മുസ്‌ലിം ലോകത്തെ തലപ്പാവ് രീതികള്‍
ഇസ്‌ലാം മതത്തിൽ തല മറക്കാന്‍ പുരുഷന്മാരോടും സ്ത്രീകളോടും നിര്‍ദേശിക്കുന്നുണ്ടെങ്കിലും മിക്ക മതത്തിലുമുള്ള ആളുകളും ഇത് പിന്തുടരുന്നുണ്ട്. ശിരോവസ്ത്രം ധരിക്കുന്ന രീതി നോക്കി ധരിക്കുന്ന വ്യക്തിയുടെ സ്ഥലത്തെക്കുറിച്ചും കാലത്തെക്കുറിച്ചും സമൂഹത്തിലെ അയാളുടെ നിലയും മതവും തുടങ്ങി ഒരുപാട് കാര്യങ്ങളെ കുറിച്ച് മനസ്സിലാക്കാം (ഉദാഹരണത്തിന് മുസ്‌ലിം പുരുഷന്മാരുടെ ശിരോവസ്ത്രം പ്രാര്‍ത്ഥന സമയത്ത് നെറ്റി നിലത്ത് തൊടാന്‍ പ്രാപ്തമായ നിലയിലായിരിക്കണം).
പൊതു സമൂഹത്തില്‍ സാധാരണയിലുള്ള പുരുഷന്റെ ശിരോവസ്ത്രങ്ങള്‍ ഇവയാണ്:
തൊപ്പി (തഖിയ/അറഖിയേ), ഫെസ് തൊപ്പി (താര്‍ബഷ് /താര്‍ബൂസ്) തലപ്പാവ് (ഷാള്‍, ഇമാമ/ഇഹ്റാം) പൊതിഞ്ഞ ശിരോവസ്ത്രവും വട്ടക്കണ്ണിയും (കുഫിയ/കെഫിജെ).

യമനി തൊപ്പി
ചില സന്ദര്‍ഭങ്ങളില്‍ ശിരോവസ്ത്രധാരിക്ക് ഒരു തൊപ്പി, പിന്നെ ഒരു ഫെസ്, തുടര്‍ന്ന് തലപ്പാവ് അല്ലെങ്കില്‍ പൊതിഞ്ഞ ശിരോവസ്ത്രം എന്നിവ ഉണ്ടാകും. ചില സമയങ്ങളില്‍ ധരിക്കുന്നയാള്‍ക്ക് ഇവയില്‍ നിന്ന് ഒന്നോ രണ്ടോ എണ്ണം മാത്രമേ ഉണ്ടാവുകയുള്ളൂ, എന്നിരുന്നാലും ‘ഫെസ്’ എന്ന ശിരോവസ്ത്രത്തിന് ചരിത്രപരമായ പശ്ചാതലമുണ്ട്. കുഫിയ എന്നത് അറേബ്യരുമായും ബദുക്കളു (അറേബ്യന്‍ മരുഭൂമികളിലെ ഒരു നാടോടി ഗോത്രം) മായും ബന്ധപ്പെട്ടിരിക്കുന്നതും തലപ്പാവ് വടക്കേ ആഫ്രിക്കയിലെ മഗ്‌രിബ്, ഈജിപ്ത് എന്നിവിങ്ങളിലും ഇറാനിലെ നേതാക്കള്‍ക്കിടയിലും കിഴക്കന്‍ രാജ്യങ്ങളിലും സര്‍വ്വസാധാരണമായതുമാണ്.
തഖിയ (തൊപ്പി)
തൊപ്പി(തഖിയ/അറഖിയേ) ചിലപ്പോള്‍ മുതിര്‍ന്ന പുരുഷന്മാര്‍ സ്വയം ധരിക്കാറുണ്ട്. ചില സമൂഹങ്ങളില്‍ തൊപ്പിയെന്നത് ആണ്‍കുട്ടികളുടെ സ്ഥിരമായ ശിരോവസ്ത്രം കൂടിയാണ് (ഉദാ. പലസ്തീന്‍). തൊപ്പി പലതരത്തിലുള്ള തലപ്പാവുകള്‍ക്ക് കീഴെ ധരിക്കാറുണ്ട്, പരമ്പരാഗതമായിട്ട് ടാര്‍ബഷ് അല്ലെങ്കില്‍ ഫെസ് എന്നിവയ്‌ക്കൊപ്പാണ് ഇവ ധരിച്ചിരുന്നത്. ചിലപ്പോള്‍ സ്ത്രീകളും അവരുടെ ശിരോവസ്ത്രത്തിന് അടിയില്‍ തൊപ്പി ധരിക്കാറുണ്ട്. അതേപ്രകാരം, ശിരോവസ്ത്രത്തിന് കീഴില്‍ തൊപ്പി ധരിക്കുന്ന രീതി അഫ്ഗാന്‍ ബുര്‍ഖയുടെ ഭാഗമാണ്.

അറബ് തൊപ്പി
ഫെസ്/താര്‍ബഷ്
മൊറോക്കോയിലെ ഫെസ് നഗരത്തിന്റെ പേരിലറിയപ്പെടുന്ന തിളക്കം കുറഞ്ഞ ഒരു തരം തൊപ്പിയാണ് ഫെസ്.’താര്‍ബഷ്’ (‘താര്‍ബൂഷ്’ അല്ലെങ്കില്‍ ‘താര്‍ബൗച്ച്’ എന്നും പറയപ്പെടുന്നു), ചെചേയ, ഫെസി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. ഫെസ് തൊപ്പിയുടെ യഥാര്‍ത്ഥ മഗ്‌രിബ് പതിപ്പ് മൃദുവായതും വൃത്താകൃതിയിലുള്ളതുമാണ്. അതേ സമയം, ഫെസ് തൊപ്പിയുടെ ടര്‍ക്കിഷ് പതിപ്പ് കൂടുതല്‍ ദൃഢമായ അരികുകള്‍ കൊണ്ട് കടുപ്പമുള്ളതും പലപ്പോഴും ചുവപ്പ് നിറത്താലും അയഞ്ഞ് കിടക്കുന്ന വര്‍ണ്ണാഭമായ നൂലിനാലും കഠിനമായതുമാണ്. പലസ്തീനില്‍ ഈ രണ്ട് പതിപ്പുകള്‍ ‘താര്‍ബുഷ് മഗ്‌രിബി’, ‘താര്‍ബഷ് ഇസ്താംബൂളി’ എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ആദ്യത്തേത് ചരിത്രപരമായി ഗ്രാമീണരുമായും രണ്ടാമത്തേത് നഗര സ്വാധീനമുള്ളവരുമായും ബന്ധപ്പെട്ടിരിക്കുന്നു.

ഓട്ടോമൻ താർബുഷ്
തുര്‍ക്കിയില്‍ ഫെസ് തൊപ്പി ധരിക്കുന്നത് 1800 കളുടെ ആരംഭം മുതല്‍ എല്ലാ പുരുഷന്മാരുടെയും ഔപചാരിക വസ്ത്രധാരണത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ തുര്‍ക്കി റിപ്പബ്ലിക്ക് രൂപീകരിച്ചതിനെത്തുടര്‍ന്നുള്ള പാശ്ചാത്യവല്‍ക്കരണത്തിന്റെ ഭാഗമായി 1926 ല്‍ അതാതുര്‍ക്ക് ഫെസ് തൊപ്പി ധരിക്കുന്നത് നിരോധിക്കുകയുണ്ടായി. 1820 കളില്‍ ഈജിപ്ത്, താർബഷ് ശിരോവസ്ത്രധാരണം സ്വീകരിക്കുകയും ഇത് സൈനിക യൂണിഫോമിന്റെ ഭാഗമാക്കുകയും ചെയ്തു. തുടര്‍ന്ന് താര്‍ബെഷിന്റെ പ്രധാന നിര്‍മ്മാതാവായി ഈജിപ്ത് മാറുകയും ചെയ്തു. എന്നാല്‍ ഓട്ടോമന്‍ സ്വാധീനങ്ങളില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിന്റെ പ്രതീകമെന്ന നിലയില്‍ ഈജിപ്ഷ്യന്‍ വിപ്ലവത്തിനുശേഷം 1952 ല്‍ ഇത് നിരോധിക്കപ്പെട്ടു
തലപ്പാവ് (ഡല്‍ബാന്‍ഡ്, ‘ഇമാമ, ലഫെ, മസാര്‍/സാരിക്)
സാമാന്യം നീളമുള്ള തുണിയാണ് ടര്‍ബന്‍ (ഷാള്‍). ഇത് 2 മീറ്റര്‍ മുതല്‍ 16 മീറ്റര്‍ വരെ ആകാം! തഖിയക്ക് (തൊപ്പി) മുകളിലോ അല്ലെങ്കില്‍ തഖിയക്കും താര്‍ബഷിനുമൊപ്പമോ തലപ്പാവ് ധരിക്കാവുന്നതാണ്. ഇത്തരം സന്ദര്‍ഭത്തില്‍ താര്‍ബഷ് പുറമേക്ക് ദൃശ്യമാവുകയും തൊപ്പിക്ക് മുകളിലെ നൂലുകള്‍ സ്വതന്ത്രമായി തൂങ്ങി നില്‍ക്കുകയും ചെയ്യുന്നു. യെമനില്‍ തലപ്പാവിനു കീഴിലണിയുന്ന തൊപ്പി അറിയപ്പെടുന്നത് ‘കലന്‍സുവ’ എന്ന പേരിലാണ്. വടക്കേ ആഫ്രിക്കയില്‍, അതായത് മഗ്‌രിബ്, ഈജിപ്ത് എന്നിവിങ്ങളിലും ഒമാനിലും ഇറാനിലെ നേതാക്കള്‍ക്കിടയിലും കിഴക്കന്‍ രാജ്യങ്ങളിലും തലപ്പാവ് സര്‍വ്വ സാധാരണവുമാണ്. ലെവാന്റയില്‍ സാധാരണയായി തലപ്പാവ് ധരിച്ചിരുന്നുവെങ്കിലും 1930 ല്‍ ഇത് പലസ്തീനില്‍ ഉപേക്ഷിക്കുകയും പകരം കുഫിയയെ ദേശീയതയുടെ പ്രതീകമായി ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്തു. തൊപ്പിക്ക് മുകളിലുള്ള വര്‍ണ്ണാഭമായ അയഞ്ഞ നൂലുകള്‍ മൂലം കുര്‍ദിഷ് തലപ്പാവിനെ ‘പാറിപ്പറക്കുന്ന തലപ്പാവ് ‘ എന്ന് വിളിക്കപ്പെടുന്നുണ്ട്.

മഗ്‌രിബ് ഭാഗങ്ങളിൽ ഉപയോഗിക്കുന്ന തുഅരെഗ് (ഒമർ മുഖ്‌താർ അടക്കമുള്ള പോരാളികൾ ഇത്തരത്തിലുള്ള തലപ്പാവ് ആയിരുന്നു ധരിച്ചത് )

കുർദ് തൊപ്പി

18 – 19 നൂറ്റാണ്ടുകളിൽ ഓട്ടോമൻ തുർക്കിയിൽ ഉപയോഗിച്ചിരുന്ന നിസ്കാര തൊപ്പി

ഈജിപ്ഷ്യൻ തലപ്പാവ്

ഡ്രൂസ് വംശജർ ഉപയോഗിക്കുന്ന തൊപ്പി
കുഫിയ

കൂഫിയ
ഒരു ചതുരാകൃതിയിലുള്ള തുണിയെ ത്രികോണ രൂപത്തില്‍ മടക്കി വെക്കുകയും ഓരോ അറ്റങ്ങള്‍ ഓരോ തോളിലേക്കും ശേഷം പിറക് വശത്തേക്ക് താഴ്ത്തിയിടുകയും ചെയ്യുന്ന രൂപത്തില്‍ ധരിക്കുന്ന ശിരോവസ്ത്ര രീതിയാണ് കുഫിയ. ഇഖല്‍ എന്നറിയപ്പെടുന്ന ഒട്ടക രോമങ്ങളാല്‍ നിര്‍മ്മിച്ച ഒരു വട്ടക്കണ്ണി ഉപയോഗിച്ചാണ് ഇത് ഉറപ്പിച്ച് നിര്‍ത്തുന്നത്. ഇഖലിനടിയിലുള്ള ചതുരാകൃതിയിലുള്ള തുണി ‘ഗൗത്ര’ എന്നറിയപ്പെടുന്നു. ഗൗത്രയെന്ന തുണിക്ക് കീഴില്‍ ഒരു തഖിയ (തൊപ്പി) പലപ്പോഴും ധരിക്കാറുണ്ട്. കുഫിയ അറബികളുമായും ബദുക്കളുമായുമാണ് ബന്ധപ്പെട്ടിരിക്കുന്നത്. ഈജിപ്ത് നിവാസികളോ ഒമാനികളോ ഇത് ധരിക്കാറില്ല, അവര്‍ ഓരോരുത്തരും വ്യത്യസ്ത ശൈലിയിലുള്ള തലപ്പാവ് ധാരണമാണിഷ്ടപ്പെടുന്നത്. 1930 കളില്‍ പലസ്തീനികള്‍ കുഫിയ എന്ന ശിരോവസ്ത്ര ധാരണ രീതി സ്വീകരിക്കുകയും 1967 ആയപ്പോള്‍ ഇത് പലസ്തീന്‍ നേതാവ് യാസര്‍ അറഫാത്ത് ധരിച്ചതു പോലുള്ള കറുപ്പും വെളുപ്പും കള്ളികളുള്ള കുഫിയയായി മാറ്റുകയും ചെയ്തു. പരമ്പരാഗതമായി ജോര്‍ദാനിന്റെ കുഫിയ ചുവപ്പും വെള്ളയും നിറത്തിലുള്ള കള്ളികളിലുള്ളതാണ്. ഇറാഖില്‍ ഇടതൂര്‍ന്ന കറുത്ത നെയ്ത്തിലുള്ള കുഫിയയാണെങ്കില്‍, സൗദി അറേബ്യയിലും കുവൈത്തിലും വെള്ള നിറത്തിലുള്ള കുഫിയയ്ക്കാണ് പ്രാമുഖ്യം. മറ്റ് പല ശൈലികളിലുമുള്ള ശിരോവസ്ത്ര ധാരണമുണ്ടെങ്കിലും പൊതുസമൂഹത്തില്‍ അവ വളരെ വിരളമാണ്. മഗ്‌രിബ് ബെര്‍ബറുകള്‍ പലപ്പോഴും അവരുടെ നീണ്ട ജെല്ലാബിയയാണ് തല മറക്കാനുപയോഗിക്കുന്നത്. ഡ്രൂസ് (സിറിയ, ലബനാൻ പ്രദേശങ്ങളിൽ ജീവിക്കുന്ന ഒരു എത്‌നിക് സമൂഹം) വിഭാഗത്തിന് അവരുടെതായ ശിരോവസ്ത്ര ധാരണ ശൈലികളുണ്ടെങ്കില്‍ ഇറാനിലെ കുര്‍ദുകള്‍ വ്യതിരിക്തമായ ‘ഖാഷ്‌കായ് ‘ തൊപ്പികളാണുപയോഗിക്കുന്നത്. അറേബ്യന്‍ ഉപദ്വീപിന്റെ തെക്ക് ഗ്രാമങ്ങളിലുള്ള പുരുഷന്മാരും സ്ത്രീകളും കോണാകൃതിയിലുള്ള വൈക്കോല്‍ തൊപ്പികളാണ് പൊതുവെ തല മറക്കാർ ഉപയോഗിച്ചു വരുന്നത്.

വിവർത്തനം : മിദ്‌ലാജ് തച്ചംപൊയില്‍
a travel writer from the Bay Area with plans to go everywhere else. She also works as a copy editor and digital producer at Matador Network.
