അറബി ഭാഷയും ഇസ്‌ലാമിക ജ്ഞാന വ്യവഹാരങ്ങളും
ദൈവിക നിയമങ്ങളുടെ പൊരുളുകളും അടിസ്ഥാനവും അറബി ഭാഷാജ്ഞാനത്തിലൂടെയേ ഗ്രഹിക്കാനാകൂ. അറബി ഭാഷയിൽ അഗാധജ്ഞാനമില്ലാത്തവർക്ക് ലക്ഷ്യത്തിലെത്തിച്ചേരാനുള്ള അടിത്തറ രൂപപ്പെടുത്താൻ സാധിക്കില്ല. കാരണം ഖുർആൻ അറബിയിലാണ്. അല്ലാഹു പറയുന്നു: നിശ്ചയം, ലോക രക്ഷിതാവാണ് ഖുർആൻ ഇറക്കിയത്. വിശ്വസ്താത്മാവിലൂടെ നിങ്ങളുടെ ഹൃദയത്തിലേക്ക് സ്പഷ്ടമായ അറബി ഭാഷയിൽ അവൻ അതിനെ ഇറക്കി, നിങ്ങളത് കൊണ്ട് താക്കീതു ചെയ്യാൻ വേണ്ടി (26:192– 195), അപ്രകാരം നമ്മളാണ് നിങ്ങളിലേക്ക് അറബിയിലുള്ള ഖുർആനിനെ ബോധനം നൽകിയത് (42:7), നിശ്ചയം, നമ്മൾ നിങ്ങൾക്ക് അറബിയിലുള്ള ഖുർആൻ ഇറക്കി തന്നിരിക്കുന്നു, നിങ്ങൾ മനസ്സിലാക്കാൻ (12:2) തുടങ്ങിയ ആശയങ്ങൾ ഖുർആനിൽ കാണാം.
ഖുർആൻ അവതരിച്ചത് ഒരു ജിയോഗ്രഫിക്കൽ ഏരിയയിലാണെങ്കിലും അതിന്റെ സംബോധിതർ ലോകമെമ്പാടുമുള്ള ജനതയാണ്. അല്ലാഹു പറയുന്ന: ലോകജനതയക്ക് സുവിശേഷകനും താക്കീതുകാരനുമായിട്ടാണ് നാം നിങ്ങളെ നിയോഗിച്ചത് (34:28). ഇതിലൂടെ ഖുർആനിന്റെ സമഗ്രത നമുക്ക് മനസ്സിലാക്കാം. കാരണം,പ്രവാചകൻ മുഹമ്മദ്(സ) പറയുന്നു: ഒരോ പ്രവാചകരേയും അവരുടെ വിഭാഗത്തിലേക്ക് മാത്രമായാണ് നിയോഗിച്ചത്. പക്ഷെ എന്നെ അയച്ചത് സകലരിലേക്കുമാണ്. ചുരുക്കത്തിൽ, അടിസ്ഥാന പ്രമാണമായ ഖുർആൻ അവതരിച്ചത് അറബിയിലാണ്. ഖുർആനിനെ അന്വർത്ഥമാക്കുന്ന പ്രവാചക വചനങ്ങളും സംവേദനങ്ങളും അറബി ഭാഷാകേന്ദ്രീകൃതവുമാണ്.
ചരിത്രപരമായി അറബിയാണ് ഏറ്റവും കാലപ്പഴക്കമുള്ള ഭാഷ. നാലായിരം വർഷം പഴക്കമുള്ള ഈ ഭാഷയ്ക്ക് പ്രാദേശിക മൊഴി ഭേദങ്ങൾ നിരവധിയുണ്ട്.
ഖുർആൻ അവതീർണ്ണകാലത്ത് മക്കയിൽ തന്നെ അനവധി ഗോത്രങ്ങളുണ്ടായിരുന്നു. ഖുറൈഷ്, സഖീഫ്, മുളർ തുടങ്ങി അവയ്ക്കെല്ലാം പല മൊഴി ഭേദങ്ങളുമുണ്ടായിരുന്നു. ഈ വ്യത്യാസങ്ങളെ ഉൾക്കൊണ്ട് തന്നെ ഖുർആനിനെ ജനങ്ങളിലേക്കെത്തിക്കാൻ പ്രവാചകർ കൽപ്പിക്കുകയും മൂന്നാം ഖലീഫ ഉസ്മാൻ (റ) ന്റെ ഭരണ കാലത്ത് ഖുർആൻ ക്രോഡീകരണ സമയത്ത് അവരിൽ പ്രബല ഗോത്ര വിഭാഗമായ ഖുറൈശികളുടെ ശൈലിയിലേക്ക് ക്ലിപ്തപ്പെടുത്തുകയും മറ്റുള്ളവയെ നീക്കുകയും ചെയ്തു. ഖുറൈശികളായിരുന്നു അവരിലെ ഉന്നതർ. ഖുറൈശ് ഗോത്രത്തിലേക്കാണ് അബുൽ അറബ് ഇസ്മാഈൽ നബിയുടെ (അ) വംശപരമ്പര എത്തിച്ചേരുന്നത്.സ്പഷ്ടമായ ഭാഷാ ഉപയോക്താക്കളായിരുന്നു ഖുറൈശികൾ. വ്യാകരണ ശാസ്ത്രത്തോടൊപ്പം ഉച്ചാരണ ശാസ്ത്രവും പരിഗണിക്കുന്നവരാണ് അറബികൾ. സ്വരം ,ശൈലി, ഉച്ചാരണം എന്നിവയിലും ഖുറൈശികൾ തന്നെയായിരുന്നു മുന്നിട്ടു നിന്നവർ. ഖുർആൻ ക്രോഡീകൃതമായതും ആ സ്പഷ്ടമായ ഭാഷയിലാണ്.
ആദ്യകാല സമൂഹവും അറബിഭാഷയും
ദൈവിക നിയമങ്ങളെ മനസ്സിലാക്കാനുള്ള അറബി ഭാഷയുടെ അനിവാര്യത പഴയ കാല സമൂഹത്തെ അത് പഠിക്കാൻ നിർബന്ധിതരാക്കി. സാഹീതിയ വിനിമയങ്ങൾക്കപ്പുറമായി മതത്തിന്റെ സംവേദന ഭാഷയായും അറബിയെ വിനിമയം ചെയ്യേണ്ടി വന്നു. ഈ പ്രയത്നത്തെ ചരിത്രം രേഖപ്പെടുത്തിയത് വളരെ സങ്കീർണ്ണവും ശ്രമകരവുമായ ഒരു ദൗത്യമായാണ്. സാഹിത്യ അരങ്ങുകൾ അറബികൾക്കിടയിലെ നിത്യ കാഴ്ചകളായിരുന്നു. ഗോത്രമഹിമകളാവട്ടെ, വൈയക്തിക പുകഴ്ത്തലുകളാവട്ടെ ഭാഷാപരമായ സൗന്ദര്യ മികവുകൾ ജനങ്ങളെ ആകൃഷ്ടരാക്കാനും സ്ഥാനമാനങ്ങളെ അളക്കുന്നതിനുമുള്ള അളവുകോലായിരുന്നു അന്ന്. ഒപ്പം, സാഹിത്യത്തിലും ജീവിതത്തിലും ഭാഷാ പിഴവുകൾ വലിയ തെറ്റുകളായും അവർ കണ്ടിരുന്നു. ഒന്നാം ഖലീഫ അബൂബക്കർ (റ) ന്റെ കാലത്ത് ജനങ്ങളുടെ ശോചനീയമായ വ്യാകരണപിഴവുകളും കൃത്യതയില്ലാത്ത പദവിന്യാസങ്ങളും കണ്ട് ദേഷ്യം പിടിച്ച പല സംഭവങ്ങളുമുണ്ട് .ഒരു സംഭവം അബുൽഖാസിം അൽ സമഖ്ശരിയുടെ റാബി അൽ അബ്റാർ(d. 538 AH/1144 CE) എന്ന ഗ്രന്ഥത്തിൽ ഉദ്ധരിക്കുന്നുണ്ട്. ഖലീഫ അബൂബക്കർ (റ) അബൂ ലഫാഖ് എന്ന വ്യക്തിക്കരികിലൂടെ കടന്നു പോയി. അദ്ദേഹത്തിന്റെ കയ്യിൽ ഒരു പുടവയുണ്ടായിരുന്നു. അബൂബക്കർ (റ) ചോദിച്ചു, നിങ്ങൾ ഈ പുടവ വിൽക്കുമോ? അദ്ദേഹം പറഞ്ഞു: ഇല്ല ദൈവാനുഗ്രഹം നിങ്ങൾക്കുണ്ടാവട്ടെ. ഉടനെ അബൂബക്കർ (റ) പ്രതിവചിച്ചത് എപ്പോഴാണ് നിങ്ങളും നിങ്ങളുടെ ഭാഷയുമൊന്ന് മെച്ചപ്പെടുക! ഇല്ല ദൈവാനുഗ്രഹം നിങ്ങൾക്കുണ്ടാവട്ടെ – വ അല്ലാഹു യർഹമുക-എന്നാണ് പറയേണ്ടത്. കാരണം, സിമ്പിൾ പോസിന്റെ കൂടെ و ചേർത്തില്ലെങ്കിൽ അവന് എതിരായുള്ള പ്രാർത്ഥനയാണോ എന്ന തെറ്റിദ്ധാരണയക്ക് വഴിയൊരുക്കും.
അല്ലാഹു നിങ്ങൾക്ക് കരുണ ചെയ്യാതിരിക്കട്ടെ എന്നതുപോലെയാവും.ഉദ്ദിഷ്ട പ്രാർത്ഥനയുടെ വിപരീതവുമാണത്. ഇവിടെയുള്ള നിഷേധ വാക്യത്തിന്റെയും പ്രാർത്ഥനാ വാക്യത്തിന്റെയും ഇടയിൽ و ഉണ്ടായിരിക്കണമെന്നാണ് ഭാഷയുടെ ഘടനാപരമായ നിയമം. കാരണം നിഷേധ വാക്യം (Negation) ഒരു പ്രസ്താവനാ വാക്യമാണ്. ശേഷമുള്ളവ ഒരു ഗുണവിശേഷമായി പറയാവുന്ന പ്രാർത്ഥനയുമാണ്. അവക്കിടയിൽ و അർത്ഥശങ്കകൾ ഒഴിവാക്കുകയും അർത്ഥത്തെ സുവ്യക്തമാക്കുകയും ചെയ്യും.
ഇബ്നു യാഇശ് ശർഹ് ലീ അൽ മുഫസ്സലിൽ കുറിക്കുന്ന ഒരു സംഭവം വായിക്കാം. കൂഫയിലെ ന്യായാധിപനായിരുന്ന അബൂമൂസ അൽ അശ്അരിയിൽ നിന്നും അമീറുൽ മുഅമിനീൻ ഉമറിന് (റ)ഒരു നിവേദനം ലഭിച്ചു. കത്തിൽ ഇപ്രകാരം ആയിരുന്നു ഉണ്ടായിരുന്നത്. അബൂ മൂസ അൽ അശ്അരി അമീറുൽ മുഅമിനീലേക്ക് (മിൻ അബൂ മൂസ അൽ അശ്അരി ഇലാ അമീരിൽ മുഅമിനീൻ ) എഴുതുന്നു. അബൂ എന്ന പ്രഥമവിഭക്തിയോടെയായിരുന്നു (nominative case) അത്. അബൂമൂസയുടെ കീഴിലെ ഭാഷാനൈപുണ്യമില്ലാത്ത ഒരു സെക്രട്ടറിയായിരുന്നു കത്തെഴുതിയത്. ഇവിടെ ചേർക്കേണ്ട ي നു പകരം و നെയാണ് അദ്ദേഹം അവിടെ ചേർത്തത്. ഈ വ്യാകരണപ്പിഴവ് ഉമർ(റ) വിന്റെ നേത്രങ്ങളെ ചൊടിപ്പിച്ചു. അവർ രോഷാകുലനാവുകയും ഭാഷയുടെ തുടർച്ചയും വളർച്ചയും അപകീർത്തിക്കുകയോ എന്ന് ചോദിക്കുകയും സെക്രട്ടറിയെ ശാസിക്കാനും തത് സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനും അബൂ മുസയോട് ആജ്ഞാപിക്കുകയും ചെയ്തു.
ഇതിൽ നിന്നെല്ലാം മുസ്‌ലിം നേതാക്കൾ ഭാഷയിൽ കാണിച്ച സൂക്ഷ്മത മനസ്സിലാക്കാം. ഈ ഉത്കണ്ഠയായിരുന്നു അലിയെ (റ) സ്വാധീനിച്ചതും അബൂ അസ്വദ് അദ്ദൗലിയെ അറബി ഭാഷയെ നാമം ,ക്രിയ, വിഭക്ത്യുപസര്‍ഗം (prepositions ,particles) എന്നിങ്ങനെ തരംതിരിക്കാൻ വേണ്ടി ഏൽപ്പിക്കാനും പ്രേരിപ്പിച്ചത്. അവർ ഇങ്ങനെയും പറഞ്ഞു”നുഹൂ ഹാദ അന്നഹ്‌വ്”. ഈ സംഭവത്തിൽ നിന്നാണ് അറബിക് ഗ്രാമറിനു നഹ്‌വ് എന്ന നാമകരണം ഉണ്ടായതെന്ന് ചില പണ്ഡിതർ അഭിപ്രായപ്പെടുന്നു. അബൂ മൻസൂർ അൽ അസ്ഹരിയെ പോലുള്ളവർ പറഞ്ഞത് ഗ്രീക്ക് പദമായ Ioannes ൽ നിന്നാണ് ഈ സംജ്ഞ രൂപപ്പെട്ടതെന്നാണ്. “ഇൻതഹാഹു “എന്ന മൂല പദത്തിൽ നിന്നും നിഷ്പന്നമായതാണ് നഹ്‌വ് എന്ന അഭിപ്രായമാണ് ഇബ്നു സിദ്യ്ക്ക്. അദ്ദേഹം ഈ അഭിപ്രായം മുന്നോട്ട് വെച്ചത് അറബികളുടെ സംസാരവും, ഭാഷാ പ്രായോഗങ്ങളും, വിഭക്തികളുടെ രൂപഭേദനിര്‍വ്വചനം (declension), ദ്വിവചന ബഹു വചന ഉപയോഗങ്ങൾ, വാചക – വാക്യ നിർമ്മാണം തുടങ്ങിയവ അന്വേഷിച്ചാണ്. അധിക വ്യാകരണപണ്ഡിതരും ഈ അഭിപ്രായത്തെ പിന്തുടരുന്നവരുമാണ്.
കർമ്മശാസ്ത്രവും ഭാഷയും
കർമശാസ്ത്ര വിധികളിലും നിയമങ്ങളിലും ഭാഷാപ്രയോഗങ്ങളും ഉച്ചാരണപിഴവുകളും സ്വാധീനിക്കുന്നുണ്ട്. നിയമങ്ങളും വിധി പ്രസ്ഥാവങ്ങളെല്ലാം അവക്കനുസരിച്ച് വ്യത്യാസപ്പെടും. അതുകൊണ്ട് കർമ ശാസ്ത്ര ഗ്രന്ഥങ്ങളിലും ദൈവിക നിയമ ഗ്രന്ഥങ്ങളിലും ഇത്തരം നിയമജ്ഞരും വ്യാകരണ വിചക്ഷണരും തമ്മിലുള്ള ചർച്ചകൾ രേഖപ്പെടുത്തിയിട്ടുണ്ട്.ഇത്തരം സങ്കീർണ്ണമായ ചർച്ചകൾ ഖലീഫമാരുടെ സവിധത്തിലും നടക്കാറുണ്ട്. വ്യാകരണ വിചക്ഷണനും ഖുർആൻ വ്യാഖ്യാതാവുമായ അബൂ ഹസൻ അൽ കിസാഇയും അബൂഹനീഫയുടെ (റ) ശിഷ്യനും ന്യായാധിപനും നിയമജ്ഞനുമായ അബൂ യൂസുഫും തമ്മിൽ നടന്ന ചർച്ച ഇപ്രകാരമാണ്. കിസാഇ അബൂ യൂസുഫിനെ വെല്ലുവിളിച്ചു, നിങ്ങൾക്ക് ഒരു ചോദ്യത്തിനു മറുപടി തരാൻ കഴിയുമോ?
വ്യാകരണ സംബന്ധിയോ നിയമ സംബന്ധിയോ എന്ന് അദ്ദേഹം ചോദിച്ചു.
നിയമമെന്ന് കിസാഇ മറുപടി പറഞ്ഞു.
കാര്യത്തിന്റെ കിടപ്പ് കണ്ട് ഖലീഫ ഹാറൂൻ റഷീദ് കൗതുകത്തോടെ കാൽനിലത്ത് ചവിട്ടി പൊട്ടിച്ചിരിച്ചു. കിസാഇ തുടർന്നു, ഭാര്യയോട് “വീട്ടിൽ പ്രവേശിച്ചാൽ നീ വിവാഹമോചിതയാകും” എന്ന് പറഞ്ഞവനെ കുറിച്ച് നിങ്ങൾ എന്താണ് പറയുന്നത്? ( أ യുടെ മുകളിൽ ഫത്ഹ് എന്ന അക്ഷരസൂചകാടയാളം dialitical mark നൽകിയിട്ട് )
അബൂ യൂസുഫ് പറഞ്ഞു, അവൾ വീട്ടിൽ പ്രവേശിച്ചാൽ അവൾ വിവാഹമോചിതയാകും.
ചോദ്യം യഥാവിധി അബൂ യൂസുഫിന് ബോധ്യമായിട്ടുണ്ടെന്നറിഞ്ഞ കിസാഇ പറഞ്ഞു. അങ്ങിനെയല്ല, അവൾ വീട്ടിൽ പ്രവേശിക്കും മുമ്പേ വിവാഹമോചിതയായിട്ടുണ്ട്.കാരണം, ഭർത്താവ് നിബന്ധന പ്രകാരമുള്ള വിവാഹമോചന വാക്കല്ല – (conditional divorce) പറഞ്ഞത്, മറിച്ച് أ യ്ക്ക് ഫത്ഹ് നൽകിയുള്ള ക്രിയാ നാമ, (gerund) രൂപത്തിലുള്ള പ്രയോഗമാണ് നടത്തിയത്. അപ്പോൾ ഭർത്താവ് പറഞ്ഞത് ” നീ വീട്ടിൽ പ്രവേശിച്ചതിനാൽ നീ വിവാഹമോചിതയാണ് ” എന്നാണ്.
ഈ സംഭവം അബൂ യൂസുഫിനെ വല്ലാതെ സ്വാധീനിക്കുകയും തുടർന്ന് അധിക സമയവും കിസാഇയുടെ വീട്ടിൽ പോയി പഠനം നടത്തുകയും ചെയ്തു. ഇതു സംബന്ധിച്ച് ഇമാം ശാത്വിബി പറഞ്ഞത് ഇത്തരം സംഭവങ്ങൾ കേവലം ഭാഷാപരമായ പ്രശനം മാത്രമല്ല ,ഫിഖ്ഹിന്റെയും ( law) വ്യാകരണ (grammer) ത്തിന്റെയും അടിസ്ഥാനപരമായ പഠനത്തിന്റെ ഭാഗമെന്നാണ്.
പരിമിതമായ വിവർത്തനങ്ങൾ
പൊതുവിൽ പ്രത്യയശാസ്ത്രങ്ങളുടെ തത്വങ്ങളും ദർശനങ്ങളും മനസ്സിലാക്കുവാൻ പ്രാദേശിക ഭാഷാ കേന്ദ്രീകൃത ടെക്സ്റ്റുകളോ കൂടുതലായി വശത്താക്കിയ ഭാഷയിലുള്ള ടെക്സ്റ്റുകളോ ആയിരിക്കും ആധാരമാക്കാറ്. അതിൽ തന്നെ മൂലഗ്രന്ഥങ്ങളുടെ ഒറിജിനൽ ടെക്സ്റ്റുകളില്ലെങ്കിൽ ഭാഷാന്തരപ്പെടുത്തിയ ടെക്സ്റ്റുകൾ ഉപയോഗിക്കും. അപ്പോൾ മൂലഭാഷയുടെ സർഗ്ഗാത്മകതയും സൗന്ദര്യവും നഷ്ടപ്പെട്ടേക്കാം.
ഇതിനു കാരണങ്ങൾ പലതുണ്ട്. ഭാഷകളുടെ ഘടന, ക്രമം,സൗന്ദര്യം, പ്രത്യയം തുടങ്ങിയവയെല്ലാം ഭാഷക്കനുസരിച്ച് വിത്യസ്തമായിരിക്കും. അവ മൊഴി മാറ്റത്തിൽ ലഭിക്കണമെന്നില്ല. അറബിയുടെ കാര്യത്തിൽ ഒത്തിരി സങ്കീർണ്ണവുമാണ്. ഇസ്ലാമിക് ഗ്രന്ഥങ്ങളുടെ (ഖുർആൻ, ഹദീസ്, ഫിഖ്ഹ്, താരീഖ്) ട്രാൻസ്റ്റലേട്ടട് ടെക്സ്റ്റുകൾ വളരെ പരിമിതമാണ്. ഈ വിഷയത്തിൽ ശൈഖ് അബ്ദുൽഹകീം മുറാദിന്റെ നിരീക്ഷണം വളരെ പ്രസക്തമാണ്. “പല കാരണങ്ങളാലും പത്ത് എണ്ണത്തിനു മുകളിൽ അറബിയിൽ നിന്ന് ഇംഗ്ലീഷിലേക്ക് പോലും ഹദീസിന്റെ അടിസ്ഥാന സമാഹരണങ്ങൾ ഇതുവരെയും വിവർത്തനം ചെയ്യപ്പെട്ടിട്ടില്ല. ഇമാം അഹമദ് ബ്നു ഹമ്പലിന്റെ മുസ്നദ്, ഇബ്നു അബീ ശൈബയുടെ മുസന്നഫ്, ഇബ്നു ഖുസൈമയുടെ സ്വഹീഹ്, ഹാകിമിന്റെ മുസ്തദ്റക് തുടങ്ങിയ മുന്നൂറോളം വരുന്ന ഗ്രന്ഥങ്ങൾ ഇനിയും ബാക്കിയാണ്. ഭാഷാന്തരപ്പെടുത്തിയ ബുഖാരിയിലും മുസ്‌ലിമിലും പരാമർശിക്കാത്ത നിരവധി സ്വഹീഹായ ഹദീസുകളാൽ സമ്പന്നമാണ് ഈ ഗ്രന്ഥങ്ങൾ. നിലവിൽ വിവർത്തനം ചെയ്യപ്പെട്ടതെല്ലാം കൃത്യമാണെന്ന് സങ്കൽപിച്ചാൽ പോലും അറബി ഭാഷ സ്വായത്തമില്ലാത്തവന് ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും നേരിട്ട് ശരീഅത് നിർദ്ധാരണം ചെയ്തെടുക്കാനാവില്ലെന്ന് തീർച്ച. ഭാഷാന്തരപ്പെടുത്തിയ ഹദീസുകളെ മാത്രം അവലംബമാക്കി ശരീഅത് വികസിപ്പിക്കുന്നത് ഏറെ മൗഢ്യവുമാണ് “.
ചുരുക്കത്തിൽ ഇസ്ലാമിക വിജ്ഞാനീയങ്ങളുടെ കാതൽ ഭാഷയുടെ വ്യവഹരവുമായി ബന്ധപ്പെട്ടിരിക്കുന്നു. അറബി ഭാഷയുടെ ഗ്രമേറ്റിക്കൽ തിയറികളും ലോജിക്കൽ തിയറികളും മനസ്സിലാക്കുന്നതിലൂടെയാണ് യഥാവിധി മത നിയമങ്ങളും ഭാഷാസൗന്ദര്യവും തിരിച്ചറിയുകയുള്ളൂ. വിവർത്തനങ്ങൾക്കുള്ള പരിധിയും പരിമിതികളും നിലനിൽക്കേ അവ ആധികരികമാക്കാനുള്ള ശ്രമങ്ങളും ഫലത്തെക്കാൾ വലിയ ദോഷങ്ങളായിരിക്കും.
Studying islamic science at Sirajul Huda college of integrated studies, Kuttiady. Intrested in Islamic theology and sufism
