമായി താരതമ്യം ചെയ്യുമ്പോൾ സംഭവിക്കുന്ന രാഷ്ട്രീയ സാമൂഹിക യാഥാർഥ്യങ്ങളിലേക്കും വ്യത്യാസങ്ങളിലേക്കുമുള്ള ഒരന്വേഷണത്തിന്റെ ശ്രമമാണ് ഈ ലേഖനം. ഡോക്ടർമാരുടെ നിർദേശങ്ങളെ പുച്ഛമനോഭാവത്തിൽ വിലയിരുത്തുന്ന രാഷ്ട്രീയ നേതാക്കളുടെ നിസ്സംഗതാ മനോഭാവം, വൈറസ് സ്ഥിതീകരിക്കുമ്പോഴുണ്ടാകുന്ന സാമൂഹ്യ മാറ്റങ്ങൾ,വ്യതിയാനങ്ങൾ, പോലീസിന്റെയും ഗവൺമെന്റ് ഉദ്യോഗസ്ഥരുടേയും അനാവശ്യ ഇടപെടലുകൾ, സ്വാതന്ത്ര്യം അസ്വാതന്ത്ര്യത്തിലേക്ക് വഴിമാറുമ്പോളുണ്ടാക്കുന്ന ജനകൂട്ടത്തിന്റെ പ്രതികരണം, പുതിയൊരു വിമത വിഭാഗത്തിന്റെ രൂപം കൊള്ളൽ, വാക്സിനുകൾ കണ്ടെത്താനുള്ള അശ്രാന്ത പരിശ്രമങ്ങൾ, ഭരണാധികാരികളുടെ ക്രിയാത്മക-നിഷേധാത്മക ഇടപെടലുകൾ , തുടങ്ങി വൈവിധ്യങ്ങളായ മേഘലകളെ സ്പർഷിക്കുന്ന ചിത്രത്തെ കൊറിയൻ സിനിമകളുടെ കൂട്ടത്തിലെ തന്നെ പ്രക്ഷോഭം നിറഞ്ഞ സിനിമയായിട്ടാണ് കണക്കാക്കാനുക.
ഇതിൽ നിരൂപണ വിധേയമാക്കുന്നത് കൊറിയൻ ചിത്രമായ ‘ദി ഫ്ലൂ'(The Flue)വും മറ്റൊന്ന് സ്റ്റീവൻ സോഡൻ ബർഗ് സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രം കണ്ടേജ്യനു(Contagion) മാണ്. ‘കണ്ടേജ്യൻ’ പറഞ്ഞു വെക്കുന്ന വൈറസ് കഥയും ‘ദി ഫ്ലൂ’വിലെ വൈറസ് കഥയും തമ്മിൽ രണ്ട് ദ്രുവങ്ങളിലെന്നപോലെ അജഗജാന്തരമുണ്ട്.
കണ്ടേജ്യനിൽ കൂടുതലായും മെഡിക്കൽ മേഘലയിൽ നിന്നുള്ള അന്വേഷണങ്ങളാണ്. വാക്സിനേഷൻ എങ്ങനെ കച്ചവടവൽക്കരിക്കുന്നു. എങ്ങനെ വ്യാജ വാക്സിനുകൾ വിപണിയിലെത്തുന്നു എന്നു തുടങ്ങി മെഡിക്കൽ എത്തിക്സിന്റെ ഉപരിതലങ്ങളെ ചോദ്യം ചെയ്യുന്നതും വ്യാജ ഭിക്ഷ്വഗ്വരന്മാരെ തുറന്നു കാട്ടുന്നതുമാണ്.
കൂടാതെ രാഷ്ട്രീയ നീക്കുപോക്കുകളുടെ വിഷയത്തിൽ ‘ദി ഫ്ലൂ’വുമായി ഇതിനെ താരതമ്യം ചെയ്യുമ്പോൾ രാഷ്ട്രീയ ഇടപെടലുകൾ കുറവായിട്ട് അനുഭവപ്പെടുന്നു. അതിനു പുറമെ ഒരു മെഡിക്കൽ ത്രില്ലർ കാറ്റഗറിയിൽ വരുന്ന ചിത്രമാണ് ഇതെങ്കിലും ഇടക്കെങ്കിലും ഒരു ഡോക്കു ഫിഷൻ അനുഭവമാണ് നൽകുന്നത് .അത് കൊണ്ട് തന്നെ ചിത്രത്തിന്റെ ഒഴുക്ക് നഷ്ടപ്പെടുന്നു. എങ്കിലും ഏറെ ത്രസിപ്പിക്കുന്ന കാഴ്ച്ചകളാണ് കണ്ടേജ്യൻ പ്രേക്ഷകർക്ക് നൽകുന്നത്.
കണ്ടേജ്യനിൽ വൈറസ് വ്യാപനം ലോകത്തിന്റെ നാനാഭാഗങ്ങളിലും എത്തിയിട്ടുണ്ടെങ്കിൽ ഈ ചിത്രത്തിൽ സൗത്ത് കൊറിയയിലെ സിയോളിനോട് ചേർന്ന് കിടക്കുന്ന, കൃത്യമായി 472000 പേർ നിവസിക്കുന്ന പ്രദേശമായ ബുങ് ടാങ് നഗരത്തിലാണ്. കണ്ടെയ്നറിൽ കുത്തി നിറക്കപ്പെട്ട മനുഷ്യ കൂട്ടങ്ങളെ എങ്ങോട്ടോ കടത്തുന്ന രംഗങ്ങളിലൂടെ പ്രാരംഭം കുറിക്കുന്ന പ്രസ്തുത ചിത്രത്തിൽ വൈറസ് ബാധിതനായ ഒരു മനുഷ്യൻ ആ ‘കടത്തപ്പെട്ട ‘ വരുടെ കൂട്ടത്തിൽ അകപ്പെടുന്നു, അയാൾ മുഖാന്തരം ഈ സാംക്രമിക രോഗം മറ്റുള്ളവരിലേക്കും പിടിപെടുന്നു, കണ്ടൈനറിലെ ഒരാൾ ഒഴികെ എല്ലാവരും മരണപ്പെടുന്നു. പിന്നീട് ഒരു രാത്രി വിജനമായ ഒരു പ്രദേശത്ത് കണ്ടെയ്നർ തുറക്കാൻ രണ്ടാളുകൾ വരുന്നു.അവർ തുറന്നു നോക്കുമ്പോൾ ഒരാളൊഴികെ മറ്റെല്ലാവരും വൈറസ് ബാധിച്ച് മരണപ്പെട്ടതായി കാണുന്നു.
കണ്ടെയ്നർ തുറന്നവരിലെ ഒരാളായ ‘ബൂങ് വ്യൂ’ എന്ന ചെറുപ്പക്കാരന് രോഗലക്ഷണങ്ങൾ കാണപ്പെടുകയും ശക്തമായ ചുമ അനുഭവപ്പെടുകയും ചെയ്യുന്നു.ഇദ്ദേഹത്തി ൽ നിന്നും കണ്ടെയ്നറിൽ ജീവനോടെ അവശേഷിച്ച ചെറുപ്പക്കാരനായ ‘മൊൺസായി’ ലേക്കും തുടർന്ന് നിരവധി പേരിലേക്കും പകരുന്നതിലൂടെയാണ് ബുങ് ടാങിന്റെ അവസ്ഥ അനിയന്ത്രിതമാകുന്നത്.ചിത്രത്തിൽ ഈ രോഗം ‘എവിയന്റ് ഫ്ലൂ’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നതല്ലായിരുന്നു. എന്നാൽ H5N1 എന്ന ഈ വൈറസിന്റെ ഉൾപരിവർത്തനമാണ് മനുഷ്യനെ കുഴപ്പത്തിലാക്കുന്നത്.ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന വ്യത്യസ്ഥ രീതികളും അവ പിന്നീട് വലിയ ചെയിനുകളായി മാറുന്ന കാഴ്ച്ചകളും ഭീതിതമാണ്. കൊറോണ കാലത്ത് സാംക്രമികരോഗങ്ങളുടെ പടർന്നുപിടിലിക്കലിനെ മനസ്സിലാക്കാൻ ഈ ദൃശ്യങ്ങൾ സഹായകമാണ്.
ചിത്രം കൂടുതൽ രാഷ്ട്രീയമായ ഇടപെടലുകളിലേക്ക് കൂടി കടക്കുന്നതായി പ്രേക്ഷകർക്ക് അനുഭവപ്പെടും. ബുങ് ടാങ് മിനിസ്റ്റർ ‘ചോയി സോന്ദ്’ ന്റെയും മറ്റു മന്ത്രിമാരുടെയും നിഷേധാത്മക ഇടപെടലുകൾ സമകാലിക പരിപ്രേക്ഷ്യത്തിൽ രാഷ്ട്രീയ കക്ഷികൾ എങ്ങനെയാകരുതെന്ന പാഠം നല്കുന്നുണ്ട്. ഡോക്ടർമാർ രോഗത്തിന്റെ കാര്യഗൗരവം പറഞ്ഞു മനസ്സിലാക്കുകയും അവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ബുങ് ടാങ് ന്റെ ഇരുവശവും ക്ലോസ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുമ്പോൾ ‘നെവർ മൈന്റ്’ മനോഭാവത്തിൽ അതിനെ പുച്ഛിച്ച് തള്ളുന്ന മന്ത്രിസഭ ആ അവസരത്തിൽ ബുങ് ടാങ് പട്ടണം താളം തെറ്റുന്നതായി കാണുന്നു. ചിത്രത്തിൽ പറയപ്പെടുന്നതനുസരിച്ച് 36 മണിക്കൂറിനുള്ളിൽ ജനങ്ങൾ മരിച്ചു വീഴുന്ന കാഴ്ച്ചകൾ പേടിപ്പെടുത്തുന്നതാണ്.
സ്ഥിതിഗതികളുടെ കാര്യഗൗരവം മനസ്സിലാക്കി കൊടുക്കാൻ ഗവൺമെന്റ് ശ്രമിക്കുമ്പോൾ ജനങ്ങൾ പരിഭ്രാന്തരാകുകയും സൂപ്പർമാർക്കറ്റുകളിൽ ഇരച്ചുകയറി ഭക്ഷ്യ, ദാന്യവസ്തുക്കളും കൊള്ളയടിക്കുന്നു. ഇവർ കേവലം കൊള്ളക്കാരോ പിടിച്ച്പറിക്കാരോ അല്ല മറിച്ച് പ്രൊഫഷണലുകളും ഉന്നത ഉദ്യോഗസ്ഥരുമടങ്ങുന്ന പൊതു സമൂഹമാണ്. സമാനമായ ദൃശ്യങ്ങൾ കണ്ടെയ്ജ്യനിലും മറ്റൊരു രൂപത്തിൽ കാണാനാകും.ഇത്തരം സംഭവവികാസങ്ങൾ ‘വിശപ്പു’മായി ബന്ധപ്പെട്ടുകിടക്കുന്ന രാഷ്ട്രീയ ചിന്താഗതിയെ ഉയർത്തിപ്പിടിക്കുന്നു. ചിത്രത്തിൽ ഹോം ക്വാറന്റെയ്നിനു പകരം കോമൺ ക്വാറന്റെയ്ൻ ആണ് കാണാനാകുക.ഇത് രാഷ്ട്രീയക്കാരുടെ സ്വാർത്ഥ താല്പര്യപ്രകാരവും ഇവർ കൊറിൻ ഡോക്ടർമാർ പറയുന്നതിനെ പുച്ഛിച്ചു തള്ളുന്നതും കാണാം.
ആദ്യമായി ഇത് എവിയന്റ് ഫ്ലൂ ആണെന്ന് കണ്ടെത്തിയ ഡോക്ടർ കിം ഇൻഹേയും മകൾ മറയും ഇതേ ക്വാറന്റെയ്ൻ ക്യാമ്പിൽ കഴിയുന്നവരാണ്.ഇവരുടെ കൂടെയുള്ള ബുങ് ടാങ് നിവാസികളെ മുഴുവനും വൈറസ് ബാധിതരായി കണക്കാക്കി നെല്ലും പതിരും വേർത്തിരിക്കുന്നത് പോലെ വൈറസ് ഉള്ളവരെയും ഇല്ലാത്തവരെയും വേർത്തിരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു.
പോലീസ് ഉദ്യോഗസ്ഥർ കുറ്റവാളികളോട് പെരുമാറും പോലെ ജനങ്ങളോട് പെരുമാറുന്നു. മണൽക്കൂനകൾ കണക്കേ ജീവൻ നഷ്ടപ്പെട്ടതും പാതി ജീവനുള്ളതുമായ വൈറസ് ബാധിച്ച മനുഷ്യരെ കൂട്ടിയിടുന്ന ദൃശ്യവും സിനിമയിൽ കാണാനാകും. രാജ്യം ഒരു പ്രതിസന്ധി നേരിടുമ്പോഴുണ്ടാകുന്ന സുരക്ഷാ വീഴ്ച്ചയും ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉടലെടുക്കുന്ന വിമത രൂപങ്ങളും ചിത്രത്തിൽ ശ്രദ്ധേയമാകുന്നുണ്ട്. ഇത്തരം അരക്ഷിതാവസ്ഥക്കു നേതൃത്വം കൊടുക്കുന്നത് ആദ്യം ക്യാമ്പിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനും തുടർന്ന് വൈറസ് ബാധിതനായിത്തീരുന്ന വ്യക്തിയും ചേർന്നാണ്.ഇത്തരം രാഷ്ട്രീയ പ്രേരകങ്ങളാൽ കരാറടിസ്ഥാനത്തിൽ പ്രത്യക്ഷപ്പെടുന്ന ‘സ്നൈഡർ ‘ എന്ന അമേരിക്കൻ നയതന്ത്രജ്ഞൻ കാര്യങ്ങൾ നിയന്ത്രിക്കുന്നതിൽ ആദ്യ ഭാഗത്ത് മുന്നേറുന്നുണ്ട്. കൊറിയൻ പ്രസിഡന്റായി വേഷമിട്ട കഥാപാത്രവും ഏറെ ക്രിയാത്മകത വിളിച്ചോതുന്നുണ്ട്.
കൊറിയൻ-അമേരിക്കൻ നയതന്ത്രജ്ഞന്റെ തീരുമാനപ്രകാരം ബുങ്ടാങിൽ നിന്ന് സിയോളിലേക്ക് ബുങ്ടാങ് നിവാസികൾ പ്രവേശിച്ചാൽ ‘ഓപ്പറേഷൻ ക്ലിൻ ഷീറ്റ് ‘ നടപ്പാക്കും എന്ന് പറയുമ്പോൾ പോലും പ്രസിഡന്റിന് നിസ്സഹായനായി നോക്കി നിൽക്കാനെ കഴിയുന്നുള്ളൂ. എങ്കിലും ഡോ. കിം ഇൻഹേ യുടെ മകളായ മിറ വൈറസിനുള്ള വാക്സിൻ കണ്ടെത്തുന്നതോടെ സ്നൈഡറിന്റെ തീരുമാനങ്ങളെ കവച്ചു വെക്കുന്ന തീരുമാനങ്ങൾ കൊണ്ട് അദ്ദേഹം ഒരു പ്രസിഡന്റ് എന്ന അർത്ഥത്തിൽ ഇടപെടുന്നതായി ചിത്രത്തിൽ നിന്ന് നമുക്ക് കാണാനാകും.” നീ ആ കൊച്ചു കുട്ടിയെ കണ്ടൊ?, ആ ജനങ്ങൾ അവരെന്റെ ജനങ്ങളാണ്, ബുങ് ഡാങ് നിവാസികളെ ഇത് നിങ്ങളുടെ പ്രസിഡന്റാണ്, ഗവൺമെന്റ് നിങ്ങൾക്ക് നല്കിയ വാക്ക് പാലിക്കുന്നു, ഇനി എന്ത് തന്നെ സംഭവിച്ചാലും ഒരിടത്ത് നിന്നും ഒരു തരത്തിലുള്ള ഉപദ്രവവും ഉണ്ടാക്കുകയില്ല എന്ന് ഞാൻ ഉറപ്പ് തരുന്നു, എല്ലാവരും ധൈര്യമായിരിക്കുക” എന്ന പ്രസിഡന്റിന്റെ വർത്തമാനങ്ങൾ ഒരു രാഷ്ട്രമേതാവിയുടെ വർത്തമാനങ്ങൾ എന്നതിനപ്പുറം മാനവികതയുടെ പുതിയൊരദ്ധ്യായം തുറന്നിടാനുള്ള ശ്രമങ്ങൾ കൂടിയായിട്ടാണ് സംവിധായകൻ മുന്നോട്ട് വെക്കുന്നത്.
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും വിശിഷ്യാ അമേരിക്കൻ പ്രസിഡന്റിന്റെ കോവിഡ് സമീപനങ്ങളും, ഇറ്റലിയുടെ നിസ്സഹായാവസ്ഥയും നേരിൽ കാണുമ്പോൾ ഒരു സിനിമയാണെങ്കിൽ കൂടിയും ഈ കൊറിയൻ ചിത്രത്തിലെ രാഷ്ട്രീയ നിരീക്ഷണങ്ങളിൽ നിന്ന് ഗ്രഹിക്കാൻ നിരവധിയാണ്. ഒരു മെഡിക്കൽ ത്രില്ലറിലൂടെ മനുഷ്യന്റെ നിസ്സഹായതയെയും പരിശ്രമങ്ങളെയും സമന്വയിപ്പിച്ച ചിത്രം കൂടിയായിട്ടാണ് ഈ സിനിമയെ മനസ്സിലാക്കുന്നത്.
