സൊകോതിയന്‍ നീതിന്യായ വ്യവസ്ഥകളിലെ കൊളോണിയല്‍ അധിനിവേശങ്ങള്‍
പത്തൊന്‍പതാം നൂറ്റാണ്ടിലെ ഖിലാഫത്ത് സംവിധാനത്തെ പ്രതിനിധീകരിക്കുകയും അതിനെ വികസിപ്പിക്കുകയും ചെയ്യുന്ന തരത്തില്‍ ഉയര്‍ന്നു വന്ന സൊകോതോ പ്രവിശ്യ ഒരു മെട്രോപൊളിറ്റന്‍ എമിറേറ്റ് എന്ന തരത്തിലാണ് അറിയപ്പെട്ടിരുന്നത്. ഇത്തരത്തിലുള്ളൊരു മേല്‍വിലാസം സൊകോതോ പ്രവിശ്യക്ക് സമ്മാനിച്ചത് സഖ്യരാഷ്ട്ര(confederate)ത്തിന് സമാനമായ രീതിയില്‍ അവിടെ നിലനിന്നിരുന്ന അമീറത്ത് ഭരണ സംവിധാന(Emirate) മായിരുന്നു. ബ്രിട്ടീഷ് സൈന്യം ഖിലാഫത്ത്- അധീന മേഖലകളില്‍ നടത്തിയ അധിനിവേശത്തോടെയാണ് അവിടെ പ്രവിശ്യാ സമ്പ്രദായം നിലവില്‍ വരുന്നത്. ഭരണപരമായ സൗകര്യത്തിനായി ഖിലാഫത്ത് അധീനപ്രദേശത്തെ രാഷ്ട്രീയ യൂണിറ്റുകളായി വിഭജിക്കുന്ന രീതിയെയായിരുന്നു ഈ പ്രവിശ്യാ സംവിധാനം പ്രതിഫലിപ്പിച്ചിരുന്നത് .
1903- ഓടെയായിരുന്നു പഴയ സൊകോതോയിലെ ഖിലാഫത്ത് അധീനപ്രദേശങ്ങള്‍ പൂര്‍ണ്ണമായും ബ്രിട്ടീഷുകാര്‍ കൈവശപ്പെടുത്തുന്നതും തങ്ങളുടെ കാല്‍ക്കീഴിലാക്കുന്നതും. തുടര്‍ന്ന്, ഖിലാഫത്തിന്റെ ഔദ്യോഗിക ആസ്ഥാന(ഖലീഫയുടെ വസതിയും ഓഫീസും)മായിരുന്ന സൊകോതോ പ്രവിശ്യ, കോളനിവത്കരിക്കപ്പെട്ടതോടെ ഇപ്പോഴത്തെ വടക്കന്‍ നൈജീരിയയിലെ സൊകോതോ, കെബ്ബി, സാംഫറ സംസ്ഥാനങ്ങളുടെ കുറഞ്ഞ ഭൂപരിധിയിലേക്ക് സൊകോതോ സാമ്രാജ്യം പരിമിതപ്പെട്ടു.
1903-ല്‍ സൊകോതോയിലെ ഖിലാഫത്ത് അധീനപ്രദേശങ്ങള്‍ ബ്രിട്ടീഷുകാരുടെ കൈകളിലെത്തിച്ചേരുന്നത് വരെ, സൊകോതോ നഗരത്തിലെയും പിന്നീട് വിപുലീകരണത്തിലൂടെ ഖിലാഫത്തിന് കീഴിലുള്ള ഇതര പ്രദേശങ്ങളിലെയും നീതിന്യായവ്യവസ്ഥയുടെ പൊതുവായ അടിസ്ഥാനം ശരീഅത്തിനെ
കേന്ദ്രീകരിച്ചായിരുന്നു. മുസ്‌ലിം സമുദായത്തില്‍ ഒരു സാമൂഹിക ക്രമത്തെ നിയന്ത്രിക്കുകയും ശിക്ഷാമുറകള്‍ നടപ്പിലാക്കുകയും ചെയ്യുന്ന, നിര്‍ണ്ണായകമായ ഒരു പ്രത്യേക നിയമവ്യവസ്ഥ എന്നതായിരുന്നു ശരീഅത്തിന്റെ മൗലികമായ സവിശേഷത. ശരീഅത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു പരിധി വരെ വിശാലമായ കോടതി സംവിധാനത്തിലായിരുന്നു ക്രമീകരിക്കപ്പെട്ടിരുന്നത്.
പ്രവര്‍ത്തനങ്ങളിലൂടെ നിയമപരമായ വ്യവസ്ഥകളെ തൃപ്തിപ്പെടുത്തല്‍, സാമൂഹികക്രമത്തിന്റെ പരിപാലനം എന്നിവ അത്തരം കോടതികളുടെ ഉത്തരവാദിത്തമായിരുന്നു. സിവില്‍/ക്രിമിനല്‍ സ്വഭാവമുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്നതിലെ അധികാര പരിധി നിര്‍ണ്ണയിക്കപ്പെട്ടിരുന്ന നീതിന്യായശ്രേണിയില്‍ ഇസ്‌ലാമിക തത്ത്വങ്ങള്‍, ഖുര്‍ആന്‍(text), മതവ്യവസ്ഥകള്‍ എന്നിവക്കനുസൃതമായി കോടതി വ്യവസ്ഥാപിതമായി പ്രവര്‍ത്തിച്ചു. ഈ കോടതികള്‍ ഗ്രാമതലങ്ങള്‍, ജില്ലാതലങ്ങള്‍(ഖാളി), അമീര്‍(ഖാളി ഖുളാത്ത്), സൊകോതോയില്‍ സ്ഥിതി ചെയ്തിരുന്ന ഖലീഫയുടെ പരമോന്നത കോടതി എന്നീ തലത്തിലായിരുന്നു നിലനിന്നിരുന്നത്. ഈ ഔപചാരിക ശ്രേണിക്ക് പുറമെ, ശരീഅത്തിന്റെ വ്യവസ്ഥകള്‍ക്കകത്ത് പ്രവര്‍ത്തിക്കുന്ന പൊതുവെ സിവില്‍ കേസുകള്‍ മാത്രം കൈകാര്യം ചെയ്യുന്നതിനും, എന്നാല്‍ പരിമിതമായ നിയന്ത്രണങ്ങളോടെ ക്രിമിനല്‍ കേസുകളില്‍ ഇടപെടുന്നതിനും, തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഒരു അര്‍ദ്ധ ഔപചാരിക മാര്‍ഗ്ഗമെന്ന നിലയില്‍ മതപണ്ഡിതന്മാര്‍, സംഘടിത കൂട്ടായ്മകള്‍ (guilds organisations) പോലെയുള്ളവ പ്രവര്‍ത്തിച്ചിരുന്നു. എന്നിരുന്നാലും, ഖിലാഫത്തിന്റെ അധീനതയിലുണ്ടായിരുന്ന സമൂഹത്തിന്റെ ഭരണഘടനാ വികാസങ്ങള്‍ക്ക് അനുസൃതമായിട്ടുള്ള മാറ്റങ്ങള്‍ കോടതിസംവിധാന ശ്രേണിയുടെ പരിഷ്‌കാരങ്ങളിലും ഉടച്ചുവാര്‍ക്കലുകളിലുമൊക്കെ പ്രതിഫലിച്ചിരുന്നു. ഖലീഫയോ ഖലീഫയുടെ ഏതെങ്കിലും പ്രതിനിധികളോ ഒരാള്‍ മന:പൂര്‍വ്വം ചെയ്ത ഏതെങ്കിലും പാതകത്തെ അവലോകനം ചെയ്യാനോ നിലവിലുള്ള വിധിയെ തിരുത്താനോ താത്പര്യപ്പെട്ടാല്‍, അതിനായി ഉത്തരവ് നല്‍കാവുന്ന തരത്തിലുള്ള, അധികാരപത്രമെന്ന് നിര്‍വചിക്കാവുന്ന മളാലിം എന്ന സംവിധാനം ഖിലാഫത്തിലുണ്ടായിരുന്നു. കോടതികള്‍, ഒരു അഡ്മിനിസ്‌ട്രേറ്റര്‍/ സ്റ്റേറ്റ് ഉദ്യോഗസ്ഥന്‍ തുടങ്ങി ഏതെങ്കിലും വ്യക്തിക്കു പോലും ഇത് ഉപയോഗപ്പെടുത്താനുള്ള സാഹചര്യവുമുണ്ടായിരുന്നു. ഈ പ്രബന്ധം അടിസ്ഥാനപരമായി അന്വേഷിക്കുന്ന, സൊകോതോ പ്രവിശ്യയുടെ കൊളോണിയല്‍ കാലഘട്ടത്തിന് മുമ്പുള്ള മേഖലയിലെ നിയമവ്യവസ്ഥയായിരുന്നു ഇത്. സൊകോതോ പ്രവിശ്യയിലെ ബ്രിട്ടീഷ് നീതിന്യായവ്യവസ്ഥാ നയവും അവിടെ നിലനിന്നിരുന്ന മളാലിം സംവിധാനത്തിന്റെ അധിനിവേശാനന്തര വ്യവഹാരങ്ങളും സംബന്ധിച്ച പ്രാഥമിക പരിശോധനക്കാണ് ഈ പ്രബന്ധം ശ്രമിക്കുന്നത്.
ബ്രിട്ടീഷ് താത്പര്യങ്ങളുടെ വേരുകളും അനുബന്ധ നയങ്ങളും
വ്യാവസായിക വിപ്ലവമാണ് യൂറോപ്യന്മാരെ ആഫ്രിക്കയിലെ സാമ്രാജ്യത്വ സംരംഭത്തിലേക്ക് തള്ളിവിട്ട പ്രധാന ശക്തി എന്നതില്‍ സംശയമില്ല. അങ്ങനെ, തുടര്‍ ഗതിയില്‍, ആഫ്രിക്കയുമായി യൂറോപ്യന്‍മാരുടെ ചില സുപ്രധാന ഇടപെടലുകള്‍ക്ക് ശേഷം രാഷ്ട്രീയ സ്വാധീനത്തിന്റെ പ്രയോജനത്തെക്കുറിച്ചും തങ്ങളുടെ സാമ്രാജ്യത്വ സംരംഭത്തിന്റെ നേട്ടങ്ങളെ സംബന്ധിച്ചും അവര്‍ നന്നായി മനസ്സിലാക്കി. അതിന്റെ ഫലമൊന്നോണം തങ്ങളുടെ സാമ്രാജ്യത്വ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിന് ആവശ്യമായ രാഷ്ട്രീയ പിന്തുണ ആര്‍ജിച്ചെടുക്കുന്നതിനുള്ള തന്ത്രങ്ങള്‍ക്ക് അവര്‍ രൂപം നല്‍കി. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ യൂറോപ്പുകാരുടെ കൊളോണിയല്‍ രാഷ്ട്രീയവടംവലി ‘ഭൂപ്രദേശ ഭൂപട’ത്തിലായിരുന്നു. സൊകോതോ ഖിലാഫത്ത് സ്ഥാപിതമാകുന്നതിനു മുന്‍പ് തന്നെ ആരംഭിച്ച ഈ പ്രക്രിയ ഈ പ്രദേശത്ത് കൊളോണിയല്‍ ഭരണം അടിച്ചേല്‍പ്പിച്ചതിന് ശേഷവും തുടര്‍ന്നിരുന്നു. 1885-ല്‍ ജോസഫ് തോംസണ്‍ സൊകോതോയിലേക്കും ഗ്വാണ്ടുവിലേക്കും നടത്തിയ സന്ദര്‍ശനത്തിലൂടെയാണ് ഖിലാഫത്തിന്റെ രാഷ്ട്രീയ കാര്യങ്ങളിലുള്ള അവരുടെ ഇടപെടലുകള്‍ ആരംഭിക്കുന്നത്. ഇതിനെ തുടര്‍ന്ന് സൊകോതോ പ്രദേശത്തിനു മേല്‍ അവകാശവാദം ഉയര്‍ത്തി ബ്രിട്ടീഷ് സാമ്രാജ്യം ഒരു കരാര്‍ ഒപ്പുവെക്കുകയും കോളനികളുടെ രാഷ്ട്രീയ വിഭജനങ്ങളെ തുടര്‍ന്ന് ഉയര്‍ന്നുവന്ന പിരിമുറുക്കങ്ങളില്‍ ഫ്രഞ്ച്, ജര്‍മന്‍ സാമ്രാജ്യത്വ മോഹങ്ങളോട് അവര്‍ നിരന്തരം തര്‍ക്കിക്കുകയും ചെയ്തു. പ്രസ്തുത കരാറിനെ സംബന്ധിച്ച തര്‍ക്കങ്ങള്‍ അതിന്റെ നിബന്ധനകളിലും ഉള്ളടക്കത്തിലും ആയിരുന്നുവെങ്കിലും, അത് പരിഹരിക്കുന്നതിനെക്കാള്‍ ഖിലാഫത്ത് അധീനപ്രദേശത്തിലുള്ള തങ്ങളുടെ സാമ്രാജ്യത്വ ലക്ഷ്യം പൂവണിയിക്കുന്നതിലായിരുന്നു ബ്രിട്ടീഷുകാര്‍ക്ക് താല്‍പര്യം. ഈ ഉടമ്പടിയുടെ നിബന്ധനകളിലും ഉള്ളടക്കത്തിലുമുള്ള തര്‍ക്കങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഈ ലേഖനത്തില്‍ അനിവാര്യമല്ലെങ്കിലും, അതിനെ നയിച്ച വാദഗതികള്‍ ഖിലാഫത്ത് സമൂഹഘടനയുടെയും ഉപരിഘടനയുടെയും പരിവര്‍ത്തനങ്ങള്‍ക്ക് അടിസ്ഥാനമായതിനാല്‍ അവയ്ക്ക് ഇവിടെ കൃത്യമായ പ്രസക്തിയുണ്ട് .
1900- ല്‍ ബ്രിട്ടീഷ് ചക്രവര്‍ത്തി പ്രഖ്യാപിച്ച ബ്രിട്ടീഷ് മേധാവിത്വം സൊകോതോയിലെ ഖിലാഫത്ത് നേതൃത്വം (പ്രത്യേകിച്ച് ഖലീഫ അബ്ദുറഹ്മാന്‍- മരണം: 1902) അംഗീകരിക്കാത്തത് കാരണമാണ് അവിടെ സാമ്രാജ്യത്വം വിജയിച്ചതെന്നാണ് 1900- 1928 കാലഘട്ടത്തിലെ ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറല്‍ ആയ ഫെഡറിക് ലുഗാര്‍ഡ് (Frederick Lugard) പറഞ്ഞത്. അധികാരമേറ്റെടുത്തതിനെ തുടര്‍ന്ന് അദ്ദേഹം ഇങ്ങനെയാണ് പ്രസ്താവിച്ചത്: ‘പഴയ ഉടമ്പടികള്‍ മരിച്ചു. നിങ്ങള്‍ അവയെ കൊന്നിരിക്കുന്നു .ഈ വാക്കുകള്‍ പ്രകാരം ഇപ്പോള്‍ മുതല്‍ ഭാവിക്കായി സംസാരിക്കുന്ന ഹൈക്കമ്മീഷണര്‍ ഞാനാണ്. ദാന്‍ ഫോദിയോ(Dan Fodio)യുടെ നേതൃത്വത്തില്‍ പണ്ട് കാലത്ത് ഈ രാജ്യത്തെ ഫുലാനികള്‍ കീഴടക്കി. ഭരിക്കാനുള്ള അവകാശം വഴി അവര്‍ നികുതി ചുമത്തുകയും രാജാക്കന്മാരെ സ്ഥാനഭ്രഷ്ടനാക്കുകയും രാജാക്കന്മാരെ സൃഷ്ടിക്കുകയും ചെയ്തു. ഭരണത്തില്‍ പരാജയപ്പെട്ടതിനാല്‍ അവര്‍ക്ക് തങ്ങളുടെ മേധാവിത്വം നഷ്ടപ്പെട്ടിരിക്കുന്നു. അധികാരം ബ്രിട്ടീഷുകാരുടെ കൈകളിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു. ജയിച്ചുകൊണ്ട് ഫുലാനികള്‍ പറഞ്ഞ കാര്യങ്ങളെല്ലാം ഇപ്പോള്‍ ചെയ്യാനുള്ള അവകാശം ബ്രിട്ടീഷുകാര്‍ സ്വീകരിച്ചിരിക്കുകയാണ് .’ സാമ്രാജ്യത്യ വിജയത്തിന്റെ ഫലമായി തോംസണ്‍ 1885-ല്‍ ഒപ്പുവച്ച ഉടമ്പടികള്‍ കാലഹരണപ്പെട്ടെന്ന് തിരിച്ചറിഞ്ഞ ലുഗാര്‍ഡ്, അതിന്റെ അര്‍ത്ഥം ഖിലാഫത്ത് പ്രദേശത്ത് ബ്രിട്ടീഷ് ഭരണം നിര്‍ബന്ധമായും നടപ്പാക്കുക എന്നാണെന്ന് വ്യാഖ്യാനിക്കുകയായിരുന്നു .
ലാകോജ (Lokoja) യില്‍ ലുഗാര്‍ഡ് നടത്തിയ പ്രഖ്യാപനത്തെ തുടര്‍ന്ന് 1900- ല്‍ വടക്കന്‍ നൈജീരിയയിലെ സൊകോതോ പ്രവിശ്യയിലെ വടക്കന്‍ സംരക്ഷണ ഭരണ(protectorate) പരിധിയില്‍ ബ്രിട്ടീഷ് ഭരണകൂടം തങ്ങളുടെ ഭരണം ആരംഭിച്ചു. അധികാരത്തിന്റെ ഫലപ്രാപ്തിക്കായി, നിരവധി ശക്തമായ നടപടികള്‍ പ്രാവര്‍ത്തികമാക്കിയ ലുഗാര്‍ഡ് അതിന്റെ നേട്ടങ്ങളെ സംബന്ധിച്ച് സദാ ശ്രദ്ധാലുവായിരുന്നു .
വടക്കന്‍ നൈജീരിയയിലെ സാമ്രാജ്യത്വ നീതിന്യായ നയങ്ങള്‍
1903 മാര്‍ച്ച് 21 ന് ശേഷം ബ്രിട്ടീഷുകാരുടെ അധികാരത്തിന്റെ മറവിലായിരുന്നു സൊകോതോ പ്രവിശ്യ സൃഷ്ടിക്കപ്പെട്ടത്. 1885 ലെ ഉടമ്പടികളില്‍ പരാമര്‍ശിക്കുന്ന ഭരണനയത്തെയായിരുന്നു അതിന്റെ അടിസ്ഥാനമാര്‍ഗരേഖയായി സ്വീകരിച്ചിരുന്നത്. അതാവട്ടെ , ഇത് ഖിലാഫത്ത് ഭൂമിക്ക് രഹസ്യമായി ബ്രിട്ടീഷ് സംരക്ഷണം ഉറപ്പുവരുത്തുകയാണ് എന്നാണ് പ്രചരിപ്പിക്കപ്പെട്ടിരുന്നത്. ബ്രിട്ടീഷ് ഭരണകൂടം പിടിച്ചടക്കിയ പ്രദേശങ്ങളിലെ തദ്ദേശീയരായ ജനതകളുടെ സാമൂഹിക ക്രമത്തില്‍ ഇടപെട്ട് തങ്ങളുടെ പുതിയ നടപടികള്‍ കൈകൊള്ളണമെന്ന രീതിയായിരുന്നു സാമ്രാജ്യത്വം അവലംബിച്ചിരുന്നത്. ഇത് പുതിയ ബ്രിട്ടീഷ് ഭരണനയങ്ങളോടുള്ള ചെറുത്തു നില്‍പ്പുകളെ നിശബ്ദമാക്കിയേക്കുമെന്നാണ് അവര്‍ കണക്കുകൂട്ടിയിരുന്നത് .
ബ്രിട്ടീഷുകാര്‍ക്ക് തങ്ങളുടെ പ്രാദേശിക ഭരണം വിജയകരമായിത്തീരാന്‍ ആദ്യം നേരിടേണ്ടി വന്ന ശക്തമായ വെല്ലുവിളിയായിയായിരുന്നു ഇത്. തുടര്‍ന്ന്, ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിന്, നിയമപരവും ധാര്‍മ്മികവുമായ ഒരു മാനദണ്ഡം ഒരു മാര്‍ഗമായി അവതരിപ്പിക്കേണ്ടത് അനിവാര്യമായിത്തീര്‍ന്നു. അത് മുന്‍ ഭരണത്തില്‍(ഖിലാഫത്ത്) നിന്ന് പുതിയ (ബ്രിട്ടീഷ്) ക്രമത്തിലേക്കുള്ള അധികാര കൈമാറ്റത്തെ സുഗമമായി സഹായിക്കുമെന്നത് ഗുണപരമായ ഘടകവുമായിരുന്നു. അങ്ങനെ, ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ യോജിച്ച ഒരു സാമൂഹിക വ്യവസ്ഥ കൈവരിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള മാര്‍ഗ്ഗമായി ബ്രിട്ടീഷ്-പ്രാദേശിക സ്വഭാവ സവിശേഷതകളുള്ള ബ്രിട്ടീഷ് നീതിന്യായനയം ഈ സാഹചര്യം കാരണത്താല്‍ ആവശ്യമായി വന്നു.
ഈ ബ്രിട്ടീഷ് നീതിന്യായനയത്തിന്റെ ദ്വൈത്വാവസ്ഥ എന്ന സവിശേഷത പരോക്ഷഭരണവ്യവസ്ഥയെ പ്രകടിപ്പിച്ചിരുന്നുവെങ്കിലും ബ്രിട്ടീഷ് പൊതുനിയമത്തിന്റെ മേധാവിത്വം ഉയര്‍ത്തിപ്പിടിച്ചിരുന്നു എന്നതാണ് യാഥാര്‍ഥ്യം. ഈ പുതിയ ജുഡീഷ്യല്‍ നയം സൊകോതോ പ്രവിശ്യയില്‍ മാത്രമല്ല, ബ്രിട്ടീഷ് നൈജീരിയയിലെ ഇതര പ്രൊട്ടക്റ്ററേറ്റുകളി(സംരക്ഷണ ഭരണപ്രദേശങ്ങള്‍)ലും നടപ്പാക്കിയിരുന്നു. നൈജീരിയയിലെ പ്രാദേശിക മുസ്‌ലിം കോടതികളിലെ അടിസ്ഥാന നിയമം മുഹമ്മദന്‍ നിയമത്തിന്റെ മാലികി കോഡ് ആയിരുന്നുവെന്നതും കൂടാതെ തദ്ദേശീയ പുറജാതി കോടതികളില്‍ ഇത് പ്രാദേശിക നിയമവും ആചാരങ്ങളുമായിരുന്നുവെന്നതും ഈ സാമാന്യവത്കരണത്തിനുള്ള അപവാദങ്ങളായിരുന്നു. ഈ തദ്ദേശീയ- ബ്രിട്ടീഷ് നീതിന്യായവ്യവസ്ഥയുടെ കീഴിലുള്ള എല്ലാ വിധികളും സ്വാഭാവിക നീതിക്കും മാനവികതയ്ക്കും, അല്ലെങ്കില്‍ നൈജീരിയയിലെ ഏതെങ്കിലും ഓര്‍ഡിനന്‍സിനും വിരുദ്ധമായിരിക്കരുത് എന്ന വ്യവസ്ഥയ്ക്ക് വിധേയമായിരുന്നു. പക്ഷേ, ക്രിമിനല്‍ കേസുകളില്‍, നല്‍കുന്ന പിഴകള്‍ ക്രിമിനല്‍ കോഡില്‍ കര്‍ശനമായി പരിമിതപ്പെടുത്തിയിരുന്നില്ല. പുതിയ ജുഡീഷ്യല്‍ ക്രമീകരണത്തോടെ, വടക്കന്‍നൈജീരിയയില്‍ കോടതികള്‍ക്ക് ഒരു പുതിയ ഘടനയും ശ്രേണിയും നല്‍കപ്പെട്ടു. ഈ ശ്രേണിയെ എ, ബി, സി, ഡി എന്നിങ്ങനെ നാലുതലങ്ങളായി തിരിക്കാം.
വധശിക്ഷകളിലേക്ക് വരെ വ്യാപിച്ചേക്കാവുന്ന അധികാരങ്ങളായിരുന്നു എ ഗ്രേഡിലുള്ള ഒരു കോടതിയുടെ അധികാരപരിധിയായി നിര്‍വചിച്ചിരുന്നത്. എന്നാല്‍ അത്തരത്തിലുള്ള മുഴുവന്‍ സാഹചര്യങ്ങളിലും പ്രദേശത്തെ റസിഡന്റ് പ്രസ്തുത കേസിന്റെ പരിധിയില്‍ വരുന്ന മുഴുവന്‍ രേഖകളും, ശിക്ഷ നടപ്പിലാക്കേണ്ടതുണ്ടോ എന്നതിനെ സംബന്ധിച്ചുള്ള ഒരു റിപ്പോര്‍ട്ടും ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കേണ്ടിയിരുന്നു. ഗവര്‍ണര്‍ക്ക് കുറ്റാരോപിതനായ വ്യക്തിയെ വീണ്ടും വിചാരണയ്ക്ക് ഉത്തരവിടാനും അല്ലെങ്കില്‍ കൂടുതല്‍ തെളിവുകള്‍ ആവശ്യപ്പെടാനും ശിക്ഷ സ്ഥിരീകരിക്കാനും അല്ലെങ്കില്‍ ശിക്ഷിക്കപ്പെട്ട വ്യക്തിക്ക് മാപ്പ് നല്‍കാനുമുള്ള അധികാരമുണ്ടായിരുന്നു. സി, ഡി ഗ്രേഡുകളിലെ കോടതികളുടെ അധികാരങ്ങള്‍ക്ക് പൊതുവെ വിവാഹം, മരണം പോലെയുള്ളവയുടെ പ്രാദേശിക നിയമങ്ങളിലും ആചാരങ്ങളിലും ഇടപെടുന്നതിന് വിലക്കില്ലായിരുന്നു. പക്ഷേ, ക്രിമിനല്‍ കേസുകളിലുള്ള വിധിന്യായം കോടതിയുടെ കഴിവിനെയും വിശ്വാസ്യതയെയും ആശ്രയിച്ചായിരുന്നു നിയന്ത്രിക്കപ്പെട്ടിരുന്നത്. വധശിക്ഷ ഒഴികെയുള്ള ഒരു പ്രാദേശിക കോടതിയുടെ വിധി ഔപചാരിക അംഗീകാരത്തിനോ സ്ഥിരീകരണത്തിനോ വിധേയമായിരുന്നില്ല. പക്ഷേ, ഏത് കേസിന്റെയും വിധിന്യായം തന്റെ സ്വന്തം കോടതിയിലേക്ക് മാറ്റാനും, അല്ലെങ്കില്‍ അന്യായമായ ഒരു ശിക്ഷയും ലഭിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്താനും വീണ്ടും വിചാരണയ്ക്ക് ഉത്തരവിടാനും റെസിഡന്റിന് ധാരാളം അധികാരങ്ങളുണ്ടായിരുന്നു.
കോടതിവ്യവസ്ഥയുടെ അധികാരപരിധിയിലെ ഈ നിര്‍വചനത്തിന്റെ അടിസ്ഥാനത്തില്‍, ഖലീഫയുടെ കാലഘട്ടത്തിലെ നീതിന്യായശ്രേണിയുടെ പരമോന്നതതലം ഈ വര്‍ഗീകരണ പ്രകാരം എ ഗ്രേഡ് കോടതി വിഭാഗത്തിലായിരുന്നു ഉള്‍പ്പെടേണ്ടിയിരുന്നത്.
പ്രധാനികളും പ്രമുഖരും തിരഞ്ഞെടുക്കപ്പെട്ടവരും ചേര്‍ന്ന വിഭാഗങ്ങളില്‍പ്പെട്ട ജുഡീഷ്യല്‍ ഓഫീസര്‍മാരെയും, ക്രിമിനല്‍ നടപടികള്‍ക്ക് അതിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെയും മറികടന്ന് വധശിക്ഷ നിയമപരമായി നടപ്പിലാക്കാനാവുമായിരുന്നില്ല. അത്തരത്തിലുള്ള എല്ലാ സാഹചര്യങ്ങളിലും റെസിഡന്റ് നേരത്തെ സൂചിപ്പിച്ച പോലെ റിപ്പോര്‍ട്ട് അടക്കം ഉള്‍ക്കൊള്ളുന്ന എല്ലാ രേഖകളും, ശിക്ഷാവിധി വേണോ എന്നതിനെക്കുറിച്ചുള്ള ശുപാര്‍ശയും ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കേണ്ടിയിരുന്നു. തുടര്‍ന്ന് ഈ സമ്പ്രദായത്തെക്കുറിച്ച് ഹ്രസ്വ കാലയളവിനുള്ളില്‍, ക്രിമിനല്‍ കേസുകളുടെ വിധിന്യായമോ ശിക്ഷാ നിര്‍വ്വഹണമോ ഇല്ലാതെ അവലോകനം ചെയ്യുന്നതിന് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന അധികാര പരിധിയാണ് എന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നു . തുടര്‍ന്ന്, ഈ വ്യവസ്ഥ ഖിലാഫത്ത് കോടതി സംവിധാനത്തിന്റെ അനുരണനങ്ങളില്‍ നിന്ന് മുക്തമാക്കപ്പെടണമെന്ന് നിര്‍ദ്ദേശങ്ങളുണ്ടായി. എന്നാല്‍, ഇതിലൂടെ അധികാരങ്ങളും നിയമങ്ങളും നടപ്പിലാക്കുന്നതില്‍ നിലനില്‍ക്കുന്ന തദ്ദേശീയ ഇടപെടലുകളെ നാമമാത്രമാക്കാനും ബ്രിട്ടീഷുകാര്‍ക്ക് കൂടുതല്‍ ഭരണ സ്വാതന്ത്ര്യം കൈവരുത്താനും സാധിക്കും എന്നതായിരുന്നു യഥാര്‍ത്ഥ അജണ്ട. ഇങ്ങനെയൊക്കെയായിരുന്നിട്ടും, ഈ പരമ്പരാഗത നിയമസംവിധാനം സമൂഹത്തില്‍ ഉയര്‍ന്ന ആദരവിന് പാത്രമായിരുന്നു. തങ്ങളുടെ പൊതു അധികാരത്തെ ഫലിപ്പിക്കുന്ന നിയമങ്ങളെ ബ്രിട്ടീഷ് അധികാരികള്‍ പ്രാദേശിക നിയമങ്ങള്‍ എന്നതിനെക്കാള്‍ പരമോന്നത നിയമമെന്ന തരത്തിലായിരുന്നു അവതരിപ്പിച്ചത് .
1900- ലെ പ്രാദേശികനീതിവ്യവസ്ഥ/ കോടതി പ്രഖ്യാപന(Native court proclamation of 1900)ത്തിലൂടെ സര്‍ക്കാര്‍ ജീവനക്കാരും കന്റോണ്‍മെന്റുകളില്‍ താമസിക്കുന്നവരും ഒഴികെയുള്ള നൈജീരിയയിലെ തദ്ദേശീയര്‍ തദ്ദേശീയകോടതികളുടെ അധികാരപരിധിക്ക് വിധേയമാക്കപ്പെട്ടു. എന്നാല്‍ ഈ പ്രഖ്യാപനത്തില്‍ പരാമര്‍ശിക്കുന്ന രണ്ട് ഉപവ്യവസ്ഥകളിലൂടെ പ്രാദേശിക കോടതി സംവിധാനങ്ങളില്‍ കേസുകള്‍ പരിഗണിക്കുന്നതിനുള്ള നിയമപരമായ നിയന്ത്രണങ്ങള്‍ക്ക് അയവ് നല്‍കപ്പെട്ടിരുന്നു. സ്വഭാവിക നീതി, സമത്വം, ആപേക്ഷികമായ മന:സാക്ഷി എന്നിവയുമായോ രേഖാമൂലമുള്ള നിയമങ്ങളുമായോ, മറ്റു നിയമങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചനകളുമായോ പ്രാദേശികനിയമങ്ങളും ആചാരങ്ങളും പൊരുത്തപ്പെടുന്നില്ലെങ്കില്‍ അവകളെ പരിഗണിക്കേണ്ടതില്ല എന്നതായിരുന്നു പ്രസ്തുത ഉപവ്യവസ്ഥകളില്‍ ആദ്യത്തേത് .
ഏതെങ്കിലുമൊരു തദ്ദേശീയന്‍ ഒരു സിവില്‍/ ക്രിമിനല്‍ നിയമലംഘനത്തില്‍ ഉള്‍പ്പെട്ടാല്‍, അയാളെ വിചാരണ നടത്താനുള്ള ധാര്‍മികപരമായ ഉത്തരവാദിത്വം ഇംഗ്ലീഷ് നിയമത്തിനായിരിക്കും എന്നായിരുന്നു പ്രഖ്യാപനത്തിലെ രണ്ടാമത്തെ ഉപവ്യവസ്ഥ. ഈ രണ്ട് ഉപവ്യവസ്ഥകളും നിയമപരമായ വിചാരണാ വ്യവഹാരങ്ങളെ പ്രാദേശിക കോടതികളുടെ അധികാരപരിധിയിലേക്ക് പരിമിതപ്പെടുത്തുന്നതായിരുന്നു.
അട്ടിമറിക്കപ്പെട്ട ഖിലാഫത്ത് സമൂഹ ഘടനയെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍, പ്രാദേശിക നിയമങ്ങള്‍, ആചാരങ്ങള്‍, പ്രദേശത്തെ സാമൂഹിക ഇടപാടുകള്‍ എന്നിവയെ നിയന്ത്രിക്കുന്ന പ്രധാന നിയമ മാനദണ്ഡമായി ശരീഅത്ത് നിയമവ്യവസ്ഥയെ ആയിരുന്നു പിന്നീട് രേഖപ്പെടുത്തിയിരുന്നത്.
സൊകോതോയിലെ ബ്രിട്ടീഷ് റസിഡന്‍സിയുടെ അംഗീകാരമില്ലാതെ തന്നെ, ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിധിന്യായങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കുന്ന സ്ഥാനപതികളെ നിയമിക്കുന്നതിലും സ്ഥാനഭ്രഷ്ടനാക്കുന്നതിലും അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥരായ അമീര്‍മാരും ജില്ലാ മേധാവികളും സംസ്ഥാന ഉദ്യോഗസ്ഥരും (പ്രത്യേകിച്ച് ക്രിമിനല്‍ കാര്യങ്ങളില്‍) ചെയ്ത പാതകങ്ങളില്‍ വിധി പറയാനുമുണ്ടായിരുന്ന ഖലീഫയുടെ നിയമപരമായ അധികാരങ്ങളെ ഇത്തരം പരാമര്‍ശങ്ങള്‍ ഓര്‍മിപ്പിക്കുന്നുണ്ട്.
ഖലീഫയുടെ കീഴിലെ ജില്ലാ മേധാവികള്‍ക്ക് മേലിലുണ്ടായിരുന്ന മളാലിം നീതി വ്യവസ്ഥിതിയുടെ അധികാരങ്ങള്‍ എടുത്തുകളയുകയും ഹുദൂദ് (ശിക്ഷ) കുറ്റകൃത്യങ്ങളില്‍ പ്രയോഗവത്കരിച്ച ശരീഅത്തിന്റെ ക്രിമിനല്‍ നടപടിക്രമങ്ങള്‍, ബ്രിട്ടീഷുകാരുടെ സ്വാഭാവികനീതി അധിഷ്ഠിതമാക്കിയുള്ള സമീപനത്തിനും സദ്ഭരണത്തിനും വിരുദ്ധമായത് എന്ന് വിശേഷിപ്പിക്കപ്പെടുകയും ചെയ്തു.
ഈ പുതിയ ജുഡീഷ്യല്‍ ഘടന അടിച്ചേല്‍പ്പിക്കുന്നത് പുതിയ ബ്രിട്ടീഷ് കോളനികള്‍ കൈവരിക്കേണ്ടിയിരുന്ന സാമൂഹിക നിയന്ത്രണക്രമം ഏര്‍പ്പെടുത്തുന്നതിനുള്ള മാര്‍ഗമായിട്ടാണ് എന്ന കാര്യം പ്രവര്‍ത്തനരഹിതമായ ഖിലാഫത്തിന്റെ നേതൃത്വത്തെ തെല്ലും അതിശയിപ്പിച്ചില്ലായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധികാര കയ്യേറ്റത്തിന് മുമ്പ് തന്നെ മത നേതൃത്വവും പണ്ഡിതന്മാരും, ശരീഅത്തിനെ സുരക്ഷിതമായി കാത്തുസൂക്ഷിക്കുന്നതിനും അതിലുള്ള ബ്രിട്ടീഷ് ഇടപെടലുകളെ ചെറുക്കാനുമുള്ള മാര്‍ഗ്ഗങ്ങള്‍ ഗൗരവതരമായി ആലോചിച്ചിരുന്നു. ഹിജ്റയെ അടിസ്ഥാനമാക്കി, തങ്ങളുടെ ജന്മദേശത്തില്‍ നിന്നുള്ള പലായനത്തെക്കുറിച്ചുള്ള ബൗദ്ധികവ്യവഹാരങ്ങളിലേക്ക് എത്തിച്ചേര്‍ന്നതായിരുന്നു അത്തരം വൈജ്ഞാനിക ചര്‍ച്ചകളുടെ ഫലം.
പക്ഷേ, ബ്രിട്ടീഷ് അധിനിവേശ സേന ഖിലാഫത്ത് അധീനപ്രദേശങ്ങള്‍ ആക്രമിക്കുകയും 1903 മാര്‍ച്ചില്‍ സൊകോതോയിലെത്തിച്ചേരുകയും വഴി സാമ്രാജ്യത്വ നേതൃത്വത്തില്‍ തുടരാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു .
ബ്രിട്ടീഷ് ഭരണത്തിന്റെ കീഴില്‍ തുടരുന്നത്, അവരുടെ നിയമങ്ങള്‍ ശരീഅത്തിനു മേലുള്ള ആത്യന്തിക നിയമമായി അംഗീകരിക്കുന്നതിന് തുല്യമാണ് എന്ന നിലയില്‍, ആ കാര്യം ഖിലാഫത്തിനാല്‍ തന്നെ നിര്‍ദ്ദേശിക്കപ്പെടേണ്ടതുണ്ട് എന്ന ഒരു പ്രധാന ബിന്ദുവിലേക്ക് ഇത്തരം ബൗദ്ധിക വ്യവഹാരങ്ങള്‍ സൂചിപ്പിക്കുന്നുണ്ടെന്ന് നിരീക്ഷിക്കാനാവുന്നുണ്ട്.
ഖിലാഫത്തിന്റെ രാഷ്ട്രീയ പതനത്തെക്കുറിച്ച് തിരിച്ചറിഞ്ഞ ഖലീഫ അത്താഹിര്‍ ഒന്നാമന്‍(Attahiru I) ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് അധികാരം കൊടുത്തു പോകുന്നതിനു മുമ്പ്, തന്നെ അനുഗമിക്കുന്നതിനും സൊകോതോയില്‍ തന്നെ തുടരുന്നതിനുമുള്ള വിവേചനാധികാരം തന്റെ ജനങ്ങള്‍ക്ക് നല്‍കിയിരുന്നു.
മറുവശത്ത്, തങ്ങള്‍ക്ക് ആവശ്യമുള്ളപ്പോഴെല്ലാം ഇടപെടാനുള്ള ശ്രമങ്ങളിലും പ്രാദേശിക കോടതികളിലെ ഭരണ താത്പര്യം സംരക്ഷിക്കുന്നതിലും ബ്രിട്ടീഷുകാര്‍ യാതൊരു കൂസലും പ്രകടിപ്പിച്ചിരുന്നില്ല. കാര്യങ്ങളുടെ ഗതി ഇങ്ങനെയൊക്കെ ആയിരുന്നുവെങ്കിലും, പ്രാദേശിക കോടതികളുടെ ചുമതലയുള്ള ചുരുക്കം ചില നിയമജ്ഞര്‍ ബ്രിട്ടീഷ് താത്പര്യത്തിനനുസരിച്ച് നീതി നടപ്പാക്കാന്‍ വിസമ്മതിച്ചിരുന്നു. എന്നാല്‍, ഇക്കാരണത്താല്‍ അതാത് സ്ഥാനങ്ങളില്‍ നിന്ന് അവര്‍ ഭ്രഷ്ടരാക്കപ്പെട്ടു. അതിന്റെ വ്യക്തമായ ഉദാഹരണമായിരുന്നു ആല്‍ക്കലിന്‍ ജെഗ(Alkalin Jega). സമാനമായ ഒരു സാഹചര്യമായിരുന്നു 1906- ലെ സതിരു കലാപ(Satiru revolt)ത്തിന്റേത്. സംഘട്ടനത്തിനിടെ ചില ബ്രിട്ടീഷ് സേനാംഗങ്ങളെ വകവരുത്തിയതിനാല്‍, കലാപത്തിന്റെ നേതാക്കള്‍ക്ക് വധശിക്ഷ വിധിക്കാനായിരുന്നു ബ്രിട്ടീഷ് ഭരണകൂടം ആഗ്രഹിച്ചിരുന്നത്. എന്നാല്‍, സതിരു ജനത ചില മുസ്‌ലിംകളെ കൊന്നുവെന്ന് ബോധ്യപ്പെടുന്നതു വരെ, സൊകോതോയിലെ ന്യായാധിപനായിരുന്ന ആല്‍ക്കലി മോഡിബോ(Alkali Modibbo) ആ താത്പര്യം നിരസിച്ചു കൊണ്ടേയിരുന്നു.
ഇത്തരത്തിലുള്ള പ്രശ്‌നം സൊകോതോ പ്രവിശ്യയില്‍ മാത്രമുള്ള വിചിത്ര സംഭവമായിരുന്നില്ല. മറിച്ച്, മുന്‍ഖിലാഫത്ത് ഭരണ പരിധിയിലെ ഇതര ബ്രിട്ടീഷ് നിര്‍മിത പ്രവിശ്യകളിലും ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ ഭരണകൂടം അഭിമുഖീകരിച്ചിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരായ ഈ ചെറുത്തുനില്‍പ്പുകളില്‍ ഏറ്റവും രൂക്ഷമായവ, 1906- ലെ ഹഡെജിയ കലാപ(Hadejia revolt)വും തന്റെ അധികാരപരിധിയില്‍ ആകേണ്ടിയിരുന്ന കേസില്‍ വിധിതീരുമാനിച്ചതിന് ബൗച്ചി(Bauchi) പ്രവിശ്യയിലെ റെസിഡന്റിനെതിരെയുള്ള മിസ്സാവി (Missau) ലെ അമീറിന്റെ ചെറുത്തുനില്‍പ്പുമായിരുന്നു.
ഇത്തരം സംഭവങ്ങളുടെ വേരുകള്‍ എത്തി നില്‍ക്കുന്നത് കൊളോണിയല്‍ സര്‍ക്കാര്‍ താത്പര്യങ്ങളിലേക്ക് മാറ്റിസ്ഥാപിക്കപ്പെട്ടുകൊണ്ടിരുന്ന നീതിന്യായ വ്യവസ്ഥയുടെ സ്വഭാവത്തിലുമായിരുന്നു. ഈ പ്രക്രിയ ഖിലാഫത്ത് ശേഷിപ്പിച്ച സ്വാധീനങ്ങളെ നിര്‍ജീവമാക്കുന്നതും, ഒപ്പം സൊകോതോ മെട്രോപോളിസിലെ മളാലിം സമ്പ്രദായത്തിന്റെ തകര്‍ച്ചക്ക് സാക്ഷ്യം വഹിക്കുന്നതുമായിരുന്നു. ഇത്, സുല്‍ത്താന്റെ അടുക്കലുള്ള ഖലീഫയുടെ സ്ഥാനത്തെയും, പരമ്പരാഗത കൗണ്‍സിലുകള്‍ക്ക് തര്‍ക്ക പരിപാലനത്തിനും പരിഹാരത്തിനും മാത്രമായിരുന്ന നിയമങ്ങള്‍ നടപ്പിലാക്കുന്നതിനും പ്രവര്‍ത്തനത്തിനുമുള്ള സംവിധാനത്തിനുള്ള അധികാരം പിന്‍വലിക്കുന്നതിനെയും സ്വാധീനിച്ചിരുന്നു. പക്ഷേ, തീരുമാനങ്ങളെടുക്കാനും വിധിന്യായങ്ങള്‍ നടപ്പാക്കാനും അവകാശമില്ലാത്ത കാരണത്താല്‍ പ്രസ്തുത സംവിധാനം മളാലിം പ്രവര്‍ത്തനങ്ങളെ പൂര്‍ണ്ണമായും പ്രതിഫലിപ്പിച്ചിരുന്നില്ല. തര്‍ക്കങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സമാധാനപരവും ഔപചാരികവുമായ മാര്‍ഗ്ഗങ്ങളിലായിരുന്നു ഇത്തരം സംവിധാനങ്ങള്‍ കൂടുതല്‍ വ്യാപൃതമായത് എന്ന് മനസ്സിലാക്കണം. ഈ സംവിധാനങ്ങള്‍ പ്രസ്തുത ലക്ഷ്യങ്ങളില്‍ പരാജയപ്പെടുമ്പോള്‍ വിധിന്യായത്തിനായി കേസുകള്‍ കോടതിയിലേക്ക് കൈമാറുകയായിരുന്നു പതിവ്.
വിവര്‍ത്തനം: മുഹമ്മദ് സിറാജ്‌റഹ്മാന്‍

He is a researcher at Department of History, Usman Dan fodiyo University, Sokoto. He has few papers on Sokoto caliphate history
