കല, ഭംഗി: സൗന്ദര്യ ശാസ്ത്രത്തെ കുറിച്ചുള്ള മുസ്‌ലിം ആലോചനകൾ
ഓട്ടോമൻ സാഹിത്യത്തിലെ ക്ലാസിക്കൽ കാവ്യ പാരമ്പര്യമായ ‘ദീവാനി സാഹിത്യ’ ത്തിൻ്റെ ഏറ്റവും ഊർജ്ജസ്വലമായ കാലഘട്ടമാണ് പതിനാറാം നൂറ്റാണ്ടിന്റെ പ്രാരംഭം മുതൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ പകുതി വരെയുള്ള കാലം. ഇക്കാലയളവിൽ ദീവാനി സാഹിത്യം അതിൻ്റെ അടിസ്ഥാനതത്വങ്ങളിലധിഷ്ഠിതമായി ഒരു പാരമ്പര്യ ഘടന തന്നെ നിലനിർത്തിയിരുന്നു. അറേബ്യൻ പദ്യ രചനാ ശാസ്ത്രം, മള്മൂൻ, ദ്വയാർത്ഥ പദങ്ങൾ /ഭാവനകൾ തുടങ്ങി ലഭ്യമായ പാരമ്പര്യ ഘടകങ്ങളെയും മൂലകങ്ങളെയുമാണ് ഓട്ടോമൻ കവികൾ പ്രധാനമായും ആശ്രയിച്ചത്. ആവർത്തന വിരസതയിലേക്ക് തള്ളി വിടുന്നതിനു പകരമായി ഇത്തരത്തിലുള്ള പരസ്പര പൂരകങ്ങളായ പദാർത്ഥങ്ങൾ ഓട്ടോമൻ കവികൾക്ക് തങ്ങളെ ആവിഷ്ക്കരിക്കുന്നതിൽ ആഴത്തിലുള്ള പ്രാപ്തി നൽകിയെന്നതു പോലെതന്നെ കാവ്യഘടനയുടെ മൗലികത ഉറപ്പുവരുത്താനും സഹായകമായി.
സൗന്ദര്യശാസ്ത്രത്തിന്റെ തത്വങ്ങളാൽ നിർമ്മിതമായ പദാർത്ഥ പരിധികളുടെ നിയമങ്ങൾ ഒരു കാവ്യ ശൈലിക്ക് രൂപം നൽകുകയും അതേ തത്വങ്ങൾ തന്നെ കലയുടെ ഇതര ശാഖകളിലും പ്രയോഗിക്കപ്പെടുകയും ചെയ്തു. ഓട്ടോമൻ സാമ്രാജ്യത്തിലെയും ഇസ്‌ലാമിക കലയിലെയും സൗന്ദര്യശാസ്ത്രത്തിന്റെ മാനദണ്ഡങ്ങൾ പരിശോധിക്കുകയാണ് ഈ കുറിപ്പ്.
സൈദ്ധാന്തിക വീക്ഷണങ്ങൾ
ഇന്ദ്രിയ ജ്ഞാനം / അവബോധം എന്ന അർത്ഥത്തെ കുറിക്കുന്ന ‘ എയ്തെസിസ് ‘ (Aethesis) എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ‘ എയ്തെറ്റിക്സ് ‘ (aesthetics) എന്ന സംജ്ഞ ഉരിത്തിരിഞ്ഞത്. ഇന്നത്തെ നിയതമായ അർത്ഥത്തിലായിരുന്നില്ല പ്രാചീനകാലത്ത് ‘ എയ്തെറ്റിക്സ് ‘ വ്യവഹരിക്കപ്പെട്ടിരുന്നത്. ഏതൻസിലെ ദാർശനികനായിരുന്ന പ്ലേറ്റോയുടെ കാലഘട്ടത്തിലേക്ക് നോക്കുമ്പോൾ കേവലമൊരു സാധാരണ അർത്ഥത്തിലാണ് എയ്തെറ്റിക്സ് എന്ന പദം ഉപയോഗിച്ചിരുന്നതെന്ന് കാണാം. പതിനെട്ടാം നൂറ്റാണ്ട് വരെ ഇതേ സ്ഥിതി തന്നെ തുടർന്നു. ജർമ്മൻ തത്വചിന്തകനായ ഗോട്ട്ഫ്രഡ് വിൽഹെം ലീബ്നിസി ( Gottfried Wilhelm Leibniz) ന്റെ ശിഷ്യനായ അലക്സാണ്ടർ ഗോട്ടിലീബ് ബൗഗാർട്ട (Alexander Gottlieb Baumgarten ) നാണ് തൻ്റെ എയ്സ്തെറ്റിക്ക ( Aesthetica) എന്ന കൃതിയിലൂടെ എയ്സ്തെറ്റിക്സിനെ ഒരു പഠന ശാഖയായി രൂപപ്പെടുത്തിയത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഓട്ടോമൻ സാമ്രാജ്യത്തിലെ പാശ്ചാത്യവൽക്കരണ പ്രക്രിയക്കിടയിലാണ് ഈ ഗ്രന്ഥം തുർക്കിഷിലേക്ക് ഭാഷാന്തരപ്പെടുത്തുന്നത്.
ഗ്രീക്കോ – ലാറ്റിൻ സംസ്കാരത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ലോക വീക്ഷണത്തിൽ നിന്നാണ് എയ്തെറ്റിക്സ് എന്ന പദം രൂപപ്പെട്ടത്. ഈ വീക്ഷണം തീർത്തും പടിഞ്ഞാറേതര സംസ്കാരങ്ങളിലെ കലയേയും സൗന്ദര്യത്തെയും വിശദീകരിക്കുന്നതിൽ അപര്യാപ്തമായിരുന്നു. പാശ്ചാത്യ കലയോടും ഫിലോസഫിയോടും പൂർണ്ണമായും ചേർന്നു കിടക്കുന്ന ഈ ദർശനവുമായി ബന്ധപ്പെടുത്തി ഇസ്‌ലാമിക കലയെ വിശദീകരിക്കുക എന്നത് വിപരീതഫലമാണുണ്ടാക്കിയത്.
അറബിയിൽ സൗന്ദര്യം എന്ന അർത്ഥത്തത്തിൽ ഉപയോഗിക്കുന്ന ‘ജമാൽ’ എന്ന പദം പൊതുവേ ഓട്ടോമൻ കലാധാരണയെ സൂചിപ്പിക്കുന്ന എയ്തെറ്റിക്സ് എന്ന വ്യവഹാരത്തിന്റെ സമാനാർത്ഥത്തിലാണ് പ്രയോഗിച്ചിട്ടുള്ളത്. ‘ഇൽമുൽ ജമാൽ ‘ എന്നാൽ സൗന്ദര്യ ശാസ്ത്രമെന്നാണ് വിവക്ഷ. കൂടാതെ സമകാലിക അറബ് ലോകത്തിലെ എയ്തെറ്റിക്സ് എന്ന പദത്തിന്റെ പര്യായം കൂടിയാണിത്. ഈ സങ്കൽപത്തിലൂടെ സൗന്ദര്യത്തിന്റെ തത്വങ്ങൾ, പ്രകൃതി , കലാപരമായ മൂല്യ രൂപങ്ങൾ, സൗന്ദര്യവുമായി ബന്ധപ്പെട്ട സിദ്ധാന്തങ്ങൾ തുടങ്ങിയവ മനസ്സിലാക്കപ്പെടുന്നു.
ഒട്ടോമൻ കാലഘട്ടത്തിലെ ദാർശനികർ എയ്തെറ്റിക്സിനെ സൗന്ദര്യശാസ്ത്രം എന്ന അർത്ഥത്തിൽ ‘ ഇൽമുൽ ഹുസ്ൻ ‘ എന്ന് വിശേഷിപ്പിച്ചു. ശേഷം എയ്തെറ്റിക്സ് ലളിത കല (fine arts) യുടെ തത്വചിന്താ പദ്ധതിയാണെന്ന നിഗമനത്തിൽ എത്തിച്ചേരുകയുണ്ടായി. അതിനാൽ തന്നെ ഇതിനെ ‘ ഹിക്മത്തുൽ ബദാഈ ‘ ( hikmet-i bedayi) എന്ന് വിശേഷിപ്പിച്ചു. ദൈവത്തിൻ്റെ സൃഷ്ടിപ്പിലെ അതുല്യതയെ സൂചിപ്പിക്കുന്ന ‘ ബദീഅ് ‘ എന്ന ഖുർആനിക വചനത്തിൽ നിന്നാണ് ബദ്ഇയ്യത്ത് എന്നതിൻ്റെ നിഷ്പത്തി. അങ്ങനെയാണ് തുർക്കിയിൽ എയ്തെറ്റിക്സ് എന്ന പദം വേരൂന്നിയത്.
ഗസ്സാലി ഇമാമിൻ്റെ പരിശ്രമങ്ങൾ
പ്രസിദ്ധനായ തത്വചിന്തകൻ അൽഫാറാബി പറയുന്നു : സമ്പൂർണ സൗന്ദര്യം ദൈവത്തിലാണ്. അവൻ്റെ സൗന്ദര്യം സത്താപരമാണെങ്കിലും മറ്റു ജീവികളുടേത് കേവലം ഒരു അടയാളം മാത്രമാണ്. ഇബ്നുസീന പറയുന്നതും ഇപ്രകാരം തന്നെയാണ്. ” സൗന്ദര്യം ദൈവത്തിലാണ് ഉൾക്കൊള്ളുന്നത് അവനിൽ നിന്നാണത് പ്രപഞ്ചത്തിലേക്ക് വ്യാപിക്കുന്നത് “.
പ്രാഥമിക ആശയങ്ങളെ പൊതുവായി പരിഗണിക്കുമ്പോൾ ഇസ്‌ലാമിക ധൈഷണിക ചരിത്രത്തിലെ മറ്റു ദാർശനിക പ്രശ്നങ്ങളെ പോലെ തന്നെ സൗന്ദര്യശാസ്ത്ര പ്രശ്നങ്ങളും അത്രത്തോളം അഡ്രസ് ചെയ്യപ്പെട്ടിരുന്നില്ല. ഇതര വിഷയങ്ങളിലെന്നതു പോലെ തന്നെ ഈ വിഷയവുമായി ബന്ധപ്പെട്ട ആദ്യത്തേതും വിപുലവുമായ വിശദീകരണം നൽകിയത് അബൂ ഹാമിദിൽ ഗസ്സാലിയാണ്. അദ്ദേഹത്തിൻ്റെ ഇഹ്‌യാ ഉലൂമുദ്ധീൻ എന്ന മഹത്തായ ഗ്രന്ഥത്തിൽ സൗന്ദര്യവുമായി ബന്ധപ്പെട്ട ബൃഹത്തായ വിശദീകരണം നൽകിയിട്ടുണ്ട്. ഏത് സൗന്ദര്യത്തിനോടും പ്രിയം തോന്നുന്നത് അത് സൗന്ദര്യമാണെന്ന വീക്ഷണത്തിലൂടെ ദർശിക്കുമ്പോഴാണ് എന്നാണ് ഗസ്സാലി ഇമാം പറയുന്നത്. സൗന്ദര്യം സന്തോഷം പകരുന്നതും ആനന്ദദായകവുമാണ്. സൗന്ദര്യ താൽപര്യങ്ങൾ ശാരീരികമോ ലൈംഗികമോ ആയ ആനന്ദത്തിൽ നിന്ന് മാത്രമല്ല എന്ന് അദ്ദേഹം ഊന്നി പറയുന്നുണ്ട്. നേരെമറിച്ച്, സൗന്ദര്യം നൽകുന്ന ആനന്ദം വ്യത്യസ്തമാണ്. സൗന്ദര്യം സ്വയം ആകർഷിക്കപ്പെടുന്നുവെന്ന് സൂചിപ്പിച്ചുകൊണ്ട് പ്രകൃതി സൗന്ദര്യങ്ങളുടെ ഉപമകൾ കൈമാറുകയാണ് ചെയ്യുന്നത്. സൗന്ദര്യത്തെ ഐക്യത്തിലും അനുപാതത്തിലും വീക്ഷിക്കപ്പെടുന്ന സാമാന്യമായ കാഴ്ചപ്പാടാണ് ഗസ്സാലി ഇമാം സ്വീകരിക്കുന്നത്. ഈ ബോധ്യവുമായി ബന്ധപ്പെട്ട് പിൽക്കാലങ്ങളിൽ വ്യത്യസ്ത തോതിലുള്ള സൂഫി പരിപ്രേക്ഷ്യങ്ങൾ ഉടലെടുത്തു. ഉദാഹരണത്തിന് , ജലാലുദ്ധീൻ റൂമി , ഇബ്നു അറബി തുടങ്ങിയവരെ പോലെയുള്ള സൂഫികൾ ഇതേ ദിശയിലൂടെ സൗന്ദര്യത്തെ കുറിച്ച നിരവധി വീക്ഷണങ്ങൾ മുന്നോട്ടു വെക്കുകയുണ്ടായി. ഈ വ്യാഖ്യാനങ്ങളൊക്കെയും വിവിധ സംസ്കൃതികളുടെ അടയാളങ്ങൾ പേറുന്നവയാണെങ്കിലും മൗലികമായി ഇസ്‌ലാമിക വിശ്വാസം, ചിന്ത, ലോകവീക്ഷണം എന്നിവയിലധിഷ്ഠിതമായിരുന്നു. അതിനാൽ തന്നെ ഇസ്‌ലാമിക കലയിലെ സൗന്ദര്യശാസ്ത്രം ഗസ്സാലി ഇമാമിന്റെ വ്യാഖ്യനങ്ങളുടെയും വിശദീകരണങ്ങളുടെയും ചട്ടക്കൂടിലാണ് രൂപപ്പെട്ടത് എന്നു പറയാം.
പരസ്പര വ്യത്യാസങ്ങളുണ്ടെങ്കിലും, ഇസ്‌ലാമിക കലയുടെ മുഴുവൻ നിർമ്മിതികളിലും വിവിധ മാനങ്ങളിലായി ഇസ്‌ലാമിക തത്വങ്ങൾ പ്രയോഗിക്കപ്പെട്ടു. പാശ്ചാത്യ ലോകത്തിൽ നിന്ന് വിഭിന്നമായി വിവിധ സൗന്ദര്യശാസ്ത്ര സിദ്ധാന്തങ്ങൾ അക്കാദമിക സങ്കൽപ്പങ്ങളിൽ കാണപ്പെട്ടില്ല എന്നത് മുസ്‌ലിം കലാകാരന്മാരുടെയും ചിന്തകരുടെയും കലയോടുള്ള സമീപനത്തിന്റെ ഫലമെന്നോണമായിരുന്നു. സൗന്ദര്യ ശാസ്ത്രത്തെ കുറിച്ച് പുരാതന കാലത്ത് രൂപപ്പെട്ട ലളിതമായ ബോധ്യങ്ങളുടെ ഫലമായാണ് ഇന്ദ്രിയഗോചരമായ കാര്യങ്ങളെ മാത്രമേ വർണ്ണിക്കാൻ സാധിക്കൂ എന്ന ധാരണ രൂപപ്പെട്ടത്. ക്രിസ്തു മതത്തിൽ ഈ ആശയം വികസിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിലും മാറ്റമില്ലാതെ അവശേഷിക്കുകയാണുണ്ടായത്. വാസ്തവത്തിൽ , ഇന്ദ്രിയജ്ഞാനത്തോട് കൂടി മാത്രം ലോകത്തെ വീക്ഷിക്കുന്ന സങ്കൽപ്പത്തിലേക്ക് ഒരു മതവും യാഥാർത്ഥ്യത്തെ പരിമിതപ്പെടുത്തിയിട്ടില്ല.
എന്നാൽ യാഥാർത്ഥ്യം എന്ന നിലക്ക് ഇന്ദ്രിയജ്ഞാനത്തിലൂടെ ലോകത്തെ നോക്കിക്കാണുന്ന സൗന്ദര്യശാസ്ത്ര ധാരണകൾ ഇന്ന് കലയുടെ വിശാലമായ ലോകത്തേക്ക് സഞ്ചരിച്ചിട്ടുണ്ട്. എന്നിരുന്നാലും ഒരു മൗലികമായ മനശാസ്ത്ര പ്രവണത പാലിക്കുന്നവരായിരുന്നില്ല മുസ്‌ലിം കലാകാരന്മാർ. അവരെ സംബന്ധിച്ചിടത്തോളം എപ്പോഴും ഒരു പദാർത്ഥത്തിന്റെ ആന്തരിക മേഖലയെ കണ്ടെത്താനുള്ള ഉന്നത ചിന്താഗതിയാണ് പുലർത്തിയിരുന്നത്. ലൂയി മസൈനണിനെ പോലെയുള്ള ചിന്തകന്മാർ പറയുന്നത് മുസ്‌ലിം കലാകാരന്മാർ ബോധപൂർവ്വം സർറിയലിസത്തിലേക്ക് ശ്രദ്ധ തിരിക്കുന്നുവെന്നാണ്. ഇസ്‌ലാമിക സൗന്ദര്യശാസ്ത്രം ശൂന്യതയിൽ നിന്നും ഉദയം കൊള്ളുന്നതല്ല , മറിച്ച് ഒരു വസ്തുവിൽ നിലനിൽക്കുന്ന സൗന്ദര്യത്തേയും ഗുണത്തെയും അന്വേഷിക്കുകയും ആവിഷ്ക്കരിക്കുകയും ചെയ്യുക എന്നതാണ്. അല്ലാതെ ശൂന്യതയിൽനിന്ന് സൃഷ്ടിച്ചെടുക്കുന്ന ഒന്നല്ല. ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം അവൻ സൗന്ദര്യത്തെ സൃഷ്ടിക്കുന്നില്ല മറിച്ച് സൗന്ദര്യത്തെ കണ്ടെത്തുകയാണ്. വിശുദ്ധ ഖുർആനിലൂടെ അല്ലാഹു പറയുന്നു : മുഴുവൻ മനുഷ്യരെയും അല്ലാഹുവാണ് ചായം പൂശിയത് , അല്ലാഹുവിനെക്കാൾ ചായം മുക്കുന്നവനരാണ് ? ( ബഖറ : 138 )
ഇസ്‌ലാമിക ലോകത്ത് fine arts എന്ന കലാസങ്കൽപം ഈയടുത്ത കാലത്താണ് രൂപപ്പെട്ടത്. കാവ്യശാസ്ത്രം , സംഗീതശാസ്ത്രം തുടങ്ങിയ വിവിധ ശാസ്ത്രശാഖകളായാണ് കലയുടെ വകഭേദങ്ങൾ പരിഗണിക്കപ്പെട്ടിരുന്നത്. മാത്രമല്ല, കലയും കരകൗശലവും തമ്മിൽ പരസ്പരം വേർതിരിക്കപ്പെട്ടിരുന്നു പോലുമില്ല. ഇക്കാരണത്താൽ തന്നെ ഇസ്‌ലാമിക കലയിൽ പ്രവർത്തന ഇടങ്ങൾ വിപുലമായി കാണപ്പെടുന്നുണ്ട്.
അമൂർത്തീകരണത്തിലേക്ക് ശ്രദ്ധതിരിച്ച മുസ്‌ലിം കലാകാരന്മാർക്കൊക്കെയും ‘വഹ്ദത്തുൽ വുജൂദ് ‘ എന്ന ആശയത്തിലൂടെ കൂടുതൽ പ്രചോദനം ലഭിക്കുകയാണുണ്ടായത്. ആത്യന്തികമായി ഇസ്‌ലാമിക കലയുടെ ആന്തരിക ലക്ഷ്യമെന്നത് വസ്തുവിന് പിന്നിലുള്ള അദൃശ്യതയെ കണ്ടെത്തലാണെങ്കിൽ ബാഹ്യ ലക്ഷ്യം പ്രകൃതിയെ സൗന്ദര്യവത്ക്കരിക്കലാണ്. എല്ലാ മെറ്റാഫിസിക്കൽ പശ്ചാത്തലം ഉണ്ടായിരുന്നിട്ടു കൂടിയും ഇസ്‌ലാമിക കല ഇന്നും സജീവതയിലാണ്. കലയെ കുറിച്ച വീക്ഷണത്തിൽ പ്രധാനം കാണലല്ല. മറിച്ച്, അവ അനുഭവിക്കലാണ്.
വിവർത്തനം : സയ്യിദ് മുഹമ്മദ് തബ്ഷീർ ഒറവംപുറം
Associate Professor in Music – Interpretation and works as a “Ney” lecturer at the ITU Turkish Music State Conservatory. He has a book titled Exploring Ney Techniques. History, poetry and music cultures of the regions of Andalusia-North Africa are the fields of his interest.
