മദീനക്കും ഏതൻസിനും ഇടയിൽ
‘ലിബറല്‍ ആര്‍ട്‌സ്’ എന്ന പദം പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നത് കൊണ്ട് തന്നെ ഏറെ അവ്യക്തതയുള്ള ഒരു പദമാണ്. ഒരു പദത്തെ നിര്‍വചിക്കലും മറ്റൊരു പദവുമായുള്ള അതിന്റെ വ്യത്യാസത്തെ കുറിക്കലും പണ്ഡിതര്‍ക്കിടയില്‍ വളരെ പ്രാധാന്യമുള്ള കാര്യമാണ്. എന്നാല്‍ ഇവയിലുള്ള കാപട്യമാണ് ആധുനിക വിദ്യാഭ്യസത്തിന്റെ ഏറ്റവും വലിയ പരാജയം. ഒരു കാര്യം നിര്‍വചിക്കാന്‍ അതിന്റെ ക്യാറ്റഗറി, ആ ക്യാറ്റഗറിയിലെ മറ്റു വസ്തുക്കളുമായുള്ള അതിന്റെ വ്യത്യാസം എന്നിവയിലൂടെ മാത്രമേ സാധിക്കുകയുള്ളൂ എന്നതാണ് തര്‍ക്കശാസ്ത്ര നിയമം. ‘ വിദ്യാഭ്യാസം’ എന്ന ക്യാറ്റഗറിക്ക് കീഴിലാണ് ലിബറല്‍ ആര്‍ട്‌സ് വരുന്നത്. എന്നാല്‍ ലിബറല്‍ ആര്‍ട്‌സിനെ മറ്റു വിദ്യാഭ്യാസങ്ങളില്‍ നിന്നും വേര്‍തിരിക്കുന്ന ഘടകം എന്താണ്? ഇവിടെ വിദ്യാഭ്യാസത്തോട് ചേര്‍ന്ന് കിടക്കുന്ന ലിബറല്‍ എന്ന പദത്തിലാണ് ഈ വ്യത്യാസം നിലനില്‍ക്കുന്നത് എന്ന് പറയുന്നതായിരിക്കും ശരി. സമൂഹത്തിന്റെ ആധുനികമായ ധാരണകളില്‍ നിന്നും അതിന്റെ ശ്രേണിപരമായ ഘടനയില്‍ നിന്നുമാണ് ഈ പദം രൂപം കൊണ്ടത്. അടിമകള്‍ക്ക് പ്രയോജനപരമായ നൈപുണ്യം നേടിക്കൊടുക്കുന്ന തൊഴില്‍ പരിശീലനങ്ങള്‍ക്ക് വ്യതിരിക്തമായി, സ്വതന്ത്രര്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതോടെയാണ് ലിബറല്‍ വിദ്യാഭ്യാസം ഉടലെടുക്കുന്നത്. കാരണം, അടിമകള്‍ നേടിയെടുക്കുന്ന കഴിവുകള്‍ തീവ്രപരിശീലനങ്ങളൊന്നുമില്ലാതെ തന്നെ നേടിയെടുക്കാന്‍ കഴിയുന്നതാണല്ലോ.
പൂര്‍വ്വാധുനിക കാലത്ത്, ലിബറല്‍ വിദ്യ അഭ്യസിക്കുന്നതോടെ ഒരാള്‍ ദൈവശാസ്ത്രം, വൈദ്യശാസ്ത്രം, നിയമ ശാസ്ത്രം, എന്നീ മേഖലകളില്‍ കൂടി നൈപുണ്യം നേടിയിരുന്നു. ദൈവ ശാസ്ത്ര പണ്ഡിതന്‍ ആത്മാവിന്റെ ചികിത്സകനും, അഭിഭാഷകന്‍ സമൂഹത്തിന്റെ ചികിത്സകനും, വൈദ്യശാസ്ത്രപണ്ഡിതന്‍ ശരീരത്തിന്റെ ചികിത്സകനുമായിരുന്നു. മനുഷ്യന്റെ ആത്മീയം, ധാര്‍മികം, സാമൂഹികം, സാമ്പത്തികം, രാഷ്ട്രീയം, ശാരീരികം തുടങ്ങിയ മുഴുവന്‍ പ്രശ്‌നങ്ങളെയും അഭിമുഖീകരിക്കാന്‍ ലിബറല്‍ വിദ്യാഭ്യാസത്തിലൂടെ സാധിച്ചിരുന്നു.
ഏഴ് ലിബറല്‍ കലകള്‍ ലോകത്തെ മൊത്തം പദാര്‍ഥം- ആത്മാവ്, ഗുണം-അളവ് , ശരീരം-ആത്മാവ് എന്നിങ്ങനെയായി തരം തിരിച്ചിട്ടുണ്ട്. വ്യാകരണം, തര്‍ക്കശാസ്ത്രം, അലങ്കാരശാസ്ത്രം തുടങ്ങിയവ ചേര്‍ന്നതാണ് ഗുണപരമായ അറിവ്. ഗണിതശാസ്ത്രം, ജ്യാമിതി എന്നിവ ഉപയോഗിച്ച് സ്ഥല- കാല (Space-Time) മനുസരിച്ച് സംഖ്യകളെ വ്യത്യസ്ത ഇടങ്ങളില്‍ പ്രയോഗിക്കുന്നതാണ് അളവ് സംബന്ധിയായ പഠനങ്ങള്‍.
വിദ്യാഭ്യാസത്തോടുള്ള ഈ ഒരു സമീപനം വിദ്യാര്‍ത്ഥിയെ കൂടുതല്‍ കൗതുകിയും, പ്രപഞ്ചത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുന്നതിലേക്കും എത്തിച്ചു. ഈജിപ്ത്, ബാബിലോണ്‍, ഗ്രീസ് ഇടങ്ങളില്‍ നിന്നാണ് ഈ വിദ്യാഭ്യാസ രീതി ഉടലെടുത്തത്. പിന്നീട് ജൂത, ക്രിസ്ത്യന്‍, മുസ്‌ലിം നാഗരിക കാലഘട്ടങ്ങളില്‍ അതിന്റെ വികാസം ഉണ്ടായി. മുസ്‌ലിംകള്‍, വേദ ഗ്രന്ഥങ്ങളെ ദൈവത്തിന്റെ വാക്കുകള്‍ അടങ്ങിയ പുസ്തകങ്ങളായും, പ്രപഞ്ചത്തെ മറ്റൊരു തുറന്ന പുസ്തകമായും മനസ്സിലാക്കിയിരുന്നു. വേദഗ്രന്ഥങ്ങളെ ട്രിവിയം ഉപയോഗിച്ചും പ്രപഞ്ചത്തെ ക്വാഡ്രിവിയം ഉപയോഗിച്ചും അവര്‍ പഠനം നടത്തി.
തലമുറകളിലേക്ക് സാംസ്‌കാരിക കൈമാറ്റം, ആത്മ സംസ്‌കരണം (self- actualisation) , ലോകത്തെയും ലോകശക്തികളെയും മനസ്സിലാക്കല്‍, സമൂഹവുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍, പഠന പ്രാപ്തി നേടല്‍, തുടങ്ങിയവയാണ് ലിബറല്‍ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങള്‍ എന്ന് ഡാനിയല്‍.ആര്‍.നിക്കോള തന്റെ Learning to Flourish: A Philosophical Exploration of Liberal Education എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ലിബറല്‍ വിദ്യാഭ്യാസത്തിന്റെ ഏറ്റവും ഉയര്‍ന്ന സങ്കല്‍പ്പങ്ങളില്‍ ഈ അഞ്ച് ഗുണങ്ങളെയും ഒരേ സമയം കണ്ടെത്താന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്.
ആദ്യമായി നമുക്ക് ‘വിദ്യാഭ്യാസം’, ‘ലിബറല്‍’ എന്നീ പദങ്ങളെ നിര്‍വ്വചിക്കേണ്ടതുണ്ട്. പത്തൊന്‍പതാം നൂറ്റാണ്ടിലെ ദൈവശാസ്ത്ര പണ്ഡിതനായ കാര്‍ഡിനല്‍ ജോണ്‍ ഹെന്റി ന്യൂമാന്‍, യൂണിവേഴ്‌സിറ്റികളെ കുറിച്ചുള്ള ആശയങ്ങള്‍ പങ്കുവെക്കുന്നിടത്ത് വിദ്യാഭ്യാസം എന്നതിന് ഉചിതമായ ഒരു നിര്‍വ്വചനം നല്‍കുന്നുണ്ട്. ‘വിദ്യാഭ്യാസം’ എന്നത് ഒരു ഔന്നിത്യമുള്ള പദമാണ്. അത് അറിവിന് വേണ്ടിയുള്ള തയ്യാറെടുപ്പും അതിന് അനുസൃതമായി അറിവ് പകര്‍ന്ന് നല്‍കലും ആണ് ഇവിടെ ‘യഥാര്‍ത്ഥത്തില്‍ എന്താണ് അറിവ്’ എന്ന ഒരു ചോദ്യം ബാക്കിയാവുന്നു. അത് കൂടുതല്‍ ചര്‍ച്ചകള്‍ അടങ്ങിയ ചോദ്യമാണ്. ഓരോ നാഗരികതയും ഉള്‍കൊള്ളുന്ന അതിഭൗതികമായ അനുമാനങ്ങളാണ് എന്താണ് അറിവ് എന്നതിനെ കുറിച്ചുള്ള അവരുടെ സങ്കല്‍പ്പത്തെ നിര്‍ണയിക്കുന്നത്. ഇനി ലിബറല്‍ എന്ന പദത്തെ അരിസ്റ്റോട്ടില്‍ തന്റെ Rhetoric എന്ന പുസ്തകത്തില്‍ നിര്‍വ്വചിക്കുന്നത് നോക്കൂ: ‘ഉടമപ്പെടുത്തിയതില്‍ പലപ്പോഴും ഉപയോഗപ്രദമാകുന്നത് ഫലം തരുന്നവയാണ്. ലിബറല്‍ ആയത് ആസ്വാദനത്തിന്റെ പ്രവണത കാണിക്കുന്നു. ഇവിടെ ഫലം തരുന്നു എന്നത് കൊണ്ട് ഉദ്ദേശം അത് വരുമാനം നല്‍കുന്നു എന്നാണ്. എന്നാല്‍ ആസ്വാദ്യകരമായതൊന്നും കേവല ഉപയോഗത്തിനപ്പുറം ഒന്നിനും പറ്റാത്തവയാണ്.
ഇതനുസരിച്ച്, അറിവ് നേടാന്‍ തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥിയും, അവന്റെ യോഗ്യതയനുസരിച്ച്, അനുഭവങ്ങളെ മുന്‍ നിര്‍ത്തിയും ഉദാഹരണങ്ങളിലൂടെയും മറ്റും വിദ്യ പകര്‍ന്നു നല്‍കുന്ന അധ്യാപകരും കൂടി ചേര്‍ന്ന ഒന്നാണ് ലിബറല്‍ വിദ്യാഭ്യാസം. ഇവിടെ ജീവിത ഉപാധി മാര്‍ഗങ്ങളായി വിദ്യാഭ്യാസത്തെ കാണുന്നില്ല. ഈ ഒരു അര്‍ത്ഥത്തില്‍ വിദ്യാഭ്യാസം സാധ്യമാവുമ്പോള്‍ മാത്രമേ യഥാര്‍ത്ഥ ജ്ഞാനം കൈമാറ്റം ചെയ്യപ്പെടുന്നുള്ളൂ. ഗസാലി ഇമാമിന്റെ ഗുരുവായ ഇമാം ജുവൈനി വിദ്യാര്‍ത്ഥികളെ കുറിച്ച് പ്രതിപാദിക്കുന്നത് കാണാം. ‘ആറ് കാര്യങ്ങള്‍ കൂടാതെ വിജ്ഞാനം നേടാന്‍ കഴിയില്ല. അവ ചുരുക്കത്തില്‍ ഇവിടെ ചേര്‍ക്കാം. ഗ്രാഹ്യശക്തി, അത്യുത്സാഹം, അന്യദേശം, ഒരു ഗുരുവിനെ സ്വീകരിച്ച് നിരന്തരമായ പ്രചോദനം നേടല്‍, ദീര്‍ഘകാല ജീവിതം എന്നിവ. മറ്റു പല മുസ്‌ലിം പണ്ഡിതരും അവരുടെ ഗ്രന്ഥങ്ങളില്‍ ഈ വിഷയം ഉദ്ധരിക്കുന്നുണ്ട്. മാത്രമല്ല, വര്‍ഷങ്ങള്‍ക്ക് ശേഷം ചാര്‍ട്രസുകാരനായ ബെര്‍നാര്‍ഡ് ഇതിനെ ചെറിയ മാറ്റങ്ങളോടെ തന്റെ പുസ്തകത്തില്‍ ചേര്‍ക്കുന്നുണ്ട്. ലാറ്റിന്‍ ഭാഷയില്‍ എഴുതപ്പെട്ട ആ വരികളുടെ അര്‍ത്ഥം ഇപ്രകാരമാണ്: ‘ എളിയ മനസ്സ്, പഠനത്തോടുള്ള തീക്ഷ്ണത, ശാന്തമായ ജീവിതം, നിശബ്ദ അന്വേഷണം, ഒരു അന്യ ദേശം’.
അടിസ്ഥാന പാഠങ്ങളില്‍ നിന്നാണ് നാഗരികതകള്‍ രൂപം കൊള്ളുന്നത്. ഹോമര്‍, പെരിക്കിള്‍സ് എന്നിവരില്ലാതെ ഏതന്‍സ് എന്ന ദേശം ഉണ്ടാവുമായിരുന്നില്ല. സോക്രട്ടീസ്, പ്ലാറ്റോ, അരിസ്റ്റോട്ടില്‍ എന്നിവരില്ലാത്ത ഏതന്‍സിനെ കുറിച്ച് ആലോചിക്കാതിരിക്കുന്നതായിരിക്കും നല്ലത്. ബൈബിള്‍ ലാറ്റിന്‍ ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടപ്പോള്‍ ഒരു വലിയ ജൂത പണ്ഡിത പാരമ്പര്യം വളര്‍ന്നു വരാന്‍ കാരണമായിട്ടുണ്ട്. ക്രിസ്ത്യാനിസത്തിന്റെ പ്രത്യേക യൂറോപ്യന്‍ രൂപവും ഉയര്‍ന്നുവരാന്‍ കാരണമായി. ക്രിസ്ത്യാനികള്‍ ഏതന്‍സ് തിരിച്ചെടുത്തതോടെ ഏതന്‍സും ജറുസലേമും തമ്മിലുള്ള ബന്ധത്തില്‍ നിന്നും അസാധാരണമായ ഒരു സമന്വയം സാധ്യമായി. ക്രിസ്തുമതവും ഹെല്ലെനിസവുമായിരുന്നു പാശ്ചാത്യ നാഗരികതയുടെ ആത്മീയ അടിത്തറ. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ഈ രണ്ട് പാരമ്പര്യങ്ങളും അവഗണിക്കപ്പെട്ടു. തല്‍സ്ഥാനത്ത് ഇവ നഷ്ടപ്പെട്ട യുക്തി രഹിതമായ ഒരു സമൂഹം രൂപപ്പെടുകയും അത് സമൂഹത്തിന്റെ കെട്ടുറപ്പിന് ബാധിക്കുകയും ചെയ്തു.
എട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍, ഇസ്‌ലാമിക നാഗരികത പാശ്ചാത്യര്‍ക്ക് സമാന്തരമായാണ് നിലനിന്നിരുന്നത്. പലപ്പോഴും അതിനോട് ആഴത്തില്‍ അകലം പാലിക്കുന്നതും കാണാം. ക്രിസ്ത്യന്‍ നാഗരികതയെ പോലെ തന്നെ ഒരു അടിസ്ഥാന പാഠത്തെ ( ഖുര്‍ആന്‍) മുന്‍നിര്‍ത്തിയാണ് ഇസ്‌ലാമും നിലകൊണ്ടത്. അതിന്റെ കേന്ദ്രഭാഗത്ത് നിലനിന്നിരുന്നത് അറിവ്, പഠനം, ഭക്തി എന്നിവയാണ്. അറിവ് എന്ന പദം ഖുര്‍ആനില്‍ നൂറില്‍ കൂടുതല്‍ തവണ പരാമര്‍ശിക്കുന്നുണ്ട്. ചിന്തിക്കുക എന്ന പദം അറുപത്തിയെട്ട് തവണയും ആവര്‍ത്തിക്കുന്നു. ഖുര്‍ആന്‍ ആദ്യമായി അവതരിക്കുന്നത് ”വായിക്കുക” എന്ന പ്രഖ്യാപനത്തോടെയാണ്. പ്രവാചകന്‍ പറയുന്നത് കാണാം, ”അറിവ് നേടല്‍ ഓരോ മുസ്‌ലിം പുരുഷന്റെയും സ്ത്രീയുടെയും ബാധ്യതയാണ്”. മറ്റൊരിക്കല്‍ തിരുനബി പറഞ്ഞത്രെ: ‘ചൈനയില്‍ പോയിട്ടെങ്കിലും നിങ്ങള്‍ അറിവ് നേടണം’.
പ്രവാചകരുടെ കാലത്തായിരുന്നു മദീന-ഏതന്‍ ബന്ധത്തിന്റെ തുടക്കം. പോപുകളില്‍ ഏറ്റവും ശ്രദ്ധേയനായ Gregory the Greta ന്റെ ഭരണ കാലം കൂടിയായിരുന്നു അത്. ബ്രിട്ടനിലെ കീഴ്ജാതി സമൂഹമായ ആംഗ്ലോ-സാക്‌സണുകളിലേക്കുള്ള അദ്ദേഹത്തിന്റെ ഗ്രിഗറിയന്‍ ദൗത്യമാണ് ഒരു ജര്‍മന്‍ കാട്ടുജനതയെ ലോകത്തിലെ തന്നെ മികച്ച ജ്ഞാനികളായ സമൂഹമായി വളര്‍ത്തിയത്.
ആവര്‍ത്തനം 18:18ല്‍ പറയുന്നു: ‘മോശെ പ്രവാചകനെ പോലെ ഞങ്ങള്‍ ഒരു പ്രവാചകനെ (മുഹമ്മദ്) ഉയര്‍ത്തും”. മൊസൈക് പാരമ്പര്യത്തിന്റെ അനന്തരാവകാശികള്‍ എന്ന നിലക്ക് മദീനയിലെ ജൂതരെ തുടക്കത്തില്‍ സ്വാഭാവിക സഖ്യകക്ഷികളായി കാണാന്‍ പ്രവാചകര്‍ തയ്യാറായിരുന്നു. ചെറിയ വിയോജിപ്പുകളോടെ പ്രവാചകരെ അവരും പിന്തുണച്ചിരുന്നു. തുടര്‍ന്ന്, പ്രവാചകനിലുള്ള അവരുടെ പ്രവചനങ്ങള്‍ തിരിച്ചറിയുന്നതില്‍ അവര്‍ പരാജയപ്പെടുകയും വലിയ തോതില്‍ അശ്രദ്ധരാവുകയും ചെയ്തു. പിന്നീട് പ്രവാചകര്‍ ക്രിസ്ത്യാനികളുമായി സഖ്യത്തിലേര്‍പ്പെട്ടു. ഗ്രീക്ക് ക്രിസ്ത്യാനികളും പേര്‍ഷ്യക്കാരും (അവര്‍ ക്രിസ്ത്യാനികള്‍ക്ക് എതിരെ ജൂതരുമായി സഖ്യത്തിലായിരുന്നു) തമ്മിലുള്ള വ്യാപകവും വിനാശകരവുമായ യുദ്ധത്തില്‍ ഗ്രീക്കുകാരുടെ പക്ഷത്തുനിന്നു.
ഇരുപതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് പണ്ഡിതനായ എ. ജെ ആര്‍ബെര്‍ ഖുര്‍ആനിലെ മുപ്പതാം അദ്ധ്യമായ ”റൂം” അഥവാ ഗ്രീക്ക് എന്ന് പരിഭാഷപ്പെടുത്തുന്നുണ്ട്. അതിന്റെ ആദ്യ സൂക്തങ്ങളെ അദ്ദേഹം പരിഭാഷപ്പെടുത്തിയത്:
അലിഫ് ലാം മീം
ഗ്രീക്കുകാരെ പരാജയപ്പെടുത്തി.
ആ ദേശത്തിന്റെ അടുത്ത ഭാഗത്ത്;
അവരുടെ വിജയത്തിന് ശേഷം ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍
ഇവര്‍ വിജയികളാവും. ഇതിന്
മുമ്പും ശേഷവും എല്ലാം കല്‍പ്പന ദൈവത്തിന്റെതാണ്.
ആ ദിവസം ദൈവ സഹായത്തോടെ
മുസ്‌ലിംകള്‍ സന്തോഷിക്കും.
ദൈവം അവന് ഇഷ്ടമുള്ളവരെ സഹായിക്കുന്നു.
അവന്‍ സര്‍വ്വശക്തനും, അനുകമ്പയുള്ളവനുമാണ്.
പേര്‍ഷ്യക്കെതിരെയുള്ള ബൈബിള്‍ ജനതയുടെ വിജയത്തില്‍ വിശ്വാസികള്‍ സന്തോഷിച്ചു. കന്‍സുല്‍ ഉമ്മാല്‍ എന്ന ഹദീസ് ഗ്രന്ഥത്തില്‍ പരാമര്‍ശിച്ച ഒരു ഹദീസില്‍ പ്രവാചകന്‍ പറയുന്നു: ലോകത്ത് നന്മ നിലനില്‍ക്കും കാലത്തോളം ഗ്രീക്കുകാര്‍ നിങ്ങളുടെ സുഹൃത്തുക്കളാണ്. മറ്റൊരിടത്ത് കാണാം: അറിവ് (ഗ്രീക്കുകാരുടെ മുഖ്യ തൊഴില്‍) വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താണ്. അത് എവിടെ എത്തിച്ചാലും അവന്‍ അതിന് അവകാശപ്പെട്ടവനാണ്.
തുടര്‍ന്ന് വന്ന മുസ്‌ലിംകള്‍ ഗ്രീക്ക് ചിന്തയില്‍ കൂടുതല്‍ ആകൃഷ്ടരായി. എന്നാല്‍ അവര്‍ അവശ്യവും സാര്‍വത്രികവുമായ ലാളിത്യത്തോടെ മത നിയമങ്ങള്‍ മറി കടക്കാന്‍ തുടങ്ങുകയും, യുക്തിവാദികള്‍ മദീനയെക്കാള്‍ (വെളിപാട്) ഏതന്‍സിന് (യുക്തി) പ്രാധാന്യം നല്‍കുകയും ചെയ്തു. അതോടെ, സുന്നീ പണ്ഡിതര്‍ യുക്തിയെക്കാള്‍ വെളിപാടിന് സ്ഥാനം നല്‍കിക്കൊണ്ട്, യുക്തിയുടെ ആധികാരികത അതിന്റെ യഥാര്‍ത്ഥ സ്ഥാനത്ത് പരിഗണിക്കുന്ന, ഗ്രീക്ക് ചിന്തയിലെ നന്മകള്‍ കൂടി ഉള്‍പ്പെടുത്തിയ കണിശമായ ഒരു രീതിശാസ്ത്രത്തിന് രൂപം നല്‍കി. വെളിപാടിന് പ്രാമുഖ്യം നല്‍കിയ ഈ സമന്വയ രീതിശാസ്ത്രം യുക്തിയുടെ പ്രാധാന്യത്തെ മനസ്സിലാക്കുകയും, പ്രകൃതിശാസ്ത്രം, ഗണിതശാസ്ത്രം, അതിഭൗതിക ശാസ്ത്രം എന്നിവയില്‍ യുക്തിക്ക് അര്‍ഹമായ സ്ഥാനം നിര്‍ണയിക്കുകയും ചെയ്തു. കൂടെ കേവല യുക്തിയില്‍ നഷ്ടപ്പെട്ടുപോകുന്ന വെളിപ്പെടുത്തപ്പെട്ട സത്യങ്ങളെ നിലനിര്‍ത്താനും സാധിച്ചു. മുസ്ലിം നാഗരികതയുടെ നൂറ്റാണ്ടുകളായുള്ള ഉയര്‍ച്ചക്ക് സഹായിച്ചത് ഈ രണ്ട് ഘടകമാണ്.
മുസ്‌ലിം ലോകത്തിന്റെ പ്രധാന ജോലി തന്നെ അറിവ് സമ്പാദനമായി മാറി. വിജ്ഞാനം കണ്ടെത്തല്‍, സംരക്ഷണം, പകര്‍ന്നു കൊടുക്കല്‍ എന്നിവയില്‍ ഇസ്‌ലാമിക നാഗരികതയുടെ ഇടപെടല്‍ ചരിത്രത്തില്‍ തുല്യത ഇല്ലാത്തതാണെന്ന്, ജൂത ചരിത്രകാരനായ ഫ്രാന്‍സ് റോസെന്താള്‍ തന്റെ Knowledge Triumph എന്ന പുസ്തകത്തില്‍ വാദിക്കുന്നുണ്ട്. ഇവിടെ അറിവ് എന്ന സങ്കല്‍പ്പത്തില്‍ ഒരാളുടെ വിശ്വാസം, നല്ലയോ-ചീത്തയോ എന്ന അവന്റെ പരിഗണന എന്നിവ ഉള്‍പ്പെടുന്നു. അതിനാല്‍ വിദ്യാഭ്യാസം എന്ന ആശയത്തില്‍ ധാര്‍മികത, ബൗദ്ധികത, ആത്മീയം എന്നിവ ഉള്‍ക്കൊള്ളുന്നുണ്ട്.
Arabic Thought and the Western World എന്ന തന്റെ പുസ്തകത്തില്‍ യൂജിന്‍ എ. മിയേഴ്‌സ് ഇമാം ഗസ്സാലിയെ കുറിച്ച് പറയുന്നു: ”അടിയുറച്ച ഒരു വിശ്വാസ സംഹിതയുമായി വിദ്യാഭ്യാസത്തിന് ഒരു മൗലികമായ ബന്ധം സ്ഥാപിക്കുക എന്നതായിരുന്നു ഇസ്‌ലാമിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ സംഭാവന. ധാര്‍മ്മികതയും, ആത്മീയതയും കൂടാതെ ബൗദ്ധിക നേട്ടങ്ങള്‍ക്ക് സന്തോഷം നല്‍കാന്‍ കഴിയില്ലെന്ന് അദ്ദേഹം പഠിപ്പിച്ചു. വിദ്യാഭ്യാസം അറിവ് പകരുന്നതില്‍ മാത്രം ഒതുങ്ങരുത്; അത് വ്യക്തിയുടെ ധാര്‍മ്മിക ബോധത്തെ ഉണര്‍ത്തുന്നത് കൂടി ആവണം.”
എ. ഡി 650 മുതല്‍ 1000 വരെയുള്ള കാലഘട്ടത്തില്‍ ഗ്രീക്ക് ശാസ്ത്രം, ഗണിത ശാസ്ത്രം, യുക്തി, തത്വചിന്ത എന്നിവയിലെ ക്ലാസിക്കുകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടതില്‍ നിന്നും മുന്‍കാല മുസ്‌ലിംകള്‍ക്ക് മേല്‍ ഏതന്‍സിന് ഉണ്ടായിരുന്ന സ്വാധീനം മനസ്സിലാക്കാം എന്ന് കൂടി അദ്ദേഹം ആ പുസ്തകത്തില്‍ ചേര്‍ക്കുന്നു. ബൈസാന്റിയന്‍ സംസ്‌കാരത്തില്‍ നിന്നും പഠിച്ച അറബ് ക്രിസ്ത്യാനികള്‍ അടങ്ങുന്ന ഈ ഒരു ചരിത്രപരമായ വിവര്‍ത്തന നീക്കം മുസ്‌ലിം ലോകത്തെ ഗണ്യമായി സ്വാധീനിക്കുന്ന നിരവധി ഗ്രന്ഥങ്ങള്‍ അവതരിപ്പിച്ചു. എന്നാല്‍ അത് കൂടുതല്‍ ബൗദ്ധിക പ്രതിസന്ധികള്‍ സൃഷ്ടിക്കുകയും ചെയ്തു.
ഖുര്‍ആന്‍, സുന്നത്ത് (പ്രവാചക പാരമ്പര്യം) എന്നിവയിലുള്ള കൂടുതലായ ആശ്രിതത്വം, വിദ്യാഭ്യാസ പദ്ധതിയില്‍ ഭാഷ പഠനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കാന്‍ കാരണമായി. ആദ്യകാല മുസ്‌ലിം കരിക്കുലം വ്യാകരണം; പദാവലികളെ കുറിച്ചുള്ള പഠനം; ജാഹിലിയ കാലത്തെ (പ്രാഗ് ഇസ്‌ലാമിക കാലം) കവിതകളുടെ ശേഖരണം, പഠനം, സൂക്ഷിപ്പ് തുടങ്ങിയവ ഉള്‍ക്കൊണ്ടതായിരുന്നു. 1037ല്‍ മരണമടഞ്ഞ അവിസെന്ന അരിസ്റ്റോട്ടിലിന്റെ ഗ്രന്ഥങ്ങള്‍ ഒരുമിച്ച് കൂട്ടി അദ്ദേഹത്തിന്റെ ചില നിഗമനങ്ങള്‍ ചേര്‍ത്ത് The Shifa എന്ന പേരില്‍ The Organon ന്റെ ഒരു പുതിയ പതിപ്പ് തയ്യാറാക്കി. The Shifa ലാറ്റിന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടതോടെ കിഴക്കിന് പുറമെ യൂറോപ്പ്യന്‍ പടിഞ്ഞാറിലും അത് പ്രസിദ്ധിയാര്‍ജിച്ചു. പെരിപറ്റെറ്റിക് ഫിലോസഫിക്കല്‍ പാരമ്പര്യത്തെ ലളിതമായി വിശദീകരിക്കുന്ന ഇമാം ഗസാലിയുടെ ‘മഖാസിദുല്‍ ഫലാസഫ’ ദ ശിഫയെ അടിസ്ഥാനമാക്കി എഴുതിയതാണ്. ജൂത ദാര്‍ശനിക ചിന്തയിലും, ക്രിസ്ത്യന്‍ മധ്യകാല പാണ്ഡിത്യ പാരമ്പര്യത്തിലും, ദി ശിഫ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
ഇസ്‌ലാമിക പാഠ്യ പദ്ധതിയിലെ മുഖ്യ കേന്ദ്രമായ ‘തര്‍ക്കശാസ്ത്രം’ ഇമാം ഗസാലി ദൈവശാസ്ത്രത്തിന്റെയും, കര്‍മശാസ്ത്രത്തിന്റെയും ഉപാധിയായി പരിചയപ്പെടുത്തുന്നുണ്ട്. മധ്യേഷ്യയില്‍ രൂപം കൊണ്ട ‘അറബിക് അലങ്കാരശാസ്ത്രം’ ഇസ്‌ലാമിക പാരമ്പര്യത്തിന്റെ അടിസ്ഥാന ഘടകമായി തര്‍ക്കശാസ്ത്രം, വ്യാകരണം എന്നിവയോട് ചേര്‍ക്കപ്പെട്ടു. ഇവകള്‍ Instrumental arts (അല്‍ ഉലൂമുല്‍ ആലത്) എന്നും, മൂന്ന് കലകള്‍ എന്നും അറിയപ്പെടുന്നു. അങ്ങനെ, ഈ ”ട്രിവിയം” ഇസ്‌ലാമിക പാരമ്പര്യവുമായി ഇണങ്ങിച്ചേര്‍ന്നിരിക്കുന്നു. എങ്കിലും വ്യാകരണമാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടത്.
മുസ്‌ലിം വ്യാകരണപണ്ഡിതര്‍ ഇന്നത്തെ ഭാഷാപണ്ഡിതര്‍ക്ക് തുല്യമായിരുന്നു എന്ന് The Foundations of Grammar എന്ന പുസ്തകത്തില്‍ ജോനാഥന്‍ ഓവന്‍സ് വാദിക്കുന്നുണ്ട്. ഭാഷയുമായി ബന്ധപ്പെട്ട ആഴത്തിലുള്ള ദാര്‍ശനിക പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ ഭാഷയുടെ എല്ലാ വശങ്ങളും അവര്‍ കൈകാര്യം ചെയ്തിരുന്നു. ആധുനിക ഭാഷാ പണ്ഡിതര്‍ 11, 12 നൂറ്റാണ്ടിലെ അറബ് പണ്ഡിതരുടെ പുനര്‍ സന്ദര്‍ശകരാണ് എന്നും ഓവന്‍സ് പ്രസ്താവിക്കുന്നുണ്ട്. അഥവാ ഭാഷാ പണ്ഡിതരുടെ അഭാവം മൂലം പത്തൊന്‍പതാം നൂറ്റാണ്ടിലെ ഓറിയന്റലിസ്റ്റുകള്‍ക്ക് അവര്‍ എഴുതിയിരുന്ന പല വിഷയങ്ങളും മനസ്സിലാക്കാന്‍ സാധിച്ചിരുന്നില്ല.
പാശ്ചാത്യ പാരമ്പര്യത്തില്‍ ഉയര്‍ന്നുവന്നതിന് സമാനമായി മുസ്‌ലിംകളും വ്യാകരണ വിദ്യാലയങ്ങള്‍ പണിതു. അങ്ങനെ, വിദ്യാര്‍ത്ഥികള്‍ ആറോ, ഏഴോ വര്‍ഷത്തെ പഠനം കൊണ്ട് ഖുര്‍ആന്‍ മന:പ്പാഠമാക്കുകയും, വ്യാകരണവും ഭാഷാ പ്രയോഗങ്ങളും പഠിക്കുകയും ചെയ്തു. മഖാമാത്ത് എന്നറിയപ്പെടുന്ന സാങ്കല്‍പ്പിക കഥകളിലൂടെയാണ് അവര്‍ പദാവലികള്‍ പഠിച്ചെടുത്തത്. പലപ്പോഴും വിദ്യാര്‍ത്ഥികള്‍ കഥ മുഴുവനും, ഓരോ വാക്കുകളുടെ നിര്‍വ്വചനങ്ങളും മന:പ്പാഠമാക്കിയിരുന്നു. മറ്റു ഘടകങ്ങള്‍ ക്വാഡ്രിവിയത്തില്‍ ഉള്‍പ്പെടുന്ന അളവിനെ സംബന്ധിച്ച പഠനങ്ങള്‍ ആണ്. അവ യുക്തിസഹമായ കലകള്‍ (അല്‍ ഉലൂമുല്‍ അഖ്‌ലിയ്യ) എന്ന് അറിയപ്പെടുന്നു.

മൊഴിമാറ്റം: സി.എ മുഹമ്മദ്
Leading proponent of classical learning in Islam. He is president of Zaytuna College. completed his PhD from the Graduate Theological Union with dissertation title: “The Normative Islamic Tradition in North and West Africa: A Case Study of Transmission of Authority and Distillation of Knowledge in Ibn Ashir’s Al-Murshid al-mu’in (The Helpful Guide)”.
