അറൂസതുൽ മൗലിദ് ; കൈറോയിലെ മീലാദ് മധുരം

ഈജിപ്തിൽ ഇത് മധുരപലഹാരങ്ങൾ ഉണ്ടാക്കുന്ന കാലമാണ്. എല്ലാ വർഷവും ഇസ്‌ലാമിക കലണ്ടറിലെ മൂന്നാമത്തെ മാസമായ റബീഉൽ അവൽ അടുക്കുമ്പോൾ രാജ്യത്തുടനീളമുള്ള തെരുവുകളും കടകളും വർണ്ണാഭമായ വിളക്കുകളും മധുരാനന്ദത്തിന്റെ മേശകളും കൊണ്ട് പ്രകാശിക്കുന്നു. പഞ്ചസാര പൊതിഞ്ഞ നിലക്കടല, വെള്ളക്കടല, പരിപ്പ്, തേങ്ങ, എള്ള് എന്നിവ അടങ്ങിയ ടൺ കണക്കിന് മധുരമുള്ള ഉരുളകൾ തയ്യാറാക്കുന്നതിലൂടെയാണ് മൗലിദുന്നബി അഥവാ പ്രവാചകരുടെ ജന്മദിനം ആഘോഷിക്കുന്നതിനായുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുന്നത്.

മൗലിദുന്നബി -ജന്മദിനാഘോഷങ്ങളെ സൂചിപ്പിക്കുന്ന ഈജിപ്തിലെ ഏറ്റവും ജനകീയമായ മധുരപലഹാരം മൗലിദിന്റെ മണവാട്ടി / മധുരമണവാട്ടി എന്നർഥം വരുന്ന അറൂസത് അൽ മൗലിദ് പാവ(Arouset el-Moulid doll)യും പഞ്ചസാര കൊണ്ട് തന്നെ നിർമ്മിച്ച കുതിരപ്പുറത്തുള്ള സുൽത്താനുമാണ്. സാറ്റിൻ-സീക്വിൻ (satin-sequin) പ്ലാസ്റ്റിക് പാവകൾ പഞ്ചസാരപാവകളുടെ ജനപ്രീതി മറികടക്കാൻ തുടങ്ങിയെങ്കിലും, ഷഅറേ ബാബ് അൽ ബഹറി (Share’ Bab el-Bahr)ന്റെ ഇടവഴികളിലൂടെ കടന്നുപോകുമ്പോൾ അറൂസത് അൽ മൗലിദിന് വസ്ത്രങ്ങൾ അലങ്കരിക്കുന്നതിലും മോടി പിടിപ്പിക്കുന്നതിനുമായി കുടുംബങ്ങളിലെ മുഴുവൻ അംഗങ്ങളും വ്യാപൃതരായ നിർമാണശാലകളെ അവിടെ കാണാനാകും.

IMG_9245 (1) P1010566

മൗലിദ് ആഘോങ്ങളുടെ ഏറ്റവും ജനകീയമായ കഥകളും ആചാരങ്ങളും നാന്ദി കുറിക്കുന്നത് ഫാത്തിമീ കാലഘട്ട(909-1171)ത്തിലാണ്. മൗലിദ് സമയത്ത് ഒരു ഫാത്തിമീ ഭരണാധികാരി കൈറോയുടെ മധ്യത്തിലൂടെ കുതിരപ്പുറത്ത് സഞ്ചരിച്ചപ്പോൾ അദ്ദേഹത്തിന്റെ ഭാര്യമാരിൽ ഒരാൾ വെളുത്ത വസ്ത്രവും അലങ്കരിച്ച കിരീടവും ധരിച്ച് അദ്ദേഹത്തെ അനുഗമിച്ച് നടന്നിരുന്നു. ഈ രംഗത്തെ കെയ്‌റോയിലെ മധുരപലഹാര നിർമ്മാതാക്കൾ പിന്നീട് മധുരപാവകൾ, കുതിരപ്പുറത്തുള്ള സുൽത്താൻ എന്നീ രൂപങ്ങളാക്കി നിർമിച്ച് ഇവ രണ്ടും ആഘോഷത്തിന്റെ പ്രതീകമാക്കിത്തീർക്കുകയും ചെയ്തു. ഒരുപാട് എതിർപ്പുകൾ നേരിട്ടിട്ടുണ്ടെങ്കിലും ഈ ആചാരം ഈജിപ്തിന്റെ ചില ഭാഗങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

P1010860     P1010530

 

മറ്റൊരു നാടോടിക്കഥ പ്രകാരം, പടയാളികൾ യുദ്ധത്തിന് പോയി മടങ്ങിയെത്തുമ്പോൾ, ഒരു സുന്ദരിയായ പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും അവർക്ക് ഒരു മധുരപാവ വധു സമ്മാനിക്കുകയും ചെയ്തിരുന്നു എന്നതാണ് . ഇപ്രകാരം ഈ ഐതിഹ്യത്തിൽ സൈനികരുടെ ധീരതയെ മാനിക്കാൻ മധുരപാവകൾ നിർമ്മിച്ചു എന്നും ഉൾപ്പെടുത്തിയിട്ടുണ്ട്.

കഥ എന്തുതന്നെയായാലും, കാലികമായ ഇത്തരം ആചാരങ്ങൾ മൗലിദ് ആഘോഷങ്ങളോടൊപ്പം കൂടിച്ചേരുകയും മധുരപാവകളുടെ നിർമ്മാണം തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന രീതിയിൽ മൗലിദുന്നബി ആഘോഷത്തിനുള്ള പ്രത്യേക പലഹാരമായി തീരുകയും ചെയ്തു. ഇത്തരം ‘കുതിരപ്പുറത്തുള്ള സുൽത്താനും’ ‘മധുരപാവകളും’ നിർമിക്കുന്നത് പഞ്ചസാരയിലാണ്. പഞ്ചസാര തിളപ്പിച്ച് അച്ചുകളിലിട്ട് ഖരരൂപത്തിലാക്കുന്നു. പാവയുടെ വസ്ത്രധാരണം ഒരു ശ്രമകരമായ ജോലിയാണ്. അബ്ദൽ ഗനി അൽ നബവി അൽ ശാലിന്റെ പുസ്തകമായ അറൂസത് അൽ മൗലീദ് (Amira el-Noshokaty ഇത് വിവർത്തനം ചെയ്തിട്ടുണ്ട് ) പറയുന്നതനുസരിച്ച്, “പാവകളുടെ കണ്ണുകൾക്ക് പ്രാധാന്യം നൽകാൻ കൺമഷിയും അവയുടെ കവിൾത്തടങ്ങൾ ശ്രദ്ധിക്കപ്പെടാൻ പിങ്ക് പൗഡറും നൽകുന്നു. ഈ ഫറോണിക് മേക്കപ്പ് (Pharaonic makeup) നീളമുള്ളതും ഇറുകിയതും ഉദാരമായ കൈകൾ ഉള്ളതുമായ മംലൂക്ക് വസ്ത്രമാതൃകളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിന്റെ ഉടുപ്പ് നീണ്ടുകിടക്കുകയും ചെയ്യുന്നു. പാവക്ക് ഭാരം നൽകുന്ന വെളുത്ത ശരീരത്തെ വിശാലമായ വസ്ത്രം കൊണ്ടാണ് പൊതിയുന്നത്.

പാവയുടെ സൗന്ദര്യം പ്രകടിപ്പിക്കാൻ അതിന്റെ കൈകളെ അരക്കെട്ടിൽ പ്രതിഷ്ഠിക്കുന്നു. ഖലീഫമാർക്ക് തണുപ്പ് നൽകാൻ ഉപയോഗിച്ചിരുന്ന തൂവൽ വിശറിയെ പോലെ വർണാഭമായ കടലാസ് പങ്കകൾ അതിന്റെ പിറകിൽ ഒട്ടിപ്പിടിച്ചിരിക്കുന്നു . “ചിലപ്പോൾ ഒരു പാവയെ അലങ്കരിക്കാൻ ഒരു ദിവസം വരെ വേണ്ടി വരും.
സ്വർണ്ണവും വെള്ളിയും തിളങ്ങുന്ന കടലാസുകൾ ഈജിപ്ഷ്യൻ ഗ്രാമവാസികൾ സാധാരണയായി ധരിക്കുന്ന മാലയായ കിർദാനോട് സാദൃശ്യമായി നിർമ്മിച്ചിരിക്കുമ്പോൾ ഫ്രാൻഷ (Fransha) അഥവാ ഞൊറികൾ (frills) ഫാത്തിമീ സ്വാധീനത്തെ പ്രതിഫലിപ്പിക്കുന്നതായി പറയപ്പെടുന്നു.

സീസൺ പരിമിതിമായതിനാലും വർഷത്തിൽ ഒരിക്കൽ മാത്രം വരുന്നതിനാലും മനോഹരവും ശ്രദ്ധാപൂർവവും പാവകൾക്ക് വസ്ത്രം നിർമ്മിക്കുന്നതിൽ ഓരോ കുടുംബത്തിലെയും മുഴുവൻ അംഗങ്ങളും വ്യാപൃതരാവുന്നു. സമീപ വർഷങ്ങളിൽ, പരമ്പരാഗത മധുരപാവകളുടെ സ്ഥാനത്ത് പ്ലാസ്റ്റിക് പാവകൾ വിപണിയിൽ നിറഞ്ഞിട്ടുണ്ട്. പ്ലാസ്റ്റിക് പാവകൾ ഏഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തതാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും, എല്ലാ ഭാഗങ്ങളും വസ്ത്രങ്ങളും ഈജിപ്തിൽ നിർമ്മിച്ചതാണെന്ന് അവകാശപ്പെടുന്ന വീഡിയോ ദൃശ്യങ്ങൾ ലഭ്യമാണ്.

P1010588 P1010867

അറൂസതുൽ മൗലിദ് നൃത്തം, കല, ശിൽപങ്ങൾ എന്നിവയിൽ ചിത്രീകരിച്ചിരിക്കുന്നു. ഈജിപ്തിനെ തന്റെ മിക്ക നിർമിതികളിലും അവതരിപ്പിക്കുകയും ഈജിപ്തിന്റെ വ്യത്യസ്ത പ്രതീകങ്ങൾ ഉപയോഗിക്കുകയും ചെയ്ത പ്രശസ്ത ഈജിപ്ഷ്യൻ ശിൽപി ഗമാൽ എൽ-സിഗിനി (1917-1977), തന്റെ ശിൽപത്തിൽ അറൂസാത് അൽ മൗലിദിനെ ഉപയോഗിക്കുന്നത് പ്രതീക്ഷയുടെയും പ്രോത്സാഹനത്തിന്റെയും സ്നേഹത്തിന്റെയും പ്രകടനമായാണ്. ഈ ശില്പം മുമ്പ്, മൊഹെൻഡിസീനിലെ Share’ Gameat al-Dewal al-Arabiya യിൽ നിലനിന്നിരുന്നുവെങ്കിലും 2011-ലെ അറബ് വിപ്ലവകാലത്ത് അത് അപ്രത്യക്ഷമായി.

വിവർത്തനം : മുഹമ്മദ് സിറാജ്റഹ്മാൻ

*മൗലിദ് ആഘോഷവുമായി ബന്ധപ്പെട്ട നിലനിൽക്കുന്ന ചില ആചാരങ്ങളെ വിവരിക്കുക മാത്രമാണ് ഈ കുറിപ്പിന്റെ ലക്ഷ്യം. കർമ്മശാസ്ത്രപരമായ വീക്ഷണം ഈ കുറിപ്പിൽ ശ്രദ്ധിച്ചിട്ടില്ല. ജീവനുള്ള വസ്തുക്കളുടെ രൂപമുണ്ടാക്കലിന് കർമ്മശാസ്ത്രപരമായ സാധുത ഇല്ല. വായനക്കാർ ശ്രദ്ധിക്കുമല്ലോ – എഡിറ്റർ