ഭീതി പടരുന്ന കൊവിഡ് കാലത്ത് കണ്ടേജ്യൻ(Contagion) കാണുമ്പോൾ

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ വർധിച്ചു വരുന്ന ഭീഷണികളിലൊന്നായി മാറിയിരിക്കുന്നു വൈറസ് ആക്രമണങ്ങൾ. ആഗോള വാണിജ്യങ്ങളിലൂടെ, യാത്രകളിലൂടെ, ദിനംപ്രതി ആഗോളതലത്തിൽ വൈറസുകൾക്ക് വ്യാപിക്കാൻ അധികം സമയങ്ങൾ ആവശ്യമായി വരുന്നില്ല. ലോക തലത്തിൽ പ്രതിരോധ വാക്സിനുകൾക്കും മറ്റ് അടിയന്തിര മെഡിസിനുകൾക്കും വേണ്ടിയുള്ള നിക്ഷേപങ്ങൾ ഇല്ലാതായികൊണ്ടിരിക്കുകയാണ്. പകരം ലോക സമ്പദ് വ്യവസ്ഥയുടെ ഏറിയ പങ്കും ആയുധ നിർമ്മാണ പ്രതിരോധ മേഖലക്കായി ഒഴിച്ച് വെക്കപ്പെടുന്നു.

മഹാമാരികൾ പൊട്ടിപ്പുറപ്പെടുന്ന ആദ്യ നിമിഷങ്ങളിൽ ലോക ജനതയെ ഒന്നാകെ പിടികൂടുന്ന ഒന്നാണ് ഭയം(fear).ലോകത്തെ ഞെട്ടിച്ച ഓരോ പകർച്ചവ്യാധികളുടെയും ചരിത്രം പരതിയാൽ അത് മനസ്സിലാകും. പ്ലേഗ്,സാർസ്, എബോള ഇവകൾ സൃഷ്ടിച്ച ഭീതിതമായ അന്തരീക്ഷം എങ്ങനെ മനുഷ്യനെ വരിഞ്ഞു മുറുക്കുന്നുവെന്നത് നമുക്ക് കാണാം.ബ്ലാക്ക്‌ ഡെത്തിനെ ഇന്നും മനുഷ്യന് ഒരു തെല്ല് ഭയത്തോടെ മാത്രമേ ഓർക്കാൻ കഴിയുകയുള്ളൂ.ഈ ഭയത്തിൽ നിന്നാണ് എപിഡമിക് കാലത്തെ വ്യാജ വാർത്തകൾ മുതൽ വാക്സിനുകൾ വരെ ഒരു പരിധി വരെ രൂപപ്പെടുന്നത് എന്നു പറഞ്ഞാൽ വസ്തുതാവിരുദ്ധമല്ല.തീർച്ചായില്ലായ്മയിൽ(Uncertainty) നിന്നാണല്ലോ പേടികൾ ഉത്ഭവിക്കുന്നത്. മഹമാരിക്കാലത്തുമതെ, തന്റെ മുന്നിൽ പ്രിയപ്പെട്ടവരടക്കം മരിച്ചു വീഴുമ്പോൾ അടുത്തതെന്ത് സംഭവിക്കുമെന്നോ ഇനിയെന്താണ് ചെയ്യേണ്ടതെന്നോ അറിയാനോ ആലോചിക്കാനോ പറ്റാത്ത വിധം സങ്കീർണാവസ്ഥയിലേക്ക് മനുഷ്യൻ എത്തിപ്പെടുന്നു. ഇത്തരമൊരു ഭയത്തിന്റെ കഥയാണ് സ്റ്റീവൻ സോഡർബർഗ് സംവിധാനം ചെയ്ത കണ്ടേജ്യൻ (Contagion) എന്ന ഹോളിവുഡ് ചിത്രം. സിനിമയുടെ ഇതിവൃത്തം പറഞ്ഞതിന് ശേഷം പകർച്ചവ്യാധിക്കാലത്തെ ഭയവുമായി ബന്ധപ്പെട്ട ആലോചനകളിലേക്ക് കടക്കാം എന്ന് തോന്നുന്നു.

ഹോങ് കോങ്കിൽ നിന്നും ചിക്കാഗോയിലേക്ക് വിമാന യാത്ര നടത്തുന്ന സ്ത്രീ ,വീട്ടിലെത്തിയ ശേഷം അവരിൽ ചെറിയ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നു. ശേഷമത് ശക്തമായ ചുമയായി രൂപാന്തരം പ്രാപിക്കുകയാണ്. പിന്നീട് രോഗത്തിന്റെ അതി തീവ്രതയിൽ അടുക്കളയിലെ ഫ്ലോറിൽ പിടഞ്ഞു വീണ് മരിക്കുന്ന യുവതിയെയാണ് നമ്മൾ കാണുന്നത്. രണ്ട് ദിവസങ്ങൾക്ക് ശേഷം അവരുടെ ഇളയ മകൻ മരണപ്പെടുന്നു.അവരുടെ മൃതശരീരങ്ങൾ പോലും ബന്ധുക്കൾക്ക് ക്രെമേഷന് വിട്ടുകൊടുക്കുന്നില്ല.

ഇതിനകം തന്നെ ലോകമെമ്പാടും വൈറസ് ബാധിതരായി മരണപ്പെടുന്ന ആളുകളുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് ആരോഗ്യവകുപ്പിനോ ഭരണകൂടത്തിനോ ശാസ്ത്രജ്ഞർക്കോ കണ്ടെത്താൻ കഴിയുന്നില്ല.
ഇത്തരമൊരവസ്‌ഥയെ എങ്ങനെ നേരിടണമെന്ന് പോലുമറിയാതെ പകച്ചുപോകുന്ന
ഡോക്ടർമാരും, ശാസ്ത്രജ്ഞർമാരും ലോകാരോഗ്യ സംഘടനയും. നിസ്സഹായത എന്ന ഒരൊറ്റ ഫ്രെയിമിനുള്ളിലേക്ക് മനുഷ്യൻ നിശ്ചലമാകുന്നു.

മുമ്പ് സൂചിപ്പിച്ചത് പോലെ വൈറസിനേക്കാൾ വേഗത്തിൽ ലോകത്ത് ഭീതി പരക്കുന്നു. സംഭവിക്കുന്നതെന്താണെന്ന് മനസിലാകാത്ത പരിഭ്രാന്തരായ ജനം ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കാനും മറ്റും തയ്യാറാകാതെ വരുമ്പോൾ സേനകളെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ നഗരങ്ങൾ ഒഴിപ്പിക്കാനും കർഫ്യൂ നടപ്പിലാക്കാനും ഗവണ്മെന്റ് നിർബന്ധിതരാകുകയും തൽഫലമായി രോഗം ബാധിച്ചവരും അവരുടെ പ്രദേശം തന്നെയും ഒറ്റപ്പെടേണ്ടി വരുന്ന അവസ്ഥ വരികയും ചെയ്യുന്നു. ഇതിനിടെ മരുന്ന് കണ്ടു പിടിച്ചെന്ന അവകാശ വാദവുമായി വ്യാജന്മാർ രംഗത്തെത്തുകയും അതുവഴി കോടികൾ സമ്പാദിക്കുകയും ചെയ്യുന്നു. ഭക്ഷണത്തിനായും അവശ്യ വസ്തുക്കൾക്കായും പരസ്പരം പോരടിക്കുന്ന മനുഷ്യർ വേദനിപ്പിക്കുന്ന കാഴ്ചയാണ്. ഒരു നിലക്കും ആർക്കും നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യം. ഇങ്ങനെ വികസിക്കുന്ന കഥ ഒരുപാട് പരീക്ഷണങ്ങൾക്കൊടുവിൽ വാക്സിൻ കണ്ടെടുക്കപ്പെടുകയും അത് നറുക്കെടുപ്പ് വഴി ജനങ്ങൾക്ക് വിതരണം ചെയ്യപ്പെടുകയും ചെയ്യുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്.

ഒരു മഹാമാരിക്കാലത്തെ ഒറ്റ റീലിൽ ചുരുക്കുന്നതിൽ കണ്ടേജ്യൻ ഏറെക്കുറെ വിജയിച്ചു എന്ന് തന്നെ പറയാം. ഈ കോവിഡ് കാലത്ത് കാണുമ്പോൾ സാമ്യങ്ങൾ കൊണ്ടും പ്രവചനാത്മകത കൊണ്ടും നമ്മെ വിസ്മയിപ്പിക്കുക കൂടി ചെയ്യുന്നുണ്ട് ചിത്രം.

തിരിച്ചു വരാം, ഒരു മഹാമാരിയുടെ വിളയാട്ടം എന്നതിനൊപ്പം ഭയം എങ്ങനെ മനുഷ്യനെ കീഴ്പ്പെടുത്തുകയും പരിഭ്രാന്തനക്കുകയും ചെയ്യുന്നു എന്നതിന്റെ ദൃശ്യവിഷ്കാരം കൂടിയാണ് കണ്ടേജ്യൻ. സിനിമയിൽ അവശ്യ സാധനങ്ങൾക്കായി കൊള്ള നടത്തുന്നത് വ്യാപകമാവുന്നതും ഡോക്ടർമാരും അവരുടെ വേണ്ടപ്പെട്ടവരും വാക്സിന്റെ പേരിൽ കിഡ്നാപ് ചെയ്യപ്പെടുകയും അക്രമിക്കപ്പെടുകയും ചെയ്യുന്നതുമെല്ലാം ഈ ഭയത്തിന്റെ അനന്തര ഫലങ്ങളാണ്. യാതൊരു വിധ അക്രമാത്മക പശ്ചാത്തലങ്ങളിൽ ജീവിച്ചു പോന്നവരല്ല, പ്രത്യുത, പ്രൊഫഷണലുകളും ഉദ്യോഗസ്ഥരും സാധാരണക്കാരുമാണ് ഇത്തരമൊരു സ്വഭാവത്തിലേക്ക് പറിച്ചു നടപ്പെടുന്നത് എന്നത് സാഹചര്യത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു.

കൊവിഡ്‌ കാലത്ത് എങ്ങനെ ഭയം ഉന്മൂലനം ചെയ്യാം എന്നതിനെ പ്രതി ഗൗരവമായ ആലോചനകൾ തരുന്നുണ്ട് ചിത്രം. ഭയം കാരണം പുറത്തുള്ളതിനെക്കാൾ എത്രയോ ഇരട്ടി നാം അകത്ത് അനുഭവിക്കുമെന്ന് പ്രശസ്ത തത്വചിന്തകൻ സെ‌നേക്ക പറഞ്ഞു വെക്കുന്നുണ്ട്. ഈ കലുഷിതമായ ‘അകങ്ങൾ’ മനുഷ്യനെ അക്രമ സ്വഭാവത്തിലേക്കും മറ്റു ഹിംസാത്മകതയിലേക്കും നയിക്കുമെന്നതും തീർച്ചയാണ്. ആകയാൽ രോഗ പരിഹാരത്തിനും നിയന്ത്രണത്തിനുമുള്ള ശ്രമങ്ങൾ നടക്കുമ്പോൾ തന്നെ സമൂഹത്തിലെ ഭയമില്ലാതാക്കാൻ കൂടിയുള്ള പ്രവർത്തനങ്ങൾക്ക് സ്റ്റേറ്റും മീഡിയയും മറ്റു അതോറിറ്റികളുമെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം അതിഭീകരമായ ഒരവസ്ഥയിലേക്കായിരിക്കും ലോകം എടുത്തെറിയപെടാൻ പോകുന്നത് എന്ന മുന്നറിയിപ്പാണ് കണ്ടേജ്യൻ നമുക്ക് നൽകുന്നത്. സിനിമായേക്കാൾ ഭീതിതമാകും യാഥാർഥ്യം എന്നതാണ് ഓർത്തിരിക്കേണ്ട വസ്തുത.