മദ്ഹബ് നിഷേധവാദങ്ങളുടെ പൊള്ളത്തരങ്ങൾ : ശൈഖ് ബൂത്വിയെ വായിക്കുന്നു

ആധുനിക ഗസാലി എന്ന നാമത്തില്‍ വിശ്രുതനായ ലോകപ്രശസ്ത സുന്നി-മുസ്‌ലിം പണ്ഡിതനാണ് ഡോ. മുഹമ്മദ് സഈദ് റമദാന്‍ അല്‍ ബൂത്വി. തുര്‍ക്കിയിലെ ‘ബൂത്വാന്‍’ പ്രദേശത്ത് 1929- ലാണ് അദ്ദേഹത്തിന്റെ ജനനം. നാലാം വയസ്സില്‍ പണ്ഡിതനായ പിതാവ് മുല്ല റമദാന്‍ അല്‍ ബൂത്വിയോടൊപ്പം സിറിയന്‍ തലസ്ഥാനമായ ഡമസ്‌കസിലേക്ക് കുടിയേറ്റം. ഇളം പ്രായത്തില്‍ തന്നെ ഇബ്‌നു മാലിക്കിന്റെ ‘അല്‍ഫിയ്യ’ ഹൃദിസ്ഥമാക്കിയ ബൂത്വി ആറു മാസം കൊണ്ടാണ് വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കിയത്. വിശ്വ പ്രസിദ്ധമായ അല്‍-അസ്ഹര്‍ സര്‍വ്വകലാശാലയില്‍ നിന്നും ശരീഅത്ത് നിദാന ശാസ്ത്രങ്ങളില്‍ ഉന്നത പഠനം നടത്തിയ അദ്ദേഹം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കര്‍മ്മശാസ്ത്രത്തില്‍ (ഫിഖ്ഹ്) ശാഫിഈ ധാരയും വിശ്വാസശാസ്ത്രത്തില്‍ (അഖീദ) അശ്അരി ധാരയും സ്വീകരിച്ചുപോന്ന ഈ വിശ്രുത പണ്ഡിതനില്‍ നിന്നും നാല്‍പതിലധികം പ്രൗഢമായ ഗ്രന്ഥങ്ങള്‍ വിരചിതമായിട്ടുണ്ട്. ഇസ്‌ലാമിലെ പാരമ്പര്യ വൈജ്ഞാനിക സ്രോതസ്സുകളെ അടിസ്ഥാനപ്പെടുത്തി രചിക്കപ്പെട്ട ഇദ്ദേഹത്തിന്റെ മിക്ക ഗ്രന്ഥങ്ങളും മുസ്‌ലിം ലോകത്ത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. വ്യക്തമായ സത്യനിഷേധത്തിലേക്ക് നീങ്ങിയാലല്ലാതെ ഭരണാധികാരികള്‍ക്കെതിരില്‍ വിപ്ലവത്തിന് മുതിരരുത് എന്ന അദ്ദേഹത്തിന്റെ നിലപാട് തീവ്ര-ഇസ്ലാമിസ്റ്റുകളെ ഏറെ ചൊടിപ്പിച്ചിരുന്നു. മുസ്‌ലിം സമൂഹത്തിന്റെ ഗുണപരമായ വളര്‍ച്ചക്കും ഉന്നമനത്തിനും വേണ്ടി നിരവധി പരിശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഈ വിശുദ്ധ പണ്ഡിതന്‍ സിറിയയിലെ ആഭ്യന്തര കലഹങ്ങള്‍ക്കിടെ 2013ല്‍ പള്ളിയില്‍ അധ്യാപനം നടത്തിക്കൊണ്ടിരിക്കെ ഇസ്‌ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ നടത്തിയ ഒരു സ്‌ഫോടനത്തിലാണ് ഇഹലോകവാസം വെടിഞ്ഞത്.

സഈദ് റമദാന്‍ അല്‍ ബൂത്വിയുടെ ഏറെ പ്രശസ്തമായ ഗ്രന്ഥമാണ് 1970ല്‍ വിരചിതമായ ‘ലാ മദ്ഹബിയ്യ; അഖ്ത്വറു ബിദ്അത്തിന്‍ തുഹദ്ദിദു ശ്ശരീഅത്തല്‍ ഇസ്‌ലാമിയ്യ’. വൈജ്ഞാനികമായി ഏറെ വികാസം പ്രാപിച്ച ഇസ്‌ലാമിക ശരീഅത്തിനെ അപകടപ്പെടുത്തുന്ന നവീനവാദമാണ് ലാമദ്ഹബിയ്യ. അഥവാ, മദ്ഹബ് നിഷേധവാദം (ആന്റി-മദ്ഹബിസം) എന്നാണ് ഗ്രന്ഥനാമത്തിലൂടെ തന്നെ ബൂത്വി വ്യക്തമാക്കുന്നത്. ‘നാല് മദ്ഹബുകളില്‍ ഏതെങ്കിലുമൊന്ന് സ്വീകരിക്കല്‍ മുസ്‌ലിമിന് നിര്‍ബന്ധമുണ്ടോ? ‘എന്ന പേരില്‍ അക്കാലത്തു ഏറെ പ്രചാരം നേടിയ ഒരു ലഘുകൃതിക്കെഴുതിയ മറുപടി ആയിട്ടാണ് ലാ മദ്ഹബിയ്യ രചിക്കപ്പെട്ടത്. മുസ്‌ലിം പണ്ഡിതലോകത്ത് വലിയ തോതില്‍ ചര്‍ച്ചക്ക് വഴി തെളിച്ച പ്രസ്തുത ഗ്രന്ഥത്തിന്റെ ആദ്യ പതിപ്പിന് മറുപടിയായി നാസിറുദ്ധീന്‍ അല്‍ബാനിയും മഹ്മൂദ് മഹ്ദി ഇസ്താന്‍ബൂളിയും ഖൈറുദീന്‍ വനാലിയും ചേര്‍ന്ന് ‘മദ്ഹബ് പക്ഷപാതിത്വമാണ് ബിദ്അത്ത്’ എന്ന പേരില്‍ ഒരു പുസ്തകം രചിച്ചിരുന്നു. എന്നാല്‍ ബൂത്വി തന്റെ ലാ മദ്ഹബിയ്യയുടെ രണ്ടാം പതിപ്പിലൂടെ അല്‍ബാനിയടക്കമുള്ളവരുടെ വാദങ്ങളെ ഖണ്ഡിച്ചു. ഈ പതിപ്പില്‍ ചേര്‍ക്കപ്പെട്ട പ്രത്യേക മുഖവുരയിലൂടെയും അനുബന്ധ കുറിപ്പുകളിലൂടെയും അദ്ദേഹം അവയ്ക്ക് ശക്തമായ മറുപടി നല്‍കുകയുമുണ്ടായി.

വളരെയധികം സൂക്ഷ്മതയോടെയും അവധാനപൂര്‍വ്വവും വായിച്ചു മനസ്സിലാക്കേണ്ട പ്രൗഢവും ഗഹനവുമായ ചര്‍ച്ചാ വിഷയമാണ് ലാ മദ്ഹബിയ്യ മുന്നോട്ടു വെക്കുന്നത്. ലാ മദ്ഹബിയ്യ (മദ്ഹബ് നിരാസം) എന്ന പദം വിഭാവനം ചെയ്യുന്നത് ഇസ്‌ലാമിക കര്‍മ്മശാസ്ത്രത്തിലെ വിളക്കുമാടങ്ങളായ മദ്ഹബിന്റെ നാല് ഇമാമുകളെ അനുധാവനം ചെയ്യുന്നതിന് പകരം ഇസ്‌ലാമിക ശരീഅത്തിനെ അതിന്റെ രണ്ടു മുഖ്യസ്രോതസ്സുകളായ ഖുര്‍ആനില്‍ നിന്നും ഹദീസില്‍ നിന്നും നേരിട്ട് മനസ്സിലാക്കാനുള്ള ശ്രമങ്ങളെയാണ്. സത്യമതമായ ഇസ്‌ലാമിന്റെ അധ്യാപനങ്ങള്‍ സര്‍വ്വ ജനങ്ങള്‍ക്കും മനസ്സിലാക്കാനാവും വിധം ലളിതവും സുതാര്യവുമാണെന്നുള്ള പ്രവാചകാധ്യാപനത്തെ മുന്‍നിര്‍ത്തിയാണ് ഈ വാദം മുന്നോട്ടു വെക്കുന്നത്. അതിനാല്‍ പണ്ഡിത-പാമര ഭേദമന്യേ സര്‍വ്വ ജനവിഭാഗങ്ങള്‍ക്കും ഇസ്‌ലാമിക ശരീഅത്തി(കര്‍മ്മശാസ്ത്രം)നെ അപഗ്രഥിച്ചെടുക്കാം എന്ന് തുടങ്ങി ഏതെങ്കിലും ഒരു പ്രത്യേക മദ്ഹബ് (കര്‍മ്മശാസ്ത്ര സരണി) അനുധാവനം ചെയ്യുന്നത് സത്യനിഷേധമായി (കുഫ്ര്‍) ഗണിക്കുന്നവരും മദ്ഹബ് നിരാസത്തിന്റെ വക്താക്കളായുണ്ട്. മാത്രവുമല്ല, ജനങ്ങളെല്ലാം തന്നെ പാപ സുരക്ഷിത(മഅ്‌സൂം)മായ ഖുര്‍ആനും സുന്നത്തും പിന്‍പറ്റണമെന്നും പാപസുരക്ഷിതരല്ലാത്ത മദ്ഹബിന്റെ ഇമാമുകളെ പിന്തുടരുന്നത് പാടെ നിരാകരിക്കണം എന്ന ജിഹ്വ കൂടി ഉണ്ട് പ്രസ്തുത വാദങ്ങളില്‍. എന്നാല്‍ പരിമിതമായ വായനയ്ക്കും (textual reading) കേവല യുക്തിക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഇത്തരം ബാലിശമായ വാദങ്ങളെ വസ്തുനിഷ്ഠമായും ബൗദ്ധികമായും ചോദ്യം ചെയ്യുകയും വായനക്കാരന് മേല്‍ സൂചിപ്പിച്ച വാദങ്ങളുടെ അബദ്ധവശങ്ങളെ (fallacy) മനസ്സിലാക്കികൊടുക്കുവാനും ഈ ഗ്രന്ഥത്തിലൂടെ ബൂത്വി ശ്രമിക്കുന്നുണ്ട്.

നാഗരികതക്ക് ഊര്‍ജ്ജം നല്‍കി വികാസം പ്രാപിച്ച ഇസ്‌ലാമില്‍ അതിന്റെ മത-അനുഷ്ഠാന നിയമ സംഹിതകള്‍ എക്കാലത്തും നിര്‍ദ്ധാരണം ചെയ്‌തെടുക്കാന്‍ വിധമുള്ള ഒരു രീതിശാസ്ത്രമായിട്ടാണ് (methodology) മദ്ഹബുകള്‍ (കര്‍മ്മശാസ്ത്ര സരണി) രൂപപ്പെട്ടു വന്നത്. മദീന ആസ്ഥാനമാക്കി രൂപപ്പെട്ടുവന്ന ഇസ്‌ലാമിക നാഗരികത പ്രവാചക വിയോഗാനന്തരം ഒരുപാട് പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയുണ്ടായി. തത്ഫലമായി വ്യത്യസ്ത സമൂഹങ്ങളിലെ മത ആചാര-അനുഷ്ഠാന സംസ്‌കാരങ്ങളുമായി ഇസ്‌ലാം മതത്തിനു സംവദിക്കേണ്ടി വന്നു. ഈ ഘട്ടങ്ങളിലെല്ലാം തന്നെ മതത്തിലെ ശരിയായ വിശ്വാസ-കര്‍മ്മ സംഹിതകള്‍ നില നിര്‍ത്തിയതും പൊതു ജനങ്ങള്‍ക്ക് കൈമാറിയതും പ്രഗത്ഭരായ പണ്ഡിത ശ്രേഷ്ഠരിലൂടെ ആയിരുന്നു. ഹിജ്റ ആദ്യ നൂറ്റാണ്ടു മുതല്‍ തന്നെ ഇസ്‌ലാം മതത്തെയും അതിന്റെ വിശ്വാസ-കര്‍മ ശാസ്ത്രങ്ങളെയും കുറിച്ച് ജനങ്ങള്‍ മനസ്സിലാക്കിയിരുന്നത് ഈ വിഷയങ്ങളില്‍ ഏറെ അവഗാഹം നേടിയ വളരെ ചുരുക്കം വരുന്ന സ്വഹാബി പ്രമുഖരില്‍ നിന്നുമായിരുന്നു. കാലക്രമേണ മതനിയമങ്ങളെ നിര്‍ദ്ധാരണം (ഇജ്തിഹാദ്) ചെയ്‌തെടുക്കുക എന്ന ദൗത്യം ഒരേ സമയം വ്യത്യസ്ത മേഖലകളില്‍ വൈജ്ഞാനികവും ആത്മീയപരവുമായി ഉന്നതി കൈവരിച്ച പണ്ഡിതവരേണ്യരുടെ (മുജ്തഹിദുകള്‍) ധര്‍മ്മമായി ലോകമുസ്‌ലിംകള്‍ അംഗീകരിച്ചുപോന്നു. ഖുര്‍ആന്‍-ഹദീസ് വ്യാഖ്യാന ശാസ്ത്രങ്ങളിലും അറബി ഭാഷയിലും, ഇസ്‌ലാമിക ചരിത്രത്തിലും, ഇജ്മാഅ്, ഖിയാസ്, മഖാസിദ് തുടങ്ങി അനേകം വൈജ്ഞാനിക ശാഖകളില്‍ വ്യുല്‍പത്തി കൈവരിച്ച പണ്ഡിതര്‍ക്കു മാത്രമേ ഇജ്തിഹാദ് നിര്‍ബന്ധമുള്ളൂ എന്ന അടിസ്ഥാന തത്വം രൂപപ്പെടുന്നതിങ്ങനെയാണ്. തത്ഫലമായി ഇസ്‌ലാമിക ലോകത്തു ഏതാണ്ട് നാല് മുഖ്യമായ കര്‍മ്മശാസ്ത്രസരണികള്‍ (മദ്ഹബുകള്‍) രൂപപ്പെട്ടുവന്നു. അതേസമയം സാധാരണക്കാരായ വിശ്വാസികള്‍ക്ക് ഏതെങ്കിലുമൊരു മുജ്തഹിദായ ഇമാമിനെ നിരുപാധിക പിന്തുടരല്‍ (തഖ്ലീദ്) ചെയ്യലാണ് ഉത്തമം. ഇമാം അബൂഹനീഫ(റ), ഇമാം മാലിക്(റ), ഇമാം ശാഫി(റ), ഇമാം അഹ്മദ്(റ) തുടങ്ങിയവരെല്ലാം അപ്രകാരം തഖ്ലീദ് ചെയ്യപ്പെട്ടിരുന്ന മുജ്തഹിദുകളായ പണ്ഡിതരായിരുന്നു. സ്വഹാബിമാരിലെ സാധാരണക്കാര്‍ അവരുടെ കാലഘട്ടത്തിലെ മുജ്തഹിദുകളായിരുന്ന ഖുലഫാഉറാശിദുകള്‍, ഇബ്‌നു അബ്ബാസ്(റ ), ഇബ്‌നു മസ്ഊദ്(റ), സൈദ് ബ്‌നു സാബിത്(റ) തുടങ്ങിയവരെ തഖ്ലീദ് ചെയ്തതു പോലെ പില്‍ക്കാലത്ത് സാധാരണക്കാര്‍ പ്രസ്തുത ഇമാമുമാരെയും തഖ്ലീദ് ചെയ്യുന്നുവെന്ന് മാത്രം. ലോകമുസ്‌ലിംകള്‍ നൂറ്റാണ്ടുകളായി അംഗീകരിച്ചു പോരുന്ന ഈ നിലപാടുകളുടെ ചരിത്രപരമായും മതപരമായുമുള്ള പശ്ചാത്തലങ്ങളെ ബൂത്വി തന്റെ ഗ്രന്ഥത്തിലുടനീളം തെളിവുകളുടെ പിന്‍ബലത്തില്‍ സമര്‍ത്ഥിക്കുന്നുണ്ട്.

ഇസ്‌ലാമിന്റെ ആദ്യ നൂറ്റാണ്ടു മുതല്‍ക്കു തന്നെ ഖുര്‍ആനും ഏതാനും ഹദീസുകളുടെയും മാത്രം വെളിച്ചത്തില്‍ മതനിയമങ്ങള്‍ വായിച്ചെടുക്കുന്ന (Direct derivation) തീവ്ര നിലപാടുകാരായി ഖവാരിജുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഖലീഫ ഉസ്മാന്‍(റ), അലി(റ) എന്നിവരെ വക വരുത്താനും ഇസ്‌ലാമിക സമൂഹത്തില്‍ ഏറെ ഛിദ്രത സൃഷ്ടിക്കാനും ഇവര്‍ക്ക് നിദാനമായത് മേല്‍സൂചിപ്പിച്ച രീതിശാസ്ത്രമായിരുന്നു. എന്നാല്‍ ഇമാമുകള്‍ക്ക് അമിത പ്രാധാന്യം നല്‍കി കൊണ്ടുള്ള ശ്രേണീബന്ധിതമായ (Hierarchical) സമൂഹക്രമത്തില്‍ അധിഷ്ഠിതമായിരുന്നു ശീഇസം. ഈ രണ്ടു വിരുദ്ധ ചേരികളില്‍ നിന്നും വിഭിന്നമായി മധ്യമ നിലപാടുകളില്‍ നിന്നും രൂപപ്പെട്ടുവന്നതാണ് വ്യത്യസ്ത മദ്ഹബുകളില്‍ (കര്‍മ്മശാസ്ത്ര സരണി) നിന്നും പരസ്പര രഞ്ജിപ്പോടെ രൂപപ്പെട്ടുവന്ന സുന്നി ഇസ്‌ലാമിന്റെ ആശയങ്ങള്‍. ഇത് തന്നെയാണ് അഹ്‌ലു-സ്സുന്ന വല്‍ജമാഅ എന്ന പേരില്‍ ഭൂരിപക്ഷം മുസ്‌ലിംകളും അനുധാവനം ചെയ്യുന്ന വഴി. എന്നാല്‍ മദ്ഹബുകള്‍ ഉത്ഭവിച്ചത് തികച്ചും രാഷ്ട്രീയപരമായ കാരണങ്ങള്‍ കൊണ്ടാണ് എന്നായിരുന്നു മദ്ഹബ് നിരാസ (ലാ മദ്ഹബിയ്യ) യുടെ വക്താക്കള്‍ ആരോപിച്ചിരുന്നത്. പ്രസ്തുത ആരോപണ സൂചനാര്‍ത്ഥമായി അവര്‍ നല്‍കിയിരുന്നത് പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശ്വപ്രസിദ്ധ ചരിത്രകാരനും പണ്ഡിതനായിരുന്ന ഇബ്‌നു ഖല്‍ദൂന്റെ ‘മുഖദ്ദിമ’ എന്ന ചരിത്ര ഗ്രന്ഥമായിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ളൊരു നിഗമനത്തില്‍ എത്തിച്ചേരാനുള്ള യാതൊന്നും തന്നെ പ്രസ്തുത ഗ്രന്ഥത്തില്‍ നിന്നും കണ്ടെത്താന്‍ സാധിക്കില്ല എന്ന് ‘മുഖദ്ദിമ’ യില്‍ ഇബ്‌നു ഖല്‍ദൂന്‍ ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ ഉടനീളം പരിശോധിച്ചുകൊണ്ടു ബൂത്വി വ്യക്തമാക്കുന്നു. മാത്രവുമല്ല, മുഖദ്ദിമയിലൂടെ മദ്ഹബിന്റെ ഇമാമുകളുടെ ചരിത്രങ്ങള്‍ വിശദീകരിച്ചു കൊണ്ട് ഇബ്‌നു ഖല്‍ദൂന്‍ കര്‍മ്മശാസ്ത്ര സരണികളുടെ പ്രാധാന്യം വിശദമായി തന്നെ വിവരിക്കുന്നുമുണ്ട്.

പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഉദയം കൊണ്ടതും കൊളോണിയല്‍ ചരിത്രം പേറുന്നതുമായ മദ്ഹബ് നിഷേധവാദങ്ങള്‍ പൂര്‍വ്വ (Oriental) മുസ്‌ലിം സമൂഹങ്ങളില്‍ സൃഷ്ടിച്ച ആഘാതങ്ങള്‍ എത്രത്തോളം ഉണ്ടെന്നുള്ളതിനുള്ള സൂചന കൂടി ഈ ഗ്രന്ഥം നല്‍കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ജനങ്ങളെ വ്യക്തിപരമായും സാമൂഹികമായും ബാധിക്കുന്ന സര്‍വ്വ വിഷയങ്ങളെയും സമീപിക്കാനുള്ള പ്രാമാണിക ഭദ്രതയുള്ള രീതിശാസ്ത്ര(Methodology)ങ്ങളായ മദ്ഹബുകളെ മാറ്റിനിര്‍ത്തി കൊണ്ട് തങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ഏറ്റവും പുത്തനായിട്ടുള്ള വഴി തെരഞ്ഞെടുക്കണം എന്ന ബാലിശമായ വാദമാണ് ലാ മദ്ഹബിയ്യയുടെ വക്താക്കള്‍ മുന്നോട്ടു വെക്കുന്നത്. വിവിധ അധ്യായങ്ങളിലൂടെ ബൂത്വി പ്രസ്തുത വാദങ്ങളെ ഇഴ കീറി പരിശോധിച്ചതിന് ശേഷം അവസാന അധ്യായത്തില്‍ മദ്ഹബ് നിഷേധവാദികളുമായി നടത്തിയ സംവാദത്തിന്റെ സംക്ഷിപ്ത രൂപംകൂടി നല്‍കുന്നുണ്ട്. അതുവഴി ഏതൊരു സാധാരണ വായനക്കാരനും മനസ്സിലാവും വിധം മദ്ഹബ് നിരാസ വാദങ്ങളുടെ പൊള്ളത്തരങ്ങള്‍ വെളിപ്പെടുത്തുകയും അഹലുസ്സുന്നയുടെ പ്രാമാണികത ബോധ്യപ്പെടുത്തുകയും ചെയ്യുന്ന ചരിത്രപരമായ ഒരു ദൗത്യമാണ് ബൂത്വി നിര്‍വ്വഹിക്കുന്നത്.