മുസ്വല്ല : പ്രാർത്ഥനയും കലാ സങ്കൽപ്പങ്ങളിലെ സൗന്ദര്യവും

2018 ൽ, അന്നത്തെ യു. എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യു. എസ്-മെക്സിക്കോ അതിർത്തിയിലെ കൃഷിയിടങ്ങളിൽ നിന്ന് നിസ്കാര വിരിപ്പു(മുസ്വല്ല) കളെ കണ്ടെടുക്കപ്പെട്ടതിനെ പറ്റി ട്വിറ്ററിൽ വിവാദമായ ഒരു ട്വീറ്റ് ചെയ്തിരുന്നു. ഈ അതിർത്തി വഴി “കുറ്റവാളികളും അപരരായ മധ്യപൗരസ്ത്യ ദേശക്കാരും” യു. എസിലേക്കുള്ള യാത്രാ സംഘങ്ങളിൽ കയറിക്കൂടിയിട്ടുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

ഇസ്‌ലാമോഫോബിയ പലപ്പോഴും ഉന്നം വെക്കുന്നത് മുസ്‌ലിം സ്വത്വത്തിന്റെ ദൃശ്യമായ അടയാളങ്ങളെയാണ്. അതായത് മുസ്‌ലിമിന്റെ വിശ്വാസ ജീവിതത്തിലെ ചിഹ്നങ്ങളായ തൊപ്പി, ശിരോവസ്ത്രം, തസ്ബീഹ് മാല പോലുള്ളവ. ഇത്തവണ അത് നിസ്കാര വിരിപ്പ് (മുസ്വല്ല) ആണ്.

2018 ലെ യു. എസ്. ആക്ഷൻ ചിത്രമായ “സിക്കാരിയോ: ഡേ ഓഫ് ദി സോൾഡാഡോ” മുസ്വല്ലയുമായി ബന്ധപ്പെട്ട ഇസ്‌ലാമോഫോബിയ സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ട്. അതിർത്തിയിൽ ഒരു മുസ്‌ലിം പുരുഷൻ പ്രാർത്ഥിക്കുന്ന രംഗവും ഒരു കൂട്ടം പ്രാർത്ഥനകളും കാണിക്കുന്നു. സിനിമയിൽ ഭീകരതക്കെതിരായ യുദ്ധത്തിന്റെ അധികാരപരിധി വിപുലീകരിക്കുന്നതിനായി, മുസ്‌ലിംകൾ നിയമവിരുദ്ധമായി യു. എസിൽ പ്രവേശിക്കുന്നുവെന്ന് സമർത്ഥിക്കാൻ തെളിവായി യുഎസ് ഉദ്യോഗസ്ഥർ മുസ്വല്ലയെ ഉപയോഗിക്കുന്നുണ്ട്.

എന്നാൽ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അവരുടെ വിശ്വാസ ജീവിതത്തെയും ദൈനംദിന സൗന്ദര്യാത്മകതയുടെയും സുപ്രധാന ചിഹ്നമാണ് മുസ്വല്ല. മതപരമായ ആചാരങ്ങൾ ഗ്രന്ഥപരവും പ്രത്യയശാസ്ത്രപരവുമായ അടിസ്ഥാനത്തിൽ മാത്രമല്ല, ഇന്ദ്രിയപരവും ഫലപ്രദവുമായ അനുഭവങ്ങളെ കൂടി അടിസ്ഥാനമാക്കിയുള്ളതാണ്. കാഴ്ച, ശബ്ദം, സ്പർശം, ഓർമ്മ എന്നിവയുടെ അനുഭവങ്ങളിലൂടെ ഈ രീതികൾക്ക് സൗന്ദര്യാത്മകത നൽകപ്പെടാറുണ്ട്. അത്തരത്തിൽ നിസ്കാരത്തിന് സൗന്ദര്യാത്മകത നൽകുന്ന ഒന്നാണ് മുസ്വല്ല. മുസ്‌ലിം പ്രാർത്ഥനകൾക്ക് ആചാരപരമായ വിശുദ്ധി വളരെ പ്രധാനമാണ്. നിസ്കാരത്തിന് അംഗശുദ്ധി വരുത്തുന്നത് പോലെ തന്നെ പ്രാധാനമാണ് നിസ്കാര സ്ഥലം ശുദ്ധിയുള്ളതാവുക എന്നത്. മുസ്വല്ലകൾ, നിസ്കരിക്കുന്ന വ്യക്തിക്ക് മറ്റുള്ളവയിൽ നിന്നെല്ലാം ശുദ്ധിയും സംരക്ഷണവും നൽകുകയാണ് ചെയ്യുന്നത്. നിസ്കരിക്കാൻ മുസ്വല്ല ഭംഗിയോടെയും വൃത്തിയോടെയും ഉപയോഗിക്കുകയും നിസ്കരിച്ചു കഴിഞ്ഞാൽ ശ്രദ്ധാപൂർവ്വം മടക്കി ഒരു വിശുദ്ധ വസ്തുവായി അതിനെ പവിത്രമായ സ്ഥലത്ത് എടുത്തു സൂക്ഷിക്കുകയും ചെയ്യുന്നു.

നിസ്കാര വിരിപ്പിന് പൊതുവേ ഔദ്യോഗികവും അറിയപ്പെടുന്നതുമായ പേര് മുസ്വല്ല എന്നാണ്. എന്നാൽ സജ്ജാദ, സെജാദ എന്നീ പേരുകളിലാണ് പ്രധാനമായും മുസ്‌ലിം നാടുകളിൽ ഇത് അറിയപ്പെടുന്നത്. കേരളത്തിൽ പൊതുവേ ഇതിന് മുസ്വല്ല എന്നാണ് പറയപ്പെടുന്നത്. ചിലർ നിസ്കാരപ്പടം എന്നും പറയാറുണ്ട്.

മുസല്ല: അലങ്കാര വൈവിധ്യങ്ങളും പ്രത്യേകതയും

പള്ളിയെ പ്രതിനിധീകരിക്കുക എന്നതാണ് ഇത്തരത്തിലുള്ള മുസ്വല്ലയെ കൊണ്ട് പ്രധാനമായും ഉദ്ദേശിക്കപ്പെടുന്നത്. മിക്ക മുസ്വല്ലകളുടെ മുകൾ ഭാഗത്തും ഒരു മിനാരത്തിന്റെ ചിത്രമുണ്ടാകും. ഈ ഭാഗം ഖിബ്‌ലക്ക് നേരെ തിരിച്ച് മുസ്വല്ലയുടെ താഴ്ഭാഗത്താണ് നിസ്കരിക്കുന്ന വ്യക്തി നിൽക്കേണ്ടത്.

മുസ്‌ലിംകളുടെ ഒരു പ്രധാന സവിശേഷത എന്തെന്നാൽ അവയിൽ ഒരിക്കലും മൃഗങ്ങളോ ജീവജാലങ്ങളോ ചിത്രീകരിക്കപ്പെടില്ല എന്നതാണ്. കാരണം, ഇസ്‌ലാമിക കർമ്മശാസ്ത്ര നയമനുസരിച്ച് ജീവനുള്ള വസ്തുക്കളെ ചിത്രീകരിക്കാൻ പാടില്ല. അതിനാൽ, മുസ്‌ലിം കലാകാരന്മാർ അമൂർത്തമായ പുഷ്പങ്ങളുടെ ചിത്രങ്ങൾ, ഇല – ചെടി വള്ളികൾ, ജ്യാമിതീയ രൂപങ്ങൾ, കാലിഗ്രാഫി എന്നിവയിലേക്ക് തിരിയുന്നു. എന്നിരുന്നാലും, മൃഗങ്ങളെയും ആളുകളെയും ചിത്രീകരിച്ച മുസ്വല്ലകളെയും ഒരുപക്ഷേ ചരിത്രത്തിൽ കണ്ടെത്താൻ കഴിയും. ഭരണാധികാരിയുടെ വിശ്വാസ മനോഭാവത്തെ ആശ്രയിച്ചായിരിക്കും ഇത്തരം വിഷയങ്ങളിലെ കാർക്കശ്യവും അയവും നിലനിൽക്കുന്നത്. പ്രാദേശിക ആചാരങ്ങളും ഇവയുടെ നിർമ്മാണത്തിൽ സ്വാധീനം ചെലുത്തിയേക്കാം. ചില കലാകാരന്മാർ ഈ നിരോധനത്തെ പാലിക്കാനും അതിലൂടെ ഉണ്ടാകുന്ന പരിമിതിയെ മറികടക്കാനും വേണ്ടി സസ്യങ്ങൾ, മൃഗങ്ങൾ, മനുഷ്യരൂപങ്ങൾ എന്നിവയുടെ അമൂർത്തമായ രൂപങ്ങളെ നേരിയ തോതിൽ മാത്രം ഉപയോഗിച്ചിരുന്നു.

വ്യത്യസ്ത ഡിസൈനുകൾ മാത്രമല്ല, അനേകം പ്രതീകാത്മക ചിഹ്നങ്ങൾ കൂടി അടങ്ങിയതാണ് മുസ്വല്ലകൾ. മാത്രമല്ല, ഇസ്‌ലാമിൽ കലാസൃഷ്ടികൾക്ക് അവയുടെ അർത്ഥത്തെക്കാൾ പ്രതീകാത്മകതക്കാണ് സ്ഥാനം. ഉദാഹരണത്തിന്, ഒരു മുസ്വല്ലയിൽ ടൈൽ രൂപത്തിലുള്ള പാറ്റേണുകളുടെ ഉപയോഗം സൂചിപ്പിക്കുന്നത് ഈ ലോകത്തിന്റെ സൗന്ദര്യവും ഐക്യവും ദൈവം സൃഷ്ടിച്ച ഐക്യത്തെയുമാണ്. ഡിസൈനുകളിലെ പൊരുത്തവും ചേർച്ചയും സന്തുലിതാവസ്ഥയെയും ഐക്യത്തെയും പ്രതിഫലിപ്പിക്കുന്നു. ആകാശത്തിന്റെ ഉയർന്ന ക്രമവുമായി താരതമ്യപ്പെടുത്തുമ്പോൾ പരവതാനി തന്നെ ഭൗതിക വസ്തുക്കളുടെ ക്ഷണികതയും ശാശ്വതമായ പരലോക ജീവിതത്തെയും പ്രതിനിധീകരിക്കുന്നു.

ചില മുസ്വല്ലകളിൽ പ്രാർത്ഥന മാടം പോലെ മിഹ്റാബിന്റെ ചിത്രം കാണാം. പള്ളികളുടെ ചുവരിൽ മക്കയുടെ ദിശ സൂചിപ്പിക്കാൻ വേണ്ടി നിർമ്മിക്കപ്പെട്ടതാണ് ഇവ. മുസ്വല്ലയിൽ വെച്ച് നിസ്കരിക്കുന്ന വ്യക്തിയുടെ ചിന്തയെ കഅ്ബയിലേക്കും അതിന്റെ നാഥനായ അല്ലാഹുവിലേക്കും തിരിക്കാനാണ് ഇവ മുസ്വല്ലയിൽ ഡിസൈൻ ചെയ്യാറുള്ളത്. അതേപോലെ, ചിലതിൽ വിളക്കുകളെ വരച്ചു തുന്നിയതും കാണാം. ആകാശ ഭൂമികളുടെ പ്രകാശമാണ് അല്ലാഹു എന്ന് അവൻ അവനെ പറ്റി തന്നെ പറഞ്ഞ കാര്യം സൂചിപ്പിക്കാനാണ് ഇങ്ങനെ ചെയ്യാറുള്ളത്. അതേപ്രകാരം, അല്ലാഹു ഒരുക്കിയ സ്വർഗീയാരാമത്തിലെ പ്രകൃതിയുടെ സമൃദ്ധിയെ പ്രതീകാത്മകമായി അടയാളപ്പെടുത്താൻ പൂക്കളും മരങ്ങളും ചിത്രണം ചെയ്യാറുണ്ട്. ചില മുസ്വല്ലകൾക്ക് ഒരുപാട് കഥകൾ തന്നെ പറയാനുണ്ടാകും. നൂറ്റാണ്ടുകൾക്ക് മുമ്പുള്ള ചില പഴയ ഡിസൈനുകൾ ചില ഗോത്രങ്ങൾക്ക് മാത്രം പ്രത്യേകമായ പാറ്റേണുകൾ ആയിരിക്കും.

മിഹ്‌റാബ് ഡിസൈനി(മിക്കതും അങ്ങനെയായിരിക്കും)ലുള്ള മുസ്വല്ലകളിൽ വ്യത്യസ്ത രൂപങ്ങളുണ്ടാകും. അവയിൽ പുഷ്പങ്ങൾ, ജ്യാമിതീയവും ചിലപ്പോൾ വളരെ അപൂർവമായി ചിത്ര രംഗങ്ങളും കാണാം. അവ പ്രതിനിധാനം ചെയ്യാൻ ഉദ്ദേശിക്കുന്ന പള്ളികളെപ്പോലെ അലങ്കരിച്ചവയാണ്. നിരകളും കമാനങ്ങളും പോലുള്ള വാസ്തുവിദ്യയുടെ പല ഘടകങ്ങളും അതിൽ ഉൾപ്പെട്ടിട്ടുണ്ടാകും.

ചില മുസ്വല്ലകളിലെ മിഹ്‌റാബ് ഡിസൈനുകൾ ഒരു പൂന്തോട്ടത്തിലേക്ക് തുറക്കപ്പെട്ട ജാലകത്തിന്റെ ചിത്രത്തോട് സാമ്യമുള്ളതായിരിക്കും. ഒരുപക്ഷേ സ്വർഗത്തിലെ പൂന്തോട്ടം, അല്ലെങ്കിൽ ഏദൻ തോട്ടത്തിന്റെ ചിത്രമായിരിക്കും. മരങ്ങൾ, പക്ഷികൾ, പൂക്കൾ, ആലങ്കാരിക ചിഹ്നങ്ങൾ എന്നിവ കൊണ്ട് അലങ്കരിച്ച ഡിസൈനുകൾ ഇസ്‌ലാമിന് മുമ്പുള്ള പേർഷ്യൻ അലങ്കാര രീതിയാണ്. മിഹ്‌റാബ്, കഅ്ബ എന്നിങ്ങനെ ഒരു മിനിമൽ രീതിയിലുള്ള ഡിസൈനുകൾ കൊണ്ട് രൂപകൽപ്പന ചെയ്തത് ഇസ്‌ലാമിക വാസ്തുവിദ്യയുടെ പകർപ്പുമാണ്.

മുസ്വല്ല അടക്കമുള്ള ഇസ്‌ലാമിക കലാസൃഷ്ടികളിൽ, കാണപ്പെടുന്ന മറ്റൊരു സമ്പ്രദായം, അലങ്കാരപ്പണികൾ ചെയ്യുമ്പോൾ മനപ്പൂർവ്വം തെറ്റ് വരുത്തും എന്നതാണ്. ഈ “തെറ്റ്” കലാകാരന്റെ വിനയവും ദൈവമല്ലാതെ മറ്റൊന്നും തികഞ്ഞതല്ലെന്ന് സൂചിപ്പിക്കാനും വേണ്ടിയാണ്. ഒരുപക്ഷെ, ഈ തെറ്റ് ഒറ്റനോട്ടത്തിൽ കണ്ടെത്താൻ കഴിഞ്ഞെന്നു വരില്ല. ചിലപ്പോൾ കലാകാരന്റെ മുൻഗണനകളെ ആശ്രയിച്ച് ഇത് തികച്ചും വ്യക്തമായി കണ്ടെന്നും വരാം.

പണ്ട് കാലത്തെ മുസ്‌ലിം സാമ്രാജ്യങ്ങളിൽ രണ്ടു തരത്തിലുള്ള മുസ്വല്ലകളാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഒന്ന്, ഇസ്‌ലാമിക കോടതികളിൽ ഉപയോഗിക്കപ്പെട്ടിരുന്നവയും മറ്റൊന്ന്, ഗോത്രങ്ങൾക്ക് പ്രത്യേകമായവയും. ഗോത്രങ്ങളിൽ നിർമ്മിക്കപ്പെടുന്നവയ്ക്ക് ആയിരുന്നു കൂടുതൽ അലങ്കാരങ്ങൾ ഉണ്ടായിരുന്നത്. ആളുകൾ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമ്മാനമായി നൽകിയിരുന്നതും ഇത്തരം മുസ്വല്ലകളായിരുന്നു. ചിന്തകളുടെയും വ്യക്തികളുടെയും പ്രതിനിധാനമാണ് രണ്ടുതരം മുസ്വല്ലകൾ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളിൽ ഒന്ന് .

വീടുകളിൽ ഉപയോഗിക്കുന്ന പ്രാർത്ഥനാ വിരിപ്പുകൾ സാധാരണയായി ഒരു വ്യക്തിക്ക് ഉപയോഗിക്കാൻ പാകത്തിൽ വലിപ്പമുള്ളതാണ്. പള്ളികളിൽ ഉപയോഗിക്കുന്നവ പരവതാനി പോലെ വളരെ വലുതുമാണ്. ചില പരവതാനികളിൽ ഓരോ വിശ്വാസിയും നിസ്കരിക്കാൻ എവിടെ നിൽക്കണമെന്ന് സൂചിപ്പിക്കാനായി ഒരാൾക്ക് നിൽക്കാൻ പാകത്തിലുള്ള കമാനത്തിന്റെ ചിഹ്നങ്ങൾ തുന്നിച്ചേർത്തിട്ടുണ്ടാകും .

രാഷ്ട്ര ഭേദങ്ങളില്ലാതെ പണ്ട് കാലങ്ങളിലൊക്കെ സമ്പന്നർ അവരുടെ സമ്പന്നത കാണിക്കാൻ ഇസ്‌ലാമിക പരവതാനികളും മുസ്വല്ലകളും സ്വീകരണമുറികളുടെ തറയിലും ചുവരുകളിലും അഭിമാനത്തോടെ പ്രദർശിപ്പിച്ചിരുന്നു. എങ്കിലും പാവപ്പെട്ടവരും സ്വന്തമായി നല്ലൊരു മുസ്വല്ല സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു. സ്വന്തമായി ഒരു നിസ്കാര മുസ്വല്ല ഉണ്ടാവുക എന്നത് വിശ്വാസിയുടെ അടയാളമായി അവർ കരുതിയിരുന്നു.

മുസ്വല്ല: നിർമ്മാണവും ഉപയോഗ വൈവിധ്യവും

മുസ്വല്ലയുടെ ഡിസൈനുകളും അവയുടെ സൗന്ദര്യവും തലമുറകൾ പിന്നിട്ടതോടെ കുറഞ്ഞു വന്നു. ചിലത് പരുക്കൻ കമ്പിളിയിൽ ലളിതമായ ജ്യാമിതീയ രൂപങ്ങൾ നെയ്യുമ്പോൾ മറ്റു ചിലത് പ്രൊഫഷണൽ കൗശലപ്പണിക്കാരെ ഉപയോഗിച്ച് വൈവിധ്യ രൂപങ്ങളിലും നിർമ്മിക്കുന്നു.

മുസ്‌ലിംകൾക്കിടയിൽ വ്യക്തിപരവും വിഭാഗീയവുമായ മുൻഗണനകൾ അനുസരിച്ച് മുസ്വല്ലയുടെ ഉപയോഗങ്ങൾ വ്യത്യാസപ്പെടുകയും ചെയ്യുന്നുണ്ട്. പരമ്പരാഗതമായി മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ നൂറ്റാണ്ടുകളായി നിർമ്മിക്കപ്പെടുന്ന മുസ്വല്ലകൾക്ക്, മൊറോക്കോ മുതൽ മധ്യേഷ്യ, ഉത്തരേന്ത്യ വരെയുള്ള നാടുകളിൽ ഇംഗ്ലീഷിൽ “റഗ് ബെൽറ്റ്” എന്നും പറയാറുണ്ട്. വളരെ വൈവിധ്യമാർന്ന രൂപങ്ങളിലും മാതൃകകളിലും മെറ്റീരിയലുകളിലും ഇവ നിർമ്മിക്കാറുണ്ട്. നിലവിൽ തുർക്കിയിലും മിഡിൽ ഈസ്റ്റിലും ചൈനയിലുമാണ് മുസ്വല്ലകൾ വ്യാപകമായി നിർമ്മിക്കപ്പെടുന്നത്. വീടുകളിലും മറ്റു നിത്യോപയോഗത്തിനും മുസ്വല്ലകളാണ് ഉപയോഗിക്കുന്നത് എങ്കിലും യാത്രയിലും മറ്റും സൗകര്യത്തിന് നേർത്ത വിരിപ്പുകളാണ് ഉപയോഗിക്കാറുള്ളത്.

മുസ്‌ലിംകളിലെ എല്ലാ വിഭാഗങ്ങളും പ്രാർത്ഥിക്കാൻ മുസ്വല്ല അല്ല ഉപയോഗിക്കുന്നത്. ശിയാ മുസ്‌ലിംകൾ സാധാരണയായി അറബിയിൽ “തുർബ” (മണ്ണ്) എന്നും പേർഷ്യൻ ഭാഷയിൽ “മൊഹർ” എന്നും വിളിക്കുന്ന ഒരു കളിമൺ ഡിസ്കിലാണ് സുജൂദ് ചെയ്യുന്നത്. ചിലരൊക്കെ വിരിപ്പോ മുസ്വല്ലയോ വിരിക്കുമെങ്കിലും തുർബക്കാണ് അവർ പ്രാധാന്യം കൊടുക്കുന്നത്. ശിയാക്കളുടെ പുണ്യ കേന്ദ്രവും ഹുസൈൻ(റ)വിന്റെ രക്തസാക്ഷിത്വമുള്ള സ്ഥലമായ കർബലയിൽ നിന്നുള്ള മണ്ണിൽ നിന്നാണ് ഈ ഡിസ്ക് നിർമ്മിക്കപ്പെടുന്നത്. ഇസ്നാ അശരി ശിയാക്കളെ സംബന്ധിച്ചിടത്തോളം നിസ്കരിക്കുമ്പോൾ ഇത് ഉപയോഗിക്കൽ നിർബന്ധമാണ്. പ്രാർത്ഥന പരവതാനി ഇല്ലാതെയോ അല്ലെങ്കിൽ അതിന് മുകളിലോ ആണ് അവർ ഡിസ്ക് സ്ഥാപിക്കുന്നത്. എന്നിട്ട് അതിനു മേൽ സുജൂദ് ചെയ്യുന്നു.

തുർബക്ക് മേൽ സുജൂദ് ചെയ്യുന്ന ശിയാ പണ്ഡിതൻ

ശിയാക്കൾക്കിടയിൽ പ്രാർത്ഥനയെ അലങ്കരിക്കാനും സൗന്ദര്യാത്മകമാക്കാനും നിരവധി വസ്തുക്കൾ ഉപയോഗിക്കുന്നുണ്ട്. അവർക്കിടയിലാണ് ഈ പ്രവണത കൂടുതലായി ഉള്ളതും. സ്ത്രീകൾ നിസ്കാരത്തിനായി ജാനമാസ് (പട്ടു കൊണ്ടുള്ള ഒരുതരം വിരിപ്പ്) ആണ് ഉപയോഗിക്കുന്നത്. പ്രാർത്ഥനയുടെ സ്ഥാനം എന്നാണ് ഈ പദം കൊണ്ട് അർത്ഥമാക്കുന്നത്. വർണ്ണാഭമായ പെയ്‌സ്‌ലി പാറ്റേൺ ചെയ്ത എംബ്രോയിഡറി ടിഷ്യുവിന്റെ രണ്ട് കഷണങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ജാനമാസ് സുജൂദ് ചെയ്യാൻ വേണ്ടിയുള്ളതും വൃത്തിയും സുഗന്ധമുള്ളതുമാണ്. കൈകൊണ്ടാണ് ഇത് പ്രധാനമായും നിർമ്മിക്കപ്പെടുന്നത്.

ചിലർ ജാനമാസിൽ മറ്റ് വസ്തുക്കൾ ചേർക്കുന്നു. ഓരോരുത്തരുടെ വ്യക്തിപരമായ അഭിരുചിയും ആഗ്രഹവുമനുസരിച്ച് തസ്ബീഹ് മാലകൾ, വിലയേറിയ കല്ലുകൾ എന്നിവ കൊണ്ട് ജാനമാസ് അലങ്കരിക്കും. ചിലർ പുതിയ ജാസ്മിൻ പുഷ്പങ്ങളോ അല്ലെങ്കിൽ റോസ് ദളങ്ങളോ മുന്നിൽ വക്കാറുണ്ട്.

മുസ്‌ലിമും മുസ്വല്ലയും

പവിത്രവും പവിത്രമല്ലാത്തതിനുമിടയിൽ ഭൗതികവും ഭൂമിശാസ്ത്രപരവുമായ വേർതിരിവ് സൃഷ്ടിക്കുകയാണ് മുസ്വല്ല. കഅ്ബ, മിഹ്റാബ്, സ്വർഗീയാരാമങ്ങൾ എന്നിവയുടെ ആവർത്തിച്ചുള്ള രൂപങ്ങളും ചിത്രങ്ങളും കേവലം അലങ്കാരങ്ങൾ മാത്രമല്ല. വിശ്വാസിയുടെ ചിന്തയെ റബ്ബിന്റെ സൃഷ്ടിപ്പിന്റെ അത്ഭുതത്തിലേക്കും അവന്റെ മഹത്വത്തിലേക്കും നയിക്കുകയും ഒരുനാൾ അവൻ കണ്ടുമുട്ടേണ്ട യാഥാർഥ്യങ്ങളായ അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം- ശിക്ഷ എന്നീ സങ്കൽപ്പങ്ങളിലേക്ക് സ്ഥലി(space) കളെ കൂടി നിർമ്മിക്കുകയാണ് ചെയ്യുന്നത് എന്നതാണ് ഈ വിഷയത്തിലെ ഒരു പ്രധാന വീക്ഷണം.

എന്നാൽ മുസ്വല്ലകളിലെ ചിത്രങ്ങളും ഡിസൈനുകളും നിസ്കരിക്കുന്ന വ്യക്തിയുടെ ചിന്തയെ ലൗകിക സൗന്ദര്യത്തിൽ തളച്ചിടുക വഴി സ്രഷ്ടാവുമായുള്ള അഭിമുഖമായ നിസ്കാരത്തിലാണ് എന്ന കാര്യം മറക്കാൻ ഇടയാവുകയും ചെയ്യും എന്ന കാരണത്താൽ കർമശാസ്ത്ര പണ്ഡിതർ മുസ്വല്ലയിലെ അലങ്കാരങ്ങളെ പിന്തുണച്ചിരുന്നില്ല. അത്തരം അലങ്കാരങ്ങളെ ചിലർ കറാഹത് ആണെന്ന് പറഞ്ഞവർ വരെ ഉണ്ട്.

എന്നാൽ ആധുനികതയുടെയും മുതലാളിത്തത്തിന്റെയും വ്യാപനത്തോടൊപ്പം, മനുഷ്യരുടെ ശീലങ്ങളിലും ഉപഭോഗ രീതികളിലും മാറ്റങ്ങൾ വന്ന പോലെ മുസ്വല്ലയുടെ നിർമ്മാണത്തിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. പണ്ട് കാലത്തെ മുസ്വല്ല നിർമാണ കലയെ സ്വാധീനിച്ചിരുന്നത് ദൈവിക ചിന്തയായിരുന്നു. അല്ലാഹുവിനെയും അവനെ അനുസരിച്ചാൽ ലഭിക്കുന്ന കൂലിയും അവനെ ധിക്കരിച്ചാൽ ലഭിക്കുന്ന ശിക്ഷയും ആയിരുന്നു മുസ്വല്ല നിർമാതാക്കളെ സ്വാധീനിച്ച ഘടകം. പക്ഷേ പിൽക്കാലത്ത്, മാറിക്കൊണ്ടിരിക്കുന്ന ഫാഷൻ പ്രവണതകളാണ് മുസ്വല്ലയിലെ ഡിസൈനുകളെ സ്വാധീനിക്കുന്നത്.

മതത്തെ രാഷ്ട്രീയവൽക്കരിക്കുകയും മതത്തിന്റെ ഇന്ദ്രിയപരമായ വശങ്ങളെ പലപ്പോഴും അവഗണിക്കുകയും ദുർബലപ്പെടുത്തുകയും ചെയ്യുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ ഉദയത്തോടെ പോരാട്ടത്തിന്റെ ആയുധം മാത്രമായി മനസ്സിലാക്കപ്പെട്ടു. പാശ്ചാത്യ കലാചരിത്രകാരന്മാരുടെയും നരവംശശാസ്ത്രജ്ഞരുടെയും ജ്ഞാനശാസ്ത്ര നോട്ടത്തിന് വിധേയമായി, മ്യൂസിയവൽക്കരിക്കപ്പെടുകയോ ഓറിയന്റലൈസ് ചെയ്യപ്പെടുകയോ ആണ് ചെയ്യപ്പെടുന്നത്.

കടപ്പാട്: റോസ് എസ്. അസ്ലാൻ, മിനോ മുഅല്ലം,ഒംരി സ്ക്വാർട്സ്, വാൽട്ടർ ബി ഡെന്നി.