വിൽക്കപ്പെടുന്ന സൂഫിസം: പാക്കിസ്ഥാനിലെ കോക്ക് സ്റ്റുഡിയോയും ഖവ്വാലിയും
കഴിഞ്ഞ വർഷം കൊക്കക്കോള കമ്പനി സ്പോൺസർ ചെയ്യുന്ന കോക്ക് സ്റ്റുഡിയോ “പിയ ഘർ ആയാ” (എന്റെ പ്രിയതമൻ വീടണയുന്നു ) എന്ന ഖവ്വാലി സംഗീത വിരുന്ന് സംപ്രേക്ഷണം ചെയ്തിരുന്നു. ഫരീദ് അയാസും അബൂ മുഹമ്മദ് ഖവ്വാലും സംഘവുമായിരുന്നു ഗായകരായി എത്തിയത്.
തിരശീലയിൽ, ഇളം ചുവന്ന നിറത്തിലുള്ള കോക്ക് സ്റ്റുഡിയോ ലോഗോ പ്രദർശിപ്പിച്ചു കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. അൽപ്പ നേരം സ്‌ക്രീനിൽ വന്ന ലോഗോയ്ക്ക് താഴെയായി ദേശത്തിന്റെ ശബ്ദം (sound of nation) എന്ന് കാണത്തക്കവിധത്തിൽ എഴുതി വെച്ചിട്ടുണ്ട്.
ക്യാമറ തിരിഞ്ഞു വരുന്നതോടെ വേദി മുഴുവനും ദൃശ്യമാകുന്നു. വർണാഭമായി തിളങ്ങുന്ന മുകൾഭാഗത്തെ ഓവർഹെഡ് ലൈറ്റുകൾ മുതൽ ജീവനുള്ള വസ്തുവിന്റെ ആകൃതിയിൽ ചുവരിൽ ഓറഞ്ചും ചുവപ്പുമായി തിമിർക്കുന്ന കൊക്കക്കോള കുപ്പിയുടെ നിയോൺ ഔട്ട്ലൈൻ വരെ അതിൽ പതിഞ്ഞിരിക്കുന്നതായി കാണാം. ഖവ്വാലി ഗായകരുടെ ശബ്ദ ഏറ്റക്കുറച്ചിലിനനുസരിച്ച് സംഗീത താളക്രമം പതിയെ വേഗതയിലേക്ക് മാറുന്നു. ഇതിനൊത്ത് ഫ്രെയിമുകൾ വിവിധ ആംഗിളുകൾ സ്വീകരിക്കുന്നുണ്ട്. എന്നാലും ഖവ്വാലി തുടങ്ങുമ്പോൾ വലത്തേയറ്റത്ത് മുകളിലുള്ള കോക്ക് സ്റ്റുഡിയോ ലോഗോ പരിപാടി കഴിയുന്നതുവരെ അവിടെത്തന്നെയുണ്ട്.
പരിപാടിക്കിടയിൽ അയാസിന്റെ വരികളിൽ ഇങ്ങനെ കടന്നുവന്നു:
” എല്ലാവരും ചിന്തിക്കുന്നു മജ്നൂൻ ഭ്രാന്തനാണ്”
” എന്നാൽ മജ്നൂൻ ചിന്തിക്കുന്നു എല്ലാർക്കും (അവനൊഴികെ) ഭ്രാന്താണ്”
വിഖ്യാത പ്രണയകഥയാണ് ലൈലാമജ്നൂൻ. അതിലെ കഥാപാത്രമായ മജ്നൂനിനെ ആത്മീയ പ്രണയത്തിനായുള്ള അന്വേഷണത്തിൽ ഭൗതികലോകം ത്യജിക്കുന്ന ഉന്മാദനായ സൂഫിയെ വർണിക്കാൻ ചിലർ ഉപയോഗിക്കാറുണ്ട്. സൂഫി കവിയും തത്വചിന്തകനുമായ ബുല്ലേ ഷാ ആണ് സംഗീതത്തിന്റെ വരികൾ രചിച്ചത്. ലളിതവും പ്രാദേശികവുമായ ഭാഷയിലായിരുന്നു അദ്ദേഹത്തിന്റെ രചനകൾ. അദ്ദേഹം പ്രധാനമായും കൈകാര്യം ചെയ്തത് ഭൗതിക സ്വത്തുക്കൾ സ്വരുക്കൂട്ടുകയും ഗർവ്വ് നടിക്കുകയും ചെയ്യുന്ന മനോഭാവങ്ങളോടായിരുന്നു. ഇതിനൊക്കെ ഉപരിയായി അദ്ദേഹം മുന്നോട്ട് വെക്കുന്നത് ദൈവിക സാമീപ്യം നേടുന്നതിനുവേണ്ടി ഈ ലോകത്തോടുള്ള ഭ്രമവും അഹംഭാവവും ഉപേക്ഷിക്കാൻ വ്യക്തികളെ പ്രചോദിപ്പിക്കലാണ്. “പിയാ ഘർ ആയാ” എന്നത് കോക്ക് സ്റ്റുഡിയോ സംപ്രേക്ഷണം ചെയ്യുന്ന വ്യത്യസ്തയിനം ഖവ്വാലികളിൽ ഒന്നാണ്. എങ്കിലും ഇവയൊക്കെയും ഒരേ ആശയമാണ് കൈമാറുന്നത്.
പാകിസ്താനിൽ വ്യാപകമായി ആചരിച്ചു പോരുന്ന സൂഫി ആചാരങ്ങളാണ് ഖവ്വാലി പോലുള്ളത്. എന്നാൽ കൊക്കക്കോള കമ്പനി ഇത്തരം ആത്മീയ മുറകളെ അവരുടെ നേട്ടത്തിനുതകുന്ന മാർഗമായി സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്. മുതലാളിത്ത കമ്പനികളുടെ കേന്ദ്രബിന്ദുവായി പ്രവർത്തിക്കുന്ന സ്വാർത്ഥ താൽപര്യവും പരമാവധി ലാഭവും അധിഷ്ഠിതമാക്കിയുള്ള തത്ത്വങ്ങൾ, സഹനവും ശാലീനതയും ഭൗതിക വിരക്തിയും മൂല്യവത്തായി കാണുന്ന, അതിനു പ്രചോദനം നൽകുന്ന സൂഫിസം, ഖവ്വാലി പോലുള്ളതിന്റെയൊക്കെ വിപരീതദിശയിൽ നിലകൊള്ളുന്നതാണ്. എന്നാൽ സൂഫിസത്തിന് എതിരായ ഒന്നും കൊക്കകോളയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
സൂഫിസം ഒരു ഓറിയന്റൽ നിർമ്മിതി എന്ന നിലക്ക്?
ഇസ്‌ലാമിന്റെ പാരമ്പര്യമായ സൂഫിസം പ്രധാനമായും പ്രതിപാദിക്കുന്നത് ദൈവിക പ്രണയത്തെയാണ്. ഇത് ഇസ്‌ലാമിക് മിസ്റ്റിസിസത്തിന്റെ ഭാഗമായിട്ടാണ് കാണപ്പെടുന്നത്. ഇസ്‌ലാമിന്റെ ‘യാഥാസ്ഥിതിക’ പാരമ്പര്യമാണ് (Orthodox Islam) സൂഫിസം എന്നതിനോട് വ്യതിരിക്തത പുലർത്തുന്ന ഈ വ്യാഖ്യാനം യഥാർത്ഥത്തിൽ ഓറിയന്റൽ നിർമ്മിതമാണ്. ഇത് ഇസ്‌ലാമിന്റെ ആധുനിക പതിപ്പും സമാധാനപ്രിയമായ ഒന്നുമായിട്ടാണ് സൂഫിസത്തെ പരിചയപ്പെടുത്തുന്നത്. യാഥാസ്ഥിതിക ഇസ്‌ലാമിനെ (Orthodox Islam) സംബന്ധിച്ച് അക്രമാസക്തവും ആന്തരിക സംഘട്ടനങ്ങൾ നിറഞ്ഞതുമായ ആധുനികതയോട് പുറംതിരിഞ്ഞുനിൽക്കുന്ന വ്യവസ്ഥിതിയാണെന്ന ദുഃസൂചന ഇതിലൂടെ ഒളിച്ചു കടത്തുന്നുണ്ട്. സൂഫിസത്തെ പറ്റി പടിഞ്ഞാറിൽ എഴുതപ്പെട്ട ആദ്യത്തെ ലേഖനം യുക്തിസഹമായ അതിന്റെ പാരമ്പര്യത്തെ പുകഴ്ത്തുകയും ഇസ്‌ലാമിക നിയമങ്ങളും ആചാരങ്ങളും പാടെ അവഗണിക്കേണ്ടതുമാണെന്ന് വ്യക്തമാക്കുന്നുണ്ട്. പൂർണ്ണമായും ഇസ്ലാമികമല്ലാത്തതും വ്യക്തിവാദം, പുരോഗമനവാദം, മുതലാളിത്തം തുടങ്ങി അമേരിക്കൻ കാഴ്ചപ്പാടുകളോട് ഒട്ടിനിൽക്കുന്ന പാശ്ചാത്യവത്ക്കരിക്കപ്പെട്ടതുമായ ഇസ്‌ലാമായിട്ടാണ് സൂഫിസത്തെ അവതരിപ്പിക്കുന്നത്. ഇത്തരം ഓറിയന്റൽ നിർമ്മിതവാദങ്ങൾ ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ഏഷ്യ തുടങ്ങിയ പ്രദേശങ്ങളിലെ വ്യത്യസ്തമായ കൊളോണിയൽ സാഹസങ്ങളെ ‘നല്ല മുസ്‌ലിം’ ‘ചീത്ത മുസ്‌ലിം’ എന്നതുകൊണ്ട് ന്യായീകരിച്ചെടുക്കുന്നുണ്ട്.
9/11 നുശേഷം പാശ്ചാത്യൻ വാർപ്പു മാതൃകയിലുള്ള സൂഫിസത്തിന് ഒന്നുകൂടി വേരോട്ടം ലഭിച്ചു. അപ്പോഴും യാഥാസ്ഥിതിക ഇസ്‌ലാം(orthodox islam) പ്രതിക്കൂട്ടിലാവുകയാണ് ചെയ്യുന്നത്. ഇത്തരം കരുനീക്കങ്ങൾക്കു പിന്നിലുള്ള കാരണം പടിഞ്ഞാറിനെതിരെ ഏതുവിധേനയും വെല്ലുവിളി ഉയർത്താത്ത വിധേയത്വം പ്രകടിപ്പിക്കുന്ന അമേരിക്കൻവത്കൃത ഇസ്‌ലാം പ്രതിഷ്ഠിച്ചെടുക്കലാണ്. മുതലാളിത്തതോട് സങ്കോചമേതുമില്ലാതെ അടുത്തിടപഴകുന്നതും ‘ചീത്ത മുസ്‌ലിം’ എന്ന പേരിൽ ഇസ്‌ലാമിക തീവ്രവാദികൾ ആയി മുദ്രകുത്തുന്നവർക്കെതിരെ മുതലാളിത്ത കരങ്ങൾ അടിച്ചേൽപ്പിക്കുന്ന ക്രൂരതകൾക്ക് നിയമസാധുത നൽകുന്നതിന് കൂടിയായിരുന്നു. പാശ്ചാത്യൻ ആസൂത്രണ പ്രകാരം ഓർത്തഡോക്സ് ഇസ്‌ലാമോ നോർമേറ്റീവ് ഇസ്‌ലാമോ ആണ് ‘സൂഫിസം’ കെടുത്തിക്കളയാൻ ഉദ്ദേശിക്കുന്ന ഭീഷണി.
ഈ കാലഘട്ടത്തിലുള്ള പൊതുവായൊരു തെറ്റിദ്ധാരണയാണ് മുസ്‌ലിമാകാതെ തന്നെ സൂഫിയാകാമെന്നത്. ഇസ്‌ലാമിക സ്വത്വത്തെ ഏതെങ്കിലും തരത്തിൽ കുറച്ചു കാട്ടുന്നതാണ് പടിഞ്ഞാറിൽ ജനപ്രീതിനേടിയ സൂഫിസത്തിന്റെ രൂപങ്ങൾ. ഇസ്ലാമേതര സൂഫിസം എങ്ങനെ വിൽക്കപ്പെടുന്നുവെന്നതിന്റെ നല്ലൊരുദാഹരണമാണ് റൂമിയുടെ കോൾമാൻ ബാർകി(Coleman Bark) ന്റെ വിവർത്തനങ്ങൾ. ഇസ്‌ലാമിക പശ്ചാത്തലത്തിൽ നിന്ന് അടർത്തിമാറ്റിയ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വ്യാപകമായി വായിക്കപ്പെടുന്ന വിവർത്തനങ്ങളാണ്.
സൂഫിസമൊരു സമാധാനപരമായ ജീവിതശൈലിയാണെന്ന് അവതരിപ്പിക്കുമ്പോൾ ഇസ്‌ലാമിക സാമ്രാജ്യത്വം സ്ഥാപിക്കുന്നതു പോലുള്ള സൂഫിസത്തിനുള്ളിലെ സങ്കീർണതകളെ അവഗണിക്കുകയാണ് ചെയ്യുന്നത്. പൂർവ്വ കൊളോണിയൽ കാലത്തെ മികച്ച ആഫ്രിക്കൻ നേതാക്കൾ മതാധിഷ്ഠിത ഭരണം സ്ഥാപിക്കാൻ സൂഫി മാർഗമാണ് സ്വീകരിച്ചിരിക്കുന്നുതെന്നാണ് മാർക്ക് വുഡ്വാർഡും (Mark Woodward) മുഹമ്മദ് സാനി ഉമറും (Muhammad Sani Umar) അഭിപ്രായപ്പെടുന്നത്.
9/11 നു ശേഷം പാകിസ്ഥാൻ രാഷ്ട്രീയ നേതാക്കന്മാർ അവരുടെ സാമ്രാജ്യത്ത എതിരാളികൾക്ക് മുന്നിൽ മുഖം മിനുക്കുന്നതിന് തീവ്ര ഇസ്‌ലാമിന് ബദലാണ് സൂഫിസമെന്ന സമീപനമാണ് സ്വീകരിച്ചത്. ഇതൊന്നു കൂടി യഥാർത്ഥ സൂഫിസത്തിന്റെ സ്വത്വത്തെ മറച്ചുപിടിച്ചു. പർവേസ് മുഷറഫിന്റെ ഭരണകൂടം പാകിസ്ഥാൻ സഹിഷ്ണുതയുടെ ആൾരൂപമാണെന്ന് സൃഷ്ടിച്ചെടുക്കാൻ സൂഫിസത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. സൂഫി മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ജനകീയ പരിപാടിയായും മുഷറഫ് ഭരണകൂടത്തിന്റെ നീക്കുപോക്കുകൾ സുഗമമാക്കാനുള്ള മാർഗമായും ഖവ്വാലിയെ പരിവർത്തിക്കപ്പെട്ടു.
ഖവ്വാലിയുടെ ആരംഭം
ഇന്ത്യൻ സംഗീതത്തിന്റെയും സൂഫി കവിതകളുടെയും സംയോജിത രൂപമായ ഖവ്വാലി, ബുല്ലേ ഷാ മുതൽ ആബിദാ പർവീൻ വരെയുള്ള സൂഫി കവികളും സംഗീതജ്ഞരും നൂറ്റാണ്ടുകളായി നിലനിൽക്കുന്ന സാമ്പ്രദായിക രീതികളെ വെല്ലുവിളിക്കാനുള്ള മാർഗമായാണ് ഉപയോഗിച്ചു പോന്നത്. ആദ്യകാല കവികളൊക്കെയും അവരുടെ രചനകൾ നിർവഹിച്ചത് പ്രാദേശിക ഭാഷയിലാണ്. സൂഫി ഇസ്‌ലാമിനെ താഴെത്തട്ടിലുള്ള ജനങ്ങളിലേക്കെത്തിക്കാൻ സിന്ധി, സറയ്ക്കി പോലുള്ള ഭാഷകൾ അവർ ഉപയോഗിച്ചു. അറബ്, പേർഷ്യൻ ഭാഷകൾക്കുണ്ടായിരുന്ന മേൽക്കോയ്മ ചോദ്യംചെയ്യൽ കൂടി ലക്ഷ്യം വെച്ചായിരുന്നു ഇത്.
ജനറൽ സിയാഉൽ ഹഖിന്റെ ഭരണകാലഘട്ടത്തിൽ ഖവ്വാലി ഗായകർ പ്രതിരോധമാർഗമായിമായി സൂഫി കവിതകൾ ആലപിച്ചു. ഒരിക്കൽ ലാഹോർ അൽഹംറയിൽ സിയാഉൽ ഹഖിനു വേണ്ടി ആബിദാ പർവിന്റെ സംഗീത മേള അരങ്ങേറി. പർവീൻ ബുല്ലേ ഷായുടെ വരികൾ ആലപിക്കാൻ തുടങ്ങിയപ്പോൾ നിർത്താൻ ആവശ്യപ്പെടുകയും പരിപാടി പെട്ടെന്ന് അവസാനിപ്പിക്കുകയും ചെയ്യ്തു. സിയാഉൽ ഹഖിന്റെ സ്വേച്ഛാധിപത്യ ഭരണകാലത്തായിരുന്നു ഇത് നടന്നത്.
നുസ്രത്ത് ഫതഹ് അലിഖാനും (Nusrat Fateh Ali khan) വിഖ്യാത സംഗീത പ്രൊഡ്യൂസർ പീറ്റർ ഗുബ്രേലും (Peter Gabriel) സഹകരിച്ച് 1980-കളിൽ ഖവ്വാലി ആഗോള വേദികളിലേക്ക് കടന്നുവന്നു. പാശ്ചാത്യേതര സംഗീതം പ്രദർശിപ്പിക്കുന്നതിനായി നിരന്തരമായ അദ്ദേഹത്തിന്റെ പരിശ്രമങ്ങൾ കമ്പനികൾക്ക് വമ്പൻ ലാഭമാണ് നൽകിയത്. അവരൊന്നിച്ച് ‘മസ്ത്’, ‘മസ്‌ത’ എന്ന നിയോ ഖവ്വാലി ട്രാക്ക് കൂടി നിർമിച്ചു. ഇതിനെപ്പറ്റി സംഗീത നിരൂപകനായ റോൺ ഗിവൻസ് (Ron Givens) ഏറെ വാചാലനായിട്ടുണ്ട്. പരമ്പരാഗത ഖവ്വാലിയെക്കാൾ ശാന്തവും മതേതരത്വം പ്രകടിപ്പിക്കുന്നതുമാണ് ഇതെന്നാണ് എന്റർടൈൻമെന്റ് വീക്കിലിയിൽ അദ്ദേഹം പറയുന്നത്. 1990-കളിൽ കൊക്കക്കോള പരസ്യത്തിലൂടെ ഈ സംഗീതം ജനശ്രദ്ധ പിടിച്ചു പറ്റി.
വിൽപ്പനച്ചരക്കാക്കപ്പെടുന്ന ഖവ്വാലി
ആഗോള വേദികളിൽ ഖവ്വാലി പ്രവേശിച്ചതോടെ ലോകമെമ്പാടുമുള്ള സൂഫി ഫെസ്റ്റിവലുകളിൽ അത് ആലപിക്കപ്പെടാൻ തുടങ്ങി. ഇതോടെ പ്രൊഫഷണൽ സൂഫി സംഗീതജ്ഞരുടെ ഒരു വിഭാഗം തന്നെ രൂപപ്പെട്ടു വന്നു. പാകിസ്ഥാനിൽ ഇത് പ്രത്യേക സ്വാധീനം കൈവരിച്ചിട്ടുണ്ട്. കോർപ്പറേറ്റ് ഭീമന്മാർ സ്പോൺസർ ചെയ്യുന്ന കോക്ക്സ്റ്റുഡിയോ പോലത്തെ സംഗീതപരിപാടികൾ മുതൽ കല്യാണ ആഘോഷങ്ങൾ, യൂണിവേഴ്സിറ്റി സംസ്കാരിക ചർച്ചകളിൽ വരെ ഖവ്വാലിയുടെ സാന്നിധ്യം നിറഞ്ഞുനിൽക്കുന്നുണ്ട്.
ഈയൊരു പ്രക്രിയക്കിടയിൽ ഖവ്വാലിക്ക് എന്താണ് സംഭവിച്ചിട്ടുണ്ടാവുക? അതിന്റെ ആഴത്തിലുള്ള ആത്മീയതയിൽ നിന്ന് അടർത്തിമാറ്റി ഒരു സാംസ്കാരിക ഇനമായി അതിനെ പരിവർത്തിക്കപ്പെട്ടതായി കാണാം.
സൂഫിസത്തിലെ ഈമാറ്റം ഓർത്തഡോക്സ് അല്ലെങ്കിൽ നോർമേറ്റീവ് ഇസ്‌ലാമിന് എതിരായി വരുന്നതിനു പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കുന്നതിനും ഇസ്ലാമിക പൈതൃകത്തിന് അനുസൃതമായി നിലനിൽക്കുന്നതിനും മുഷറഫ് ഭരണകൂടം പരിഹാരമായി സ്വീകരിച്ചത് സൂഫിസമായിരുന്നു. കലഹങ്ങളില്ലാത്ത പാകിസ്ഥാനെ ലോകത്തിനുമുന്നിൽ അവതരിപ്പിക്കണമെങ്കിൽ സൂഫി പരിശീലനങ്ങൾ അവിടെ ദൃശ്യമായി കാണണം. അങ്ങനെയാണ് സാംസ്കാരിക ടൂറിസത്തിന്റെ ഭാഗമായി സൂഫി സമ്പ്രദായങ്ങൾ മാറിയത്.
ഒരു മുതലാളിത്ത സാമൂഹ്യ ചുറ്റുപാടിൽ സാംസ്കാരികവത്കരണതിന് സൂഫിസത്തെ കൂട്ടുപിടിച്ചുള്ള ശ്രമങ്ങൾ അതിനെ ഒരു വിൽപ്പന വസ്തുവാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. മുഷർറഫിന്റെ ഭരണകാലഘട്ടത്തിൽ സൂഫി സംഗീതവും കവിതകളും പുരോഗതിയിലെത്താൻ ആവശ്യമായ പല ശ്രമങ്ങളും നടന്നു. പ്രശസ്തമായ ഖവ്വാലികളും സൂഫി കവിതകളും സി.ഡി, ടി.വി ഷോ, റേഡിയോ പ്രോഗ്രാം, സൂഫി ഫെസ്റ്റിവൽ എന്നിവയിലൂടെയൊക്കെ ജനങ്ങളിലേക്ക് വ്യാപിപ്പിച്ചു. കോക്ക് സ്റ്റുഡിയോ പോലത്തെ കോർപ്പറേറ്റ് കമ്പനികൾ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികൾ സൂഫിസത്തെ വെറും ചരക്കാക്കി മാറ്റി. കമ്പനിയുടെ വിശാലമായ വിപണന തന്ത്രങ്ങളുടെ ഭാഗമായിരുന്നു ഇത്.
മുൻ രാഷ്ട്രീയക്കാരനും സാമൂഹ്യവാദിയുമായ യൂസുഫ് സലാഹുദ്ദീൻ, നിശാ ഖവ്വാലിക്ക് വേണ്ടി തന്റെ മാളിക ഒഴിഞ്ഞു കൊടുത്ത പ്രസിദ്ധനും സൂഫി സംഗീത ഫെസ്റ്റിവെലിന്റെ സ്പോൺസർ കൂടിയായിരുന്നു. മുഷറഫിന്റെ സഹായത്തോടെ 2006 ൽ നാഷണൽ സൂഫി കൗൺസിലിന് അദ്ദേഹം രൂപം നൽകി. സൂഫി തത്വചിന്തയും സംഗീതവും കവിതയും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. സ്വലാഹുദ്ദീൻ യൂസഫ് ഒരിക്കൽ പറയുകയുണ്ടായി “ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. ഈ കാലഘട്ടത്തിലെ ഗവൺമെന്റ് എല്ലാത്തരം സംസ്കാരങ്ങളെയും പ്രോത്സാഹിപ്പിക്കുന്നുണ്ട്. സൂഫിസവും സൂഫി സംഗീതവുമാണ് പാകിസ്താന് ഇന്ന് വിൽക്കാൻ കഴിയുന്ന രണ്ടു വസ്തുക്കൾ.”
കോർപ്പറേറ്റുകളും പാകിസ്ഥാൻ ഗവൺമെന്റ് പ്രചരിപ്പിക്കുന്ന സൂഫി കവിതകളിൽ അധികവും രാഷ്ട്രീയ ചെറുത്തുനിൽപ്പിന്റെ ചരിത്രത്തിൽനിന്ന് ഉരുവംകൊണ്ടതാണെന്ന് മറന്നുപോകരുത്. അവയൊക്കെയും കവിയുടെ സൂഫിസത്തിന് അനുസൃതമായി എഴുതപ്പെട്ടതാണ്. ഭൗതിക ഉപഭോഗ വസ്തുക്കൾക്കും സ്വാർത്ഥതാൽപ്പര്യത്തിനും മായാ ലോകത്തിനും എതിരെയുള്ള ഉറച്ച ശബ്ദമായിരുന്നുവത്. ഒരുദാഹരണത്തിന് സുൽത്താൻ ബാഹുവിന്റെ കവിത നോക്കാം.
” അവർ
ആയിരത്തോളം
പുസ്തകങ്ങൾ വായിച്ചിരിക്കുന്നു.
അവർ തന്നെയാണ്
പണ്ഡിതന്മാരെന്നാണ് ചിന്ത.
എന്നാൽ,
സ്നേഹത്തിന്റെ
ഒരു വാക്കു പോലും
അവർക്കറിയില്ല
നഷ്ടം സമ്പാദിച്ച പാവങ്ങൾ.”
പാകിസ്ഥാൻ ഗവൺമെന്റ് നൂറ്റാണ്ടുകളോളം പഴക്കമുള്ള സൂഫി കവിതകളും സംഗീതവും വെറും വിപണന വസ്തുവാക്കി പരിമിതപ്പെടുത്തിയത് യഥാർത്ഥത്തിൽ കലകൾക്കുള്ള പ്രതിഷേധസ്വരത്തിന് വിരുദ്ധമായ കാര്യമാണ്. ഖവ്വാലിയും സൂഫി സംഗീതവും വ്യാപിപ്പിക്കുന്നതിൽ ഗവൺമെന്റിന്റെയും കോർപ്പറേറ്റ് ഭീമനായ കൊക്കക്കോളയുടെയും ഉദ്ദേശലക്ഷ്യം സംശയാസ്പദമാണ്. വിൽപ്പന വസ്തുവാക്കുകയും സാംസ്കാരികവത്ക്കരിക്കപ്പെടുകയും ചെയ്ത ഖവ്വാലി അതിന്റെ ആത്മീയ സ്രോതസ്സിൽ നിന്ന് അറുത്തു മാറ്റപ്പെട്ടിരിക്കുന്നു.
ആന്ത്രപ്പോളജിസ്റ്റുകളായ ഫരീദ അൽ അസ്രി (Farid Al Asri) യും ആൻ -മാരി വുലെമെനോട്ടും (Anne-Marie Vuillemenot) നാനാതര സംസ്കാരത്തിലേക്ക് സൂഫി സംഗീതം കടന്നുവരുന്നത് ഇസ്‌ലാമിനെക്കുറിച്ച് മതിപ്പ് വർദ്ധിപ്പിക്കുമെന്ന് അഭിപ്രായപ്പെടുന്നുണ്ട്. ആഗോള പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിക്കുമ്പോൾ അതിന്റെ സ്വത്വം നഷ്ടപ്പെടുമെങ്കിലും ഇസ്‌ലാമിന് സൗന്ദര്യത്തിന്റെ സൗമ്യമായ മുഖം നൽകുമെന്നും ആധികാരികത നഷ്ടപ്പെടാനുള്ള സാധ്യതയെ മറികടക്കാൻ കഴിയുമെന്നും അവർ പറയുന്നു. ഇസ്‌ലാം അക്രമണത്തിന് എതിരാണെന്ന് ശക്തമായി വാദിക്കുമ്പോൾ തന്നെ സൗന്ദര്യത്തോടും ആത്മീയതയോടുമുള്ള അതിന്റെ പ്രതിബദ്ധത അവതരിപ്പിക്കാനും ഇതിലൂടെ കഴിയുന്നു.
ഇസ്‌ലാമിനെ കുറിച്ച് സവിശേഷമായ വല്ലതും കൈ മാറിയിരുന്നെങ്കിൽ ആ നിരീക്ഷണം ശ്രദ്ധേയമായേനെ. പക്ഷെ അതൊരിക്കലും സാധ്യമല്ല. ഇസ്‌ലാമിക സംഗീതമായി ഖവ്വാലി അപൂർവമായേ വിപണനം ചെയ്യപ്പെടാറുള്ളൂ. കാരണം അങ്ങനെ ചെയ്യുന്നത് ഉപഭോക്താക്കളെ അകറ്റാൻ ഇടയാക്കും. എല്ലാവരെയും സംതൃപ്തിപ്പെടുത്തുന്ന തരത്തിൽ ക്രമീകരിച്ചുള്ള സൂഫിസം അല്ല ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്. പടിഞ്ഞാറിൽ വിൽക്കപ്പെടുന്ന സൂഫി സംഗീതത്തിന്റെ ട്രാക്ക് റെക്കോർഡ് പരിശോധിക്കുമ്പോൾ ഖവ്വാലിയെ ഇസ്‌ലാമിൽ നിന്ന് പകുത്ത് മാറ്റാനുള്ള ഗൂഢമായ സാധ്യത കാണുന്നുണ്ട്. എന്നിട്ട് അമേരിക്കൻവത്കൃത ഇസ്‌ലാമായി സൂഫിസത്തെ പ്രതിഷ്ഠിക്കലായിരിക്കും ആത്യന്തികലക്ഷ്യം.
ആധികാരികത
ഖവ്വാലിയുടെ ആധികാരികതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കൂടി ഇവിടെ കടന്നുവരുന്നുണ്ട്. ആത്മീയമായ അതിന്റെ പശ്ചാത്തലത്തിൽ നിന്ന് വ്യത്യാസപ്പെട്ടു കിടക്കുന്നത് കേൾക്കൽ അനുവദനീയമാണോ? സ്ഥാപനവൽകൃത ഖവ്വാലി കേൾക്കുമ്പോൾ അതിന്റെ യഥാർത്ഥ രൂപത്തെ അപമാനിക്കുകയല്ലേ? ബുല്ലേ ഷായുടെയും സുൽത്താൻ ബാഹുവിന്റെയും വരികളിൽ ഇതിനുത്തരമുണ്ട്.
പ്രതിരോധത്തിന്റെയും ഇസ്‌ലാമിലെയും ഖവ്വാലിയുടെ ചരിത്രം വിസ്മൃതിയിലേക്ക് മാറ്റിനിർത്തുമ്പോഴാണ് അതിന്റെ വിപണി മൂല്യം കുത്തനെ ഉയരുന്നത്. സംഗീത നിരൂപകൻ ഗിവൻ പറയുന്നത് പോലെ മതേതര ശബ്ദങ്ങൾ കൂടുതലായി ആസ്വദിക്കുന്ന ആളുകൾ ഉൾപ്പെടെ സൂഫി പാരമ്പര്യത്തിന് പുറത്തുള്ളവർക്ക് പണമുണ്ടാക്കാനുള്ള കളിയായി സൂഫിസം മാറിയിരിക്കുന്നു. നമ്മുടെ ഭൂമി, വായു, വിജ്ഞാനം തുടങ്ങിയ വ്യക്തിത്വം പോലും വിപണിവത്ക്കരിച്ച നവലിബറൽ കാലഘട്ടത്തിൽ ഖവ്വാലി ഒരു ചരക്കാക്കപ്പെടുന്നത് ഒരുപക്ഷേ തടയാൻ പറ്റാത്ത കാര്യമായിരിക്കും. ഇതൊക്കെയൊന്ന് നേരെയായി വരുന്നതുവരെ നിയോൺ കോക്ക് ബോട്ടിലുകളുടെ പരസ്യത്തെ പശ്ചാത്തലത്തിൽ നിർത്തിക്കൊണ്ട് ഖവ്വാലുകൾ നടത്തുന്ന തീവ്രമായ അവരുടെ ആലാപനം കാണുകയല്ലാതെ മറ്റു മാർഗമൊന്നും നമുക്കില്ല.

വിവർത്തനം: മുഹമ്മദ് ഷാഫി കണ്ണവം
Pakistani-American studying English and South Asia Studies at Wellesley College. She is currently writing her senior thesis on nationalist identities and the Bengal Renaissance
