എൻദെറുൻ മക്തബി; ഒട്ടോമൻ തുർക്കിയുടെ വിദ്യാഭ്യാസ വഴികൾ
ലോകത്ത് വ്യവസ്ഥാപിതമായതും കൂടുതൽ കാലം നിലനിന്നിരുന്നതുമായ അനവധി രാജവംശങ്ങൾ, സാമ്രാജ്യങ്ങൾ, ഇതര രാഷ്ട്രീയാധികാര രൂപങ്ങൾ എന്നിവയിലൂടെ അറിവ്, അധികാരം, ധിഷണ, സംഘാടനം തുടങ്ങിയവയുടെ ആന്തരികമായ ആദാനപ്രദാനങ്ങൾ നമുക്ക് കാണാനാകും. ഇത്തരമൊരു പാരസ്പര്യത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ ഭരണകർത്താക്കൾ, അവരുടെ സമൂഹത്തിൽ സർഗ്ഗാത്മകവും വ്യതിരിക്തവുമായ കഴിവുകളുള്ള മികച്ച വ്യക്തികളിലൂടെ തങ്ങളുടെ രാജ്യങ്ങൾക്ക് മേൽവിലാസമുണ്ടാക്കാനുള്ള പ്രത്യേക സാധ്യതകൾ അന്വേഷിച്ചിട്ടുമുണ്ട്. അതിന്റെ ബാക്കിപത്രങ്ങളും അനുരണനങ്ങളും ഇന്നും നമ്മുടെ ജീവിതസാഹചര്യങ്ങളിൽ കണ്ടെടുക്കാവുന്നതേയുള്ളു.
സ്ഥായിയായ ഭരണസങ്കൽപത്തിന് ശക്തമായ സൈനിക ശക്തി, കാര്യക്ഷമവും പരിശീലനം സിദ്ധിച്ചതുമായ ഉദ്യോഗസ്ഥവൃന്ദം, പ്രത്യക്ഷത്തിൽ ഭരണീയരുടെ പ്രീതി പിടിച്ചു പറ്റുന്ന നിയമനിർമാണങ്ങൾ തുടങ്ങിയവ അനിവാര്യമാണെന്ന് നാമാവശേഷമാവുന്ന സാമ്രാജ്യങ്ങളും ഭരണരൂപങ്ങളും നിരന്തരം ഓർമിപ്പിച്ചിരുന്നു. ഇത് മൂലം, പിൽക്കാലങ്ങളിൽ പല സാമ്രാജ്യങ്ങളുടെയും രാഷ്ട്രീയ, സാമ്പത്തിക, ആഗോള ലക്ഷ്യങ്ങളിൽ ഉന്നതവിദ്യാഭ്യാസത്തിനും രാഷ്ട്രീയത്തിലെ മാറ്റങ്ങങ്ങൾക്കനുസൃതമായി നയിക്കാൻ കഴിവുള്ള വിദ്യാർത്ഥികളുടെ നിർമിതിക്കും വലിയ ശ്രദ്ധ ലഭിച്ചിട്ടുണ്ടെന്ന് കാണാം. ഇപ്രകാരം പ്രതിഭാധനരായ വ്യക്തികളെ ഉയർത്തി കൊണ്ടുവരുന്ന വ്യവസ്ഥാപിതമായ വിദ്യാഭ്യാസത്തിന്റെ ചരിത്രം പരിശോധിക്കുമ്പോൾ, ഒട്ടോമാൻ കാലഘട്ടത്തിൽ പ്രവർത്തിച്ചിരുന്ന എൻദെറുൻ സ്കൂളു (enderun makthabi) കളാണ് ഇത്തരത്തിലുള്ള ആദ്യത്തെ സ്ഥാപനം എന്ന നിലയിൽ ലോകത്ത് കണക്കാക്കപ്പെടുന്നത്.
തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ വ്യത്യസ്ത ഭാഷകളും മതവും പഠിക്കുന്നതിനോടൊപ്പം ടർക്കിഷ് സംസ്കാരവുമായി പൊരുത്തപ്പെടുന്നതും, നിലവിലുള്ള കഴിവുകൾ വികസിപ്പിക്കുന്നതും ഭരണ-രാഷ്ട്രീയ മേഖലകളിൽ അവരുടെ കഴിവുകൾ വേണ്ടിടത്ത് ഉപയോഗപ്പെടുത്തുന്നതുമായ തത്വത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ വിദ്യാഭ്യാസ സംവിധാനം. പാലസ് സ്കൂളുകളുടെ ചരിത്രം പൗരസ്ത്യ സാമ്രാജ്യങ്ങളായ ഉമവികളുടെയും ഫാത്തിമികളുടെയും കാലത്തേക്ക് വരെ പിറകോട്ടുപോവുമെങ്കിൽ ആപേക്ഷികമായി ഒട്ടോമൻ സാമ്രാജ്യത്തിൽ അത് കൂടുതൽ വ്യവസ്ഥാപിതമാക്കപ്പെട്ടിരുന്നുവെന്ന് കാണാം. ‘ഇറ്റ്-ഒഗ്ലാൻ’ എന്ന് തുർക്കികൾ വിളിച്ചിരുന്ന കുട്ടികളും devshirme നിയമപ്രകാരം യുദ്ധത്തിൽ പിടിക്കപ്പെട്ടതോ വിദൂരത്തുനിന്നു കൊണ്ടുവന്നതോ ആയ ക്രിസ്ത്യൻ കുട്ടികളും ഇവിടെ പഠിച്ചിരുന്നു. അടിമകളെയും ഈ പാഠശാലയിൽ വിദ്യാർത്ഥികളായി സ്വീകരിച്ചിരുന്നു. കൊട്ടാരത്തിലോ സൈന്യത്തിലോ അല്ലെങ്കിൽ ഭരണകൂടത്തിനോ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥർക്കും സേവകർക്കും ആയിരുന്നു ഇവിടെ പരിശീലനം നൽകിയിരുന്നത്. ‘ദി എൻദെറുൻ’ (ഇന്നർ സർവീസ്) എന്ന പദം തന്നെ ഇതുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. വിവിധ കഴിവുകൾ, ഫൈൻ ആർട്‌സ്, ഭരണപരവും രാഷ്ട്രീയവുമായ അറിവ് തുടങ്ങിയവ പ്രായോഗികമായി പഠിപ്പിക്കുന്നതിനും നൈസർഗികവുമായ കഴിവുകൾ തിരിച്ചറിയുന്നതിനുമുള്ള വിദ്യാഭ്യാസ സമ്പ്രദായമായിരുന്നു ഇത്. ഇത്തരത്തിൽ കഴിവുറ്റ യുവാക്കളെ സൃഷ്ടിക്കുന്നതിനായി ‘മുഹമ്മദ് അൽ ഫാതിഹ്’ ആയിരുന്നു കോൺസ്റ്റാന്റിനോപ്പിൾ വിജയാനന്തരം, തന്റെ പിതാവ് മുറാദ് രണ്ടാമൻ സ്ഥാപിച്ച പാലസ് സ്കൂളിനെ എൻദെറുൻ അക്കാദമിയായി രൂപാന്തരപ്പെടുത്തുന്നത്.
സാമ്രാജ്യത്തിന്റെ ഖജനാവ് (imperial treasury), പ്രവാചകരുടെയും മറ്റും തിരുശേഷിപ്പുകൾ സൂക്ഷിച്ചിരുന്ന കെട്ടിടഭാഗം (holy mantle ), പാലസ് സ്കൂളിന്റെ കെട്ടിടങ്ങൾ എന്നിവയാൽ ചുറ്റപ്പെട്ട ഇസ്താംബൂളിലെ ടോപ്കാപി കൊട്ടാരത്തിന്റെ മൂന്നാമത്തെ നടുമുറ്റത്തായിരുന്നു എൻദെറുൻ മക്തബയിലെ ഉന്നത തലത്തിലുള്ള വിദ്യാർത്ഥികളെയും ഉസ്മാനിയ്യ സൽത്താനേറ്റിലെ രാജകുമാരന്മാരെയും പഠിപ്പിച്ചിരുന്നത്.
കൊട്ടാരത്തിന് പുറത്ത് സ്ഥിതിചെയ്യുന്ന മൂന്ന് പ്രാഥമിക സ്കൂളുകളും കൊട്ടാരമതിലുകൾക്കുള്ളിലെ മേൽസൂചിപ്പിച്ച സ്കൂളും ഉൾപ്പെടുന്നതായിരുന്നു എൻദെറൂൻ സമ്പ്രദായം. The palace school of Muhammad the Conqueror (1973) എന്ന ഗ്രന്ഥത്തിന്റെ കർത്താവായ ബി. മില്ലറുടെ അഭിപ്രായത്തിൽ മൂന്ന് എൻദെറൂൻ കോളേജുകളിലായി ആയിരം മുതൽ രണ്ടായിരം വിദ്യാർത്ഥികൾ വരെയും കൊട്ടാരത്തിലെ ഉന്നത സ്കൂളിൽ 300 ഓളം വിദ്യാർത്ഥികളുമുണ്ടായിരുന്നു.
(1) ഇസ്‌ലാമിക ശാസ്ത്രം – അറബിക് – ടർക്കിഷ് – പേർഷ്യൻ ഉൾപ്പെടെയുള്ള ഭാഷാ വിദ്യാഭ്യാസം.
(2) പോസിറ്റീവ് സയൻസസ് – ഗണിതശാസ്ത്രം – ഭൂമിശാസ്ത്രം.
(3) ചരിത്രം, നിയമം, ഭരണം: കൊട്ടാരത്തിന്റെ ആചാരങ്ങളും സർക്കാർ ഘടനയും
(4)കല, സംഗീത വിദ്യാഭ്യാസം ഉൾപ്പെടെയുള്ള തൊഴിൽ പഠനങ്ങൾ.
(5)ആയുധങ്ങൾ ഉൾപ്പെടെയുള്ള ശാരീരിക പരിശീലനം എന്നിങ്ങനെ പാഠ്യപദ്ധതിയെ പ്രധാനമായും അഞ്ച് വിഭാഗങ്ങളായി തിരിച്ചിരുന്നുവെന്നും കാണാം.
അതായത്, എൻദെറുൻ സ്കൂൾ സമ്പ്രദായത്തിലെ നിരന്തരമായ പഠന പ്രക്രിയയുടെ അവസാനത്തിൽ, കുറഞ്ഞത് മൂന്ന് ഭാഷകളെങ്കിലും സംസാരിക്കാനും വായിക്കാനും എഴുതാനും കഴിയുന്ന, ശാസ്ത്രത്തിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ മനസിലാക്കാനാവുന്ന, കുറഞ്ഞത് ഒരു കരകൗശലവിദ്യയും കലയും സ്വായത്തമാക്കിയ, പോരാട്ട വൈദഗ്ധ്യത്തിലെന്നപോലെ സൈനിക കമാൻഡിലും മികവ് പുലർത്താനും പ്രാപ്തരായ ബിരുദധാരികൾ ഉരുവപ്പെട്ടുവരുമെന്ന് പറയാം.
ഇതിനായി പാലസ് സ്കൂളിനുള്ളിൽ നിലവിലുണ്ടായിരുന്ന ഏഴ് തലങ്ങളിൽ/ഡിവിഷനുകളിൽ വിദ്യാർത്ഥികളുടെ മാനസികവും അക്കാദമികവുമായ വികസനത്തിന് പന്ത്രണ്ട് അധ്യാപകർ സദാ കർമബദ്ധരായി നിലകൊണ്ടിരുന്നു. വിദ്യാർത്ഥികൾ അവരുടെ വിദ്യാഭ്യാസപുരോഗതിയുടെ ഭാഗമായി ക്ലാസ്തലങ്ങളിൽ സ്ഥാനക്കയറ്റം ലഭിക്കുന്നതിനനുസൃതമായി പ്രത്യേക യൂണിഫോമായിരുന്നു ധരിച്ചിരുന്നത്. ലൈബ്രറി, പള്ളി, സംഗീത വിദ്യാലയങ്ങൾ, ശയനമുറികൾ, കുളിപ്പുരകൾ എന്നിവ ഉൾപ്പെടുന്ന തരത്തിലായിരുന്നു പാലസ് സ്കൂളുകളുടെ കെട്ടിടങ്ങളുടെ ഘടന പോലുമുണ്ടായിരുന്നത്.
എൻദെറുൻ സ്കൂളിൽ നിന്ന് പഠനം പൂർത്തീകരിക്കുന്ന വിദ്യാർത്ഥികളും ബിരുദധാനച്ചടങ്ങും çıkma എന്നറിയപ്പെട്ടിരുന്നത്. Çıkma എന്ന വാക്കിന്റെ അർത്ഥം ” പുറത്തുകടന്ന വ്യക്തി ” എന്നാണെങ്കിലും, നിർവഹണപരമായ സേവനത്തിൽ പരിശീലനം തുടരുന്നതിന് പരിചാരകരായ Page boys പാലസ് സ്കൂളിൽ നിന്നും കൊട്ടാരം സേവനത്തിൽ നിന്നും പുറത്തുകടക്കലായിരുന്നു ഈ പ്രക്രിയയിലൂടെ നടന്നിരുന്നത്. രണ്ട് മുതൽ ഏഴ് വർഷത്തിലൊരിക്കലോ അല്ലെങ്കിൽ പുതിയ സുൽത്താൻ അധികാരരോഹണം നടത്തിയതിന് ശേഷമോ ആയിരുന്നു ഈ ബിരുദധാനം സംഘടിപ്പിക്കപ്പെട്ടിരുന്നത്. പഠനം പൂർത്തീകരിക്കുന്ന വിദ്യാർത്ഥികളെ അവരുടെ കഴിവുകൾക്കനുസരിച്ച് പരിചാരകർ, ശാസ്ത്രജ്ഞർ, അധ്യാപകർ, ഉദ്യോഗസ്ഥർ, മന്ത്രിമാർ, പ്രധാനമന്ത്രി എന്നിങ്ങനെയുള്ള ശ്രേണിയിലായിരുന്നു അവരോധിച്ചിരുന്നത്. പ്രാരംഭം മുതൽക്കെ തുർക്കി സൽത്തനേറ്റിന്റെ നട്ടെല്ലായിത്തീർന്ന ഈ വിദ്യാഭ്യാസസമ്പ്രദായം 1909 – ഓടു കൂടി ഒട്ടോമൻ സാമ്രാജ്യം നാമമാത്രമായിത്തീർന്നപ്പോൾ മാത്രമാണ് ക്ഷയോന്മുഖമായിത്തീർന്നത്.

