വിസ്മരിക്കപ്പെട്ട അന്തലൂസിയൻ മുസ്‌ലിംകൾ
തങ്ങളുടെ സമ്പന്നമായ ബൗദ്ധിക-കലാ-സാംസ്‌കാരിക സമ്പന്നതയാൽ മുസ്‌ലിം സ്‌പെയിന്‍ ഭൂലോകവിശ്രുതമാണ്. എന്നാല്‍ പില്‍ക്കാലത്ത് സ്‌പെയിന്‍ തകര്‍ന്നടിയുകയും 1492ല്‍ അവസാന മുസ്‌ലിം തുരുത്തായിരുന്ന ഗ്രാനഡയും ക്രിസ്ത്യന്‍ ഭരണകൂടങ്ങള്‍ കീഴടക്കിയ ശേഷം മുസ്‌ലിംകൾക്ക് എന്ത് സംഭവിച്ചുവെന്നതില്‍ പലരും അജ്ഞരാണ്.
1232ല്‍ അധികാരത്തില്‍ വന്ന ബനൂ അഹ് മർ എന്ന പേരിൽ അറിയപ്പെട്ട ഗ്രാനഡയിലെ നാസരിയ്യ ഭരണകൂടം 1492ല്‍ കത്തോലിക്കാ രാജാക്കന്മാര്‍ക്ക് മുമ്പില്‍ കീഴടങ്ങുകയുണ്ടായി. അരഗോണിലെ ഫെര്‍ഡിനാന്‍ഡ് രണ്ടാമനും കാസില്ലയിലെ ഇസബെല്ലയും ചേര്‍ന്നായിരുന്നു കീഴടക്കിയത്. തുടര്‍ന്ന് രാജകല്‍പ്പനപ്രകാരം ഐബീരിയന്‍ ഉപദ്വീപിലെ ജൂതജനതയെ ഒന്നടങ്കം പുറത്താക്കുകയുണ്ടായി. പുറത്താക്കപ്പെട്ട ജൂതന്മാര്‍ക്ക് സഹായമായി ഉസ്മാനിയ സുല്‍ത്താന്‍ ബായസീദ് രണ്ടാമന്‍ തന്റെ നാവികസേനയെ അയക്കുകയും തന്റെ സാമ്രാജ്യത്തില്‍ അവര്‍ക്ക് അഭയം നല്‍കുകയും ചെയ്തിരുന്നു.
അതേ സമയം പല മുസ്‌ലിംകളും മെഡിറ്ററേനിയന്‍ ദ്വീപുകളിലും യൂറോപ്പിന്റെ മറ്റ് ഭാഗങ്ങളിലും സുരക്ഷിതമായൊരു ഇടം തേടി പലായനം ചെയ്തു. 1492ല്‍ സ്‌പെയിനിലെ മുസ്‌ലിം ജനസംഖ്യ ഏകദേശം 5 ലക്ഷമായിരുന്നു. കീഴടക്കലിനെത്തുടര്‍ന്ന് 2 ലക്ഷത്തോളം പേരാണ് ആഫ്രിക്കയിലേക്ക് കുടിയേറിയത്. എങ്കിലും ഭൂരിപക്ഷം പേരും അവിടെത്തന്നെ തുടരുകയാണുണ്ടായത്.
സ്‌പെയിനില്‍ മുസ്‌ലിംകളെ ഒഴിച്ചുകൂടാനാവാത്തതിനാല്‍ ഭരണാധികാരികള്‍ ആദ്യമൊക്കെ അവർക്ക് പരിഗണന നൽകിയിരുന്നു. പിന്നീട് ഈ മനോഭാവം മാറുകയും എല്ലാവരെയും മതപരിവര്‍ത്തനം ചെയ്യിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. തുടക്കത്തിൽ, പ്രലോഭനങ്ങളിലൂടെയായിരുന്നു പരിവര്‍ത്തനം നടത്തിയിരുന്നത്. മതം മാറിയവര്‍ക്ക് സമ്മാനങ്ങളും പണവും ഭൂമിയും നല്‍കപ്പെട്ടു. പക്ഷേ പ്രലോഭനങ്ങള്‍ അത്രകണ്ട് വിജയിക്കുകയുണ്ടായില്ല. പരിവര്‍ത്തനം ചെയ്തവരില്‍ പലരും അത്തരം സമ്മാനങ്ങള്‍ സ്വന്തമാക്കിയ ശേഷം ഇസ്‌ലാമിലേക്ക് തന്നെ മടങ്ങുകയാണുണ്ടായത്.
വിശ്വാസം വിലക്ക് വാങ്ങാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ ഭരണകൂടം കൂടുതല്‍ കഠിനമായ പരീക്ഷണങ്ങളിലേക്ക് കടന്നു. എന്ത് കാണിച്ചിട്ടായാലും പരിവര്‍ത്തന പ്രക്രിയ വേഗത്തിലാക്കാന്‍ 1499ല്‍ ഫ്രാന്‍സിസ്‌കോ ജിമെനെസ് എന്ന കത്തോലിക്കാ കര്‍ദ്ദിനാള്‍ തെക്കന്‍ സ്‌പെയിനിലേക്ക് നിയോഗിക്കപ്പെട്ടു. ‘അവിശ്വാസികളെ രക്ഷയിലേക്ക് (Christianity) ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, അവരെ അതിലേക്ക് വലിച്ചിഴക്കേണ്ടിവരും’ എന്നായിരുന്നു കര്‍ദ്ദിനാളിന്റെ വാദം. ഇസ്‌ലാമിന്റെ അടയാളങ്ങളെല്ലാം മായ്ച്ചു കളയുന്നതിന്റെ ഭാഗമായി 1501 ഒക്ടോബറില്‍, അറബിക് മതഗ്രന്ഥങ്ങള്‍ പരസ്യമായി കത്തിക്കാന്‍ അദ്ദേഹത്തിന് രാജകീയാനുമതി ലഭിക്കുകയുണ്ടായി (ചില വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളൊഴിച്ച്).
പരിവര്‍ത്തനം ചെയ്യാന്‍ വിസമ്മതിച്ചവര്‍ തടവിലാക്കപ്പെട്ടു. ക്രൂരമായി പീഡിപ്പിക്കപ്പെടുകയും മനംമാറ്റമുണ്ടാകാന്‍ സ്വത്തുകള്‍ കണ്ടുകെട്ടുകയും ചെയ്തു. 1499 ഡിസംബര്‍ 18 നും 25 നും ഇടയില്‍ മാത്രം ഏകദേശം 3,000 മുസ്‌ലിംകൾ മാമോദീസ സ്വീകരിച്ചതായി കണക്കാക്കപ്പെടുന്നു.
പീഢീപ്പിച്ചും അടിച്ചമര്‍ത്തിയും മുസ്‌ലിം ജനതയെ പ്രകോപിപ്പിക്കാനും പ്രക്ഷുബ്ധമാക്കാനും ഭരണകൂടം ശ്രമിക്കുകയുണ്ടായി. സഹികെട്ട മുസ്‌ലിംകൾ പ്രക്ഷോഭമാരംഭിച്ചു. ജിമെനെസ് കര്‍ദ്ദിനാളിന്റെ ശ്രമങ്ങളോട് തങ്ങളുടെ എതിര്‍പ്പ് പ്രഖ്യാപിക്കുകയും സ്വേച്ഛാധിപത്യ കത്തോലിക്കാ ഭരണത്തെ അട്ടിമറിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ സൈനികർ മുസ്‌ലിം പട്ടണങ്ങളിലേക്ക് അയക്കപ്പെട്ടു. തുടര്‍ന്ന് പലയിടങ്ങളിലും കൂട്ടക്കൊലകളും നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളും അരങ്ങേറി.
1502 ഫെബ്രുവരി 12ന് കാസ്റ്റിലിയന്‍ ഭരണാധികാരികള്‍ മുസ്‌ലിംകൾക്കെതിരെ ‘പരിവര്‍ത്തനം അല്ലെങ്കില്‍ പുറത്ത്’ എന്ന ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവനുസരിച്ച് നിശ്ചിത ദിവസത്തിനുള്ളില്‍ സ്‌പെയിനില്‍ നിന്ന് പലായനം ചെയ്യണം അല്ലെങ്കില്‍ പരിവര്‍ത്തനത്തിന് വിധേയനാകണം. വാസ്തവത്തില്‍, കാസില്ലയന്‍ അധികാരികള്‍ക്ക് മുസ്‌ലിംകള്‍ പലായനം ചെയ്യുന്നതിനേക്കാള്‍ താൽപ്പര്യം മതം മാറുന്നതായിരുന്നു. അതിനാല്‍ അതനുസരിച്ചായിരുന്നു ആ ഉത്തരവും. പലായനം ചെയ്യാന്‍ പറ്റുമെങ്കിലും മുസ്‌ലിംകള്‍ ഭരിക്കുന്ന വടക്കന്‍ ആഫ്രിക്കയിലേക്കോ ഓട്ടോമന്‍ പ്രദേശങ്ങളിലേക്കോ കുടിയേറാന്‍ പറ്റില്ല. എന്തിനേറെ, തൊട്ടടുത്ത കൃസ്ത്യന്‍ രാജ്യങ്ങള്‍ തന്നെയായ അരഗോണിലും വലന്‍സിയയിലും നിര്‍ബന്ധിത പരിവര്‍ത്തനമുണ്ടായിരുന്നില്ലെങ്കിലും കുടിയേറ്റ നിയന്ത്രണമുണ്ടായിരുന്നു. പലായനം ചെയ്യാന്‍ തീരുമാനിച്ചവര്‍ക്ക് തന്നെ സ്‌പെയിനിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തുള്ള അറ്റ്‌ലാന്റിക് തുറമുഖങ്ങളിലൂടെ ദീര്‍ഘവും ബുദ്ധിമുട്ടുള്ളതുമായ യാത്രയിലൂടെ മാത്രമേ പലായനം ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ .അതിനാല്‍ പലരും അവിടെ തന്നെ തുടരാന്‍ തീരുമാനിച്ചു. 1526ല്‍ ഈ നിയമം അരഗോണ്‍, വലന്‍സിയ എന്നിവിങ്ങളിലേക്കും വ്യാപിപ്പിക്കുകയുണ്ടായി.
അക്കാലത്ത് മിക്ക മുസ്‌ലിംകളും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു. പക്ഷേ രഹസ്യമായി ഇസ്‌ലാം മതം തുടര്‍ന്നുപോന്നു . ഇവര്‍ ‘മോറിസ്‌കോകൾ’ എന്നറിയപ്പെട്ടു.
കാലക്രമേണ, മോറിസ്‌കോകൾ രഹസ്യമായി ഇസ്‌ലാം ആചരിക്കുന്നത് തടയാന്‍ അധികാരികള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ഇസ്‌ലാമിക നിയമങ്ങള്‍ അനുസരിച്ച് മൃഗങ്ങളെ കശാപ്പ് ചെയ്യുക, ഖുര്‍ആന്‍ വായിക്കുക, മുസ്‌ലിം രീതിയിലുള്ള വസ്ത്രം ധരിക്കുക, പ്രത്യേക ദിവസങ്ങളില്‍ കുളിക്കുക, അറബി സംസാരിക്കുകയോ വായിക്കുകയോ എഴുതുകയോ ചെയ്യുക തുടങ്ങി ഇസ്‌ലാമുമായി ബന്ധപ്പെട്ടവയെല്ലാം നിരോധിക്കപ്പെട്ടു. ഇത് കൂടാതെ, മുസ്‌ലിമാണെന്ന് സംശയിക്കപ്പെടുന്നവര്‍ സൈനികര്‍ക്ക് സദാസമയവും നിരീക്ഷിക്കാന്‍ വേണ്ടി അവരുടെ വാതിലുകള്‍ എപ്പോഴും തുറന്നിടണമായിരുന്നു. മുസ്‌ലിമാണെന്ന് കണ്ടെത്തിയാല്‍ വിചാരണപോലുമില്ലാതെ വധിക്കപ്പെട്ടിരുന്നു.
എന്നാല്‍ മോറിസ്‌കോകളുടെ മതപരവും സാംസ്‌കാരികവുമായ പൈതൃകത്തിനെതിരായ തുടര്‍ച്ചയായ ഈ ആക്രമണങ്ങള്‍ അവരെ ആചാരങ്ങളിലും വിശ്വാസങ്ങളിലും കൂടുതല്‍ ശക്തമായി ചേര്‍ന്ന് നില്‍ക്കാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്തത്.
നിരോധനങ്ങളും നിര്‍ബന്ധിത മാര്‍ഗങ്ങളൊക്കെയും നടപ്പിലാക്കിയിട്ടും, നൂറു വര്‍ഷത്തോളം മോറിസ്‌കോകള്‍ ഇസ്‌ലാമിക ആചാരങ്ങളില്‍ ഉറച്ചുനിന്നു ഇതിനിടയില്‍ ധാരാളം ഇസ്‌ലാമിക കൃതികള്‍ രചിക്കപെടുക പോലുമുണ്ടായി .
അതേ സമയം ഇവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് സഭയില്‍ ചര്‍ച്ചകള്‍ ഉയരുന്നുണ്ടായിരുന്നു. മതപരിവര്‍ത്തനത്തിന്റെ കാര്യത്തില്‍ ചിലര്‍ സൗമ്യമായ സമീപനത്തിനായി വാദിച്ചപ്പോള്‍ ചില ക്രിസ്ത്യാനികള്‍ മാത്രമാണ് ഭൂമിയുടെ ശുദ്ധമായ അവകാശികളെന്നും അതിനാല്‍ ശുദ്ധ കൃസ്ത്യാനികളല്ലാവത്തവരെയൊക്കെ പുറത്താക്കണമെന്നും വാദിച്ചു.
ഒടുവില്‍ 1609 ഏപ്രിലില്‍ സ്‌പെയിനിലെ ഫിലിപ്പ് മൂന്നാമന്‍ രാജാവ് മുഴുവന്‍ മോറിസ്‌കോകളെയും (മുസ്‌ലിം പാരമ്പര്യമുള്ള പരിവര്‍ത്തിത കൃസ്ത്യാനികള്‍) പുറത്താക്കിക്കൊണ്ട് ഉത്തരവിട്ടു. അവരില്‍ മതവിരുദ്ധതയും രാജ്യദ്രോഹവും ആരോപിക്കപ്പെട്ടു. തന്റെ ഭരണപ്രദേശങ്ങളുടെ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്താനായിരുന്നത്രേ രാജാവിന്റെ ഈ ഉത്തരവ്.
വസ്തുവകകള്‍ ശേഖരിക്കാനും കപ്പലുകള്‍ കയറാനും മൂന്ന് ദിവസം മാത്രമായിരുന്നു മോറിസ്‌കോകള്‍ക്ക് അനുവദിക്കപ്പെട്ടത്. സ്പാനിഷ് തീരത്ത് എത്തുന്നതിന് മുമ്പ് തന്നെ അവരില്‍ പലരെയും പട്ടാളക്കാരും അവരുടെ ക്രിസ്ത്യന്‍ അയല്‍ക്കാരും ചേര്‍ന്ന് കൊള്ളയടിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. അതേസമയം ചില നാവികര്‍ കപ്പലില്‍ കയറിപ്പറ്റിയവരെയും കൊള്ളയടിക്കുകയും ബലാത്സംഗം ചെയ്യുകയും കൊല്ലുകയും ചെയ്തു.
അഞ്ച് വര്‍ഷത്തിനിടയില്‍, ഏകദേശം 3 ലക്ഷത്തോളം മുസ്‌ലിംകൾ സ്‌പെയിനില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടു, മൊത്തം ജനസംഖ്യയുടെ 4-5% വരുമിത്. 1614ഓടെ മോറിസ്‌കോ സമൂഹത്തിന്റെ വംശീയ ഉന്മൂലനം സ്‌പെയിന്‍ വിജയകരമായി നടപ്പാക്കി.
ചില മോറിസ്‌കോകള്‍ സ്‌പെയിനിലേക്ക് മടങ്ങാന്‍ ശ്രമിച്ചുവെങ്കിലും പലരും വീണ്ടും പുറത്താക്കപ്പെട്ടു. മറ്റുള്ളവര്‍ വടക്കേ ആഫ്രിക്കയില്‍ പുതിയ വീടുകള്‍ കണ്ടെത്തി അന്തലൂസിയന്‍ വ്യക്തിത്വം നിലനിര്‍ത്തിക്കൊണ്ട് തന്നെ സമൂഹത്തില്‍ അലിഞ്ഞുചേര്‍ന്നു. ഡീഗോ ലൂയിസ് മോര്‍ലെം എന്ന പുറത്താക്കപ്പെട്ട മോറിസ്‌കോ തന്റെ മുന്‍ യജമാനനുള്ള ഒരു കത്തില്‍, നഷ്ടപ്പെട്ട രാജ്യത്തിനായി താനും സഹപ്രവാസികളും ‘രക്തക്കണ്ണീരോടെ കരയുന്നു’ എന്നും ‘അവര്‍ ഞങ്ങളെ തൂക്കിലേറ്റിയാലും’ തിരിച്ചുവരാന്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പറയുന്നുണ്ട്.
മോറിസ്‌കോകളെ ടുണീഷ്യയിലെ ഓട്ടോമന്‍ ഭരണാധികാരി ഇരുകൈയും നീട്ടി സ്വീകരിച്ചു. ഏകദേശം 80,000 പേര്‍ ടുണീഷ്യയിലേക്ക് പോയി. മോറിസ്‌കോകളെ വീടുകളിലേക്ക് സ്വാഗതം ചെയ്യാനും മാന്യമായ താമസസൗകര്യം നല്‍കാനും ഭരണാധികാരികള്‍ ജനങ്ങളെ പ്രോത്സാഹിപ്പിച്ചു. പള്ളികളും മതകേന്ദ്രങ്ങളും അഭയാര്‍ത്ഥികള്‍ക്കുള്ള താല്‍ക്കാലിക താമസസ്ഥലമാക്കി മാറ്റുകയുണ്ടായി. കൂടാതെ, എല്ലാ സ്വത്തുക്കളും ഉപേക്ഷിക്കാന്‍ മോറിസ്‌കോകള്‍ നിര്‍ബന്ധിതരായതിനാല്‍ അവരുടെ ആദ്യ വര്‍ഷത്തിലെ എല്ലാ ചിലവുകളും ഗവണ്‍മെന്റ് വഹിച്ചിരുന്നു.
ഇന്ന് മുസ്‌ലിം സ്‌പെയിനിന്റെ മഹത്തായ ഭൂതകാലവുമായി മോറിസ്‌കോ സമൂഹങ്ങള്‍ വടക്കേ ആഫ്രിക്കയിലും മറ്റും ജീവിക്കുന്നു. ഐബീരിയന്‍ ഉപദ്വീപിന്റെ സമ്പന്നമായ ചരിത്രവും യൂറോപ്പ് കണ്ട വംശഹത്യകളിലൊന്നായ അവരെ പുറത്താക്കിയതിന്റെ ദുരന്തകഥയും അവര്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
( www.historically-accurate.com പ്രസിദ്ധീകരിച്ച Spain’s Forgotten Muslims: From Conversion to Expulsion എന്ന ലേഖനത്തിന്റെ സ്വതന്ത്ര വിവര്‍ത്തനം)
വിവ : മുഹമ്മദ് ഫായിസ് കളറോഡ്
