ഹാഗിയാ സോഫിയ : കുരിശുയുദ്ധക്കാരുടെ ആക്രമണവും ഓട്ടോമൻ സംരക്ഷണവും

1096- ൽ ആരംഭിച്ച കുരിശുയുദ്ധം പ്രധാനമായും മുസ്‌ലിംകൾക്കെതിരായ യുദ്ധങ്ങളുടെ പരമ്പരയായിട്ടാണ് അറിയപ്പെടുന്നത്. എന്നിരുന്നാലും, യൂറോപ്പുകാർ നടത്തിയ വലിയ കൂട്ടക്കൊലകളിൽ മുസ്‌ലിംകൾക്ക് പുറമേ ഓർത്തഡോക്സ്‌ ക്രിസ്ത്യാനികളും ജൂതന്മാരും ഇരകളായിരുന്നു. 1187- ൽ സ്വലാഹുദ്ധീൻ എന്നറിയപ്പെടുന്ന അൽ നാസിർ സ്വലാഹുദ്ധീൻ യുസുഫ് ഇബ്നു അയ്യൂബ് ജറുസലേമിനെ പിടിച്ചടക്കിയതിന് ശേഷമാണ് മൂന്നാമത്തെ കുരിശുയുദ്ധം (അഥവാ ‘രാജാവിന്റെ യുദ്ധം’ എന്നറിയപ്പെടുന്ന യുദ്ധം) നടന്നത്. ജറുസലേമിന് പകരം ബൈസന്റൈൻ സാമ്രാജ്യത്തിന്റെ ഭരണത്തിന് കീഴിലുള്ള കോൺസ്റ്റാന്റിനോപ്പിളിനെ കുരിശ് യുദ്ധക്കാർ പുറപ്പെട്ടു വളഞ്ഞു. 1204- ൽ കുരിശുയുദ്ധക്കാർ അധിനിവേശം നടത്തിയ കോൺസ്റ്റാന്റിനോപ്പിൾ വ്യാപകമായി കൊള്ളയടിക്കപ്പെടുകയും നിഷ്കരുണമായി നശിപ്പിക്കപ്പെടുകയും ചെയ്തു. ഹാഗിയ സോഫിയ പോലുള്ള പള്ളികൾ പോലും നാശനഷ്‌ടത്തിന് ഇരയായി. 1261 വരെ തുടർന്ന കുരിശുയുദ്ധ അധിനിവേശം, നഗരത്തിന്റെ പ്രൗഢിയെ തന്നെ നശിപ്പിച്ചു.

ഹാഗിയ സോഫിയയുടെ അഭിമാനഭംഗം

ഹാഗിയ സോഫിയയെക്കുറിച്ചുള്ള ചരിത്രപരമായ ബൈസാന്റിയൻ രേഖകളെ കുറിച്ച് ഗവേഷണം നടത്തിയ ശേഷം, ഒൻദർ കയ ഒരു ലേഖനത്തിൽ തന്റെ കണ്ടെത്തലുകൾ വിശദീകരിക്കുന്നുണ്ട്. “നഗരം കൊള്ളയടിച്ചതിന് നേർ ദൃക്സാക്ഷിയായ ബൈസന്റൈൻ ചരിത്രകാരൻ നികിറ്റസ് കൊനിയാറ്റസ് പറയുന്നു: മുസ്‌ലിംകൾ ജറുസലേമിനെ ബൈസാന്റിയത്തിൽ നിന്ന് ഒറ്റയടിക്ക് പിടിച്ചെടുത്തുവെങ്കിലും പൊതുജനങ്ങളോട് മാന്യമായി തന്നെയാണ് അവർ പെരുമാറിയത്. എന്നിരുന്നാലും, അവർ യേശു ക്രിസ്തുവിന്റെ ശവക്കല്ലറയെ തെല്ലും തന്നെ നശിപ്പിച്ചിരുന്നില്ല, എന്ന് മാത്രമല്ല അവർ സഹിഷ്ണുത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ കുരിശുയുദ്ധക്കാർ നടത്തിയത് മാപ്പർഹിക്കാത്ത തെറ്റ് തന്നെയാണ്. കൊനിയാറ്റസ് ഊന്നിപ്പറയുന്നത് ഇപ്രകാരമാണ്.

” രക്തം ചിന്താതെ ക്രിസ്ത്യൻ ദേശങ്ങളിലൂടെ കടന്നു പോകുമെന്നും മുസ്‌ലിംകൾക്ക് നേരെ മുന്നേറ്റം നടത്തുമെന്നും സത്യം ചെയ്തവരാണ് കോൺസ്റ്റാന്റിനോപ്പിളിൽ ഏറ്റവും ഭീകരമായ കൂട്ടക്കൊല നടത്തിയത്. തോളിൽ കുരിശ് ചുമക്കുന്നിടത്തോളം വിവാഹം കഴിക്കില്ലെന്ന് ശപഥം ചെയ്തവർ തന്നെ, ദൈവത്തിന് വേണ്ടി മാത്രം സ്വയം സമർപ്പിതരായ നമ്മുടെ കന്യാസ്ത്രീകളെ ബലാത്സംഗം ചെയ്തു കളഞ്ഞു. വിശുദ്ധ കല്ലറ (യേശുവിന്റെ) പ്രതികാരം ചെയ്യാൻ മാർച്ച്‌ ചെയ്തവർ സ്വർണം, വെള്ളി കുരിശിൽ ശക്തിയായി ചവിട്ടുന്നതിൽ നിന്ന് പോലും വിട്ട് നിന്നില്ല”. കത്തോലിക്കൻ കുരിശുയുദ്ധക്കാരുടെ ക്രൂരതക്കും അവഹേളനത്തിന് അതിരില്ലായിരുന്നു. ബൈസാന്റിയത്തിലെ ഏറ്റവും വലിയ സങ്കേതമായ ഹാഗിയ സോഫിയയെ കൊള്ളയടിക്കാൻ തങ്ങളുടെ കുതിരകളിൽ തന്നെ അവർ അതിക്രമിച്ചുകയറി. കുരിശുയുദ്ധക്കാർ ചർച്ചിലെ വിലപിടിപ്പുള്ള കല്ലുകൾ, രത്നങ്ങൾ, സാധനങ്ങൾ എന്നിവ അവർ കൂടെ കൊണ്ടുവന്ന കഴുതപ്പുറത്ത് കയറ്റി. പള്ളി വൃത്തി ഹീനമാകുന്നതിനെ കുറിച്ചോ കൊള്ളയടിക്കപ്പെട്ട വസ്തുക്കളുടെ അമിതഭാരത്താൽ തളർന്നുപോയ മൃഗങ്ങളെ കൊല്ലുന്നതിനെ കുറിച്ചോർത്തോ അവർ ആകുലപ്പെട്ടിരുന്നത് പോലുമില്ല.

കുരിശുയുദ്ധ പടയാളികൾ ഹാഗിയ സോഫിയയിൽ കൊള്ള നടത്തുന്നു.

എന്നിരുന്നാലും, ചരിത്രകാരനായ കൊനിയാറ്റസിനെ ഏറ്റവും കൂടുതൽ നീരസപ്പെടുത്തിയ രംഗം വേറൊന്നുമല്ല. പാത്രിയാർക്കീസ് സാധാരണയായി പ്രസംഗിച്ചിരുന്ന വേദികയിൽ ഇരുന്ന് കൊണ്ട് ഒരു വേശ്യ പാട്ടുപാടുകയും നൃത്തം ചെയുകയും ചെയ്ത രംഗമായിരുന്നു.

കുരിശുയുദ്ധക്കാർ പവിത്രമായ വസ്തുക്കൾ മോഷ്‌ടിച്ചു

കോൺസ്റ്റാന്റിനോപ്പിളിന്റെ അധിനിവേശത്തിന് ശേഷം, കുരിശു പടയാളികളിൽ നിന്ന് അവരുടെ സ്വത്ത്‌ മറച്ചു വെച്ച കാരണത്താൽ അനേകം ബൈസന്റൈനുകൾ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. കുലീനരായ കുരിശുയുദ്ധക്കാർ കൊട്ടാരങ്ങളിലെയും പള്ളികളിലെയും ഏറ്റവും വിലപിടിപ്പുള്ള വസ്‌തുക്കളിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ, അവർ കൂടുതൽ അടിസ്ഥാന വസ്തുക്കളായ ബാത്ത് ഹൗസ് പാത്രങ്ങൾ, ഇരുമ്പു പാത്രങ്ങൾ എന്നിവ സാധാരണ സൈനികർക്കായി വിട്ട് നൽകി. അതിനാൽ സാധാരണ സൈനികർ ബൈസന്റൈൻ ജനതയെ പീഡിപ്പിക്കുന്നതിന്റെ അളവ് വർധിച്ചു. രഹസ്യമായി തെരുവിലിറങ്ങിയ സൈനികർ കണ്ടെത്തിയതെല്ലാം കൊള്ളയടിക്കാൻ തുടങ്ങി. പള്ളികളിൽ നിന്നും കന്യാമഠങ്ങളിൽ നിന്നും യേശുവിന്റെ അപ്പോസ്തലൻ, കന്യാമറിയം, മറ്റു മഹാ പ്രവാചകന്മാർ എന്നിവരുടേതാണെന്ന് വിശ്വസിക്കപ്പെട്ടിരുന്ന ഒരുപാട് വിശുദ്ധ വസ്തുക്കളെയാണ് ഏറെയും കൊള്ളയടിച്ചത്. കൊള്ളയടിച്ച സാധനങ്ങളിൽ ഭൂരിഭാഗവും ഇറ്റലി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെ മതവിശ്വാസികൾക്ക് ആകർഷകമായ വിലക്ക് വിൽക്കുകയും ചെയ്തു.

ഹാഗിയ സോഫിയയിലെ ആദ്യ വെള്ളിയാഴ്ച

കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയ മെഹ്‍മദ് രണ്ടാമൻ പള്ളിയിൽ പ്രേവേശിച്ചപ്പോൾ അദ്ദേഹം, ഉള്ളിൽ കാത്തിരുന്ന പേടിച്ചരണ്ട ഗ്രീക്കുകാരോട് സമാധാനത്തോടെ വീട്ടിലേക്ക് മടങ്ങിക്കൊള്ളാൻ ഉത്തരവിട്ടു. ഉലമാക്കളിൽ പെട്ട ഒരാൾ ബാങ്ക് കൊടുത്തു. സുൽത്താൻ ഫാതിഹ് മെഹ്‍മദ് പള്ളിയിൽ ഇരുന്ന് പ്രാർത്ഥിക്കുകയും പള്ളിയിൽ പര്യടനം നടത്തുകയും ചെയ്തു. അദ്ദേഹം താഴികക്കുടത്തിൽ ചെന്ന് നഗര കാഴ്ചകൾ കണ്ട് നിർവൃതിയടഞ്ഞു. പിന്നീട് മെഹ്‍മദ് രണ്ടാമൻ പ്രാർത്ഥനക്കു വേണ്ടി ഹാഗിയ സോഫിയയെ തയ്യാറാക്കാൻ കൽപ്പിച്ചു. പിടിച്ചടക്കിയ സ്ഥലത്തിന്റെ ഏറ്റവും വലിയ സങ്കേതം പള്ളിയാക്കി മാറ്റണമെന്നത് തുർക്കി ഇസ്‌ലാമിക പാരമ്പര്യത്തിലെ അനിവാര്യതയായിരുന്നു. ഇത് ഇസ്‌ലാമിക വിജയത്തിന്റെ ശക്തി പ്രതീകമായിരുന്നു. ഹാഗിയ സോഫിയ, ഒരു വെള്ളിയാഴ്ച പ്രാർത്ഥനയോടെ പള്ളിയായി പരിണമിച്ചു. അവിടെ അക്ശാമുദ്ദിൻ ആദ്യത്തെ ഖുത്ബ നിർവ്വഹിക്കുകയും, സുൽത്താൻ ഫാതിഹ് 1453 ജൂൺ 1ന് നടന്ന ഈ പ്രാർത്ഥനയിൽ പങ്കെടുക്കുകയും ചെയ്തു. ഏകദേശം 481 വർഷത്തോളം, 1934 വരെ മുസ്‌ലിംകൾ ഹാഗിയ സോഫിയയിൽ പ്രാർത്ഥിച്ചു. അതിന്റെ ഘടനയിൽ ഭംഗം വരുത്തുന്ന ഒരു പരിഷ്കരണവും നടത്താൻ സുൽത്താൻ മെഹ്‍മദ് രണ്ടാമൻ അനുവദിച്ചില്ല. 1453 മെയ്‌ 29ന് ഓട്ടോമൻ പട്ടാളക്കാർ ആധുനിക ടോപ്കാപിക്കും എദിർനെക്കും ഇടയിലെ കോൺസ്റ്റാന്റിനോപ്പിളിൽ പ്രവേശിച്ചപ്പോൾ, നഗരം തകർന്നുവെന്ന് പറഞ്ഞു നഗരത്തിലുള്ള ഗ്രീക്കുകാർ ഓടി. മാലഖമാരുടെയും വിശുദ്ധരുടെയും സംരക്ഷണ ശക്തികളിൽ വിശ്വസിച്ച അവർ ഹാഗിയ സോഫിയയിലേക്ക് ഓടിക്കയറി. അവിടെ അഭയം തേടി. ചർച്ചിൽ കയറിയ പൊതുജനങ്ങൾ അത്ഭുതങ്ങൾ പ്രതീക്ഷിച്ചിരുന്നു.

1453 ൽ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയ ഓട്ടോമൻ സുൽത്താൻ ഫാതിഹ് മെഹ്‍മദ്, കീഴടക്കലിന് ശേഷം ഹാഗിയ സോഫിയയിൽ പ്രവേശിക്കുന്നു.

ഒരു പ്രവചനമനുസരിച്ച്, തുർക്കികൾ ചെമ്പർലിറ്റ്സിലേക്ക് വരും. എന്നാൽ ഒരു മാലാഖ നീതിയുടെ വാളുമായി ആകാശത്തു നിന്ന് താഴെയിറങ്ങും. അപ്പോൾ, കോൺസ്റ്റന്റൈൻ നിരയുടെ അരികിൽ നിൽക്കുന്ന പേരിടാത്ത ഒരു ദരിദ്രന് ആ മാലാഖ തന്റെ കയ്യിലെ വാൾ നൽകും, “ഈ വാൾ എടുത്ത് ഞങ്ങളുടെ ദൈവത്തിന്റെ പ്രതികാരം നേടുക” എന്ന് പറയും. തുർക്കികൾ ഓടിരക്ഷപ്പെടാൻ തുടങ്ങും, ബൈസന്റൈനുകൾ തുർക്കികളെ ഇറാന്റെ അതിർത്തിവരെ ഓടിക്കുകയും ചെയ്യും. എന്നിരുന്നാലും, പ്രവചനം പരാജയപെട്ടു. അങ്ങനെ ഇപ്പോൾ ഇസ്താംബൂൾ എന്നറിയപ്പെടുന്ന കോൺസ്റ്റാന്റിനോപ്പിൾ, 1453 ൽ തുർക്കികൾ പിടിച്ചെടുത്തു.
അധിനിവേശത്തിനു ശേഷം ജേതാവ് എന്നർത്ഥം വരുന്ന ‘ഫാതിഹ്’എന്ന പദവി ലഭിച്ച മെഹ്‌മദ് രണ്ടാമൻ തന്റെ വിദഗ്ധരുമായും ജനിശ്ശേരികളുമായും നഗരത്തിലെത്തി. സംഘം നഗരം കടന്ന് ഹാഗിയ സോഫിയയിലെത്തി. സുൽത്താൻ കുതിരയിൽ നിന്ന് നിലത്തിറങ്ങി ഒരുപിടി മണ്ണ് തന്റെ ‘കവുക്കിൽ’ (മനുഷ്യർക്ക് വേണ്ടിയുള്ള തലപ്പാവ്) തളിച്ചു. അവൻ ദൈവത്തിന്റെ അനുഗ്രഹം മാത്രമാണ് ഈ വിജയത്തിന്റെ നിദാനമെന്നും താൻ ഒന്നുമല്ല എന്ന് പ്രതീകാത്മകമായി കാണിക്കുകയായിരുന്നു അദ്ദേഹം. പള്ളിയിൽ പ്രവേശിച്ച അദ്ദേഹം കുറച്ചു നേരം നിശബ്ദനായി നിന്നു. ഒരുപക്ഷെ, അദ്ദേഹം വിജയത്തിനായി പ്രാർത്ഥിക്കുന്നുണ്ടാവും. ആ നിമിഷം, തന്റെ ഒരു സൈനികൻ പള്ളിയുടെ മാർബിൾ തകർക്കാൻ ശ്രമിക്കുന്നത് അദ്ദേഹത്തിന്റെ കണ്ണിൽ പെട്ടു. കോപാകുലനായി, സുൽത്താൻ സൈനികനോട് പറഞ്ഞു, ‘യുദ്ധത്തിന്റെ ഗനീമത്ത് സ്വത്തിൽ പള്ളിയും ഉൾപ്പെട്ടിരുന്നുവെന്നും, അത് കൊണ്ട് അത് സുൽത്താന്റെതുമാണ് അത് നശിപ്പിക്കാൻ നിനക്ക് അധികാരമില്ല.

മൊഴിമാറ്റം : സമീഹ അൽ-ഫിഹ്‌രി