അബ്ദുൽഖാദർ അൽ ജസാഇരിയും പോരാട്ടത്തിന്റെ നൈതികതയും

യു. എസിലെ ലോവ സ്റ്റേറ്റിൽ ജർമൻ, സ്കാൻഡിനേവിയൻ വംശജർ ജീവിക്കുന്ന, കത്തോലിക്കൻ, ലൂഥറൈൻ ചർച്ചുകൾ നിറഞ്ഞു നിൽക്കുന്ന പ്രസിദ്ധമായ ഒരു ചെറു നഗരമാണ് എൽഖാദർ സിറ്റി. പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ച അൾജീരിയൻ സൂഫിയും സാമൂഹിക പരിഷ്കർത്താവും അധിനിവേശ വിരുദ്ധ നായകനുമായ അമീർ അബ്ദുൽ ഖാദിർ അൽ ജസാഇരി (Emir Abd El Kader Al Djezairi) യുടെ പേരാണ് ഈ നഗരത്തിന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. അങ്ങേയറ്റം ഇസ്‌ലാമോഫോബിക് ആയ അമേരിക്കകകത്ത് എങ്ങനെയാണ് ഒരു മുസ്‌ലിം നേതാവിന്റെ പേര് ഒരു നാടിന് നാമകരണം ചെയ്യപ്പെട്ടത് എന്ന ചോദ്യത്തിനുള്ള മറുപടിയാണ് അമീർ അബ്ദുൽ ഖാദർ അൽ ജസാഇരിയുടെ വ്യക്തിത്വവും ജീവിതവും.

ശൈഖുൽ അക്ബർ മുഹ്‌യുദ്ധീൻ ഇബ്നു അറബിയുടെ ദർഗ

 

അധിനിവേശ ശക്തികൾക്കെതിരെയുള്ള ചെറുത്തുനിൽപ്പിലും മതാന്തര സഹിഷ്ണുതയിലും മറ്റും വേറിട്ട നിലപാടും ആദർശ ധീരത പ്രകടമാക്കുന്ന പ്രവർത്തനങ്ങളും കാഴ്ചവെച്ചതിലുള്ള ബഹുമാന സൂചകമായാണ് 1846ൽ നഗരത്തിന്റെ ശിൽപ്പികളായ തിമോത്തി ഡേവിസ്, ജോൺ തോംസൺ, ചെസ്റ്റർ സേജ് എന്നിവർ ഈ സിറ്റിക്ക് എൽഖാദർ എന്ന് ഈ നാമകരണം ചെയ്യുന്നത്. അമീർ അബ്ദുൽ ഖാദിർ അൽ ജസാഇരിയുടെ പോരാട്ട ജീവിതത്തിലേക്കുള്ള ഒരു എത്തിനോട്ടം മാത്രമാണ് ഈ കുറിപ്പ്.

1808 സെപ്റ്റംബർ ആറിന് വെസ്റ്റേൺ അൾജീരിയയിലെ മുഅസ്കറ ഗ്രാമത്തിൽ ജനിച്ച അദ്ദേഹത്തിന്റെ പൂർണ്ണ നാമം അബ്ദുൽ ഖാദിർ ബിൻ മുഹ്‌യിദ്ദീൻ അൽ ഹസനി എന്നാണ്. പ്രവാചകപൗത്രരായ ഹസൻ ബിൻ അലിയിലേക്ക് ചേരുന്ന കുടുംബ പരമ്പരയിലെ കണ്ണിയാണ് എന്നതിലേക്കാണ് പേരിലെ ‘അൽ ഹസനി’ സൂചിപ്പിക്കുന്നത്. ഖാദിരി സൂഫി പരമ്പരയിലെ പ്രമുഖ പണ്ഡിതനായിരുന്ന പിതാവ് മുഹ്‌യുദ്ദീൻ അൽ ഹസനിയിൽ നിന്ന് ചെറു പ്രായത്തിൽ തന്നെ അബ്ദുൽ ഖാദിർ ദൈവശാസ്ത്രം, കർമശാസ്ത്രം, വ്യാകരണം എന്നിവയിൽ അറിവ് നേടി. അഞ്ചാം വയസ്സോടെ വായനയിലും എഴുത്തിലുമെല്ലാം പ്രാവീണ്യം നേടിയ അദ്ദേഹം പതിനാലു വയസ്സ് ആയപ്പോഴേക്കും ഖുർആൻ ഹൃദിസ്ഥമാക്കിയിരുന്നു. ബാല്യത്തിൽ തന്നെ കുതിരയോട്ടം, അമ്പെയ്ത്ത് എന്നിവയിലും പ്രാവീണ്യം നേടി.

ഇബ്നു അറബിയുടെ ഫുസൂസുൽ ഹികം

 

1825ൽ തന്റെ പതിനേഴാം വയസ്സിൽ പിതാവുമൊത്തുള്ള ഹജ്ജ് യാത്രയിലാണ് സൂഫിയും റഷ്യയിലെ സാർ ഭരണകൂടത്തിന്റെ കോക്കസിയൻ അധിനിവേശത്തിനെതിരെ അതി ശക്തമായ ചെറുത്തുനിൽപ് നടത്തിയ പോരാളി ഇമാം ശാമിൽ എന്ന മഹാപ്രതിഭയെ അമീർ അബ്ദുൽ ഖാദർ കണ്ടുമുട്ടുന്നതും സൗഹൃദം സ്ഥാപിക്കുന്നതും.

1830 കളിലെ അൾജീരിയയിലെ ഫ്രഞ്ച് അധിനിവേശത്തിന് അറുതി വരുത്തുന്നതിനായി പ്രാദേശിക അറബ് സമൂഹങ്ങളും ബെർബർ ഗോത്രങ്ങളും ചേർന്ന് അമീർ അബ്ദുൽ ഖാദിറിന്റെ പിതാവായ ശൈഖ് മുഹ്‌യുദ്ദീനെ തങ്ങളുടെ നേതാവായി പ്രഖ്യാപിക്കാൻ രംഗത്തു വരികയും എന്നാൽ തന്റെ പ്രായാധിക്യം മൂലം ശൈഖ് മുഹ്യുദ്ധീൻ ഇത് നിരസിക്കുകയുമുണ്ടായി. അതോടെയാണ് അബ്ദുൽ ഖാദിർ അൽ ജസാഇരി അമീർ ആകാൻ കളമൊരുങ്ങുന്നത്. അങ്ങനെ തന്റെ ഇരുപത്തിനാലാം വയസ്സിൽ അൾജീരിയൻ മുസ്‌ലിംകളുടെ നേതൃത്വം ഏറ്റെടുത്ത് അമീറുൽ മുഅമിനീൻ എന്ന പദവിയിലേക്ക് അദ്ദേഹത്തിന് ലഭിച്ചു. അബ്ദുൽ ഖാദിർ അൾജീരിയൻ മുസ്‌ലിം സേനയുടെ നേതൃത്വത്തിൽ വന്നതോടെ ഫ്രഞ്ച് അധിനിവേശത്തിനെതിരെയുള്ള അൾജീരിയൻ മുസ്‌ലിംകളുടെ പോരാട്ടം ഊർജ്ജിതമായി. രണ്ടുവർഷത്തിനകം തന്നെ അൾജീരിയൻ ഗോത്രങ്ങളെ ഒരു കൊടിക്കീഴിൽ ഒരുമിച്ചു കൂട്ടി മേഖലയിലെ സുരക്ഷ ഉറപ്പുവരുത്തി. 1837 ലെ ടാഫ്‌ന ഉടമ്പടിയിലൂടെ അൾജീരിയയുടെ മൂന്നിൽ രണ്ടു ഭാഗവും അബ്ദുൽ ഖാദിറിന്റെ അധികാരത്തിനു കീഴിൽ വന്നു. ഇതോടൊപ്പം തന്നെ ഇംഗ്ലണ്ടിൽ നിന്നും മൊറോക്കൊ വഴി എത്തിയിരുന്ന ആയുധങ്ങൾ കൊണ്ട് അധിനിവേശ ശക്തികൾക്കെതിരെയുള്ള പോരാട്ടങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്തു.

മികച്ച വാക് വൈഭവത്തിനുടമയായിരുന്ന അബ്ദുൽ ഖാദിറിന്റെ പ്രഭാഷണങ്ങൾ അനുയായികൾക്ക് പ്രചോദനവും മാർഗദർശനവുമായി. ഇസ്‌ലാമിക സമത്വ, സാഹോദര്യ ആശയങ്ങൾ പ്രചരിപ്പിച്ചു കൊണ്ടാണ് അമീർ അബ്ദുൽഖാദർ ജനങ്ങൾക്കിടയിൽ ഐക്യത്തിന് തിരി കൊളുത്തിയത്. തന്റെ സൈനിക,യുദ്ധ നിയമങ്ങളുടെ അടിസ്ഥാനമായും അബ്ദുൽ ഖാദിർ കൃത്യമായ ഇസ്‌ലാമിക കാഴ്ചപ്പാടുകളാണ് സ്വീകരിച്ചു പോന്നിരുന്നത്. തന്റെ രാഷ്ട്രത്തിന്റെ മുന്നേറ്റങ്ങളിൽ ക്രൈസ്തവ, ജൂത സമൂഹങ്ങളെ കൂടി ചേർത്തു പിടിക്കുകയും അവർക്കും നിശ്ചിത ചുമതലകൾ ഏൽപ്പിച്ചു കൊടുക്കുകയും അതിന് ശമ്പളം നൽകുകയുമെല്ലാം ചെയ്തു കൊണ്ടായിരുന്നു അദ്ദേഹം മുന്നേറ്റം നടത്തിയിരുന്നത്.

വലിയൊരു ജനവിഭാഗത്തിന്റെ നേതാവായി തുടരുമ്പോൾ തന്നെ കേവലം ചെറിയൊരു ടെന്റിൽ ജീവിച്ചിരുന്ന അമീർ അബ്ദുൽഖാദറിന്റെ വിനയവും എളിമയും ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു.
അബ്ദുൽ ഖാദിറിന്റെ മുന്നേറ്റങ്ങൾക്ക് തടയിടുന്നതിന് വേണ്ടി ഒടുവിൽ ഫ്രഞ്ച് ഭരണകൂടം അദ്ദേഹവുമായി സമാധാന കരാറിൽ ഒപ്പുവെച്ചു. ഇത് തന്റെ സാമ്രാജ്യം വികസിപ്പിക്കാൻ സഹായകമായി. എന്നാൽ പിന്നീട് ഫ്രഞ്ചുകാർ തന്നെ ഉടമ്പടി ലംഘനം നടത്തിയതോടെ അബ്ദുൽഖാദർ വീണ്ടും ചെറുത്തുനിൽപ്പിന്റെയും പോരാട്ടത്തിന്റെയും വഴിയിലേക്ക് തിരിഞ്ഞു.

1837ൽ ഓട്ടോമൻ പിന്തുണയാൽ വൈദേശികർക്കെതിരെ ചെറുത്തുനിൽപ്പ് നടത്തിയിരുന്ന അഹ്മദ് ബെയ്‌യെ പരാജയപ്പെടുത്തി ഫ്രഞ്ച് സൈന്യം കോൺസ്റ്റന്റൈൻ കീഴടക്കി. 1847 മൊറോക്കോ സുൽത്താന്റെ പടയേയും ഫ്രഞ്ചുകാർ പരാജയപ്പെടുത്തിയപ്പോൾ അതുവരെ നീണ്ടു നിന്ന യുദ്ധത്തിന് ശേഷം അദ്ദേഹം കീഴടങ്ങാൻ നിർബന്ധിതനായി.
1841 ആഗസ്റ്റ് പത്തൊൻപതിന് ടുണീഷ്യയിലെ ഖൈറുവാനിൽ വെച്ച് ചേർന്ന പണ്ഡിത സമ്മേളനത്തിൽ ഖുർആന്റെ വെളിച്ചത്തിൽ ജിഹാദിനെ കുറിച്ച് നടന്ന ദൈർഘ്യമേറിയ ചർച്ചകൾക്കും സംവാദങ്ങൾക്കും ശേഷം ഇങ്ങനെയൊരു ഫത്‌വ പുറത്തു വന്നിരുന്നു. “വൈദേശിക ആധിപത്യത്തിനും അധിനിവേശത്തിനുമെതിരെ കാലങ്ങളായി നാം പോരാടുന്നു. എന്നാൽ ഒരു നിലക്കും അവരെ പരാജയപ്പെടുത്താൻ യാതൊരു മാർഗവും കാണാതിരിക്കുകയും ഇനിയും യുദ്ധം തുടർന്നാൽ അത് മുസ്‌ലിം സമൂഹത്തെ സർവ്വനാശത്തിലേക്ക് മാത്രമേ നയിക്കൂ എന്നു ബോധ്യപ്പെടുകയും ചെയ്താൽ അല്ലാഹുവിന്റെ വിധി അതാണെന്ന് ആശ്വസിക്കുകയും മതം അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യവും നമ്മുടെ സ്ത്രീകൾക്കും പെൺ മക്കൾക്കും ആദരവും നൽകാൻ തയ്യാറാകണം എന്ന വ്യവസ്ഥയിൽ അവരുടെ ഭരണത്തിനു കീഴിൽ ജീവിക്കാവുന്നതാണ്.” ഇതേ തുടർന്നാണ് തന്റെ പോരാളികൾക്ക് ആയുധം താഴെ വെക്കാൻ നിർദ്ദേശം നൽകുന്നത്.
Commander of the faithful; The life and times of Emir Abdel kader എന്ന പുസ്‌തകത്തിൽ ജോൺ ഡബ്ള്യു കിസർ അമീറിന്റെ വാക്കുകൾ ഉദ്ധരിച്ചത് ഇങ്ങനെ വായിക്കാം:
“എന്നെ വിശ്വസിക്കൂ, യുദ്ധം അവസാനിച്ചിരിക്കുന്നു. നാം ആയുധം താഴെ വെക്കാൻ സമയമായി. അല്ലാഹു സാക്ഷി! നമ്മുടെ നാടിനെ മോചിപ്പിക്കാമെന്ന പ്രതീക്ഷയുടെ അവസാന തുരുമ്പ് വരെയും നമ്മൾ ജീവൻ പണയം വെച്ചു പോരാടിയിട്ടുണ്ട്. പല ഗോത്രങ്ങളും യുദ്ധഭൂമിയിൽ നിന്ന് പിന്മാറിയിരിക്കുന്നു. മുസ്‌ലിംകൾ പരസ്പരം പോരടിക്കുന്ന സാഹചര്യമാണിപ്പോൾ. സുൽത്താൻ നമ്മുടെ സഹോദനായ ബവു ഹാമിദിയെ തടവിലാക്കുകയും ബനീ അർമറുകാരെ കൊല്ലുകയും അവരുടെ ഭാര്യമാരെ അടിമച്ചന്തയിൽ വിൽക്കുകയും ചെയ്തു. എന്നാൽ ഈയിടെ കീഴടങ്ങിയ ബെൻ സലീമിനോട് ഫ്രഞ്ചുകാർ നൽകിയ വാക്കു പാലിച്ചിരിക്കുന്നു. നമ്മെ ചതിച്ചവരെക്കാൾ നമ്മോട് യുദ്ധം ചെയ്തവരിലാണ് എനിക്ക് വിശ്വാസം. ഫ്രാൻസിനെ തോൽപ്പിക്കാൻ ഒരു ചെറിയ സാധ്യത എങ്കിലും ശേഷിക്കുന്നുവെങ്കിൽ ഞാൻ പോരാട്ടവുമായി മുന്നോട്ടു പോയിരുന്നു. എന്നാൽ ഇനി ചെറുത്തു നിൽപ് നമുക്ക് നഷ്ടമല്ലാതെ വേറൊന്നും നൽകില്ല. നമുക്ക് ജയം നേടാൻ ആയില്ലെന്ന റബ്ബിന്റെ തീരുമാനം നാം അംഗീകരിക്കുന്നു. അവന്റെ അനന്തമായ ഹിക്മത് (തന്ത്രജ്ഞത) ഇപ്പോൾ ഈ നാട് ക്രൈസ്തവർ ഭരിക്കണം എന്നതാണ്. അവന്റെ വിധിയോട് നമ്മൾ എതിരു നിൽക്കണോ?”

ഇബ്നു അറബിയുടെ ഫുതൂഹാതുൽ മക്കിയ്യ

 

കാര്യമില്ലാതെ യാതനകൾ സഹിക്കാൻ ഇറങ്ങി പുറപ്പെടുന്നതിനെ ഖുർആൻ നിരുത്സാഹപ്പെടുത്തുന്നുണ്ടല്ലോ. സർവം ദൈവികേഛ കണക്കെയാണ് നടക്കുകയെന്നും മനുഷ്യർ അതിനെതിരെ പ്രവർത്തിക്കരുത് എന്നും വിശ്വസിക്കുന്ന അബ്ദുൽ ഖാദിർ ഈ അധ്യാപനത്തിന് കീഴൊതുങ്ങുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ ഫ്രാൻസിലേക്ക് തടവു പുള്ളിയായി കൊണ്ടു പോയി. അഞ്ചു വർഷമാണ് അദ്ദേഹം ഫ്രാൻസിൽ ജയിൽ വാസം അനുഭവിച്ചത്. പിന്നീട് നെപ്പോളിയൻ പ്രസിഡന്റ് ആയപ്പോൾ അദ്ദേഹത്തെ മോചിപ്പിക്കുകയും സിറിയയിലെ ഡമസ്കസിലേക്ക് പറഞ്ഞയക്കുകയും ചെയ്തു. അക്കാലത്താണ് ഡ്രൂസുകൾക്കും* ക്രിസ്ത്യാനികൾക്കുമിടയിൽ കലാപം പൊട്ടിപ്പുറപ്പെടുന്നത്. മൌണ്ട് ലബനനിൽ തുടങ്ങിയ കലാപം ദമസ്കസിലേക്കും വ്യാപിച്ചു. അന്ന് അനേകം ക്രിസ്ത്യാനികളെ കലാപത്തിൽ നിന്ന് സംരക്ഷണം നൽകുകയും അവർക്ക് അഭയമേകുകയും ചെയ്ത അമീർ ലോകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അമേരിക്കൻ പ്രസിഡന്റ് എബ്രഹാം ലിങ്കൺ, പോപ്പ് പയസ് ഒമ്പതാമൻ എന്നിവരടക്കമുള്ള കിഴക്കും പടിഞ്ഞാറുമുള്ള ഒട്ടേറെ നേതാക്കൾ ഇതിനെ പ്രശംസിച്ചിരുന്നു. താങ്കളെ ക്രിസ്ത്യാനികൾ നാട്ടിൽ വെച്ച് ഒരുപാട് അക്രമിച്ചിരുന്നല്ലോ. പിന്നെയും എന്തു കൊണ്ടാണ് ഇവരെ സഹായിച്ചത് എന്നു ചോദിച്ചപ്പോൾ ഞാൻ എന്റെ പ്രവാചകരുടെ പാത പിന്തുടരുക മാത്രമാണ് ചെയ്യുന്നത് എന്നായിരുന്നു മറുപടി.

ഇമാം അബുൽ ഹസൻ അൽ ശാദുലിയുടെ സൂഫി പരമ്പരയായ ശാദുലിയ്യ, ശൈഖ് മുഹ്‌യിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനിയുടെ ഖാദിരിയ്യ, മൗലാന ജലാലുദ്ധീൻ റൂമിയുടെ മൗലവിയ്യ, നഖ്ശബന്ദിയ്യ തുടങ്ങിയ സൂഫി ത്വരീഖകളിലെ അംഗമായിരുന്നു അബ്ദുൽ ഖാദിർ ആത്മാവ് തൊടുന്ന അനേകം കവിതകൾ എഴുതിയ ഒരു സൂഫി കവി കൂടിയായിരുന്നു. ശൈഖ് ഇബ്നു അറബിയുടെ ഗ്രന്ഥങ്ങൾ ആഴത്തിൽ വായനാവിധേയമാക്കുകയും അവക്ക് ഏറെ വ്യാഖ്യാനങ്ങൾ എഴുതുകയും ചെയ്തത് അബ്ദുൽ ഖാദിറിന്റെ അഗാധ പാണ്ഡിത്യത്തിന്റെ മികവാണ്. ഫുസൂസുൽ ഹികം, ഫുതൂഹാതുൽ മക്കിയ്യ: അടക്കമുള്ള ഉന്നത വിതാനത്തിലുള്ള ശൈഖുൽ അക്ബറിന്റെ ഗ്രന്ഥങ്ങൾക്ക് അബ്ദുൽ ഖാദിർ വ്യാഖ്യാനം എഴുതിയിട്ടുണ്ട്.

തന്റെ ജീവിതത്തിലൂടെ, ജിഹാദ് എന്നാൽ കേവലം പോരാട്ടം മാത്രമല്ലെന്നും പടച്ചവനോടുള്ള സമ്പൂർണ സമർപ്പണമാണ് അതിന്റെ ഉൽകൃഷ്ട രൂപമെന്നും അമീർ അബ്ദുൽ ഖാദർ ജനങ്ങൾക്ക് പഠിപ്പിച്ചു കൊടുത്തു. വൈദേശികാധിനിവേശത്തിന്റെ സമയത്തും ജയിൽ വാസ കാലത്തും നാടുകടത്തപ്പെട്ട ശേഷമുള്ള ജീവിതത്തിലുമെല്ലാം ഇത് കൃത്യമായി ജീവിതത്തിൽ പാലിക്കുകയും ചെയ്തു. ഈ അവസരങ്ങളിലെല്ലാം പകക്കോ വിദ്വേഷത്തിനോ മതാധ്യാപനങ്ങളെക്കാൾ മുൻതൂക്കം കൊടുക്കാതെയും അതിന് അണികളെ അനുവദിക്കാതെയുമാണ് അദ്ദേഹം ജീവിച്ചത്. സ്നേഹവും വിട്ടു വീഴ്‌ചയും പ്രാവർത്തികമാക്കാൻ കഴിയുന്നിടങ്ങളിലൊക്കെ അദ്ദേഹം അത് തന്നെ പിന്തുടർന്നു. ഇസ്‌ലാമിക മാനങ്ങൾക്കനുസരിച്ചാണ് അദ്ദേഹം ജീവിതവും ഭരണവും ക്രമീകരിച്ചതെന്ന് നടേ സൂചിപ്പിച്ചല്ലോ, യുദ്ധത്തിലും ഈ ഔന്നിത്യം അദ്ദേഹം കാഴ്ചവെച്ചു. പ്രകൃതിക്ക് നാശം വരുത്തരുത്, മൃതദേഹങ്ങൾ വികൃതമാക്കരുത്, സ്ത്രീകളെയും കുട്ടികളെയും സന്യാസിമാരെയും പുരോഹിതരെയും അക്രമിക്കരുത്, തടവുപുള്ളികളോട് ക്രൂരമായി പെരുമാറരുത് തുടങ്ങിയ ഇസ്‌ലാമിക യുദ്ധനയങ്ങൾ പാലിക്കുന്നതിൽ അമീർ അബ്ദുൽ ഖാദർ കണിശത വെച്ചു പുലർത്തിയിരുന്നു. അദ്ദേഹത്തിന്റെ ഇത്തരം യുദ്ധനയങ്ങൾക്കും തടവു പുള്ളികളോടുള്ള സമീപനങ്ങൾക്കും അന്താരാഷ്ട്ര തലത്തിൽ തന്നെ സ്വീകാര്യത ലഭിക്കാൻ കാരണമായി. തടവുപുള്ളികൾക്ക് മനുഷ്യവകാശങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനും വേണ്ടി 1949ൽ ഐക്യ രാഷ്ട്ര സഭ രൂപം നൽകിയ ജനീവ കോഡിൽ ഈ ആശയങ്ങൾ സ്ഥാനം പിടിച്ചു. 2006ൽ ഐക്യ രാഷ്ട്ര സഭ ജനീവയിൽ Emir Abdelkader, The forerunner of human rights and champion of interreligious dialogue എന്ന പേരിൽ ഒരു അന്താരാഷ്ട്ര കോൺഫ്രൻസും സംഘടിപ്പിച്ചിരുന്നു. ലോവയിൽ തന്നെ 2008 മുതൽ അബ്ദെൽഖാദർ പ്രോജക്ട് (Abdelkader Project) എന്ന പേരിൽ ഒരു കൂട്ടായ്മ പ്രവർത്തിച്ചു വരുന്നുണ്ട്. ഇവരുടെ നേതൃത്വത്തിൽ അമീറിന്റെ ആശയങ്ങളുടെ പ്രചരണവും മറ്റു പ്രവർത്തനങ്ങളും നടന്നു കൊണ്ടിരിക്കുന്നു.

1883 മേയ് 26 നാണ് ഡമസ്കസിൽ വെച്ച് അദ്ദേഹം മരണപ്പെടുന്നത്. ശൈഖുൽ അക്ബർ ഇബ്നു അറബിയുടെ ദർഗയുടെ ചാരത്താണ് അദ്ദേഹവും മറമാടപ്പെട്ടിരിക്കുന്നത്.