തസ്ബീഹ് മാലകൾ: സൗന്ദര്യശാസ്ത്രവും മനഃശാസ്ത്രവും

നിങ്ങൾ തുർക്കി സന്ദർശിക്കുമ്പോൾ, ഒരുപക്ഷെ അവിടുത്തെ പുരുഷന്മാരുടെ കൈകളിൽ എല്ലായ്പ്പോഴും കാണപ്പെടുന്ന മുത്തിനാൽ കോർത്ത ഒരു ചരട് നിങ്ങളുടെ ശ്രദ്ധയിൽ പെട്ടേക്കാം. വ്യത്യസ്ത നീളത്തിലും നിറത്തിലുമായി അവ കാണപ്പെടും. ചിലത് വ്യക്തവും രൂപകൽപ്പനയിൽ ലളിതവുമായിരിക്കും. മറ്റു ചിലതോ വളരെയധികം മനോഹരവും ചെലവേറിയതുമാകാം.

തസ്ബീഹ് – ഇസ്‌ലാമിക് പ്രാർത്ഥനാ മാലകൾ .

ഇസ്‌ലാം, ക്രിസ്ത്യൻ, ബുദ്ധ, യഹൂദ സിഖു മതം ഉൾപ്പെടെ നിരവധി മതങ്ങളിൽ ‘പ്രാർത്ഥനാ മാല’യുടെ പാരമ്പര്യമുണ്ട്. ബുദ്ധമതക്കാർ അതിനെ “മാല” എന്ന് വിളിക്കും. കത്തോലിക്കക്കാർ ജപമാല എന്നും.
ഇസ്‌ലാമിൽ, ‘തസ്ബീഹ്’ അല്ലെങ്കിൽ ‘മിസ്ബഹ’ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇവ പ്രാർത്ഥനയുടെ ആവർത്തനങ്ങളോ മറ്റ് അനുഷ്ഠാന പാരായണങ്ങളോ അടയാളപ്പെടുത്താനാണ് പൊതുവെ ഉപയോഗിക്കുന്നത്.

പൊതുവെ മുസ്‌ലിംകൾ തൊണ്ണൂറ്റിഒമ്പത് മുത്തുകളുള്ള തസ്ബീഹാണ് ഉപയോഗിക്കുന്നത്. അത് അല്ലാഹുവിന്റെ തൊണ്ണൂറ്റിഒമ്പത് നാമങ്ങളെ പ്രതീകവൽക്കരിക്കുകയും ചെയ്യുന്നു. ബുദ്ധമതക്കാരുടെ മാലയിലാണെങ്കിൽ 108 മുത്തുകളാണ് ഉണ്ടാവുക.

മുഹമ്മദ് നബി(സ) തന്റെ മകൾ ഫാത്തിമക്ക് സമ്മാനമായി നൽകിയ പ്രാർത്ഥനയാണ് ഫാത്തിമയുടെ തസ്ബീഹ് എന്ന പേരിലറിയപ്പെടുന്നത്. അവ ദിവസേന അഞ്ചു നേരത്തെ നിസ്കാര ശേഷം ‘സുബ്ഹാനല്ലാഹ്’ (ദൈവത്തിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു ), ‘അൽഹംദുലില്ലാഹ്’ (ദൈവത്തിന് സ്തുതി), ‘അല്ലാഹു അക്ബർ’ (ദൈവം ഏറ്റവും വലിയവൻ) എന്നിവ ക്രമപ്രകാരം മുപ്പത്തിമൂന്ന് തവണ (ദൈവത്തിന് മഹത്വം) ഉരുവിടുകയും ചെയ്യപ്പെടുന്നു.

മുസ്‌ലിംകൾ അവർ എണ്ണുന്ന ഓരോ മുത്തുകൾക്കും മുകളിലായി വിരലും തള്ളവിരലും വച്ചു കണക്കാക്കും. ഇന്ന് കൂടുതൽ പേരും ഉപയോഗിക്കുന്നത് പോലോത്ത മുപ്പത്തിമൂന്ന് മുത്തുകളാൽ കോർത്ത ചെറിയ തസ്ബീഹ് ആണെങ്കിൽ അതിൽ മൂന്നു പ്രാവശ്യം എന്ന രീതിയിലാണ് കണക്കാക്കപ്പെടുക.

മനഃക്ലേശം അകറ്റുന്ന മുത്തുകൾ

തസ്ബീഹ് മാലകൾ മാനസിക സമ്മർദ്ദം കുറക്കാൻ സഹായിക്കുന്നു എന്നത് ഒരു വസ്തുതയാണ്. തുർക്കിയിൽ വളരെ കാലങ്ങളായി ഇങ്ങനെ ഉപയോഗിക്കപ്പെടുന്നുണ്ട്. (ഏഴാമത്തെ ഓട്ടോമൻ സുൽത്താൻ ഫാതിഹ് മെഹ്‍മദ് തന്റെ വിഖ്യാത കോൺസ്റ്റാന്റിനോപ്പിൾ യുദ്ധ വേളയിൽ, വിജയത്തിലേക്ക് നയിച്ച യുദ്ധ തന്ത്രങ്ങൾ നിർമ്മിക്കാൻ തസ്ബീഹ് സഹായിച്ചുവെന്ന് പറയപ്പെടുന്നുണ്ട്. ആദ്യ ഘട്ടത്തിൽ തന്റെ യുദ്ധ തന്ത്രങ്ങൾ പരാജയപ്പെട്ട് യുദ്ധക്കപ്പലുകൾ മുന്നോട്ട് നീക്കാൻ കഴിയാതെ വന്നപ്പോൾ സുൽത്താൻ പിൻവാങ്ങുകയും തന്റെ commanding tent ലേക്ക് തിരിച്ചു പോവുകയും ചെയ്തു. അന്ന് രാത്രി, കാലങ്ങളായുള്ള തന്റെ അഭിലാഷമായ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കാനുള്ള മാർഗങ്ങളെല്ലാം അടയുകയും പുതിയ തന്ത്രങ്ങളൊന്നും നിർമ്മിക്കാൻ കഴിയാതെയും വന്നതോടെ മാനസിക പിരിമുറുക്കത്തിലായിരുന്നു സുൽത്താൻ. ആ മനഃക്ലേശം അകറ്റാൻ വേണ്ടി തസ്ബീഹ് കയ്യിൽ പിടിച്ചു ഓരോ മുത്തുകൾ നീക്കിക്കൊണ്ടിരിക്കെയാണ് സുൽത്താന് ആ യുദ്ധ തന്ത്രം മനസ്സിൽ തോന്നിയത്. ഉടൻ തസ്ബീഹിന്റെ ഓരോ മുത്തുകളും എടുത്തു നിലത്തിട്ടു. അവക്ക് മുകളിൽ ആരെങ്കിലും ചവിട്ടി നീങ്ങിയാൽ തെന്നിവീഴുന്നത് പോലെ വസ്തുക്കളെയും അങ്ങനെ നീക്കാൻ കഴിയുമെന്ന് സുൽത്താൻ മനസ്സിലാക്കി. സമുദ്രത്തിലൂടെ യുദ്ധക്കപ്പലുകൾ മുന്നോട്ട് കൊണ്ടു പോകാൻ കഴിയാത്ത സുൽത്താനെ സംബന്ധിച്ചിടത്തോളം ഇത് വലിയ ഒരു യുദ്ധതന്ത്രം തന്നെയായിരുന്നു. സമുദ്രത്തിലൂടെ കപ്പലുകൾ ഓടിക്കുന്നതിന് പകരം മലയിലൂടെ കപ്പലുകൾ ഓടിച്ചു. മുത്തുകൾക്ക് സമാനമായി നിലത്ത് വിറകുകൾ വെച്ച് അതിൽ എണ്ണ പുരട്ടി അവക്ക് മുകളിലൂടെ കപ്പൽ മുന്നോട്ട് നീക്കിയാണ് സുൽത്താൻ കോട്ടക്ക് അടുത്തെത്തിയതും സുൽത്താൻ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതും) തസ്ബീഹിന്റെ മുത്തുകളെ വിരലുകൾകിടയിലൂടെ തെറിക്കാൻ അനുവദിക്കുന്ന രീതിയിലൂടെ ഒരാളുടെ മനസ്സ് താളാത്മകവും ശാന്തവുമാകുന്നു.

ഇവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളും വ്യത്യസ്തമാണ്. മരം, എല്ല്, അംബർ, സ്വർണം, വെള്ളി തുടങ്ങി പലതരം വിലയേറിയ കല്ലുകൾ വരെ അതിനായി ഉപയോഗിക്കപ്പെടുന്നു.

കരകൗശല വിദഗ്ധരുടെ അഭിപ്രായത്തിൽ, കൂടുതൽ പേരും ഇഷ്ട്ടപ്പെടുന്ന വസ്തുക്കളിലൊന്ന് ശിലാരൂപത്തിലുള്ള ട്രീ റെസിൻ ആയ അംബർ ആണ്. അവക്ക് രോഗശാന്തിക്കുള്ള ഗുണങ്ങളുണ്ടെന്നും അവയുടെ ഓറഞ്ച് കളറിനും മൃദുലതക്കും ആളുകളെ സ്നേഹമുള്ളവരാക്കി തീർക്കാനുള്ള കഴിവുണ്ടെന്നും ചിലരെങ്കിലും വിശ്വസിക്കപ്പെടുന്നതാണ് ഇതിന് കാരണം.

മനക്ലേശമകറ്റാൻ താത്പര്യപ്പെടുന്നവർക്ക് ‘എബോണി’ ഉപയോഗിച്ച് നിർമ്മിച്ച തസ്ബീഹ് ആണ് ഉപയോഗിക്കപ്പെടുന്നത്. അഗർവുഡ് കൊണ്ട് നിർമ്മിച്ച മുത്തുകളും അതിന്റെ സുഗന്ധം കാരണം ജനപ്രിയമാണ്.

തസ്ബീഹിന്റെ നിർമ്മാണം

ഒരു ചെറിയ കടച്ചിൽ യന്ത്രം ഉപയോഗിച്ചാണ് തസ്ബീഹ് മുത്തുകളെ നിർമ്മിക്കുന്നത്. അവ ലളിതവും എന്നാൽ അത്തരം ചെറിയ വസ്തുക്കളെ ആവശ്യമായ ക്രമീകരണമനുസരിച്ച് നിർമ്മിക്കാൻ ശേഷിയുള്ളതുമാകുന്നു. കരകൗശലത്തൊഴിലാളികളാണ് പൊതുവെ ഈ കടച്ചിൽ യന്ത്രങ്ങൾ നിർമ്മിച്ചെടുക്കുന്നത്.

ആദ്യമായി, തിരഞ്ഞെടുത്ത മെറ്റീരിയലിന്റെ ഓരോ ഭാഗവും തുളച്ച് ആവശ്യമുള്ള ആകൃതിയിൽ മുറിച്ചെടുക്കും. ഗോളാകൃതി, ദീർഘ വൃത്താകൃതി, പരന്ന ഗോളാകൃതി, രത്നങ്ങളുടെ ആകൃതി, സബർജലി വൃത്തത്തിന്റെ ആകൃതി എന്നിങ്ങിനെ പല രൂപത്തിലും മുത്തുകൾ നിർമ്മിക്കപ്പെടാറുണ്ട്.

തൊണ്ണൂറ്റി ഒമ്പത് കൊന്ത വരുന്ന ഒരു തസ്ബീഹിനായി കരകൗശല വിദഗ്ധർ നൂറ്റിപ്പത്ത് മുതൽ നൂറ്റിയിരുപത് മുത്തുകൾ വരെ നിർമിക്കുന്നു. തുടർന്ന് അവയിൽ ഏറ്റവും അനുയോജ്യമായവ തിരഞ്ഞെടുക്കുകയും ബാക്കിയുള്ളവ മുപ്പത്തിമൂന്ന് കൊന്തയുള്ള തസ്ബീഹ് നിർമ്മിക്കുന്നതിലേക്ക് എടുത്തു വെക്കുകയുമാണ് ചെയ്യുന്നത്. അവയിൽ ദ്വാരങ്ങൾ ഉണ്ടാക്കുകയാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യങ്ങളിലൊന്ന്. ദ്വാരം മികച്ചതാക്കി തീർക്കാൻ കൂടുതൽ വൈദഗ്ദ്ധ്യവും ആവശ്യമാകുന്നു.

ശേഷം മറ്റുള്ള ഭാഗങ്ങൾ (Nisane) നിർമ്മിക്കും. ഓരോ മുപ്പത്തിമൂന്ന് മുത്തുകളെയും അടയാളപ്പെടുത്തുന്ന ഒരു disc, ഏഴാം സ്ഥാനത്തെ അടയാളപ്പെടുത്തുന്ന ഒരു ചെറിയ കൊന്ത(Pul), തസ്ബീഹിന്റെ തല ഭാഗത്തെ അടയാളപ്പെടുത്തുന്ന നീളമുള്ള കഷണം(imame), അതിന്റെ അറ്റത്ത് ഒരു തലപ്പൂവ് എന്നിവയാണ് ഇതിന്റെ ഘടന. ഈ ഭാഗങ്ങളെല്ലാം തമ്മിൽ പരസ്പരം യോജിപ്പും ഉണ്ടാകണം.

ഏറ്റവും മികച്ച തസ്ബീഹിൽ തുല്യ വലിപ്പമുള്ള മുത്തുകളാണ് ഉണ്ടാവുക. എന്നാൽ ചിലത് മുത്തുകളെ, വലുപ്പത്തിന്റെ അടിസ്ഥാനത്തിൽ തരം തിരിച്ച്, വലുതിൽ നിന്ന് ചെറുതിലേക്ക് എന്ന രീതിയിലും കോർത്തെടുക്കുന്നു. മുൻകാലങ്ങളിൽ സിൽക്ക് ത്രെഡ് ഉപയോഗിച്ചായിരുന്നു ഇവ കോർത്തിരുന്നത്. എന്നാൽ ഇന്ന് ചായം പൂശിയ നൈലോൺ ത്രെഡുകളാണ് പൊതുവെ ഉപയോഗിക്കപ്പെടുന്നത്. മുത്തുകൾ ബാൻഡുകളിൽ ഘടിപ്പിക്കലാണ് അവസാന ജോലി. ലിഖിതങ്ങൾ കൊത്തിവച്ചോ മറ്റോ അലങ്കരിക്കാം, ഒരുമിച്ച് കെട്ടുന്നതിനുമുമ്പ്, ഒരു പൊടിപ്പും ഘടിപ്പിക്കുന്നു.

കൈകൊണ്ട് നിർമ്മിക്കുന്ന ഒരു തസ്ബീഹ് പൂർത്തിയാക്കാൻ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലുമെടുക്കും. ചില മോഡലുകൾ പൂർത്തിയാക്കാൻ മാസങ്ങൾ വരെ വേണ്ടി വരും. ഈ പ്രക്രിയയ്ക്കിടെ അവരുടെ മനശാസ്ത്രമോ മാനസികാവസ്ഥയോ നിർണായകമാണെന്നാണ് തസ്ബീഹ് കരകൗശല വിദഗ്ദ്ധർ പറയുന്നത്. തസ്‌ബിഹ്‌ നിർമ്മാണത്തിൽ അവർ ചെലുത്തുന്ന പ്രാധാന്യവും സ്നേഹവും അവരെ പ്രത്യേകമാക്കുന്ന മറ്റൊന്നാണ്.

വളരെയധികം ക്ഷമ ആവശ്യമുള്ള ഒരു കലയാണിത്. അതിനാൽ തന്നെ ഇന്ന്, അമ്പത് വർഷങ്ങൾക്ക് മുമ്പുള്ളതിനേക്കാൾ കരകൗശല തൊഴിലാളികളുടെ എണ്ണം ഒരുപാട് കുറഞ്ഞിട്ടുണ്ട്. എങ്കിലും പലരും ബിസിനസ്സ് നിലനിർത്തുന്നതിനായി കരകൗശല തസ്ബീഹുകൾക്ക് പകരം വിലകുറഞ്ഞ പ്ലാസ്റ്റിക് പതിപ്പുകൾ വിൽക്കപ്പെടുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ, അതിശയകരമെന്നു പറയട്ടെ ഏറ്റവും വിലയേറിയ ചില തസ്ബീഹുകൾ വളരെ ലളിതമാണ്. അത്പോലെ ഒരു കൂട്ടം ആളുകളുടെ കണ്ണുകളിൽ തസ്ബീഹ് കാണപ്പെടുന്നത് വെറുമൊരു ജ്വല്ലറിയായിട്ടുമല്ല. മറിച്ച്, അവര്‍ക്ക് അവരുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ്.

ഓട്ടോമൻ ഭരണകാലത്ത് തുർക്കിയിലെ സവിശേഷ പ്രധാനമുള്ള കരകൗശല കലയായിരുന്നു തസ്ബീഹ് നിർമ്മാണം. ലോകത്തെ ഏറ്റവും മനോഹരമായ തസ്ബീഹുകൾ നിർമ്മിക്കുന്ന രാജ്യങ്ങളിലൊന്ന് ഇപ്പോഴും തുർക്കി തന്നെയാണ്. Kemane എന്ന് പേരുള്ള കടച്ചിൽ യന്ത്രങ്ങൾ ആയിരുന്നു അവർ നിർമാണത്തിന് ഉപയോഗിച്ചിരുന്നത്. എന്നാൽ 1965 ഓടെ തസ്ബീഹ് നിർമ്മാണം ആധുനികവൽക്കരിക്കപ്പെടുകയും ഇലക്ട്രിക്- കമ്പ്യൂട്ടറൈസ്ഡ് കടച്ചിൽ യന്ത്രങ്ങൾ നിലവിൽ വരികയും ചെയ്തു. അതോടെ നിർമ്മാണ വൈദഗ്ധ്യം കുറഞ്ഞു എന്നാണ് കരകൗശല വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

പ്രിയപ്പെട്ടവർക്ക് നൽകാൻ അർത്ഥവത്തായ ഒരു സമ്മാനമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, എന്ത്കൊണ്ട് കരങ്ങളാൽ രൂപകൽപ്പന ചെയ്ത ഒരു തസ്ബീഹ് സമ്മാനിച്ചു കൂടാ…

വിവർത്തനം : മുബാറക തസ്നി. പി.കെ