ദലാഇലുൽ ഖൈറാത്ത്: ആദ്യകാല പകർപ്പുകളും ചിത്രങ്ങളും
പ്രവാചക(സ്വ) പ്രകീർത്തനങ്ങളുടെയും സ്വലാത്തിന്റെയും സമാഹരണമാണ് ദലാഇലുൽ ഖൈറാത്ത്. ലോകമെമ്പാടുമുള്ള മുസ്‌ലിംകൾ വീടുകളിലും, മസ്ജിദുകളിലും, മഖ്ബറകളിലും പാരായണം ചെയ്യുന്ന ഈ ഗ്രന്ഥം പതിനഞ്ചാം നൂറ്റാണ്ടിലാണ് രചിക്കപ്പെടുന്നത്.
ആധുനിക മൊറോക്കോയിൽ ജനിച്ച പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ ശൈഖ് മുഹമ്മദ് ബ്നു സുലൈമാൻ ജസൂലിയാണ് ഇതിന്റെ രചയിതാവ്. “നന്മയിലേക്കുള്ള വഴികാട്ടി” എന്ന് മൊഴിമാറ്റം ചെയ്യപ്പെടാവുന്ന ഗ്രന്ഥത്തിൻ്റെ രചനക്ക് ഹേതുവായിത്തീർന്നത് ഒരു പെൺകുട്ടിയുമായുള്ള ശൈഖ് ജസൂലിയുടെ ആകസ്മിക കൂടിക്കാഴ്‌ച്ചയായിരുന്നു. സംഭവം ഇങ്ങനെയാണ്; ഇമാം ജസൂലി അംഗശുദ്ധി വരുത്താനായി ഒരു കിണറിനടുത്ത് എത്തിയെങ്കിലും വെള്ളം ലഭിക്കാതെ വിഷമിച്ചിരിക്കെ, ഒരു പെൺകുട്ടി അദ്ദേഹത്തിൻ്റെ അരികിലേക്ക് വരികയും കിണറിലേക്ക് തുപ്പുകയും ചെയ്തു. അപ്പോൾ കിണറിലെ വെള്ളം ഉയർന്നുവന്നു. ഇതു കണ്ട ഇമാം ജസൂലി പെൺകുട്ടിയുടെ ആത്മീയ ഉന്നതിയെക്കുറിച്ച് ആരാഞ്ഞപ്പോൾ ഇപ്രകാരമായിരുന്നു അവരുടെ മറുപടി. “കാട്ടിലൂടെ നടന്നപ്പോൾ മൃഗങ്ങൾ ആരെയാണോ സ്നേഹത്തോടെ അനുഗമിച്ചത് അദ്ദേഹത്തിൻ്റെ മേൽ സ്വലാത്ത് ചൊല്ലിയത് കൊണ്ടുള്ള മഹത്വമാണിത്”. ഇത് കേൾക്കവേ അദ്ദേഹം ദലാഇലുൽ ഖൈറാത്ത് രചിക്കാൻ തീരുമാനിക്കുകയായിരുന്നു.
ലോകമെമ്പാടും ദിനംപ്രതി നടക്കുന്ന ഈ ഗ്രന്ഥത്തിൻ്റെ പാരായണത്തോടൊപ്പം, മറാകിഷിലെ ഇമാം ജസൂലിയുടെ മഖ്ബറയിൽ ഉൾപ്പടെ, പാശ്ചാത്യ മൊറോക്കോയിൽ നിന്ന് പൗരസ്ത്യ ചൈന വരെ ദലാഇലുൽ ഖൈറാത്തിൻ്റെ പ്രകാശിതവും മനോഹരമായ ചിത്രീകരണ പാരമ്പര്യവും ഉയർന്നുവന്നു. അങ്ങനെ ദലാഇലുൽ ഖൈറാത്തിന്റെ വൈവിധ്യമാർന്ന ചിത്രങ്ങളടങ്ങിയ ഒരുപാട് പകർപ്പുകൾ പുറത്തിറങ്ങി. ഒരുപക്ഷെ, സുന്നി മുസ്‌ലിംകൾക്കിടയിൽ വിശുദ്ധ ഖുർആനിന് ശേഷം ഏറ്റവുമധികം പകർത്തിയെഴുതപ്പെട്ട മതഗ്രന്ഥമായിരിക്കും ദലാഇലുൽ ഖൈറാത്ത്. മക്കയുടെയും മദീനയുടെയും ചിത്രങ്ങളുൾപ്പെടെ, പ്രവാചകർ മുഹമ്മദ് (സ്വ)യുമായി ബന്ധപ്പെട്ട സ്ഥലങ്ങളും വസ്തുക്കളുമാണ് ഇതിൽ പൊതുവായി ചിത്രീകരിക്കപ്പെടുന്നത്.
ദലാഇലുൽ ഖൈറാത്ത് – സ്ഥൂലനിരീക്ഷണം

മൊറോക്കോ, പതിനാറാം നൂറ്റാണ്ട്
ഒരു സാധാരണ ഡബിൾ പേജ് സ്പ്രെഡാ (double page spread) ണ് ചിത്രം ഒന്നിലുള്ളത്. ഇതിൻ്റെ വകഭേദങ്ങൾ നിരവധി കയ്യെഴുത്തു പ്രതികളിൽ കാണപ്പെടുന്നുണ്ട്. മക്കയുടെ ഒരു സ്ഥൂലനിരീക്ഷണ
(Birds eye view) മാണ് വലതു വശത്ത് ചിത്രീകരിച്ചിരിക്കുന്നത്. നാലു മദ്ഹബുകളുടെ ഇടങ്ങളാൽ ചുറ്റപ്പെട്ട (ഒന്ന് ഹറമിന് അകത്ത്) കഅബയും കാണാം. ഇടത് മൂന്ന് ദീർഘചതുരാകൃതിയിലുള്ളത് പ്രവാചകൻ മുഹമ്മദ് (സ്വ)യും സഹചാരികളായ അബൂബക്കർ (റ) ഉം ഉമർ (റ) ഉം അന്ത്യവിശ്രമം കൊള്ളുന്ന മദീനയിലെ സ്ഥാനമാണ്. പ്രവാചകരുടെ മിമ്പറും കാണാവുന്നതാണ്.
കയ്യെഴുത്തു പ്രതിയുടെ ചതുർഘടന, മഗ്‌രിബി ലിപി, പശ്ചാത്യ ഇസ്‌ലാമിക് ശൈലിയിലുള്ള അലങ്കാരം എന്നിവയെല്ലാം ഇത് പതിനാറാം നൂറ്റാണ്ടിൽ മൊറോക്കോയിൽ നിർമ്മിച്ചതാണെന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇസ്‌ലാമിക ലോകത്തെ തീർത്ഥാടനത്തിൻ്റെയും യാത്രയുടെയും വിശാലമായ പാരമ്പര്യത്തെ സാക്ഷ്യപ്പെടുത്തൽ ഇത്തരം കയ്യെഴുത്തു പ്രതികളുടെ സവിശേഷതയാണ്. 1960 ൽ അഫ്ഗാനിസ്ഥാനിലെ കാബൂളിലെ ഒരു ബസാറിൽ നിന്നാണ് ഇത് കണ്ടെത്തിയത്. കയ്യെഴുത്തു പ്രതി ഉപയോഗയോഗ്യമാക്കാനായി കൂട്ടിച്ചേർത്ത പേപ്പറിലെ ദേവ്നഗിരി ലിപി സൂചിപ്പിക്കുന്നത് ഇത് മക്കയിലേക്ക് കൊണ്ടുപോയെന്നതാണ്. അവിടെ നിന്നും ഇന്ത്യയിലെ മറ്റൊരു തീർത്ഥാടകൻ അത് കൈവശപ്പെടുത്തുകയായിരുന്നു.

ദലാഇലുൽ ഖൈറാത്തിൻ്റെ കയ്യെഴുത്തു പ്രതിയിലെ രണ്ടു പേജുകളിലായി ചിത്രീകരിച്ച മക്കയിലേയും മദീനയിലേയും വിശുദ്ധ ആരാധനാലയങ്ങൾ. കാലഘട്ടം1629-30. തുനീഷ്യയിൽ നിന്നുള്ളതായിരിക്കാം. The Metropolitan Museum of Art, Purchase, Friends of Islamic Art Gifts, 2017 (2017.301).
ചിത്രം രണ്ടിൽ കാണുന്ന പതിനേഴാം നൂറ്റാണ്ടിലെ ഈ കയ്യെഴുത്തു പ്രതി ദലാഇലുൽ ഖൈറാത്തിൻ്റെ ആദ്യകാല കോപ്പികളിൽപ്പെട്ടതാണ്. മിക്കവാറും തുനീഷ്യയിൽ നിന്നുള്ളതാകാം. മുഹമ്മദ് ബ്നു അഹമ്മദ് ബ്നു അബ്ദുറഹ്മാൻ റിയാദി ചിത്രീകരിച്ച ഈ പകർപ്പിൽ, മക്ക വലതും മദീന ഇടത്തുമായും നൽകിയിരിക്കുന്നു. ഇരു മസ്ജിദുകളിലെയും മിമ്പർ ഇതിൻ്റെ താഴ്ഭാഗത്തായി ചുവപ്പ് നിറത്തിൽ ചിത്രീകരിച്ചിരിക്കുന്നു. മദീനയിലെ മൂന്ന് അനുഗ്രഹീത മഖ്ബറകളും (മങ്ങിയതാണെങ്കിലും) ചതുരക്കെട്ടിനുള്ളിൽ കാണാൻ സാധിക്കും.

രണ്ടു പേജുകളിലായി ചിത്രീകരിച്ച മക്കയിലേയും മദീനയിലേയും വിശുദ്ധ ആരാധനാലയങ്ങൾ. കാശ്മീർ,c. 1800

രണ്ടു പേജുകളിലായി ചിത്രീകരിച്ച മക്കയിലേയും മദീനയിലേയും വിശുദ്ധ ആരാധനാലയങ്ങൾ. കാശ്മീർ. പത്തൊമ്പതാം നൂറ്റാണ്ട്.

രണ്ടു പേജുകളിലായി ചിത്രീകരിച്ച മക്കയിലേയും മദീനയിലേയും വിശുദ്ധ ആരാധനാലയങ്ങൾ. കാശ്മീർ. Dated 1808/1223 AH.
ചിത്രം മൂന്ന്, നാല്, അഞ്ച് എന്നിവ പത്തൊമ്പതാം നൂറ്റാണ്ടിൽ കാശ്മീരിൽ നിർമ്മിച്ച മൂന്ന് കയ്യെഴുത്തു പ്രതികളാണ്. നോർത്ത് ആഫ്രിക്കൻ ചിത്രീകരണത്തോട് സാമ്യത പുലർത്തുന്ന ഘടനയാണ് അവർ പിന്തുടർന്നത്. മൂന്നു കയ്യെഴുത്തു പ്രതികളുടെയും ഇടതുവശത്തായി ഈന്തപ്പന (പ്രാവാചകർ ഖുതുബ നിർവഹിക്കുന്നതിനിടയിൽ കരഞ്ഞ) യും ചിത്രീകരിച്ചിരിക്കപ്പെട്ടിരിക്കുന്നു. മൂന്നാമത്തെ കയ്യെഴുത്തു പ്രതി എഴുത്തുകാരനായ ഖാൻ യൂനുസ് ഖാൻ ബാഹുവിനെ നാമകരണം ചെയ്യുകയും നിർമ്മാണത്തിന്റെ കൃത്യമായ തിയ്യതി ശഅബാൻ 1223 AH (സെപ്റ്റംബർ1808 AD) എന്ന് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

രണ്ടു പേജുകളിലായി ചിത്രീകരിച്ച മക്കയിലേയും മദീനയിലേയും വിശുദ്ധ ആരാധനാലയങ്ങൾ. ഇന്ത്യയിലോ അല്ലെങ്കിൽ മക്കയിൽ വെച്ച് ഇന്ത്യൻ ചിത്രകാരന്മാരോ നിർമ്മിച്ചതായിരിക്കാം. കാലഘട്ടം,റജബ് 1216 (November 1801) റമദാൻ 1216 (January 1802).
ചിത്രം ആറിലെ പകർപ്പ് ആയ പത്തൊമ്പതാം നൂറ്റാണ്ടിലെ സവിശേഷമായ കയ്യെഴുത്തു പ്രതിയിൽ വലതുഭാഗത്തായി പ്രവാചകൻ മുഹമ്മദ് (സ്വ) യുടെ മസ്ജിദും ജന്നത്തുൽ ബഖീഅ ശ്മശാനം ഇടതുഭാഗത്തും കാണിക്കുന്നു. പ്രമുഖ മഖ്ബറകൾ പ്രത്യേകം അടയാളപ്പെടുത്തിയിട്ടുമുണ്ട്. ഒരുപക്ഷേ ഇത് ഇന്ത്യയിലോ അല്ലെങ്കിൽ മക്കയിൽ വെച്ച് ഇന്ത്യൻ ചിത്രകാരന്മാരോ നിർമ്മിച്ചതായിരിക്കാം.

രണ്ടു പേജുകളിലായി ചിത്രീകരിച്ച മക്കയിലേയും മദീനയിലേയും വിശുദ്ധ ആരാധനാലയങ്ങൾ. ഇന്ത്യ, ഒരുപക്ഷേ ഡെക്കാൻ. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ.
ഈ ഇരട്ട പേജ് ഇന്ത്യൻ കയ്യെഴുത്തു പ്രതിയിൽ നിന്നുള്ളതാണ്. പള്ളിയുടെ ചുറ്റുമുള്ള എല്ലാ വാതിലുകളും ഇതിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.

രണ്ടു പേജുകളിലായി ചിത്രീകരിച്ച മക്കയിലേയും മദീനയിലേയും വിശുദ്ധ ആരാധനാലയങ്ങൾ. ഇറാൻ അല്ലെങ്കിൽ അഫ്ഗാനിസ്ഥാൻ. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ.
ചിത്രം 8 ലെ ചിത്രീകരണം പത്തൊമ്പതാം നൂറ്റാണ്ടിൽ ഇറാനിലോ അഫ്ഗാനിസ്ഥാനിലോ രചിക്കപ്പെട്ടതാണ്.
സൂക്ഷ്മ നിരീക്ഷണം
മുകളിലെ ഡയഗ്രമാറ്റിക്( diagrammatic) ചിത്രീകരണങ്ങളിൽ നിന്ന് വ്യതിരിക്തമായി ഓട്ടോമൻ തുർക്കിയിലും ബാൽക്കൺ പ്രവിശ്യകളിലും മക്കയിലേയും മദീനയിലേയും പള്ളികൾ panoramic view യിലാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

രണ്ടു പേജുകളിലായി ചിത്രീകരിച്ച മക്കയിലേയും മദീനയിലേയും വിശുദ്ധ ആരാധനാലയങ്ങൾ. ഓട്ടോമൻ തുർക്കി, കാലഘട്ടം 1769/1182 AH

Signed by Husayn, known as Khaffaf Zadeh.ഓട്ടോമൻ തുർക്കി, കാലഘട്ടം1739-40/1152 AH.
പ്രധാന ആരാധനാലയങ്ങൾ മധ്യത്തിലായതിനാൽ, പ്രാധാന്യമുള്ള മറ്റു ഇടങ്ങൾ പലപ്പോഴും പശ്ചാത്തലത്തിൽ ചിത്രീകരിക്കുന്നു. പ്രവാചക പള്ളിയുടെ ഇടതുവശത്തുള്ള ജന്നത്തുൽ ബഖീഅ ശ്മശാനം പലപ്പോഴും മതിൽകെട്ടിനുള്ളിലായാണ് ചിത്രീകരിക്കപ്പെടുന്നത്.

രണ്ടു പേജുകളിലായി ചിത്രീകരിച്ച മക്കയിലേയും മദീനയിലേയും വിശുദ്ധ ആരാധനാലയങ്ങൾ. ഓട്ടോമൻ തുർക്കി, ഒരുപക്ഷേ ഇസ്താംബൂൾ. കാലഘട്ടം1848-9/1265 AH. Khalili Collection.
മദീനയിലെ പ്രവാചക പള്ളിയുടെ താഴികക്കുടം 1837 ലാണ് പച്ച നിറത്തിൽ പെയ്ൻ്റ് ചെയ്യപ്പെടുന്നത്. രണ്ട് പതിറ്റാണ്ടിനുശേഷം നിർമിക്കപ്പെട്ട ചുവടെയുള്ള ചിത്രീകരണത്തിലും ഇതു ദൃശ്യമാണ്.

രണ്ടു പേജുകളിലായി ചിത്രീകരിച്ച മക്കയിലേയും മദീനയിലേയും വിശുദ്ധ ആരാധനാലയങ്ങൾ. ഓട്ടോമൻ ബാൽക്കൺസ് അല്ലെങ്കിൽ തുർക്കി. കാലഘട്ടം1859-60/1275 AH.

ഓട്ടോമൻ തുർക്കി, പത്തൊമ്പതാം നൂറ്റാണ്ട്

മദീനയിലെ പ്രവാചകന്റെ പള്ളി ചിത്രീകരിച്ച പേജ്. ഓട്ടോമൻ തുർക്കി, പതിനേഴ് അല്ലെങ്കിൽ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ. MSS 97, fols 9b–10a. Khalili Collection.
പ്രവാചക പള്ളിയുടെ ഈയൊരു ചിത്രീകരണ(ചിത്രം 14)ത്തിൽ താഴികക്കുടം അഗ്നി ജ്വാലകളാൽ ഗ്രസിക്കുന്നവയാണ്. പേർഷ്യൻ പെയ്ന്റിംഗിൽ ശ്രദ്ധേയമായ വ്യക്തികളെ ചിത്രീകരിക്കുന്നത് പോലെ, ഇതിൻ്റെ പവിത്രത അറിയിക്കാനായിരിക്കാം ഇത്തരത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.
പ്രവാചകരുടെ റൗളയും മിമ്പറും
ദലാഇലുൽ ഖൈറാത്തിൻ്റെ കയ്യെഴുത്തു പ്രതികളിൽ പ്രവാചകർ (സ്വ), അബൂബക്കർ (റ),ഉമർ (റ) എന്നിവരുടെ മഖ്ബറകൾ ഒരുവശത്തും പ്രവാചകരുടെ മിമ്പർ മറുവശത്തും ചിത്രീകരിക്കുന്ന ഇരട്ട പേജും (double page spread) കാണപ്പെടുന്നുണ്ട്. താഴെയുള്ള കയ്യെഴുത്തു പ്രതി പതിനെട്ടാം നൂറ്റാണ്ടിലെ തുർക്കിസ്ഥാനിലേതും അവസാനത്തെ നാലെണ്ണം നോർത്ത് ആഫ്രിക്കയിൽ നിന്നുള്ളതുമാണ്.

ഈസ്റ്റ് തുർക്കിസ്ഥാൻ. കാലഘട്ടം 1719-20/1132 AH

തുനീഷ്യയിൽ നിന്നുള്ളതാകാം. കാലഘട്ടം 1629-30. The Metropolitan Museum of Art, Purchase, Friends of Islamic Art Gifts, 2017 (2017.301).

മൊറോക്കോ. തിയ്യതി, ഞായർ 23 Jumada 1303 AH/27 ഫെബ്രുവരി 1886 AD.

മൊറോക്കോ. Before 1717-18/1129 AH

മൊറോക്കോ, പതിനാറാം നൂറ്റാണ്ട്
ക്യാമറയുടെ കണ്ടുപിടുത്തത്തിനു മുമ്പുള്ള നൂറ്റാണ്ടുകളിൽ, ലോകത്തിലെ അനവധി മുസ്‌ലിംകൾ പ്രവാചകർ (സ്വ)യുടെയും അനുചരുടെയും മഖ്ബറകൾ, മസ്ജിദുകൾ ഉൾപ്പെടെ, വിശുദ്ധ നഗരങ്ങളായ മക്കയും മദീനയും കണ്ടിരുന്നത് ദലാഇലുൽ ഖൈറാത്തിൻ്റെ കയ്യെഴുത്തു പ്രതികളിൽ കാണുന്നതുപോലെയുള്ള ചിത്രീകരണങ്ങളിലൂടെയാണെന്നത് ഒരു വസ്തുതയാണ്.
ഇതിൻ്റെ ചിത്രീകരണം പൊതുവെ അലങ്കാരവും പ്രതീകാത്മകവുമാണെങ്കിലും അവ ഇപ്പോഴും അക്കാലത്തെ വാസ്തുവിദ്യാ സവിശേഷതകളെ കൂടി പകരുന്നവയാണ്. ജന്നത്തുൽ ബഖീഇലെ പ്രധാന മഖ്ബറകളിലും, മക്കാ ഹറമിലെ നാലു മദ്ഹബുകളുടെ ഇടങ്ങളിലും, മസ്ജിദുകളുടെ പൊതുവായ കരടു രൂപത്തിലും കാണപ്പെടുന്ന താഴികക്കുടങ്ങൾ അപ്രത്യക്ഷമാവുകയോ അല്ലെങ്കിൽ തിരിച്ചറിയാൻ സാധിക്കാത്ത വിധം വിപുലീകരിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്.
പ്രവാചകരോടുള്ള (സ്വ) കലർപ്പില്ലാത്ത സ്നേഹത്താലും വാഞ്ഛയാലും ലോകമെമ്പാടും സ്വീകരിക്കപ്പെട്ട ദലാഇലുൽ ഖൈറാത്തിൻ്റെ യഥാർത്ഥ വചനങ്ങളെപ്പോലെത്തന്നെയാണ് ഇതിലെ ചിത്രീകരണങ്ങളും. (ശൈഖ് ജസൂലി മദീനയിലായിരിക്കെ റൗളക്കരികിൽ വെച്ച് ദലാഇലുൽ ഖൈറാത്ത് നിരന്തരം പാരായണം ചെയ്യാറുണ്ടായിരുന്നു). ഈ ചിത്രീകരണങ്ങളെല്ലാം പ്രവാചകരെയും മക്കയെയും മദീനയെയും അവയെ കുറിച്ചുള്ള അഭിലാഷങ്ങളെയും ഓർമ്മിപ്പിക്കുന്നവയും ഉത്തേജിപ്പിക്കുന്നവയുമാണ്. മാത്രമല്ല പാശ്ചാത്യ മൊറോക്ക മുതൽ പൗരസ്ത്യ ചൈന വരെ, എല്ലായിടത്തും തിരിച്ചറിയപ്പെടുന്ന സാന്നിധ്യത്തിൻ്റെ പ്രതീകങ്ങളും ഭൂമിയിലെ അസ്ഥിത്വത്തിൻ്റെ അടയാളങ്ങളുമാണ്.
വിവർത്തനം : ഹാഫിള് നൂറുള്ള കീഴുപറമ്പ്
Footnotes
* Sheila S. Blair and Jonathan M. Bloom, The Art and Architecture of Islam (1250-1800), Yale University Press, 1995, p.263.
freelance writer and editor, and a former student of School of Oriental and African studies. Completed graduation in Islamic Art & Archaeology
